24 Jun 2015

ജോൺ അബ്രഹാം, അങ്ങ് സദയം പൊറുക്കുക.




         സലോമി ജോൺ വത്സൻ

 


ആരാധ്യനായ  ചലച്ചിത്രകാരൻ എന്ന് ചലച്ചിത്രരംഗം, ആസ്വാദകർ,നിരൂപകർ പണ്ടും, ഇപ്പോഴും വിശേഷിപ്പിക്കുന്ന വ്യക്തി. അന്തരിച്ചിട്ട് മുപ്പതാണ്ടോടടുക്കുന്നു. മരണ വാർഷികങ്ങൾ ചലച്ചിത്ര , സാംസ്കാരിക ലോകം സ്മരിക്കുന്നു. സെമിനാറുകളും ചലച്ചിത്ര മേളകളും അദ്ദേഹത്തിന്റെ പേരിൽ സംഘടിപ്പിക്കുന്നു. ജോണിൻറെ ചലച്ചിത്രങ്ങൾ ''മഹത്തായവ'' ആയിരുന്നുവോ? അതിലുപരി  ആ ജീവിതമോ? സ്വന്തം വ്യക്തിത്വം ശ്രദ്ധിക്കാതെ  അപരിചിതരോടുവരെ ലഹരിക്കായും മറ്റും  പണം  ചോദിച്ചിരുന്ന വ്യക്തി .....പ്രിയപ്പെട്ടവർ മനപൂർവ്വം ഒഴിവാക്കിയിരുന്നയാൾ……..  പ്രതിഭകൾക്കും ശുഷ്ക പ്രതിഭകൾക്കും മരണാനന്തരം പ്രശംസയും അംഗീകാരവും വാരിക്കോരി കൊടുക്കുന്നതിൽ മലയാള മാധ്യമങ്ങളും സാംസ്കാരിക സാഹിത്യ വേദികളും യാതൊരു പിശുക്കും കാട്ടാറില്ലല്ലോ .ഒരു പ്രതിഭയും ഇങ്ങനെ മദ്യത്തിലും കഞ്ചാവിലും മയങ്ങി ജീവിതം തകർത്തു തരിപ്പണമാക്കരുതെന്നു  അനുസ്മരണ വേദികളിൽ തുറന്നു പറയാൻ ആരെങ്കിലും കഴിഞ്ഞ മുപ്പതു വർഷത്തിനുള്ളിൽ ധൈര്യപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. എങ്കിൽ ക്ഷമിക്കുക. (ജോൺ അബ്രഹാമിനോടുള്ള ആരാധന മൂത്ത് ഇങ്ങനെ അക്കാലത്ത് എത്രയോ ചെറുപ്പക്കാർ ഉണ്ടായിരുന്നു.എത്രപേരുടെ ജന്മം പാഴായി എന്നൊന്നും ഒരിടത്തും ചരിത്രം രേഖപ്പെടുത്തുകയില്ലല്ലോ....)
അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു. . പൂനെയിൽ  പഠിക്കുന്ന കാലം. ഋത്വിക്   ഘട്ടക്കിന്റെ  പ്രിയ ശിഷ്യൻ....(നല്ല മരത്തിനു ഇത്തിൾകണ്ണി പിടിക്കും എന്ന് പഴമക്കാർ പറയാറുണ്ട്.) സാഹിത്യകാരൻ, കവി, കലാകാരൻ, ചലച്ചിത്രകാരൻ തുടങ്ങിയവരെ എക്കാലത്തും ചെറുപ്പക്കാർ ആരാധിക്കുന്നു. ഇക്കൂട്ടരെ  സാധാരണ വ്യക്തികളിൽ നിന്നും വിഭിന്നമാക്കുന്നത്  ചില ആന്തരിക വെളിപാടുകളാണ്. ഇതാകട്ടെ വ്യക്തി ജീവിതത്തിൽ പലപ്പോഴും വല്ലാത്ത സംഘർഷങ്ങൾ സൃഷ്ടിക്കും. ഇവിടെ വ്യക്തിക്ക്, സന്തുലിതമായ വ്യക്തിത്വം തൻറെ സർഗപരതയോടൊപ്പം കൊണ്ടുപോകാൻ കഴിയാതെ വരുമ്പോഴാണ് സൃഷ്ടിപരമായ ലഹരിക്കുമപ്പുറം പുറമേ നിന്നുള്ള ലഹരി തേടുന്നത്. തൻറെ ഉള്ളിലെ വിഹ്വലതകൾ കൊണ്ടാണ് ജോൺ അസ്വസ്തനായത്.  