cdb
നീരയെ
കാത്തിരിക്കുന്നത് അമേരിക്കയും ജപ്പാനും കാനഡയുമുൾപ്പെടെയുള്ള വൻ വിപണി.
മറ്റു നാളികേരോൽപാദന രാജ്യങ്ങളെല്ലാം തന്നെ നീരയുടെ മൂല്യവർദ്ധിത
ഉൽപന്നങ്ങളുടെ വിപണി കണ്ടെത്തിയിരിക്കുന്നത് അമേരിക്ക, കാനഡ, നോർവേ,
ഫ്രാൻസ്, ജപ്പാൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും ഗൾഫ്
രാജ്യങ്ങളിലുമാണ്. എന്നാൽ, ഈ രാജ്യങ്ങളൊന്നും ലഘുപാനീയം എന്ന നിലയ്ക്ക്
ഇതുവരെ വാണിജ്യാടിസ്ഥാനത്തിൽ മറ്റു രാജ്യങ്ങളിലേക്കു നീര
കയറ്റിയയച്ചിട്ടില്ലെന്നു നാളികേരോത്പാദക രാജ്യങ്ങളുടെ (എപിസിസി)
സമ്മേളനത്തിൽ അവതരിപ്പിക്കപ്പെട്ട റിപ്പോർട്ടിൽ പറയുന്നു. നീര പോഷക പാനീയം
എന്ന നിലയ്ക്കു തദ്ദേശീയമായി ഉപയോഗിക്കുകയും നീരയുടെ മൂല്യവർദ്ധിത
ഉൽപന്നങ്ങൾ കയറ്റിയയയ്ക്കുകയുമാണ് എപിസിസിയിലെ ഇന്ത്യയൊഴികെയുള്ള 17
രാജ്യങ്ങളും ചെയ്യുന്നത്. ലഘുപാനീയം എന്ന നിലയ്ക്കു വാണിജ്യാടിസ്ഥാനത്തിൽ
നീര കയറ്റുമതിക്ക് ഇന്ത്യയുടെ (കേരളത്തിന്റെ) മുന്നിൽ വൻ സാധ്യത തുറന്നു
കിടപ്പുണ്ടെന്നു വ്യക്തമാക്കുന്നതാണ് ഈ റിപ്പോർട്ട്.
ഏറ്റവുമൊടുവിൽ
പുറത്തുവന്ന കണക്കു പ്രകാരം ലോകത്ത് ഏറ്റവുമധികം നാളികേരം
ഉത്പാദിപ്പിക്കുന്നത് ഇന്ത്യയാണ്. 2039 ഹെക്ടറിലായി 2189 കോടി
നാളികേരമാണ് ഇന്ത്യയുടെ വാർഷികോത്പാദനം. ഇന്തോനീഷ്യയും ഫിലിപ്പീൻസും
ഇന്ത്യയെക്കാൾ കൂടുതൽ ശതമാനം സ്ഥലം നാളികേര കൃഷിക്കായി നീക്കി
വയ്ക്കുന്നുണ്ടെന്നു മാത്രം. നാളികേരോത്പാദനത്തിലെ ഈ മുൻതൂക്കം തന്നെയാണ്
ഇന്ത്യയുടെ സാധ്യതയും വർദ്ധിപ്പിക്കുന്നത്.
എന്നാൽ, നീരയോ
മൂല്യവർദ്ധിത ഉൽപന്നങ്ങളോ കയറ്റുമതി ചെയ്യാത്ത ഏക എപിസിസി രാജ്യം
ഇന്ത്യയാണെന്നതാണു വൈരുധ്യം. ഇന്തോനേഷ്യയും തായ്‌ലൻഡും ഫിലിപ്പീൻസും
മലേഷ്യയും ശ്രീലങ്കയുമെല്ലാം നീരയുടെ മൂല്യവർദ്ധിത ഉൽപന്ന കയറ്റുമതിയിൽ
മുൻപിലാണ്. കഴിഞ്ഞ വർഷം ഇന്തൊനീഷ്യ ഉത്പാദിപ്പിച്ചതു 10 ലക്ഷം മെട്രിക്
ടൺ പാം ഷുഗറാണ്.
ഇന്ത്യയിൽ ഇന്നുള്ള മൊത്തം തെങ്ങുകളുടെ ഒരു
ശതമാനം നീര ഉത്പാദനത്തിന് ഉപയോഗിച്ചാൽ 18 ലക്ഷം തെങ്ങുകളിൽ നിന്നു നീര
ഉത്പാദിപ്പിക്കാൻ കഴിയും. നീര വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ പകുതി കർഷകനു
നൽകാനാകും. കാൽ ഭാഗം ചെത്തുകാരനും കാൽ ഭാഗം സംസ്കരണത്തിനും ചെലവാകും. ഈ
രീതിയിൽ ശൈശവ ദശ പിന്നിട്ട്, കയറ്റുമതിയുടെ ട്രാക്കിൽ കയറുന്നതോടെ നീര
കേരളത്തിന്റെയും ഇന്ത്യയുടെയും വ്യാവസായിക ഭൂപടം
തിരുത്തിക്കുറിക്കുമെന്നാണു വിലയിരുത്തൽ.
ഏറ്റവുമധികം
തെങ്ങുകളുള്ള കേരളത്തിൽ 10 ശതമാന് തെങ്ങുകൾ നീര ചെത്താൻ ഉപയോഗിച്ചാൽ
പ്രതിവർഷം 54,000 കോടി രൂപയുടെ വിൽപന നടക്കും. ലിറ്ററിന് 100 രൂപ എന്ന
കണക്കിൽ 10 ലക്ഷം പേർക്കു തൊഴിൽ ലഭിക്കുമെന്നതും പ്രധാനം. ഗൾഫ് മലയാളികൾ
പ്രതിവർഷം കേരളത്തിലേക്ക് അയയ്ക്കുന്നതിനെക്കാൾ അധികം തുക ഇതുവഴി
ലഭിക്കും. മഹാരാഷ്ട്രയെയും ഗോവയെയും കർണ്ണാടകത്തിനെയും തമിഴ്‌നാടിനെയും ഇതേ
വഴിക്കു നയിക്കാൻ കഴിഞ്ഞാൽ വിദേശവിപണിയിൽ ഇന്ത്യൻ നീര ചരിത്രമെഴുതുന്ന
കാലം വിദൂരമല്ല.