എം.തോമസ്മാത്യു
ദേശാഭിമാനവും ദേശഭക്തിയും ഏതു ജനതയുടെയും മനോഘടനയുടെ ഭാഗമായിരിക്കും, ഭാഗമായിരിക്കുകയും വേണം. അനേകകാലം അടിമത്തത്തിൽ അകപ്പെട്ടിരുന്ന ജനതയുടെ ഉയിർത്തെഴുന്നേൽപുതന്നെ പൗരാണിക പാരമ്പര്യത്തിലുള്ള വിശ്വാസത്തെയും അഭിമാനത്തെയും ഉത്തേജിപ്പിച്ചു കൊണ്ടാണല്ലോ. "പൗരാണികത്വമെൻ പൈതൃക സ്വത്തല്ലേ..." എന്ന് നമ്മുടെ ദേശീയ കവി പാടിയത് ഓർമ്മയില്ലേ? സാരേ ജംഹസച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ... എന്ന ഇക്ബാൽ ഗീതം ഇന്നും ഒരുതരം ലഹരിയോടു കൂടിയാണ് നമ്മൾ കേൾക്കുന്നത്. ഇതെല്ലാം ശരി തന്നെ; നല്ലതുമാണ്.
എന്നാൽ, പൈതൃകത്തിലെ അട്ടിപ്പേറുകളെല്ലാം പവിത്രവും ദൈവീകവുമാണ്, അതിൽ ഒന്നിന്റെയെങ്കിലും നേരെ വിമർശനബുദ്ധിയോടെ നോക്കുന്നത് ദേശവിരുദ്ധമാണ്, അങ്ങനെ ചെയ്യുന്നവനെ കാച്ചിക്കളയണം, ജീവിക്കാൻ വിടരുത് എന്ന മനോഭാവം ആപത്തുണ്ടാക്കുന്നതാണ്. ദേശാഭിമാനത്തെയും വർഗ്ഗാഭിമാനത്തെയും മൂലധനമാക്കിക്കൊണ്ടാണ് ഫാസിസം കുറെക്കാലത്തേക്കെങ്കിലും വിജയം ആഘോഷിച്ചതു. ദേശീയ ബോധത്തിന് ഫാസിസത്തിലേക്ക് ഒരു ചായ്‌വ് ഉണ്ടാകാൻ എളുപ്പമാണ്. അത് പരിധിവിട്ടാൽ വിനാശകരവും ഹിംസാത്മകവും ആയിത്തീരും. രണ്ടു തരത്തിലാണ് ഇത് പ്രവർത്തിക്കുക. നമ്മുടേതായ എന്തും, പണ്ടത്തേക്ക് വിശേഷിച്ചും, മറ്റാരുടേതിനേക്കാളും ശ്രേഷ്ഠമാണ് എന്ന വിചാരം കരുത്ത് ഇളക്കാൻ സാധ്യമല്ലാത്തതുപോലെ ഉറയ്ക്കും. തിരുത്തലും പരിഷ്ക്കരിക്കലും വേണ്ടതായി പലതും ഉണ്ടെന്നെങ്ങാനും ആരെങ്കിലും പറഞ്ഞാൽ അവരെ ഉന്മൂലനം ചെയ്തേ അടങ്ങൂ എന്ന വാശി വിസ്ഫോടക ശക്തിയോടെ പ്രവർത്തിക്കാൻ തുടങ്ങും. ഇതിനോടൊപ്പം വരുന്ന മറ്റൊന്ന് അന്യസംസ്കൃതികളെയെല്ലാം പുച്ഛത്തോടും അസഹിഷ്ണുതയോടും നോക്കാനുള്ള പ്രവണതയാണ്. മൊത്തത്തിൽ വിമർശന ബുദ്ധിയെ പ്രതിരോധിക്കുക എന്നതാണ് ഫലം.
