11 Mar 2015

പരോപകാരത്തിന്റെ വില


ജോൺ മുഴുത്തേറ്റ്‌



അഡ്വക്കെറ്റ്‌ ജെയിംസ്‌ വൈകുന്നേരം തന്റെ ഓഫീസിൽ നിന്നും പതിവിലും നേരത്തെ ഇറങ്ങി. സ്നേഹിതന്റെ കുട്ടിയുടെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കണം. കുട്ടിക്ക്‌ നൽകുവാനായി സമ്മാനവും വാങ്ങി. സ്നേഹിതന്റെ വീട്ടിലേയ്ക്ക്‌ പത്തുമിനിട്ട്‌ ഡ്രൈവ്‌ ചെയ്യണം. വേഗത്തിൽ പോയാൽ ആറുമണിക്ക്‌ മുൻപ്‌ എത്തിച്ചേരാം.
സിറ്റിയിൽ നിന്ന്‌ തിരക്കൊഴിഞ്ഞ ഹൈവേയിലേയ്ക്ക്‌ കയറിയപ്പോൾ ജെയിംസ്‌ കാറിന്റെ വേഗത കൂട്ടി. പെട്ടെന്നാണ്‌ അതു ശ്രദ്ധയിൽപെട്ടത്‌. മദ്ധ്യവയസ്കയായ ഒരു സ്ത്രീ തന്റെ കാറിന്റെ ബോണറ്റ്‌ പൊക്കിവച്ച്‌ നിൽക്കുന്നു. കാർ ബ്രേക്ക്ഡൗണായി കിടക്കുകയാണ്‌. ജെയിംസ്‌ കാറിന്റെ വേഗത കുറച്ചു. ആ സ്ത്രീ ദയനീയമായി നോക്കുന്നു.'എന്നെ ഒന്നു സഹായിക്കുമോ?' എന്ന അപേക്ഷ ആ നോട്ടത്തിലുണ്ടായിരുന്നു. അയാൾ കാർ നിർത്തി ഇറങ്ങി. എന്താണ്‌ പ്രശ്നമെന്ന്‌ ചോദിച്ചു. കാർ നിന്നു പോയി. കാരണം കണ്ടുപിടിക്കാൻ കഴിയുന്നില്ല. ഒരപകടത്തിൽപെട്ട്‌ ആശുപത്രിയിൽ കഴിയുന്ന തന്റെ ഏകമകനെ കാണുവാനായി ധൃതിയിൽ പോവുകയായിരുന്നു. ഡ്രൈവറെ വിളിക്കാൻ പോലും കഴിഞ്ഞില്ല. ഇനി ആശുപത്രിയിലേക്ക്‌ 10 കിലോമീറ്റർ ദൂരമുണ്ട്‌.
ജെയിംസിന്‌ അവരോടു സഹതാപം തോന്നി. കാറിന്റെ തകരാറ്‌ കണ്ടുപിടിക്കാമോ എന്ന്‌ ശ്രമിച്ചുനോക്കി. പക്ഷേ കഴിയുന്നില്ല. വർക്ക്ഷോപ്പിൽ നിന്ന്‌ മെക്കാനിക്കിനെ കൊണ്ടുവരേണ്ടി വരും. തികച്ചും അസ്വസ്ഥയായിരുന്ന അവരെ അയാൾ ആശ്വസിപ്പിച്ചു. "മാഡം വിഷമിക്കേണ്ട. സിറ്റിയിൽ എനിക്ക്‌ പരിചയമുളള വർക്ക്ഷോപ്പുണ്ട്‌. കാറിന്റെ കാര്യം അവരെ ഏൽപ്പിക്കാം. അവർ വണ്ടിവന്നെടുത്ത്‌ ശരിയാക്കി പറയുന്നിടത്ത്‌ എത്തിച്ചു തരും. മാഡത്തെ ഞാൻ ആശുപത്രിയിൽ കൊണ്ടുവിടാം." 'അയ്യോ ആശുപത്രിയിലേക്ക്‌ പത്തുകിലോമീറ്ററിലേറെ ദൂരമുണ്ട്‌. അത്‌ നിങ്ങൾക്ക്‌ അസൗകര്യമാകും ഞാൻ ടാക്സിയിൽ പോയ്ക്കോളാം." സ്ത്രീ നന്ദിയോടെ പറഞ്ഞു.
