സിഡിബി ന്യൂസ് ബ്യൂറോ, കൊച്ചി -11
കേരളത്തിൽ ഏറ്റവും മായം കലർത്തി വിൽക്കപ്പെടുന്ന ഭക്ഷ്യ എണ്ണയാണ് വെളിച്ചെണ്ണ. പാം കർണൽ ഓയിൽ മുതൽ പാരഫിൻ, ഫർണസ് ഓയിൽ തുടങ്ങിയവയൊക്കെ ചേർത്താണ് വെളിച്ചെണ്ണ വിപണിയിൽ എത്തുന്നത്. കാരണം ഇപ്പോഴത്തെ ഉത്പാദന ചെലവ് വച്ച് നോക്കിയാൽ, 180 രൂപയിൽ കുറച്ച് ഒരു കിലോ വെളിച്ചെണ്ണ വിൽക്കുവാൻ സാധിക്കില്ല. അപ്പോൾ, അതിലും കുറഞ്ഞ വിലയ്ക്ക് വിപണിയിൽ വെളിച്ചെണ്ണ വിലക്കപ്പെടുന്നു എങ്കിൽ അതിൽ വിവിധ തരത്തിലുള്ള മായം കലർന്നിരിക്കുന്നു എന്നു വിശ്വസിച്ചേ മതിയാവൂ. സംസ്ഥാനത്ത് വെളിച്ചെണ്ണയിലെ കലർപ്പ് കണ്ടു പിടിക്കാനുള്ള സംവിധാനങ്ങൾ വളരെ ദുർബലമാണ് എന്നത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. ആത്യന്തികമായി ഇത് വെളിച്ചെണ്ണയുടെ വിശ്വാസ്യതയെയും ഒപ്പം ഉപഭോക്താക്കളുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.
ഈ പശ്ചാത്തലത്തിലാണ് കേരളത്തിലെ ഉപഭോക്താക്കൾക്ക് സൾഫറും പുകയും കലരാത്ത ശുദ്ധമായ വെളിച്ചെണ്ണ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലക്കാട് നാളികേര ഉത്പാദക കമ്പനി വെളിച്ചെണ്ണ ഉത്പാദനവുമായി രംഗത്ത് ഇറങ്ങിയത്. വെർജിൻ വെളിച്ചെണ്ണ പോലെ പരിശുദ്ധവും നിലവാരമുള്ളതുമായ വെളിച്ചെണ്ണയാണ് പ്രത്യേക ഗുണമേ?ാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പാലക്കാട് കമ്പനി ഉത്പാദിപ്പിച്ച് വിപണിയിൽ ഇറക്കിയിരിക്കുന്നത്.
നാളികേര സംഭരണം
മുമ്പ്, നീരയുടെ വരവിനു മുമ്പ് പാലക്കാട് നാളികേര ഉത്പാദക കമ്പനിയുടെ പ്രധാന പ്രവർത്തനങ്ങളിലൊന്നായിരുന്നു നാളികേര സംഭരണവും കൊപ്ര ഉത്പാദനവും. അക്കാലത്ത് നാഫെഡിനു വേണ്ടി പാലക്കാട് കമ്പനി നാളികേരം സംഭരിച്ചിരുന്നു. പിന്നീട് കുറെ നാളത്തേയ്ക്ക് ഇതിൽ ശ്രദ്ധിക്കാൻ സാധിച്ചില്ല. എന്നാൽ കമ്പനിക്കു കീഴിലുള്ള എല്ലാ കർഷകർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്ന ഈ ഏർപ്പാട് കഴിഞ്ഞ ഏതാനും മാസം മുമ്പ് പുനരാരംഭിച്ചു. നെ?ാറ ഫെഡറേഷനെയാണ് ഈ ഉത്തരവാദിത്വം ഏൽപിച്ചതു. ജില്ലയിലെ മികച്ച തെങ്ങിൻ തോപ്പുകളിൽ നിന്നു ശേഖരിക്കുന്ന വിളഞ്ഞു പാകമായ നാളികേരം കൊണ്ടു വന്ന് യാർഡിൽ സംഭരിക്കും. പതിനഞ്ച് ദിവസത്തിനു ശേഷം ഇതിൽ 550 ഗ്രാമിൽ കൂടുതൽ തൂക്കമുള്ളവ തിരഞ്ഞ് മാറ്റി അങ്കമാലിയിലുള്ള ഒരു ഏജൻസി വഴി വിദേശത്തേയ്ക്ക് കയറ്റി അയക്കും. ബാക്കിയുള്ളവ ചകിരി നീക്കി പൊട്ടിച്ച് ആധുനിക ഡ്രയറിൽ സംസ്കരിച്ച് കൊപ്രയാക്കി, മികച്ച എക്സ്പ്പല്ലർ ഉപയോഗിച്ച് വെളിച്ചെണ്ണയാക്കി, പ്രത്യേകം ബ്രാൻഡ് ചെയ്ത് വിപണനത്തിന് എത്തിച്ചിരിക്കുകയാണ് ഇപ്പോൾ.
