നാളികേര സാങ്കേതിക വിദ്യ കൈമാറ്റത്തിന്‌ ഇന്ത്യ തയ്യാർ


സഞ്ജീവ്‌ ചോപ്ര ഐഎഎസ്‌

എപിസിസി അധ്യക്ഷൻ എന്ന നിലയിൽ ലോക നാളികേര സമൂഹത്തെ ഇന്ത്യയിൽ കൊച്ചിയിൽ നടക്കുന്ന ഈ സമ്മേളനത്തിലേയ്ക്ക്‌ എല്ലാവരെയും സ്വാഗതം ചെയ്യാൻ എനിക്ക്‌ സന്തോഷമുണ്ട്‌. ഇന്ത്യയിൽ നടക്കുന്ന എപിസിസിയുടെ ഈ 51-​‍ാമത്‌ മന്ത്രിതല സമ്മേളനത്തിൽ പങ്കെടുക്കുവാൻ നിങ്ങൾ എല്ലാവരും വന്നു ചേർന്നതിൽ ഞാൻ നന്ദിപറയുന്നു. ഈ സമ്മേളനം ഇന്ത്യയിൽ നടത്തുവാൻ സാധിച്ചതു വലിയ ബഹുമതിയായി ഞാൻ കരുതുന്നു. വിവിധ നാളികേര ഉത്പാദക രാജ്യങ്ങളെ പ്രതിനിധീകരിച്ച്‌ ഈ സമ്മേളനത്തിന്‌ എത്തിയിരിക്കുന്ന വിശിഷ്ഠ വ്യക്തികളുടെ സാന്നിധ്യം തന്നെ ഇവിടുത്തെ കർഷകരുടെയും ഈ രാജ്യത്തിന്റെയും പുരോഗതിക്ക്‌ നാളികേരം എത്രത്തോളം പ്രധാനപ്പെട്ട ഉത്പ്പന്നമാണ്‌ എന്നതിന്റെ സൊ‍ാചനയായി ഞാൻ കണക്കാക്കുന്നു.
നാളികേര മേഖല നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും, പുരോഗതി വിലയിരുത്തുന്നതിനും നയപരമായ നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനുമായി എല്ലാ വർഷവും എപിസിസി സമ്മേളിക്കാറുണ്ട്‌. നാളികേര മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരിക, ഉന്നത തല നയതീരുമാനങ്ങൾ സ്വീകരിക്കുക എന്നിവ അനിവാര്യമാണ്‌. അതിനാൽ ഒരു വിശേഷാൽ മന്ത്രിതല യോഗം കൂടി ഈ സമ്മേളനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. എപിസിസിയിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളെയും ഈ സമ്മേളനത്തിലേയ്ക്ക്‌  ക്ഷണിച്ചിട്ടുണ്ട്‌. അതിലൂടെ ലോക നാളികേര മേഖലയെകുറിച്ച്‌ അവർക്കും മനസിലാക്കാൻ അവസരം ലഭിക്കും. ലോകനാളികേര രാജ്യങ്ങളുടെ ഇന്ത്യയിലെ സ്ഥാനപതികളോടും ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്‌. കാരണം തുടർന്നുള്ള ആശയവിനിമയം അവർ വഴി നടത്തുക എളുപ്പമാകും.
ഐക്യരാഷ്ട്രസഭയുടെ ഏഷ്യൻ പസഫിക്‌ സാമൂഹിക സാമ്പത്തിക കമ്മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ്‌ എപിസിസി. അതിനാൽ ഇതിന്റെ ധനശേഖരണത്തിനായി ഞങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ യുഎൻ പ്രതിനിധികളെയും അന്താരാഷ്ട്ര പ്രതിനിധികളെയും ഈ സമ്മേളനത്തിനു ക്ഷണിച്ചിട്ടുണ്ട്‌. ഇത്തരം നല്ല കാര്യങ്ങൾക്ക്‌ ആവശ്യമായ പണം കണ്ടെത്തുക വിഷമമുള്ള കാര്യമല്ല എന്ന്‌ ഞങ്ങൾക്ക്‌ അറിയാം. പക്ഷെ അതിന്‌ നല്ല ഒരു കാരണം വേണം. ആ തുക കൃത്യമായി വിനിയോഗിക്കുകയും വേണം. നാളികേരം നമ്മുടെ രാജ്യത്തെ നല്ല വിഭാഗം ജനങ്ങളുടെ ജീവിത മാർഗ്ഗമാണെന്നും, മറ്റു പല രാജ്യങ്ങൾക്കും സാമ്പത്തികമായി പ്രാധാന്യമുള്ള വിളയാണെന്നും ജനങ്ങൾക്കു ബോധ്യപ്പെടണം എന്നു നാം ആഗ്രഹിക്കുന്നു. അതിനാൽ ഈ രാജ്യങ്ങളിലെ നാളികേര കർഷകർക്ക്‌ സഹായം ആവശ്യമുണ്ട്‌. 
വർഷങ്ങളായി ഒരു നിശിചിത പരിധിക്കുള്ളിൽ നിന്നുകൊണ്ടാണ്‌ എപിസിസി പ്രവർത്തിച്ചിരുന്നത്‌. നാളികേരം വളരെയധികം ഉപയോഗമുള്ള വിളയാണെന്നും അതിൽ നിന്നുള്ള ഉത്പ്പന്നങ്ങൾ ആരോഗ്യ മേഖലയിൽ അത്യധികം പ്രയോജനകരമാണെന്നും, വിവിധ രാജ്യങ്ങളിലെ 20 ദശലക്ഷം വരുന്ന ചെറുകിട പരിമിത നാളികേര കർഷകരുടെ പ്രതിനിധികളാണ്‌ എപിസിസി എന്നു ലോകം അറിയണമെന്നും നാം ആഗ്രഹിക്കുന്നു. പല അംഗരാജ്യങ്ങളിലും നാളികേരം ജനങ്ങളുടെ ഒരേയൊരു ജീവിതോപാധിയുമാണ്‌. 
