ഡോ.മ്യൂസ് മേരി
ജീസസ് നീ പിന്നെയും ഉറ്റു നോക്കുന്നതെന്ത്? ഇരിപ്പുമുറിയിലെ ദയാരഹിതമായ മൗനങ്ങൾക്കുമേൽ നിന്റെ നോട്ടം വന്നുവീഴുന്നു. അടുക്കളയിൽ നീരാവിയിലടവച്ചു വിരിയുന്ന അപ്പക്കുഞ്ഞുങ്ങളെ നീ ഉറ്റു നോക്കുന്നതെന്ത്?" നിരത്തിലൊറ്റയ്ക്കായിപ്പോയ മഴനിഴലുകളെ ചേർത്തുപിടിക്കുമ്പോഴും നീ ഉറ്റുനോക്കുന്നതെന്ത്? ഒരിക്കലേപ്പോഴോ കുറിച്ചിട്ട വരികൾ നിരത്തിലും നിഴലിലും കിടപ്പിലും ഇരിപ്പിലും ഉറ്റുനോക്കുന്ന പീഡിതനായ ദൈവത്തിന്റെ മുഖം കുഞ്ഞുനാളിലേപ്പോഴോ കൂടെക്കൂടിയതാണ്. വായനാരീതികളിലും കാഴ്ചപ്പാടിലും ഈ ദൈവമുഖത്തിന് പല രൂപഭേദങ്ങളും സംഭവിച്ചിട്ടുണ്ട്. ഈയിടെ കുറെ ജീസസ് സിനിമകൾ കാണാനിടയായപ്പോൾ ഷൂസെ സരമാഗു (യേശുക്രിസ്തുവിന്റെ സുവിശേഷം) നിക്കോസ് കസന്ദ്സാക്കീസ് (യേശുവിന്റെ അന്ത്യപ്രലോഭനം) എന്നിവയുടെ രചനകളുടെ വായനാനുഭവത്തിൽ നിന്ന് കുറച്ചുകൂടി മൂർത്തമായ കളാണുഭവമായി അതുമാറി.
ഹൈസ്കൂൾ കാലത്തായിരിക്കണം എന്റെ ആദ്യ ജീസസ് സിനിമാനുഭവം 'മിശിഹാ ചരിത്ര'മാണ് പീഡിതനായ മനുഷ്യപുത്രനെയും നിണപ്പാടേറ്റ വഴികളെയും ചലച്ചിത്രാനുഭവമായി അന്ന് മാറ്റിയത്. സിനിമ കണ്ട് ഇന്നെന്ന പോലെ അന്നും കരഞ്ഞിരുന്നു. ഇന്നേക്കാൾ കുറച്ചുകൂടി ഗാഢവും വ്യാപ്തിയുമുള്ള കരച്ചിലായിരുന്നു അത്. വായിക്കുമ്പോഴും സിനിമ കാണുമ്പോഴും ഇന്നും കരയാറുണ്ട്. അപ്രത്യക്ഷമല്ലാത്ത കരച്ചിലുകളാണ് മിക്കവയും.
'ജീസസ്', 'കിങ് ഓഫ് കിംഗ്സ്', ദി പാഷൻ ഓഫ് ക്രൈസ്റ്റ്', 'ദി ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്', 'ജീസസ് ഓഫ് നസറേത്ത്', 'ഗോസ്പൽ ഓഫ് സെന്റ് ജോൺ', 'ദി സീക്രട്സ് ഓഫ് ജൂഡാസ്' എന്നിവയെല്ലാം യേശു മുഖ്യകഥാപാത്രമായി വരുന്ന സിനിമകളാണ്. ഇവ കാലത്തിന്റെ മുറിപ്പാടിൽ നിന്നു വീഴുന്ന നിണച്ചാലുകളെ വീണ്ടും ചുവപ്പിക്കുന്നു.
