സുനിൽ എം എസ്
അലാറത്തിന്റെ ഭീഷണസ്വരമില്ലാതെ യഥേഷ്ടം
കിടന്നുറങ്ങാനുള്ളവയാണ് ഞായറാഴ്ച പ്രഭാതങ്ങൾ. എട്ടു മണി കഴിയുമ്പോൾ നെറ്റിയിൽ
ചൂടുള്ള ചുണ്ടുകൾ മെല്ലെ അമരും. കാച്ചിയ വെളിച്ചെണ്ണയുടേയും തുളസിയിലയുടേയും
നേർത്ത സുഗന്ധം പരക്കും. “ഉറങ്ങിയതു മതി, എഴുന്നേൽക്ക്” എന്നു
പറയുന്നതിന്റെ മറ്റൊരു വിധം. ആ ചുണ്ടുകളുടെ ഉടമയെ വരിഞ്ഞു മുറുക്കാൻ
കൈകളുയരുമ്പോഴേയ്ക്ക് ആൾ തന്ത്രപൂർവ്വം പിൻവാങ്ങിയിട്ടുണ്ടാകും. ആ ചൂടും
പരിമളവുമോർത്തുകൊണ്ട് ഏതാനും മിനിറ്റു കൂടി ആലസ്യത്തിൽ...
എഴുന്നേറ്റു ചെല്ലുമ്പോൾ ചുടുചായ കാത്തിരിപ്പുണ്ടാകും. ശാരി പത്രം
മേശപ്പുറത്തു വിടർത്തിയിട്ടു വായിയ്ക്കുന്നുണ്ടാകും. നെറ്റിയിൽ ചന്ദനക്കുറി,
മുടിയിൽ തുളസിക്കതിർ. അവൾ വായിയ്ക്കുന്നതു കണ്ടും കേട്ടും ചായ
പതുക്കെപ്പതുക്കെ കുടിയ്ക്കും. അവളെ നോക്കി വെറുതേയങ്ങനെ സുഖമായി ഇരിയ്ക്കാൻ
പറ്റുന്നത് ഞായറാഴ്ച മാത്രം. മറ്റു ദിവസങ്ങളിൽ ഓട്ടം തന്നെ, ഓട്ടം.
“പാൽ വന്നില്ല”. ഒരു ഞായറാഴ്ച അതിരാവിലെ കാതിൽ
സ്വകാര്യമായി ഒരറിയിപ്പുണ്ടായി. വിരളമായി മാത്രം പാൽ വരാതിരിയ്ക്കാറുണ്ട്.
എഴുന്നേറ്റു വരുമ്പോൾ പാലൊഴിച്ച ചായ കുടിയ്ക്കണമെങ്കിൽ പോയി മിൽമപ്പാൽ വാങ്ങിവരൂ
എന്നർത്ഥം. റോഡു വരെപ്പോയാൽ മിൽമപ്പാലു കിട്ടും. ഏതാനും മിനിറ്റു നടക്കണം. വൈകിയാൽ
പാക്കറ്റു തീർന്നു പോകും.
അങ്ങനെ നേരിയ ഉറക്കച്ചടവോടെ ഞാൻ നടന്നു പോകുമ്പോൾ എതിരേ ഒരു വലിയമ്മ
വരുന്നു. പഞ്ഞി പോലെ നരച്ചു വെളുത്ത മുടി. കാതിൽ മേൽക്കാ മോതിരം. വെളുത്ത ചട്ടയും
മുണ്ടും. “ശാരി മോളെന്ത്യേടാ?” എന്നെക്കണ്ടയുടനെ
വലിയമ്മ ചോദിച്ചു.
കുറച്ചപ്പുറത്തുള്ള സെന്റ് ജോർജ്ജ് പള്ളിയിലേയ്ക്കുള്ള ഒരെളുപ്പവഴി
ഞങ്ങളുടെ വീടിനടുത്തു കൂടിയാണ്. കുളിച്ചൊരുങ്ങിയ, ശുഭ്രവസ്ത്രധാരിണികളായ,
ശാരിയുടെ ഭാഷയിൽ ‘ഐശ്വര്യമുള്ള’ ഇത്തരം വലിയമ്മമാരെ രാവിലേ തന്നെ കാണുന്നത് സുഖമുള്ളൊരു കാര്യമാണ്.
ശാരിയെപ്പറ്റി വാത്സല്യത്തോടെ വലിയമ്മ ‘മോള്’ എന്നു വിളിച്ചതും ഇഷ്ടമായി. എന്നാൽ വലിയമ്മ അതേ ശ്വാസത്തിൽത്തന്നെ എന്നെ ‘എടാ’ എന്നു വിളിയ്ക്കാതിരിയ്ക്കുകയും
ചെയ്യണമായിരുന്നു.
സത്യം പറയാമല്ലോ, എന്നെ ആരെങ്കിലും ‘എടാ’ എന്നു വിളിയ്ക്കുന്നത് എനിയ്ക്കു തീരെ
രുചിയ്ക്കാറില്ല. പണ്ടൊരിയ്ക്കൽ അമ്മ സഹികെട്ട് ‘എടാ,
ഇവിടെ വാ’ എന്നുത്തരവിട്ടപ്പോൾ അടിയിൽ നിന്നു
രക്ഷപ്പെടാനുള്ള ഓട്ടം നിർത്തി ഞാൻ ധീരതയോടെ തിരിഞ്ഞു നിന്ന് ‘എന്നെ എടാന്നു വിളിയ്ക്കണ്ടാ’ എന്നു
പ്രതിഷേധിച്ചിട്ടുള്ളതാണ്. ‘എടാ’ വിളി
എനിയ്ക്കുണ്ടാക്കിയ അഭിമാനക്ഷതം കണ്ട് അമ്മ അന്നു ചിരിച്ചു പോയിരുന്നു. അന്ന്
അമ്മയോടു തോന്നിയ പ്രതിഷേധം തന്നെ ഇന്ന് ഈ വലിയമ്മയോടും തോന്നി.
ഇത്ര രാവിലെ, ഉറങ്ങിയെഴുന്നേറ്റ വേഷത്തിൽ,
ചുളിഞ്ഞ ഷർട്ടു ധരിച്ച്, ലുങ്കി
മടക്കിക്കുത്തി, പാക്കറ്റു പാൽ വാങ്ങാനുള്ള
തുണിസ്സഞ്ചിയുമായി റോഡുവരെപ്പോകുമ്പോൾ ശാരിയെങ്ങനെയാ എന്റെ കൂടെ വരിക എന്നു
വലിയമ്മയോടു ചോദിയ്ക്കാൻ തോന്നിയതായിരുന്നെങ്കിലും ചോദിച്ചില്ല. പകരം, “പണിത്തിരക്കിലാണ്” എന്നു പറഞ്ഞുകൊണ്ട് നടന്നു.
ഉടനെ വന്നു, വലിയമ്മയുടെ പ്രതികരണം: “ശാരിമോൾക്ക് എപ്പഴും പണീണ്ടാകും. പാവം ഒറ്റയ്ക്കല്ലേ വീടു കൊണ്ടുനടക്കണത്!”
ഈ വലിയമ്മയെക്കൊണ്ടു തോറ്റു. ‘വീടു
കൊണ്ടുനടക്കുന്നു’ എന്ന പ്രയോഗം എന്നെ ചൊടിപ്പിയ്ക്കുന്ന
ഒന്നാണ്. വീട്ടുപണികൾ ശാരി തനിച്ചു ചെയ്യുന്നെന്നു മാത്രമല്ല, ഞാനവൾക്ക് യാതൊരു സഹായവും ചെയ്യുന്നില്ലെന്ന ദുസ്സൂചനയും അതിലുണ്ട്.
അതിലാണ് എനിയ്ക്കു പരാതി. ശാരി വീടു തനിയേ കൊണ്ടു നടക്കുന്നുണ്ടെങ്കിൽ ബാങ്കിലെ,
അമ്പത്തഞ്ചു പേരുള്ള ഞങ്ങളുടെ ഡിപ്പാർട്ടുമെന്റ് ഞാൻ തനിയേ
കൊണ്ടുനടക്കുന്നെന്ന് എനിയ്ക്കും പറയാം. ശാരിയുടെ ജോലികളെ മാത്രമേ വലിയമ്മ
കാണുന്നുള്ളു. ദിവസേന കാലത്തേതന്നെ ഞാൻ തിരക്കിട്ടു പോകുന്നതു കാണുന്നുണ്ടാകും
എന്നല്ലാതെ എന്റെ തൊഴിലെന്താണെന്നോ, അതെത്രത്തോളം
പ്രധാനപ്പെട്ടതാണെന്നോ ഒന്നും വലിയമ്മയ്ക്കറിയില്ല.
“ട്രീസാമ്മയ്ക്ക് തൊണ്ടവേദന. ഒരു മുയൽച്ചെവിയനൊന്നു
പറിച്ചുവച്ചേയ്ക്കാൻ നീ ശാരിമോളോടൊന്നു പറയണേടാ. പള്ളീക്കഴിഞ്ഞു വരുമ്പ, ഞാൻ കേറണ് ണ്ട്.” വേഗം നടക്കുന്ന എനിയ്ക്ക് വലിയമ്മ
നിർദ്ദേശം തന്നു.
ഈ വലിയമ്മ ശാരിയുടെ ‘ഗ്യാങ്ങിൽ’ പെട്ടതായിരിയ്ക്കണം. മുയൽച്ചെവിയനും പനിക്കൂർക്കയ്ക്കും കയ്യുണ്യത്തിനും
മറ്റുമായി ശാരിയെ ഇടയ്ക്കിടെ സന്ദർശിയ്ക്കാറുള്ളവരുടെ കൂട്ടത്തിൽ ഈ വലിയമ്മയും
ഉണ്ടായിരിയ്ക്കണം. എല്ലാവർക്കും വേണ്ടതൊക്കെ ശാരി പറിച്ചു കൊടുക്കാറുണ്ട്. ട്രീസാമ്മ
വലിയമ്മയുടെ മകളോ മരുമകളോ പേരക്കിടാവോ മറ്റോ ആയിരിയ്ക്കണം.
ഞങ്ങളുടെ നാട്ടിൽ ആകെക്കൂടി ഒരു ചെറിയ ആശുപത്രി മാത്രമാണുള്ളത്. ഒരു
മെഡിക്കൽ സ്റ്റോറുമുണ്ട്. അവയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നവയാണ് ശാരിയുടെ
മുയൽച്ചെവിയനും പനിക്കൂർക്കയും കയ്യുണ്യവും മറ്റും. ഇവയ്ക്കൊക്കെപ്പുറമെ, മറ്റൊരു വസ്തു കൂടി അവളുടെ ‘അമൂല്യശേഖര’ത്തിലുണ്ട്: ഗൃഹവൈദ്യത്തിന്റെ പഴയൊരു ഗ്രന്ഥം. ജലദോഷവും തൊണ്ടവേദനയും
പനിയുമൊക്കെ വന്നാൽ വലിയമ്മമാരുൾപ്പെടെ പലരും നേരേ ശാരിയുടെ അടുത്തേയ്ക്കാണു വരിക.
