22 Apr 2015

ചാഞ്ഞു പെയ്യുന്ന മഴ


ദിപുശശി തത്തപ്പിള്ളി

    യാത്ര പുറപ്പെടുമ്പോൾ വെളിച്ചം വീണിരുന്നില്ല. പക്ഷികൾ ചിലച്ചുണരുന്നതേയുള്ളൂ. ജനുവരി മാസമായതിനാൽ നല്ല തണുപ്പ്‌.
    ഏതുനിമിഷവും നിലംപൊത്തി വീണേക്കാവുന്ന വെയ്റ്റിംഗ്‌ ഷെഡ്ഡിൽ രണ്ടുമൂന്നുപേർ നിൽക്കുന്നുണ്ട്‌. ഭാഗ്യം, ആദ്യത്തെ ബസ്‌ പുറപ്പെട്ടിട്ടില്ല.
    തണുപ്പിന്റെ സൂചിമുനകൾ ശരീരത്തിലേക്ക്‌ ആഴ്‌ന്നിറങ്ങുന്നു. വെയ്റ്റിംഗ്‌ ഷെഡ്ഡിന്റെ വലതുവശത്ത്‌, ഓലകെട്ടി മറച്ച ഒരു ചെറിയ ചായക്കട കണ്ടു. അവിടെ നിന്നും ചൂടുകാപ്പി വാങ്ങി ഊതിയാറ്റി കുടിക്കുന്നതിനിടയിൽ മനസ്സിലേക്ക്‌ വീണ്ടും ആ പഴയ ചോദ്യങ്ങൾ ഇരമ്പിയെത്തി. ഇന്നലത്തെ തന്റെ ഉറക്കം കെടുത്തിയ ചോദ്യങ്ങൾ.
എന്തിനായിരിക്കും സുദീപൻ ചെല്ലാൻ പറഞ്ഞത്‌ ?എന്തായിരിക്കും അവൻ ഒരുക്കിവച്ചിരിക്കുന്ന സർപ്രൈസ്‌ ?
ഓർക്കുന്തോറും എന്റെ അതിശയം ഇരട്ടിച്ചുകൊണ്ടിരുന്നു. മാസങ്ങളോളമായി, എന്റെ ഓർമ്മ പഥങ്ങളിലെങ്ങും സുദീപന്റെ നിഴൽപോലും പതിഞ്ഞിരുന്നില്ല. സത്യത്തിൽ, ശൈഥില്യത്തിന്റെ അവസാനഘട്ടത്തിലെത്തി നിൽക്കുന്ന ഒരു സുഹൃദ്ബന്ധം മാത്രമായിക്കഴിഞ്ഞിരുന്നല്ലോ, അത്‌. ഒരു എക്സ്പെയറിംഗ്‌ റിലേഷൻ.
    എന്നിട്ടും ഞാനെന്തിന്‌, അവന്റെ വാക്കുകേട്ട്‌ ഈ വെളുപ്പാൻ കാലത്ത്‌ ഇങ്ങനെയൊരു യാത്രയ്ക്കൊരുങ്ങി എന്ന ചോദ്യം ഇപ്പോഴും എന്നെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്
നു.
    ഒരു വേള, യാത്ര വേണ്ടെന്നുവച്ച്‌ തിരിച്ചുപോയാലോ എന്നുവരെ ഞാനാലോചിക്കാതിരുന്നില്ല.
    ഇന്നലെ രാത്രിയിൽ ഉറക്കം നഷ്ടപ്പെട്ട അമർഷത്തോടെ ഫോൺ എടുക്കുമ്പോൾ, മറുവശത്ത്‌ സുദീപനായിരിക്കുമെന്ന്‌ നേരിയ ഊഹം പോലുമുണ്ടായിരുന്നില്ലല്ലോ.
    ?ഹലോ, ഉണ്ണീ, ഇതുഞ്ഞാനാ.......സുദീപൻ......സുദീപ്‌ സോമദാസൻ.......? തികച്ചും അവിചാരിതമായതിനാൽ  ഒരു നിമിഷം വാക്കുകൾ വറ്റി, ഞാൻ നിന്നു.
