22 Apr 2015

ഈസ്റ്റ്‌ ഗോദാവരിയിലെ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകൾ


ആർ.ജയനാഥ്‌
അസിസ്റ്റന്റ്‌ ഡയറക്ടർ, നാളികേര വികസന ബോർഡ്‌, സെക്കന്തരാബാദ്‌

ആന്ധ്രയിൽ 2012 -13 ലെ കണക്കുപ്രകാരം ഏകദേശം 1.02 ലക്ഷം ഹെക്ടറിലാണ്‌ നാളികേര കൃഷി. ഇതിൽ നിന്നുള്ള വാർഷിക ഉത്പാദനം 1670.66 ദശലക്ഷം നാളികേരവും. രാജ്യത്ത്‌ നാളികേരം ഉത്പാദിപ്പിക്കുന്നതിൽ മൂന്നാം സ്ഥാനമാണ്‌(6.03 ശതമാനം) ആന്ധ്രയ്ക്കുള്ളത്‌. എന്നാൽ ഉത്പാദന ക്ഷമതയിൽ തമിഴ്‌നാട്‌, കേരളം കർണാടകം എന്നിവയെ അപേക്ഷിച്ച്‌ ഒന്നാം സ്ഥാനമാണ്‌(ഒരു ഹെക്ടറിൽ നിന്ന്‌ 16132 നാളികേരം) സംസ്ഥാനത്തിനുള്ളത്‌. കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലാണ്‌ ആന്ധ്രയുടെ 90 ശതമാനം നാളികേരവും ഉത്പാദിപ്പിക്കുന്നത്‌. മറ്റ്‌ പ്രധാന നാളികേര ഉത്പാദക ജില്ലകൾ ശ്രീകാകുളം, വിശാഖപട്ടണം, ചിറ്റൂർ, വിജയനഗരം എന്നിവയാണ്‌.
സംസ്ഥാനത്തെ നാളികേര വിപണികൾ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത്‌ കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകളിലാണ്‌. കച്ചവടത്തിന്‌  കരിക്ക്‌, നാളികേരം, ഉണ്ടകൊപ്ര എന്നീ ഇനങ്ങളിലായാണ്‌ നാളികേരം വിൽക്കപ്പെടുന്നത്‌. ഉത്തരേന്ത്യയിലേയ്ക്കുള്ള നാളികേരം മുഴുവൻ പോകുന്നത്‌ ആന്ധ്രയിൽ നിന്നാണ്‌.  
വിളവെടുപ്പും മൂല്യവർധനവും
ഈസ്റ്റ്‌ ഗോദാവരി ജില്ലയിൽ 50,000 ഹെക്ടറിൽ നിന്ന്‌ ശരാശരി 730 ദശലക്ഷം നാളികേരമാണ്‌ (2012-13) ഉത്പാദനം. പ്രാദേശികമായ  ഈസ്റ്റ്‌ കോസ്റ്റ്‌ ടോൾ എന്ന ഇനത്തിൽ നിന്നാണ്‌  ഇടത്തരവും ചെറുതുമായ നാളികേരം ഉത്പാദിപ്പിക്കുന്നത്‌. ഇതിൽ ജലാംശവും വളരെ കുറവാണ്‌. ഈ പ്രദേശങ്ങളിലെ കാലാവസ്ഥയും ഏതാണ്ട്‌ ഉത്തരേന്ത്യയുടേതിനു സമാനമാണ്‌. അതിനാൽ ഈ ജില്ലയിൽ ധാരാളം ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകൾ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വീട്ടാവശ്യത്തിനു വളരെ കുറച്ചു നാളികേരം മാത്രമെ ഉപയോഗിക്കുന്നുള്ളു. ഏതാണ്ട്‌ 70 ശതമാനവും ഉണ്ടക്കൊപ്രയാക്കി മാറ്റുകയാണ്‌. 20 ശതമാനം ഉണക്ക തേങ്ങയായി മഹാരാഷ്ട്ര, ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ എന്നീ മേഖലകളിലേയ്ക്ക്‌  കൊണ്ടുപോകുന്നു. പത്തു ശതമാനത്തിൽ താഴെ നാളികേരം കൊപ്രയ്ക്കും കരിക്കിനുമായി ഉപയോഗിക്കുന്നു. കൊപ്ര വ്യാപാരികളും കച്ചവടക്കാരും അമ്പാജിപേട്ട്‌,അമലാപുരം, റെവുൾ പാളയം എന്നിവിടങ്ങളിലാണ്‌ ഇടപാടുകൾ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിലും ഇതിന്‌ പ്രചാരം കുറവാണ്‌. 
