സണ്ണി തായങ്കരി
നഗരത്തിൽ സ്വന്തമായി ഒരു വീട് എന്നത് സുധീറിനെ സംബന്ധിച്ച് അത്ര വലിയ മോഹമൊന്നു മായിരുന്നില്ല. എന്നാൽ ഇന്ദുവിന് അങ്ങനെയായിരുന്നില്ല. സത്യത്തിൽ അയാളെയും ആ ചിന്തയിലേ ക്ക് വലിച്ചടുപ്പിച്ചതു അവളാണ്. അതും വിവാഹത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ.
സ്ത്രീയുടെ പ്രലോഭനങ്ങൾ പുരുഷനെന്നും കെണിയാണെന്ന് അതിബുദ്ധിമാന്മാർപോലും ചില ദുർബല നിമിഷങ്ങളിൽ വിസ്മരിക്കുന്ന വസ്തുതയാണ്.
സ്ത്രീകൾക്ക് തങ്ങളുടെ മോഹങ്ങൾ ഭർത്താവിലൂടെ സാധിച്ചെടുക്കാൻ മുഖ്യമായി രണ്ടു മുഹൂർ ത്തങ്ങളുണ്ട്.
ഇന്ദുവിന് ആ രണ്ടു മുഹൂർത്തങ്ങളും ഒത്തുവന്ന അസുലഭ ദിനമായിരുന്നു അന്ന്. കിടക്കയിൽ ശരീരങ്ങൾ ഒന്നായി മാറുന്ന ഒന്നാം മുഹൂർത്തത്തിൽ അതവൾ ഭംഗിയായി അവതരിപ്പിച്ചു. ഏതൊരു പുരുഷനും പ്രായോഗികതയെപ്പറ്റി അത്രയൊന്നും ചിന്തിക്കാൻ മെനക്കെടാത്ത നിമിഷങ്ങളാണല്ലോ അത്. സുധീർ അർധസമ്മതം മൂളി. പക്ഷേ, അവൾക്ക് ആവശ്യം പൂർണ സമ്മതമായിരുന്നു. ആവനാഴിയിൽ അതിലും വലിയ ആയുധം കാത്തുവച്ചിരുന്ന അവൾ വൈകാതെ അതും പുറത്തെടുത്തു. കിതപ്പൊതുങ്ങി, നിദ്രയുടെ കാണാക്കയങ്ങളിലേക്ക് അയാൾ മുഖം പൂഴ്ത്തവെ, അയാളുടെ കരമെടുത്ത് നഗ്നമായ തന്റെ അടിവറിന് മുകളിൽവച്ചുകൊണ്ട് അവൾ രണ്ടാം മുഹൂർത്തത്തിലേക്ക് കടന്നു.
"സുധീർ, എന്തെങ്കിലും പ്രത്യേക ചലനം കേൾക്കുന്നുണ്ടോ?"
"എന്തുചലനം?" അയാൾ നിദ്രയുടെ പാളികളെ വകഞ്ഞുമാറ്റാൻ ഒരു ശ്രമം നടത്തി.
"ഒരു പ്രത്യേക ചലനം... ജീവന്റെ ഒരു തുടുപ്പ്..."
"ഞാനൊന്നും കേൾക്കുന്നില്ല. നിനക്ക് വട്ടാണ്. കിടന്നുറങ്ങാൻ നോക്ക്."
പാതി മയക്കത്തിന്റെ ആലസ്യതയിൽ അയാൾക്ക് വാക്കുകളെപ്പോലും വിവേചിച്ചറിയാനായില്ല.
"സുധീറിന്റെ ജീവിതത്തിലെ ഏറ്റവും അനർഘമായ വാർത്ത ഞാൻ ഇപ്പോൾതന്നെ നൽകാം. പക്ഷേ..."
"എന്തു വാർത്ത...?"
"പറയാം. എന്റെ ആഗ്രഹം സാധിച്ചുതരാമെന്ന് വാക്കുതരണം."
"എന്താഗ്രഹം...? ഒന്നുതെളിച്ചു പറയു ഇന്ദു, എനിക്ക് ഉറക്കം വരുന്നു."
"എനിക്ക് പറയാനുള്ളതുകേട്ടാൽ സുധീറിന് ഇന്ന് ഉറങ്ങാൻ കഴിയില്ല."
"അങ്ങനെയോ? എങ്കിൽ പറയൂ... എനിക്ക് ഉറക്കമിളയ്ക്കാൻ ധൃതിയായി." അയാൾ ഇപ്പോൾ ശരിക്കും നിദ്രയുടെ ആവരണത്തിന് പുറത്തായി.
ആ തമാശ ആസ്വദിച്ച മട്ടിൽ അവൾ ചിരിച്ചു.
"നമുക്ക് ജനിക്കാൻപോകുന്ന പിഞ്ചോമനയ്ക്ക് ഓടിനടക്കാൻ ഈ നഗരത്തിൽ നമുക്കൊരു സ്വന്തം വീട്..." വാർത്തയും ആഗ്രഹവും അവൾ ഒരേ സമയം വിസർജിച്ചു.
ഭാര്യ ഗർഭിണിയാണെന്ന സത്യം അവളിൽനിന്നുതന്നെ കേൾക്കുന്ന പുരുഷന് അവളുടെ ആഗ്രഹത്തിനെതിരായി തന്റെ ന്യായങ്ങളിലും പ്രായോഗികതയിലും പിന്നെ ഏറെ നേരം പിടിച്ചുനിൽക്കാനാവില്ലല്ലോ. ഇന്ദുവിനെ കോരിയെടുത്ത് വായുവിലേക്ക് ഉയർത്തി രോമരാജികളുള്ള മനോഹരമായ അടിവയറിൽ ചുണ്ടുകൾ ചേർത്ത് അയാൾ പറഞ്ഞു-
"ഇന്ദുവിനുവേണ്ടി, ജനിക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനുവേണ്ടി ഞാൻ ഈ നഗരത്തിൽ ഒരു വീട് നിർമിക്കും. സത്യം."
