ആർ. ജ്ഞാനദേവൻ ഡെപ്യൂട്ടി ഡയറക്ടർ, നാളികേര വികസന ബോർഡ്, കൊച്ചി -11 കേരകൃഷിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ പദ്ധതിയാണ് ഇപ്പോൾ നമ്മുടെ നാട്ടിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കി വരുന്ന തെങ്ങു കൃഷി പുനരുദ്ധാരണ പദ്ധതി. നൂറ്റിമുപ്പതു വർഷം പഴക്കമുള്ള കാറ്റുവീഴ്ച രോഗത്തിന്റെ പിടിയിൽ നിന്ന് തെങ്ങിനേയും തെങ്ങുകൃഷി ചെയ്യുന്ന സമൂഹത്തേയും രക്ഷിക്കാനാണ് ഈ ബൃഹത് പദ്ധതി ലക്ഷ്യമിടുന്നത്. കൂടാതെ വർഷങ്ങളായി പ്രായാധിക്യത്താലും ശരിയായ പരിചരണം ലഭിക്കാത്തതിനാലും ക്ഷയിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ തെങ്ങിൻ തോപ്പുകളുടെ പഴയപ്രതാപം വീണ്ടെടുക്കുവാൻ ഈ പദ്ധതി ലക്ഷ്യമിടുന്നു. കഴിഞ്ഞ നാലു വർഷമായി ഈ പദ്ധതി കർഷക പങ്കാളിത്തത്തോടെ വിജയകരമായി നടപ്പിലാക്കി വരുന്നു. ഒരു പ്രദേശത്തെ മുഴുവൻ കേരകർഷകരേയും ഉൾപ്പെടുത്തിയാണ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഈ പരിപാടി വഴി നടപ്പിലാക്കി വരുന്നത്. കാറ്റു വീഴ്ച രോഗം പടർന്നു പിടിച്ച് തെങ്ങുകൾ ഓരോന്നോരോന്നായി ഉൽപാദനം ക്ഷയിച്ച് നശിച്ചു കൊണ്ടിരിക്കുന്ന ചുറ്റുപാടിൽ മനുഷ്യന് വളരെ ഉപയോഗപ്രദമായ ഈ വിളയെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാൺ് കേന്ദ്രഗവണ്മന്റ് ബോർഡിന്റെ ഈ ബൃഹത് പദ്ധതിയ്ക്ക് 2010 - 11 സാമ്പത്തിക വർഷത്തിൽ അനുമതി നൽകിയത്. ആദ്യ ഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിലെ മൂന്നു ജില്ലകളായ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ വിജയകരമായി ഇതു നടപ്പിലാക്കി. അതിനുശേഷം മറ്റു പതിനൊന്നു ജില്ലകളിലും 2013 - 14 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കിവരുന്നു. കഴിഞ്ഞ സാമ്പത്തിക (2014 -15) വർഷം കേരളത്തിലെ പതിനൊന്ന് ജില്ലകളിൽ കർഷക കൂട്ടായ്മയിലൂടെ പദ്ധതി നടപ്പിലാക്കി. മറ്റ് ഏതൊരു കാർഷിക വികസന പദ്ധതി നടത്തിപ്പിൽ നിന്നും വ്യത്യസ്തമായി കർഷകരുടെ മേൽനോട്ടത്തിൽ വിവിധ തലങ്ങളിൽ രൂപം കൊണ്ട കർഷക കൂട്ടായ്മയിലൂടെയാണ് നടപ്പാക്കുന്നത്. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായ കർഷകരുടെ അടിസ്ഥാന വിവര ശേഖരണം മുതൽ പദ്ധതിയിൽ നിഷ്കർഷിച്ചിരുന്ന ശാസ്ത്രീയ കൃഷി മുറകൾ അവലംബിക്കുന്നതും അവ പരിശോധിക്കുന്നതും എല്ലാം കർഷകരുടെ സംഘങ്ങൾ വഴി നടപ്പിലാക്കാൻ കഴിഞ്ഞു. പദ്ധതി ലക്ഷ്യങ്ങൾ 1. കാറ്റുവിഴ്ച രോഗം മൂർച്ഛിച്ചതും, പ്രായാധിക്യം കൊണ്ട്് ഉത്പാദനശേഷി തീരെ കുറഞ്ഞതുമായ (10 തേങ്ങയിൽ താഴെ ആദായം തരുന്ന) തെങ്ങുകൾ കർഷക പങ്കാളിത്തത്തോടെ ഒരുമിച്ച് വെട്ടിമാറ്റി പകരം ശുപാർശ ചെയ്തിട്ടുള്ള എണ്ണം തെങ്ങുകൾ വളരാൻ ആവശ്യമായ സ്ഥലമുണ്ടെങ്കിൽ മാത്രം ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വച്ചുപിടിപ്പിക്കുക. 2. ശേഷിക്കുന്ന തെങ്ങുകളുടെ ഉത്പാദനക്ഷമത ശാസ്ത്രീയ വളപ്രയോഗം, സസ്യസംരക്ഷണം, ജലസേചനം എന്നിവയിൽ കൂടി പരമാവധി വർദ്ധിപ്പിക്കുകയും തെങ്ങധിഷ്ഠിത ഇടവിളക്കൃഷിയിലൂടെ തോട്ടത്തിൽ നിന്നുള്ള വരുമാനം പരമാവധി ഉയർത്തുകയും ചെയ്യുക. പദ്ധതി നടത്തിപ്പിന് പുതിയ സമീപനം പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടത്തിൽ സംസ്ഥാന കൃഷിവകുപ്പുമായി സഹകരിച്ച് പഞ്ചായത്തുതലത്തിൽ പ്രവർത്തിക്കുന്ന കൃഷിഭവൻ വഴിയാണ് ഒന്നാംഘട്ടം നടപ്പിലാക്കിയത്. എന്നാൽ രണ്ടാംഘട്ടം സാധാരണ സർക്കാർ പദ്ധതികൾ നടത്തിപ്പിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും കർഷക പങ്കാളിത്തത്തോടെ സുതാര്യമായി നാളികേര വികസന ബോർഡിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന തൃതല കർഷക കൂട്ടായ്മയിലൂടെ നടപ്പിലാക്കി വരുന്നു. വില്ലേജ് തലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉത്പാദക സംഘങ്ങളും, ഇത്തരം സംഘങ്ങളുടെ മധ്യതലത്തിൽ പ്രവർത്തിക്കുന്ന നാളികേര ഉൽപാദക ഫെഡറേഷനുകളും, മുകൾതട്ടിൽ പ്രവർത്തിക്കുന്ന നാളികേരോൽപാദക കമ്പനികളും വഴിയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. പദ്ധതി നടത്തിപ്പിന്റെ വിവിധ ഘട്ടങ്ങൾ ചുവടെ ചേർക്കുന്നു. കഴിഞ്ഞ (2014-15) സാമ്പത്തിക വർഷം 3779 നാളികേര ഉൽപാദക സംഘങ്ങളും 250 ഫെഡറേഷനുകളും