23 May 2015

ദ്വിതീയാക്ഷരപ്രാസമേ ക്ഷമിച്ചാലും



എം.കെ.ഹരികുമാർ

നമ്മുടെയൊക്കെ ജീവിതം ഒരു ട്രിക്ക് ആയിക്കഴിഞ്ഞിരിക്കുന്നു.വല്ലാത്
തൊരു ഭാഗ്യപരീക്ഷണം എന്ന നിലയിൽ നിലനിൽപ്പ് ഒരു കാവ്യവസ്തുവാക്കുകയാണ്.വേണ്ടത്ര പരിചമില്ലാതെ ഒരാൾ മരണക്കിണറിൽ ബൈക്ക് ഓടിക്കുന്നതുപോലെയോ,ട്രിപ്പീസിയത്തിൽ ആടുന്നപോലെയോ പേടിപ്പിക്കുന്ന അവസ്ഥ ജീവിതത്തെ സമൂലമായി ചൂഴ്ന്നു നിൽക്കുന്നു.ഒരു ഗൃഹസ്ഥനാകാനും പ്രേമിക്കാനും ഒക്കെ ഈ പേടിയെക്കൂടി കൂട്ടിനു പിടിക്കണം.വർദ്ധിച്ചുവരുന്ന അപകടമരണങ്ങളും കൊലപാതകങ്ങളും മനുഷ്യസ്വഭാവത്തെപ്പറ്റിയുണ്ടായിരുന്ന ധാരണകളെല്ലാം തിരുത്താൻ സമയമായി എന്നാണ് സൂചിപ്പിക്കുന്നത്.


അപകടങ്ങൾ സമകാലീന ജീവിതത്തിന്റെ ആചാരമായിക്കഴിഞ്ഞു.അതിനെ എല്ലാവരും ഗതികെട്ട് സ്വീകരിച്ച് വിനയത്തോടെ നിൽക്കുന്നു.ആർക്കും പരാതിയില്ല. നൂറൂ  നൂറു ഗുരുക്കന്മാരും ബുദ്ധിജീവികളും ഉണ്ടെങ്കിലും , ഇക്കാര്യത്തിൽ പരാതി പറയാൻ ആളില്ല.അങ്ങനെയൊരു ചിന്തപോലും ദുരാചാരമാണ്. ആളുകളെ മരണത്തിന്റെ പാർക്കിലേക് തള്ളിവിട്ടശേഷം ശവമടക്ക് ഗംഭീരമാക്കുകയാണ് നാം. ശവമടക്കിനു മന്ത്രിമാർ അടക്കം എല്ലാവരും എത്തും; കൃത്യ നിഷ്ഠ പാലിക്കും. ഇതിനേക്കാൾ വലിയ ആചാരം എവിടെയാനൂള്ളത്. ജീവിതത്തെ പിടിയിളയിളകിയ വാദങ്ങൾ നിരത്തി അപ്രസക്തമാക്കിയശേഷം വൻ ശവമടക്ക് മാമാങ്കം നടത്തി സംസ്കാരം ഉൽപ്പാദിപ്പെച്ചെടുക്കുന്നു.
ട്രിക്ക് ഒരു ഉത്തേജക മരുന്നു പോലെയായി.ആകസ്മികതയ്ക്ക് കനം വച്ചിരിക്കുന്നു.എന്തും സംഭവിക്കാം എന്നുള്ളത് , ഓരോ ചുവടുവയ്പിന്റെയും അടിവരയാവുകയാണ്.അതുകൊണ്ട്, സ്ഥിരമായ ,നീണ്ടുനിൽക്കുന്ന അഭിനിവേശങ്ങൾ ഇല്ലാതാവുന്നു.പ്രണയം, ഇഷ്ടം, അഭിരുചി, തുടങ്ങിയവയൊക്കെ വേഗത്തിനിടയിൽ സംഭവിക്കുന്നതാണ്.അവയെ വേഗങ്ങളിൽ നിന്ന് പറിച്ചെടുത്ത് മാറ്റി സൃഷ്ടിക്കാൻ പ്രയാസമാണ്.ഒരു ഒഴിക്കിലകപ്പെട്ടാൽ ഒഴുകുകയല്ലാതെ  എന്തു ചെയ്യും?ജീവൻ തന്നെ പണയം വച്ച് വേഗത്തിലും സുഖത്തിലും ആസക്തിയിലും മുഴുകുന്നത് വ്യർത്ഥതയാണോ? എങ്കിൽ ആ വ്യർത്ഥത ഇന്ന് ഏറ്റവും അർത്ഥവത്തായ , വിലപ്പിടിപ്പുള്ള വസ്തുവായി മാറിയിരിക്കുന്നു.