നാളെ നീ ഇവിടംവരെ വരണം. എന്റെ തറവാട്ടിൽ വന്നാൽ മതി. തീർച്ചയായും വന്നേ പറ്റൂ. നിന്നെ മാത്രമേ, ഞാൻ ക്ഷണിക്കുന്നുള്ളൂ. നിനക്കായി ഞാനൊരു സർപ്രൈസ്‌ ഒരുക്കിവെച്ചിരിക്കും.
    പിന്നീടെന്തെങ്കിലും ചോദിക്കാനോ, പറയാനോ കഴിയുംമുമ്പ്‌ ഫോൺ കട്ടായി. അതോ, കട്ടാക്കിയതോ ? ചിന്തകളുടെ കടിഞ്ഞാൺ നഷ്ടപ്പെട്ടു. തിരിഞ്ഞും മറിഞ്ഞും കിടന്ന്‌ നേരം വെളുപ്പിച്ചു.
    കാപ്പി കുടിച്ചുകഴിഞ്ഞപ്പോഴേയ്ക്കും മഞ്ഞിന്റെ നേർത്ത പാളികൾ ഭേദിച്ച്‌ നിരങ്ങിയെത്തിയ പഴയ ബസിൽ കയറി; ഒരൊഴിഞ്ഞ സീറ്റിൽ അരികുചേർന്നിരുന്നു.
    വണ്ടിയിൽ വളരെക്കുറച്ചാളുകൾ മാത്രം. കുളിരുപെയ്യുന്ന പ്രഭാതത്തെ തഴുകിയെത്തുന്ന തണുത്ത കാറ്റിനൊപ്പം മഞ്ഞുതുളളികളും ദേഹത്തേക്കു പാറി വീഴുന്നു.
    മഞ്ഞിൽ പാതി മറഞ്ഞ ദൂരക്കാഴ്ചകളിൽ കണ്ണും നട്ടിരിക്കുമ്പോൾ മനസ്സിൽ വീണ്ടും ആ പഴയ ചോദ്യം.
    എന്തായിരിക്കും സുദീപൻ ഒരുക്കിവെച്ചിരിക്കുന്ന സർപ്രൈസ്‌ ? നാളുകൾക്കുശേഷം തികച്ചും അപ്രതീക്ഷിതമായി സുദീപൻ വിളിച്ചതുതന്നെ എനിക്ക്‌ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.
?ആ ഷട്ടറൊന്നു താഴ്ത്തിയിടൂ, മോനെ. പിന്നിലെ സീറ്റിലിരുന്ന വൃദ്ധന്റെ സ്വരത്തിനും വല്ലാത്ത തണുപ്പ്‌.
    വണ്ടിയിൽ ആളുകൾ കൂടിത്തുടങ്ങിയിട്ടുണ്ട്‌. വെട്ടം വീണിരിക്കുന്നു. ഞാൻ ഷട്ടർ താഴ്ത്തിയിട്ടു. ഇപ്പോൾ പുറംകാഴ്ചകൾ എനിക്കന്യമായിരിക്കുന്നു. അരികിലെ കമ്പിയിൽ കൈതാങ്ങി ഞാൻ സീറ്റിൽ ചാരിയിരുന്നു. കണ്ണുകളടച്ചിരിക്കുമ്പോൾ മനസ്സിന്റെ ജാലകവിരിക്ക്‌ പിന്നിൽ സ്മരണകളുടെ മഞ്ഞുതുള്ളികൾ പൊഴിയാൻ തുടങ്ങി.
    എൻട്രൻസ്‌ പരീക്ഷയിൽ മികച്ച വിജയം നേടി, നഗരത്തിലെ പ്രശസ്തമായ എഞ്ചിനീയറിംഗ്‌ കോളേജിൽ അഡ്മിഷൻ കിട്ടുമ്പോൾ, മനസ്സ്‌, ഉല്ലാസത്തിമിർപ്പിനേക്കാളും അസ്വസ്ഥതയുടെ മുൾച്ചെടികളിലുരഞ്ഞ്‌ നീറിക്കൊണ്ടിരിക്കുകയായിരുന്നു. അപരിചിതമായ ഒരന്തരീക്ഷത്തിലെത്തിപെട്ടതിന്റെ വല്ലായ്മ.