പദ്ധതി നടത്തിപ്പിൽ പങ്കാളികളായി. ഓരോ പ്രദേശത്തുമുള്ള കേരകർഷകർ സ്വമേധയാ സംഘടിച്ച് രൂപീകരിച്ച 40 മുതൽ 100 വരെ കർഷകരുള്ള കേരോൽപാദക സംഘങ്ങളും അവയുടെ ഫെഡറേഷനുമാണ് പദ്ധതി നടത്തിപ്പിന്റെ പ്രധാന പങ്ക് വഹിക്കുന്നത്. ഓരോ നാളികേരോൽപാദക സംഘങ്ങളിലെ കർഷകരെയും ഓരോ ഗ്രൂപ്പുകളായി കണക്കാക്കി, ഓരോ സംഘങ്ങളിലെ അടിസ്ഥാന വിവരങ്ങൾ ശേഖരിച്ച് സംഘത്തിന്റെ പ്രസിഡന്റും, മറ്റു കമ്മിറ്റി അംഗങ്ങളും പരിശോധിച്ച് ബോർഡിൽ സമർപ്പിക്കുന്നു. ഇപ്രകാരം അടിസ്ഥാന വിവരങ്ങൾ ശേഖരിക്കുന്നതും, അവ പരിശോധിക്കുന്നതും, വെട്ടാനുള്ള തെങ്ങുകൾ അടയാളപ്പെടുത്തുന്നതുമെല്ലാം കർഷകരുടെ കൂട്ടായ്മ വഴിയാണ്. അടിസ്ഥാന വിവര സർവ്വേയുടെ വിശദാംശങ്ങൾ ബോർഡിലേക്ക് അയയ്ക്കുകയും അത് വിലയിരുത്തി ഓരോ സംഘങ്ങൾക്കുമുള്ള പ്രോജക്ട് ബോർഡ് തയ്യാറാക്കി, അനുമതിക്കായ് സമർപ്പിക്കുന്നു. ഇപ്രകാരം തയ്യാറാക്കിയ പദ്ധതികൾ പരിശോധിക്കാനും, വിലയിരുത്താനും, അംഗീകാരത്തിനായി ശുപാർശ ചെയ്യാനുമായി ഒരു ഇന്റേണൽ ടെക്നിക്കൽ കമ്മിറ്റിയേയും നിയോഗിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി വിലയിരുത്താനും, സമയാസമയങ്ങളിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് വരുന്ന പ്രോജക്ടറ്റുകൾ വിലയിരുത്താനും, അവ അന്തിമ അനുമതിക്കായി ശുപാർശ ചെയ്യാനുമായി ബോർഡ് മുഖ്യനാളികേര വികസന അധികാരി അദ്ധ്യക്ഷണായുള്ള ഈ കമ്മിറ്റി പ്രോജക്റ്റുകൾ തയ്യാറാവുന്ന മുറയ്ക്ക് മീറ്റിംഗ് കൂടുകയും പ്രോജക്ട് അന്തിമ അനുമതിക്കായി സമർപ്പിക്കുകയും ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം 12 പ്രാവശ്യം ഈ കമ്മിറ്റി കൂടുകയും പദ്ധതി പുരോഗതി വിലയിരുത്തുകയും പുതിയ പദ്ധതികൾ അംഗീകാരത്തിനായി ശുപാർശ ചെയ്യുകയും ചെയ്തു. ചെയർമാന്റെ അംഗീകാരം കിട്ടുന്നതോടു കൂടി കർഷക സംഘങ്ങൾക്ക് അവരവരുടെ അംഗീകാരം ലഭിച്ച പ്രോജക്ടുകൾ ഓൺലൈനായി ലഭിക്കുന്നു. വെട്ടിമാറ്റേണ്ട തെങ്ങുകളുടെ എണ്ണവും, പകരം വെയ്ക്കേണ്ട തൈ, വളവും മറ്റു പരിചരണവും നൽകി ഉൽപാദനക്ഷമത വർദ്ധിപ്പിക്കാൻ പറ്റിയ തെങ്ങുകളുടെ എണ്ണം