22 Apr 2015

കേരസംസ്ക്കരണ മേഖലയ്ക്കു ശക്തി പകരാൻ നാളികേര ടെക്നോളജി മിഷൻ


ആർ. ജ്ഞാനദേവൻ
ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താനായി നാളികേര വികസന ബോർഡ്‌ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്‌. ഇവയിൽ ഏറ്റവും പ്രധാമനപ്പെട്ട ഒന്നാണ്‌ നാളികേര ടെക്നോളജി മിഷൻ അഥവ ടി.എം.ഒ.സി.  നാളികേര ഉൽപന്നങ്ങളുടെ വൈവിധ്യവൽക്കരണവും, നൂതന സംസ്ക്കരണ മാർഗ്ഗങ്ങളിലൂടെയുള്ള മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും വഴി  നാളികേര സംസ്ക്കരണ മേഖലയെ ശക്തിപ്പെടുത്താൻ ഈ പദ്ധതിക്കു സാധിച്ചു. അടിക്കടിയുള്ള വില തകർച്ചയും, രോഗ കീടങ്ങളുടെ അതിപ്രസരവും കൊണ്ട്‌ കേരകർഷകർ വലിയ പ്രതിസന്ധി നേരിട്ട 2001 -2002 കാലഘട്ടത്തിലാണ്‌ ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ പ്രധാന്യം മനസ്സിലാക്കി നാളികേര ടെക്നോളജി മിഷൻ എന്ന ബൃഹദ്‌ പദ്ധതിക്ക്‌ കേന്ദ്ര ഗവണ്‍മന്റ്‌ അനുമതി നൽകിയത്‌. അന്നത്തെ പ്രധാനമന്ത്രി ശ്രീ. അടൽ ബിഹാരി വാജ്പേയ്‌ 2000 -ൽ കേരളം സന്ദർശിച്ചപ്പോഴാണ്‌ ഈ പദ്ധതി പ്രഖ്യാപിച്ചതു. അതായത്‌ 9-​‍ാം പദ്ധതിയുടെ അവസാന കാലത്ത്‌. 2001 - 2002 സാമ്പത്തിക വർഷം മുതൽ കേരകൃഷിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ബോർഡ്‌ ഈ പദ്ധതി നടപ്പിലാക്കി വരുന്നു. മത്സരാധിഷ്ഠിതമായി മാറിയ ഇന്നത്തെ ചുറ്റുപാടുമായി ഇന്ത്യൻ നാളികേര വ്യവസായ മേഖലയ്ക്ക്‌ പൊരുത്തപ്പെട്ടു പോകുവാൻ ഈ പദ്ധതി സഹായകരമാകും.  കേരകർഷകർക്ക്‌ കൂടുതൽ ആദായം ലഭിക്കാൻ  നാളികേരത്തിന്റെ പൂർണ്ണമായ ഉപയോഗം പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ പുതിയ പുതിയ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സംരംഭങ്ങൾ തുടങ്ങുവാൻ അവസരമൊരുക്കുകയും അവയ്ക്ക്‌ കമ്പോളങ്ങൾ കണ്ടുപിടിക്കുന്നതിന്‌ വേണ്ട സാമ്പത്തിക സഹായം നൽകുകയുമാണ്‌ ഈ പദ്ധതി മുഖേന ബോർഡ്‌ ടെയ്തു  വരുന്നത്‌. 