അക്കാലത്ത് ''അത്യന്താധുനികർ'' കൊട്ടിഘോഷിച്ചിരുന്ന  ഇറക്കുമതി ചരക്കായ അസ്തിത്വ ദുഃഖവും ''പേറി'' ജീവിതത്തെ അഭിമുഖീകരിക്കാൻ  ത്രാണിയില്ലാത്തവർ കഞ്ചാവിനെ നെഞ്ചോടു ചേർത്തു. സ്വകാര്യ ജീവിതവും സർഗജീവിതവും തമ്മിൽ കൂട്ടിയിടിച്ചു പാളം തെറ്റിപ്പോകുമ്പോൾ ഒരു വ്യക്തി എന്ന നിലയിൽ പ്രതിഭകൾ  തികഞ്ഞ പരാജയമാകും.  തൻറെ ചുറ്റുമുള്ളവർക്ക് മാതൃകയാകാൻ  ഒരു  സന്ദേശവും അയാളിൽ നിന്ന് ലഭിക്കില്ല..... പകരം ജീവിതം തല്ലിതകർക്കുവാൻ ,അതിൽ ശരികൾ കണ്ടെത്തുവാൻ  സന്തത സഹചാരികളെ  മനപ്പൂർവമല്ലെങ്കിലും പ്രേരിപ്പിക്കും.......
ജോൺ അബ്രഹാമിൻറെ  ജീവിതം മദ്യ ലഹരിയിൽ തകർന്നു പോയതിനെ ചൊല്ലി ഏതാനും നാൾ മുൻപ് സംവിധായകൻ ശ്രീ .കെ ജീ ജോർജ് വേദനയോടെ പരാമർശിച്ചിരുന്നു. (ഈയിടെ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്ന  സാഹിത്യകാരൻ ശ്രീ .സേതുവും ഞാൻ നടത്തിയ അഭിമുഖത്തിനിടയിൽ ഇതേ വിഷമം പ്രകടിപ്പിച്ചു.) ജോൺ അബ്രഹാം എന്ന ലഹരി പ്രതിഭ  [ആരാധകർ  സദയം പൊറുക്കുക. ]  മരിച്ചിട്ട് മുപ്പതു വർഷത്തോളമായിട്ടും അദ്ദേഹത്തെ ആരാധിച്ചു സർവവും നഷ്ടപ്പെട്ടിട്ടും ഇന്നും ആരാധനയുടെ  ഹാങ്ങ് ഓവറിൽ [ ഒപ്പം മദ്യത്തിന്റെയും..] നടക്കുന്ന ഒരാളുണ്ട്....ഫോർട്ട് കൊച്ചിയിലും ,കൽവത്തി പരിസരത്തും അയാളെ കാണാം.  ജോണിനെ ആരാധിച്ചു കുടുംബവും തൊഴിലും കൂട്ടുകാരെയും നഷ്ടപ്പെട്ട  അബ്ദുറബ് ഹസ്സൻ എന്ന വെറും സാധാരണ മനുഷ്യൻ.  കെ.ജീ ജോർജിന്റെ പരാമർശം വായിച്ചപ്പോൾ മുതൽ അബ്ദുറബ്ബ് എന്ന പാവം മനുഷ്യൻ  ആർദ്രത യാചിക്കുന്ന കണ്ണുകളോടെ മദ്യത്തിന്റെ ചെടിപ്പിക്കുന്ന മണത്തോടെ വീട്ടിൽ ആദ്യമായി വന്നതോർത്തുപോയി…… ഫോർട്ട് കൊച്ചിയിലെ ജോൺ അബ്രഹാമിന്റെ ലഹരി നേരങ്ങളിലെ സന്തത സഹചാരിയായിരുന്നു അബ്ദുറബ് ഹസ്സൻ.... ലഹരിനുരഞ്ഞു പൊന്തിയ ആ  ആ സൌഹൃദത്തിൽ റബ്ബിനു നഷ്ടപ്പെട്ടു , സ്വന്തം  കുടുംബം, കൈ നിറയെ പണം കിട്ടിയിരുന്ന കേന്ദ്ര സർക്കാർ ജോലി , അങ്ങനെ ഒരു ശരാശരി മനുഷ്യന് സാമൂഹ്യമായി അംഗീകാരം കിട്ടാൻ വേണ്ടിയിരുന്ന പലതും.