എല്ലാം വിശദമായി ഈ അനുമതിയിൽ ലഭ്യമാകും. പദ്ധതി അനുമതി ലഭിച്ചയുടൻ വെട്ടിമാറ്റാനായി അടയാളപ്പെടുത്തിയവ വെട്ടിമാറ്റാൻ തുടങ്ങുന്നു. തെങ്ങുവെട്ടുന്നത് പരിശോധിച്ച് ബോർഡിലേയ്ക്ക് റിപ്പോർട്ടയക്കാൻ ഓരോ ഫെഡറേഷൻ തലത്തിലും ഓരോ ഹോർട്ടികൾച്ചർ അസിസ്റ്റന്റിനേയും ബോർഡ് നിയമിച്ചിട്ടുണ്ട്. തെങ്ങു വെട്ടിമാറ്റിയാൽ ഉടൻ തന്നെ അത് ഹോർട്ടികൾച്ചർ അസിസ്റ്റന്റ് പരിശോധിച്ച് റിപ്പോർട്ട് ഓൺലൈനിൽ അയയ്ക്കുന്നു. റിപ്പോർട്ട് കിട്ടിയാലുടൻ ഓരോ കർഷകനും അർഹമായ സബ്സിഡി തുക അവരവരുടെ ബാങ്ക് അക്കൗണ്ടിൽ എത്തിച്ചേരുന്നു. കിട്ടേണ്ട അനുകൂല്യം എത്രയും പെട്ടെന്ന് ലഭ്യമാക്കുന്നതിനാൽ കർഷകർ വളരെ സംതൃപ്തരാണ്. വെട്ടി മാറ്റിയ ശേഷമുള്ള കായ്ക്കുന്ന തെങ്ങുകളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനായി ശാസ്ത്രീയ വളപ്രയോഗത്തിനുള്ള വളങ്ങൾ യഥാസമയം കർഷകർക്ക് എത്തിച്ചു കൊടുക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു സവിശേഷത. കാറ്റ് വീഴ്ച്ച ബാധിച്ചും, പ്രായാധിക്യം കൊണ്ടും ഉൽപാദനക്ഷമത നശിച്ച തെങ്ങുകൾ വെട്ടിമാറ്റി പുനർ നടീൽ കാറ്റു വീഴ്ച ബാധിച്ചും പ്രായാധിക്യം കൊണ്ടും ഉൽപാദന ക്ഷമത തീരെ കുറഞ്ഞ തെങ്ങുകൾ വെട്ടിമാറ്റി പകരം തൈ വയ്ക്കുക, ശാസ്ത്രീയമായ വളപ്രയോഗം അവലംബിക്കുന്നതിന് വേണ്ട വളങ്ങൾ കർഷകർക്ക് എത്തിച്ചു കൊടുക്കുക, കൂടാതെ ശാസ്ത്രീയ കൃഷിമുറകൾ യഥാസമയം തോട്ടത്തിൽ അവലംബിക്കുന്നതിനു വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ഘടകങ്ങൾ. തെങ്ങു വെട്ടിമാറ്റുന്നതിനുള്ള നഷ്ടപരിഹാര തുക തെങ്ങ് വെട്ടിമാറ്റി, അതാത് പ്രദേശത്തെ ഹോർട്ടികൾച്ചർ അസിസ്റ്റന്റിന്റെ പരിശോധന റിപ്പോർട്ട് കിട്ടിയാൽ ഉടൻ തന്നെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് വന്നു ചേരുന്നു. മെച്ചപ്പെട്ട പരിപാലന മുറകൾ അവലംബിക്കുന്നതിന് സഹായധനം പാക്യജനത്തിന്റെ കുറവു നികത്താൻ യൂറിയ വളം തെങ്ങുകളുടെ വളർച്ചയെ ത്വരിതപ്പെടുത്തുന്നതും, നേരത്തെ ചെട്ടയിടുക, കുലകളിൽ കൂടുതൽ പെൺപൂക്കൾ ഉണ്ടാവുക എന്നിവ സംഭവിക്കുന്നതും പാക്യജനകം