ഈസ്റ്റ്‌ ഗോദാവരിയിൽ വർഷം 5-6 പ്രാവശ്യം 60 - 70 ദിവസങ്ങളുടെ ഇടവേളകളിൽ നാളികേരം വിളവെടുപ്പ്‌ നടത്തും. പ്രധാന വിളവെടുപ്പ്‌ മെയ്‌ - ജൂൺ മാസങ്ങളിലാണ്‌.  ഈ സീസണിലാണ്‌ ജില്ലയിലെ ഉത്പാദനത്തിന്റെ 25- 30 ശതമാനം നാളികേരവും ലഭിക്കുക. അതിനാൽ തന്നെ ഈ സമയത്ത്‌ നാളികേരത്തിന്റെ വില ഇടിഞ്ഞ്‌ ഒരെണ്ണത്തിനു 3-4 രൂപ വരെ വരും. രണ്ടാമത്തെ പ്രധാന വിളവെടുപ്പ്‌ സമയം ഒക്ടോബർ - നവംബർ മാസങ്ങളിലാണ്‌. ജില്ലയിൽ നിന്നുളള 15- 20 ശതമാനം ഉത്പാദനവും ഈ സമയത്താണ്‌. ഒക്ടോബർ നവംബറിലെ നാളികേരത്തെ അപേക്ഷിച്ച്‌ മെയ്‌ - ജൂൺ മാസങ്ങളിൽ വിളവെടുക്കുന്ന നാളികേരത്തിന്‌ വലിപ്പം കൂടുതലുണ്ട്‌. വിപണിയിൽ വില മെച്ചമാണെങ്കിൽ മെയ്‌ - ജൂൺ ചരക്ക്‌ പൊതിക്കാതെ തന്നെ വിളഞ്ഞ നാളികേരമായി വിൽക്കപ്പെടും. വില കുറവാണെങ്കിൽ നാളികേരം മുഴുവൻ സൂക്ഷിക്കുകയും പിന്നീട്‌ ഉണ്ടക്കൊപ്രയാക്കുകയും ചെയ്യുന്നു.
ഭാഗികമായി പൊതിച്ച നാളികേരം സൂക്ഷിച്ചു കൊണ്ട്‌ നടത്തുന്ന പ്രത്യേക സംസ്കരണമാണ്‌  ഉണ്ടക്കൊപ്ര നിർമാണം. മിക്കവാറും എല്ലാ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകളും കോൺക്രീറ്റ്‌ തൂണുകളോടു കൂടിയ മൂന്നു നിലകളുള്ള കെട്ടിടങ്ങളാണ്‌. ഇതിന്‌ ഇടയിൽ സ്റ്റെയർ കേയ്സുകളും നാളികേരം കയറ്റുന്നതിനു ഗോവണി പോലുള്ള എടുപ്പുകളും സ്ഥാപിച്ചിട്ടുണ്ട്‌. പ്രതിവർഷം പത്തു ലക്ഷം നാളികേരം സംസ്കരിക്കുന്നതിനു ശേഷിയുള്ള ഈ യൂണിറ്റുകൾക്ക്‌ പതിനായിരത്തിലധികം ചതുരശ്ര അടി വിസ്തൃതിയുണ്ട്‌. വർഷത്തിൽ രണ്ടു പ്രാവശ്യം ഉണ്ടക്കൊപ്ര നിർമ്മിക്കാൻ സാധിക്കും. മിക്കവാറും യൂണിറ്റുകളും അതിന്റെ നിർമ്മാണ ശേഷി പൂർണമായും ഉപയോഗിക്കുന്നത്‌ നാളികേരത്തിന്റെ വില, ലഭ്യത എന്നിവയെ ആശ്രയിച്ചായിരിക്കും. പരമാവധി 60 -75 ശതമാനം ശേഷി മാത്രമെ മിക്ക യൂണിറ്റുകളും ഉപയോഗിക്കുന്നുള്ളു. എല്ലാ നിലയുടെയും മേൽത്തട്ട്‌ മുള, അല്ലെങ്കിൽ തെങ്ങിൻ തടി ഉപയോഗിച്ചാണ്‌ നിർമ്മിച്ചിട്ടുള്ളത്‌.  കൂടുതൽ നാളികേരം ഇടുന്നതിന്‌ ഓരോ മേൽത്തട്ടിലും പ്രത്യേക സ്ഥലം വേർതിരിച്ച്‌ നിർമ്മിച്ചിട്ടുണ്ട്‌. നാളികേരം വേഗത്തിൽ ഉണങ്ങുന്നതിന്‌ ചുവരുകളിൽ ആവശ്യമായ വാതായനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്‌.  
