നാളികേര ബോർഡിന്റെ പ്രവർത്തന
മികവിന് ഒരു പൊൻ തൂവൽ
രമണി ഗോപാലകൃഷ്ണൻ
കൺസൾട്ടന്റ്, സിഡിബി, കൊച്ചി -11
2014 - 15 ലെ നാളികേര വികസന ബോർഡിന്റെ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തുമ്പോൾ നേട്ടങ്ങളുടെ പട്ടികയിൽ പ്രഥമ സ്ഥാനത്തെത്തുന്നത് ഏഷ്യൻ പസഫിക് കോക്കനട്ട് കമ്യൂണിറ്റിയുടെ 51-ാമത് സമ്മേളനമാണ്. ഇന്ത്യ ആതിത്ഥ്യമരുളി, ബോർഡിന്റെ നേതൃത്വത്തിൽ 2015 ഫെബ്രുവരി 2-5 വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗൺപ്ലാസയിൽ സംഘടിപ്പിച്ച ഈ രാജ്യാന്തര സമ്മേളനം ബോർഡിന്റെ പ്രവർത്തന, സംഘാടക മികവിന്റെ ഉത്തമോദാഹരണമായി.
രാജ്യാന്തര തലത്തിൽ ഇന്ത്യയുടേയും കേരളത്തിന്റേയും നാളികേര വികസന ബോർഡിന്റേയും പ്രതിഛായ ഉയർത്തിയ സംഘാടക മികവായിരുന്നു നാലു ദിവസം നീണ്ടു നിന്ന സമ്മേളനത്തിലുടനീളം കാണാനായത്.
ഏഷ്യാ, പെസഫിക് നാളികേര ഉത്പാദക രാജ്യങ്ങളുടെ അന്താരാഷ്ട്ര സംഘടനയാണ് എപിസിസി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഏഷ്യൻ പേശിഫിക് കോക്കനട്ട് കമ്യൂണിറ്റി. കമ്മ്യൂണിറ്റിയുടെ 51-ാമത് വാർഷിക സമ്മേളനത്തിനാണ് അറബിക്കടലിന്റെ റാണിയ്ക്ക് ആതിഥ്യമരുളാൻ അവസരം ലഭിച്ചതു. ഈ അവസരം ഇന്ത്യയിലേക്ക് വന്നതിന് മതിയായ കാരണങ്ങളുമുണ്ടായിരുന്നു. ഒന്ന് ഈ കാലയളവിൽ കമ്യൂണിറ്റിയുടെ അദ്ധ്യക്ഷ സ്ഥാനം വഹിച്ചിരുന്നത് ഇന്ത്യാ ഗവണ്‍മന്റിന്റെ കൃഷി മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായ ശ്രീ. സഞ്ജീവ് ചോപ്ര ഐഎ.എസ്. ആയിരുന്നു. കൂടാതെ ലോക ഭൂപടത്തിൽ കേര മേഖലയിൽ ഇന്ത്യയ്ക്കുള്ള പ്രഥമ സ്ഥാനവും സർവ്വോപരി ഒരു രാജ്യാന്തര സമ്മേളനം നടത്താനുള്ള കൊച്ചിയുടെ വിഭവ ശേഷിയും നറുക്കു വീഴാൻ കാരണമായി.
അടുത്തകാലത്ത് നടന്ന എ.പി.സി.സി സമ്മേളനങ്ങളിൽ വച്ച് ഏറ്റവും മുന്തിയതെന്ന് ഇത് വിലയിരുത്തപ്പെട്ടപ്പോൾ ഇന്ത്യയുടെ കേര മേഖലയിലെ മുന്നേറ്റത്തിന്റെ കാരണം തേടിയുള്ള പുറപ്പാടിലായിരുന്നു മിക്ക രാജ്യങ്ങളുടേയും പ്രതിനിധികൾ. സ്വന്തം രാജ്യങ്ങളിൽ ഇന്ത്യയിലെ സാങ്കേതിക വിദ്യ പ്രയോഗിച്ചു നോക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിനുവേണ്ടി സാങ്കേതിക വിദ്യ കൈമാറ്റത്തിനും പരിശീലനത്തിനും ഇന്ത്യയുമായി വീണ്ടും ബന്ധപ്പെടേണ്ടതുണ്ട് എന്ന കണക്കു കൂട്ടലിലാണ് പ്രതിനിധികൾ പിരിഞ്ഞത്.