നിർഭാഗ്യവശാൽ, ഈ പ്രവണതകൾ നമ്മുടെ രാജ്യത്ത് പ്രബലപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ ഹൃദയച്ചുരുക്കം കൊണ്ട് ലാഭമുണ്ടാക്കാൻ കഴിയുമെന്ന് അധികാരക്കമ്പോളത്തിലെ ഹുണ്ടികക്കാർ മനസ്സിലാക്കിയതോടെ കളി ഏറെ വഷളായിത്തീർന്നിരിക്കുന്നു. പണ്ട് നമുക്കില്ലാത്ത എന്തുണ്ട് പുതിയ ലോകത്തിൽ എന്ന് ശാസ്ത്രജ്ഞന്മാർ പോലും ചോദിക്കുന്ന അവസ്ഥ എത്രമാത്രം പരിഹാസ്യമാണ്. ഏതു ഉപദർശനത്തെയും ഏതു കണ്ടുപിടുത്തത്തെയും ഏതെങ്കിലുമൊരു സംസ്കൃതശ്ലോകത്തിൽ ആലേഖനം ചെയ്ത സത്യമായിട്ടല്ലാതെ ഇക്കൂട്ടർ കാണുന്നില്ല. ഏതുതരം വിമാനവും നിർമ്മിച്ചു പറപ്പിക്കാവുന്ന സാങ്കേതിക വിദ്യ ഭാരതത്തിൽ പണ്ടേ വശമായിരുന്നു, അത് ഉപയോഗിച്ച് വിമാനങ്ങൾ നമ്മൾ പറത്തിയിരുന്നു എന്ന് ഏതോ ചില ശ്ലോകങ്ങളുടെ ബലത്തിൽ അവകാശപ്പെടാൻ ചിലർ ശ്രമിച്ചതു അടുത്ത നാളുകളിൽ നാം കണ്ടല്ലോ. ആ പഴയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു വിമാനം ഉണ്ടാക്കി കാണിച്ചിട്ടാകേണ്ടിയിരുന്നു ഈ അവകാശവാദം എന്ന പ്രാഥമിക ചിന്തപോലും ശാസ്ത്രജ്ഞന്മാർ എന്ന് വിളിക്കപ്പെടുന്ന ഈ വിദ്വാന്മാർക്ക് ഉണ്ടായില്ല. നവീനശാസ്ത്രത്തിന്റെ ഏത് കണ്ടെത്തലിന്റെയും മുമ്പിലേക്ക് ശ്ലോകങ്ങളുമായി എത്തുന്ന രീതി കുറെക്കാലമായി ഉണ്ട്. നാളെ എന്തെങ്കിലും കണ്ടുപിടിച്ചേക്കാവുന്ന ഒരു സത്യത്തെ ഏതെങ്കിലും സൂത്രവാക്യത്തിന്റെയോ ശ്ലോകങ്ങളുടെയോ ബലത്തിൽ മുൻകൂർ പ്രവചിക്കാനുള്ള തന്റേടം ഉണ്ടാകുംവരെ ഇത്തരം ഉദീരണങ്ങൾ പരിഹാസ്യമായിത്തന്നെ കണക്കാക്കപ്പെടും.
പക്ഷേ, ഈ തമാശകളിൽ നിൽക്കുന്നില്ല കാര്യങ്ങൾ. ഇന്നലത്തെ എന്തിനെയെങ്കിലും വിമർശനാത്മകമായി സമീപിക്കാൻ തുനിയുന്നവരുടെ നേരെ ചാടി വീഴാൻ ഒരുങ്ങി സംഘാഹന്ത ദംഷ്ട്രങ്ങളുമായി പതുങ്ങിയിരിക്കുന്നു എന്ന സ്ഥിതി ഉണ്ടായിരിക്കുന്നു. ഇതാ, അടുത്ത ദിവസങ്ങളിൽ ആളിക്കത്തിയ ഹിംസാത്മകത ഒരു നോവലിസ്റ്റിനെക്കൊണ്ട് ഇനി താൻ യാതൊന്നും എഴുതുകയില്ല എന്ന് പ്രതിജ്ഞയെടുപ്പിക്കുന്ന നിലയിൽ എത്തുകയുണ്ടായി. മതവികാരവും ഒപ്പം ദേശവികാരവും വ്രണപ്പെടാൻ ഒരുങ്ങി നിൽക്കുകയാണ്. ഇന്ത്യയിലെ ഏതോ ഒരു ഉൾനാടൻ ഗ്രാമത്തിലെ ആചാരവിശേഷങ്ങളിൽ ചിലതിന് ആധുനിക ധർമ്മപത്തീ സങ്കൽപത്തോടു പൊരുത്തമില്ല എന്നേ ആ നോവലിസ്റ്റു സൂചിപ്പിക്കുന്നുള്ളൂ. മണ്ണാപ്പേടിയും പുലപ്പേടിയും ഒരു കാലത്ത് കേരളത്തിൽ ഉണ്ടായിരുന്നു എന്ന് ചരിത്രമാണ് പറഞ്ഞത്; പരശുരാമക്ഷേത്രത്തിലെ പാതിവൃത്യ സങ്കൽപത്തിന്റെ സ്വരൂപം വരച്ചതു മതനിഷ്ഠയുടെ പരികർമ്മികൾ തന്നെയാണ്. മനുഷ്യനെ കൊല്ലാനും ദേവാലയങ്ങൾ പൊളിക്കാനും സാഹിത്യം നിരോധിക്കാനും എടുത്തു പിടിക്കുന്ന ആയുധങ്ങൾ സംസ്കാരത്തിന്റെയും വിശുദ്ധമായ മതചിന്തയുടെയും ചിഹ്നങ്ങൾ വഹിക്കുന്നത് ആപത്തു തന്നെയാണ്.