നമുക്ക്‌ പരസ്പരം അറിവ്‌ പങ്കുവയ്ക്കാം. പല രാജ്യങ്ങൾക്കും ധാരാളം വിജയ കഥകൾ പറയാനുണ്ട്‌. അത്‌ അവർ പങ്കു വയ്ക്കണം. ഞാൻ ഇന്ത്യയിൽ നിന്നാണ്‌. അതുകൊണ്ട്‌ ഇന്ത്യയിൽ നാളികേര വികസന ബോർഡിന്റെ നേതൃത്വത്തിൽ വിജയകരമായി നടപ്പാക്കി വരുന്ന ചില വികസന നടപടികളെ കുറിച്ച്‌ ഞാൻ ഒന്നു സൂചിപ്പിച്ചുകൊള്ളട്ടെ:
1. നാളികേര കൃഷിയിൽ ഉത്പാദന വർധനവിനായി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്ന മാതൃകാ കൃഷിയിടങ്ങൾ. 
2. കേരളത്തിലെ നാളികേര തോട്ടങ്ങളിൽ അനുവർത്തിച്ചു വരുന്ന തെങ്ങുകൃഷി പുനരുദ്ധാരണ പദ്ധതി. പ്രായം കൂടി, ഉത്പാദനം കുറഞ്ഞ, രോഗബാധിതമായ നാളികേര വൃക്ഷങ്ങൾ വെട്ടിനീക്കി ഗുണമേന്മയുള്ള പുതിയ തൈകൾ ശാസ്ത്രീയമായി നട്ടു പരിപാലിക്കുന്നു.
3. നാളികേര മേഖലയിൽ തൃത്താല കർഷക കൂട്ടായ്മയുടെ രൂപീകരണം. ഈ കൂട്ടായ്മകൾ വഴി കൃഷി വികസന പദ്ധതികൾക്കും നാളികേരത്തിന്റെ മൂല്യവർധനവിനും സഹായം. 
4. നാളികേര സംസ്കരണ മേഖലയിൽ സംരംഭകരെ സഹായിക്കാൻ നാളികേര ടെക്നോളജി മിഷന്റെ കീഴിൽ പുതിയ സാങ്കേതിക വിദ്യകൾ തേടി പങ്കാളിത്ത ഗവേഷണം 
5.ചുഴലികൊടുംകാറ്റ്‌ പോലുള്ള പ്രകൃതി ദുരന്തങ്ങൾ സംഭവിക്കുമ്പോൾ നാളികേര മേഖലയ്ക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ പരിഹരിക്കാൻ വിള ഇൻഷുറൻസ്‌. വിളവെടുപ്പിനിടെ സംഭവിക്കാവുന്ന അത്യാഹിതങ്ങളിൽ നിന്ന്‌ തെങ്ങു കയറ്റക്കാർക്കും വിളവെടുപ്പുകാർക്കും സാമ്പത്തിക സഹായം ലഭിക്കുന്നതിന്‌ ഇൻഷുറൻസ്‌ പദ്ധി. 6.തെങ്ങുകയറ്റം, നിര ടാപ്പിങ്‌, സംസ്കരണം തുടങ്ങിയ മേഖലകളിൽ തൊഴിൽ രഹിതരായ ചെറുപ്പക്കാർക്ക്‌ വിദഗ്ധ പരിശീലന പദ്ധതി.
ഇത്തരം ധാരാളം വിജയ കഥകൾ ഓരോ നാളികേര ഉത്പാദക രാജ്യത്തിനും പറയാനുണ്ടാവും. മാത്രവുമല്ല അനുയോജ്യമെന്നു കണ്ടാൽ മറ്റു രാജ്യങ്ങൾക്ക്‌ ആവശ്യാനുസൃതമായ ഭേദഗതികളോടെ ഇവ അനുകരിക്കാവുന്നതുമാണ്‌. ഇവിടെയാണ്‌ നയരൂപീകരണ വിദഗ്ധരുടെ പങ്ക്‌ നിർണായകമാകുന്നത്‌. ഗവേഷണം വളരെ പ്രധാനപ്പെട്ടതാണ്‌. പക്ഷെ, ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ നാളികേര കർഷകരിൽ എത്തണം എന്നു മാത്രം. കുറെ കൂടി വ്യാപകമായ തോതിൽ പരീക്ഷണശാലയിൽ നിന്ന്‌ പാടത്തേയ്ക്ക്‌ നാം ഇറങ്ങണം. 
ഇപ്പോഴത്തെ ശക്തമായ നേതൃത്വത്തിൻ കീഴിൽ എപിസിസി നാളികേര കർഷകരുടെ സമീപത്തേയ്ക്ക്‌ കുറെക്കൂടി അടുക്കുമെന്ന്‌ നമുക്ക്‌ പ്രത്യാശിക്കാം. നാളികേര വികസന ബോർഡിന്റെ വിജയകരമായ പുതിയ സംരംഭങ്ങൾ നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന ഏതു രാജ്യത്തിനും അതിന്റെ സാങ്കേതിക വിദ്യ പങ്കുവയ്ക്കുന്നതിനും അതിനുള്ള പൈന്തുണ നൽകുന്നതിനും ഇന്ത്യ സന്നദ്ധമാണ്‌ എന്നു കൂടി ഈ അവസരത്തിൽ അറിയിക്കുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