കടം പെരുകിയാലത്തെ മഹാദുരിതം


സി.രാധാകൃഷ്ണൻ


കടം പെരുകി കിടക്കപ്പൊറുതി ഇല്ലാതായവരാണ്‌ ആധുനികളോകത്ത്‌ കഴിയുന്ന നമ്മിൽ മിക്കപേരും.ഒരു മരുന്നെങ്കിലും സ്ഥിരമായി ഇല്ലാതെ ആരുമില്ല എന്നുപറഞ്ഞപോലെ, ബാങ്കിൽ നിന്നോ മറ്റേതെങ്കിലും ധനകാര്യസ്ഥാപനത്തിൽ നിന്നോ ഒരു കടവും എടുക്കാത്തവരും കുറവാണെന്ന കാര്യമല്ല ഈ പറയുന്നത്‌. നാം ജനിച്ചു വീഴുന്ന നിമിഷം മുതൽ ഇന്നോളം കണ്ടവരിൽനിന്നും കാണാത്തവരിൽ നിന്നും വാങ്ങിക്കൂട്ടിയ കടങ്ങളെക്കുറിച്ചാണ്‌. കൊടുത്തു തീർക്കാൻ കഴിഞ്ഞിട്ടില്ലാത്ത കൂലികളും തരികെ കൊടുക്കാനൊത്തിട്ടില്ലാത്ത കടങ്ങളും എത്രയാണെന്ന്‌ ഒരു നിമിഷം ഒന്ന്‌ ആലോചിച്ചാൽ തല കറങ്ങിപ്പോവും!
    കൂലികളുടെ പുസ്തകം നോക്കുക. പത്തുമാസം ചുമന്നതിനും മുലയൂട്ടിയതിനും രാപ്പകൽ കഷ്ടപ്പെട്ടും എല്ലാ അഴുക്കുകളും ഏറ്റുവാങ്ങിയും സംരക്ഷിച്ചു വളർത്തിയതിനും അമ്മയ്ക്കും വീട്ടിലേയും അയലത്തെയും മറ്റുള്ളവർക്കും കുടിശ്ശിക എത്ര? അന്നം തരാൻ വിയർപ്പൊഴുക്കിയ അച്ഛന്‌ എത്ര? അക്ഷരവും വകതിരിവും തന്നതിന്‌ ഗുരുനാഥർക്ക്‌ ദക്ഷിണ എത്ര ബാക്കി? നിരുപാധികം ലഭിച്ച നിസ്വാർത്ഥസ്നേഹത്തിന്‌ ഇനിയെത്ര കൊടുക്കണം?
    മഴയ്ക്കും വെയിലിനും കാറ്റിനും കുളിരിനും പൂവിനും പൂമ്പാറ്റയ്ക്കും കിളിക്കും തുമ്പിക്കും കണക്കുപുസ്തകത്തിൽ എത്രയാണ്‌ ബാക്കി? മണ്ണിനും മരത്തിനും എത്ര? വീടു മുതൽ ചെരിപ്പും കുടയും പേനയും കടലാസ്സും വാഹനവും ഉടുപ്പും പണിയായുധങ്ങളും കളിക്കോപ്പുകളും പുസ്തകങ്ങളും നിർമ്മിച്ചവരുടെ കോളത്തിലോ?
    കാണാവുന്നതും കാണാത്തതുമായ അനേകായിരം ബലങ്ങളും പദാർത്ഥങ്ങളും പ്രകാശങ്ങളും  നമ്മുടെ നിലനിൽപ്പിനും വളർച്ചയ്ക്കും സുസ്ഥിതിക്കും താങ്ങായും തണലായും വർത്തിക്കുന്നു. ഇവയോടുള്ള കടങ്ങൾ വല്ലതും കുറച്ചെങ്കിലും വീടിയോ?
    എല്ലാം നമ്മുടെ അവകാശമാണെന്നൊരു തോന്നലാണ്‌ കുട്ടിക്കാലത്തെ നമുക്ക്‌ ഉണ്ടാകുന്നത്‌. ഒരു കണക്കിന്‌ ഇത്‌ ശരിയുമാണ്‌. കൈയിലും മനസ്സിലും വയറ്റിലും ഒന്നുമില്ലാതെ എന്നു മാത്രമല്ല. ശ്വാസകോശത്തിൽ വായുപോലും ഇല്ലാതെ, ജനിച്ച നമുക്ക്‌ ഇതൊന്നും കൂടാതെ പുലരാനാവില്ല. പക്ഷെ, നമുക്ക്‌ കടങ്ങൾ തന്നവർക്കും ഈ അവകാശം ഇതേതോതിൽ ഉണ്ടാവില്ലേ?