ഈ വികാരങ്ങൾ രാഷ്ട്രീയ നേതാക്കൾക്കുള്ള പരിരക്ഷ കൂടി ആകണമെന്ന് ചിലർ ആഗ്രഹിച്ചു തുടങ്ങിയിട്ടുണ്ട്. മഹാത്മാഗാന്ധി വിമർശനത്തിന് അതീതനായിരിക്കണമെന്ന് ഗാന്ധിഭക്തന്മാർക്കു തോന്നാം; തോന്നിയിട്ടുണ്ട്. നെഹ്‌റു കുടുംബത്തിൽ ആരും വിമർശിക്കപ്പെടരുതെന്നാണ് ഒരു വിഭാഗത്തിന്റെ ശാഠ്യം. അമൃതാപ്രീതത്തിന്റെ ഒരു കൃതിയിൽ ഇന്ദിരാഗാന്ധിയെക്കുറിച്ച് കാണുന്ന ഒരു പരാമർശം അവരുടെ ഭക്തന്മാർക്ക് പ്രീതികരമല്ല അതുകൊണ്ട് അത് തിരസ്കരിക്കപ്പെടണം എന്ന് സാഹിത്യ അക്കാദമിയിൽ സമ്മർദ്ദമുണ്ടായി. സോണിയാഗാന്ധിയെക്കുറിച്ചാണെന്നു സംശയിക്കപ്പെടുന്ന ഒരു ഗ്രന്ഥം ഇന്ത്യയിൽ വിൽക്കപ്പെടുന്നതിനെക്കുറിച്ചു
സന്നി മൂർച്ഛിച്ച സംഘാഹന്ത (collective ego)പേപ്പട്ടിയെക്കാൾ ഭയപ്പെടേണ്ട വസ്തുവാണ്. വിശ്വാസത്തിന്റെയും ദേശീയതയുടെയും രാഷ്ട്രീയത്തിന്റെയും വേഷമണിഞ്ഞ് അതു പ്രത്യക്ഷപ്പെടുന്നു. പഠനത്തെയും വിശകലനത്തെയും വിലയിരുത്തലിനെയും അത് ഭയപ്പെടുന്നു. ഭ്രാന്തമായ ശക്തി പ്രയോഗിച്ച് അവയെ അടിച്ചമർത്താൻ അത് ശ്രമിക്കുന്നു. പക്ഷേ, മനുഷ്യന്റെ ചിന്തയേയും അന്വേഷണത്തെയും തടയാൻ യാതൊരു ആസുരശക്തിക്കും കഴിയുകയില്ല എന്ന സത്യം അവർ അറിയുന്നില്ല. സത്യത്തിന്റെ ആവിഷ്ക്കാരം കൊള്ളൽ കൊട്ടുംകുരവയുമായിട്ടല്ല സംഭവിച്ചിട്ടുള്ളത്. തീക്ഷ്ണമായ എതിർപ്പുകളെയും ഭീഷണിയേയും അതിജീവിച്ചാണ് സത്യം പ്രകാശം കണ്ടത്. ആ അന്വേഷണം അവിരാമമായി നടക്കണം. അഭിമാനം അഹങ്കാരമല്ല എന്ന് അറിയാനുള്ള വിവേകം സഹിഷ്ണുതയ്ക്ക് വഴി തെളിക്കും. സംസ്കാരത്തിന്റെ വഴി അതാണെന്ന് അറിയുന്നതാണ് എല്ലാവർക്കും നല്ലത്.