അവൾക്കത് ധാരാളമായിരുന്നു. കാരണം ഗ്രാമത്തിന്റെ പച്ചപ്പിനെ ഉപേക്ഷിച്ച്, കോൺക്രീറ്റ് വന ത്തിൽ സ്വന്തമായ ഒരു വീട് നിർമിക്കുകയെന്നത് അയാൾക്ക് അചിന്തനീയമായിരുന്നു.പക്ഷേ, ഇപ്പോൾ സ്വന്തം താത്പര്യങ്ങൾക്കുനേരെ അയാൾ ഒരമ്പ് തൊടുത്തുവിട്ടിരിക്കുന്നു.
സ്നേഹിക്കുന്നവർക്കുവേണ്ടി സ്വന്തം ആഗ്രഹങ്ങൾ ഉപേക്ഷിക്കുമ്പോഴാണല്ലോ ജീവിതം ജീവിതമാകുന്നത്. പക്ഷേ, നഗരത്തിൽ അൽപം സ്ഥലം വാങ്ങി വീടുവയ്ക്കുകയെന്നത് സാധാരണക്കാരന് ഇക്കാലത്ത് ചിന്തിക്കാനാവുമോയെന്ന സങ്കീർണമായ പ്രശ്നം അയാളെ പിന്നീട് നിരന്തരം വേട്ടയാടി ക്കൊണ്ടിരുന്നു.
ജോലി ചെയ്യുന്ന നഗരത്തിൽനിന്ന് ഏതാണ്ട് മുന്നൂറോളം കിലോമീറ്റർ അകലെയാണ് സുധീറിന്റെ ഗ്രാമം. നീണ്ടുപരന്ന് കിടക്കുന്ന പച്ചപ്പിന്റെ മേൽക്കൂരയ്ക്ക് കീഴെ ഒരു വലിയ പുരാതന തറവാട്. ഫലസമൃദ്ധിയുള്ള എണ്ണമറ്റ വൃക്ഷങ്ങളും അതിൽ സ്ഥിരവാസമാക്കിയ കിളികളും വർഷത്തിലൊരിക്കൽ സ്ഥിരമായി സന്ദർശനം നടത്തി തിരിച്ചുപോകുന്ന ദേശാടനക്കിളികളും സംഗീതമാലപിക്കും. കുയിലിന്റെ മണിനാദം കേൾക്കാൻ അവിടെത്തന്നെ എത്തണമെന്ന് അവധിക്കാലം ചിലവഴിക്കാനെത്തുന്ന കോളേജിലെ തന്റെ സഹൃത്തുക്കൾ പറയുമായിരുന്നു. ഔഷധസസ്യങ്ങളും വിഷമയമില്ലാത്ത പച്ചക്കറി തോട്ടങ്ങളും ശുദ്ധജലമൊഴുക്കുന്ന അരുവികളും കലർപ്പില്ലാത്ത വായുവും ഗ്രാമവിശുദ്ധിയുടെ അടയാളമാണ്. കോർപ്പറേറ്റുകളുടെയും ഭൂമാഫിയകളുടെയും കടന്നുകയറ്റത്തെ ഈ ഗ്രാമം ചെറുത്ത് തോൽപ്പിച്ചിരിക്കുന്നു.
ഒറ്റ മകനായതിനാൽ നഗരത്തിലേക്ക് പറിച്ചുനടാൻ അച്ഛനും അമ്മയും മുത്തശ്ശിയും ഒരിക്കലും അനുവദിക്കില്ല. അയാൾക്കും നന്മകൾ നിറഞ്ഞ ആ നാടിനപ്പുറം മറ്റൊരു ലോകമില്ലായിരുന്നു.
എന്നാൽ ഇന്ദുവിന്റെ പശ്ചാത്തലം വിഭിന്നമാണ്. അവൾ ജനിച്ചതു നഗരത്തിലാണ്. ഫ്ലാറ്റുകളിൽ നിന്ന് ഫ്ലാറ്റുകളിലേക്ക് ചുറ്റിത്തിരിയുന്ന ഒരു യാന്ത്രിക ജീവിതമായിരുന്നു അവളുടേത്. കേന്ദ്രസർ ക്കാർ ഉദ്യോഗസ്ഥനായിരുന്നു അവളുടെ അച്ഛൻ. അദ്ദേഹത്തിന്റെ സ്ഥലംമാറ്റത്തിനനുസരിച്ച് അവർ സഞ്ചരിച്ചുകൊണ്ടിരുന്നു. പ്രകൃതിയോട് ഇണങ്ങിയല്ല, നാഗരികതയുടെ പൊയ്മുഖങ്ങളോട് സമരസ പ്പെട്ടാണ് അവർ ജീവിച്ചതു. അതുകൊണ്ടുതന്നെ, ശാലീനതയ്ക്കുപകരം നാഗരികത വളർത്തിയെടുത്ത സംസ്കാരമാണ് ഇന്ദുവിന്റേത്. ഗ്രാമവും അതിന്റെ വിശുദ്ധിയുമെല്ലാം വളർച്ച നിലച്ച ചെറിയ മനുഷ്യ രുടെ ഇഷ്ടസങ്കൽപ്പങ്ങളായാണ് അയാൾ കരുത്തിയത്.
ഭൂമിയും അതിലുള്ള സകലവും മനുഷ്യനുവേണ്ടി നിർമിക്കപ്പെട്ടവയാണെന്നും അതിന് മനുഷ്യരൊഴികെ അവകാശികൾ ഇല്ലെന്നുമുള്ള വികളമായ കാഴ്ചപ്പാട് പൈതൃകമായി കിട്ടിയ സമ്പത്തുപോലെ ഇന്ദുവും കാത്തുസൂക്ഷിച്ചു. അങ്ങനെയാണ് തന്റെ അച്ഛനും അമ്മയും മുത്തശ്ശിയും ഉൾപ്പെടെയുള്ള ഗ്രാമീണർ വളർച്ച നിലച്ച മനുഷ്യരായി മാറിയത്.