അഥവാ നൈട്രജൻ എന്ന പോക്ഷക മൂലകം മൂലമാണ്. ഇതിന്റെ അഭാവത്തിൽ തെങ്ങിന്റെ വളർച്ച മുരടിക്കുകയും ഓലകൾ മഞ്ഞളിക്കുകയും പൂങ്കുലകൾ ചെറുതാവുകയും, മച്ചിങ്ങയുടെ എണ്ണം കുറയുകയും ചെയ്യുന്നു. ഇതു പരിഹരിക്കാനാണ് ഈ പദ്ധതി മുഖേന നൈട്രജൻ ധാരാളം അടങ്ങിയിട്ടുള്ള യൂറിയ വളം വിതരണം ചെയ്യുന്നത്. ഒരു തെങ്ങിന് ഒരു വർഷത്തേയ്ക്ക് 500 ഗ്രാം പാക്യജനകം ആവശ്യമാണ്. ഇത് ലഭിക്കുന്നതിന് തെങ്ങോന്നിന് 1 കി.ഗ്രാം 46% പക്യജനമടങ്ങിയ യൂറിയ വളം പദ്ധതിയിൽ വിതരണം ചെയ്തു വരുന്നു. പുതിയ വേരുകൾ ഉണ്ടാകുന്നതിനും വേരുകളുടെ വളർച്ചയ്ക്കും ഫോസ്ഫറസ് വളങ്ങൾ തെങ്ങിന്റെ വേരുകളുടെ വളർച്ചയ്ക്ക് ഏറ്റവും ആവശ്യമായ പോക്ഷകമൂലകമാണ് ഫോസ്ഫറസ്. ഇതിന്റെ അഭാവത്തിൽ വളർച്ച മോശമാകുകയും, താമസിച്ച് ചെട്ടയിടുകയും, നാളികേരം വൈകി മൂപ്പെത്തുകയും ചെയ്യുന്നു. ഈ പോഷകത്തിന്റെ കുറവ് പരിഹരിക്കാനായി തെങ്ങോന്നിന് 2 കി.ഗ്രാം എന്ന തോതിൽ റോക്ക് ഫോസ്ഫേറ്റ് വളം വിതരണം ചെയ്തു വരുന്നു. കൂടുതൽ പെൺപൂക്കൾ ഉണ്ടാകാൻ പൊട്ടാഷ് വളം തെങ്ങിന്റെ ആരോഗ്യം മെച്ചപ്പെടുന്നതിനും, കൂടുതൽ പെൺപൂക്കൾ ഉണ്ടാകാനും ഗുണമേ?യുള്ള കൊപ്രയും, കട്ടിയുള്ള കാമ്പും ലഭിക്കാനും പൊട്ടാഷ് എന്ന പോഷകമൂലകം തെങ്ങിന് ഒഴിച്ച് കൂടാൻ പാടില്ലാത്തത്താണ്. ഇതിന്റെ കുറവ് നമ്മുടെ തെങ്ങിൻ തോട്ടങ്ങളിൽ പരക്കെ കണ്ടുവരുന്നുണ്ട്. ഈ കുറവ് പരിഹരിച്ച് തെങ്ങിന് പുതുജീവൻ നൽകാനായി തെങ്ങോന്നിന് 2 കി.ഗ്രാം എന്ന തോതിൽ മൂറേറ്റ്ഓഫ് പൊട്ടാഷ് എന്ന നേർവളവും ഈ പദ്ധതി വഴി വിതരണം ചെയ്തു വരുന്നു. വളരെ വില പിടിപ്പുള്ള ഈ വളം ശരിയായ രീതിയിൽ തെങ്ങിന് ഇട്ടുകൊടുത്താൽ തെങ്ങിൽ നിന്നുള്ള ഉൽപാദനം വർദ്ധിപ്പിക്കാൻ കഴിയും. മഞ്ഞളിപ്പ് മാറ്റാൻ മേഗ്നീഷ്യം സൾഫേറ്റ് തെങ്ങോലകൾക്ക് പച്ചനിറം നൽകുന്നതിന് മഗ്നീഷ്യം അത്യാവശ്യ ഘടകമാണ്. പച്ചനിറം നൽകുന്ന ക്ലോറോഫിൻ ത?