ഒരു ഫ്ലാഷ് ബാക്ക് .


ഏകദേശം നാല് വർഷം മുൻപുള്ള ഒരു വരണ്ട വേനൽപകൽ. നട്ടുച്ച. വല്ലാതെ വിയർത്തു അവശനായ ഒരാൾ……   തണൽ  നിറഞ്ഞു പടർന്നു കിടന്ന മുറ്റത്ത് നിരത്തിയിട്ടിരുന്ന കസേരയിൽ ഇരിക്കാൻ പറഞ്ഞു. ഏകദേശം അറുപത്തഞ്ച് വയസ്സോടടുത്തുണ്ടാവണം . അനാരോഗ്യത്താൽ ക്ഷയിച്ച ശരീരം. മുഷിഞ്ഞ ഉടുപ്പ്.ആടിതെറിച്ചുള്ള  നടത്തം. വന്നത് എന്നെ അന്വേഷിച്ചായിരുന്നു. പത്രപ്രവർത്തകയാണെന്ന്   ആരോ പറഞ്ഞറിഞ്ഞു. കയ്യിൽ  വൃത്തിയുള്ള ഒരു ഫയൽ. എന്തോ കാര്യമായ ആവശ്യം ഉണ്ടെന്നു തോന്നിപ്പിക്കുന്ന ശരീര ഭാഷ. സാമ്പത്തിക സഹായമായിരിക്കും എന്ന് ഏതാണ്ടുറപ്പിച്ചു. അവശതയാർന്ന ആ മനുഷ്യൻറെ ദേഹം അങ്ങനെ എന്നെ ചിന്തിപ്പിച്ചു. കുടിക്കാൻ എടുക്കാൻ പിൻവാങ്ങുമ്പോൾ തണുത്തതൊന്നും വേണ്ട ,തനിക്കൊരു കട്ടൻ ചായ മതിയെന്ന് പറഞ്ഞു. എന്തോ അസുഖം ബാധിച്ചു ചികിത്സിക്കാൻ നിവർത്തിയില്ലാഞ്ഞു  സഹായം തേടി വരുന്നവരുടെ കൂട്ടത്തിൽ ഒരാൾ എന്ന് ചിന്തിച്ചു.


  ചായ കുടിക്കുന്നതിനിടെ  അയാൾ കയ്യിലിരുന്ന ഫയൽ തുറന്നു നീട്ടി.കൈകളിൽ വിറയൽ.കപ്പു തുളുമ്പാതിരിക്കാൻ അയാൾ പണിപ്പെട്ടു…. മനോഹരമായ കയ്യക്ഷരം. '' ജോൺ അബ്രഹാം'' എന്ന തലക്കെട്ട്. 12 പേജിൽ എഴുതിയിരിക്കുന്ന ഒരു സ്ക്രിപ്റ്റ്.   എഴുതിയിരിക്കുന്നത് അബ്ദുറബ് ഹസ്സൻ. എൻറെ മുന്നിൽ കരുണ തേടുന്ന മനുഷ്യൻറെ  മുഖവും രൂപവുമായിരിക്കുന്നയാൾ..  ഞാൻ ആ ഫയൽ പതുക്കെ വൽസനെ ഏല്പ്പിച്ചു. ജോൺ  തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും താൻ ഓർമകളിൽ നിന്നും ഓരോ ഏടുകൾ എടുത്തു എഴുതിയ സ്ക്രിപ്റ്റ് ആണെന്നും അത് എങ്ങനെയും ഒരു ഷോർട്ട് ഫിലിം ആക്കണമെന്നും  വളരെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. വായിച്ചു നോക്കട്ടെ എന്ന് പറയാനേ തല്ക്കാലം എനിക്ക് കഴിയുമായിരുന്നുള്ളൂ. സ്ക്രിപ്റ്റ് എന്നെ ഏല്പ്പിച്ചു രണ്ടു ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു അബ്ദുറബ് പോയി. ഏതാനും ദിവസം കഴിഞ്ഞു വീണ്ടും വന്നു. അതിനിടയിൽ ഒരുദിവസം ഞാൻ സ്ക്രിപ്റ്റ് വായിച്ചിരുന്നു. ജോണിനോടുള്ള അമിതമായ ആരാധനയിൽ രചിക്കപ്പെട്ട  വിഹ്വലമായ ഒരു ഓർമ്മക്കുറിപ്പായിരുന്നു അത്. അതിനപ്പുറം ഒന്നും വായിച്ചെടുക്കാനായില്ല.   