    കടങ്ങൾ വീടാതെ ഒരാളെങ്ങനെ ധനവാനാകാൻ? എല്ലാ കടങ്ങളും വീടുകയും മിച്ചമായി വല്ലതും ദാനം ചെയ്യാൻകൂടി ഉണ്ടാവുകയും ചെയ്താലേ അർഥവാനാകൂ എന്നാണ്‌ നമ്മുടെ നാട്ടിലെ പഴയ മതം. നമുക്ക്‌ കടം തന്നവരെ പലപ്പോഴും പിന്നീട്‌ കാണാനേ ഒത്തില്ലെന്നു വരും. മാതാപിതാക്കളുൾപ്പെടെ അകാലത്ത്‌ ഇല്ലാതാകും. വീണപ്പോൾ കൈത്താങ്ങു തന്ന ആൾ ആൾക്കൂട്ടത്തിൽ അപ്രത്യക്ഷണാവാം. ശ്വസിച്ച വായുവിനെ കാണാനേ ആവില്ലല്ലോ. കഴിച്ച പഴം കാഴ്ച്ച മരത്തെ അപൂർവമായേ ആരും കാണാറുള്ളു. എന്റെ കൈയിലെ ഒരു ഈന്തപ്പഴം ഏതു മരുഭൂമിയിൽ ഏതു മരത്തിൽ ഉണ്ടായെന്ന്‌ ആർക്കറിയാം? അതന്വേഷിക്കേണ്ടെന്നതിന്‌ ന്യായീകരണമായി, അപ്പം തിന്നാൽ മതി കുഴി എണ്ണേണ്ട എന്നൊരു സൂത്രവാക്യവും നാം ഉണ്ടാക്കിയിട്ടുണ്ട്‌. അനേകായിരമാളുകൾ ആയിരത്താണ്ടുകളിലൂടെ ശ്രദ്ധാപൂർവം വികസിപ്പിച്ച വിദ്യകളും അറിവുകളും ഉപയോഗിച്ചാണ്‌ നാം പുലരുന്നത്‌ എന്ന അറിവ്‌ പക്ഷെ, അനിവാര്യം.
    കടം തന്നവരെ കാണാനോക്കില്ലെങ്കിൽ പിന്നെ കടമെങ്ങനെ കടമെങ്ങനെ വീട്ടും എന്ന വിഷമം വേണ്ട. ഇങ്ങോട്ടു കിട്ടാനുള്ളത്‌ വാങ്ങിയെടുക്കാൻ ഉപയോഗിക്കുന്ന പണി തിരികെയും പ്രയോഗിച്ചാൽ മതി. കൊണ്ടുപോയവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെക്കൊണ്ട്‌ തിരികെ തരുവിക്കുക എന്ന സമീപനരീതിതന്നെ മതി ഇവിടെയും. തന്നവനെ കാണാനില്ലെങ്കിൽ കണ്ടവനങ്ങു കൊടുക്കുക. കൊടുക്കുന്നത്‌, ആവശ്യവും അർഹതയും ഉള്ളവർക്കായാൽ നന്നായി. കൊടുത്തുകൊണ്ടേ ഇരിക്കുക, കൊടുക്കാതെ ഒന്നും അനുഭവിക്കാതിരിക്കുക. തേനക്തേന ഭുഞ്ജീഥാ! എന്തുകൊണ്ടെന്നാൽ ഈ ധനം ഇവിടെയുള്ള എല്ലാറ്റിനും കൂടി ഉള്ളതാണ്‌. മാത്രമല്ല, പ്രപഞ്ചം മുഴുക്കെ ഈശ്വരമയമായതിനാൽ ആരും  ആർക്കും ഒന്നിനും അന്യമല്ല.
    കൊടുക്കാനാഗ്രഹിച്ചാലും അതിനു കഴിയണമെങ്കിൽ കൈയിൽ വല്ലതും വേണ്ടേ? വീണുകിട്ടുന്ന മാങ്ങപോലെ യാദൃച്ഛികമായി കൈയിൽ വരുന്നത്‌ മുഴുവൻ ഞാനേ അനുഭവിക്കാതെ പകുക്കാൻ തയ്യാറായാൽ കൊടുക്കാൻ വല്ലതും ഉണ്ടാവും. പക്ഷെ, വല്ലതും വീണുകിട്ടുന്നത്‌ വല്ലപ്പോഴും മാത്രമാണ്‌.  തനിക്കു വേണ്ടതും മറ്റുള്ളവർക്കു കൊടുക്കാനുള്ളതുമെല്ലാം ഏക്കാളത്തും വീണുകിട്ടുമെന്നു കരുതാൻ  വയ്യ. നടക്കില്ല.