ബോർഡിന്റെ മറ്റുപദ്ധതികളിൽ നിന്ന്‌ വ്യത്യസ്തമായി ഗുണഭോക്താക്കൾ സമയബന്ധിതമായി തയ്യാറാക്കുന്ന പ്രോജക്ടറ്റിന്റെ അടിസ്ഥാനത്തിലാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഇന്ത്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ  മത്സരാധിഷ്ഠിതമായി മാറിയ ചുറ്റുപാടിൽ മാറ്റങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കേര വ്യവസായ മേഖല ശക്തിപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഇതിന്‌ ഊന്നൽ നൽകി വരുന്ന ടെക്നോളജി മിഷൻ   ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾക്ക്‌ ഈ മേഖലയിൽ ഗുണപരമായ മാറ്റം സൃഷ്ടിക്കുവാൻ കഴിഞ്ഞിട്ടുണ്ട്‌. ഭക്ഷ്യയോഗ്യവും അല്ലാത്തതുമായ നിരവധി നാളികേര ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കി വിവിധ വ്യവസായ സംരംഭങ്ങൾ ഈ പദ്ധതിയിലൂടെ നൽകി വരുന്ന സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി സ്ഥാപിതമായിട്ടുണ്ട്‌. 
നാളികേരവും ഉപോൽപ്പന്നങ്ങളും ഉപയോഗിച്ച്‌ വാണിജ്യ പ്രധാനമുള്ള മൂല്യവർധിത ഉൽ​‍്പ്പന്നങ്ങൾ നിർമ്മിക്കുവാനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി വിവിധ വ്യവസായ സംരംഭങ്ങൾ ഇന്ന്‌ നിലവിൽ വന്നിട്ടുണ്ട്‌. തൂൾ തേങ്ങ, പായ്ക്ക്‌ ചെയ്ത്‌ ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള വെളിച്ചെണ്ണ, വെർജിൻ വെളിച്ചെണ്ണ, നാളികേര ചിപ്സ്‌, തേങ്ങ വെള്ളത്തിൽ നിന്നുള്ള വിന്നാഗിരി, ഗുണമേന്മയുള്ള കൊപ്ര, ചിരട്ടപ്പൊടി, ചിരട്ടക്കരി, ഉത്തേജിതകരി, പായ്ക്കു ചെയ്ത സംസ്ക്കരിച്ച കരിക്കിൻ വെള്ളം, ലഘു സംസ്ക്കരണം നടത്തിയ കരിക്ക്‌, പായ്ക്ക്‌ ചെയ്ത്‌ സംസ്ക്കരിച്ച്‌ പോക്ഷക സമൃദ്ധമായ നീര തുടങ്ങിയ ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയാണ്‌ കേര വ്യവസായ മേഖലയിൽ പുതിയ സംരംഭങ്ങൾ നിലവിൽ വന്നത്‌. ഏകദേശം 203.9 കോടി നാളികേരം വർഷം തോറും സംസ്ക്കരിച്ച്‌  വിവിധ ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള 306 സംസ്ക്കരണ യൂണിറ്റുകൾ 320 കോടി രൂപ മുതൽ മുടക്കി ഈ മേഖലയിൽ നിലവിൽ വന്നു. ഇതിനായി 53 കോടി രൂപ വായ്പാധിഷ്ഠിത സബ്സിഡിയായി സംരംഭകർക്ക്‌ ഇതിനകം  ബോർഡ്‌ വിതരണം ചെത്തു കഴിഞ്ഞു.
നാളികേര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും  നവീകരിക്കുന്നതിനും, യൂണിറ്റിന്റെ ഉത്പാദനക്ഷമത വർദ്ധിപ്പിച്ച്‌ വിപുലീകരിക്കുന്നതിനും നാളികേര ടെക്നോളജി മിഷൻ വഴി സാമ്പത്തിക സഹായം നൽകി വരുന്നു. യൂണിറ്റ്‌ സ്ഥാപിക്കുന്നതിനു വേണ്ടി വരുന്ന ചിലവിന്റെ 25 ശതമാനം പരമാവധി 50 ലക്ഷം രൂപ വരെ വായ്പാബന്ധിത മൂലധന സബ്സിഡിയായി നൽകുന്നു. ഇതിലേക്കായി ചുരുങ്ങിയത്‌ പദ്ധതി ചിലവിന്റെ 40 ശതമാനമെങ്കിലും ദീർഘകാല വായ്പയായി എടുത്തിരിക്കണം. ഈ പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നതിനായി സംരംഭകർ തുടങ്ങുവാൻ ഉദ്ദേശിക്കുന്ന കേര വ്യവസായ സംരംഭത്തിന്റെ ഒരു പ്രോജക്ട്‌ തയ്യാറാക്കി സഹകരണ ബാങ്കുകളോ, ദേശസാൽകൃത ബാങ്കുകളോ വഴി, ബാങ്കിന്റെ പദ്ധതി വിലയിരുത്തൽ റിപ്പോർട്ടു സഹിതം ബോർഡിൽ സമർപ്പിക്കണം. പദ്ധതി തയ്യാറാക്കാൻ സംരഭകരെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ദ്ധരേയും തിരഞ്ഞെടുത്തിട്ടുണ്ട്‌.  ഇപ്രകാരം തിരഞ്ഞെടുത്ത സാങ്കേതിക വിദഗ്ദരുടെ മേൽവിലാസം നാളികേര വികസന ബോർഡിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.