സ്ക്രിപ്റ്റിൽ പലയിടത്തും ജോണിന് മിശിഹായുടെ പരിവേഷം നല്കിയിരുന്നു. അബ്ദു റബ്ബിന്റെ ആരാധനയുടെ ആഴം അപ്പോഴാണ് എനിക്ക് യഥാർത്ഥത്തിൽ വ്യക്തമായത്. രണ്ടു ദിവസം കഴിഞ്ഞു അയാൾ വീണ്ടും വന്നു. അതേ വേഷ ഭാവങ്ങളോടെ . താൻ ആ സ്ക്രിപ്റ്റുമായി നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് വർഷമായെന്നും പലരും ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ലെന്നും വളരെ സങ്കടത്തോടെ പറഞ്ഞു.


ഒരു മുപ്പതിനായിരം രൂപ ഉണ്ടെങ്കിൽ ചിത്രം ചെയ്യാമെന്നും അയാൾ പ്രതീക്ഷയോടെ പറഞ്ഞു. അങ്ങനെ പ്രത്യാശയോടെ എൻറെ മുന്നിൽ നിൽക്കുന്ന ആ മനുഷ്യനോടു എങ്ങനെയാണ് ആ സ്ക്രിപ്റ്റ് ഒന്നിനും കൊള്ളില്ലെന്നും അയാൾ കൊണ്ട് നടക്കുന്നത് ഒരിക്കലും നടക്കാൻ ഇടയില്ലാത്ത  ഒരു സ്വപ്നത്തിന്റെ മുഷിഞ്ഞ ഭാന്ടമാണെന്നും പറയാനാവും എന്നോർത്ത് ഞാൻ വിഷമിക്കുകയായിരുന്നു. അതിലുപരി ആ സ്ക്രിപ്റ്റ് എഴുതാനുണ്ടായ പശ്ചാത്തലമാണ് അയാളുടെ ജീവിതം തകർത്തത് എന്ന് പറയണമെന്ന് തോന്നി. എന്നാൽ അത് ശവത്തിൽ കുത്തുന്നതിനു തുല്യമാണെന്നറിഞ്ഞു.... ചില നിഷ്കളങ്കർ ചില നേരങ്ങളിൽ നമ്മുടെ പടിവാതുൽക്കൽ എത്തും.. അവരെ സഹായിക്കാൻ , അവരുടെ ആവശ്യങ്ങളുടെ പൊരുളില്ലായ്മ കൊണ്ട് നമുക്ക് കഴിയാതെ വരും. അക്കൂട്ടത്തിൽ ഒരാളായിരുന്നു അബ്ദുറബ് ഹസ്സൻ എന്ന നിർഭാഗ്യവാൻ.  സ്ക്രിപ്റ്റിനു ഒരു നിർമാതാവിനെ സംഘടിപ്പിക്കുകയോ അല്ലെങ്കിൽ ഞാൻ അത് നിർമിക്കുകയോ ചെയ്യണമെന്നു അയാൾ പലകുറി എന്നോട് അഭ്യർത്ഥിച്ചു. തല്ക്കാലം നമുക്കത് കുറച്ചു നാളത്തേയ്ക്ക്  മാറ്റിവെയ്ക്കാമെന്നും എന്തെങ്കിലും ഒരു വഴി തെളിയുമെന്നും ഭംഗി വാക്ക് പറഞ്ഞു അയാളെ നിരുൽസാഹപ്പെടുത്താൻ  ഞങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു.അതിനിടയിൽ അയാൾ താനൊരു ആർട്ടിസ്റ്റ് ആണെന്ന് പറഞ്ഞു. അത് കേട്ടപ്പോൾ സന്തോഷം തോന്നി. ചിത്രകലയോടുള്ള ആവേശം കൊണ്ട് അതിന്റെ ശാസ്ത്രീയ വശങ്ങൾ ആരാഞ്ഞു. അയാളിൽ ഒരു  ഗുരുവിനെ കണ്ടെത്താനാവുമോ  എന്നായി എൻറെ ചിന്ത. ചിത്രകലയെക്കുറിച്ച് ഒരുപാട് ചോദിച്ചു. വീട്ടിൽ വന്നു പഠിപ്പിച്ചാൽ അയാൾക്ക് ഫീസിനത്തിൽ ഒരു വരുമാനം ലഭിക്കുമല്ലോ എന്നോർത്തു. ആഴ്ചയിൽ ഒരു ദിവസം, ഞായറാഴ്ച വരാമെന്ന് അയാൾ സമ്മതിച്ചു. മറ്റു ദിവസങ്ങളിൽ ഫ്ലാറ്റു നിർമാണ തൊഴിലാളികളുടെ കൂടെ പെയിന്റിംഗ് ജോലിക്ക് പോകുമെന്നും അതാകട്ടെ എന്നും ഉണ്ടാവില്ലെന്നും ചെന്ന് നോക്കിയാലെ അറിയൂ എന്നും പറഞ്ഞു.  അത്തരത്തിൽ ജോലി ചെയ്യാൻ ആ മനുഷ്യന് ആരോഗ്യമുണ്ടെന്ന് തോന്നിയില്ല. സംശയം പ്രകടിപ്പിച്ചപ്പോൾ പറഞ്ഞു. പരിചയക്കാരുടെ കൂടെയാണ് പണിക്കു പോകുന്നത്. അവർ തനിക്കു പറ്റിയ വിധത്തിലുള്ള പണിയേ എടുപ്പിക്കൂ എന്നും  സ്ഥിരമായി പണി ഉണ്ടാവാറില്ല എന്നും പറഞ്ഞു. താമസിക്കുന്ന ഒറ്റ മുറി വീടിൻറെ വാടക കൊടുക്കാനും ഭക്ഷണത്തിനും അങ്ങനെ അത്യാവശ്യങ്ങൾക്കും ഉള്ള പണം ഇപ്രകാരം മാഷ് കണ്ടെത്തി. വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ലെങ്കിലും ആ മനുഷ്യന്റെ അറിവ് എന്നെ അത്ഭുതപ്പെടുത്തി.   ആ അറിവും ഒരു ചിത്രകാരൻ എന്ന സിദ്ധിയും അദ്ദേഹത്തെ മാഷ് എന്ന പേരിൽ പൊതുവെ അറിയപ്പെടാൻ ഇടയാക്കി.ജോൺ വിശേഷങ്ങൾ പലപ്പോഴും കടന്നു വന്നു.  മാഷ് വായിച്ച പുസ്തകങ്ങളുടെ ലിസ്റ്റ് കേട്ട് അതിശയം തോന്നി.  ബോർഹസ്, സോറൻ കിർക്കഗാർ , പാവ്ലോ കൊയ്ലോ ,മാഷ് ഇവരെ വായിച്ചു. ഹിമാലയാൻ യാത്ര[ രാജൻ കാക്കനാടൻ]  ,ആരോഗ്യനികേതൻ  [ബംഗാളി നോവൽ] മാഷിന്റെ മൊഴികളിൽ അറിവ് നിറഞ്ഞു നിന്നു… 'ഒരു ലക്ഷത്തിൽ പരം പ്രവാചകർ വന്നു .സമൂഹത്തെ നന്നാക്കാൻ. എന്നിട്ട് സമൂഹം നന്നായോ?.യുണിവേഴ്സ് ഈസ് യുനിവേഴ്സിറ്റി,  . തമ്പുരാൻ നമ്മെ എൽ. കെ . ജീ മുതൽ പഠിപ്പിക്കാൻ വിട്ടിരിക്കയാണ്.