വെളിച്ചെണ്ണ ഉത്പാദനവും വിപണനവും
പാലക്കാട് നാളികേര കമ്പനിയുടെ ഉത്പ്പന്നശ്രേണിയിൽ നിന്ന് പാം ഫ്രഷ് എന്ന ബ്രാൻഡിലാണ് വെളിച്ചെണ്ണ വിപണിയിലിറങ്ങിയിരിക്കുന്നത്. (പാലക്കാട് കമ്പനിയുടെ നീരയുടെ പേര് പാം ഡ്യൂ എന്നാണ്.) കമ്പനി നേരിട്ടു നടത്തുന്ന കോക്കനട് പോയിന്റുകളിലൂടെ മാത്രമെ നിലവിൽ നീര പോലെ ഈ ബ്രാൻഡഡ് വെളിച്ചെണ്ണയും വിതരണം ചെയ്യുന്നുള്ളു. ഇപ്പോൾ ഒരു ലിറ്റർ അളവിലുള്ള കുപ്പികളിലാണ് വിപണനം. ആറു മാസത്തിനുള്ളിൽ 10 മില്ലി മുതൽ 5 കിലോഗ്രാം വരെ വിവിധ അളവുകളിൽ പാംഫ്രഷ് ബ്രാൻഡ് വിപണിയിലിറക്കുമെന്ന് കമ്പനി ചെയർമാൻ വിനോദ് കുമാർ അറിയച്ചു. വൈകാതെ പൗച്ചുകളിലും പ്ലാസ്റ്റിക് ക്യാനുകളിലും ലഭ്യമാകും.
പാലക്കാട് നാളികേര ഉത്പാദക കമ്പനിക്ക് നിലവിൽ 25 കോക്കനട്ട് പോയിന്റുകളാണ് ഉള്ളത്. ഈ വിപണന കേന്ദ്രങ്ങളിൽ പ്രധാനമായും നീരയും നീരയിൽനിന്നുള്ള മൂല്യവർധിത ഉത്പ്പന്നങ്ങളുമാണ് വിൽപന നടത്തുന്നത്. എന്നാൽ നീര ആവശ്യപ്പെട്ട് എത്തുന്നവർ കുറഞ്ഞത് 300 രൂപ വരേയ്ക്കുള്ള മറ്റ് നാളികേര ഉത്പ്പന്നങ്ങൾ കൂടി വാങ്ങിയാണ് പോകുന്നത്. പാലക്കാട് കമ്പനിയുടെ മുഖ്യ വരുമാന സ്രോതസാണ് ഇപ്പോൾ ഈ കോക്കനട് പോയിന്റുകൾ. വൈകാതെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെല്ലാം കമ്പനി കോക്കനട് പോയിന്റുകൾ ആരംഭിക്കും. ഇവയുടെ എണ്ണം 100 ആയി ഉയർത്തുകയാണ് ലക്ഷ്യം. ഈ വിൽപന കേന്ദ്രങ്ങളിലൂടെ പൊതു ജനങ്ങൾക്ക് നിലവാരമുള്ളതും ശുദ്ധവുമായ നാളികേര ഉത്പ്പന്നങ്ങൾ ലഭ്യമാക്കുക എന്നതാണ് കമ്പനിയുടെ ഉദ്ദേശ്യം. അതിന്റെ ആദ്യഘട്ടമായാണ് ഇപ്പോൾ വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയിരിക്കുന്നത്.