പ്രേമത്തിന് കണ്ണില്ലെന്നല്ലേ പറയുന്നത്? കണ്ണില്ലെന്ന് മാത്രമല്ല, പ്രേമം മനുഷ്യനിലെ സകല തിരിച്ചറിവുകളേയും നിർജീവമാക്കിക്കളയുന്ന മഹാപ്രഹരശേഷിയുള്ള ആയുധമാണ്. നന്നായി നൃത്തം ചെയ്യുമായിരുന്ന ഇന്ദു കോളേജ് യൂണിയൻ സെക്രട്ടറിയായിരുന്നു. താൻ ചെയർമാനും. സെക്രട്ടറി യുമായി അടുത്തിടപഴകേണ്ടിവരുന്ന അവസരങ്ങൾ ധാരാളം. അതിനിടയിൽ എപ്പോഴോ യുവത്വത്തിന്റെ രാസപ്രവർത്തനം നടന്നു. പരസ്പരം ഇഷ്ടപ്പെട്ടാൽ പിന്നെ കുറവുകളെപ്പറ്റി ചിന്തിക്കാനെവിടെ നേരം.
വിവാഹശേഷം ആദ്യമായി ഗ്രാമത്തിലെത്തിയ ദിവസം. ഇന്ദു വീർപ്പുമുട്ടലിന്റെ പാരമ്യതയിലായി രുന്നു. ഗ്രാമീണ അന്തരീക്ഷത്തോടുള്ള വിരക്തിയും വെറുപ്പും അവളെ പൂർണമായും നാഗരികതയുടെ അടിമയാക്കിയിരിക്കുന്നുവേന്ന സത്യം തിരിച്ചറിഞ്ഞു. അച്ഛന്റെയും അമ്മയുടെയും കണ്ണുകളെ ഈറനാക്കി, വിലപ്പെട്ടതിനെ പലതിനെയും ഉപേക്ഷിച്ച്, പിറ്റേന്നുതന്നെ നഗരത്തിലേക്ക് മടങ്ങിപ്പോന്നു. മുത്തശ്ശിക്ക് അത് താങ്ങാനായില്ല. അവരുടെ മരണം തന്നെ തളർത്തിയെങ്കിലും ഇന്ദുവിൽ അത് കാര്യമായ യാതൊരു ചലനവും ഉണ്ടാക്കിയില്ല.
ഗ്രാമീണതയെ ജീവിതത്തിൽനിന്ന് പടിയിറക്കി അവിശുദ്ധമായ നാഗരികതയുടെ കാണാച്ചരടുകളാൽ തന്നെ ബന്ധിതനാക്കാനാണ് പിന്നെ അവൾ ബോധപൂർവം ശ്രമിച്ചതു.
വാടക വീടുകൾ തെരഞ്ഞെടുക്കുമ്പോഴും ഇന്ദുവിന്റെ ആഗ്രഹങ്ങൾക്കും താത്പര്യങ്ങൾക്കുമായിരുന്നു പ്രാമുഖ്യം. അപ്പോഴൊക്കെ കരുതി, വരട്ടെ, നഗരത്തിൽ എന്നെങ്കിലും താൻ നിർമിക്കുന്ന ഭവന ത്തിൽ തന്റെ സങ്കൽപ്പങ്ങൾക്ക് അൽപം ഇടം നൽകാം.
മോൾ ജനിച്ചതിനുശേഷം സ്വന്തമായ ഒരു വീടെന്ന സ്വപ്നത്തിൽനിന്ന് യാഥാർഥ്യത്തിലേക്ക് ഉള്ള പ്രയാണത്തിന് ശക്തിയേറി. അഭിരുചികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണെങ്കിലും ഇന്ദുവിനെപ്പോലെത്തന്നെ താനും ഇപ്പോഴത് ആഗ്രഹിക്കുന്നു.
ശിൽപയ്ക്ക് നാലുവയസ്സുള്ളപ്പോഴാണ് നഗരപ്രാന്തത്തിൽ തന്റെ സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകേകുമെന്ന് പ്രതീക്ഷിച്ച ആ പ്ലോട്ട് കണ്ടുപിടിച്ചതു. ഏതോ പാരിസ്ഥിതി പ്രവർത്തകന്റെ സ്ഥലമാണത്. പച്ചപ്പിന്റെ ഒരു തുരുത്ത്. മണൽ മാഫിയകൾക്കെതിരെ സമരം ചെയ്ത അയാളെ അവർ പോലീസിന്റെ സഹായത്തോടെ വകവരുത്തി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് മാർഗമില്ലാതെ അയാളുടെ ഭാര്യ ഭൂമി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു.
നിറയെ വൃക്ഷങ്ങളുണ്ടായിരുന്നു അതിൽ. ആഞ്ഞിലി, മഹാഗണി, പ്ലാവ്, മാവ്, പുളി, ഇലഞ്ഞി തുടങ്ങിയവയെല്ലാം ശീതളഛായയേകി പടർന്നു പന്തലിച്ച് നിൽക്കുന്നു. വൃക്ഷശിഖരങ്ങളിൽ അനേകതരം കിളികൾ കൂടുവച്ചിട്ടുണ്ട്. സുഹൃത്തുക്കൾ വാഴ്ത്തുന്ന കുയിലിന്റെ മണിനാദം അവിടെയും മുഴങ്ങിക്കേട്ടു. തന്റെ പച്ചപ്പ് നിറഞ്ഞ ഗ്രാമത്തിന്റെ ഒരുകീറ് ഇവിടേയ്ക്ക് പറിച്ചുനടപ്പെട്ടതു പോലെ...
ശിൽപയ്ക്ക് ഇവിടം നൂറുവട്ടം ഇഷ്ടപ്പെടും. അവൾ ഇന്ദുവിനെപ്പോലെയല്ല. ഗ്രാമത്തിലെ തന്റെ വീട്ടിലെത്തിയാൽ അവൾക്ക് തിരിച്ചുവരാൻ മടിയാണ്. അവിടെ അവൾക്ക് കളിക്കൂട്ടുകാരായി അയലത്തെ കുട്ടികളെല്ലാം എത്തും. പാടത്തും പറമ്പിലും പണിയെടുക്കുന്ന ഗ്രാമീണർ, കന്നുകാലികൾ, കോഴി, താറാവ്, കിളികൾ, ചിത്രശലഭങ്ങൾ എന്നുവേണ്ട, എല്ലാം അവൾക്ക് കൂട്ടുകാരാണ്.