മൂന്നു മുതൽ അഞ്ചു വരെ ലക്ഷം നാളികേരം ഉണ്ടക്കൊപ്രയാക്കാൻ ശേഷിയുള്ള 150 യൂണിറ്റുകൾ ഈ ജില്ലയിൽ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്‌. ഭാഗികമായി പൊതിച്ച നാളികേരം സൂക്ഷിക്കുന്നതിനുള്ള പ്രത്യേക മേൽത്തട്ടുകളോടു കൂടിയവയാണ്‌ ഈ മേഖലയിലെ  എല്ലാ വീടുകളും. ഗ്രാമങ്ങളിൽ തൊഴുത്തുകൾക്കു പോലും മുകളിൽ  5000 - 10000 നാളികേരം സംഭരിക്കാവുന്ന പ്രത്യേക മേൽത്തട്ടുകൾ ഉണ്ട്‌. 
വിളവെടുപ്പുകഴിഞ്ഞാലുടൻ നാളികേരം കച്ചവടം ഉറപ്പിച്ച്‌ വണ്ടിയിൽ കയറ്റി നിർദ്ദിഷ്ഠ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകളിൽ എത്തിക്കും. ആദ്യം ഇനം തിരിക്കുകയില്ല. ഇത്‌ മുഴുവൻ കൂട്ടിയിട്ട്‌ തെങ്ങോലകളും ചകിരിയും ഉപയോഗിച്ച്‌ മൂടിയിടും.  20-30 ദിവസങ്ങൾ കഴിഞ്ഞ്‌ ഓരോ തേങ്ങയും പ്രത്യേകം തരം തിരിക്കും. വിപണിയിൽ നല്ല വിലയുണ്ടെങ്കിൽ വലുതും ഇടത്തരവുമായ നാളികേരം ഭാഗികമായി പൊതിച്ച്‌ മൊത്ത വ്യാപാരികൾക്ക്‌ വെള്ളത്തോടുകൂടി പാകമായ നാളികേരം എന്ന നിലയ്ക്ക്‌ വിൽക്കുന്നു. 2014 -15 ൽ പ്രധാന ഉണ്ടക്കൊപ്ര സംസ്കരണ യൂണിറ്റുകൾ കർഷകരിൽ നിന്ന്‌ നാളികേരം സംഭരിച്ചതു ശരാശരി നാലു മുതൽ ആറുവരെ രൂപ വിലയ്ക്കാണ്‌.
തൊണ്ടു നീക്കം ചെയ്യൽ
സംഭരിക്കുന്ന നാളികേരം ഭാഗികമായി തൊണ്ടു നീക്കം ചെയ്യുന്നത്‌ വിദഗ്ധ തൊഴിലാളികളാണ്‌.ചകിരിയുടെ കട്ടികൂടിയ ബാഹ്യഭാഗം മാത്രമെ നീക്കം ചെയ്യുകയുള്ളു. ഒരു തൊഴിലാളി ഒരു ദിവസം ശരാശരി 1000 - 1200 നാളികേരം ഒരെണ്ണത്തിന്‌ 0.65 - 0.75 പൈസ നിരക്കിൽ വേതനം വാങ്ങി ഇത്തരത്തിൽ തൊണ്ടു നീക്കം ചെയ്യും. 
