22 Apr 2015

മാലാഖ







ഇന്ദിരാബാലൻ

അനിയതമായി ഒഴുകുന്ന
വെണ്മേഘശകലങ്ങളിൽ നിന്നും
തൂവലിനേക്കാൾ മൃദുത്വമേറിയ
ചിറകുകൾ വീശി ഭൂമിയുടെ
അജ്ഞാത താഴ്‌വാരത്തിലേക്ക്‌
പറന്നിറങ്ങിയ നീ ആരായിരുന്നു?
മുന്നിലെ വെള്ളക്കടലാസിന്റെ
ഘനീഭവിച്ച ശൂന്യതയിൽ
വറ്റിവരണ്ട മനസ്സുമായി
ഞാനിരിക്കുമ്പോൾ, കൊക്കിൽ നിറയെ
അക്ഷര മണികളുമായി നീയെത്തിയില്ലേ?
എന്റെ മുന്നിലെ താളുകളിൽ
ചിന്തയുടെ ഉതിർമണികൾ നീ വിതറി................
വികാരങ്ങളുടേയും, വിചാരങ്ങളുടേയും
പുഴ പതഞ്ഞൊഴുകിയപ്പോൾ
ഭൂമിയുടെ കാണാമറയത്തു നിന്ന്‌
നോക്കിയൂറിച്ചിരിച്ചതും നീയായിരുന്നില്ലേ?
നിന്റെ ചിരി അർത്ഥങ്ങളുടെ കടലായിരുന്നു.......................
ഏതു വിശേഷണമാണ്‌
ഞാനാ ചിരിക്കു നൽകേണ്ടത്‌?
അലങ്കാരങ്ങളും, രൂപകങ്ങളും
കാലത്തിന്റെ ചുഴിക്കുള്ളിൽ
കുടുങ്ങിയിരിക്കുന്നു:
ഇവിടെ വർത്തമാനത്തിന്റെ
വക്രിച്ച മുഖങ്ങൾ മാത്രം
സ്നേഹരാഹിത്യത്തിന്റെ
കയ്‌പ്പേറിയ പൊള്ളുന്ന ഭാവങ്ങൾ മാത്രം......
മഴവില്ലിന്റെ അഴകു വിരിയുന്ന
ദീപ്ത സ്വപ്‌നങ്ങൾ മാഞ്ഞിരിക്കുന്നു..!
മഞ്ഞുപുതപ്പണിഞ്ഞ
പ്രഭാതത്തിന്റെ കൈവരികളിൽ
നീ വന്നിറങ്ങുമ്പോൾ
നിന്റെ നീലക്കണ്ണുകളിൽ
കവിതയിലെ നനാർത്ഥങ്ങളുടെ
താമരയിതളുകൾ വിരിയുന്നത്‌
ഞാൻ കണ്ടു:
നിന്റെ അസ്വസ്ഥതകളെ, അന്തഃസംഘർഷങ്ങളെ
തൂത്തെറിഞ്ഞ്‌ , നീ ആവോളം
സ്വപ്നങ്ങളിൽ മുങ്ങിക്കുളിച്ചാലും...
ഞാനിതാ മഴവില്ലു വിരിയുന്ന
സ്വപ്‌നപൂക്കൂടയുമായെത്തിയിരിക്കുന്നു.
എന്ന്‌ നീയെന്നോടു പറഞ്ഞില്ലേ?
നിന്റെ ശബ്ദത്തിൽ വസന്തങ്ങളുടെ വർണ്ണങ്ങൾ
അലിഞ്ഞുചേർന്നിരിക്കുന്നു
പൊയ്‌പോയ പ്രണയസ്മൃതികളുടെ
ഊഷ്‌മള ലോകം ,ആ ശബ്ദത്തിൽ
ഉയിർത്തെഴുന്നേറ്റു......
അതെന്നെ ഉന്മിഷിത്തമാക്കി...................
ഇലച്ചാർത്തുകളിൽ ഉരുണ്ടുകളിക്കുന്ന
സ്ഫടികമണികളിൽ പ്രതിഫലിച്ചതും
നിന്റെ രൂപം തന്നെയായിരുന്നു.
വാത്സല്യദുഗ്‌ദ്ധം ചുരത്തി

ഈ കലാപമണ്ണിന്നടരുകൾക്ക്‌
സാന്ത്വനത്തിന്റെ കുളിർവ്വലയം
അണിയിപ്പിച്ചതും നീയായിരുന്നു.
അപ്പോഴും നീ ആരെന്ന ചോദ്യം
എന്നുള്ളിൽ ഒരു മണിമുഴക്കമായി
ഒരശരീരി പോലെ ഞാനത്‌ കേട്ടു,
പ്രതിസന്ധികളുടേയും, സാന്ദ്രദുഃഖങ്ങളുടേയും
മതിൽക്കെട്ടുകൾ ഭേദിച്ച്‌
ആകാശക്കോണിൽ നിന്ന്‌ മണ്ണിലേക്ക്‌ ഇറങ്ങിവന്ന ഇവൾ
അനുഭവചൂളയിലൂടെ വിമലീകരിക്കപ്പെട്ടവൾ
രോഗാതുരതകളകറ്റി
സ്നേഹചഷകം നിറയ്ക്കുവാൻ
വന്ന മാലാഖ
അതെ, ഇവൾ മാലാഖയാണ്‌......................!

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...