11 Mar 2015

നൂറുമേനിയുടെ കൊയ്ത്തുകാർ


സിഡിബി ന്യൂസ്‌ ബ്യൂറോ കൊച്ചി - 11

തെങ്ങിനിടയിൽ ജാതി, കൊക്കോ, കുരുമുളക്‌ എന്നിവ ഇടവിളയായി വളർത്തി നാളികേര കൃഷി വൻ ലാഭകരമാക്കിയ കൃഷിക്കാരനാണ്‌ പൊള്ളാച്ചി താലൂക്കിലെ ഓടക്കയം സ്വദേശിയായ ഓവിആർ സോമസുന്ദരം. മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടിയ സോമസുന്ദരം ഉപരിപഠനത്തിനു പോകാതെ ഗ്രാമത്തിലെ സ്വന്തം കൃഷിയിടത്തിലേയ്ക്ക്‌ ഇറങ്ങുകയായിരുന്നു. 
ശാസ്ത്രീയമായ കൃഷിരീതികളിലൂടെ അദ്ദേഹം തന്റെ തെങ്ങുകൃഷിയിടം ഒരു ബഹുവിളതോട്ടമായി മാറ്റി. പ്രത്യേകിച്ച്‌ ജാതി കൃഷിയിൽ. ഇന്ന്‌ ഇന്ത്യയിലെ ഏറ്റവും മികച്ച ജാതി കർഷകരിൽ ഒരാളാണ്‌ ഓവിആർ. സമീപത്തുള്ള കൃഷിക്കാർക്ക്‌ ആവശ്യമുള്ള ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ അദ്ദേഹം മിതമായ വിലയക്ക്‌ തന്റെ കൃഷിയിടത്തിൽ നിന്ന്‌ ലഭ്യമാക്കി. താൻ സ്വായത്തമാക്കിയ കൃഷി വിജ്ഞാനം മറ്റു കർഷകർക്കായി പങ്കു വയ്ക്കുന്നതിൽ ഉത്സുകനായ ഓവിആർ തമിഴ്‌നാട്ടിലും ഇന്ത്യയിലും ഇന്ത്യയ്ക്കു വെളിയിലും വിജ്ഞാന വ്യാപന യാത്രകൾ യഥേഷ്ടം നടത്താറുണ്ട്‌.
ഇന്ന്‌ അദ്ദേഹത്തിന്റെ കൃഷിയിടം നാളികേര കർഷകർക്ക്‌ ഒരു മാതൃകാ കൃഷിത്തോട്ടമാണ്‌. കൃഷിരീതികൾ, സസ്യസംരക്ഷണം, ജലസേചനം, വിളവെടുപ്പ്‌, സംസ്കരണം തുടങ്ങി എല്ലാ മേഖലകളിലും ഓവിആറിന്റെ കൃഷിയിടം പുതിയ ധാരാളം അറിവുകൾ നൽകുന്നു.ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ, കേന്ദ്ര തോട്ടവിള സ്ഥാപനം, നാളികേര വികസന ബോർഡ്‌. ഇന്ത്യൻ സുഗന്ധവിള ഗവേഷണ കേന്ദ്രം, തമിഴ്‌നാട്‌ കാർഷിക സർവ കലാശാല, തമിഴ്‌നാട്‌ കൃഷി വകുപ്പ്‌ എന്നിവ ഓവിആറിന്റെ കൃഷിയിടത്തെ മാതൃകാ കൃഷിയിടമായി അംഗീകരിച്ചിരിക്കുന്നു.
ഇന്ത്യയിൽ നിന്നുള്ള വിവിധ സർവകലാശാലകളിൽ നിന്നു മാത്രമല്ല, അമേരിക്കയിലെ കോർണൽ സർവകലാശാലയിലേയും മറ്റ്‌ നിരവധി അന്തർദേശിയ സർവകലാശാലകളിലേയും ഗവേഷണ കേന്ദ്രങ്ങളിലേയും വിദ്യാർത്ഥികളും ഗവേഷകരും പഠനങ്ങൾക്കായി ഓടക്കയത്തുള്ള ഈ കൃഷിയിടത്തിൽ എത്തുന്നു. 2014 ജൂണിൽ ഓസ്ട്രേലിയ, ന്യൂസിലാന്റ്‌,ഇംഗ്ലണ്ട്‌ എന്നീ രാജ്യങ്ങളിൽ നിന്ന്‌ ഒൻപതു ശാസ്ത്രജ്ഞർ ഓവിആറിന്റെ കൃഷിയിടത്തിൽ ഗവേഷണത്തിനായി എത്തി. ഓസ്ട്രേലിയയിലെ ലാറ്റ്‌റോബ്‌ സർവകലാശാലയിൽ നിന്ന്‌ ഡോ.പീറ്റർ സെയിലിന്റെ നേതൃത്വത്തിൽ 15 വിദ്യാർത്ഥികൾ 2014 ജനുവരിയിലും ഇവിടെ എത്തിയിരുന്നു.