യേശുക്രിസ്തുവിന്റെ കഥ സിനിമയാക്കുമ്പോൾ ചിരപരിചിതമുഖം (ചിത്രമായും ശിൽപമായും ഉള്ള സാന്നിദ്ധ്യം) വിഷയപരിചിതത്വം എന്നിവ മൂലം സംവിധായകരും നടന്മാരും ചില പരിമിതികളും ആനുകൂല്യങ്ങളും അനുഭവിക്കുന്നുണ്ട്. പരിചിത മുഖത്തെ മറികടക്കുക. വിശ്വാസപരമായ പരുക്കില്ലാതെ, വിവാദം സൃഷ്ടിക്കാതെ (സൃഷ്ടിച്ചാലും) കലാരൂപമായി വിജയിക്കുക എന്നിവയെല്ലാം സിനിമയിലെ പ്രശ്നങ്ങളാണ് മേൽപറഞ്ഞ സിനികളെല്ലാം തന്നെ ഇക്കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നു. ചിലപ്പോൾ നന്നാകുന്നു. മറ്റു ചിലപ്പോൾ ചില കുഴപ്പങ്ങളിൽപ്പെടുന്നു. കലാസംവിധാനവും വലിയ പണിയാണ്. കാലത്തെ പുനരാവിഷ്ക്കരിക്കുനനിടത്ത് ഭാവനയും പ്രയത്നവും ചേർന്നു നിൽക്കുന്നു. 'ജീസസ്', 'ദി സീക്രട്സ് ഓഫ് ജൂഡാസ്', 'ദി ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്', 'ജീസസ് ഓഫ് നസ്രേത്ത് എന്നിവയെല്ലാം ഇത്തരമൊരു പുനരവതരണത്തിൽ മികച്ചുനിൽക്കുന്നു.
യേശു എന്ന കഥാപാത്രം എങ്ങനെ ആവിഷ്ക്കരിക്കപ്പെടുന്നു എന്നതാണ് ഈ സിനിമാകാണികൾ ഉറ്റു നോക്കുന്ന ഒരു കാര്യം. ഓരോന്നിലും വ്യത്യസ്ത ആവിഷ്ക്കരണരീതികൾ കാണാം. കൂട്ടുകാർക്കൊപ്പം നടന്നുപോകുമ്പോൾ തമാശകൾ പറയുന്ന, ചെറിയ കുസൃതികൾ കാണിക്കുന്ന-ജൂഡാസുമായി കൈകോർത്തു മല്ലുപിടിക്കുന്ന-ജൂഡാസിനെ തള്ളിമാറ്റിയിട്ടിട്ടു പോകുന്ന യേശുവിനെ സീക്രട്സ് ഓഫ് ജൂഡാസിൽ കാണുന്നു. ജീസസ് സിനിമയിലാകട്ടെ കാനായിലെ കല്യാണത്തിൽ വിരുന്നുകാർക്കൊപ്പം നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യുന്ന യുവാവാണ് യേശു. 'നിന്റെ പിതാവിനിതാണിഷ്ട'മെന്നു പറയുന്ന അമ്മയോട് 'സ്വർഗ്ഗത്തിലെ പിതാവിനോ ഭൂമിയിലെ പിതാവിനോ' എന്ന് കുസൃതിച്ചിരിയോടെ ചോദിക്കുന്ന ജീസസിനെയും കാണാം. പക്ഷേ 'ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റി'ലെ യേശുവിൽ ആത്മാവിന്റെ എരിച്ചിലും ശരീരത്തിന്റെ പിടച്ചിലും മിടിച്ചുനിൽക്കുന്നു. കനലുകോരിയിട്ട പോലെ പ്രകാശിക്കുകയും പൊള്ളുകയും ചെയ്യുന്ന മുഖം സിനിമ കണ്ടു ദിവസങ്ങൾ കഴിഞ്ഞാലും കൺമുമ്പിലുണ്ടാകും. കഥാപാത്രത്തിനു വേണ്ടിയുള്ള സമർപ്പണവും വിസ്മയപ്പിക്കും. 'ദി പാഷൻ ഓഫ് ക്രൈസ്റ്റ് ആവട്ടെ ചോരക്കളിയുടെ അമിതഭാരം മനസ്സിൽ കയറ്റുന്നു. കല പിൻവാങ്ങുന്ന കാഴ്ചയാണവിടെ അനുഭവപ്പെടുന്നത്.
ഹെൻട്രി ഇയാൻ ക്യൂബിക് (The Gospel of St.John) ജൊനാഥൻ സ്ക്കാർഫ് (The Secrets of Judas), വില്യം ഡാഫോ (The Last Temptation of Christ) റോബർട്ട് പവൽ (Jesus of Nazarath), ജെഫ്രി ഹൻടർ(King of Kings) ജറമി സിസ്റ്റോ (Jesus) എന്നീ നടന്മാരുടെ ക്രസ്ത്വഭിനയത്തിൽ പ്രയത്നവും സമർപ്പണവും വ്യക്തമാണ്. മിതവും വികാരവാഹിയുമായ ചലനങ്ങളും ഒറിജിനാലിറ്റിയും കൊണ്ട് അവർ വിജയിക്കുന്നു.