ാത്രകളിലെ മഗ്നീഷ്യമാണ്. ഈ മൂലകത്തിന്റെ അഭാവത്തിൽ ഓലക്കാലുകൾ മഞ്ഞളിക്കുന്നു. ഈ മഞ്ഞളിപ്പ് അഗ്രഭാഗത്തുനിന്നും അരുകിൽ നിന്നുമാണ് തുടങ്ങുന്നത്. ക്രമേണ മഞ്ഞളിപ്പു ബാധിച്ച ഭാഗങ്ങൾ കരിയുന്നു. ഇതിന്റെ കുറവ് പരിഹരിക്കാനായി തെങ്ങോന്നിന് 500 ഗ്രാം മഗ്നീഷ്യം സൾഫേറ്റ് എന്ന വളവും പദ്ധതി പ്രദേശങ്ങളിൽ വിതരണം ചെയ്തു വരുന്നു. മണ്ണിന്റെ പുളിരസം കുറയ്ക്കാൻ കുമ്മായം മണ്ണിന്റെയും, തെങ്ങിന്റെ കോശങ്ങളിലേയും അമ്ലത്വം നീർവീര്യമാക്കാനും, മണ്ണിൽ നിന്നുളള പോഷകമൂലകങ്ങൾ തെങ്ങിന് എളുപ്പത്തിൽ വലിച്ചെടുക്കാനും കുമ്മായം തെങ്ങിന് നൽകേണ്ടതാണ്. തെങ്ങോന്നിന് ഒരു കിലോഗ്രാം നീറ്റുകക്ക എന്ന തോതിൽ പദ്ധതിവഴി നൽകി വരുന്നു. മേൽ പറഞ്ഞ വളങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തിയാണ് കർഷകർക്ക് വിതരണം ചെയ്യുന്നത്. കുമ്മായം രാസവളത്തോടൊപ്പം ഒരിക്കലും നൽകരുത്. കുമ്മായമിട്ട് രണ്ടാഴ്ച കഴിഞ്ഞ് മണ്ണിന്റെ അമ്മത്വം കുറഞ്ഞതിനു ശേഷം വേണം രാസവളങ്ങളും ജൈവവളങ്ങളും ചേർക്കാൻ. പുനർ നടീലിനു ഗുണമേ?യുള്ള തെങ്ങിൻ തൈകൾ വെട്ടിമാറ്റിയ തെങ്ങിനു പകരം നടനായി ഗുണമേ?യുള്ള തെങ്ങിൻ തൈകൾ കർഷകർ തന്നെ കൂട്ടായ്മയിലൂടെ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നു. ഗുണമേ?യുള്ള വിത്തു തേങ്ങാ ശേഖരിച്ച് ഫെഡറേഷൻ തലത്തിൽ കർഷകരുടെ മേൽനോട്ടത്തിലുള്ള നേഴ്സറികളിൽ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു വരുന്നു. കൂടാതെ നാളികേര വികസന ബോർഡിന്റെ നേര്യമംഗലം ഫാമിൽ ഉൽപാദിപ്പിക്കുന്ന ഭൂരിഭാഗം തൈയ്യും പദ്ധതി പ്രദേശത്തെ പുനർ നടീലിനായി വിതരണം ചെയ്യുന്നു. തൈ ഒന്നിന് 40 രൂപ, നിരക്കിൽ സബ്സിഡിയും ഈ ബൃഹദ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതി നടത്തിപ്പിൽ ഉൽപാദക സംഘങ്ങളെ സഹായിക്കാൻ ഹോർട്ടികൾച്ചർ അസിസ്റ്റന്റ്മാരെയും, ഓരോ ജില്ലയിലും പദ്ധതി മേൽനോട്ടം വഹിക്കാനും, സാങ്കേതിക ഉപദേശങ്ങൾ നൽകാനും നാളികേര വികസന ബോർഡിന്റെ ഉദ്യോഗസ്ഥ?ാരെയും ചാർജ് ഓഫീസർമാരേയും നിയമിച്ചിട്ടുണ്ട്. കഴിഞ്ഞ 5 വർഷമായി നടപ്പിലാക്കി വരുന്ന പദ്ധതി മുഖേന 290 കോടി രൂപ ധനസഹായമായി കർഷകർക്ക് നൽകുകയുണ്ടായി. ഇതിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 53.44 കോടി രൂപ പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വഴി വിതരണം ചെയ്യുകയുണ്ടായി. ഇതുവരെ കാറ്റു വീഴ്ച ബാധിച്ചതും പ്രായാധിക്യം കൊണ്ട് ഉൽപാദനം നശിച്ചതുമായ 28 ലക്ഷം തെങ്ങുകൾ വെട്ടിമാറ്റി. 