കമ്പനിയുടെ മുതലമട ഫെഡറേഷന് ദിവസം 40000 നാളികേരം സംസ്കരണ ശേഷിയുള്ള ഒരു ഡ്രയർ സ്വന്തമായി ഉണ്ട്. അതി നൂതന സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഡ്രയർ കുറെ നാളായി ഉപയോഗിക്കാത്ത അവസ്ഥയിലായിരുന്നു. വർഷങ്ങൾക്കു മുമ്പ് നാഫെഡിന് കൊപ്ര സംസ്കരിച്ചു നൽകാനായി നിർമ്മിച്ചതാണിത്. ഇതിൽ സൾഫറോ പുകയോ ഉപയോഗിക്കുന്നില്ല. ചിരട്ടയും തേങ്ങവെള്ളത്തിൽ നിന്നുള്ള ബയോഗ്യാസും ഇന്ധനമായി ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. ഈ സംവിധാനം പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ കമ്പനി വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയിരിക്കുന്നത്. വെളിച്ചെണ്ണയുടെ ആവശ്യാർത്ഥം ഇപ്പോൾ പ്രതിദിനം 5000 നാളികേരമാണ് ഈ ഡ്രയറിൽ സംസ്കരിക്കുന്നത്. രണ്ടു ഷിഫ്റ്റുകളിലായി എട്ടു ടൺ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഒരു എക്സ്പെല്ലർ യൂണിറ്റും ഇതേ ആവശ്യത്തിനായി കമ്പനി വാടകയ്ക്ക് എടുത്തിട്ടുണ്ട്. ഇത് പെരിങ്ങോട്ടു കുറിശിയിലാണ്. എക്സ്പ്പെല്ലർ, ഫിൽറ്റർ, പായ്ക്കിംങ്ങ് യൂണിറ്റുകളാണ് ഇതിലുള്ളത്.
വെളിച്ചെണ്ണയുടെ സാമ്പത്തിക ശാസ്ത്രം
ഇപ്പോൾ ഓരോ ബാച്ചിലും അയ്യായിരം നാളികേരമാണ് കമ്പനി വെളിച്ചെണ്ണയാക്കുന്നതെന്ന് കമ്പനി ചെയർമാൻ പി.വിനോദ്കുമാർ പറഞ്ഞു. അയ്യായിരം നാളികേരം എന്നാൽ ശരാശരി രണ്ടര ടൺ തൂക്കം വരും. ഇത് കൊപ്രയാക്കുമ്പോൾ 30 ശതമാനം കൊപ്ര ലഭിക്കും. ( ഏകദേശം 675 കിലോ). ഇതിൽ നിന്ന് 60 ശതമാനം വെളിച്ചെണ്ണ ലഭിക്കും. അതായത് 400 ലീറ്റർ (ഏകദേശം 375 കിലോ ഗ്രാം). നല്ല നാളികേരം മാത്രം കൊപ്രയാക്കുന്നതു കൊണ്ടാണ് ഇത്രയും എണ്ണ ലഭിക്കുന്നത്. ലളിതമായി പറഞ്ഞാൽ ഒരു കിലോഗ്രാം നാളികേരം സംസ്കരിച്ചാൽ 270 ഗ്രാം കൊപ്ര ലഭിക്കും. 270 ഗ്രാം കൊപ്രയിൽ നിന്ന് 60 ശതമാനം വെളിച്ചെണ്ണ ലഭിക്കുന്നു. അതായത് ഒരു കിലോഗ്രാം നാളികേരത്തിൽ നിന്ന് 150 ഗ്രാം വെളിച്ചെണ്ണ. ഒരു കിലോ പച്ച നാളികേരത്തിന് 30 രൂപയാണ് മാർക്കറ്റ് വില. ആ വിലയ്ക്ക് നാളികേരം വാങ്ങി സംസ്കരിച്ച്, വെളിച്ചെണ്ണ ഉത്പാദിപ്പിച്ച് വിൽക്കുമ്പോൾ എങ്ങനെ കണക്കു കൂട്ടിയാലും കിലോഗ്രാമിന് 180 രൂപ ചെലവാകുന്നു. അതായത് 30 രൂപയുടെ ആറ് ഇരട്ടി = 180 രൂപ. ഇതിനൊപ്പം പത്തു ശതമാനം മാർജിൻ ചേർത്താൽ 198 രൂപ. 30 ശതമാനം കൂടി കൂട്ടിയാലേ എന്തെങ്കിലും ലാഭമുണ്ടാവുകയുള്ളു. കൂടാതെ പായ്ക്കിംങ്ങ് ചാർജ്, ഹാൻഡിലിംങ്ങ് ചാർജ് തുടങ്ങിയവ കൂടി വിലയിൽ കണക്കാക്കണം. അങ്ങനെ നോക്കിയാൽ നല്ല വെളിച്ചെണ്ണയുടെ വില നമ്മെ അത്ഭുതപ്പെടുത്തും. കർഷകരിൽ നിന്ന് നല്ല വില നൽകി നാളികേരം വാങ്ങി വെളിച്ചണ്ണ ഉത്പാദിപ്പിച്ച്, മായം ചേർക്കാതെ വിൽക്കണമെങ്കിൽ ഇത്രയെങ്കിലും വില ലഭിക്കണം. പക്ഷെ കിലോയ്ക്ക് വെറും 70 രൂപ വിലയുള്ള പാം ഓയിലുമായിട്ടാണ് വിപണിയിൽ വെളിച്ചെണ്ണ മത്സരിക്കുന്നത് എന്ന് ഓർമ്മിക്കണം. അപ്പോൾ ഇത്ര വില നൽകി ആരാണ് നല്ല വെളിച്ചെണ്ണ വാങ്ങുക. ഇത്രയെങ്കിലും വില താഴ്ത്തി വിൽക്കാൻ സാധിക്കുന്നതു തന്നെ, കൊപ്ര എടുത്ത ശേഷം ഉപേക്ഷിക്കുന്ന ചിരട്ട വിൽക്കുന്നതുകൊണ്ടാണ്. ചിരട്ടയ്ക്ക് കിലോഗ്രാമിന് 10 രൂപ വച്ച് കിട്ടും. ഒരു ചെലവുമില്ല. എന്നാലും ലീറ്ററിന് 210 രൂപയ്ക്കാണ് പാം ഫ്രഷ് വെളിച്ചെണ്ണ വിൽക്കുന്നത് - വിനോദ്കുമാർ വെളിച്ചെണ്ണ നിർമാണത്തിന്റെ ലാഭ നഷ്ടക്കണക്കുകൾ നിരത്തി.
എക്സ്പെല്ലറിൽ നിന്ന് ആദ്യ പ്രസിങ്ങിൽ ലഭിക്കുന്നത് ഫസ്റ്റ് ക്വാളിറ്റി എണ്ണയാണ്. ഇതിന് ഫ്രഷ് കട് എന്നു പറയും രണ്ടാമത്തെ പ്രസിങ്ങിൽ ലഭിക്കുന്ന എണ്ണയാണ് പാം ഫ്രഷ് എന്ന ബ്രാൻഡിൽ പാചക ആവശ്യത്തിനായി കമ്പനി ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്. മൂന്നാമത്തെ പ്രസിങ്ങിൽ കൊപ്ര ചൂടാകുകയും എണ്ണയുടെ നിലവാരം കുറയുകയും ചെയ്യും. നിലവിൽ വിപണിയിൽ ലഭിക്കുന്ന പല വെളിച്ചെണ്ണകളെയും അപേക്ഷിച്ച് മികച്ച ഗുണനിലവാരമുള്ളതാണെങ്കിലും ഫിൽറ്ററിങ്ങിനു ശേഷമുള്ളതാകയാൽ ഇത് സോപ്പ് നിർമ്മാണത്തിനായി മാറ്റുന്നു. ഇതിനു ലീറ്ററിന് 40 -50 രൂപയാണ് വില.
കമ്പനി ഉത്പാദിപ്പിക്കുന്ന ഫ്രഷ്കട് വെളിച്ചെണ്ണയും വെർജിൻ കോക്കനട് ഓയിലും തമ്മിൽ യഥാർത്ഥത്തിൽ വലിയ മാറ്റം ഇല്ല. ഫ്രഷ്കട്ടിൽ സ്വതന്ത്ര കൊഴുപ്പ് അമ്ലത്തിന്റെ അളവ് 0.1 നു താഴെയായിരിക്കും. അതുകൊണ്ട് ഇത് പൊതു വിപണിയിൽ വിൽക്കാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. ഔഷധങ്ങൾ നിർമ്മിക്കുന്നതിന് ഫ്രഷ്കട് ലീറ്ററിന് 350 രൂപ നിരക്കിൽ വിവിധ ആയൂർവേദ സ്ഥാപനങ്ങൾക്ക് നൽകാൻ കമ്പനി ധാരണയിൽ എത്തിക്കഴിഞ്ഞു. മൂന്നാം തരം എണ്ണയും സോപ്പു നിർമ്മാണത്തിനു പുറത്ത് നൽകാൻ കമ്പനി ഉദ്ദേശിക്കുന്നില്ല. കമ്പനി ഇപ്പോൾ ആരംഭിച്ചിരിക്കുന്ന വിവിധ മൈക്രോ എന്റർപ്രൈസിൽ ഒരെണ്ണം ഈ വെളിച്ചെണ്ണ ഉപയോഗിച്ച് വൈകാതെ ശുദ്ധമായ സോപ്പു നിർമ്മാണം ആരംഭിക്കും.