ഹോസ്റ്റലിൽ, അടുത്തമുറികളിലുള്ളവരുമായൊക്കെ, അപരിചിതത്വത്തിന്റെ പുറന്തോടുകൾ പൊട്ടിച്ച്‌ സൗഹൃദത്തിന്റെ വിത്തുകൾ പാകി മുളപ്പിക്കാൻ തുടങ്ങിയിരുന്ന ദിവസങ്ങളിലൊന്നിൽ, ഒരു സായാഹ്നസമയത്താണ്‌ സുദീപൻ എന്റെ സഹമുറിയനായെത്തുന്നത്‌.
    ഏതോ ഫാഷൻ മാസികയിൽ കണ്ടുമറന്ന രൂപഭാവങ്ങളായിരുന്നു, അവന്‌.
    എപ്പോഴും പ്രസന്നവദനയായി, പാട്ടുപാടി, കൂട്ടുകൂടി ജീവിതം ആസ്വദിക്കാൻ മാത്രമുള്ളതാണെന്ന മട്ടിൽ ചില വേദാന്തങ്ങൾ പറഞ്ഞ്‌, കടമ്മനിട്ട സാറിന്റെ കവിതകൾ ഈണത്തിൽ ചൊല്ലി; മോശം ഭക്ഷണത്തിന്റെ പേരിൽ മെസ്‌ കോൺട്രാക്റ്ററുമായി ചില ഉരസലുകളുണ്ടാക്കി വളരെ പെട്ടെന്നുതന്നെ അവൻ ഞങ്ങൾക്കിടയിൽ ഒരു സ്റ്റാറായി തിളങ്ങി.
    പഠനത്തിനൽപ്പം പിന്നോക്കമായിരുന്ന അവനെ എക്സാമിന്റെ തലേന്ന്‌ പിടിച്ചിരുത്തി ഞാൻ പഠിപ്പിക്കുമായിരുന്നു. എന്നോടവന്‌ ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നു.
    ആരെയും ആകർഷിക്കാൻ കഴിയുന്ന ചിരിയും കണ്ണുകളും വാചകമടിയും അവനുമാത്രം സ്വന്തമായ പ്രത്യേകതകളായിരുന്നു.അവന്റെ ചിരിയുടെ ചുഴികളിലും വാചാലതയുടെ ആഴങ്ങളിലും ഊളിയിട്ടിറങ്ങാൻ സുന്ദരിമാർ കിണഞ്ഞു പരിശ്രമിച്ചുകൊണ്ടിരുന്നു.
    ആ ശ്രമത്തിനിടയിൽ അവർക്ക്‌ സ്വയം നഷ്ടപ്പെടുത്തേണ്ടി വന്നു.
    ബാദ്ധ്യതകളവശേഷിപ്പിക്കാതെ, തന്റെ കപടപ്രണയങ്ങളുടെ കഴുത്ത്‌ ഞെരിച്ച്‌, നിഗോ‍ൂഢതയുടെ നിശ്ശബ്ദതയിൽ അവൻ ലഹരി മരുന്നുകളുടെ പുകവളയങ്ങളിൽ, പൊട്ടിച്ചിരികളുടെ ഭ്രാന്തൻജൽപ്പനങ്ങൾ കോർത്തുവച്ച്‌ എനിക്കന്യനായി തുടങ്ങുകയായിരുന്നു.
    ഇതൊക്കെയും തടയിട്ടു നിർത്തുവാൻ മാത്രമുള്ള ഒരു സുദൃഢമായ ആത്മബന്ധം ഞങ്ങൾക്കിടയിലുണ്ടായിരുന്നുമില്ല.
    തെറ്റുകളിൽനിന്നും തെറ്റുകളിലേക്കുള്ള യാത്രയ്ക്കിടയിൽ അപൂർവ്വമായി മാത്രം സംഭവിക്കാറുള്ള ചില ഇടനേരങ്ങളിൽ അവൻ എനിക്ക്‌ മുമ്പിൽ ഒരു കൊച്ചുകുഞ്ഞായി മാറി, സ്വയം മറന്ന്‌ കരഞ്ഞു.
    ബിസിനസ്‌ ട്രിക്കുകളിൽ കുടുങ്ങിക്കിടന്ന്‌ വാത്സല്യത്തിനും സ്നേഹത്തിനും അപ്പുറത്ത്‌ തികച്ചും തനിക്കന്യനായി മാറിയ അച്ഛനെക്കുറിച്ചും പ്രസവത്തോടെ മരിച്ചുപോയ അമ്മയെക്കുറിച്ചും അവൻ എന്നോടുപറഞ്ഞത്‌ ആ ചെറിയ ഇടനേരങ്ങളിലായിരുന്നു.