25 ലക്ഷം ഹെക്ടർ തെങ്ങിൻ തോട്ടം പുനരുജ്ജീവിപ്പിക്കുന്നതിനായി വളങ്ങൾ നൽകിക്കഴിഞ്ഞു. പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ വഴി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്ത സാമ്പത്തിക സഹായത്തിന്റെ കണക്ക് പട്ടിക-1 ൽ ചേർക്കുന്നു. ഇതു കൂടാതെ ഗുണമേ?യുള്ള തെങ്ങിൻതൈ വിതരണത്തിനും, പദ്ധതി നടത്തിപ്പിനുമായി 82.11 ലക്ഷം രൂപ ചിലവഴിച്ചു. കഴിഞ്ഞ രണ്ടുവർഷമായി കേരളത്തിന്റെ 11 ജില്ലകളിൽ നടപ്പിലാക്കി വരുന്ന ഈ പദ്ധതി, നടപ്പു സാമ്പത്തിക വർഷത്തിലും പ്രസ്തുത ജില്ലകളിൽ കൂടുതൽ സ്ഥലത്തേയ്ക്ക് വ്യാപിപ്പിച്ച് കർഷക പങ്കാളിത്തത്തോടെ, കർഷകസംഘങ്ങൾ വഴി നടപ്പിലാക്കുന്നതാണ്. നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നാളികേരോൽപാദക കമ്പനികൾ വഴിയാണ് ഇതു നടപ്പിലാക്കുന്നത്. ഇപ്രകാരം ബോർഡിൽ രജിസ്റ്റർ ചെയ്തതും ഫെഡറേഷനുമായി ഫെഡറേറ്റ് ചെയ്തതുമായ നാളികേരോൽപാദക സംഘങ്ങൾക്കാണ് മുൻഗണന നൽകുന്നത്. കൂടാതെ പദ്ധതി ഘടകങ്ങളായ വളം വിതരണം, തെങ്ങിൻ തൈവിതരണം എന്നിവയ്ക്ക് പ്രവർത്തനത്തെ വിലയിരുത്തിയായിരിക്കും സംഘങ്ങളെ തിരഞ്ഞെടുക്കുന്നത്. നമ്മുടെ നാട്ടിലെ ക്ഷയിച്ചു കൊണ്ടിരിക്കുന്ന കേരകൃഷിയെ പഴയപ്രതാപത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരാൻ പൂർണ്ണമായും കർഷക പങ്കാളിത്തത്തോടെ ജനകീയമായി നടത്തുന്ന ഈ പദ്ധതി കർഷകർക്ക് ഒരാശ്വാസമാണ്. ഈ പദ്ധതി വഴി നൽകി വരുന്ന ആനുകൂല്യങ്ങൾ ശരിയായ രീതിയിൽ പ്രയോജനപ്പെടുത്തിയാൽ കുറഞ്ഞു കൊണ്ടിരിക്കുന്ന നമ്മുടെ നാളികേര ഉൽപാദനം വർദ്ധിപ്പിക്കാനും അതിൽ വീണ്ടും കേരളത്തിന് ഒന്നാം സ്ഥാനത്തെത്തുവാനും കഴിയും |
24 Jun 2015
തെങ്ങിനെ രക്ഷിക്കാൻ ചരിത്രത്തിലെ ഏറ്റവും വലിയ കർമ്മ പദ്ധതി
എം കെ ഹരികുമാർ ഓണപ്പതിപ്പ് 2020
ഗസ്റ്റ് എഡിറ്റോറിയൽ ഇരവി എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...