18 അംഗ രാജ്യങ്ങളിൽ 17 രാജ്യങ്ങളും സമ്മേളനത്തിൽ പങ്കെടുത്തതും ഇന്ത്യയ്ക്ക് അഭിമാനിക്കാൻ വക നൽകി. ബംഗ്ലാദേശും, റിപ്പബ്ലിക് ഓഫ് ഒമാനും, നീരീക്ഷക രാജ്യങ്ങളായി പങ്കെടുത്തപ്പോൾ, സമ്മേളനത്തിലെ ശക്തമായ ആശയ വിനിമയത്തിന്റെ ഗുണഭോക്താക്കളാകാൻ ഈ രാജ്യങ്ങൾക്കെല്ലാം കഴിഞ്ഞു.
?ഞങ്ങൾക്കും വേണം കുറിയ തെങ്ങിനങ്ങൾ. കാലാവസ്ഥ വ്യതിയാനം, പരമ്പരാഗത കൃഷി രീതികളിൽ ഗണ്യമായ മാറ്റം കൊണ്ടു വരാൻ ഞങ്ങളെ പ്രേരിതരായിരിക്കുകയാണ്.? ബംഗ്ലാദേശ് പ്രതിനിധികളുടെ ഈ വാക്കുകൾ ഇന്ത്യയിലും വിശിഷ്യ, കേരളത്തിലെ തെങ്ങു കൃഷിയിലും വരുത്തിയ അടിസ്ഥാന മാറ്റങ്ങളിലേക്കുള്ള ഒരു വിരൽ ചൂണ്ടലായി കാണേണ്ടിയിരിക്കുന്നു.
നാലു ദിവസത്തെ സമ്മേളന അജണ്ടാ നാലു വിഭാഗമായി തിരിച്ചിരുന്നു. ആദ്യ ദിവസത്തെ ഉദ്ഘാടനം, അതിനെത്തുടർന്നു മന്ത്രിതല സമ്മേളനം, കേര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കൽ, രണ്ടാം ദിവസത്തെ പ്രതിനിധികളുടെ അതാതു രാജ്യങ്ങളിലെ കേരമേഖലയെ കുറിച്ചുള്ള വിഷയാവതരണം, മൂന്നാം ദിവസത്തെ ഫീൽഡ് വിസിറ്റ്, നാലാം ദിവസത്തെ സമാപന സമ്മേളനം എന്നിങ്ങനെ. മന്ത്രിതല യോഗത്തിന്റെ ചർച്ചാ വിഷയങ്ങൾക്ക് രൂപം കൊടുത്തതും അവതരിപ്പിച്ചതും ഇന്ത്യയാണ്. സമകാലിക പ്രാധാന്യമുള്ള വിഷയങ്ങൾ, അതും ഇന്ത്യയ്ക്ക് ഈ മേഖലയിൽ കൂടുതൽ വ്യക്തിമുദ്ര പതിപ്പിക്കാനുതകുന്ന വിഷയങ്ങൾ. ഒരു അന്താരാഷ്ട്ര നാളികേര സമൂഹം, അന്താരാഷ്ട്ര വാണിജ്യ കേന്ദ്രം, രാജ്യാന്തര സ്വാതന്ത്ര വ്യാപാരം, അന്ത്രാരാഷ്ട്ര മികവിന്റെ കേന്ദ്രം എന്നിങ്ങനെ നാലു വിഷയങ്ങളാണ് ഇന്ത്യ മുന്നോട്ടു വച്ചതു.