അവളുടെ വക ചികിത്സ ഉടൻ തുടങ്ങും. “നിന്റെ ചികിത്സ പിഴച്ചാൽ
ഇവരൊക്കെ തിരികെ വന്ന് നിന്നെ ചീത്ത പറയും” എന്നു ഞാനവൾക്ക്
താക്കീതു നൽകാറുണ്ടെങ്കിലും എന്റെ മിക്ക താക്കീതുകൾക്കുമെന്ന പോലെ ഇതിനും അവൾ
യാതൊരു പ്രാധാന്യവും കല്പിയ്ക്കാറില്ല. ചികിത്സ നിർബ്ബാധം നടക്കും. അവളുടെ ഭാഗ്യം
കൊണ്ടോ എന്തോ, ഇതുവരെ ആരും ചീത്ത പറയാൻ വന്നിട്ടില്ല.
കുറച്ചു നാൾ മുമ്പ് “ശാരിമോളേ” എന്ന വിളി കേട്ടു ഞാൻ വാതിൽ തുറന്നപ്പോൾ, മറ്റൊരു
വലിയമ്മ. “ഇത്തിരി കയ്യുണ്യത്തിനാ. ശാരിമോളില്ലേ?” ശാരി തെക്കേലോ പടിഞ്ഞാറേലോ ഒന്നു പോയതായിരിയ്ക്കും. “അമ്മൂമ്മ പറിച്ചെടുത്തോ” എന്നു പറഞ്ഞ് ഞാൻ ദയാപുരസ്സരം
വലിയമ്മയെ അധികാരപ്പെടുത്തി. അപ്പോൾ “എടാ, എന്റെ കണ്ണു പിടിയ്ക്കൂല്ല. ശാരിമോളാണ് പറിച്ചു തരാറ്. നീയൊന്നു പറിച്ചു
താടാ” എന്നായി വലിയമ്മ.
ശാരി കൃഷി ചെയ്തതും അല്ലാത്തതുമായ കുറേയേറെ ചെടികൾ പറമ്പിൽ ചെറിയൊരു
സൈലന്റ് വാലി പോലെ കാടു പിടിച്ചു നിൽക്കുന്നുണ്ട്. അതിൽ കയ്യുണ്യവുമുണ്ടായിരിയ്ക്കണം.
പക്ഷേ ഇപ്പറഞ്ഞ വസ്തുവേതെന്ന് എനിയ്ക്കറിയില്ല. എന്റെ അജ്ഞതയെപ്പറ്റി വലിയമ്മയോടു
പറയാനെനിയ്ക്കു മടിയുണ്ട്. ‘ആ ശാരിമോളുടെ ചെക്കന് ഒരു
ചുക്കുമറിയില്ല’ എന്നായിരിയ്ക്കും നാട്ടിലു മുഴുവൻ പരക്കാൻ
പോകുന്നത്. എന്നാൽ പറിച്ചുകൊടുക്കുന്നത് കയ്യുണ്യത്തിനു പകരം
മറ്റെന്തെങ്കിലുമായിപ്പോയാൽ വെളുക്കാൻ തേച്ചതു പാണ്ടായതു തന്നെ. അജ്ഞത
വെളിപ്പെടുത്തുന്നതാണു നന്നെന്നു തോന്നി. അതു കേട്ടയുടനെ വലിയമ്മ മടങ്ങിപ്പോയി.
ഉള്ളിലെന്നോടൊരു നീരസം തോന്നിയിരിയ്ക്കണം. അതു പുറത്തു കാണിച്ചില്ലെങ്കിലും.
എനിയ്ക്ക് കയ്യുണ്യം പറിയ്ക്കാനറിയില്ലെങ്കിലും മറ്റു പല
കാര്യങ്ങളും ചെയ്യാനറിയാം.
റിസർവ്വ് ബാങ്ക് ഈയിടെ പലിശനിരക്കുകൾ വർദ്ധിപ്പിച്ചു. അതേത്തുടർന്ന്
ഞാൻ സേവനമനുഷ്ഠിയ്ക്കുന്ന ബാങ്കും ചില പലിശനിരക്കുകൾ വർദ്ധിപ്പിയ്ക്കാൻ
തീരുമാനിച്ചു. ഏതെല്ലാം നിരക്കുകൾ എത്രത്തോളം വർദ്ധിപ്പിയ്ക്കണമെന്ന
കാര്യകാരണസഹിതമുള്ള ശുപാർശകൾ മുന്നോട്ടു വച്ചതു ഞാനായിരുന്നു. എന്റെ ശുപാർശകൾ
ഒന്നടങ്കം ബാങ്ക് അംഗീകരിയ്ക്കുകയും ചെയ്തു. എനിയ്ക്ക് വിവരമുണ്ടെന്ന് ബാങ്കിന്റെ
ചെയർമാനും ബോർഡുമെല്ലാം സമ്മതിച്ചുകഴിഞ്ഞിട്ടുള്ള കാര്യമാണ്. പക്ഷേ, ഇവിടെ അതുകൊണ്ടൊന്നും കാര്യമില്ല, കയ്യുണ്യം എന്നു
പറയുന്ന ഔഷധച്ചെടി ഏതെന്ന് അറിയില്ലെങ്കിൽ!
ഞാൻ വീട്ടുജോലിയിൽ ശാരിയെ സഹായിയ്ക്കാറില്ല എന്നുള്ള ചില
വലിയമ്മമാരുടെ പരോക്ഷമായ ആരോപണം പരിഗണിച്ച്, ആ പേരുദോഷം
തീർക്കാനായി ഒരു ഞായറാഴ്ച ഞാൻ മമ്മട്ടിയെടുത്ത് അവിടവിടെയുള്ള പച്ചിലക്കാടുകൾ
വെട്ടിത്തെളിയ്ക്കാനൊരുങ്ങി. ശാരി ഓടിയെത്തി എന്നെ തടഞ്ഞു. അതു വെറും
പച്ചിലക്കാടല്ല, അതിനുള്ളിൽ പല ഔഷധസസ്യങ്ങളുമുണ്ടത്രെ. ഞാൻ
നിരാശനായി. എന്തെങ്കിലുമൊരു നല്ല കാര്യം ചെയ്ത് ശാരിയെ സഹായിയ്ക്കണം എന്നു
തീരുമാനിച്ചിറങ്ങിയതായിരുന്നു. എങ്കിലും, ശാരി ഓടിയെത്തിയതു
നന്നായെന്നു തന്നെ പറയണം. കയ്യുണ്യവും പനിക്കൂർക്കയും മുയൽച്ചെവിയനുമെല്ലാം ഞാൻ
വെട്ടിനശിപ്പിച്ചു കളഞ്ഞിരുന്നെങ്കിൽ അവ തേടിയെത്തുന്ന നാട്ടുകാരുടെ മുമ്പിൽ
ഞാനൊരു വില്ലൻ കഥാപാത്രം കൂടിയായേനേ.
വലിയമ്മമാരും അമ്മൂമ്മമാരും മാത്രമല്ല, ശാരിയുടെ
ഗ്യാങ്ങിലുള്ളത്. മറ്റു പ്രായക്കാരുമുണ്ട്. ഒരു ശനിയാഴ്ച പതിവിനു വിരുദ്ധമായി
ആപ്പീസിൽ നിന്നു നേരത്തേ വന്നപ്പോൾ തൊട്ടടുത്ത സ്കൂൾ വിട്ടു വരുന്ന ചില
പെൺകിടാങ്ങൾ മുമ്പേ പോകുന്നുണ്ടായിരുന്നു. പിന്നിൽ എന്നെക്കണ്ട് അവർ കാത്തു
നിന്നു. “എന്താ, ഇന്നു ശനിയാഴ്ചയും
ക്ലാസ്സുണ്ടായോ?” ഞാൻ ചോദിച്ചു.
“ഇപ്പ ശനിയാഴ്ചേമൊക്കെ ക്ലാസ്സുണ്ട്.” പരസ്പരമൊന്നു
നോക്കിയ ശേഷം അവരെന്നോടു ചോദിച്ചു, “ശാരിച്ചേച്ചീണ്ടാ
വീട്ടില്?”
“ഉണ്ടാവണം. ഞാനിപ്പൊ വരുന്നേയുള്ളു. എന്താ കാര്യം?”
“മാങ്ങ ആയിട്ടുണ്ടാവ്വോ?”
അപ്പോൾ അതാണു കാര്യം. വീടിന്റെ പടിഞ്ഞാറു വശത്ത് പൊക്കം കുറഞ്ഞ,
പന്തലിച്ചു നിൽക്കുന്ന ഒരു മാവുണ്ട്. ഒരൊന്നരയാൾപ്പൊക്കമേയുള്ളു.
മാങ്ങയുണ്ടാകുന്ന സീസണിൽ അതിൽ നിറയെ മാങ്ങയുണ്ടാകും. ചിലത് നിലത്തു
മുട്ടാറായിരിയ്ക്കും. അതുകൊണ്ട് നിലം മുട്ടെ മാങ്ങയുണ്ടാകാറുണ്ട് എന്നു തന്നെ
പറയാം.
അതു കൂടാതെ, വടക്കേ മുറ്റത്ത് രണ്ടു വലിയ മാവുകളുണ്ട്.
ഉയരമുള്ള മാവുകൾ. രണ്ടിലും മാങ്ങയുണ്ടാകും. ഉയരക്കൂടുതൽ കൊണ്ട് താനേ വീഴുന്ന
മാങ്ങകൾ മാത്രമേ കിട്ടുകയുള്ളു. താഴെ വീഴുന്ന മാങ്ങകളിൽ നല്ലവ ശാരി പെറുക്കി,
കഴുകി സൂക്ഷിച്ചു വയ്ക്കും. കുട്ടികൾ മാത്രമല്ല, മുതിർന്നവരും മാങ്ങയ്ക്കായി വന്നു കൊണ്ടിരിയ്ക്കും. മിക്കപ്പോഴും ശാരിയുടെ
പക്കൽ മാങ്ങ സ്റ്റോക്കുണ്ടാകും. വരുന്നവർക്ക് വെറും കൈയ്യോടെ മടങ്ങിപ്പോകേണ്ടി
വരാറില്ല.
പൊക്കം കുറഞ്ഞ മാവിന്റെ ചുവട്ടിലെത്തുന്ന കുട്ടികൾക്ക്
എവിടുന്നൊക്കെ മാങ്ങ പൊട്ടിച്ചു തുടങ്ങണമെന്ന് അവർക്കു തന്നെ നിശ്ചയമുണ്ടാവില്ല.