എ എന്ന വ്യക്തിക്ക് സൂ എന്ന സ്ഥലത്ത് എത്താൻ ധൃതിയിൽ പോയെ തീരൂ.പരമാവധി വേഗത്തിൽ ജീവിക്കാൻ അയാൾ വിധിക്കപ്പെട്ടിരിക്കുന്നു. ആ യാത്രയിൽ കുറേ ഫോൺ കോളുകളും സന്ദേശങ്ങളും അയാളെ പരീക്ഷിക്കാൻ വരുന്നുണ്ടാകും. വേഗതയുടെ ജ്വരത്തിൽപ്പെട്ട അയാൾ കഴിയുന്നിടത്തോളം അതിനെല്ലാം പെട്ടെന്ന് തന്നെ മറുപടി കൊടുക്കും. മറുപടി വൈകിയാൽ അതൊരു നിഷേധമായി വ്യാഖ്യാനിക്കാവുന്ന വിധത്തിലുള്ള വേഗത്തിന്റെ സ്മസ്കാരത്തിനകത്തുള്ള ഒരു ചെറുജീവിമാത്രമാണ് അയാൾ.എ യുടെ പോക്ക് ഒരു ട്രിക്കിന്റെ , അല്ലെങ്കിൽ ഒരു സാഹസത്തിന്റെ വക്കിലാണ്.ഒരു ദുഷ്ടശക്തിയായില്ലെങ്കിൽ അതിജീവിക്കാൻ കഴിയില്ല. സാമാന്യ മരാദയും സഹവർത്തിത്വവും അയാളെ തിരിഞ്ഞു കടിക്കും.ആ പോക്കിനിടയിൽ എ യ്ക്ക് എന്തെങ്കിലും അപകടം സംഭവിക്കാം.അതൊഴിവാക്കാൻ ഒന്നും ചെയ്യാനില്ല.അതുകൊണ്ട് പോയേ പറ്റൂ.ജീവൻ നഷ്ടപ്പെടുമെന്ന ചിന്തയെ കണ്ടു മറന്ന സിനിമപോലെ തള്ളിയശേഷം അതിനേക്കാൾ വല്യ ലക്ഷ്യത്തെ ചേർത്തുപിടിക്കുന്നു.
റോഡ് ഇന്നത്തെ നാടകവേദിയാണ്. പല വേഷങ്ങളും അവിടെ ആടുന്നു.ഷേക്സ്പിയർ പറഞ്ഞത് ലോകം തന്നെ നാടകവേദിയായെന്നാണ്.എന്നാൽ എനിക്ക് തോന്നുന്നത് ,റോഡ് ശരിയായ നാടകവേദിയുടെ എല്ലാ അടയാളങ്ങളും കാണിക്കുന്നുവെന്നാണ്.പലരും വരുന്നു, പോകുന്നു. ഇതിനിടയിൽ ചില വേഷങ്ങൾ ചെയ്യുന്നു.വേഗം എന്ന പുതിയ ഘടകമാണ് ജീവന്റെ മാനം നിശ്ചയിക്കുന്നത്.അസ്തിത്വത്തിന്റെ സമസ്ത ഭാഗ്യ നിർഭാഗ്യങ്ങളും അവിടെയാണുള്ളത്.പ്രതിദിനം നാട്ടിൽ നാനൂറ് പേർ റോഡ് അപകടങ്ങളിൽ മരിച്ചാലും പ്രശ്നമില്ല!.ചർച്ചകൾ നടത്തിയാൽ മതി;കോമഡി കണ്ട് ചിരിച്ചാൽ മതി. ശവമായാലും വേണ്ടില്ല, തന്നെ കാണാൻ വരുന്നവരെ നോക്കി പൊട്ടിച്ചിരിക്കണമെന്നാണ് കേരളക്കാരന്റെ മനോഭാവം.