ഭാഗികമായി തൊണ്ടു നീക്കം ചെയ്ത നാളികേരം ഉണ്ടക്കൊപ്ര യൂണിറ്റുകളിലേയ്ക്ക്‌ മാറ്റുന്നു. ഓരോ നിലയിലും മൂന്നടി ഉയരത്തിലാണ്‌ ഇത്‌ നിറയ്ക്കുന്നതെങ്കിൽ പ്രത്യേക ക്രമീകരണം ആവശ്യമില്ല. പക്ഷെ നാളികേരത്തിന്റെ എണ്ണം കൂടുതലാണെങ്കിൽ  ഓരോ നാളികേരവും ഒന്നിനു മുകളിൽ ഒന്നായി കുത്തനെ അൽപം ചരിച്ചാണ്‌ അടുക്കേണ്ടത്‌. ഇത്തരത്തിൽ അടുക്കിയാൽ നാളികേരം മുളയ്ക്കാതിരിക്കാൻ സഹായിക്കും. നാളികേരം ഇങ്ങനെ അടുക്കുന്ന ജോലി ചെയ്യുക സ്ത്രീ തൊഴിലാളികളാണ്‌. ഇങ്ങനെ അടുക്കിയ നാളികേരം നാലു മുതൽ ആറുമാസം വരെ സൂക്ഷിക്കുന്നു. 
ഉണ്ടക്കൊപ്രയ്ക്ക്‌ വിപണിയിൽ നല്ല പ്രിയമാണെങ്കിൽ നാലുമാസം കഴിയുമ്പോൾ അടുക്കിയിരിക്കുന്ന നാളികേരം  പരിശോധിച്ച്‌ വെള്ളം വറ്റി പാകമായവ പുറത്തെടുത്ത്‌ വിപണിയിലിറക്കും. ഇടയ്ക്കിടെ ഇത്തരത്തിൽ ഇളക്കി അടുക്കുന്നത്‌ കൊപ്ര ഉത്പാദനത്തെ ത്വരിതപ്പെടുത്തും.
സംസ്കരിച്ച നാളികേരത്തിന്റെ ഇനം തിരിക്കൽ
ഇപ്രകാരം നാലു മുതൽ ആറുവരെ മാസക്കാലയളവിൽ  സൂക്ഷിക്കുന്ന നാളികേരം പുറത്തെടുത്ത്‌ വിദഗ്ധരായ തൊഴിലാളികൾ അവ തരം തിരിക്കുന്നു. നാളികേരത്തിൽ അവശേഷിക്കുന്ന തൊണ്ട്‌ നീക്കം ചെയ്യാതെ തന്നെ അത്‌ കൊപ്രയായി മാറിയോ എന്ന്‌ പരിശോധിക്കും. വിദഗ്ധരായ തൊഴിലാളികൾ കൊപ്രയായവ  ഓരോന്നിന്റെയും  വലിപ്പമനുസരിച്ച്‌ വീണ്ടും തരം തരിക്കും. മൊത്തത്തിൽ 15 ശതമാനം കേടുവന്നും മുളച്ചും ചീഞ്ഞും നഷ്ടപ്പെടും.
നാലിനങ്ങളിലായാണ്‌ ഉണ്ടക്കൊപ്ര വിപണിയിലെത്തുക. ഗന്ദേര കുരുടി ( 12 -14 രൂപ) ഗന്ദേര പുതിയത്‌ (12 രൂപ) ഗദ്ദ ഗദ്ദ( 10 രൂപ) ചെട്ടക്കായ്‌ ( 08 രൂപ) എന്നിങ്ങനെ.
ഗന്ദേര കുരുടി എന്ന്‌ അറിയപ്പെടുന്ന ഏറ്റവും മികച്ച ഇനം ഉണ്ടക്കൊപ്രയ്ക്ക്‌  ആയിരത്തിന്‌ 14000 രൂപയാണ്‌ ഇപ്പോഴത്തെ വിപണി വില. അതിനു താഴെയുള്ള ഇനം ഗദ്ദഗദ്ദ എന്ന പറയും. ഇത്‌ ആയിരത്തിന്‌ 10000 രൂപയാണ്‌ വില. ഇപ്പോൾ നാളിക്രത്തിന്‌ നല്ല വിലയുള്ളതിനാൽ എല്ലാ ഉണ്ടക്കൊപ്ര നിർമാണ യൂണിറ്റുകളും ഈ വർഷം നല്ല ലാഭമാണ്‌ കൊയ്യുന്നത്‌. അഞ്ചാറു മാസം സൂക്ഷിക്കുക എന്ന ഒരു ചെലവു മാത്രമെ ഈ യൂണിറ്റുകൾക്കുള്ളു. ഇക്കാലയളവിൽ ശരാശരി 1.25 രൂപ മുതൽ 1.75 രൂപ വരെ ഒരു നാളികേരത്തിനു സംസ്കരണ ചെലവു വന്നേക്കും. തരം തിരിക്കുന്ന ഉണ്ടക്കൊപ്ര പ്രത്യേക ഇനം ചണച്ചാക്കുകളിൽ ചകിരിനാരുകൾക്കിടയിൽ തിരുകിയാണ്‌ പായ്ക്ക്‌ ചെയ്യുക. ഒരു ചാക്കിൽ വലിയവ 100 മുതൽ 110 എണ്ണം വരെ പായക്ക്‌ ചെയ്യാം. ഇടത്തരം കൊപ്ര 140 എണ്ണവും ചെറിയ ഇനം 200 മുതൽ 225 വരെയും ആണ്‌ ചാക്കുകളിൽ നിറയ്ക്കുക. 