മാങ്ങകൾ കണ്ട് കണ്ണു മഞ്ഞളിച്ചു നിൽക്കുന്ന അവരെ ശാരി സഹായിയ്ക്കും. കൈ നിറയെ
മാങ്ങകളുമായി അവർ മടങ്ങുമ്പോൾ അവരുടെ മുഖത്തെ പുഞ്ചിരിയുടെ തെളിച്ചം പച്ചമാങ്ങ
തൊടുക പോലും ചെയ്യാത്ത ഞാൻ പോലും തിരിച്ചറിയാറുണ്ട്. ‘മാങ്ങ
വേണങ്കിൽ ശാരിച്ചേച്ചീടെ അടുത്തു ചെന്നാ മതി!’ ശാരിയുടെ
കുട്ടിസുഹൃത്തുക്കൾ പറഞ്ഞുകേൾക്കാറുള്ളതാണത്.
പച്ചമാങ്ങയ്ക്കായി വരുന്ന കുട്ടികളെ അത്രയധികം
പ്രോത്സാഹിപ്പിയ്ക്കേണ്ടെന്നു ഞാൻ ശാരിയെ ഉപദേശിയ്ക്കാറുണ്ട്. തോന്നുമ്പോഴൊക്കെ
അവർ കയറിവന്ന് കോലാഹലത്തോടെ മാങ്ങ പൊട്ടിയ്ക്കാൻ തുടങ്ങിയാൽ അവളുടെ തന്നെ സ്വൈരം
നഷ്ടപ്പെടും. പക്ഷേ, എന്റെ മുന്നറിയിപ്പുകൾ കൊണ്ടൊന്നും
മാങ്ങ പൊട്ടിയ്ക്കാനായുള്ള കുട്ടികളുടെ വരവ് കുറയാറില്ല. മാത്രമല്ല, ഇടയ്ക്കിടെ ശാരിയുടെ വക സൽക്കാരവും അവർക്കു ലഭിയ്ക്കാറുണ്ട്. ഒരു സോസറിൽ
ഉപ്പും മുളകും വെളിച്ചെണ്ണയിൽ ചാലിച്ചുകൊടുക്കും. പച്ചമാങ്ങ അതിൽ മുക്കി അവരതു
തിന്നുന്നതു കാണുമ്പോൾ, കോഴിക്കോടനലുവയാണോ ഇവർ തിന്നുന്നത്
എന്നു തോന്നിപ്പോകും.
ആ പൊക്കം കുറഞ്ഞ മാവിന് ചെറിയൊരു ചരിത്രമുണ്ട്. ഞങ്ങളുടെ വിവാഹം
കഴിഞ്ഞയുടനെ, ശാരിയുടെ ചെറിയമ്മാവന്റെ വീട്ടിൽ വിരുന്നു
ചെന്നപ്പോൾ അവിടുത്തെ മുറ്റത്തുണ്ടായിരുന്നു, കൈയ്യെത്തിച്ചു
പൊട്ടിയ്ക്കാവുന്ന മാങ്ങകൾ തൂങ്ങിക്കിടക്കുന്ന, പൊക്കം
കുറഞ്ഞൊരു മാവ്. അതിൽ നിന്നുള്ള മാങ്ങകൾ അമ്മാവൻ പഴുപ്പിയ്ക്കാൻ വച്ചിരുന്നു.
അമ്മാവൻ തന്നെ ശ്രദ്ധയോടെ മാമ്പഴം ചെത്തിമുറിച്ചു ഞങ്ങൾക്കു തന്നു. പോരുമ്പോൾ ഒരു
സഞ്ചി നിറയെ മാമ്പഴവും തന്നയയ്ക്കുകയും ചെയ്തു. അവയിൽ ചിലത് ശാരി നട്ടു. ഒരെണ്ണം
പിടിച്ചു. അതാണീ മാവ്.
മാവിന്മേൽ മാങ്ങയുണ്ടായിട്ടുണ്ടോ എന്നു സ്കൂൾകുട്ടികൾ ചോദിച്ച
ചോദ്യത്തിന് വ്യക്തമായ മറുപടി കൊടുക്കാൻ എനിയ്ക്കായില്ല. പച്ചമാങ്ങ
എനിയ്ക്കിഷ്ടമല്ല. എനിയ്ക്കതൊരു വിശിഷ്ടവസ്തുവല്ല. അതുകൊണ്ട്
മാങ്ങയുണ്ടായാൽത്തന്നെയും ഞാനതു ശ്രദ്ധിയ്ക്കാറില്ല. ആ മാവിന്റെ ചോട്ടിലൂടെ നടക്കുമ്പോൾ
മാങ്ങകൾ കണ്ണിലും മൂക്കിലും മുട്ടും. മാങ്ങകളിൽ മാത്രമല്ല, മാവിൻ
ചില്ലകളിലും മുട്ടും, പുളിയുറുമ്പിന്റെ കടി കൊള്ളുകയും
ചെയ്യും. അതുകൊണ്ട് ആ മാവിന്റെ ഭാഗത്തേയ്ക്കു പോലും ഞാൻ പോകാറില്ല.
“വന്നു നോക്കിൻ,” ഞാൻ ആ കുട്ടികളോടു പറഞ്ഞു.
സ്വന്തം വീടിനോടു ചേർന്നുള്ള മാവ്. അതും ഈ പരിസരത്തുള്ളവർക്കൊക്കെ സുപരിചിതമായ
മാവ്. അതിൽ മാങ്ങയുണ്ടായിട്ടുണ്ടോ എന്നു ഞാനറിയാത്തത് ഒരു നാണക്കേടാണെന്നു തോന്നി.
ഇനി അക്കാര്യം അറിഞ്ഞു വയ്ക്കണം. അല്ലെങ്കിൽ ‘ശാരിച്ചേച്ചീടെ
ചേട്ടന് ഒരു ചുക്കുമറിയില്ല’ എന്നായിരിയ്ക്കും ഈ കുട്ടികളും
പറഞ്ഞു നടക്കാൻ പോകുന്നത്. അഖിലേന്ത്യാതലത്തിലുള്ള ഒരു ബാങ്കിന്റെ
നയരൂപീകരണത്തിന്റെ ചുക്കാൻ എന്റെ കൈയ്യിലാണ് എന്നു പറഞ്ഞാലൊന്നും ഇവിടെ, ഇവരുടെ ഇടയിൽ വിലപ്പോവില്ല. വീട്ടിലെ മാവിൽ മാങ്ങയുണ്ടായിട്ടുണ്ടോ എന്ന
ചോദ്യത്തിനുള്ള റെഡിയുത്തരമാണ് ഇവർക്കാവശ്യം.
അതുകൊണ്ടു തന്നെ, ശാരിയുമൊരുമിച്ചു ഞാൻ
പുറത്തേയ്ക്കിറങ്ങിയാൽ കുട്ടികളും വലിയമ്മമാരും അമ്മൂമ്മമാരുമടങ്ങിയൊരു ‘പുരുഷാരം’ എന്നെ അവഗണിച്ചുകൊണ്ട് അവളെ പൊതിയും.
എന്നിട്ടെന്തൊക്കെയാണ് അവർ അവളോട് ആവേശപൂർവ്വം സംസാരിയ്ക്കുന്നത്? സംവാദങ്ങളുടെ സാമ്പിളുകളിതാ: “മോളേ, ചെക്കനെ പറഞ്ഞു വിടാം, ആരിവേപ്പിന്റെ ഇല ഒരു
മൂന്നെണ്ണം പറിച്ചു കൊടുക്കണേ. രാവിലേ തന്നെ തിന്നണംന്ന് വൈദ്യരു പറഞ്ഞട്ട് ണ്ട്”.
മറ്റൊന്ന്: “അങ്ങേരടെ ചൊമ മാറണില്ല, ചേച്ചീ. ആടലോടകത്തിന്റെ ഇലനീരില് ഇഞ്ചിനീരും തേനും ചേർത്തു കൊടുക്കാൻ പറഞ്ഞട്ട്
ണ്ട്. ആടലോടകം ചേച്ചീടെ വീട്ടില് ണ്ട് ന്ന് വടക്കേലെ മേരിക്കുട്ടി പറഞ്ഞു. കൊറച്ചു
കഴീമ്പ ഞാൻ വരട്ടേ, ചേച്ചീ. രണ്ടെല മതി.”
വിഷുവിനു മുമ്പാണെങ്കിൽ വിശേഷമായി. മിക്കവർക്കും കൊന്നപ്പൂ വേണം.
വർഷങ്ങൾക്കു മുമ്പു ശാരി നട്ട കൊന്നച്ചെടി വളർന്നു മരമായി. വിഷുവിനു മുമ്പു തന്നെ
അതു പൂത്തു പരിലസിച്ചു നിൽക്കുക പതിവാണ്. അകലെ നിന്നു പോലും അതു കാണുകയും ചെയ്യാം.
വരുന്നവർക്കൊക്കെ പൂക്കളുള്ള ചെറു കൊമ്പുകൾ തോട്ടികൊണ്ട് തോണ്ടിയിട്ടു കൊടുക്കുന്ന
ഡ്യൂട്ടി എന്റേതാണ്. എനിയ്ക്കാണെങ്കിൽ ഇത്തരം സേവനങ്ങളിലൊന്നും തീരെ താത്പര്യമില്ല.
അടുപ്പിച്ചടുപ്പിച്ചു തോണ്ടിയിട്ടു കൊടുക്കേണ്ടി വരുമ്പോൾ അവളെന്റെ പുറത്തൊന്നു
സ്പർശിയ്ക്കും, “സാരല്യാട്ടോ” എന്ന
മട്ടിൽ.
ഓണക്കാലത്താണു കൂടുതൽ തിരക്ക്. ശല്യം എന്നു പറയുകയാവും ശരി. പുരയിടത്തിൽ
മുക്കൂറ്റിപ്പൂവും തുമ്പപ്പൂവും, മുറ്റത്തിന്റെ അരികിലുള്ള
ചെത്തിച്ചെടികളിൽ ചെത്തിപ്പൂക്കളും സമൃദ്ധം. അതൊക്കെ കൊണ്ടു പൊക്കോട്ടെ, വിഷമമില്ല. പക്ഷേ, മുൻവശത്തൊരു
ചെമ്പരത്തിച്ചെടിയുണ്ട്; അതിലെ പൂക്കൾക്ക് പിങ്കു നിറമാണ്.
എനിയ്ക്ക് ഏറ്റവുമധികം ഇഷ്ടമുള്ള നിറമാണു പിങ്ക്. വാതിൽ തുറക്കുമ്പോൾ മിക്കപ്പോഴും
സ്വാഗതം ചെയ്യുന്നത് പിങ്ക് നിറത്തിലുള്ള, അതിമനോഹരമായ
ചെമ്പരത്തിപ്പൂവായിരിയ്ക്കും. അതിന്റെ നിറവും അഴകും മൂലം ഞാൻ അതിനെത്തന്നെ
നോക്കിനിന്നു പോകാറുണ്ട്. റോസൊന്നും അതിന്റെ അടുത്തുപോലും വരില്ലെന്നാണ് എന്റെ
പക്ഷം.