നിലവിലുള്ള എപിസിസിയെ ഏഷ്യൻ പസഫിക് മേഖലയ്ക്കതീതമായി ആഗോളതലത്തിൽ അംഗത്വമുള്ള ഒരു സംഘടനയായി വിപുലീകരിക്കണമെന്ന തത്വമാണ് ഇതിൽ ആദ്യത്തേതിൽ ഉൾക്കൊണ്ടിരിക്കുന്നത്. ഓരോ രാജ്യത്തേയും കേര മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് പൊതുവായ സാങ്കേതിക വിദ്യ വികസനത്തിലൂടെയും കൈമാറ്റത്തിലൂടെയും പരിഹാരം കാണാമെന്ന കണക്കു കൂട്ടൽ ഇതിന് പിന്നിലുണ്ട്. ഇതിലൂടെ ലോക നാളികേര മേഖലയിലെ ശക്തമായ സംഘടനയായി എപിസിസിയെ വളർത്തിയെടുക്കാമെന്നും പ്രത്യാശിക്കുന്നു.
നാളികേര ഉൽപാദകരുടെ നിയന്ത്രണത്തിലുള്ള ഒരു വാണിജ്യകേന്ദ്രം സ്ഥാപിക്കുകയെന്നതായിരുന്നു രണ്ടാമത്തേത്. നാളികേരത്തിന് ഒരു കേന്ദ്രീകൃത വിപണന സംവിധാനം വികസിപ്പിച്ച് സ്ഥാപിക്കുകയെന്നതാണിതിനുപിന്നി
വ്യാപാര നികുതികളിൽ നിന്നും നാളികേരവും നാളികേര ഉത്പന്നങ്ങളും സ്വതന്ത്രമാക്കുക, അംഗരാജ്യങ്ങൾക്കിടയിലെ വിലനിലവാര അസമത്വങ്ങൾ കുറയ്ക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് മൂന്നാമത്തെ നിർദ്ദേശമായ രാജ്യാന്തര സ്വതന്ത്ര വ്യാപാരം എന്നത്.
നാലാമത്തെ നിർദ്ദേശമായ നാളികേരത്തിനൊരു അന്താരാഷ്ട്ര മികവ് കേന്ദ്രത്തിന് ഏറെ കാലിക പ്രാധാന്യമുള്ളതാണ്. കേര ഗവേഷണത്തിനും പഠനത്തിനും രാജ്യാന്തര തലത്തിൽ ഒരു കേന്ദ്രം-ഇതിലൂടെ കേര മേഖലയിലെ വിജ്ഞാനശേഖരവും സാങ്കേതിക വിദ്യകളും ക്രോഡീകരിക്കാനും, പുതിയ ഗവേഷണങ്ങൾക്ക് വഴി തെളിക്കാനും, പരിഹരിക്കപ്പെടാതെ കിടക്കുന്ന വ്യക്തിഗത പ്രശ്നങ്ങൾക്ക് കൂട്ടായ പരിഹാരങ്ങൾ നിർദ്ദേശിക്കാനും ഇതിലൂടെ സാധ്യമാക്കാമെന്ന് പ്രത്യാശിക്കുന്നു. കേന്ദ്രം ഇന്ത്യയിൽ സ്ഥാപിക്കാമെന്ന നിർദ്ദേശം ഏവർക്കും സ്വീകാര്യമായിരുന്നുവേന്നത് ഇന്ത്യയ്ക്കിന്ന് കേര മേഖലയിൽ ആഗോള തലത്തിലുള്ള പ്രാമുഖ്യത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്. കേന്ദ്രം തുടങ്ങുന്നതിനുള്ള സ്ഥല സൗകര്യങ്ങൾക്കു പുറമേ ഇന്ത്യാ ഗവണ്‍മന്റ് സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. തുടർന്നുള്ള പ്രവർത്തനങ്ങൾ എപിസിസിയും മറ്റു അന്താരാഷ്ട്ര സംഘടനകളും നിർവ്വഹിക്കണമെന്ന നിർദ്ദേശം ഇന്ത്യ മുന്നോട്ടു വച്ചിരുന്നു. ഇത് മുന്നിൽകണ്ട് തമിഴ്‌നാട്ടിലെ ഥലിയിൽ ബോർഡ് തുടങ്ങിയിരിക്കുന്ന ഗവേഷണ വികസന കേന്ദ്രം മികവിന്റെ കേന്ദ്രമായി ഉയർത്താമെന്ന കണക്കു കൂട്ടിലിലാണ് ഇന്ത്യ. രാജ്യങ്ങൾതോറും ദേശീയ മികവിന്റെ കേന്ദ്രങ്ങളും അന്താരാഷ്ട്ര തലത്തിൽ ഒരു കേന്ദ്രവുമാണ് അംഗരാജ്യങ്ങളുടെ ഉത്തരവാദിത്വ ബോധത്തോടെയുള്ള പ്രവർത്തന പങ്കാളിത്തം സാധ്യമാക്കുന്നതിനുള്ള പോംവഴി. അതുവഴി ആഗോള കേര മേഖലയെ സുസ്ഥിരവളർച്ചയ്ക്ക് പര്യാപ്തമാക്കാം എന്നും കണക്കു കൂട്ടുന്നു.