കുരിശുമരണത്തിന്റെ ചരിത്രപരമായ സാഹചര്യത്തെ കഥാഗതിയിൽ കൊണ്ടുവരാൻ മിക്ക സിനിമകളും ശ്രമിക്കുന്നു. 'ജീസസ് സിനിമയിൽ ബാലനായ ജോണിനെയും, യേശുവിനെയും കൊണ്ട് ജറുസലേമിൽ നിന്നു വരുമ്പോൾ കുരിശിൽ തൂങ്ങിക്കിടക്കുന്ന ആളുകളെ അവർ കാണുന്നുണ്ട്. 'ശ്രീക്രട്സ് ഓഫ് ജൂഡാസി'ലും, 'കിങ് ഓഫ് കിംഗ്സി'ലും കഥ തുടങ്ങുന്നതുതന്നെ ക്രൂശുമരണത്തിലൂടെ അവതരിപ്പിക്കുന്ന ദണ്ഡനീതിയെ ഓർമ്മിപ്പിച്ചുകൊണ്ടാണ്. 'ലാസ്റ്റ് ടെമ്പ്റ്റേഷ'നിൽ പീലാത്തോസ് "മൂവായിരം തലയോടുകൾ കിടക്കുന്ന ഗോൽഗോഥ" നിനക്കും ലഭിക്കാമെന്ന് യേശുവിനോട് ഭീഷണി സ്വരത്തിൽ പറയുന്നു. അടിമജനതയ്ക്ക് റോമൻ ഭരണകൂടം നൽകുന്ന മരണശിക്ഷയായിരുന്നു കുരിശ് എന്ന ചരിത്രയാഥാർത്ഥ്യത്തെ ഇവർ അംഗീകരിക്കുന്നു. ഓരോ ജീസസ് സിനിമയിലും ജീസസിന് വ്യത്യസ്തവും ഏകവുമായ മുഖമുണ്ട്- കഥാപാത്രമെന്ന നിലയിൽ 'കിങ് ഓഫ് കിംഗ്സി'ൽ അടിമജനതയായ ജൂതന്മാരുടെ രാഷ്ട്രീയ പോരാട്ടത്തിന്റെ മധ്യത്തിലാണ് യേശുവിനെ അവതരിപ്പിക്കുന്നത്. 'പാഷൻ ഓഫ് ക്രൈസ്റ്റ്' പീഡാസഹനത്തിന്റെ 'രക്തരൂക്ഷിത' ഭാവത്തിനും, 'സ്ക്രട്സ് ഓഫ് ജൂഡാസ്' ജൂഡാസ്-ക്രിസ്തു ബന്ധത്തിന്റെ വൈചിത്ര്യത്തിനും ഊന്നൽ നൽകുന്നു. 'ജീസസ് ഓഫ് നസറേത്ത്' ബൈബിളിനെ പൈന്തുടർന്ന് ആവിഷ്കരിച്ചിരിക്കുന്നു. ഒരു മനുഷ്യന് ആത്മാവിലും ശരീരത്തിലും വഹിക്കേണ്ടി വന്ന സംഘർഷത്തിന്റെയും വ്യഥയുടെയും എല്ലാം പൂർത്തിയാക്കിയെന്ന വിജയിയുടെ പുഞ്ചിരിയുടെയും കരുത്ത് പ്രവഹിക്കുന്നത് 'ലാസ്റ്റ് ടെപ്റ്റേഷ'നിലാണ്.