ഇതു കൂടാതെ മുറിവെണ്ണ പോലെ നാട്ടുവൈദ്യത്തിലെ ചില യോഗവിധിപ്രകാരം മൈഗ്രെയിന് (കലശലായ തലവേദന) ഒരു സിദ്ധൗഷധം തയാറാക്കി ചെറിയ ശാഷുകളിലാക്കി വിൽപന നടത്താനും കമ്പനി ഉദ്ദേശിക്കുന്നു. പാലക്കാടിനു സമീപമുള്ള ഒരു പാരമ്പര്യ വൈദ്യനാണ് കമ്പനിക്കു വേണ്ടി ഇതു തയാറാക്കുന്നത്. ഈ ഔഷധത്തിനുള്ള എണ്ണയും കമ്പനിയുടേതായിരിക്കും. മായം കലരാത്ത വെളിച്ചെണ്ണ ഉണ്ടെങ്കിലേ ഇത്തരം മരുന്നുകൾ തയാറാക്കാനാവൂ. ഇതും കമ്പനിയുടെ ഒരു മൈക്രോ എന്റർപ്രൈസ് ആയിരിക്കും.
തേങ്ങയിൽ നിന്ന് ബർഫി , വെളിച്ചെണ്ണയെടുത്ത ശേഷമുള്ള പിണ്ണാക്കിൽ നിന്ന് കുക്കീസ്, പുളിച്ചു പോകുന്ന നീരയിൽ നിന്ന് ഓർഗാനിക് യീസ്റ്റ് തുടങ്ങി ഇരുപതിലധികം മൈക്രോ എന്റർപ്രൈസസുകളാണ് കമ്പനി വൈകാതെ ആരംഭിക്കാൻ പോകുന്നത്.
നല്ല കൊപ്ര = നല്ല വെളിച്ചെണ്ണ
മികച്ച വെളിച്ചെണ്ണ നിർമ്മിക്കുന്നതിനുള്ള പ്രധാന മുന്നൊരുക്കം ഗുണനിലവാരമുള്ള കൊപ്ര സംഭരിക്കലാണ്. കൊപ്ര നിലവാരമില്ലാത്തത്താകുമ്പോഴാണ് എണ്ണ കേടാകുന്നത്. ഇതിന് നാടൻ ഭാഷയിൽ എണ്ണ കനയ്ക്കുക അല്ലെങ്കിൽ കാറുക എന്നൊക്കെ പറയും. അതുകൊണ്ട്, നല്ല വെളിച്ചെണ്ണ ലഭിക്കുന്നതിന് കൊപ്രയുടെ ഗുണ നിലവാരം ഉറപ്പാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. നിലവാരമുള്ള കൊപ്ര എന്നു പറയുമ്പോൾ അൽപം പോലും ഈർപ്പം ഇല്ലാത്ത കൊപ്ര. ഇതിനായി നാളികേരം ഉടച്ചു കഴിഞ്ഞാലുടൻ തേങ്ങമുറികൾ കമഴ്ത്തി വച്ച് ഉണങ്ങണം. തേങ്ങമുറികളിൽ നിന്ന് 50 ശതമാനം ഇർപ്പം വിട്ടു പോകുമ്പോഴാണ് ചിരട്ടയിൽ നിന്ന് കൊപ്ര ഇളകി പോരുന്നത്. തേങ്ങവെള്ളം പൂപ്പലുകൾക്ക് വളരെ ഇഷ്ടപ്പെട്ട മാധ്യമം ആകയാൽ തേങ്ങയ്ക്കുള്ളിൽ അൽപമെങ്കിലും ഈർപ്പം അവശേഷിച്ചാൽ അതു മതി പൂപ്പൽ വളരാൻ. പരമ്പാഗത കൊപ്ര കച്ചവടക്കാർ ഇതിനു ചില മാർഗ്ഗങ്ങൾ അവലംബിക്കും. ഗന്ധകം ചേർത്ത് പുകയടിപ്പിക്കും. അപ്പോൾ നല്ല നിറവും കിട്ടും. പക്ഷെ ഇത് അപകടകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. ചിലർ കൊപ്ര അട്ടികളിൽ നാളികേരം നിരത്തി നേരിട്ട് പുക അടിപ്പിക്കും. എന്നാലും പൂപ്പൽ ബാധ പൂർണമായും മാറുകയില്ല. മാത്രവുമല്ല കൊപ്രയുടെ നിറം മങ്ങുകയും ചെയ്യും. ഇത് എണ്ണയുടെ ഗുണനിലവാരത്തെ ബാധിക്കും. മൂന്നാമത് ഒരു കൂട്ടർ വിവിധ തരത്തിലുള്ള രാസവസ്തുക്കൾ ഉപയോഗിക്കും. ഇതും പാടില്ലാത്തത്താണ്.