ഫിജി കൃഷി മന്ത്രി ഇനിയെ ബി സെരുയിരാത്തു, സമോവ കൃഷി മന്ത്രി ലെ റൊമേയ മൗലിയ, മാർഷൽ ദ്വീപ് സമൂഹങ്ങളുടെ വിഭവ വികസന മന്ത്രി ഹിരോഷി വി യമ്മാമുറ എന്നിവരായിരുന്നു മന്ത്രിതല സമ്മേളനത്തിലെ പ്രമുഖർ.
51-ാം എപിസിസി ശേഷന്റെ ഉദ്ഘാടനവേളയിൽ നാളികേര മേഖലയ്ക്ക് ശോഭനമായ ഭാവി കൈവരുമെന്ന പ്രതീക്ഷപുലർത്തിയ കേന്ദ്ര കൃഷി വകുപ്പുമന്ത്രി മോഹൻഭായ് കല്യാൺജീ ബായ് കുണ്ടരീയ ഇന്ത്യയിലെ കേര വികസനത്തിന് നാളികേര വികസന ബോർഡ് നൽകുന്ന സംഭാവനകൾ അക്കമിട്ടു പ്രതിപാദിക്കവെ ഇതിന്റെ പ്രതിഫലനമായുണ്ടായ കയറ്റുമതി വർദ്ധനയും സന്തോഷമുളവാക്കുന്നുവേന്ന്് എടുത്തു പറഞ്ഞു. 2013 - 14 ലെ മൊത്ത കയറ്റുമതി മൂല്യം 2632 കോടി രൂപയാണെന്നും ഇത് 2012- 13 നേക്കാൾ 1156 കോടിയുടെ വർദ്ധനയോടെയാണെന്നും മന്ത്രി പറഞ്ഞത് കയറ്റുമതിയിൽ വളരെ പിന്നോക്കം നിന്നിരുന്ന ഇന്ത്യയുടെ കുതിപ്പ് അംഗരാജ്യങ്ങളെ കൂടുതൽ ഉദ്വേഗത്തിലെത്തിച്ചു. വികസ്വര രാജ്യങ്ങളിലെ കർഷകർക്ക് വികസിത രാജ്യങ്ങൾ കൈത്താങ്ങാകണമെന്നു പറയാനും ശ്രീ കുണ്ടരിയ മറന്നില്ല.