ചെമ്പരത്തിച്ചെടികൾ അവിടവിടെ വേറെയുമുണ്ടെങ്കിലും അവയിലൊന്നും
ഇത്തരം പിങ്ക് നിറത്തിലുള്ള പൂക്കളില്ല. ഏറെ നാൾ മുമ്പ് ശാരിയും ഞാനും കൂടി
കാഞ്ഞാണിയിലുള്ള ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം
ബസ്റ്റോപ്പിലേയ്ക്കു നടക്കുകയായിരുന്നു. വഴിയിലെ ഒരു വേലിയ്ക്കൽ ഈ
ചെമ്പരത്തിപ്പൂവു നിൽക്കുന്നു. പിങ്ക് ചെമ്പരത്തി അതിനു മുമ്പു ഞാൻ
കണ്ടിരുന്നില്ല. “ഹൌ, എന്തൊരു ഭംഗി!”
ഞാനറിയാതെ പറഞ്ഞുപോയി. അതബദ്ധമായി. കാരണം, അടുത്ത
നിമിഷം അവൾ കൂസലില്ലാതെ ഗേറ്റു തുറന്ന് അകത്തു കടന്നു. ഒരു പരിചയവുമില്ലാത്ത വീട്.
വല്ല പട്ടിയുമുണ്ടെങ്കിലോ. “നീയിതെവിടെയ്ക്കാ കേറിപ്പോണത്?”
ഞാൻ വേവലാതിയോടെ ചോദിച്ചു. അപരിചിതർ കയറിച്ചെല്ലുന്നതു കണ്ട്
വീട്ടുകാരിറങ്ങി വന്നു. “ആ ചെമ്പരത്തീടെ ഒരു കൊമ്പു
വേണായിരുന്നു.” അവളുടെ ലളിതമായ ആവശ്യം കേട്ട് അവർ ഒരു കൊമ്പു
മുറിച്ച് കടലാസ്സിൽ പൊതിഞ്ഞ് കിറ്റിലാക്കി ആഹ്ലാദത്തോടെ സമ്മാനിച്ചു.
തിരികെ വീട്ടിൽ വന്നു കയറിയതു രാത്രിയായിരുന്നെങ്കിലും, അപ്പോൾത്തന്നെ അവളതു നട്ടു. അതു പിടിച്ചുവെന്നു മാത്രമല്ല, ഒരാൾപ്പൊക്കത്തിലാകുകയും ചെയ്തിരിയ്ക്കുന്നു. ഓണത്തിനു പൂ പെറുക്കാൻ
വരുന്ന കുട്ടികൾ പിങ്ക് ചെമ്പരത്തിപ്പൂക്കളിലും നോട്ടമിടുമ്പോൾ എന്റെ ഭാവം മാറും.
അതവൾക്കറിയാം. “പാവങ്ങളല്ലേ, കൊണ്ടൊക്കോട്ടെ”
എന്ന മട്ടിൽ അവളെന്നെ നോക്കും. ചെമ്പരത്തിപ്പൂ ഇറുത്തെടുക്കുമ്പോൾ
ഞാൻ മ്ലാനതയോടെ നോക്കിനിൽക്കും. ആ മ്ലാനത മാറ്റാൻ വേണ്ടി അവൾ ചാണകമടങ്ങുന്ന
സ്പെഷ്യൽ ആഹാരം അന്നു തന്നെ ചെമ്പരത്തിച്ചെടിയെ ഊട്ടും. “വേഗമൊരു
പിങ്കു പൂവ് വിടർത്തിക്കൊടുക്കൂട്ടോ” എന്ന നിർദ്ദേശത്തോടെയായിരിയ്ക്കും
അവളുടെ ചാണകമൂട്ട്! എന്നിട്ട്, “പോരേ?” എന്ന മട്ടിൽ എന്റെ നേരേ നോക്കുകയും ചെയ്യും. ചെമ്പരത്തിച്ചെടിയും അവളുടെ
ആരാധിക തന്നെ. കാരണം, മിക്കപ്പോഴുമത് അടുത്ത ദിവസം തന്നെ
എനിയ്ക്കായി ചെമ്പരത്തിപ്പൂ വിടർത്തിക്കാണിയ്ക്കും.
ഇന്നാട്ടിലെ ജനത്തിന് എന്നോട് പൊതുവിലൊരു പരിഹാസമുണ്ട്
എന്നെനിയ്ക്കു തോന്നാറുണ്ടെങ്കിലും, ശാരി എന്റെ ഭാര്യയാണ്,
അല്ലെങ്കിൽ ഞാൻ ശാരിയുടെ ഭർത്താവാണ് (“ശാരിമോൾടെ
ചെക്കൻ”) എന്ന കാര്യം മിക്കവരും അംഗീകരിയ്ക്കുന്നുണ്ട്.
പക്ഷേ, അതംഗീകരിയ്ക്കാത്ത രണ്ടു ജീവികൾ തൊട്ടയല്പക്കത്തു
തന്നെയുണ്ട്: മണിക്കുട്ടിയും അമ്മിണിയും. ചെറു കൊമ്പുകളും കറുത്ത നിറവുമുള്ള
വലിയൊരു പശുവാണ് മണിക്കുട്ടി. ‘മണിക്കുട്ടിയുടെ മുഖത്തു
നിന്നു കണ്ണെടുക്കാൻ തോന്നുകയില്ല’ എന്ന് ശാരി ഇടയ്ക്കിടെ
പറയാറുണ്ട്. അവൾ കാണുന്ന അഴകൊന്നും ആ പശുവിൽ എനിയ്ക്കു കാണാൻ കഴിഞ്ഞിരുന്നില്ല; മാത്രമല്ല, അതൊരു കറുത്ത ഭീകരജീവിയായാണ് എനിയ്ക്കു
തോന്നിയിരുന്നതും. മറ്റേത് അമ്മിണി. ഒരു പുള്ളിപ്പശു. അമ്മിണിയ്ക്ക് കുറേക്കൂടി
വലിയ കൊമ്പുകളുണ്ട്. മാരകമായ കൊമ്പുകൾ.
മണിക്കുട്ടിയും അമ്മിണിയും കൊച്ചൌസോച്ചേട്ടന്റെ പശുക്കളാണ്. സമൃദ്ധമായ
പുല്ലെവിടെയുണ്ടോ, അവിടെയൊക്കെ കൊച്ചൌസോച്ചേട്ടൻ അവരെ
കൊണ്ടുചെന്നു കെട്ടാറുണ്ട്. അങ്ങനെ അവർ ഇരുവരും ഞങ്ങളുടെ വേലിയ്ക്കകത്തുമെത്താറുണ്ട്.
പുല്ലു മുഴുവൻ അവർ വെളുപ്പിയ്ക്കും. അതൊരു നല്ല കാര്യം തന്നെ. പക്ഷേ, ഇവർ അവിടം മുഴുവൻ ചാണകമിട്ടു ജോറാക്കും! കയറിനു നീളമുണ്ടെങ്കിൽ നടക്കുന്ന
വഴിയും അവർ ചാണകം കൊണ്ടു മെഴുകും. എനിയ്ക്കാണെങ്കിൽ ചാണകം കാണുന്നതു തന്നെ
അസഹനീയം. ശാരിയാകട്ടെ, ചാണകം കണ്ടാൽ അതിന്മേൽ കമഴ്ന്നു
വീഴും: ഇരുമ്പുചട്ടിയും കൊലേരിയുമായി ചാണകം അവൾ റാഞ്ചിക്കൊണ്ടു പോകുന്നു.
ചെടികൾക്കായി വീതിച്ച് സായൂജ്യമടയുന്നു.
ഒരു ദിവസം ഞാനും ശാരിയും കൂടി നടന്നു പോകുമ്പോൾ മണിക്കുട്ടി ഒരു
കാണ്ടാമൃഗത്തെപ്പോലെ എന്റെ നേരേ ഇരച്ചു വന്നു. ഇതിനെ ഗേറ്റിനുള്ളിൽ
കൊച്ചൌസോച്ചേട്ടൻ കൊണ്ടുവന്നു കെട്ടിയത് ആരറിഞ്ഞു! പാന്റ്സും ഷൂസുമൊക്കെയിട്ടിരുന്ന
ഞാൻ ആ ഭീകരജീവിയുടെ വരവുകണ്ട് ഗ്ലാമറെല്ലാം വെടിഞ്ഞ് ജീവനും കൊണ്ടോടി, ഗേറ്റിനു പുറത്തേയ്ക്ക്. ഈ മാരണത്തിനെ ഇവിടെത്തന്നെ കൊണ്ടുവന്നു കെട്ടിയേ
തീരുവോ, കൊച്ചൌസോച്ചേട്ടന്.
ഭാര്യയെ രക്ഷിയ്ക്കാൻ ചുമതലപ്പെട്ട ഞാനങ്ങനെ ഭീരുവെപ്പോലെ
ഓടിപ്പോകാൻ പാടില്ലാത്തതാണ്. മരണഭയത്തോടെയുള്ള ആ ഓട്ടത്തിനിടയിൽ ചുമതലകളെപ്പറ്റി
ഓർക്കാനുള്ള സാവകാശം കിട്ടിയില്ല. ഗേറ്റിനു പുറത്ത്, സുരക്ഷിതമായ
അകലത്തിലെത്തി ഞാൻ ഉൽക്കണ്ഠയോടെ തിരിഞ്ഞു നോക്കി: ആ കാണ്ടാമൃഗത്തിന്റെ മുന്നിൽ
പാവം ശാരിയ്ക്കെന്തു ചെയ്യാനാകും! പക്ഷേ, ഞാൻ കണ്ട കാഴ്ച
എന്നെ ആശ്ചര്യസ്തബ്ധനാക്കി. എന്റെ നേരേ രൌദ്രഭാവത്തിൽ ഇരച്ചു വന്നിരുന്ന
മണിക്കുട്ടിയുടെ കഴുത്തിൽ ശാരി വാത്സല്യത്തോടെ തലോടുന്നു. മണിക്കുട്ടി ഒരു
പൂച്ചയെപ്പോലെ അടങ്ങിയൊതുങ്ങി നിന്ന് ആ വാത്സല്യം നുകരുന്നു.
എന്റെ നേരേ മുജ്ജന്മശത്രുക്കളെപ്പോലെ കൊമ്പുകുലുക്കി ഓടിയടുക്കുന്ന
ഈ ഭീകരജീവികളെ ശാരിയെങ്ങനെ മയക്കിയെടുത്തെന്നു മനസ്സിലായത് ഒരാഴ്ചയോളമെനിയ്ക്ക് പനിപിടിച്ചു
വീട്ടിലിരിയ്ക്കേണ്ടി വന്നപ്പോഴാണ്. പകൽ മുഴുവനും ശാരിയ്ക്കു തിരക്കു തന്നെ.