    കഴിയുന്നതെല്ലാം ഉണ്ടാക്കിയെടുത്തേ തീരു. ഉൽപ്പന്നങ്ങളൊ സേവനങ്ങളൊ എന്തെങ്കിലും ചിലത്‌ ഉണ്ടാക്കാൻ മതിയായ കഴിവോടെയാണ്‌ മനുഷ്യജന്മം ഉള്ളത്‌. പുതിയതൊന്നും കണ്ടുപിടിച്ചില്ലെന്നാലും പഴയ രീതികളിലെങ്കിലും ഉണ്ടാക്കാം. പണിയുന്തോറും പണി പഠിയും, അഥവാ അനുഭവജ്ഞാനം വളരും. ഇവിടെ പറ്റുന്ന തെറ്റ്‌ ഞാനുണ്ടാക്കുന്നത്‌ മറ്റുള്ളവർക്ക്‌ കൊടുത്ത്‌ അവരിൽ നിന്ന്‌ എനിക്കത്യാവശ്യമുള്ളത്‌ സ്വീകരിക്കുമ്പോൾ ആ ഇടപാടിൽ എനിക്കു മിച്ചമുണ്ടാകണമെന്ന ചിന്തയാണ്‌. കാരണം, ഈ മിച്ചവും ഒരു കടമായിത്തന്നെയാണ്‌ ആന്ത്യന്തിക നാൾവഴിയിൽ നിലനിൽക്കുക. എന്റെ ആവശ്യങ്ങൾ പരമാവധി ചുരുക്കുകയും എടുക്കുന്നതിലേറെ കൊടുത്ത്‌ മറ്റുള്ളവരെ കടക്കാരാക്കുകയുമാണ്‌ നല്ല വഴി. പത്തു മുറം നെയ്ത്‌, ഒമ്പതും സ്വാർഥമതികളായവർക്ക്‌, അവരെ കബളിപ്പിച്ചുപോലും ദാനം ചെയ്ത്‌, അവസാനത്തെ ഒരു മുറത്തിനു കിട്ടുന്ന പ്രതിഫലം കൊണ്ട്‌ നിത്യവൃത്തി കഴിക്കുകയാണല്ലോ പാക്കനാർ ചെയ്തത്‌. അങ്ങനെ നിത്യേന പാക്കനാർ കൂടുതൽകൂടുതൽ ധനവാനും, പാക്കനാർക്ക്‌ കണക്കു പിഴച്ചതാണെന്ന മിത്ഥ്യാധാരണയിൽ മുറം ഒളിപ്പിച്ചുവെച്ചവരെല്ലാം കടക്കാരുമായി മാറിക്കൊണ്ടിരുന്നു. പിന്നെപ്പിന്നെ, പാക്കനാരുടെ പരമ്പര കുറ്റിയറ്റു. മുറം മോഷ്ടാക്കളും അതിലൂടെ കടക്കാരുമായ നമ്മുടെ സംഖ്യ പെരുകി.
    സ്വന്തം ആവശ്യങ്ങൾ കുറയ്ക്കാൻ കഴിയാതെ കടം വീടില്ല. ലാഭമെന്ന മഹാകടം ഇപ്പോൾ ഐഹികസുഖത്തിന്റെ നിദാനമാണ്‌. നാളെ കൂടുതൽ ലാഭമുണ്ടാക്കാനുള്ള മൂലധനം ഇന്നത്തെ ലാഭത്തിന്റെ നീക്കിബാക്കിയുമാണ്‌-അതായത്‌ ഇന്നോളമുള്ള കടത്തിന്റെ ആകെത്തുകയാണ്‌. എപ്പോഴും ലാഭത്തിനായി മാത്രം കൊടുക്കുകയും വാങ്ങുകയും ചെയ്യുന്ന സ്വാർഥിയായ മൃഗമാണ്‌ മനുഷ്യൻ എന്ന നിർവചനം-പിഗൗ എന്ന ഒരു സാമ്പത്തികശാസ്ത്രജ്ഞനാണ്‌ ഈ നിർവചനത്തിന്റെ ഉപജ്ഞാതാവ്‌ എന്നു തോന്നുന്നു- ആവശ്യങ്ങളെ മൂന്നായി തരംതിരിക്കുന്നു-അടിസ്ഥാനപരം, സുഖസൗകര്യപ്രദം, ആർഭാടത്തിനുള്ളത്‌. ജീവിതനിലവാരസൂചി എന്നാൽ രണ്ടും മൂന്നും ഇനങ്ങളുടെ വിതാനത്തിന്റെ അളവാണ്‌. എന്നുവെച്ചാൽ മൊത്തം കടബാധ്യതയുടെ അളവ്‌. എനിക്ക്‌ ഇത്ര മതി എന്നല്ല, എത്രയായാലും പോരാ എന്നാണ്‌ അംഗീകൃതസമീപനം. ആഗ്രഹനിയന്ത്രണമുള്ളവനേ സുഖങ്ങളുള്ളു എന്ന കഥ കൈമോശം വന്നു.