ജെയിംസ്‌ തന്റെ വിസിറ്റിംഗ്‌ കാർഡ്‌ സ്ത്രീയ്ക്ക്‌ കൊടുത്തു. എന്നിട്ട്‌ പറഞ്ഞു."മാഡം ഒട്ടും ഭയപ്പെടേണ്ട. ഈ നേരത്ത്‌ തനിയെ ടാക്സിയിൽ പോകേണ്ട. ഞാൻ ഡ്രോപ്പുചെയ്യാം."
നിർബന്ധിച്ചപ്പോൾ സ്ത്രീ ജെയിംസിന്റെ കാറിൽ കയറി. അവർ പട്ടണത്തിലെ വർക്ക്ഷോപ്പിൽ എത്തി കാറിന്റെ താക്കോൽ ഏൽപ്പിച്ചു. അവർ കാർ ശരിയാക്കി ആശുപത്രിയിൽ എത്തിച്ചു കൊളളാമെന്ന്‌ ഏറ്റു.
ജെയിംസ്‌ ആ സ്ത്രീയെ പത്തു കിലോമീറ്റർ ദൂരത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി വിട്ടു. ഇറങ്ങിയപ്പോൾ അവർ നന്ദിയോടെ പറഞ്ഞു; "ഈ ഉപകാരം ഞാനൊരിക്കലും മറക്കില്ല. താങ്കൾ വളരെ ദയാലുവാണ്‌."
അവർ കൈവീശി ടാറ്റാ പറഞ്ഞു. എന്നിട്ടുവളരെ തിരക്കിട്ട്‌ ആശുപത്രിയിലേക്ക്‌ ഓടിക്കയറി.
ജെയിംസ്‌ ബേർത്ത്‌ ഡേ പാർട്ടിയ്ക്ക്‌ താമസിച്ചാണ്‌ എത്തിയത്‌. എങ്കിലും അയാൾക്ക്‌ കുറ്റബോധം തോന്നിയില്ല. ഒരു നല്ല കാര്യത്തിനു വേണ്ടിയാണല്ലോ താമസിക്കേണ്ടി വന്നത്‌. അയാൾക്ക്‌ ആത്മസംതൃപ്തി തോന്നി.
ഏതാനും മാസങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായിട്ടാണ്‌ ജെയിംസിന്‌ ആ കത്തു കിട്ടിയത്‌. അന്ന്‌ ആശുപത്രിയിൽ കൊണ്ടുവിട്ട ആ സ്ത്രീയുടെ കത്തായിരുന്നു. ഡെയ്സി ഫ്രാൻസിസ്‌ അതായിരുന്നു ആ സ്ത്രീയുടെ പേര്‌. കത്തു വായിച്ചപ്പോൾ അയാളുടെ കണ്ണു നിറഞ്ഞു. അന്ന്‌ ആശുപത്രിയിൽ എത്തിയ ഉടൻതന്നെ തന്റെ മകന്റെ നില വഷളായി. പെട്ടെന്ന്‌ ശ്വാസതടസ്സം നേരിട്ട അവനെ രക്ഷിക്കാൻ  ഡോക്ടർമാർക്ക്‌ ആയില്ല. അൽപം താമസിച്ചിരുന്നെങ്കിൽ തന്റെ പുത്രന്റെ അന്ത്യനിമിഷങ്ങളിൽ സമീപത്തുണ്ടാകുവാൻ കൂടി കഴിയില്ലായിരുന്നു.
"താങ്കൾ അന്നു ചെയ്ത ഉപകാരത്തിന്‌ ഞാൻ താങ്കളോട്‌ ഏറെ കടപ്പെട്ടിരിക്കുന്നു. താങ്കളുടെ അസാധാരണമായ സഹായവും ദയയും കൊണ്ടാണ്‌ മരണത്തിനു മുമ്പ്‌ എന്റെ മോന്റെ അടുത്തെത്താനായത്‌. അതു ഞാൻ എന്നും നന്ദിപൂർവ്വം സ്മരിക്കുന്നു. മകന്റെ അപ്രതീക്ഷിതമായ മരണം ഏൽപിച്ച ആഘാതത്തിലായിരുന്നു ഞാൻ. അതുകൊണ്ടാണ്‌ താങ്കളെ ഇത്രയും നാൾ ബന്ധപ്പെടാതിരുന്നത്‌."