വർഷം അയ്യായിരം പേർ മരിക്കുന്നത് അറിഞ്ഞിട്ടും, ഒന്നും സംഭവിക്കാത്തപോലെ പിക്നിക്കിനുപോകുന്നു;കോമഡി പറയുന്നു. അതേസമയം, നിയമസഭയിൽ സാമാജികർ തമ്മിലടിക്കുന്നത് ഒരാഴ്ച ചർച്ച ചെയ്യുന്നു. സാമാജികരെ സംസ്കാരത്തിന്റെ അംബാസിഡർമാരായി കാണുന്നത് ടി വി ചാനലുകാർ മാത്രമാണ്.മന്ത്രിമാരെയും പാർട്ടി നേതാക്കളെയും മാത്രം ഇന്റർവ്യ് ചെയ്യാൻ വിധിക്കപ്പെട്ട മാധ്യപ്രവർത്തകരാണ് അവിടെയുള്ളത്.ഇത് പുതിയ ഒഴിഞ്ഞോടലാണ്.ഇതിന്റെ സൗന്ദര്യം അപാരമാണ്!.ഇത്രയും പേർ മരിച്ചിട്ടും അത് പൊതു വികാരമാകാത്തത് , നമ്മെ ബാധിച്ചിരിക്കുന്ന വലിയ രോഗാവസ്ഥയിലേക്കാണ് ശ്രദ്ധ ക്ഷണിക്കുന്നത്.നിസ്സഹായതയെ മാനസിക വൈകല്യമായി എടുത്തണിഞ്ഞിരിക്കുന്നു.ചെറിയ കാര്യങ്ങൾ വലിയ ചർച്ചയാകുന്നത്, കൃത്രിമമായി , പണമുണ്ടെങ്കിൽ അനുഭവങ്ങൾ സ്വന്തം ഇഷ്ടപ്രകാരം വാർത്തെടുക്കാമെന്ന ആലോചനയുടെ ഭാഗമാണ്.ഇത് പുതിയ രോഗാവസ്ഥയുമാണ്.ജീവിതത്തെ എല്ലാവരും വലിയ ഗൗരവത്തോടെ കാണുന്നുണ്ട്.എന്നാൽ അതിനു കൊടുക്കുന്ന വില ഭയാനകമാണ്.ആശയരഹിതവും ആത്മധ്വംസനപരവുമായ ക്രൂരത അതിൽ ഒരു കരിമൂർഖനപ്പോലെ പതുങ്ങിക്കിടപ്പുണ്ട്. വളരെ ലാഘവത്തോടെ ചെയ്യുന്ന വിനോദമോ , സന്ദർശനമോ , സംവാദമോ , യാത്രയോ പോലും  അവനവനോടും പൊതുജീവിതത്തോടുമുള്ള ക്രൂരതയായിത്തീരുന്നു.ഈ ക്രൂരത , പക്ഷേ , ഒരന്തർസ്വരമാണ്.

വൈകാരിക ജീവിതത്തിനു  സംഭവിച്ചിരിക്കുന്ന ഈ നിഷ്ക്രിയതയാണ് ഉത്തര- ഉത്തരാധുനികതയുടെ സവിശേഷത.മനുഷ്യചിന്തയിലും കാഴ്ചപ്പാടിലും സാംസ്കാരികമായ അഭിവാഞ്ചകളിലും സമൂലമായ വീക്ഷണ വ്യതിയാനം അഥവാ പാരഡിം ഷിഫ്റ്റ് സംഭവിച്ചിട്ടുണ്ട്.അയ്യായിരം പേർ മരിച്ചിട്ടും കൂസലേതുമില്ലാതെ നടന്നു പോകുന്ന ജനതയുടെ ബീഭൽസമായ നിർവ്വികാരതതന്നെയാണ് , ഭാര്യയുടെ പാതിവ്രത്യത്തിൽ സംശയം തോന്നിയതിന്റെ പേരിൽ അവളെ കഴുത്തറത്ത് കൊന്നശേഷം തലയുമായി പൊലീസ് സ്റ്റേഷനിലേക്ക്  സാധാരണമട്ടിൽ കടന്നു ചെല്ലുന്ന നിർവ്വികാരവാനായ ഭർത്താവിലും നാം കാണുന്നത്.ഒരേ മാനസികാവസ്ഥയുടെ രണ്ട് പ്രകടനങ്ങളാണിത്.