ഈ സിനിമകൾ കാണുമ്പോൾ മഗ്ദലന മറിയവും മറ്റു ശിഷ്യകളും ക്രിസ്തുവിനു ശേഷം എവിടെപ്പോയിയെന്ന് ചിന്തിച്ചുപോകും. യേശുവിനൊപ്പം ഉണ്ടായിരുന്ന സ്ത്രീകൾക്കു വിശ്വാസവഴികളിൽ നിന്ന് കർതൃത്വസ്ഥാനം നഷ്ടപ്പെട്ടതെങ്ങനെയെന്ന വേനൽ വിങ്ങുന്ന ചോദ്യം ശേഷിക്കുന്നു."ഞാൻ ഒരു പുരുഷനായിരുന്നെങ്കിൽ നിന്റെ ഏറ്റവും വലിയ അനുയായി ആകുമായിരുന്നു"(ജീസസ് സിനിമയിൽ) എന്ന മഗ്ദലനമറിയത്തിന്റെ വാക്കുകൾ പുരുഷാധികാരക്രമത്തിലിന്നും വീണുമുഴങ്ങുന്നു.
സംഭാഷണങ്ങളിൽ ചിലതു പിന്നെയും പിന്നെയും ഓർമ്മയിൽ വരുന്നു. "പീറ്റർ നിങ്ങൾ ശക്തനാണ്. സ്നേഹിക്കാൻ പറ്റുന്നിടത്തോളം കരുത്തൻ"(ജീസസ്) അവയിലൊന്നാണ്. സംഭാഷണങ്ങളുടെ കാവ്യാത്മകതയും യാതനാ നിർഭരമായ കരുത്തും 'ദി ലാസ്റ്റ് ടെമ്പ്റ്റേഷൻ ഓഫ് ക്രൈസ്റ്റി'ലാണ് വിങ്ങിനിൽക്കുന്നത്. ഒരു വേനൽസന്ധ്യ പോലെ വിതുമ്പിനിൽക്കുന്ന വിങ്ങൽ സ്പഷ്ടമാണവിടെ. പീലാത്തോസുമായുള്ള സംഭാഷണം. ജൂഡാസുമായുള്ള സംഭാഷണം, ഗദ്സമനിയിലെ പ്രാർത്ഥന എന്നിവയെല്ലാം വാക്കുകളും മൗനവും കൊണ്ട് നമ്മുടെ നിസംഗതയെ പിളർത്തുന്നവയാണ്.
'രാജാവ് - അതു നിങ്ങളുടെ പദമാണ്, അല്ല-ഞ്ഞാനൊരു മെരിക്കിയ മൃഗമല്ല. ഒരു മാന്ത്രികനുമല്ല സ്നേഹം കൊണ്ട് സംഭവിക്കാവുന്ന മാറ്റങ്ങളെക്കുറിച്ചു മാത്രമാണ് ഞാൻ സംസാരിച്ചതു " (പീലാത്തോസിനോടുള്ള മറുപടി)
'ദൈവം എല്ലാറ്റിനെയും സ്നേഹിക്കുന്നു ഉറുമ്പിനെ-മുയലിനെ...മനുഷ്യരെ..
വിയർപ്പു രക്തത്തുള്ളികളായി വീണു എന്ന് സുവിശേഷം സാക്ഷ്യപ്പെടുത്തുന്ന ഗദ്സമനയിൽ യേശുപറയുന്നു: "സ്വർഗ്ഗത്തിലുള്ള - ഭൂമിയിലുള്ള പിതാവേ, എനിക്കറിയില്ല എന്നോടു ക്ഷമിക്കുക. ഏതാണ് കൂടുതൽ സുന്ദരം- (മണ്ണുവാരിയെടുക്കുന്നു) ഇതെന്റെ ശരീരമാണ്. നമ്മളൊന്നിച്ചു മരിക്കാൻ പോകുന്നു. അബ്രഹാമിനെ, നോഹയെ കാത്ത, എലിയാവിനു രഥം ഇറക്കിക്കൊടുത്ത ദൈവമേ നീ എന്നോടു മരിക്കാൻ പറയുന്നു. ഇതെന്നിൽ നിന്ന് എടുത്തുമാറ്റണമേ."
മെൽഗിബ്സന്റെയോ മറ്റു യേശു നടന്മാരുടെയോ അഭിനയത്തിൽ നിന്നും സിനിമാഖ്യാനത്തിന്റെ സമഗ്രതയിൽ നിന്നും വ്യത്യസ്തമായി The Last Temptation of Christ ലെ ഈ മനുഷ്യപുത്രന്റെ വിയർപ്പും കണ്ണീരും വീണുനനഞ്ഞ പ്രാർത്ഥന എന്റെ വേനൽപ്പാതകളിൽ പിന്നെയും മുഴങ്ങുന്നു.