11 Mar 2015

ഇടയന്‍റെ കൂടെ

ഡോ.കെ.എം അനൂപ്

നസ്രേത്തിലെ പെരുംതച്ചാ ,
നീ ഉളി രാകി, ഉയിരേകി
കടഞ്ഞെടുത്തൊരു ചാരു ശില്പങ്ങളിന്നിതാ ,
കാനായിലെ വീഞ്ഞു വീപ്പകളില്‍
കമഴ്ന്നു കിടക്കുന്നു ...

അയല്‍കാരന്റെ സര്‍വവും
തട്ടിപ്പറിച്ച് അവരിന്നിതാ
സ്വാര്‍ത്ഥരായി പൊട്ടിച്ചിരിക്കുന്നു .
കുരുടന്റെ മിഴികളില്‍ വെളിച്ചമായി ,
ഊമയുടെ ചുണ്ടില്‍ വാക്കായി ,
ബധിരന്റെ കാതില്‍ നാദമായി ,
മാറിയ  മഹാ വൈദ്യാ ,
കണ്ണുകളുള്ളോരന്ധരായി
തെരുവുകളില്‍ അലയുന്നു ചിലര്‍ .
കുഷ്ഠ)തുരന്റെ കൈകള്‍ ശുദ്ധമായെങ്കിലും ,
മനസ്സിന്റെയുള്ളില്‍ ചലം പൊട്ടിയൊഴുകും
പുണ്ണുമായി പിന്നയും  ചിലര്‍ .

അജഗണങ്ങളെ,തിരിച്ചറിഞ്ഞീടുക
ആത്മാവ് ബലി നല്കിയ
ധീരരക്തസാക്ഷിതന്‍ സങ്കീര്‍ത്തനങ്ങള്‍,
ദാവീദിന്‍റെ സിംഹാസനം
പനിനീര്‍പൂക്കളാലല്ല,  കൂര്‍ത്തമുള്ളുകളാല്‍
തീര്‍ത്തതാണെന്നു  തിരിച്ചറിഞ്ഞീടുക നിങ്ങള്‍.

മുള്‍കിരീടംചൂടിയ വിശ്വരക്ഷകന്‍
ആട്ടിത്തെറുപ്പിച്ച പ്രലോഭനത്തിന്റെ-
പ്രതിലോമ ശക്തിയാം സാത്താനെ
കൂട്ടുപിടിക്കാതിരിക്കുക നിങ്ങള്‍ .

മഗ്ദലനയെ എറിഞ്ഞ കല്ലുകള്‍ ,
വഴിതെറ്റാതിരിക്കാന്‍ -ഓര്‍മ്മചെപ്പുകളായി
നമുക്ക് കരുതി വെച്ചീടാം.....

കുരിശിന്‍റെ വഴിയേ ,
കനിവിന്റെ വഴിയേ ,
ഗിരി മുകളിലെത്താം
ഗുരുപാദ പദ്മത്തിലലിയാം.
നിന്നെ നമിക്കുന്നു ദേവാ,നിന്നെ നമിക്കുന്നു
ഭൂമിതന്‍ പുത്രാ ..ഭൂലോക നാഥാ ..
ഒഴുകി പരക്കട്ടെ ഒളിമങ്ങിടാത്ത
നിന്‍ സ്നേഹസന്ദേശങ്ങള്‍,
ഓരോ തപിക്കുന്ന പാപഹൃദന്തത്തിലും .

ഉറക്കെ പാടുക,
പത്രോസും കൂട്ടരും പകര്‍ത്തിയെഴുതിയ ,
അവന്‍റെ പാടിപതിഞ്ഞ വീരഗാഥകള്‍ .
സ്ഫുടം ചെയ്ത വാക്കുകള്‍ വിരിയട്ടെ
ഹൃദയകമലങ്ങളില്‍ ......
നിറയട്ടെ  ആത്മശുദ്ധി  തന്‍
തേനൂറും മധുരിമ മനമാകെ .

നാഥാ , നിന്‍ തിരുഹൃദയരക്തത്താല്‍
നിര്‍മലമാകട്ടെ ലോകം .
ഗബ്രിയേലുകള്‍  പാറി പറക്കട്ടെ ,
പിറക്കട്ടെ പുതിയൊരാകാശവും
പുതിയ ഭൂമിയും ,പൊന്‍വെളിച്ചവും

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...