ഇന്ത്യയ്ക്ക് അദ്ധ്യക്ഷ പദവി കഴിഞ്ഞ രണ്ടു ദശകത്തിനുള്ളിൽ രണ്ടാമതാണ് ലഭിക്കുന്നത്. കേന്ദ്ര കൃഷി ജോയിന്റ് സെക്രട്ടറി സഞ്ജീവ് ചോപ്ര, അതുകൊണ്ട് തന്നെ ഈ സമ്മേളനം നടത്താൻ ഇന്ത്യക്കു ലഭിച്ചതു ഒരു സുവർണ്ണ അവസരമാണെന്നും ഇതൊരു ബഹുമതിയായി കരുതുന്നു എന്നും എടുത്തു പറഞ്ഞു. ഈ എപിസിസി ശേഷനോടനുബന്ധിച്ച് ഒരു മന്ത്രിതല സമ്മേളനം കൂടി നടത്തുന്നുണ്ടെന്നും അംഗരാജ്യങ്ങളിലെ കേര മേഖലയിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടു വരുവാനും നയ തീരുമാനങ്ങൾ സ്വീകരിക്കുന്നതിനുമാണിതെന്നും ശ്രീ. ചോപ്ര അദ്ദേഹത്തിന്റെ സ്വാഗത പ്രസംഗത്തിൽ പറഞ്ഞു. അംഗങ്ങളല്ലാത്ത രാജ്യങ്ങളുടെ ഇന്ത്യൻ സ്ഥാനപതികളെയും ഈ യോഗത്തിൽ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
നാളികേരം എപിസിസി അംഗരാഷ്ട്രങ്ങളിലെ ജനങ്ങളുടെ ജീവനോപാധിയാണ്. ഈ വിളയുടെ ബഹുവിധ ഉപയോഗം ലോകജനത അറിയണം. മാത്രമല്ല 20 ദശലക്ഷം വരുന്ന ചെറുകിട നാമമാത്ര കർഷകരുടെ പ്രതിനിധിയാണ് എപിസിസി എന്നും ലോകം അറിയണമെന്നും ഞാനാഗ്രഹിക്കുന്നു. ഈ അറിവ് പങ്കു വയ്ക്കൽ ആശയ വിനിമയത്തിൽ കൂടി മാത്രമേ സാധ്യമാകൂ. അറിവുകൾ പങ്കു വയ്ക്കണം. വിജയകഥകൾ പങ്കു വയ്ക്കണം എങ്കിൽ മാത്രമേ രാജ്യങ്ങളെ ഒറ്റച്ചരടിൽ കോർത്തിണക്കാൻ സാധ്യമാകൂ. പരീക്ഷണ ഫലങ്ങൾ പരീക്ഷണ ശാലയിൽ നിന്നും പാടത്തേയ്ക്ക് എത്തണം. സാങ്കേതിക കൈമാറ്റവും വിജ്ഞാനവ്യാപനവും ശക്തമാകണം. പുതിയ നേതൃത്വത്തിൻ കീഴിൽ എപിസിസിക്ക് ഇത് അനായാസം സാധ്യമാകുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏതുരാജ്യത്തിനും ആവശ്യാനുസരണം സാങ്കേതിക വിദ്യ കൈമാറ്റത്തിനു തയ്യാറാണെന്നും ശ്രീ. ചോപ്ര ഓർമ്മിപ്പിച്ചു.
എപിസിസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഉറോൺ എൻ സലൂം സദസ്സിനെ അഭിസംബോധന ചെയ്തത് തികഞ്ഞ കൃതജ്ഞതയോടെയാണ്. ആഥിത്യമരുളുന്ന ഇന്ത്യയ്ക്കും വേദിയാകുന്ന കൊച്ചിക്കും മന്ത്രിതല സമ്മേളനത്തിൽ ചേർന്ന മന്ത്രിമാർക്കും കൃഷി മന്ത്രാലയത്തിനും നാളികേര വികസന ബോർഡിനും എന്നിങ്ങനെ... കേരള മത്സ്യ-തുറമുഖ, എക്സൈസ് വകുപ്പു മന്ത്രി ശ്രീ. കെ.ബാബു, എറണാകുളം എംപി പ്രോഫ. കെ.