തെങ്ങിനെ ബാധിക്കുന്ന നിരവധി രോഗങ്ങൾ പ്രതിരോധിക്കാൻ നാളികേര വികസന ബോർഡ്‌, കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല എന്നിവയുമായി അദ്ദേഹം സഹകരിക്കുന്നു. 
നിലവിൽ തമിഴ്‌നാട്‌ ദൂരദർശൻ കാർഷിക ഉപദേശക സമിതി അംഗം, കോയമ്പത്തൂർ ഫോറസ്റ്റ്‌ ഇൻസ്റ്റിറ്റിയൂട്ട്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി നയരൂപീകരണ സമിതി അംഗം എന്നീ സ്ഥാനങ്ങൾ വഹിക്കുന്ന ഓവിആർ, നാളികേര വികസന ബോർഡ്‌ ഗവേഷണ സമിതി അംഗം, തമിഴ്‌നാട്‌ കാർഷിക സർവകലാശാല നിർവഹാകസമിതി അംഗം, സർവകലാശാല പ്രാദേശിക ഗവേഷണ സമിതി അംഗം, ഇന്ദിരാഗാന്ധി വന്യജീവി സംരക്ഷണ കേന്ദ്രം ഓണററി വാർഡൻ, തമിഴ്‌നാട്‌ വനം വകുപ്പ്‌ ഉപദേശക സമിതി അംഗം, തമിഴ്‌നാട്‌ ജൈവകൃഷി ഉന്നതാധികാര സമിതി അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്‌. 
കാർഷിക മേഖലയിൽ ഇതിനോടകം നിരവധി പുരസ്കാരങ്ങൾ ഓവിആറിനെ തേടി എത്തിയിട്ടുണ്ട്‌. 1991 ൽ സിപിസിആർഐയുടെ മികച്ച നാളികേര കർഷകൻ, 2005 ലെ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ വേലൻമയി ചെമ്മാൾ അവാർഡ്‌, 2011 ൽ സിപിസിആർഐയിൽ നടന്ന അന്താരാഷ്ട്ര നാളികേര ജൈവ വൈവിധ്യ കോൺഫറൺസിൽ അംഗീകാര പത്രം, 2010 ൽ പൊള്ളാച്ചി എൻജിഎം കോളജ്‌ അലുമിനിയുടെ മികച്ച പൂർവവിദ്യാർത്ഥിക്കുള്ള പുരസ്കാരം എന്നിവ ചിലതു മാത്രം.
കൃഷിയുമായി ബന്ധപ്പെട്ട്‌ അമേരിക്ക, യൂറോപ്പ്‌, ഓസ്രട്രേലിയ, ഇന്തോനേഷ്യ, തായ്‌ലൻഡ്‌, ഫിലിപ്പീൻസ്‌, ഇസ്രായേൽ, സിംഗപ്പൂർ, പപ്പുവാ ന്യൂഗിനിയ, ശ്രീലങ്ക, വെസ്റ്റ്‌ ഇൻഡീസ്‌ തുടങ്ങിയ രാജ്യങ്ങളിൽ ഓവിആർ സന്ദർശനം നടത്തിയിട്ടുണ്ട്‌. ജാതി കർഷകരുടെ ക്ഷണപ്രകാരം 2005 ൽ വെസ്റ്റ്‌ ഇൻഡീസിലും വിത്തു തേങ്ങയുടെ ഉത്പാദന രീതികൾ ചർച്ച ചെയ്യാൻ തമിഴ്‌നാട്‌ കാർഷിക സർവകലാശാലയുടെ ശാസ്ത്രജ്ഞർക്കൊപ്പം ശ്രീലങ്കയും സന്ദർശിച്ചു. വനിലയുടെ സംസ്കരണ രീതികൾ മനസിലാക്കാൻ 2001 ൽ പപ്പുവന്യൂഗിനിയയും കൊക്കോടെക്‌ മീറ്റിംങ്ങിൽ പങ്കെടുക്കാൻ ഇന്തോനേഷ്യയും സന്ദർശിക്കുകയുണ്ടായി.