മുറ്റത്തും മറ്റും കൊച്ചുകൊച്ചുകാര്യങ്ങൾ ചെയ്തുകൊണ്ട് അവളങ്ങനെ നടക്കും. മുൻ
ഭാഗത്തെ വരാന്തയിലിരുന്ന് അവളുടെ പ്രവർത്തനങ്ങൾ കാണുകയായിരുന്നു, ആ ആഴ്ച മുഴുവനും എന്റെ മുഖ്യജോലി.
അങ്ങനെയിരിയ്ക്കുമ്പോഴാണ്, അവളെ
നോക്കിക്കൊണ്ടിരിയ്ക്കുന്നത് ഞാൻ മാത്രമല്ലെന്നു മനസ്സിലായത്. ഗേറ്റിനോടു
ചേർന്നുള്ള മതിലിനു ചെറിയ നീളം മാത്രമേയുള്ളു. ശേഷിയ്ക്കുന്ന വേലി മുഴുവൻ
ശീമക്കൊന്ന കൊണ്ടുള്ളതാണ്. അങ്ങോട്ടുമിങ്ങോട്ടും കാണാം. അകലെ, കൊച്ചൌസോച്ചേട്ടന്റെ പറമ്പിൽ മണിക്കുട്ടിയും അമ്മിണിയും സ്റ്റാച്യു പോലെ
നിശ്ചലരായി വേലിയ്ക്കിടയിലൂടെ ശാരിയെത്തന്നെ ഉറ്റുനോക്കിക്കൊണ്ടു നിൽക്കുന്നു.
ഇവളുടെ ഓരോ അനക്കവും അവരിൽ അനുരണനങ്ങളുണ്ടാക്കുന്നു.
“രണ്ടാളുകള് നിന്നെത്തന്നെ നോക്കിക്കൊണ്ടു നിൽക്കണ് ണ്ട്,” ഞാൻ പറഞ്ഞു.
“ഊണു കഴിയട്ടെ. കഞ്ഞിവെള്ളം ബാക്കിവരും. അതു കൊടുക്കാം.” അവരുടെ നോട്ടം അവൾ നേരത്തേ തന്നെ കണ്ടിരിയ്ക്കുന്നു.
അവരുടെ വിശിഷ്ടഭോജ്യവസ്തുക്കൾ എന്തൊക്കെയെന്ന് എനിയ്ക്ക് ഏകദേശരൂപം
കിട്ടിയത് അങ്ങനെയാണ്. വീട്ടിലെ കാടിവെള്ളം സ്ഥിരമായി അവർക്കുള്ളതാണ്. കഞ്ഞിവെള്ളം
ബാക്കിവന്നാൽ അതും. കവുങ്ങിൻ പട്ട - തണങ്ങ് എന്നും പറയും - വീണുകിട്ടിയാൽ ശാരി
അതിന്റെ പാളയുടെ നല്ല വശമെടുത്ത് ചെറു കഷണങ്ങളാക്കി മുറിച്ച് ഇരുവർക്കും സമമായി
കൊടുക്കുന്നു. ശീമക്കൊന്നയിലയാണ് മറ്റൊന്ന്. പിന്നെ സുലഭമായി വെള്ളവും.
പ്രായമേറെച്ചെന്നെങ്കിലും കൊച്ചൌസോച്ചേട്ടൻ എന്തെങ്കിലുമൊക്കെ
പണികൾക്കായി ദിവസേന കാലത്തേ തന്നെ പോകും. കൊച്ചൌസോച്ചേട്ടന്റെ ഭാര്യ
മേരിച്ചേടത്തിയ്ക്ക് ആരോഗ്യക്കുറവു മൂലം പശുക്കളെ പരിചരിയ്ക്കാൻ സാധിയ്ക്കാറില്ല.
മകൻ വർഗ്ഗീസ് നാട്ടിലില്ല. വർഗ്ഗീസിന്റെ ഭാര്യ ലില്ലിയും കൊച്ചൌസോച്ചേട്ടനെപ്പോലെ,
രാവിലേ തന്നെ പണിയ്ക്കു പോകും. പണിത്തിരക്കനുസരിച്ച് അവരുടെ
മടങ്ങിവരവ് വൈകിയെന്നു വരാം. അതിനിടയിൽ ശാരി തന്നെ മണിക്കുട്ടിയ്ക്കും അമ്മിണിയ്ക്കും
ശരണം. പിന്നെയെങ്ങനെയാണ് അവളെക്കാണുമ്പോഴേയ്ക്ക് അവരെഴുന്നേറ്റ് സ്റ്റാച്യു ആകാതിരിയ്ക്കുക?
ഭീമാകാരങ്ങളായ ആ പശുക്കളുടെ കാറ്റേറ്റാൽ മതി ഇത്തിരി മാത്രമുള്ള
ശാരി മറിഞ്ഞു വീഴാൻ. അതുകൊണ്ട് അവയോട് അധികം വാത്സല്യം കാണിയ്ക്കേണ്ടെന്നു ഞാനവളെ
ഉപദേശിയ്ക്കാറുണ്ട്. പക്ഷേ, ആ ഉപദേശം അവൾ കേട്ടതായിപ്പോലും
നടിയ്ക്കാറില്ല. കൊച്ചൌസോച്ചേട്ടൻ നല്ല മനുഷ്യനാണ്. അമ്മയുള്ള കാലം മുതൽ ഞങ്ങളുടെ
അയൽക്കാരനാണ്. അയൽക്കാരെ ആവുന്നത്ര സഹായിയ്ക്കുക നല്ല കാര്യം തന്നെ. എങ്കിലും ആ
ഭീകരജീവികൾ...
“ചേട്ടാ, ഒന്നു വരൂ.” ഒരൊഴിവു
ദിവസം രാവിലെ ശാരി എന്നെ വിളിച്ചു. കുളത്തിനരികിൽ ഒരു പ്ലാവുണ്ട്. വരിക്കപ്ലാവ്.
ശാരി നട്ടുപിടിപ്പിച്ചതാണ്. അതിൽ ആദ്യമായി ചക്കയുണ്ടായിരിയ്ക്കുന്നു. പ്ലാവിൽ ചെറിയൊരു
കോണി ചാരിവച്ചിട്ടാണ് അവളുടെ വിളി. അവൾ നിർദ്ദേശങ്ങൾ തന്നു: മൂന്നു പടി കയറുക.
ചക്ക വെട്ടുക. താഴെ വീഴുന്ന ചക്ക നിലത്തുവീഴാതെ അവൾ രണ്ടു കൈകൊണ്ടും പിടിച്ചോളും. “ഞാനതു വെട്ടിയിട്ടാൽ അത് നിന്റെ തലയിലാകും വീഴുക. നീ മാറി നിൽക്ക്. ചക്ക
നിലത്തു വീണോട്ടെ.” ഞാൻ പറഞ്ഞു.
അവളതു സമ്മതിച്ചില്ല. ഈ ചക്ക നിലത്തു വീഴാതെ വേണം പറിയ്ക്കാൻ.
നിർബന്ധം സഹിയ്ക്കവയ്യാതെ, ഞാൻ കോണിയിൽ കയറി ചക്ക
വെട്ടാനാരംഭിച്ചു. ചക്കയ്ക്ക് വലിപ്പമധികമില്ല. ഉയരവും അധികമില്ല. എന്നാലും അതു
താഴെ വീഴാതെ പിടിച്ചെടുക്കാൻ ഇവൾക്കെങ്ങനെയാകും? ആശങ്കയോടെ
ഞാൻ ചക്ക വെട്ടി. താഴെ വീണുപോകാതെ ശാരി അത് പിടിച്ചെടുത്തു.
ചക്ക പഴുത്തു വരുന്നതേയുള്ളു. “ഇതാരാ തിന്നുക?”
ഞാൻ അതിശയിച്ചു.
“ഇതു വറുക്കണം.”
“ഓ, ഇത്രയധികം ചക്കവറുത്തത് ആരാ തിന്നു
തീർക്കുക?”
“എല്ലാവർക്കും കൊടുക്കാം.”
എനിയ്ക്കു ചക്ക മുറിയ്ക്കാനറിയില്ല. ചക്കവിളഞ്ഞീൻ എന്ന
കിനാവള്ളിപ്പിടിത്തത്തിൽ പെട്ടുപോയ ചരിത്രങ്ങളാണ് എനിയ്ക്കുള്ളത്. അതുകൊണ്ട് ആ
ചക്ക അവൾ തന്നെ വെട്ടിമുറിച്ചു. മുഴുവനും വറുത്തു. വലിയൊരു കുപ്പി നിറയെ ചക്ക
വറുത്തതു കൊണ്ടുപോയി ലില്ലിയെ ഏല്പിച്ചു. ലില്ലിയ്ക്ക് ആശ്വാസമായി. “ഒന്നൂല്ലേന്നു ചോദിച്ചുംകൊണ്ടാ ഇവിടുത്തെപ്പിള്ളേര് കളീം കഴിഞ്ഞ് വരണത്.
ശാരിച്ചേച്ചി ഇതു കൊണ്ടെത്തന്നതുകൊണ്ടു ഞാൻ രക്ഷപ്പെട്ടു.” ചക്ക
വറുത്തത് മറ്റയല്പക്കങ്ങളിൽ കൊടുത്തുകഴിഞ്ഞപ്പോഴേയ്ക്ക് ലില്ലിയുടെ മക്കൾ, ടെസ്സിയും റെന്നിയും, ഓടിവന്നു പറഞ്ഞു, “ശാരിച്ചേച്ചീ, ചക്കവറത്തത് അടിപൊളി!” അവർ കൊണ്ടുവന്ന കുപ്പി ശാരി വീണ്ടും നിറച്ചുകൊടുത്തു.
കടച്ചക്കയുണ്ടാകുന്ന സീസണിൽ കടച്ചക്കയും, മാങ്ങാസീസണിൽ
മാങ്ങയും ഇതേ പോലെ അയല്പക്കങ്ങളിലെത്തുന്നു. കടച്ചക്കയും ചിലപ്പോഴൊക്കെ
വറുത്തായിരിയ്ക്കും അയല്പക്കങ്ങളിലേയ്ക്കു പോകുന്നത്. മാങ്ങ ഉപ്പിലിട്ടും മുളകുപൊടിയിട്ടും.
“എന്റെ ശാരീ, നീ വെറുതേ
കൂലിയില്ലാപ്പണിയെടുക്കല്ലേ,” ഞാനവളെ ഗുണദോഷിയ്ക്കും. “ഇതൊക്കെ അവരടേം കൈയ്യിലുണ്ടാകും. നീ കൊണ്ടുപോയി കൊടുക്കേണ്ട കാര്യമില്ല.
തന്നേമല്ല, ഇതൊന്നും ആരും ഓർത്തു വയ്ക്കില്ല. പാടുപെട്ടതു
വെറുതെയാകും.”