ഉണ്ടക്കൊപ്രയുടെ പ്രാധാന്യം
നല്ല തിരക്കുള്ള സീസണുകളിൽ പ്രതിദിനം 70 -80 ലോറി ഉണ്ടക്കൊപ്രയാണ്‌ അമ്പാജിപ്പേട്ട, റാവുൾപാളയം  തുടങ്ങിയ പ്രധാന നാളികേര വിപണന കേന്ദ്രങ്ങളിൽ നിന്ന്‌ വിവിധ സ്ഥലങ്ങളിലേയ്ക്ക്‌ കയറി പോകുന്നത്‌. ഉത്തരേന്ത്യയിലെ എല്ലാ ആഘോഷങ്ങൾക്കും വിവാഹങ്ങൾക്കും ഉണ്ടക്കൊപ്ര ഒരു അവിഭാജ്യ ഘടകമാണ്‌. ഉണക്ക മുന്തിരി, അണ്ടിപ്പിരിപ്പ്‌ തുടങ്ങിയവ പോലെ ഭക്ഷണാവശ്യങ്ങൾക്കും ഉണ്ടക്കൊപ്ര ഉപയോഗിക്കുന്നു. ആവശ്യക്കാർ അധികമാണെങ്കിൽ സംസ്കരണ കേന്ദ്രങ്ങൾ 50 മുതൽ 60 ശതമാനം വരെ വില മുൻകൂറായി  വേണ്ട അളവ്‌ ഓർഡർ സ്വീകരിക്കും. ഓരോ യൂണിറ്റും സീസണിൽ പതിനായിരത്തോളം തൊഴിലാളികൾക്ക്‌ ജോലി നൽകുന്നു. ഒരു വർഷം മൊത്തം 500 - 600 കോടി രൂപയുടെ വരെ വിറ്റുവരവാണ്‌ ആന്ധ്രയിലെ പ്രധാനപ്പെട്ട  ഉണ്ടക്കൊപ്ര സംസ്കരണ മേഖലയിൽ നടക്കുന്നത്‌. 
ടെക്നോളജി മിഷന്റെ ധനസഹായം
നാളികേര വികസന ബോർഡ്‌ ടെക്നോളജി മിഷൻ, ഉണ്ടക്കൊപ്ര സംസ്കരണ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകൾ, സംരംഭകർ, മറ്റ്‌ സംഘടനകൾ എന്നിവയ്ക്ക്‌  അവരുടെ മൂലധനനിക്ഷേപത്തിന്റെ 25 ശതമാനം ( 50 ലക്ഷം രൂപ വരെ) ധനസഹായം നൽകിവരുന്നു. ആന്ധ്രയിൽ ഉണ്ടക്കൊപ്ര സംസ്കരണ യൂണിറ്റുകൾ, സംഭരണശാലകൾ,  ഉണങ്ങുന്നതിനുള്ള ഷെഡ്ഡുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ :
1.കോൺക്രീറ്റ്‌ ഘടന,  രണ്ടു നില, മരംകൊണ്ടുളള വാതിലുകളും ജനലുകളും, തറ കോൺക്രീറ്റ്‌,  അളവ്‌ 50, 30, 15  സംസ്കരിക്കുന്നതിനുള്ള ശേഷി,- 5000 നാളികേരം,  ചെലവ്‌ ചതുരശ്ര അടിക്ക്‌ 500 രൂപ
2. കോൺക്രീറ്റ്‌ ഘടന,  മൂന്നു നില, മരംകൊണ്ടുളള വാതിലുകളും ജനലുകളും, തറ കോൺക്രീറ്റ്‌, റോളിംങ്ങ്‌ ഷട്ടറുകൾ, അളവ്‌ 100, 40, 15  സംസ്കരിക്കുന്നതിനുള്ള ശേഷി- മൂന്നു ലക്ഷം  നാളികേരം,  ചെലവ്‌ ചതുരശ്ര അടിക്ക്‌ 700 രൂപ
ഉണ്ടക്കൊപ്ര യൂണിറ്റ്‌ നിർമാണ യൂണിറ്റിന്‌ ധനസഹായം ലഭിക്കാൻ ബോർഡിൽ സമർപ്പിക്കേണ്ട രേഖകൾ:
1. കൃത്യമായി പൂരിപ്പിച്ച അപേക്ഷ
2. വിശദമായ പ്രോജക്ട്‌ റിപ്പോർട്ട്‌
3. ബാങ്കിൽ നിന്നുള്ള വായ്പ അനുവദിച്ച രേഖ
4. അപേക്ഷകന്റെ ബയോ ഡാറ്റ
5. ഇതുപോലെ ഏതെങ്കിലും പ്രോജക്ട്‌ നടത്തിയുള്ള മുൻ പരിചയം
6. ഫാക്ടറി കെട്ടിടത്തിന്റെ ബ്ലൂപ്രിന്റ്‌, പഞ്ചായത്ത്‌/ മുനിസിപ്പാലിറ്റിയുടെ അംഗീകാരം, എസ്റ്റിമേറ്റ്‌
7. വ്യവസായ വകുപ്പിന്റെ അനുമതി 
8. ആധാരത്തിന്റെ നോട്ടറി ഒപ്പിട്ട ഇംഗ്ലീഷ്‌ പരിഭാഷ
ഇതുവരെ നാളികേര വികസന ബോർഡ്‌ ഈ മേഖലയിൽ 285.81 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം അനുവദിച്ചതിൽ 13 ഉണ്ടക്കൊപ്ര യൂണിറ്റുകൾക്കായി 61.35 ലക്ഷം നൽകിയിട്ടുണ്ട്‌. 
ഉണ്ടക്കൊപ്രയുടെ ഭാവി 
ഉണ്ടക്കൊപ്ര സംസ്കരണ യൂണിറ്റുകൾ എല്ലാം തന്നെ സ്വകാര്യ സംരംഭകരുടെ വകയാണ്‌. മറ്റു തരത്തിലുള്ള മൂല്യ വർധനവ്‌ നടക്കുന്നില്ലാത്തതിനാൽ, പ്രധാന വിളവെടുപ്പ്‌ കാലങ്ങളിൽ മുഴുവൻ നാളികേരവും ലഭിക്കുകയും വില തകർച്ച ഉണ്ടാവുകയും സാധാരണമാണ്‌. ബോർഡിന്റെ ആഭിമുഖ്യത്തിൽ രൂപീകരിച്ചു വരുന്ന കർഷകരുടെ ഉത്പാദക സംഘങ്ങൾ , ഫെഡറേഷനുകൾ, കമ്പനികൾ എന്നിവ ഈസ്റ്റ്‌ ഗോദാവരി മേഖലയിൽ സജീവമായിട്ടുണ്ട്‌. ഇതിനോടകം ഇവിടെ മാത്രം  450 ഉത്പാദക സംഘങ്ങൾ, 40 ഫെഡറേഷനുകൾ, രണ്ടു കമ്പനികൾ എന്നിവ സ്ഥാപിതമായി കഴിഞ്ഞു. നാളികേരം ഉണ്ടക്കൊപ്രയാക്കി അതിന്റെ ലാഭം കർഷകർക്കു തന്നെ വീതിച്ചു നൽകാനുള്ള പദ്ധതികൾ ഉത്പാദക സംഘങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിനുള്ള പരമാവധി പൈന്തുണ നാളികേര വികസന ബോർഡും നൽകുന്നു. പക്ഷെ കൂറ്റൻ സംസ്കരണ യൂണിറ്റുകൾക്കു പകരം ചെലവു കുറഞ്ഞതും ദീർഘകാലം നിൽക്കുന്നതുമായ പുതിയ നിർമാണ വിദ്യ നാം കണ്ടു പിടിക്കണം. എങ്കിൽ മാത്രമെ കർഷകരുടെ ഉത്പാദക സംഘങ്ങൾക്ക്‌ സ്വന്തമായി ഉണ്ടക്കൊപ്ര യൂണിറ്റുകൾ സ്ഥാപിച്ച്‌ ലാഭകരമായി പ്രവർത്തിപ്പിക്കാൻ സാധിക്കുകയുള്ളു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...