ഇടപാട് ഉറപ്പിക്കുംമുമ്പ് ഇന്ദുവിനെയും ശിൽപയേയും അവിടേയ്ക്ക് കൊണ്ടുവന്നു. ശിൽപയ്ക്ക് മുത്തശ്ശന്റെ ഗ്രാമത്തിൽ എത്തിയ പ്രതീതിയായിരുന്നു. അവൾ തുള്ളിച്ചാടി, ഓരോ മരത്തിനുചിറ്റിലും ഓടിനടന്നു. മരങ്ങളോടും ചെടികളോടും രഹസ്യം പറഞ്ഞു. കുയിലിന്റെ നീട്ടിയുള്ള കൂവലിന് അവൾ അതേ ഈണത്തിൽ മറുമൊഴിയേകി.
"മോൾക്ക് എന്ത് സന്തോഷമാണ്. അവൾക്കിവിടം വല്യ ഇഷ്ടമായെന്ന് തോന്നുന്നു."
പക്ഷേ, ഇന്ദുവിന്റെ മുഖം പ്രസാദിച്ചില്ല.
"എന്തേ... ഇന്ദുവിന് ഇഷ്ടമായില്ല?"
"നിങ്ങൾ ഇങ്ങനെയൊന്നേ കണ്ടുപിടിക്കുവേന്ന് എനിക്കറിയാമായിരുന്നു."
"ഇന്നത്തെക്കാലത്ത് ഈ വിലയ്ക്ക് ഇങ്ങനത്തെ ഒരു തുണ്ടുഭൂമി സ്വപ്നം കാണാനേ കഴിയൂ..."
"അന്വേഷിച്ചാൽ ഇതിലും ണല്ലോരു സ്ഥലം നമുക്ക് കിട്ടും..."
"എന്റെ ഇന്ദു, എത്ര കാലമായി നമ്മൾ അന്വേഷിക്കുന്നു? പട്ടണാതിർത്തിയിൽനിന്ന് രണ്ട് കിലോമീറ്റർ അകലത്തിൽ ഇത്രയും നല്ല സ്ഥലം കൈയിലൊതുങ്ങുന്ന വിലയ്ക്ക് കിട്ടിയതുതന്നെ ഭാഗ്യം. നഗരം വളരുകയാണ്. നാളെ ഇവിടവും മുനിസിപ്പാലിറ്റിയുടെയോ കോർപ്പറേഷന്റെയോ ഭാഗമാകും. അപ്പോൾ ഇതിന്റെ വില പത്തിരട്ടിയായി വർധിക്കും."
ഇന്ദു എന്തോ ആലോചിക്കുന്നതുപോലെ നിന്നു.
"ശരി. സമ്മതിച്ചു. പക്ഷേ, ഈ മരങ്ങളൊക്കെ മുറിക്കേണ്ടിവരും. തടി പ്രശ്നം പരിഹരിക്കാം. വീടുപണിക്കുള്ള ഒരു വലിയ തുക അങ്ങനെ ഒഴിവായി കിട്ടും."ഇന്ദു യാഥാർഥ്യത്തോട് അൽപംകൂടി അടുത്തെന്നു തോന്നി.
"അതിനോട് എനിക്ക് യോജിപ്പില്ല ഇന്ദു... മരം മുറിക്കുകയല്ല, സംരക്ഷിക്കുകയാണ് മനുഷ്യന്റെ കടമ."
പറഞ്ഞുതീരുംമുമ്പ് ഇന്ദുവിന്റെ സ്വരമുയർന്നു.
"അപ്പോൾ ഈ മരങ്ങൾക്കിടയിൽ ഏറുമാടം കെട്ടാനാണോ സുധീർ ഉദ്ദേശിക്കുന്നത്?"
നിശബ്ദനാകാനേ അയാൾക്ക് കഴിഞ്ഞുള്ളു.
"മരം വെട്ടാതെ വീട് എങ്ങനെ പണിയും? സുധീർ അത് പറയ്..."
അതും ശരിയാണ്. അൽപം വിട്ടുവീഴ്ച ചെയ്തേ മതിയാകു. അല്ലെങ്കിൽ ഈ സ്ഥലംതന്നെ വേണ്ടെന്ന് അവൾ കട്ടായം പറയും. പിടിവാശികളുടെ കാഴ്ചബംഗ്ലാവ് ഉള്ളിൽ പേറുന്നവളാണ്.
"അത്യാവശ്യമുള്ളത് നമുക്ക് വെട്ടാം."
"വാസ്തുശാസ്ത്ര പ്രകാരം ഓരോ മരത്തിനും ഓരോ സ്ഥാനമുണ്ട്. തെറ്റായ സ്ഥാനത്ത് നിൽക്കുന്നതെല്ലാം വെട്ടേണ്ടിവരും." ഇന്ദുവിന് ഒട്ടും അയയാൻ ഉദ്ദേശമില്ല.
"ഇന്ദു, ഇതൊരു പാരിസ്ഥിതി പ്രവർത്തകന്റെ ഭൂമിയാണ്. അതുകൊണ്ട്..."
"വൃക്ഷങ്ങളൊന്നും വെട്ടാൻ സമ്മതിക്കില്ലെന്ന്... അതല്ലേ പറഞ്ഞുവരുന്നത്? നമ്മൾ പണംകൊടു ത്ത് വാങ്ങുന്ന ഭൂമിയിൽ എന്തുചെയ്യണമെന്ന് നമ്മളല്ലേ തീരുമാനിക്കുന്നത്? അല്ലെങ്കിൽ വേണ്ടെന്ന് വയ്ക്കണം."
തർക്കിക്കാതിരിക്കുകയാണ് നന്ന്.
"പിന്നൊരു കാര്യം. വാസ്തുശാസ്ത്രം അനുസരിച്ചുവേണം ഭൂമി ഒരുക്കാൻ. വീടിന്റെ സ്കെച്ചും പ്ലാനും വാസ്തുകാരൻതന്നെ തയ്യാറാക്കി തരും. അച്ഛന്റെ പരിചയത്തിൽ കൈപ്പുണ്യമുള്ള ഒന്നിലേറെ വാസ്തുകാരന്മാരുണ്ട്."
"എന്റെ ഇന്ദു... ഇന്നത്തെക്കാലത്ത്..."
"ഇന്നത്തെക്കാലത്താ സുധീറേ അതൊക്കെ വേണ്ടത്. സുധീർ ഏതു ലോകത്താ ജീവിക്കുന്നേ?"
"അതുശരിയാ. അന്ധവിശ്വാസവും ജാതിമതവർഗീയതയും കഴിഞ്ഞകാലങ്ങളെക്കാൾ പതിന്മടങ്ങ് വർധിച്ചിരിക്കുന്നു."
"വാസ്തുനോക്കാതെ വീട് പണിതവരൊക്കെ അനുഭവിച്ചിട്ടുണ്ട്. എത്രയെണ്ണമാ പുതിയ വീടുകളിൽ കിടന്ന് ചത്തുംകെട്ടും പോയത്?"
"വാസ്തുശാസ്ത്രമനുസരിച്ച് വീട് നിർമിച്ചവർക്കും ഇതൊക്കെ സംഭവിക്കുന്നില്ലേ?"
"സുധീറിനോട് തർക്കിക്കാൻ ഞാനാളല്ല. ഏതായാലും നമുക്ക് വാസ്തുകാരൻ പറയുംപോലെ വീട് പണിതാൽ മതി."
അതിനോട് യോജിക്കുകയല്ലാതെ സുധീറിന് മറ്റ് മാർഗമൊന്നുമില്ലായിരുന്നു. ശിൽപയെ സ്കൂളിൽ ചേർക്കുമ്പോൾ വീടുപണി ആരംഭിക്കാൻ തീരുമാനിച്ചു.
ശിൽപയെ ഒന്നാം ക്ലാസിൽ ചേർത്തു. അവൾക്ക് ഇന്ദുവിനേക്കാൾ നിറമായിരുന്നു. പ്രായത്തെ വെല്ലുന്ന വളർച്ചയായിരുന്നു അവൾക്ക്. അതുകൊണ്ടുതന്നെ കുട്ടിയുടെ കാര്യത്തിൽ എപ്പോഴും ഒരു ശ്രദ്ധ വേണമെന്ന് സുധീർ എപ്പോഴും പറയുമായിരുന്നു. എന്നാൽ ഇന്ദു അതിനെ നിസ്സാരമായാണ് കണ്ടത്.
വീടിന്റെ പ്ലാൻ തയ്യാറാക്കാൻ നഗരത്തിലുള്ള ഒരു ആർക്കിടെക്കിനെ ഏൽപ്പിക്കാമെന്ന് പറഞ്ഞപ്പോൾ ഇന്ദു പറഞ്ഞു.
"വേണ്ട സുധീറേ. ഞാനന്ന് പറഞ്ഞില്ലേ ഒരു വാസ്തുകാരന്റെ കാര്യം? അച്ഛന് വലിയ വിശ്വാസമുള്ള ആളാ. പറയുന്ന കാര്യങ്ങളെല്ലാം അച്ചട്ടാ..."
ആരംഭത്തിലേ ഒരു അപശബ്ദം വേണ്ടായെന്ന് കരുതി എതിർത്തില്ല.
പിറ്റേന്ന് വൈകുന്നേരം കാവിമുണ്ടും കശവ് നേര്യതും ധരിച്ച്, നെറ്റിയിൽ ഭസ്മവും ചന്ദനക്കുറി യും തൊട്ട്, നെഞ്ചുമൂടിക്കിടക്കുന്ന സ്വർണം കെട്ടിയതും അല്ലാതെയുമുള്ള രുദ്രാക്ഷമാലകളും ഇരുകൈകളിലും ഏലസും ചരടും കെട്ടി ആജാനബാഹുവായ മധ്യവയസ്കൻ ഒരു ഇന്നോവയിൽ വന്നിറങ്ങി. കൂടെ സഹായികളായി രണ്ടു മല്ലന്മാരും. ഇന്ദു അയാളെ ആദരപൂർവം അകത്തേക്ക് ആനയിച്ചു. പാതി നരച്ച സമൃദ്ധമായ താടി തടവി, ചുവന്ന ഉണ്ടക്കണ്ണുകളാൽ അന്തരീക്ഷം ഉഴിഞ്ഞ് ചെറുചിരിയോടെ അയാൾ ഇരുന്നു. ശിൽപ അയാളെ കണ്ട് ഭയന്ന് കർട്ടന് പിന്നിൽ ഒളിച്ചു.അവിടെനിന്ന് അവൾ ഇടയ്ക്കിടയ്ക്ക് തല പുറത്തേക്കിട്ട് അയാളെ നോക്കിക്കൊണ്ടിരുന്നു. അതയാൾ കണ്ടു. അയാൾ അവളെ മാടിവിളിച്ചു. അവൾ കൂടുതൽ ഭയന്ന് ഉള്ളിലേക്ക് വലിഞ്ഞു.
"ശിൽപാ..." ഇന്ദു മയമില്ലാത്ത സ്വരത്തിൽ വിളിച്ചു.
അവൾ ഭയപ്പാടോടെ മന്ദം അയാൾക്കരികിലേക്ക് നടന്നു.
അയാൾ ഒരു മജീഷ്യന്റെ ആവേഗ ചലനചടുലതയോടെ വായുവിൽനിന്നെന്നപോലെ വിലയേറിയ ഒരു ഫോറിൻ ചോക്ലേറ്റ് കൈയെത്തിപ്പിടിച്ച് അവൾക്ക് നീട്ടി. അവൾ അടുത്തേക്ക് ചെല്ലാതെ, ഭയപ്പെട്ട് അൽപം അകലെ നിന്നതേയുള്ളു.
"വാ... വാ... മോടെ പേരെന്താ?"
അവൾ മറുപടി പറഞ്ഞില്ല.
"ശിൽപാ, അത് വാങ്ങു. ചോദിച്ചതിന് മറുപടി പറയൂ." ഇന്ദുവിന്റെ സ്വരം കൂടുതൽ കനത്തു.