ഈ വൈകാരിക നിഷ്ക്രിയത്വത്തിൽ , പേടിപ്പിക്കുന്ന സംവാദരാഹിത്യം , ആശയവിനിമയത്തിനുള്ള കഴിവില്ലായ്മ തലപൊക്കുന്നു.മറ്റൊരാളോട് ഒന്നും തന്നെ പറഞ്ഞറിയിക്കാനാവില്ല. ഈയവസ്ഥയിൽ , സംവേദനക്ഷമതയുള്ള ഒരാൾ കാലത്തിനിണങ്ങാത്തനിലയിലായിരിക്കും.അയാൾ ഹിമശൈലങ്ങളിലെ യതി എന്ന പ്രാചീന മനുഷ്യനെപ്പോലെ അന്യനായി മാറും.അയാൾക്ക് ഓടീ രക്ഷപ്പെടാൻ പോലും ഒരിടമില്ല.മൗനം കട്ടപിടിച്ച് , അയാലുടെ തലയിലേക്ക് വീണിട്ടുണ്ടാകും.രാഷ്ട്രീയപാർട്ടികളുടെയും വാർത്താമാധ്യമങ്ങളുടെയും  വികാരരാഹിത്യത്തിന്റെ  ചതുപ്പുനിലങ്ങളിൽ , അയാൾ സംസാരശേഷിയില്ലാത്തവനായിപ്പോകും.

ഇന്നത്തെ സംഭവങ്ങളിൽ മിക്കതും ,ഒരാളുടെ വികാരം കൊള്ളാനുള്ള ശെഷിയെ അതിശയിക്കുന്നതാണ്.ജീവിതത്തിലെ വികാരങ്ങൾ നമുക്ക് മനസ്സിലാക്കാനേ കഴിയില്ല.ഒരാൾ സ്വാഭാവികമായി അഭിനയിച്ചുകൊണ്ട് ഭ്രാന്തനെപ്പോലെ പെരുമാറുന്നു.അയാളുടെ വികാരങ്ങളുടെ സ്ഥാപിതശേഷിക്ക് മുകളിലുള്ള ഊർജ്ജമാണ്  വേണ്ടത്.അത് ഉണ്ടാകാനിടയില്ലാത്തതുകൊണ്ട് , അയാളുടെ വികാര മുകുളങ്ങൾ താനേ മുരടിച്ചുപോകുന്നു.ഒരാൾക്ക് വികാരം കൊള്ളുന്നതിനു പരിധിയുണ്ട്. പലപ്പോഴും , ഇതിനപ്പുറത്ത് പ്രതികരിക്കേണ്ടതായ സമ്മർദ്ദമാണ് ആ വ്യക്തിയിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്.ഇത് അയാളെ കുഴയ്ക്കുകയും തകർക്കുകയും ധ്വംസിക്കുകയും ചെയ്യുന്നു.തനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത വികാരപ്രപഞ്ചം സമ്മർദ്ദപ്പെടുത്താൻ തുടങ്ങുന്നതോടെ മറവിയാണ് രക്ഷയ്ക്കെത്തുന്നത്.
വ്യക്തിയുടെ നവകാലത്തെ ഒറ്റപ്പെടലാണിത്.വിനിമയം ചെയ്യാൻ ആഗ്രഹിക്കുന്നതെല്ലാം പൊതുവെ തരംഗദൈർഘ്യം കുറഞ്ഞ വിഷയങ്ങളാണ്.കനമുള്ളതും തീവ്രമായതുമെല്ലാം സ്ഥാപനങ്ങളിലേക്കോ അജ്ഞതയിലേക്കോ തള്ളുന്നു.വലിയ രോഗങ്ങളോ അപകടങ്ങളോ നേരിടാൻ എളുപ്പവഴി , രോഗിയെ ആശൂപത്രിയിലെത്തിക്കുകയാണ്.അതോടെ രോഗിയും രോഗവും ഡോക്ടർമാരുടെയും സഹായികളുടെയും വിഷയമാകുന്നു.അതോടെ നമ്മുടെ ജോലി കുറഞ്ഞ് നാം വെറൂം കാണിയായി മാറുന്നു.രോഗി ഡോക്ടറുടെ
സ്വകാര്യപ്രജയാണ്.ഐ സി യുവിന്റെ ചെറിയ കണ്ണാടിജാലകം നമ്മൾ കാണിയാണെന്ന് ഉറപ്പുവരുത്താനുള്ള സംവിധാനമാണ്.എല്ലാം കൈവിട്ടുപോകുന്ന ഈ ഘട്ടത്തിൽ ഏതു കവിതയാണ് ദ്വിതീയാക്ഷരപ്രാസത്തിനു വേണ്ടി ദാഹിക്കുന്നത്, അല്ലെങ്കിൽ അങ്ങനെ എഴുതേണ്ടത്.?