കൃഷിയിൽ അനുവർത്തിക്കുന്ന നൂതന മാതൃകകളുടെ പേരിൽ വാർത്താ മാധ്യമങ്ങളിൽ നിരന്തരം നിറഞ്ഞു നിൽക്കുന്ന പേരാണ്‌ ഓവിആറിന്റേത്‌. ദൂർദർശൻ, ഇന്ത്യാവിഷൻ, അമൃത, മക്കൾടിവി തുടങ്ങിയ ചാനലുകൾ ഓവിആറിന്റെ നാളികേര കൃഷി, കൊക്കോ കൃഷി, ജാതി കൃഷി എന്നിവയെക്കുറിച്ച്‌ പ്രത്യേക പരിപാടികൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ നാളികേരാധിഷ്ഠിത കൃഷിരീതികളെ കുറിച്ച്‌ ആകാശവാണിയും പരിപാടികൾ പ്രക്ഷേപണം ചെയ്തിട്ടുണ്ട്‌. കൂടാതെ ഇന്ത്യൻ നാളികേര ജേണൽ, കർഷകൻ, മലയാള മനോരമ, ദീപിക, ദിനമലർ, ദ ഹിന്ദു, വിവിധ തമിഴ്‌ ആനുകാലികങ്ങൾ എന്നിവയിൽ നിരവധി തവണ ഓവിആറിന്റെ കൃഷിയും കൃഷിയിടങ്ങളും ലേഖനങ്ങളും ഫീച്ചറുകളുമായി വന്നിട്ടുണ്ട്‌.
കൂടാതെ തമിഴ്‌നാട്‌ കാർഷിക സർവകലാശാല, ധാർവാദ്‌ കാർഷിക സർവകലാശാല, അരക്കനട്‌ ആൻഡ്‌ സ്പൈസ്‌ റിസേർച്ച്‌ ഡയറക്ടറേറ്റ്‌ , ഐസിഎആർ,ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്പൈസ്‌ റിസേർച്ച്‌ തുടങ്ങിയ സ്ഥാപനങ്ങളുടെ ജേണലുകളിൽ ഓവിആറിന്റെ ലേഖനങ്ങളും പഠനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
മരണാന്തര ബഹുമതിയായിട്ടാണ്‌ ഡോ.ഹരിദാസിന്‌ ഈ പുരസ്കാരം സമർപ്പിക്കുന്നത്‌. നാളികേര മേഖലയിൽ, പ്രത്യേകിച്ച്‌ വെളിച്ചെണ്ണയുമായി ബന്ധപ്പെട്ട്‌ നടത്തിയ ഗവേഷണത്തിന്‌ അദ്ദേഹം നൽകിയ മഹത്തായ സംഭാവനയുടെ പേരിലാണ്‌ ഈ പുരസ്കാരം. കോഴിക്കോട്‌ ജനിച്ച ഡോ.ഹരിദാസിന്റെ കുടുംബവീട്‌ ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലാണ്‌. മണിപ്പാൽ കസ്തൂർബ മെഡിക്കൽ കോളജിലായിരുന്നു പഠനം. ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി, ഫൊറൻസിക്‌ മെഡിസിൻ എന്നിവയിൽ സ്വർണ മെഡലോടെയാണ്‌ എംബിബിഎസ്‌ പാസായത്‌. തുടർന്ന്‌ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന്‌ എംഡി, ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന്‌ കാർഡിയോളജിയിൽ ഉപരിപഠനം. പിന്നീട്‌ തിരുവനന്തപുരം ആലപ്പുഴ മെഡിക്കൽ കോളജുകളിൽ കാർഡിയോളജി ട്യൂട്ടറായി അധ്യാപക വൃത്തി.