    സ്നേഹത്തിന്റെ മുഖം മൂടി ധരിച്ച, അവൻ ?ആയ?യെന്നു വിളിച്ചിരുന്ന, അച്ഛന്റെ രഹസ്യക്കാരികളായിരുന്നു അവനെവളർത്തിയത്‌.
    പല കാലയളവുകളിൽ, വന്ന്‌ ?ആയ?യുടെ വേഷങ്ങൾ കെട്ടി കടന്നുപോയവരിലെല്ലാം സ്ത്രീയുടെ ഒരു ഭാവം മാത്രമേ അവന്‌ കാണാൻ കഴിഞ്ഞിരുന്നുളളൂ- പണത്തിനുവേണ്ടി ശരീരം ചരക്കാക്കുന്നവർ.
    സ്ത്രീ ഉപയോഗിക്കപ്പെടാൻ മാത്രമാണെന്നുള്ള തിരിച്ചറിവുകളിൽ കൗമാരം പിന്നിടും മുമ്പേ അവൻ ഉടലുത്സവങ്ങളുടെ സമതല ഭൂമികയിലേക്കു പിച്ച വെച്ചു.
    യൗവനം, സമതല ഭൂമിയാണെന്നും അതുകൊണ്ടാണ്‌ വീഴ്ചകളെക്കുറിച്ച്‌ ഭയപ്പെടാതെ, നമ്മളൊക്കെ, ആഘോഷത്തിമിർപ്പുകളിൽ ദിനരാത്രങ്ങൾ ആ ധൂർത്തയൗവ്വനഭൂമികയിൽ കഴിച്ചുകൂട്ടുന്ന തെന്നുമായിരുന്നു, അവന്റെ ഭാഷ്യം.
    ആറാം സെമസ്റ്റർ പരീക്ഷ തുടങ്ങും മുമ്പേ, അവന്റെ പപ്പ ആക്സിഡന്റിൽ പെട്ടു മരിച്ചു. അതോടെ പഠനം പാതിവഴിയിലുപേക്ഷിച്ച്‌, ബിസിനസ്‌ ലോകത്തിന്റെ മാസ്മരികതയിലേക്ക്‌ അവൻ നടന്നുകയറി. തന്റേതായൊരു സ്ഥാനം നേടിയെടുക്കാനും അവന്‌ പെട്ടെന്ന്‌ കഴിഞ്ഞു.
    ഒരിക്കൽ അവൻ നേരിട്ടുകാണാനെത്തി. ബിസിനസ്‌ നന്നായി പോകുന്നെന്നും, ഓരോ നിമിഷവും താൻ ആസ്വദിച്ചുകൊണ്ടിരിക്കുകയാണെന്നും അവൻ പറഞ്ഞു. കൂട്ടത്തിൽ, ടിഷ്യുപേപ്പർ കണക്കെ താൻ ഉപയോഗിച്ചുവലിച്ചെറിഞ്ഞ പെൺകുട്ടികളുടെ കാര്യവും പറഞ്ഞു.
    ഇതിനിടയിൽ പഠനം പൂർത്തിയാക്കി ണല്ലോരു ജോലി സമ്പാദിച്ചിരുന്നു, ഞാൻ.കല്യാണത്തിന്‌ ക്ഷണിക്കാൻ പിന്നീടൊരിക്കൽ, അവൻ എന്നെ വിളിച്ചിരുന്നു.
    വിവാഹത്തിന്‌ ഞാൻ പോയിരുന്നു. അവനും ഭാര്യയ്ക്കും മംഗളാശംസകൾ നേർന്ന്‌ തിരികെപ്പോന്നിട്ടിപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു.
പിന്നീട്‌ ഫെയ്സ്ബുക്കിലൂടെ അറിഞ്ഞു -അവനൊരു കുഞ്ഞു പിറന്നിരിക്കുന്നു. ഇടയ്ക്കെപ്പോഴോ ഉള്ള ചില ചെറിയ ചെറിയ എഫ്‌.ബി.മെസേജുകളിലേക്ക്‌ മാത്രമായി ഞങ്ങളുടെ ബന്ധം ശേഷിച്ചുകൊണ്ടിരുന്നു.