പദ്ധതി അനുമതി ലഭിച്ചു കഴിഞ്ഞ്‌ ദീർഘകാല വായ്പയുടെ 50% എടുത്തു കഴിഞ്ഞാൽ മൊത്തം സബ്സിഡി തുകയുടെ 50% മുൻകൂറായി ഗുണഭോക്താവിന്റെ വായ്പാ അക്കൗണ്ടിലേയ്ക്ക്‌ സബ്സിഡി റിസർവ്വ്വ്‌ ഫണ്ട്‌ (കരുതൽ ധനം) ആയി നൽകുന്നു. ബാക്കി സബ്സിഡി തുക  യൂണിറ്റ്‌ വിജയകരമായി പൂർത്തിയാക്കി വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങുമ്പോൾ വായ്പാബന്ധിത സബ്സിഡിയായി നിക്ഷേപിക്കുന്നു. വായ്പാ അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുന്ന തുകയ്ക്ക്‌ സംരഭകർ പലിശ കൊടുക്കേണ്ടതില്ല. പദ്ധതി സമയബന്ധിതമായി യഥാസമയത്ത്‌ പൂർത്തിയാക്കിയാൽ സബ്സിഡി തുക പൂർണമായും വായ്പാ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു. അതായത്‌  യഥാസമയം പദ്ധതി പൂർത്തിയായാൽ ദീർഘ  കാല വായ്പയുടെ ചെറിയ ശതമാനം തുകയ്ക്കു മാത്രം സംരംഭകർ പലിശ കൊടുത്താൽ മതി.
നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ധനസഹായത്തോടെ കരിക്കിൻ വെള്ളം പോളിമെറിക്‌ കവറുകളിലും അലൂമിനിയം കാണുകളിലുമായി സംസ്ക്കരിച്ച്‌ വിപണനം നടത്തുന്ന 20 വ്യവസായ സംരംഭങ്ങൾ കേരളം, തമിഴ്‌നാട്‌, കർണ്ണാടകം, ഗുജറാത്ത്‌, പഞ്ചിമ ബംഗാൾ, ആന്ധ്രപ്രദേശ്‌, ഒഡീഷ തുടങ്ങിയ 7 സംസ്ഥാനങ്ങളിൽ 33 കോടി രൂപ മുതൽ മുടക്കി നിലവിൽ വന്നു. പ്രതിവർഷം 11.2 കോടി കരിക്ക്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നതിനു വേണ്ടിയുള്ള സംസ്ക്കരണ വിപണന കേന്ദ്രങ്ങളും നിലവിൽ വന്നിട്ടുണ്ട്‌. കരിക്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്‌ ഈ സംരംഭങ്ങൾ കാര്യമായ പങ്ക്‌ വഹിച്ചുവരുന്നു. 