1990 ൽ അമേരിക്കയിലെ പോർട്ട്ലാന്റിലുള്ള ഒറിഗോൺ സർവകലാശാലയിൽ ഉപരിപഠനം.തിരികെ എത്തി മദ്രാസ്‌ മെഡിക്കൽ മിഷൻ ആശുപത്രിയിൽ 98 വരെ കാർഡിയോളജി വിഭാഗം തലവൻ. 2002 ൽ ഇന്ത്യൻ കോളജ്‌ ഓഫ്‌ കാർഡിയോളജിയുടെ ഫെലോഷിപ്‌. 1998 ൽ അദ്ദേഹം കൊച്ചിയിൽ അമൃത ഇൻസ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കൽ ശയൻസ്‌ സ്ഥാപിക്കുന്നതിനായി ക്ഷണിക്കപ്പെട്ടു. ഇന്ന്‌ ഹൃദ്‌ രോഗ ചികിത്സയിൽ ഇന്ത്യയിലെ തന്നെ മികച്ച ആശുപത്രിയാണ്‌ അമൃത. അനേകം അന്താരാഷ്ട്ര പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
ചികിത്സാ രംഗത്തെ സേവനങ്ങൾ മാനിച്ച്‌ ഡബ്ലിനിലെ റോയൽ കോളജിന്റെ ഫെലോഷിപ്പ്‌ 2010 ൽ ഡോ.ഹരിദാസിനെ തേടിയെത്തി. നാളികേര വികസന ബോർഡും അമൃത ഇൻസ്റ്റിറ്റിയൂട്ടുമായി സഹകരിച്ച്‌ നടത്തുന്ന വിവിധ ഗവേഷണങ്ങളുടെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ്‌ ഡോ. ഹരിദാസ്‌. ഭക്ഷണസാധനങ്ങൾ തയാറാക്കാൻ വെളിച്ചെണ്ണ ഉപയോഗിക്കുമ്പോൾ അതിന്‌ എത്രത്തോളം ഹൃദ്‌രോഗ സാധ്യത ഉണ്ട്‌ എന്നതായിരുന്നു ഗവേഷണം. സൂര്യകാന്തി എണ്ണയുമായി താരതമ്യം ചെയ്തായിരുന്നു പഠനം നടത്തിയത്‌. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഹൃദ്‌ രോഗികളെ തന്നെയാണ്‌ പഠനവിധേയമാക്കിയത്‌. വെളിച്ചെണ്ണയും ഹൃദ്‌രോഗവുമായി ഒരു ബന്ധവുമില്ല എന്നതായിരുന്നു പഠനഫലം. പക്ഷെ 2012ൽ ഗവേഷണം പൂർത്തിയാകുന്നതിനും മുമ്പെ ഡോ.ഹരിദാസ്‌ ദിവംഗതനായി. ലോകത്തിൽ ആദ്യമായിട്ടാണ്‌ വെളിച്ചെണ്ണയെ കുറിച്ച്‌ ഇത്തരത്തിൽ ഒരു ഗവേഷണം നടന്നത്‌.
കർണാടകത്തിലെ മികച്ച നാളികേര കർഷകനായ വിജയകുമാറിന്‌ സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ കൃഷി ഒരു അഭിനിവേശമായിരുന്നു. 1961 ൽ മൈസൂർ സർവകലാശാലയിൽ നിന്ന്‌ ബോട്ടണിയിൽ ബിരുദം നേടി. അതിനു മുമ്പെ തന്നെ അദ്ദേഹം നാളികേര കൃഷി ആരംഭിച്ചിരുന്നു. ടി ഇന്റു ഡി, തിപ്ത്തൂർ ടോൾ, വെസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്നീ ഇനങ്ങളാണ്‌ വിജയകുമാർ കൂടുതലായി കൃഷി ചെയ്ത തെങ്ങിനങ്ങൾ. തെങ്ങിൻ തോപ്പിൽ തണ്ണിമത്തൻ കൃഷി ചെയ്യുകയായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വിനോദം. കൂടാതെ മുന്തിരി കൃഷിയും ആരംഭിച്ചു. ഡോ.പ്രേംനാഥ്‌, ഡോ.ഒപി ദത്ത്‌ എന്നീ ശാസ്ത്രജ്ഞരായിരുന്നു മുഖ്യ ഉപദേഷ്ടാക്കൾ. 