എന്റെ ഗുണദോഷിയ്ക്കൽ ആരു കേൾക്കാൻ!
ഒരു ദിവസം ഒരു ടൂറു കഴിഞ്ഞ് ഉച്ചയൂണിന്റെ നേരത്ത് മുന്നറിയിപ്പു
കൊടുക്കാതെ ഞാൻ വീട്ടിലെത്തി. ശാരി വാതിൽ തുറന്നു. അകത്തേയ്ക്കു കടക്കുമ്പോൾ ഞാൻ
കണ്ടത് ഊണുമുറിയിൽ ഒരു മൊട്ടത്തലയനിരുന്ന് എന്തോ കഴിച്ചുകൊണ്ടിരിയ്ക്കുന്നതാണ്.
ആരായിരിയ്ക്കുമിയാൾ എന്ന് ഉള്ളിൽ ചോദിച്ചുകൊണ്ട് ഞാൻ ഊണുമുറിയിലേയ്ക്കു കടന്നു.
ഊണു കഴിച്ചുകൊണ്ടിരുന്നയാൾ എന്നെ കണ്ടപ്പോൾ വികൃതമായി മന്ദഹസിച്ചു. പറ്റെ
ക്രോപ്പുചെയ്തിരിയ്ക്കുന്ന ശിരസ്സ്. കുഴിഞ്ഞ കണ്ണുകൾ. കറുത്ത കൺതടങ്ങൾ. ഇരുണ്ട
മുഖം. എല്ലുന്തിയ ശരീരം.
ലൂസി! തെക്കേലെ സേവിയുടെ ഭാര്യ. വാഴയിലയിൽ ഊണു കഴിയ്ക്കുന്ന ആ
അവശരൂപം ലൂസിയാണെന്ന് ആദ്യം മനസ്സിലായതേയില്ല. സേവിയുടെ പഴയ ഷർട്ടും
ധരിച്ചിരിയ്ക്കുന്നു.
കീമോത്തെറപ്പി നടത്തിയതോടെ ലൂസി കണ്ടാലറിയാത്ത വിധം മാറിപ്പോയെന്ന്
ശാരി നേരത്തേ സൂചിപ്പിച്ചിരുന്നു. എങ്കിലും ലൂസി ഇത്രത്തോളം
അവശയായിട്ടുണ്ടാകുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. ഏതാനും വർഷങ്ങൾക്കു മുമ്പ് സേവി
ലൂസിയെ കല്യാണം കഴിച്ചുകൊണ്ടുവരുമ്പോൾ ഇവൾക്കെന്തു ചുറുചുറുക്കായിരുന്നു!
“കേശുച്ചേട്ടാ, ശാരിച്ചേച്ചീടെ ചോറാണ്
കുറച്ചുനാളായി ഞാൻ കഴിയ്ക്കണത്,” ലൂസി പറഞ്ഞു. തളർന്ന സ്വരം.
ലൂസിയുടെ സ്വരവും മാറിപ്പോയിരിയ്ക്കുന്നു. ക്യാൻസർ നിർദ്ദയമായ രോഗം തന്നെ.
ലൂസിയ്ക്ക് ക്യാൻസറുണ്ട് എന്നറിഞ്ഞ് ഞങ്ങൾ നടുങ്ങിയിരുന്നു. ശാരിയ്ക്ക് ഏതാനും
ദിവസം ശാന്തമായി ഉറങ്ങാനും കഴിഞ്ഞിരുന്നില്ല. ആ വാർത്ത അവളെ അത്രയ്ക്ക് അസ്വസ്ഥയാക്കിയിരുന്നു.
“പാവങ്ങളുടെ കഷ്ടകാലം മാറണില്ല.” അവളന്നു പറഞ്ഞിരുന്നു.
“എരൂളി കൊറച്ചുകൂടി ഒഴിയ്ക്കട്ടേ, ലൂസീ?”
ശാരി എരൂളിയും തവിയുമെടുത്തു റെഡിയായിക്കൊണ്ടു ചോദിച്ചു. അത്ഭുതം.
ലൂസി ഒഴിയ്ക്കാൻ പറഞ്ഞു.
“ലൂസി കഴിയ്ക്കണ മരുന്നുകൾക്കു വിരുദ്ധമാകുമോ എരൂളീം മറ്റും?”
ഞാൻ ആശങ്കയോടെ ചോദിച്ചു.
“മരുന്നൊക്കെ കഴിച്ചു മതിയായി. ശാരിച്ചേച്ചീടെ ഊണാ ഇനി ഞാൻ
കഴിയ്ക്കണത്.” എരൂളി ഒഴിച്ച ചോറു കഴിയ്ക്കുന്നതിന്നിടെ ലൂസി
പറഞ്ഞു. “അധികം നാളൊന്നും ഇനിയില്ല, കേശുച്ചേട്ടാ.”
ശാരി ലൂസിയുടെ പുറത്തു തലോടി. ശിരസ്സ് നെഞ്ചോടു ചേർത്തു. ലൂസി
നിശ്ശബ്ദമായി കണ്ണീരൊഴുക്കി. ഞാൻ മ്ലാനതയോടെ നോക്കിനിന്നു.
ഊണു കഴിഞ്ഞ ശേഷം ലൂസിയെ ശാരി വെയിൽ കൊള്ളിയ്ക്കാതെ കുട ചൂടിച്ച്
പയ്യെ വീട്ടിൽ കൊണ്ടുചെന്നാക്കി.
ശാരി തിരിച്ചുവന്നപ്പോൾ ഞാനക്കാര്യം വീണ്ടുമെടുത്തിട്ടു. ക്യാൻസർ
രോഗിയ്ക്ക് ഡോക്ടറുടെ നിർദ്ദേശമനുസരിച്ചുള്ള ആഹാരം വേണം കൊടുക്കാൻ. അല്ലാത്തവ ദോഷം
ചെയ്തേയ്ക്കാം.
ശാരി കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു പറഞ്ഞു, “പാവം
ഇഷ്ടപ്പെട്ടതൊക്കെ കഴിയ്ക്കട്ടെ.”
സേവിയ്ക്ക് ദിവസേന ജോലിയ്ക്കു പോകാനുള്ളതുകൊണ്ട് ലൂസിയുടെ ഭക്ഷണം
തയ്യാറാക്കാനായി പ്രായമുള്ള ഒരു ചേടത്തിയെ സേവി ഏർപ്പാടാക്കിയിരുന്നു. അതിനുള്ള
സാമ്പത്തികം സേവിയ്ക്കുണ്ടായിട്ടല്ല. എന്നാൽ ആ ചേടത്തിയുണ്ടാക്കിയ ഭക്ഷണം
രുചിയുള്ളതായി ലൂസിയ്ക്കു തോന്നിയിരുന്നില്ല. രോഗവും
മരുന്നുകളുമായിരുന്നിരിയ്ക്കണം അതിന്റെ മുഖ്യകാരണം.
കീമോ തെറപ്പി കഴിഞ്ഞു വന്ന ലൂസിയെക്കാണാൻ ശാരി പതിവായി
ചെല്ലുമായിരുന്നു. ചെല്ലുമ്പോൾ അവൾക്കു രുചിയ്ക്കുന്ന എന്തെങ്കിലുമൊക്കെ കൊണ്ടുപോയി
കൊടുത്തിരുന്നു. ആഹാരം കഴിയ്ക്കാനാകാതെ, ഇനിയെന്തു ജീവിതം
എന്ന മട്ടിൽ ഉദാസീനയായി കഴിഞ്ഞിരുന്ന ലൂസിയെ ഒരു ദിവസം ശാരി കുട ചൂടിച്ചു
കൊണ്ടുവന്ന് വാഴയിലയിൽ ഊണു വിളമ്പിക്കൊടുത്തു. വാഴയിലയിലെ ഊണ് ലൂസിയ്ക്ക് വളരെ
ഇഷ്ടമായി. ലൂസി വലിയ ബുദ്ധിമുട്ടു കൂടാതെ ഊണു കഴിച്ചു. കുറച്ചു ദിവസമായി ആ പതിവു
തുടർന്നുപോന്നു. അങ്ങനെയിരിയ്ക്കെയാണ് ഞാൻ ലൂസിയെ കാണാനിടയായത്.
കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ലൂസിയുടെ സ്ഥിതി വീണ്ടും മോശമായി. ഒരു
ദിവസം ബാങ്കിലേയ്ക്ക് സേവിയുടെ ഫോൺ വന്നു. “കേശുച്ചേട്ടാ,
ലൂസി അമലേലാണ്.” സേവിയുടെ തൊണ്ടയിടറി. “കേശുച്ചേട്ടാ, ലൂസിയ്ക്ക് ശാരിച്ചേച്ചിയെ കാണണം ന്ന്
പറേണ് ണ്ട്.” സേവി കണ്ണീരടക്കാൻ പാടു പെട്ടിരുന്നിരിയ്ക്കണം.
“ശാരിച്ചേച്ചിയ്ക്ക് ബുദ്ധിമുട്ടാവും ന്ന് അറിയാണ്ടല്ല.
ലൂസിയോട് പറ്റില്ലാന്ന് പറയാൻ പറ്റണില്ല. കേശുച്ചേട്ടൻ ശാരിച്ചേച്ചിയെ ഒന്നു
കൊണ്ടുവരോ?”
അകലെയാണ് അമല. ലീവെടുക്കാതെ ശാരിയേയും കൊണ്ട് അവിടെച്ചെന്ന് ലൂസിയെ
കണ്ട് തിരികെപ്പോരാനാവില്ല. ലീവെടുക്കുന്നത് എനിയ്ക്കിഷ്ടമല്ല. എങ്കിലും സേവിയോട്
മറുത്തുപറയാനായില്ല. “സേവി വിഷമിയ്ക്കണ്ട. ഞാൻ ശാരിയോടൊന്നു
ചോദിച്ചോട്ടെ. എന്നിട്ടു ഞാൻ തിരിച്ചു വിളിയ്ക്കാം.”
വിവരമറിഞ്ഞയുടൻ ശാരി പറഞ്ഞു, “നാളെത്തന്നെ
നമുക്കു പോകണം.”
പിറ്റേന്നു ഞങ്ങൾ ആശുപത്രിയിലെത്തിയപ്പോൾ ലൂസി അവശനിലയിലായിരുന്നു.
ശാരിയെ കണ്ട ഉടൻ ലൂസിയുടെ മുഖം തളർച്ചയ്ക്കിടയിലും പ്രകാശിച്ചു. സേവിയ്ക്കും
ആശ്വാസമായി. ഞാൻ വാർഡിനു പുറത്തുള്ള ഇടനാഴിയിലിട്ടിരുന്ന ബെഞ്ചിലിരുന്നു.