നാളികേര ടെക്നോളജി മിഷൻ പദ്ധതിയിലൂടെ പ്രോത്സാഹിപ്പിക്കപ്പെട്ട മറ്റു രണ്ടു പ്രധാന ഉൽപന്നങ്ങളാണ്‌ ചിരട്ടപ്പൊടിയും, ഉത്തേജിത കരിയും. വളരെ അധികം വ്യവസായിക ആവശ്യകതയുള്ള ഉൽപന്നമാണ്‌ ചിരട്ടപ്പൊടി. ഇത്‌ പ്ലാസ്റ്റിക്ക്‌ വ്യവസായത്തിൽ വ്യാപകമായി ഉപയോഗപ്പെടുത്തി വരുന്നു. കൃത്രിമ പശകളിലും, മോൾഡിംഗ്‌ ആവശ്യമായ പല സാധനങ്ങളിലും ഇത്‌ ഉപയോഗിക്കുന്നു. കൂടാതെ കീടനാശിനികൾ നേർപ്പിക്കാനും, കൊതുകുതിരി നിർമ്മാണത്തിനും ഇത്‌ ഉപയോഗിക്കുന്നുണ്ട്‌. പ്രതിവർഷം 3000 ടൺ ചിരട്ടപ്പൊടി ഉത്പാദിപ്പിക്കാൻ കഴിവുള്ള 18 യൂണിറ്റുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി ഈ പദ്ധതിയുടെ ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ പ്രവർത്തിക്കുന്നു.
ചിരട്ടക്കരിയിൽ നിന്ന്‌ ഉത്പാദിപ്പിക്കുന്ന മറ്റൊരു മൂല്യവർധിത ഉൽപന്നമാണ്‌ ഉത്തേജിതകരി. വിദേശത്ത്‌ സ്വർണ്ണ ഖാനികളിലെ വാതകം ശുദ്ധീകരിക്കുന്നതിനും, മറ്റുപല വസ്തുക്കളുടെയും ഗന്ധം, നിറം എന്നിവ മാറ്റി ശുദ്ധീകരിക്കാനും ഉപയോഗിക്കുന്ന, വൻ  കയറ്റുമതി സാദ്ധ്യതയുള്ള ഉൽപന്നമാണ്‌ ചിരട്ടക്കരിയിൽ നിന്നും നിർമ്മിക്കുന്ന ഉത്തേജിത കരി. ചിരട്ട നിയന്ത്രിത വായു കടത്തി കത്തിച്ചു കിട്ടുന്ന ചിരട്ടക്കരി നീരാവി ഉപയോഗിച്ച്‌ പ്രത്യേകതരം ചൂളകളിൽ ഉത്തേജിപ്പിച്ചാണ്‌ ഉത്തേജിത കരി ഉണ്ടാക്കുന്നത്‌. കറങ്ങിക്കൊണ്ടിരിക്കുന്ന ചില പ്രത്യേകതരം ചൂളകളാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. ഇവയിൽ വച്ച്‌ ചിരട്ടക്കരി നീരാവിയുമായി 900 -11000 സെന്റിഗ്രേഡിൽ പ്രവർത്തിച്ചാണ്‌ ഉത്തേജിതകരി നിർമ്മിക്കുന്നത്‌. ടെക്നോളജി മിഷൻ പദ്ധതിയിലൂടെയുള്ള സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തി 22 ഉത്തേജിതകരി നിർമ്മാണ യൂണിറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ വർഷം തോറും 9600 ടൺ ഉത്തേജിത കരി നിർമ്മിച്ച്‌ അതിൽ ഭൂരിഭാഗവും വിദേശത്തേയ്ക്ക്‌ കയറ്റി അയച്ച്‌ രാജ്യത്തിന്‌ വിദേശ നാണ്യം നേടി തരുന്നു.
