ദയ പച്ചാളം
(സുഹൃത്ത് രമാകാന്തൻ മകൾ മിന്നുവിനായ്)
ഊത്തിലൂടൊരു കുഞ്ഞു
കുഴലിൽനിന്നുമെല്ലെ
ഉതിർത്തു കുമിളകൾ
സോപ്പുലായനിമേലേ
തൊടിയിൽ മാവിൻചോട്ടിൽ
അച്ഛനും മകളുമായ്
തെറ്റാതെപറപ്പിച്ചു
നിർമ്മലംനീർപ്പോളകൾ
കുമിഴുകയായ് വീണ്ടും
പൊങ്ങിയും താഴ്‌ന്നുംപയ്യെ
കുട്ടികൈവീശി, തുള്ളി-
ക്കളിച്ചു രസമോടെ
ഒന്നുമാത്രമുയർന്നു
പിടിതരാതെനീണ്ടു!
വന്നിളംതെന്നൽ മൂളി-
ക്കൊണ്ടുപോയ് ബുദ്ബുദങ്ങൾ
വീണുടൻ മാവിലയിൽ
തകർന്നു; നിരാശയായ്!
വായുഗതിവിഗതി
ക്ഷണികം സ്വാഭാവികം
വാസമീയുലകിതിൽ
പോളകളിത്രമാത്രം.
ഏഴുനിറങ്ങൾമിന്നും
ആലോലമാടിത്തെന്നും
ഏതേനും നിമിഷങ്ങൾ
കാണുവാനാനന്ദിപ്പാൻ,
'തൊട്ടുതലോടീടാനും
ഒന്നുതാലോലിക്കാനും
തരമില്ലല്ലോമോളെ
പോളഗോളങ്ങളേതും...
അന്തരമില്ല; നാമും
നീർപ്പോളചലനവും
അനന്തരമന്ത്യത്തിൽ
അന്തരീക്ഷത്തിൽ ശൂന്യം!
്നമ്മളും വർണ്ണങ്ങളും
ഭാവനാലോകങ്ങളും
നന്മകൾ വിടർത്തണം
ഉള്ളനാളെമ്പാടുമായ്!
ഞാനെന്നഭാവമേറും
നാശകവാഴ്ചമുറ്റും
ഞാലുകായാണുചുറ്റും
ഖഡ്ഗങ്ങൾ തലയ്ക്കുമേൽ.
കുരുടായ് മുന്നേറൊല്ല
ഈവിധമൊരിക്കലും
കുമിഴികളല്ലൊനാം
ജീവിതംസ്മരിക്കിലും...'