കല്ലടുപ്പ്‌
സക്കീർഹുസൈൻ
കണ്ണീർ
കാച്ചിയൂതിയ
ഒരടുപ്പുണ്ടായിരുന്നു
അതിന്റെ കല്ലടരുകൾക്ക്‌
കാലം കേൾക്കാതെ പോയ
പിടച്ചിലുണ്ടായിരുന്നു
സഹനം കൊണ്ട വിറകുകൊള്ളികൾ
നീറി, നീറി
തേങ്ങുന്നുണ്ടായിരുന്നു
കപ്പയും, കറിയും
ഓർമ്മയിൽ മധുരിക്കുന്നുണ്ടായിരുന്നു
ഉടഞ്ഞുപോയ മൺചട്ടിയിലെ
മത്സ്യക്കുഞ്ഞിനെ തേടി
കടലിലെ ഒരമ്മ
വിരുന്നു വന്നിരുന്നു
ഇല്ലാത്ത അന്നത്തെ
വേവിച്ച്‌,വേവിച്ച്‌
എത്ര കുരുന്നുകൾ ഉറക്കത്തിലേക്ക്‌
വഴുതിയിട്ടുണ്ടാകും?
ചവർപ്പൻ യാഥാർത്ഥ്യങ്ങൾ
കണ്ടു മടുത്ത എത്ര കൂരകൾ
ഉറക്കത്തിലേക്കു ചെരിഞ്ഞുപോയിക്കാണും?
അപ്പോഴും,
കാരുണ്യത്തിൻ ഹൃദയം പിളർത്തി
കുരു നെൽക്കതിർ പിന്നെയും
ഉതിർന്നുകൊണ്ടിരുന്നു

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