രണ്ടു മിനിറ്റു മാത്രമേ ഞാൻ വാർഡിൽ നിന്നുള്ളുവെങ്കിലും അവിടുത്തെ
കാഴ്ച അസ്വാസ്ഥ്യജനകമായിരുന്നു. ശാരിയേയും കൊണ്ട് എത്രയും വേഗം അവിടം വിടാൻ സാധിയ്ക്കുന്നോ
അത്രയും നന്ന്. ദുരിതങ്ങൾ കാണുക പ്രയാസം. അവളും അവ കാണാതിരിയ്ക്കണം. പക്ഷേ, വൈകുന്നേരമായി ശാരി പുറത്തുവന്നപ്പോൾ. അത്രയും നേരം ശാരി എങ്ങനെ ആ വാർഡിൽ
കഴിച്ചുകൂട്ടി എന്നു ഞാനതിശയിച്ചു.
ഊണിപ്പോൾ വേണ്ടെന്ന് അവൾ പറഞ്ഞു. വാർഡിൽ ഊണു കഴിയ്ക്കാൻ
തോന്നിപ്പിയ്ക്കുന്ന ചുറ്റുപാടായിരുന്നില്ല. “ചേട്ടാ, ഞാനിവിടെത്തന്നെ
നിൽക്കണംന്നു തോന്നണ് ണ്ട്.” ഞാൻ പകച്ചു. ക്യാൻസർ വാർഡിലോ! സഹിയ്ക്കാനാകാത്ത
കാഴ്ചകൾ തന്നെ ചുറ്റും. എങ്ങനേയും ഇവിടുന്നു തടിതപ്പണം എന്നാഗ്രഹിച്ചിരിയ്ക്കുമ്പോഴാണ്
അവൾ ഈ വാർഡിൽത്തന്നെ നിൽക്കണമെന്നു പറയുന്നത്. അതും എത്ര നാൾ?
സേവി നിർദ്ധനനെന്ന നിലയ്ക്കും ലൂസിയുടെ അവസ്ഥ പരിഗണിച്ചും ആശുപത്രി സൌജന്യനിരക്കിലുള്ള
ചികിത്സയാണു നൽകിക്കൊണ്ടിരുന്നത്. രാത്രിയാകുമ്പോൾ സേവി നിലത്ത് എന്തെങ്കിലും
വിരിച്ചു കിടക്കുമായിരിയ്ക്കും. പക്ഷേ, ശാരി ക്യാൻസർ വാർഡിൽ
നിലത്തു കിടക്കുന്ന കാര്യം എനിയ്ക്ക് ആലോചിയ്ക്കാൻ പോലും പറ്റിയില്ല.
“ഇവിടെ നിൽക്കാമെന്നു വിചാരിച്ചാൽത്തന്നെയും, നീ
എവിടെ കിടക്കും?” ഞാൻ വേവലാതിപ്പെട്ടു. അവളെ ആശുപത്രിയിൽ
നിർത്താൻ കണക്കാക്കിയല്ല വീട്ടിൽ നിന്നു പോന്നിരുന്നത്. വൈകുന്നേരം തിരികെ
വീട്ടിലെത്താം എന്നായിരുന്നു, കണക്കുകൂട്ടൽ. “നിനക്കു
ഡ്രെസ്സു മാറാനില്ല. പല്ലു തേയ്ക്കുന്ന ബ്രഷു പോലും...”
“സാരല്യ.”
വാർഡിലേയ്ക്കു മടങ്ങിപ്പോകുന്നതിനു മുമ്പ് അവൾ പറഞ്ഞു, “ചേട്ടാ, ബാലരമ കിട്ടേണങ്കിൽ വാങ്ങണേ. ലൂസിയ്ക്ക്
ബാലരമ വായിച്ചുകൊടുക്കണം ന്നു പറഞ്ഞു.” മുമ്പ്, വീട്ടിലുണ്ടായിരുന്ന
ബാലരമകൾ കൊണ്ടുപോയി ലൂസി സ്വന്തം കുഞ്ഞിനെ വായിച്ചു കേൾപ്പിയ്ക്കാറുണ്ടായിരുന്നു.
ഞാനുടൻ പുറത്തുപോയി ബാലരമ വാങ്ങി സേവിയുടെ കൈയ്യിൽ വാർഡിലേയ്ക്കു
കൊടുത്തയച്ചു.
ശാരി ക്യാൻസർ വാർഡിൽ, നിലത്ത്, കിടക്കേണ്ടി വരരുത്. ഞാൻ നേരേ അക്കൌണ്ട്സിലേയ്ക്കു ചെന്ന് ലൂസിയ്ക്കൊരു മുറി
കിട്ടുമോ എന്നന്വേഷിച്ചു. ഭാഗ്യത്തിന് റൂം കിട്ടി. പേഷ്യന്റിന്റെ കൂടെ
നിൽക്കുന്നയാൾക്കു തലചായ്ക്കാൻ പാകത്തിന് വീതി കുറഞ്ഞൊരു കട്ടിൽ. ശാരി അതിൽ
കിടന്നോളും. ദുരിതങ്ങൾ കാണുകയും വേണ്ടല്ലോ. സേവി നിലത്തെന്തെങ്കിലുമൊക്കെ വിരിച്ചു
കിടന്നോളും. സേവിയ്ക്ക് അതൊക്കെ പരിചയമുണ്ടാകും. ശാരി നിലത്തൊന്നും
കിടന്നിട്ടേയില്ല.
അപ്പോൾത്തന്നെ ലൂസിയെ ക്യാൻസർ വാർഡിൽ നിന്ന് മുറിയിലേയ്ക്കു മാറ്റി.
ശാരിയ്ക്ക് അത്യാവശ്യമുള്ള ചില സാധനങ്ങളും വാങ്ങിക്കൊടുത്തു. ശാരിയ്ക്കും
സേവിയ്ക്കും വേണ്ട ആഹാരം ക്യാന്റീനിൽ ചെന്ന് ഏർപ്പെടുത്തി. കഴിയ്ക്കുന്നെങ്കിൽ
കഴിയ്ക്കട്ടെ. ലൂസിയാകട്ടെ, ഡ്രിപ്പു മൂലമായിരിയ്ക്കണം ആ
ദിവസങ്ങളിൽ നിലനിന്നിരുന്നത്. ‘നേയ്സോഗ്യാസ്ട്രിക് ട്യൂബ് ഫീഡിംഗ്’ വേണ്ടിവരും
എന്നു ഡോക്ടർ പറഞ്ഞെങ്കിലും ലൂസി അതിനു സമ്മതിച്ചില്ല. ഇനി മൂക്കിൽക്കൂടി ഒന്നും
കടത്തേണ്ടെന്ന് അവൾ പറഞ്ഞു. എന്നാലവൾ ആഹാരം വളരെക്കുറച്ചുമാത്രമേ
കഴിച്ചിരുന്നുള്ളു താനും. അതും ശാരിയുടെ നിർബ്ബന്ധം മൂലം, ശാരിയുടെ
കൈയ്യിൽ നിന്ന്. വാരിക്കൊടുത്ത ഒരു പിടിച്ചോറെങ്കിലും ലൂസി കഴിച്ചു കഴിയുമ്പോൾ
തോന്നിയിരുന്ന ആശ്വാസത്തിന്റെ കാര്യം പിന്നീടൊരിയ്ക്കൽ എന്നോടു പറഞ്ഞപ്പോൾ
ശാരിയുടെ കണ്ണു നിറഞ്ഞിരുന്നു.
ഞാനും വീട്ടിലേയ്ക്കു പോയില്ല. ശാരിയിവിടെ ആശുപത്രിയിൽ കഴിയുമ്പോൾ
ഞാനെങ്ങനെ പോകും? ഞാൻ തൊട്ടടുത്തുള്ളൊരു ഹോട്ടലിൽ
മുറിയെടുത്തു. ഡബിൾ റൂം. ശാരിയ്ക്ക് ഹോട്ടൽമുറിയിൽ വന്ന് സുഖമായൊന്നു കുളിയ്ക്കുകയോ
നടു നിവർത്തുകയോ ചെയ്യണമെന്നു തോന്നിയാൽ അതുമാകാം. മാത്രമല്ല, ഹോട്ടലിൽ നിന്ന് വയറു നിറയെ ആഹാരം കഴിയ്ക്കുകയുമാകാം. ആശുപത്രിമുറിയിൽ കുളിയും
ഉറക്കവും ആഹാരവുമൊക്കെ കഷ്ടിയായിരിയ്ക്കും.
ഹോട്ടൽമുറിയെടുത്തിട്ടുണ്ടെന്ന കാര്യം അറിയിച്ചെങ്കിലും ശാരി
ആശുപത്രിമുറി വിട്ടുപോന്നില്ല. അവളുടെ ഷോൾഡർ ബാഗിൽ പണമുണ്ടായിരുന്നു. ക്യാന്റീനിൽ
നിന്ന് ആഹാരം വരുത്തിയിരുന്നെന്ന് പിന്നീടവൾ പറഞ്ഞു. അതവൾ കഴിച്ചിരുന്നോ എന്നു
സംശയമാണ്. സേവിയും കഴിച്ചിരുന്നിരിയ്ക്കാൻ വഴിയില്ല. പാവം സേവി; നേരത്തേ തന്നെ ക്ഷീണിച്ച പ്രകൃതമായിരുന്നു. ഒരാഴ്ചകൊണ്ട് പകുതിയുമായി.
വിശപ്പിനേക്കാളേറെയായിരുന്നു, വിഷമം.
ലീവു നീട്ടാൻ വേണ്ടി ഞാൻ ജീ എമ്മിനേയും ഡീജിഎമ്മിനേയും വിളിച്ചു.
ജീ എം ഉടൻ സമ്മതിച്ചു. ഡീജീഎമ്മിനെക്കൊണ്ടു സമ്മതിപ്പിയ്ക്കാനായിരുന്നു പ്രയാസം.
ഐ ഡോണ്ട് അണ്ടർസ്റ്റാന്റ്. വൈ ഷുഡ് യൂ ബി ഇൻ ദ ഹോസ്പിറ്റൽ? ഇറ്റ്സ്
നോട്ട് ഈവൻ യുവർ റെലെറ്റീവ്. പിന്നേയും ചോദ്യങ്ങളുയർന്നു. ഹൌ മെനി ഡേയ്സ്? വാട്ട്! ഹോൾ വീക്ക്? നോ വേ. ഹൂ ഡു യു തിങ്ക് വിൽ
മാനേജ് യുവർ ഡിപ്പാർട്ട്മെന്റ് സോ മെനി ഡേയ്സ്? എങ്കിലും ഒരു
കണക്കിനു സമ്മതിപ്പിച്ചെടുത്തു.