    അമേരിക്കയിലും മറ്റും ഒരാളുടെ ജീവിതനിലവാരം രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരത്തെ ആശ്രയിച്ചിരിക്കുന്നു. ഒന്ന്‌, നിങ്ങളുടെ ടാക്സ്‌ കൺസൾട്ടന്റ്‌- നികുതി വെട്ടിക്കാൻ വരവു ചെലവു കണക്കുകളിൽ മായം ചേർക്കുന്നവൻ-ആരാണ്‌? രണ്ട്‌, നിങ്ങളുടെ ഷ്രിങ്ക്‌-മനസ്സിനു സ്വസ്ഥതയില്ലാത്തതിനു പരിഹാരമായി സേവിക്കേണ്ട മരുന്നിന്റെ അളവു നിശ്ചയിക്കുന്ന സൈക്കയാട്രിസ്റ്റ്‌- തല പെരുക്കുമ്പോൾ ചുങ്ങിക്കിട്ടാൻ സഹായിക്കുന്ന ആൾ-ആരാണ്‌? അതതു രംഗങ്ങളിലെ പ്രഖ്യാതരായ പ്രോഫഷണലുകളാണ്‌ ഇവരെങ്കിൽ മഹാമാന്യത ഉറപ്പ്‌.
    ഇതേ കാഴ്ചപ്പാടാണ്‌ ഈ നാട്ടിലും ഇപ്പോൾ വേരോടി വരുന്നത്‌. ഫലം അശാന്തിയും അരാജകത്വവും രോഗവുമാണെന്നു നാൾക്കു നാൾ കൂടുതൽകൂടുതൽ തീർച്ചപ്പെടുന്നു. കാരണം, സ്വയം നിയന്ത്രിക്കാനാവാത്തവർക്ക്‌ മറ്റ്‌ ആരെയും ഫലപ്രദമായി നിയന്ത്രിക്കാനാവില്ലെന്നു മാത്രമല്ല, അത്തരക്കാരെ നിയന്ത്രിക്കാൻ ആരാലും സാധിക്കയുമില്ല. നിയമവും ശിക്ഷയും എത്ര കടുത്തത്തായാലും അവയെ മറികടക്കാൻ ഉപായങ്ങൾ ഉണ്ടാവുകയും ഇവപോലും വിപണനം ചെയ്യപ്പെടുകയും പതിവാകും. വീടാക്കടങ്ങൾ പെരുകിപ്പെരുകി ഇനിയൊന്നും കിട്ടാനില്ലെന്ന സ്ഥിതി വരുമ്പോൾ ആഗോളവ്യാപകമായി ഭീകരദുരിതം അരങ്ങേറുമെന്നും നിശ്ചയം.
    ശിപാർശ പറയാൻ എന്റെ അച്ഛനെയും കൂട്ടി ഒരാൾ ഒരിക്കൽ, മാറാത്തലവേദനയ്ക്കു മരുന്നിനായി, തിരുനാവാമൂസ്സതിന്റെ അരികിൽ ചെന്നു. ഇരുമ്പിന്റെ മൊത്തക്കച്ചവടമായിരുന്നു അയാളുടെ തൊഴിൽ. എത്ര താണുകേണിട്ടും ഒരു മുക്കുട്ടു കഷായംപോലും വിധിച്ചു കിട്ടിയില്ല. മൂസ്സത്‌, അവസാനം, തുറന്നുപറഞ്ഞു- നന്നേ കനത്ത ഉരുപ്പടിയാണ്‌ ഇരിമ്പേയ്‌, തുരുമ്പും പിടിക്കും! അത്‌ തലേന്ന്‌ ഇറക്കി വെയ്ക്കാതെ ഈ തലവേദനയ്ക്ക്‌ ഒരു മരുന്നും ഫലിക്കില്ല. വെറുതെ എന്തിനാ എനിക്ക്‌ ചീത്തപ്പേരുണ്ടാക്കണത്‌?
    ലോകത്തിന്റെ മഹാതലവേദനയ്ക്ക്‌ മൂന്നു വാക്കുകളുടെ ഒരു കുറുക്കുകഷായമേ പരിഹാരമാകൂ- ഇദം ന മമ! എന്നുവച്ചാൽ, മഹാസമ്പന്നത സമം ഒന്നുമേ സ്വന്തമല്ലായ്മ!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