എത്രയോ നാളുകൾക്കുശേഷമായിരുന്നു, അവന്റെ ഇന്നലത്തെ വിളി.
ഏതോ കുട്ടിയുടെ ഉച്ചത്തിലുള്ള കരച്ചിൽ എന്റെ ഓർമ്മകൾക്കുമേൽ  തിരശീല വീഴ്ത്തി. സമയം ഒരുപാട്‌ കടന്നുപോയിരിക്കുന്നു. എനിക്കിറങ്ങേണ്ട സ്ഥലമായിരിക്കുന്നുവേന്ന്‌ കണ്ടക്ടർ പറഞ്ഞു.
    ബസിൽ നിന്നിറങ്ങി, ഞാൻ അടുത്തുകണ്ട ഒരു ഓട്ടോറിക്ഷക്കരുകിലെത്തി. അഡ്രസ്സ്‌ കാണിച്ചിട്ട്‌ ഓട്ടോയിൽ കയറുമ്പോൾ ഡ്രൈവർ ചോദിച്ചു. കൂടെ പഠിച്ചതാണോ?
?അതെ.?
അഞ്ചുമിനിട്ടേ വേണ്ടി വന്നുള്ളൂ.
?അതാ ആ കാണുന്നതാണ്‌ വീട്‌.?  അധികം അകലെയല്ലാത്തൊരു ആൾത്തിരക്കിലേക്കയാൾ കൈ ചൂണ്ടി.
    മനസ്സ്‌ ഉൽക്കണ്ഠയിൽ നീറാൻ തുടങ്ങി. അവൻ എന്തു സർപ്രൈസാണ്‌ ഒരുക്കിയിരിക്കുന്നത്‌?
മുറ്റത്ത്‌ ചെറിയൊരു പന്തൽ കാണാം. മകളുടെ പിറന്നാളാഘോഷമാണോ?
    പക്ഷേ എന്റെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചുപോയിരുന്നു. അവൻ എനിക്കായി ഒരുക്കിയത്‌ ഒരു വലിയ സർപ്രൈസ്‌ തന്നെയായിരുന്നു.
നിലവിളക്കിന്റേയും സാമ്പ്രാണിത്തിരിയുടേയും നിശബ്ദമായ തേങ്ങലുകൾക്കപ്പുറത്തേയ്ക്ക്‌, കോടി പുതച്ച്‌ ശാന്തനായി ഉറങ്ങുന്ന എന്റെ സുഹൃത്ത്‌ - സുദീപൻ.
ജീവിതം ആസ്വദിക്കാൻ മാത്രമാണെന്ന്‌ വീമ്പിളക്കിയിരുന്ന അവൻ മരണത്തെ സ്വയം പുണർന്നതാണെന്ന അറിവിൽ ഞാൻ വിറങ്ങലിച്ചു.
    ഹൃദയത്തെ ഞെരുക്കുന്ന ഭാരമുള്ള ശൂന്യതയായി നിരങ്ങിനീങ്ങിയ ദിവസങ്ങൾ.
    മൂന്നുനാലു ദിവസത്തെ അവധിക്കുശേഷം ജോലിത്തിരക്കുകളിലേയ്ക്ക്‌ മനസ്സിനെതളച്ചിടാൻ ശ്രമിച്ചെങ്കിലും സുദീപൻ എന്തിനു വേണ്ടി ആത്മഹത്യ ചെയ്തു എന്ന ചോദ്യമെന്നെ അകംപുറമെരിച്ചുകൊണ്ടിരുന്നു.
ചിന്തകളുടെ ഗതിമാറ്റത്തിനു വേണ്ടി ഞാൻ എന്റെ പേഴ്സണൽ ഈമെയിൽ ഓപ്പൺ ചെയ്തു. ഒരാഴ്ച്ചയായി, ഞാൻ ഈമെയിൽ ചെക്കുചെയ്തിട്ടില്ലായിരുന്നു.
    ഇൻബോക്സിൽ, സുദീപന്റെ മെയിൽ കണ്ട്‌ ഞാൻ പരിഭ്രമിച്ചു. അവൻ മരിക്കുന്നതിന്‌ തലേന്ന്‌ രാത്രി അയച്ച ലെറ്ററാണെന്നറിഞ്ഞപ്പോൾ വല്ലാത്ത ഉൾക്കിടിലത്തോടെയാണ്‌ ഞാൻ ലെറ്റർ ഓപ്പൺ ചെയ്തത്‌.