ഈ കത്തെഴുതുന്നത്‌ ഒരു പ്രത്യേക കാര്യം അറിയിക്കുവാനും കൂടിയാണ്‌. ഞാനും എന്റെ ഭർത്താവും കൂടി മകന്റെ ഓർമ്മയ്ക്കായി ഒരു ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിക്കുകയാണ്‌. ഞങ്ങൾ വിദേശത്തായിരുന്നപ്പോൾ ധാരാളം പണം സമ്പാദിച്ചു. അതിനി പാവങ്ങൾക്കായി ചെലവിടാനാണ്‌ താൽപര്യം. ഇത്‌ വലിയൊരു പ്രവർത്തന മേഖലയാക്കണം. ഇതിന്റെ എക്സിക്യൂട്ടീവ്‌ ഡയറക്ടറായി താങ്കളുടെ പേരാണ്‌ എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്‌. ഈ മഹത്തായ ചുമതല താങ്കൾക്ക്‌ ഭംഗിയായി നിർവ്വഹിക്കുവാൻ കഴിയുമെന്ന്‌ ഞങ്ങൾക്കറിയാം. താങ്കളുടെ സമ്മതം ലഭിച്ചാലുടനെ ഞങ്ങൾ താങ്കളെ വന്നുകണ്ടുകൊളളാം."
അതിയായ അത്ഭുതത്തോടും ആഹ്ലാദത്തോടും കൂടിയാണ്‌ ജെയിംസ്‌ ഈ കത്ത്‌ വായിച്ചതു. ഒരു ചെറിയ സൽപ്രവൃത്തിക്ക്‌, ഒരു സഹായത്തിന്‌ ഇത്രമാത്രം ഉപകാരസ്മരണയും അനന്തരഫലങ്ങളും ഉണ്ടാക്കാൻ കഴിയുമെന്ന്‌ ഒരിക്കലും കരുതിയിരുന്നില്ല. സൽപ്രവൃത്തിയുടെയും ഉപകാരസ്മരണയുടെയും സാമൂഹ്യമാനങ്ങൾ എത്ര വലുതാണെന്ന്‌ അയാൾ ചിന്തിച്ചുപോയി. താൽപര്യപൂർവ്വം അവർ ഏൽപിച്ച മഹത്തായ ചുമതല ഏറ്റെടുക്കുവാൻ തന്നെ അയാൾ തീരുമാനിച്ചു. സമൂഹനന്മയ്ക്കായി  എന്തെങ്കിലും ചെയ്യുവാൻ കഴിയുന്ന ഈ അവസരം പാഴാക്കരുതല്ലോ.
നിങ്ങൾക്ക്‌ മറ്റൊരാളിൽ നിന്ന്‌ ഒരു സഹായം ലഭിക്കുമ്പോൾ നിങ്ങൾ അയാളോട്‌ ഉപകാരസ്മരണയുളളവനാവുകയും അതു പ്രകടിപ്പിക്കുകയും ചെയ്യുമ്പോൾ അതയാൾക്ക്‌ സന്തോഷവും ആത്മസംതൃപ്തിയും നൽകുന്നു. ഇത്തരം കൂടുതൽ സഹായപ്രവൃത്തികൾ  നിങ്ങൾക്കും മറ്റുള്ളവർക്കും വേണ്ടി ചെയ്യുവാനുളള ഉത്സാഹവും പ്രചോദനവും അയാളിൽ അങ്കുരിക്കുന്നു. കൂടാതെ, അയാളോട്‌ ഉപകാരസ്മരണ പുലർത്തുന്ന നിങ്ങളോട്​‍്‌ മാനസികമായ അടുപ്പവും താൽപര്യവും അയാൾക്ക്‌ കൂടുതലായി തോന്നുന്നു. ഇങ്ങനെ സൗഹൃദങ്ങൾ കൂടൂതൽ അഗാധവും ഊഷ്മളവുമായിത്തീരുന്നു. ഉപകാരസ്മരണ നിങ്ങളുടെയും ചുറ്റുമുളളവരുടെയും ഹൃദയങ്ങളിൽ ഒരുതരം പോസിറ്റീവ്‌ എനർജി നിറയ്ക്കുന്നു. ഇത്‌ സമൂഹത്തിൽ സൗഹൃദവും സഹകരണവും പരസ്പര സഹായവും വളർത്തുന്നു. സ്നേഹത്തിന്റെയും നന്മയുടെയും നിലാവെളിച്ചം എങ്ങും നിറയ്ക്കുന്നു.