ശിൽപ്പ കൈനീട്ടി. അയാൾ അവളുടെ നീട്ടിയ കൈയിൽപ്പിടിച്ച്, ബലമായി മടിയിൽ ഇരുത്തി.
"മോള് പേടിച്ചുപോയോ...?" അയാൾ അവളുടെ കവിളിൽ ചുംബിച്ചു. കട്ടിയേറിയ രോമം കവളിൽ ഉരസിയപ്പോൾ അവൾ അസഹ്യതയോടെ പിടഞ്ഞു.
അപ്പോഴേയ്ക്കും സുധീർ എത്തി. അച്ഛനെ കണ്ടതും അവൾ അയാളുടെ അരികിലേക്ക് ഓടി.
സുധീർ ഇരുന്നു.
"ഇന്ദുവിന്റെ അച്ഛൻ പറഞ്ഞതനുസരിച്ച് തിരക്കായിട്ടും ഞാൻ നിങ്ങളുടെ ഭൂമി പോയി കണ്ടു ."
ഭൂമി എങ്ങനെയുണ്ട്? വല്ല ദോഷവും... അങ്ങനെയായിരിക്കും പ്രതികരണമെന്നായിരുന്നു അയാളുടെ പ്രതീക്ഷ. എന്നാൽ അയാളിൽനിന്ന് അതുണ്ടായില്ല.
"നിങ്ങൾ പ്രകൃതി സ്നേഹിയും പാരിസ്ഥിതിവാദിയുമാണെന്നറിയാം.
സുധീർ മറുപടി പറഞ്ഞില്ല.
"നിങ്ങൾ വാങ്ങിയ ഭൂമി അത്രമോശമാണെന്ന് ഞാൻ പറയില്ല. പക്ഷേ,ഭവനനിർമാണം ആരംഭിക്കുംമുമ്പ് വാസ്തുശാസ്ത്രപ്രകാരം ഭൂമിയൊരുക്കണം. അപ്പോൾ ചിലതെല്ലാം നഷ്ടപ്പെട്ടെന്നിരിക്കും. ചില പരിഹാരക്രിയകൾ ചെയ്യണം. പാരിസ്ഥിതിയെക്കാളും വനസംരക്ഷണത്തെക്കാളും പ്രധാനം നാം നിർമിക്കുന്ന ഭവനത്തിന്റെ ഐശ്വര്യവും സുരക്ഷയുമാണ്."
"എത്ര മരങ്ങൾ വെട്ടേണ്ടി വരും?" സുധീർ കാര്യത്തിലേക്ക് കടന്നു.
"നോക്കു സുധീർ. ഭവനം ബ്രഹ്മസ്ഥാനത്തായിരിക്കരുത് എന്നതുപോലെത്തന്നെ പ്രധാനമാണ് വൃക്ഷങ്ങളുടെ സ്ഥാനവും. തെങ്ങ്, കവുങ്ങ് എന്നിവ ഉത്തരദിക്കിലും, പ്ലാവ്, മാവ് എന്നിവ ഭവനത്തിന്റെ പൂർവദിക്കിലും നിൽക്കുന്നതിൽ വിരോധമില്ല. മാവ് യതൊരു കാരണവശാലും ഭവനത്തിന്റെ മുൻവശം പാടില്ല. അത് ഗൃഹനാഥന് കൊള്ളിവയ്ക്കാൻ ഇടയാകും. വൃക്ഷങ്ങളുടെ കൊമ്പുകൾ കെട്ടിടത്തിൽ സ്പർശിക്കാൻ പാടുള്ളതല്ല. അവിടെയുള്ള കായ്ച്ച രണ്ട് മാവുകളും പ്ലാവുകളും നിലനിർത്തിക്കൊണ്ട് ഭവനം പണിതാൽ പെടുമരണം ഉറപ്പാണ്. പടിഞ്ഞാറുഭാഗം ഇലഞ്ഞിയും പേരാലും കിഴക്കുഭാഗം തുലാത്തിലോ വൃശ്ചികത്തിലോ അരയാലും പാലയും ഇടത്തുഭാഗം,അതായത് വടക്ക് പുളിയും അത്തിയും അന്യം അതായത് തെക്ക് നാഗമരവും ഇത്തിയും വരുന്നത് ഭവനത്തിനും അതിലുള്ള വർക്കും ശ്രേയസ്ക്കരമല്ല."
"ചുരുക്കത്തിൽ അതിലുള്ള സകല വൃക്ഷങ്ങളും ചെടികൾവരെയും വെട്ടിനശിപ്പിച്ച് അതൊരു ശ്മ ശാനഭൂമിയാക്കിയിട്ടുവേണം വീട് പണിയാൻ എന്നല്ലേ?" സുധീർ രോഷത്തോടെ ചോദിച്ചു.
"സുധീർ..." ഇന്ദു ഇടയ്ക്കുകയറി.
"നമുക്ക് ദോഷം സംഭവിക്കാത്ത ഭവനം പണിയാനാണ് അദ്ദേഹം നിർദേശങ്ങൾ വയ്ക്കുന്നത.് അത് മനസ്സിലാക്ക്."
"സുധീർ നിങ്ങൾ വിചാരിക്കുംപോലെ ഞാനൊരു വൃക്ഷവിരോധിയോ പ്രകൃതി വിരോധിയോ
അല്ല. പക്ഷേ, ഒരു കാര്യം പറയാതെ വയ്യ. വൃക്ഷത്തെക്കാൾ മനുഷ്യന്റെ നിലനിൽപിനും ജീവനും ഞാൻ പ്രാധാന്യം കൊടുക്കുന്നു. എന്നു കരുതി എല്ലാം വെട്ടിക്കളയണമെന്നല്ല. എല്ലാത്തിനും ചില പരിഹാരക്രിയകളൊക്കെയുണ്ട്. അത് ചെയ്താൽ നമുക്ക് ചിലതെല്ലാം നിലനിർത്താൻ പറ്റും."