വി. തോമസ് എന്നിവരും ബോർഡിന്റെ പ്രവർത്തനങ്ങളെയും കൈവരിച്ച നേട്ടങ്ങളേയും പ്രകീർത്തിച്ചു. ബോർഡിന്റെ എല്ലാ തലത്തിലുള്ളവർക്കും നന്ദി രേഖപ്പെടുത്തിയ ഉറോൺ എപിസിസിയുടെ വളർച്ചയുടെ നാൾവഴികളിലേക്ക് സദസ്സിനെ കൊണ്ടു പോകാനും മറന്നില്ല. 2015 സെപ്റ്റംബർ 2 ന് എപിസിസി തുടങ്ങിയിട്ട് 46 വർഷങ്ങൾ പിന്നിടുമെന്നും എപിസിസി സ്ഥാപനരേഖയിൽ 1968 ഡിസംബർ 12 ന് ഒപ്പു വച്ച അംഗരാജ്യങ്ങൾ ഇന്ത്യ, ഇന്ത്യോനേഷ്യ, ഫിലിപ്പീൻസ് എന്നീ ത്രിമൂർത്തികളാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 1969 ൽ ശ്രീലങ്കയും തായ്‌ലന്റും മലേഷ്യയും അംഗത്വമെടുത്തു. 1998 ൽ വിയറ്റ്നാമും. സമോവ, പാപ്പുവ ന്യൂഗിനിയ, സോളമൻ ദ്വീപുകൾ, വനവാട്ടു, മൈക്രോനേഷ്യ, ഫിജി, കിരിബിത്തി, മാർഷൽ ദ്വീപുകളും ടോംഗായും അംഗങ്ങളാണ്. ഇങ്ങനെ ഏഴ് ഏഷ്യൻ രാജ്യങ്ങളും 9 പസഫിക് രാജ്യങ്ങളും, കെനിയ, ജമൈക്ക എന്നിങ്ങനെ അസോസിയേറ്റ് അംഗങ്ങളുമായി 18 ആണ് എപിസിസി യുടെ നിലവിലുള്ള അംഗബലം.
എപിസിസി പ്രാധാന്യം നൽകുന്നത് നാളികേരത്തിലല്ല. നാളികേര കർഷകരിലാണ്. കാലാകാലങ്ങളിലായി തുടർന്നു പോരുന്ന കൃഷി വിസ്തീർണ്ണമോ ഉൽപാദനമോ കയറ്റുമതിയുടെ ഘനമോ അല്ല കേര മേഖലയുടെ പ്രാധാന്യം നിശ്ചയിക്കേണ്ടത്. ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിന്റെ 0.13 ശതമാനം മാത്രമാണ് കേരോൽപ്പന്നങ്ങളിൽ നിന്നും ലഭിക്കുന്നുള്ളൂവേങ്കിലും ജനസംഖ്യയുടെ 5 ശതമാനമാണ് കേര കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നത്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, എന്നിവിടങ്ങളിലും സ്ഥിതി മറ്റൊന്നല്ല. അതുകൊണ്ട് ഈ സ്ഥിതി വിശേഷം മാറണം. എപിസിസി ഇതിനായി മാറി ചിന്തിച്ചു തുടങ്ങി. ഇതിനു പിൻതാങ്ങായി ഒരു പ്രവർത്തക സമിതി കൂടി രൂപപ്പെടുത്തുന്നുണ്ട്. അംഗരാജ്യങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദവും സ്വീകാര്യവുമായ പ്രവർത്തനപഥത്തിലൂടെ.
വെളിച്ചെണ്ണയും സൂര്യകാന്തി എണ്ണയും തമ്മിൽ താരതമ്യം ചെയ്ത് നടത്തിയ പഠനത്തിന്റെ തലവൻ, അമൃത ആശുപത്രിയിലെ കാർഡിയോളജി വിഭാഗം മേധാവിയായിരുന്ന പരേതനായ ഡോ. കെ. കെ. ഹരിദാസ്, ബഹുവിള കൃഷി രീതികൾ തെങ്ങിൻ തോട്ടത്തിൽ സമന്വയിപ്പിച്ച പൊള്ളാച്ചിയിലെ ഒ.വി.ആർ. സോമസുന്ദരം, മികച്ച കർഷകനും കേര വ്യവസായിയുമായ ശ്രീ. സി. ആർ. വിജയകുമാർ എന്നിവർക്ക് എപിസിസി പുരസ്ക്കാരങ്ങൾ നൽകി ആദരിച്ചതു ഇന്ത്യയുടെ കേര മേഖലയുടെ ഗവേഷണ വികസന മേൽക്കോയ്മയ്ക്കുള്ള അംഗീകാരം ഊട്ടിയുറപ്പിക്കലായി.