പാലക്കാട് കമ്പനിയുടെ ഡ്രയറിൽ നാളികേരം സംസ്കരിക്കുമ്പോൾ, 12 മണിക്കൂർ കൊണ്ട് 50 ശതമാനം ഈർപ്പം മാറ്റാൻ സാധിക്കും. അതോടെ കൊപ്ര സുരക്ഷിതമായി. വീണ്ടും 24 മണിക്കൂർ ചൂട് നൽകണം. അത് നാലു മണിക്കൂർ ഇടവിട്ട് വേണം. തണുക്കുമ്പോൾ കൊപ്രയുടെ ഉള്ളിലുള്ള ഈർപ്പം പുറത്തേയ്ക്ക് വരും. അപ്പോൾ ചൂട് നൽകി അതിനെ നീക്കം ചെയ്യണം. ഇങ്ങനെ ആറു തവണ തണുപ്പും ചൂടും മാറിമാറി നൽകി കൊപ്രയുടെ സംസ്കരണം പൂർണമാക്കാം. ഇത്തരത്തിൽ സംസ്കരിച്ച കൊപ്രയിൽ നിന്നു ഉത്പാദിപ്പിക്കുന്ന വെളിച്ചെണ്ണയ്ക്ക് വെർജിൻ കോക്കനട് ഓയിലിന്റെ ഗുണനിലവാരം ഉണ്ടാവും. ഈ ഗുണങ്ങളുള്ള വെളിച്ചെണ്ണയാണ് പാലക്കാട് കമ്പനി ഇപ്പോൾ ഉത്പാദിപ്പിക്കുന്നത്.
സാധാരണ ഒൻപതാം മാസം മുതലാണ് നാളികേരത്തിൽ എണ്ണ നിക്ഷേപം തുടങ്ങുന്നത്. അതുകൊണ്ട് പത്തു മാസമായ നാളികേരമാണ് അരയ്ക്കാൻ ഏറ്റവും യോജിച്ചതു. നാളികേരം വിളവെടുത്തു കഴിഞ്ഞ് വെട്ടുമ്പോൾ 100 നു പത്തു തേങ്ങ എങ്കിലും മോശമായിരിക്കും. ഇതു പല തരത്തിലാവാം. പാകമാകാത്തവ, കേടായവ, കരിക്ക് പ്രായമുള്ളവ തുടങ്ങിയവയൊക്കെ ഇക്കൂട്ടത്തിൽ ഉണ്ടാവും. ഇതെല്ലാം തുടക്കത്തിൽ തന്നെ തിരഞ്ഞ് മാറ്റും. അങ്ങനെ പ്രാഥമിക ഘട്ട തെരച്ചിൽ കഴിഞ്ഞശേഷമാണ് നാളികേരം ഉടച്ച് ഡ്രയറിലേയ്ക്കു മാറ്റുന്നത്. പാലക്കാട് കമ്പനിയുടെ കീഴിലുള്ള നെ?ാറ ഫെഡറേഷനാണ് ഇപ്പോൾ വെളിച്ചെണ്ണ ഉത്പാദനത്തിന്റെ ചുമതല.
വിവരങ്ങൾക്ക് കടപ്പാട് : നെ?ാറ ഫെഡറേഷൻ പ്രസിഡന്റ് പത്മനാഭൻ: ഫോൺ - 9946565100. തയാറാക്കിയത്: ആബെ ജേക്കബ്