അയാൾ എഴുന്നേറ്റു. അയ്യായിരം രൂപയടങ്ങിയ കവർ ഇന്ദു ആദരവോടെ അയാളുടെ കൈയിൽ കൊടുക്കുമ്പോൾ ആ മുഖം പ്രസാദിച്ചു. വണ്ടിയിൽ കയറുംമുമ്പ് സുധീറിന്റെ കൈയിൽ പിടിച്ചുനിന്ന ശിൽപയുടെ തുടുത്ത കവളിൽ ശക്തിയായി നുള്ളാൻ അയാൾ മറന്നില്ല. അവൾ ഒന്നുപിടഞ്ഞു. ആ പിടച്ചിൽ സുധീറിന്റെ ചങ്കിലാണേറ്റത്.
അയാൾ പോയിക്കഴിഞ്ഞ് ശിൽപ പരാതി പറഞ്ഞു.
"അച്ഛാ, അയാൾ മടിയിൽ പിടിച്ചിരുത്തിയപ്പഴും കവിളിൽ പിച്ചിയപ്പഴും ശിൽപമോൾക്ക് നൊന്തു."
"ഇന്ദു, ഞാൻ പറഞ്ഞിട്ടില്ലേ അന്യപുരുഷന്മാരുടെ അടുക്കൽ മോളെ വിടരുതെന്ന്..."
"ഇതെന്തു കൂത്ത് സുധീറേ... അദ്ദേഹം ദിവ്യനായ മനുഷ്യനാ. ആ മുഖത്തെ പ്രകാശം കണ്ടോ."
"കണ്ടു... കണ്ടു... പണം കിട്ടിയപ്പോൾ."
"ഇങ്ങനെ വലിയ മനുഷ്യരെ പണത്തിന്റെ പേരുപറഞ്ഞ് അപമാനിക്കരുത്. കുട്ടികളോട് സ്നേഹമുള്ളവർ അവരെ മടിയിലിരുത്തുകയും ലാളിക്കുകയുമൊക്കെ ചെയ്യും.വന്നുവന്ന് ഇനി എന്റെ അച്ഛന്റെ അടുത്തും അവളെ വിടരുതെന്ന് സുധീർ പറയുമല്ലോ."
പ്രതികരണം അർഹിക്കാത്ത ചോദ്യങ്ങൾക്ക് മൗനം പാലിക്കുകയാണ് നേഗറ്റീവ് എനർജിയെ നിരാകരിക്കാനുള്ള എളുപ്പവഴിയെന്ന് എവിടെയോ വായിച്ചതായി ഓർക്കുന്നു.
ഭവനനിർമാണം ആരംഭിക്കുന്നതിനുമുമ്പ് മരങ്ങൾ ഒന്നൊന്നായി നിലംപതിച്ചു. ഓരോ മരത്തിന്റെ കടയ്ക്കൽ മഴുവീഴുമ്പോഴും വാസ്തുകാരൻ വിശ്വസനീയമായ കാരണങ്ങൾ നിരത്തി. എതിർത്തപ്പോഴെല്ലാം ഇന്ദു വാസ്തുശാസ്ത്ര മഹത്വവും അത് ഖണ്ഡിച്ചാലുണ്ടായേക്കാവുന്ന ദുരന്തങ്ങളെ പൊടി പ്പും തൊങ്ങലും സമാസമം ചേർത്ത് വിളിമ്പിയും അയാളെ നിശബ്ദനാക്കി. ഭൂമിയുടെ കിഴക്കേ അതിരിൽ തണലേകി പടർന്നുപന്തലിച്ചുനിന്ന ഇലഞ്ഞിമാത്രം അവശേഷിച്ചു. അതിലായിരുന്നു ദേശാടനക്കിളികൾ കൂടുതലും കൂടുവച്ചിരുന്നത്. കുയിലിന്റെ സംഗീതം ഉയരുന്നതും അതിൽനിന്നുതന്നെ. മറ്റ് മരങ്ങൾ മുറിച്ചതോടെ അതിലെല്ലാം കൂടുകൂട്ടിയിരുന്ന കിളികളും ഇലഞ്ഞിയിലേക്ക് ചേക്കേറി. ഇപ്പോൾ നാണാത്തരം കിളികളുടെ ഗാനനിർഝരി ഇലഞ്ഞിയിൽനിന്നാണ് ഉത്ഭവിക്കുന്നത്.
തറക്കല്ലിടുന്നതിന് തലേന്ന് ഇലഞ്ഞി വെട്ടാൻ വാസ്തുകാരൻ മരംവെട്ടുകാരനെ ഏർപ്പാട് ചെയ്തിരുന്നു. രാവിലെത്തന്നെ അയാൾ മരംവെട്ട് യന്ത്രവുമായി എത്തി. യന്ത്രവാൾ മരത്തിൽ സ്പർശിക്കുന്ന തിനുമുമ്പ് സുധീർ എത്തിയതിനാൽ ഇലഞ്ഞിക്ക് രണ്ടാം ജന്മം ലഭിച്ചു. അൽപം പച്ചപ്പും ശീതളതയും ലഭിക്കുന്ന, ആയിരക്കണക്കിന് പക്ഷികളുടെ ആവാസകേന്ദ്രമായ ആ മരംവെട്ടിയിട്ട് താൻ ഇവിടെ വീട് പണിയുന്നില്ലെന്ന് അയാൾ തീർത്തു പറഞ്ഞു. ഇലഞ്ഞിച്ചില്ലകൾ കാറ്റിലാടി നന്ദി പറഞ്ഞു. കിളികൾ നന്ദി സൊാചകമായി കുറുകി. കുയിലുകൾ മണിനാദം പുറപ്പെടുവിച്ചു. ഏതാനും അണ്ണാറക്കണ്ണന്മാർ ഇലഞ്ഞിഗാത്രത്തെ തഴുകി സംഘനൃത്തം ചെയ്ത് ആരോഹണാവരോഹണം നടത്തി.
വാസ്തുകാരനും ഇന്ദുവും അയാളോട് അനുരഞ്ജനപ്പെട്ടു. ഇലഞ്ഞി നിലനിർത്തി ഭവനം നിർമി ക്കാമെന്ന ധാരണയിലെത്തി.