?ഉണ്ണിയ്ക്ക്‌......,
    നീയി ലെറ്റർ വായിക്കുമ്പോഴേക്കും ഞാനെന്റെ യാത്ര തുടങ്ങിക്കഴിഞ്ഞിരിക്കും. രാത്രിയിൽ വിളിച്ചു ബുദ്ധിമുട്ടിച്ചതു എനിക്ക്‌ യാത്ര പറയാൻ, നീ മാത്രമേയുള്ളൂ എന്നതുകൊണ്ടാണ്‌. നീയെന്നോട്‌ പലപ്പോഴും പറഞ്ഞിട്ടില്ലേ- ചെയ്ത തെറ്റുകൾക്കൊരു ശിക്ഷ, അതെന്നായാലും അനുഭവിച്ചേ പറ്റൂ എന്ന്‌. ശരിയാണ്‌. ഞാൻ ശിക്ഷിക്കപ്പെട്ടിരിക്കുന്നു. പക്ഷേ ഇത്ര ക്രൂരമായിരിക്കുമെന്ന്‌ ഞാൻ
കരുതുന്നില്ല.
    ധൂർത്ത യൗവ്വനത്തിന്റെ ബാക്കി പത്രമെന്നോണം ഇന്നെന്റെ സിരകളിൽ പുളച്ചുമദിക്കുന്നത്‌ എച്ച്‌.ഐ.വി വൈറസുകളാണ്‌.
    അതെ. ഞാനിന്ന്‌ ആ മഹാരോഗത്തിന്റെ ചുമട്ടുകാരനാണ്‌. കഴിഞ്ഞാഴ്ചയാണ്‌ ഞാനീക്കാര്യം അറിയുന്നത്‌. അതോടെ എന്റെ ഭാര്യ എന്നെയുപേക്ഷിച്ചുപോയി. കുറെയേറെ ശാപവചനങ്ങൾ  എനിക്കായി നീക്കിവെച്ചിട്ട്‌.
    അവൾക്കും, കുഞ്ഞിനും രോഗം പകർന്നിട്ടുണ്ടാവുമെന്നാണ്‌ ഡോക്ടർ പറഞ്ഞത്‌.
    ഒന്നുമറിയാത്ത എന്റെ കുഞ്ഞിന്റെ കാര്യമോർക്കുമ്പോൾ എന്റെ ചങ്കുപൊടിയുന്നെടാ. ഞാൻ ചെയ്ത തെറ്റുകൾക്ക്‌ ശിക്ഷയനുഭവിക്കുന്നത്‌ എന്റെ കുഞ്ഞ്‌. നാളെ അവളുടെ ഭാവി ?
    ഈ ശാപം പിടിച്ച ജ?ത്തിൽ നിന്നും ഞാൻ ഒളിച്ചോടുകയാണ്‌. ഭീരുവാണ്‌ ഞാൻ. പണംകൊണ്ട്‌ എന്തിനേയും സ്വാധീനിക്കാമെന്നഹങ്കരിച്ചിരുന്ന വിഡ്ഢി. എനിക്ക്‌ മുമ്പിൽ മറ്റൊരു വഴിയില്ല. അഥവാ ഉണ്ടെങ്കിൽ തന്നെയും ഇതെന്റെ പ്രായശ്ചിത്തമാണ്‌.
    എന്നോട്‌ ക്ഷമിക്കെടാ.
എന്റെ ഭാര്യയെയും കുഞ്ഞിനെയും ഞാൻ ദൈവത്തെ ഏൽപ്പിക്കുന്നു.
സ്നേഹത്തോടെ ....?
കണ്ണീരിന്റെ നേർത്ത പാളികൾക്കപ്പുറം കമ്പ്യൂട്ടർ സ്ക്രീനിൽ അവ്യക്തമാവുന്ന അക്ഷരങ്ങൾ. ഞാൻ എഴുന്നേറ്റു.ജാലകങ്ങൾക്കരികെ, മഴ അപ്പോഴും ചാഞ്ഞുപെയ്യുന്നുണ്ടായിരുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...