ഉപകാരസ്മരണയോടു കൂടിയ പെരുമാറ്റം കൂടുതൽ മെച്ചപ്പെട്ട സാമൂഹികബന്ധങ്ങൾക്കും, വ്യക്തിബന്ധങ്ങൾക്കും കാരണമായിത്തീരുന്നു. ഇത്‌ ക്രമേണ ഉദാത്തമായ സാമൂഹ്യമാറ്റങ്ങൾക്ക്‌ പോലും വിത്ത്‌ പാകുന്നു. അതുകൊണ്ടാണ്‌ ഖലിൽ ജിബ്രാൻ പറഞ്ഞത്‌; 'പ്രഭാതത്തിൽ ചിറകുള്ള ഹൃദയവുമായി ഉണരുക, സ്നേഹത്തിന്റെ മറ്റൊരു ദിനത്തിന്‌ നന്ദി പറയുക.'
ജീവിതം സന്തോഷപ്രദവും അർത്ഥപൂർണ്ണവുമാക്കാൻ ഉപകാരസ്മരണയുടെ മനോഭാവം നിങ്ങളെ സഹായിക്കുന്നു. ഉപകാരസ്മരണ ഹൃദയത്തിന്റെ ഓർമ്മയാണ്‌. ഹെന്റി വാർഡ്‌ ബീച്ചറിന്റെ അഭിപ്രായത്തിൽ 'ആത്മാവിൽ നിന്ന്‌ വിടർന്നു വരുന്ന മനോഹരപുഷ്പമാണ്‌ ഉപകാരസ്മരണ.'
'ഓരോ നിമിഷവും സ്നേഹത്തോടും അനുകമ്പയോടും ഉപകാരസ്മരണയോടും കൂടി ജീവിക്കുന്ന ആത്മീയ അനുഭവമാണ്‌ സന്തുഷ്ടി', എന്നാണ്‌ ഡെനീസ്‌ വെയ്റ്റ്ലി അഭിപ്രായപ്പെട്ടത്‌. 'ജീവിതത്തിൽ കൂടുതൽ സമ്പന്നത കൊണ്ടു വരുവാനുള്ള ഉറപ്പായ മാർഗ്ഗമാണ്‌ ഉപകാരസ്മരണ', എന്ന്‌ മാർകി ഷിമോഫ്‌. 'ഉപകാരസ്മരണയാൽ ശുദ്ധീകരിക്കപ്പെട്ട മനസ്‌ നിറയെ സന്തോഷമാണ്‌', എന്നാണ്‌ മറിയേത്ത മക്കാർലി വ്യക്തമാക്കിയത്‌.
ആളുകളെ വൈകാരികമായി ബന്ധിപ്പിക്കുകയും അടുപ്പിക്കുകയും ചെയ്യുന്ന ഹൃദയശക്തിയാണ്‌ ഉപകാരസ്മരണ. ഇതൊരു ആത്മീയ അനുഭവമാണ്‌. ചുരുക്കിപ്പറഞ്ഞാൽ നിരന്തരമായി നാം പുലർത്തുന്ന ഉപകാരസ്മരണയുടെ മനോഭാവം ശാരീരികവും മാനസികവും ആത്മീയവുമായി നമ്മെ ശുദ്ധീകരിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നു. നിതാന്ത സന്തുഷ്ടിയുടെ ഉറവിടമാണ്‌ ഉപകാരസ്മരണ എന്നോർക്കുക.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...