കാലവർഷം തകർത്താടിയ ദിനങ്ങളായിരുന്നു പിന്നീട്. ആകാശം ഇരുൾമൂടിക്കിടന്നു. ഭൂമിയും അതിന്റെ അണുരണനങ്ങളേറ്റുവാങ്ങി. ദിവസങ്ങളായി ഇടതടവില്ലാതെ പെയ്യുന്ന മഴ. ചീറിയടിക്കുന്ന തെക്കൻകാറ്റ്. അത് ഒരാഴ്ചകൂടി നീണ്ടുനിൽക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വന്നു. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണത്രേ കാരണം. മോശം കാലാവസ്ഥ ഭവന നിർമാണത്തെ പ്രതികൂലമായി ബാധിച്ചുവേന്ന് കഴിഞ്ഞ ദിവസം ഇന്ദു പറഞ്ഞിരുന്നു. ഓഫീസിലെ തിരക്കുമൂലം കുറെ ദിവസമായി സൈറ്റിലേയ്ക്ക് പോയിട്ട്. നിർമാണക്കരാർ വാസ്തുകാരൻതന്നെ ഏറ്റെടുത്തിരിക്കുകയാണല്ലോ.
സുധീർ ഓഫീസിൽനിന്ന് അൽപം നേരത്തെ ഇറങ്ങി. ഏതായാലും നിർമാണ പുരോഗതി പരിശോധിക്കണം. ഇതിനോടകം കുറെയേറെ പണം വാസ്തുകാരന്റെ കൈയിലെത്തിക്കഴിഞ്ഞു. സമ്പാദ്യവും കടമെടുത്തതുമെല്ലാം തീർന്നു.
അകലെവച്ചേ ഒരു ഞെട്ടലോടെ അയാൾ ആ സത്യമറിഞ്ഞു. ഭവനം നിർമിച്ചില്ലെങ്കിലും മഴുവേൽ ക്കാൻ അനുവദിക്കില്ലെന്ന് താൻ പറഞ്ഞ ഇലഞ്ഞി അപ്രത്യക്ഷമായിരിക്കുന്നു. ഒരിത്തിരി പച്ചപ്പുമായി നിന്ന തന്റെ തുണ്ടുഭൂമിയും ചുറ്റുപാടുമെന്നപോലെ കോൺക്രീറ്റ് വനമായി മാറാൻ പോകുന്നു... ഇന്ദുവും അയാളും ചേർന്ന് വിശ്വാസവഞ്ചന ചെയ്തിരിക്കുന്നു.
റോഡിൽ ഒരു ഇന്നോവാ കാർ കിടക്കുന്നുണ്ട്. അത് അയാളാവണം. ഇത് ക്ഷമിക്കാനാവില്ല. ഇന്നത്തോടെ അയാളുടെ പണി അവസാനിപ്പിക്കുകതന്നെ.
രോഷത്തോടെ അയാൾ റോഡിൽനിന്ന് അകത്തേക്ക് കുതിച്ചു. ചീറിയടിക്കുന്ന കാറ്റിനെയും അതിനെ ക്ഷാളനം ചെയ്ത് ആകാശം പൊഴിക്കുന്ന തീരാക്കണ്ണീരിനെയും വകവയ്ക്കാതെ ഭൂമിയിൽ പതിച്ചുകിടക്കുന്ന ഇലഞ്ഞിയുടെ അടുത്തേക്ക് അയാൾ ഒരു ഉത്മാദിയെപ്പോലെ പാഞ്ഞു. അപ്പോൾ പുറത്ത് കാർ സ്റ്റാർട്ടുചെയ്യുന്ന ശബ്ദം കേട്ടു.
മണ്ണിനും മനുഷ്യനും ചരമഗീതം ആലപിച്ച്, മുടിയഴിച്ചിട്ട് നിർജീവാവസ്ഥയിൽ മണ്ണിൽ ചേർന്നു കിടക്കുന്നു താൻ ശത്രുക്കളിൽനിന്ന് ഇത്രനാൾ കാത്ത ഇലഞ്ഞിമരം. ചില്ലകൾ നഷ്ടപ്പെട്ട പക്ഷികൾ സങ്കേതമുപേക്ഷിച്ച് വിജനതയിലേക്ക് പറന്നുപോയിരിക്കുന്നു.
ശിഖരങ്ങൾക്കടിയിൽ മുറിവേറ്റു പിടയുന്ന കിളിയെ അയാൾ കൈകളിലെടുത്തു. ചോരയൊലിക്കുന്ന മുറിവിൽ തലോടുമ്പോൾ അത് വേദനയോടെ കരഞ്ഞു. തൊട്ടടുത്തായി ചതഞ്ഞരഞ്ഞ് ഒരു കിളിക്കൂട്. അതിൽനിന്ന് പുറത്തേക്ക് തെറിച്ച് പൊട്ടിയൊലിക്കുന്ന ഏതാനും മുട്ടകൾ... അടുത്തെവിടെയോ ഇരുന്ന് ദീനമായി കേഴുന്ന ആൺകിളി. വിദൂരതയിൽനിന്ന് ഒഴുകിയെത്തിയ കുയിൽനാദം പ്രകൃതിക്കുള്ള മരണമണിപോലെ മുഴങ്ങി. ഹൃദയഭേദകമായ ആ രംഗത്തെ മറികടക്കാനാവാതെ അയാൾ നിന്നു.
പെട്ടെന്ന് എവിടെനിന്നോ ഒരു നിലവിളി...
അയാൾ കാതോർത്തു.
ഒരു പെൺകുട്ടിയുടേതാണ്...
അയാളുടെ ഉള്ളം പിടച്ചു. പാതി നിർമാണത്തിലെത്തിയ ഭവനത്തിലേക്ക് അയാൾ കുതിച്ചു. ചെളിയിൽ കുതിർന്ന തറയിലൂടെ അയാൾ അകത്തേക്ക്...
ഒന്നേ നോക്കിയുള്ളു. ഭൂമി പൊട്ടിപ്പിളരുന്നതുപോലെ...
കൈയിലിരുന്ന മുറിവേറ്റ കിളി താഴെവീണ് പിടഞ്ഞു.