ഹരിതവിപ്ലവത്തിന്റെ ഭാഗമായി ഫിലിപ്പീൻസിൽ നിന്ന്‌ പുതിയ ഇനം നെൽവിത്തിനങ്ങൾ കൊണ്ടു വന്നപ്പോൾ രാജ്യത്ത്‌ ആദ്യമായി ഐ.ആർ - 8 എന്ന അത്യുത്പാദന ശേഷിയുള്ള നെല്ല്‌ കൃഷി ചെയ്ത കർഷകനാണ്‌ വിജയകുമാർ. കൂടാതെ വഴുതിന, മെയ്സ്‌, ക്യാപ്സിക്കം, നിലക്കടല എന്നിവയുടെയും സങ്കര ഇനങ്ങൾ അദ്ദേഹം പരീക്ഷണാർത്ഥം കൃഷി ചെയ്ത്‌ കർഷകർക്ക്‌ മാതൃക കാട്ടി. 1972 ൽ അദ്ദേഹത്തെ ഒരു വർഷത്തെ കൃഷി പഠന പരീക്ഷണങ്ങൾക്കായി ഗവണ്‍മന്റ്‌ ഓഫ്‌ ഇന്ത്യയുടെ വിജ്ഞാനവ്യാപന വിഭാഗം അമേരിക്കയിലേയ്ക്ക്‌ അയച്ചു. 1974-ൽ ന്യൂഡൽഹിയിൽ നടന്ന പ്രഥമ കാർഷിക മേളയിൽ അദ്ദേഹത്തെ ഫാർമർ പ്രോഫസർ എന്ന പേരിൽ ആദരിച്ചു. ബാംഗളൂർ കാർഷിക സർവകലാശാലയുടെ നെൽ കൃഷിക്കായുള്ള പാനൽ അംഗമാണ്‌.
രാമനഗരത്തിൽ ഇരുപത്‌ ഏക്കർ നാളികേര കൃഷിയുള്ള വിജയകുമാർ തോട്ടത്തിലെ നാളികേരം സംസ്കരിച്ച്‌ ഡസിക്കേറ്റഡ്‌ കോക്കനട്‌ ഉത്പാദിപ്പിക്കുന്നു. കൂടാതെ ചകരിനാര്‌, കൊയർ പിത്ത്‌, ചിരട്ടക്കരി എന്നിവ ഉത്പാദിപ്പിക്കുന്ന യൂണിറ്റുകളും ഇതോടനുബന്ധിച്ച്‌ പ്രവർത്തിക്കുന്നു. രാജ്യത്തെ 60 ശതമാനം ഡസിക്കേറ്റഡ്‌ കോക്കനട്ടും ഉത്പാദിപ്പിക്കുന്നത്‌ കർണാടകത്തിലാണ്‌. ഇതിന്റെ ഉത്പാദക അസോസിയേഷന്റെ നിർവാഹക സമിതി അംഗമാണ്‌ വിജയകുമാർ. കർണാടക കൊയർ ഉത്പാദക അസോസിയേഷൻ ഉപദേശക സമിതി അംഗവുമാണ്‌. 
1997 ൽ ബാംഗളൂർ താലൂക്കിലെ കൊളുരുവിൽ അദ്ദേഹം ഭാഗ്യലക്ഷ്മി ഫാംസ്‌ എന്ന പേരിൽ 3000 നാളികേര വൃക്ഷങ്ങളുള്ള ഒരു കൃഷിയിടം ഉണ്ടാക്കി. ഇവിടെ നിന്നുള്ള നാളികേരത്തിൽ ഭൂരിഭാഗവും കരിയ്ക്കായി വിളവെടുത്ത്‌ ബാംഗളൂർ നഗരത്തിൽ വിൽപനയ്ക്ക്‌ നൽകുന്നു. നാളികേരത്തിനൊപ്പം 3000 മാവ്‌, 1000 സപ്പോട്ട, കാപ്പി, ലിച്ചി, റംബുട്ടാൻ തുടങ്ങിയവ ഇടവിളയായും നട്ടു വളർത്തി. മരുമകൻ നാഗരാജിന്റേതാണ്‌ ഇപ്പോൾ ഈ ഫാം. നാളികേര വികസന ബോർഡ്‌, ബാഗൽകോട്ട്‌ കാർഷിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളുടെ പുരസ്കാരങ്ങൾക്ക്‌ ഈ കൃഷിയിടം അർഹമായിട്ടുണ്ട്‌. ഒരു തെങ്ങിൽ നിന്ന്‌ വർഷം ശരാശരി 250 നാളികേരമാണ്‌ വിളവ്‌. നാളികേര വികസന ബോർഡ്‌, വിവിധ കാർഷിക സർവകലാശാലകൾ എന്നിവയുടെ വിവധി സമിതികളിൽ ഇദ്ദേഹം അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്‌.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...