കൂടാതെ തൂൾത്തേങ്ങ, വിന്നാഗിരി, നാളികേര ചിപ്സ്‌, പായ്ക്കറ്റിലാക്കി ബ്രാൻഡ്‌ ചെയ്ത ഗുണമേന്മയുള്ള അഗ്മാർക്ക്‌ മുദ്രയോടുകൂടിയ  വെളിച്ചെണ്ണ തുടങ്ങിയ മൂല്യ വർദ്ധിത ഉൽപന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള യൂണിറ്റുകളും ടെക്നോളജി മിഷൻ പദ്ധതി വഴിയുള്ള ആനുകൂല്യം പ്രയോജനപ്പെടുത്തി നിലവിൽ വന്നിട്ടുണ്ട്‌. മേൽ പറഞ്ഞ ഉൽപന്നങ്ങൾ കൂടാതെ തെങ്ങിന്റെ വിടരാത്ത പൂങ്കുലയിൽ നിന്നും ചെത്തിയെടുക്കുന്ന പേക്ഷകസമൃദ്ധമായ നീരയും, നീരയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളും വ്യവസായിക അടിസ്ഥാനത്തിൽ നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ ടെക്നോളജി മിഷൻ പദ്ധതിയിലൂടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നീര അണുവിമുക്തമാക്കി സംസ്ക്കരിച്ച്‌ പാക്ക്‌ ചെയ്ത്‌ ബ്രാന്റ്‌ ചെയ്ത്‌ ഉൽപാദിപ്പിച്ച്‌ വിതരണം ചെയ്യുന്നതിനുള്ള നീര പ്ലാന്റ്‌ സ്ഥാപിക്കുന്നതിനും ടെക്നോളജി മിഷൻ പദ്ധതി വഴി സാമ്പത്തിക സഹായം നൽകി വരുന്നു. നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവൃത്തിക്കുന്ന തൃത്താല കർഷക കൂട്ടായ്മയിലെ ഏറ്റവും മുകളിലെ തട്ടിൽ പ്രവൃത്തിക്കുന്ന നാളികേര ഉൽപാദക കമ്പനികൾക്കാണ്‌ ഇത്തരം പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ ധനസഹായം നൽകി വരുന്നത്‌.
 ഇതിനകം കൊല്ലം ജില്ലയിൽ പ്രവൃത്തിക്കുന്ന കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയ്ക്കും, ആലപ്പുഴ ജില്ലയിലെ കറപ്പുറം നാളികേര ഉൽപാദക കമ്പനിക്കും ഇപ്രകാരമുള്ള നീര സംസ്ക്കരണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ ടെക്നോളജിമിഷൻ  പദ്ധതിയിൽ അംഗീകാരം നൽകി.  കൈപ്പുഴ നാളികേര ഉൽപാദക കമ്പനിയുടെ ദിവസം 10,000 ലിറ്റർ നീര സംസ്ക്കരിക്കാവുന്ന ഇൻഡ്യയിലെ പ്രഥമ നീര പ്ലാന്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുലരി 26-​‍ാം തീയതി നിർവഹിക്കുകയുണ്ടായി. ഈ പ്ലാന്റിന്‌ നാളികേര വികസന ബോർഡിന്റെ ടെക്നോളജി മിഷൻ പദ്ധതി വഴി 50 ലക്ഷം രൂപ സബ്‌ സിഡിയായി അനുവദിച്ചു.  അതായത്‌ നാളികേര ടെക്നോളജി മിഷൻ പദ്ധതിയുടെ ഇതുവരെയുള്ള നേട്ടങ്ങൾ പരിശോധിച്ചാൽ, മിഷൻ ലക്ഷ്യമിട്ടിരുന്ന പോലെ നാളികേര വ്യവസായ മേഖല ശക്തിപ്പെടുത്താൻ ഒരു നല്ല തുടക്കം നൽകാൻ ഇതിനകം കഴിഞ്ഞിട്ടുണ്ട്‌. നാളികേര സംസ്ക്കരണ മേഖലയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ്‌ മുതൽ മുടക്കി വ്യവസായ സംരംഭങ്ങൾ തുടങ്ങുന്നതിന്‌ ഇനിയും കൂടുതൽ സംരഭകർ മുന്നോട്ടു വരേണ്ടിയിരിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...