ഞങ്ങൾക്ക് രണ്ടു കുട്ടികളുണ്ട്. അവർ രണ്ടും അകലെയുള്ള പ്രൊഫഷണൽ
കോളേജ് ഹോസ്റ്റലുകളിലായിരുന്നു താമസം. മാസത്തിലൊരിയ്ക്കൽ മാത്രമേ വീട്ടിൽ വന്നു
പോകുകയുള്ളു. ഒന്നിടവിട്ട ദിവസങ്ങളിൽ, രാത്രിഭക്ഷണത്തിനു
ശേഷം അവരുമായി ഫോണിൽ സംസാരിയ്ക്കുക പതിവായിരുന്നു. ഹോട്ടലിലെ താമസം തുടങ്ങിയ
ശേഷമുള്ള മൂന്നാമത്തെ ദിവസം രാത്രി ആശുപത്രിയിൽ നിന്നു മടങ്ങിവന്ന്, കുളിയും ഭക്ഷണവും കുട്ടികളുമായുള്ള ടെലിഫോൺ സംഭാഷണവും കഴിഞ്ഞ് ഉറങ്ങാനായി ലൈറ്റ്
അണച്ചതേയുള്ളു, ആശുപത്രിയിൽ നിന്ന് കോൾ വന്നു. ശാരി. ഗദ്ഗദത്തോടെ
അവൾ പറഞ്ഞു, “ലൂസി...ലൂസി പോയി, ചേട്ടാ.”
സത്യം പറയാമല്ലോ, ആശ്വാസമാണു തോന്നിയത്. ആശുപത്രിയിലെ
കഷ്ടപ്പാടുകൾക്കിടയിൽ നിന്ന് ശാരിയ്ക്കു മോചനമാവുമല്ലോ. വീട്ടിലേയ്ക്കു മടങ്ങാം.
പിറ്റേദിവസം സേവിയുടെ കൊച്ചുവീട്ടിൽ വച്ചു നടന്ന
അന്ത്യോപചാരച്ചടങ്ങിൽ ഒരുപാടു പേർ പങ്കെടുത്തു. ഒരുപാടു പേരെന്നു വച്ചാൽ
ഒരുപാടുപേർ. അന്ത്യോപചാരസംഘങ്ങൾ സജീവമായി പ്രവർത്തിയ്ക്കുന്നതുകൊണ്ടാകാം
കൂടുതലാളുകൾ ചരമങ്ങളെപ്പറ്റി അറിയുന്നതും,
അന്ത്യോപചാരച്ചടങ്ങുകൾക്കെത്തുന്നതും.
സേവിയുടെ വീടും പരിസരവും തിങ്ങിനിറഞ്ഞു. ലൂസി മരിയ്ക്കുന്നതിനു
മുമ്പ് തിരിഞ്ഞു നോക്കാഞ്ഞവരായിരുന്നു അധികവും. ആശുപത്രിയിൽ വച്ച് ആരും
വന്നിരുന്നില്ല. ദൂരം ഒരു പ്രശ്നമായിരുന്നിരിയ്ക്കാം. ആംബുലൻസിൽ മൃതദേഹത്തിനു
കൂട്ട് സേവിയും ഞങ്ങളും മാത്രമായിരുന്നു. പുറത്തുനിന്നു വിളിച്ചുവരുത്തിത്തന്ന ആംബുലൻസിലായിരുന്നു
മടക്കം. ആംബുലൻസിന്റെ ചാർജ് ഞാൻ തന്നെ കൊടുത്തു. സേവിയുടെ കൈയിലുണ്ടാകുകയില്ലെന്ന്
അറിയാമായിരുന്നു. ശാരിയോട് ഇക്കാര്യം ഞാൻ പറഞ്ഞില്ല. “സാരല്യ”
എന്നായിരിയ്ക്കും അവളുടെ പ്രതികരണം.
ശീമക്കൊന്നകൊണ്ടുള്ള വേലിയ്ക്കു പുറത്ത് ചെറിയൊരു തോടുണ്ട്. അതിനു
കുറുകെ ചെറിയൊരു കലുങ്കും. കലുങ്കിനു വീതി കുറവായതുകൊണ്ട് ശവമഞ്ചം അതിനപ്പുറത്തു
കാത്തുനിന്നു. കലുങ്കിനടുത്താണ് ഞങ്ങൾക്കു നിൽക്കാനായത്. തോട് ചെറുതാണെങ്കിലും,
ചില മഴക്കാലങ്ങളിൽ അപൂർവ്വമായി നല്ല ഒഴുക്കുണ്ടാകും. അത്തരമൊരു
മഴക്കാലത്താണ് ഈ തോട്ടിൽ ലൂസിയുടെ മൂന്നു വയസ്സുള്ള കുഞ്ഞ് മുങ്ങിമരിച്ചത്.
കുഞ്ഞിനെ തൊട്ടടുത്ത വീട്ടിലാക്കിക്കൊണ്ട് മഴയത്ത്, റേഷൻ
കടയിൽ പോയതായിരുന്നു, ലൂസി. മാസാവസാനം. അന്നു
വാങ്ങിയില്ലെങ്കിൽ റേഷൻ നഷ്ടമാകും. ലൂസി റേഷൻ വാങ്ങി തിരിച്ചുവന്നപ്പോഴേയ്ക്ക്
കുഞ്ഞു പൊയ്ക്കഴിഞ്ഞിരുന്നു.
മറ്റു കുട്ടികളുമൊത്ത് മഴയത്ത് ആർത്തുല്ലസിച്ച് വഞ്ചിയൊഴുക്കിക്കളിച്ചതായിരുന്നു.
ഒഴുക്കിൽ പെട്ടു കാണണം. കലുങ്കിനപ്പുറത്തുള്ള പഴയൊരു ചകിരിക്കുഴിയിലേയ്ക്കെത്തിയ
ശേഷമാണ് കുഞ്ഞ് ഒഴുക്കിൽ പെട്ട വിവരം മറ്റു കുട്ടികളറിയുന്നത്. ആ കുഴികാരണം
അവർക്ക് ഇറങ്ങി രക്ഷിയ്ക്കാനായില്ല. ആ നേരത്ത് മുതിർന്നവർ ആരുമുണ്ടായിരുന്നുമില്ല.
കുഞ്ഞുശരീരം അതിവേഗം ഒഴുകിപ്പോയി. രണ്ടു ഫർലാംഗിനപ്പുറത്ത് വലിയൊരു തോട്, ഒരു കിലോമീറ്ററപ്പുറത്ത് പുഴ. ഒരു പുഴമുട്ടിനടുത്തു നിന്നാണ് മൃതദേഹം
കിട്ടിയത്. ലൂസിയുടെ തളർച്ചയും തകർച്ചയും അന്നു തുടങ്ങി.
ലൂസിയുടെ മൃതദേഹം ശവമഞ്ചത്തിലേറ്റും മുമ്പ്,
വീട്ടുമുറ്റത്ത് താത്കാലികമായുയർന്നിരുന്ന ഷീറ്റുപന്തലിനടിയിൽ നിന്നുകൊണ്ട്
വികാരിയച്ചൻ പ്രാർത്ഥിയ്ക്കുകയും പ്രാർത്ഥനയോടൊപ്പം ഒരു ചെറുപ്രസംഗം നടത്തുകയും
ചെയ്തു. കലുങ്കിനടുത്തു നിന്നിരുന്ന ഞങ്ങൾക്ക് വികാരിയച്ചനെ കാണാമായിരുന്നെങ്കിലും
അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാനാകുമായിരുന്നില്ല. പ്രസംഗത്തിനിടയിലെ
കൂട്ടപ്രാർത്ഥനകളുടെ മൃദുവായ ഇരമ്പൽ കേൾക്കാമായിരുന്നു.
അല്പസമയം നീണ്ട പ്രസംഗം അവസാനിയ്ക്കുന്നതിനു മുമ്പ് അച്ചൻ നടത്തിയ
എന്തോ ഒരു പരാമർശം കേട്ടായിരിയ്ക്കണം, മുറ്റത്തു
നിന്നിരുന്നവർ - അവരിലധികവും വനിതകളായിരുന്നു - തിരിഞ്ഞ് ഞങ്ങളുടെ നേരേ
നോക്കുന്നതു കണ്ടു. പ്രതിസന്ധികളിൽ സ്നേഹവും സാന്ത്വനവും പകർന്നുനൽകിയ കേശവദാസ്
ഭാര്യ ശാരദയെ ഏതു ലോകത്തിരുന്നാലും താൻ തന്റെ മാതാവായി കണക്കാക്കുമെന്നും, മറ്റുള്ളവരും തനിയ്ക്കു വേണ്ടി അങ്ങനെ തന്നെ കണക്കാക്കണമെന്നും ബോധമുള്ള
വേളകളിലൊന്നിൽ സ്വഭർത്താവ് സേവിയറോട് നമ്മുടെ ഈ അരുമമകൾ അഭ്യർത്ഥിച്ചിരുന്നു
എന്നാണ് അച്ചൻ പ്രസംഗിച്ചതെന്ന് പിന്നീടറിഞ്ഞു.
ശരിയാണ്. ലൂസിയുടെ വിവാഹത്തോടെ ഉറ്റ ബന്ധുക്കൾ അകന്നിരുന്നു. അന്നു മുതൽ
ലൂസിയും സേവിയും പല തരത്തിലുള്ള പ്രതിസന്ധികളെ നേരിട്ടു. വിവാഹപ്പിറ്റേന്ന്
ഇരുവർക്കും ഉച്ചയ്ക്കൂണ് ഞങ്ങളുടെ വീട്ടിലായിരുന്നു. ലൂസിയും ശാരിയും തമ്മിലുള്ള
ചങ്ങാത്തം അന്നാരംഭിച്ചിരുന്നു. എന്നാലത് ഇത്ര വലിയ അടുപ്പമായിത്തീർന്നിരുന്നെന്ന്
ഞാനറിഞ്ഞിരുന്നില്ല.
മൃതദേഹം വഹിച്ചുകൊണ്ടു പുറപ്പെട്ട വിലാപയാത്രയുടെ മുന്നിൽ നടന്ന വികാരിയച്ചൻ
ഇടവഴിയിലേയ്ക്കു കടന്നയുടനെ ആൾത്തിരക്കിനിടയിലും ഞങ്ങളുടെ അടുത്തേയ്ക്കു വന്ന്
കൈകൂപ്പിക്കൊണ്ടു പറഞ്ഞു, “നിങ്ങളെപ്പോലെ തന്നെ നിങ്ങളുടെ
അയൽക്കാരേയും സ്നേഹിയ്ക്കുന്ന നിങ്ങളുടെ മേൽ കരുണാമയനായ സർവ്വശക്തന്റെ അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ.”
അച്ചന്റെ പിന്നാലെ വന്ന പലരും ഞങ്ങളെ തൊഴുതത് എന്നെ അതിശയിപ്പിച്ചു.
മുന്നിലൂടെ മെല്ലെ നീങ്ങിയ ലൂസിയുടെ മൃതദേഹത്തെ നോക്കിക്കൊണ്ട് ശാരി
പൊട്ടിക്കരഞ്ഞു.
|