ഇവിടെ ദ്വിതീയാക്ഷരപ്രാസത്തിന്റെ ശബ്ദഭംഗിയിൽ സ്വയം മറന്ന് ആനന്ദിക്കാൻ ഏത് ആസ്വാദകനാണ് കല്ലിന്റെ ഹൃദയുവുമായി വരുന്നത്? കവികളുടെ സ്വസ്ഥത നശിച്ചതിന്റെ ഫലമായി , അവന്റെ ആഭ്യന്തര ലോകം സകല യുക്തിയും പൊരുത്തവും നഷ്ടപ്പെട്ട് , പങ്കയില്ലാത്ത വള്ളം പോലെ അലയുകയാണ്.ഋഷികൾക്ക് ഇന്നു മൗനമില്ല. അവരുടെ മൗനം പലതരം ശബ്ദങ്ങളുടെ പതിരുകളായി ചിതറിപ്പോയിരിക്കുകയാണ്.അവർ ഒന്നും വിനിമയം ചെയ്യാൻ പറ്റാത്ത ദുരിതത്തിലാണ്.പിന്നെ എങ്ങനെയാണ് ആദ്യാക്ഷര, ദ്വിതീയാക്ഷരചന്തങ്ങൾക്ക് വേണ്ടി പുറപ്പെടാനാവുക?
കവികളൂടെ ഈണം, ജീവിതത്തിൽ നിന്നാണ് വരുന്നത്.കവി അത് ഉണ്ടാക്കിയാൽ വികൃതമായിരിക്കും. ഞാറു  നടുന്ന പെണ്ണൂങ്ങളുടെ ഈണം സംഗീത സംവിധായകരല്ല ഉണ്ടാക്കുന്നത്.അത് വിയർപ്പിന്റെയും ഉൽസാഹത്തിന്റെയും സംഘവീര്യത്തിന്റെയും കലർപ്പിൽനിന്ന് തന്നത്താൻ  പിറവിയെടുക്കുകയാണ്.കവിതയിലെ ഛന്ദസ്സ് സാമൂഹ്യജീവിതത്തിന്റെ കലാനുഭവമാണ്; അത് അനുഷ്ഠാനപരമായി ഉൽഭവിച്ചതാണ്.ആയിരം കവികൾ ഒരേപോലെ ഛാന്ദസ്സ് ഉപയോഗിച്ചാൽ , അത് വായിക്കുന്നത് പരമബോറായിരിക്കും. യുക്തിയുടെയും പ്രതീക്ഷയുടെയും എല്ലാ ഉറപ്പും നഷ്ടപ്പെടുമ്പോൾ , കവിത എങ്ങനെ പ്രാസത്തിനൊപ്പിച്ച് അലസമായി നീങ്ങും?മാതാവ് സ്വന്തം ആവശ്യത്തിനു മകളെ വിൽക്കുകയാണെങ്കിൽ , ആ മകൾ എല്ലാ ആപൽസന്ധികളും തരണം ചെയ്ത് തിരിച്ചെത്തുന്നത് വഞ്ചിപ്പാട്ടുംകൊണ്ടായിരിക്കില്ല. ജീവിതം അവളെ സൂക്ഷ്മദൃക്കാക്കിയിട്ടുണ്ടാകും. ആ സൂക്ഷ്മദൃഷ്ടി മറ്റൊരു ഈണമാണ്.റ്റനാലുപാടൂം തെറിച്ചുപോയ തന്റെ സത്യബോധങ്ങളെ കൂട്ടിയോജിപ്പിക്കാൻ വേണ്ടി ദ്വിതീയാക്ഷരപ്രാസം തിരഞ്ഞെടൂക്കാൻ അവൾക്കാവില്ല.

അവളുടെ  അസ്തിത്വം  പ്രാചീനവും ക്ലിപ്തവും മുൻ കൂട്ടി നിശ്ചയിച്ചതുമായ  പ്രാസത്തിന്റെ നിശ്ചലമായ ബോധ്യങ്ങൾക്കു പുറത്തേക്കാണ് പോകുന്നത്.പ്രാസത്തിൽ എഴുതുകയാണെങ്കിൽ അതോടെ അവൾ നേരിട്ട ദുരന്തസത്യങ്ങൾ അപമാനിക്കപ്പെടുകയും, പുരാതന പ്രാബല്യത്തോടെ ആ പീഡനങ്ങൾ ശരിവയ്ക്കപ്പെടുകയുമാണ് ചെയ്യുന്നത്.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...