57 അംഗവിദേശ സംഘവും ആലപ്പുഴ കറപ്പുറം കമ്പനി പ്രതിനിധികളുമായി നടത്തിയ ചർച്ചകളും ഫീൽഡ് വിസിറ്റുമായിരുന്നു മൂന്നാം ദിവസത്തെ അജൻഡ. സന്ദർശത്തിൽ മന്ത്രിമാരും നയതന്ത്ര പ്രതിനിധികളും ശാസ്ത്രജ്ഞരുമെല്ലാം ഉൾപ്പെട്ടിരുന്നു. സന്ദർശനത്തിലുടനീളം നീരയായിരുന്നു താരമെങ്കിൽ വനിതാ ചങ്ങാതിക്കൂട്ടം അക്ഷരാർത്ഥത്തിൽ പ്രതിനിധികളെ അമ്പരിപ്പിച്ചു. അനന്തര ഫലമോ മടക്കയാത്രയിൽ 11 രാജ്യങ്ങളും കരുതി ഓരോ തെങ്ങു കയറ്റ യന്ത്രം - സ്വന്തം രാജ്യത്തിലെ കേര മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ.
എപിസിസി യുടെ ടെക്നിക്കൽ വർക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങളുൾപ്പെട്ട പ്രതിനിധി സംഘം സമ്മേളനാനന്തരം ഒരാഴ്ച കേര മേഖലയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിക്കാൻ എടുത്ത തീരുമാനവും ഈ എപി.സി.സി. സമ്മേളനത്തിന്റെ മാത്രം പ്രത്യേകതയായിരുന്നു. എക്സിക്യൂട്ടീവ് ഡയറക്ടറും ബോർഡുദ്യോഗസ്ഥരും കൂടാതെ മറ്റു പല പ്രമുഖരും ഈ സന്ദർശനത്തിൽ പങ്കെടുത്തിരുന്നു. കാസർകോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം, മധുരയിലെ ഡി. ജെ. ഫാംസ്, പൊള്ളാച്ചിയിലെ തെങ്ങിൻ തോപ്പുകൾ, മൂന്നാറിലെ ലേക്ക് ഹാർട്ട്, ടീ ഫാക്ടറി, അമൃത ആശുപത്രി കൊച്ചി എന്നിവിടങ്ങളിലാണ് സംഘം സന്ദർശനം നടത്തിയത്. ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ഫിജി, പാപ്പുവ ന്യൂ ഗിനിയ എന്നീ രാജ്യങ്ങളെല്ലാം ഇന്ത്യ കൈവരിച്ചിരിക്കുന്ന വൻ പുരോഗതിയിൽ അത്ഭുതം കൂറി.
നമ്മുടെ കാർഷിക കൂട്ടായ്മകൾക്ക് ശക്തമായ സന്ദേശം കൂടി ആയിരുന്നു ഈ സമ്മേളനം. കൂട്ടായി പ്രവർത്തിച്ചാൽ തെങ്ങുകൃഷിയുടെ സാധ്യതകൾക്ക് അതിരുകളില്ല; ആഭ്യന്തര വിപണിയിലും വിദേശവിപണിയിലും.
52-ാമത് എപിസിസി ശേഷന് ഇൻഡോനേഷ്യ വേദിയാകുമെന്ന അറിയിപ്പോടെയാണ് 51-ാം എപിസിസി ശേഷനു തിരശ്ശീല വീണത്. അദ്ധ്യക്ഷ പദവിയിലെത്തുന്നത് ഇൻഡോനേഷ്യയിലെ ഡയറക്ടർ ഓഫ് പെരേനിയൽ ക്രോപ്സ് ആയ ഡോ. ഹെർദ്രാഡ്ജെത്ത്.