നമ്മൾ വളരണമെങ്കിൽ  മനസ്സ് അത്രയും താഴ്ത്തണം..... ‘’ [മദ്യപാനം കൊണ്ട് പൊറുതി മുട്ടിയപ്പോൾ ഭാര്യ രണ്ടു പെണ്മക്കളെയും കൊണ്ട് വീട് വിട്ടു. മക്കൾ വിവാഹിതരായി.....] പലപ്പോഴും മദ്യപിക്കാൻ പണമില്ലാതെ വരുമ്പോൾ മാഷ് വീട്ടിലേക്കു വന്നു. കുറെ ''ഉപദേശിച്ചു'' നോക്കി. മാഷിനു വേണ്ടിയിരുന്നത് ഉപദേശമായിരുന്നില്ല,ഉന്മാദമായിരുന്നു . മദ്യം സിരകളിൽ ഒഴുക്കുന്ന ഉന്മാദം. .. ഒടുവിൽ പതുക്കെ ഒഴിഞ്ഞു മാറേണ്ടിവന്നു.മാഷിൻറെ  വർദ്ധിച്ചു വന്ന സാമ്പത്തിക ആവശ്യം നികത്തുവാൻ  കഴിയുമായിരുന്നില്ല.മദ്യപിക്കാത്ത ഭർത്താവിന്റെ വരുമാനം  മദ്യത്തിനു നല്കുന്നതിലെ അധാർമികത ഓർത്തു. ജോൺ  അബ്രഹാമിനെ മിശിഹായോടാണ് സമ നില തെറ്റിയ മാഷ് വിശേഷിപ്പിച്ചിരുന്നത്.ആരാധനയുടെ ആഴം!  ഒടുവിൽ    വിഷമത്തോടെ മാഷിനെ ഒഴിവാക്കി.

 കുറച്ചു നാൾ കഴിഞ്ഞു. ഒരു ദിവസം ജോണിനെക്കുറിച്ചുള്ള സ്ക്രിപ്റ്റ് നഷ്ടപ്പെട്ടെന്നും എന്റെ കയ്യിലെങ്ങാനും ഉണ്ടോ എന്നും അന്വേഷിച്ചെത്തി...ഞാൻ അത് തിരികെ കൊടുത്തിരുന്നു എന്ന് ഓർമ്മിപ്പിച്ചു. അല്പം പണം കൊടുത്തു,വാടക കൊടുക്കാൻ പണം ഇല്ലെന്നു പറഞ്ഞപ്പോൾ. പിന്നീട് മാഷ് ബുദ്ധിമുട്ടിക്കാൻ വന്നിട്ടേയില്ല…… വർഷങ്ങൾക്കു ശേഷം മാഷിനെ ഈയിടെ കണ്ടു. വഴിയിൽ വെച്ച്.തീരെ അവശൻ.സ്ക്രിപ്റ്റ് കിട്ടിയിലെന്നും നിർമ്മാതാവിനെ കിട്ടിയാൽ ആ നിമിഷം എഴുതാവുന്നതേയുള്ളെന്നും ,തൻറെ മനസ്സിൽ പതിഞ്ഞു കിടപ്പുണ്ടെന്നും പറഞ്ഞു.
മുഷിഞ്ഞ വേഷം.പക്ഷേ മദ്യപിച്ചിരുന്നില്ല. എന്തെങ്കിലും കഴിക്കു എന്ന് പറഞ്ഞു  അല്പം പണം കൊടുത്തു.. നന്ദിനിറഞ്ഞ നോട്ടം. വലിയ ഉപകാരം എന്ന് പറഞ്ഞു. തിളയ്ക്കുന്ന ഉച്ച നേരം. കുടിക്കാൻ പോകാതെ ഭക്ഷണം കഴിക്കണേ എന്ന് പറഞ്ഞു. നിറ ചിരിയോടെ  ഉവ്വെന്നു പറഞ്ഞു. ഓട്ടോയിൽ കയറാൻ സ്റ്റാന്റിലേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നോക്കി. മാഷ് എവിടെ? നാൽക്കവലയിൽ ചുടു വെയിലിൽ മാഷ് അതേപടി അവിടെ നിൽക്കുന്നു!
മദ്യത്തിൻറെ പ്രലോഭനത്തിലാവാം.വഴിതെറ്റിപ്പോയ ആ യാത്രികന് ഇനി മടങ്ങാൻ നേരമില്ല.അയാൾ പ്രാർഥനയോടെ നെഞ്ചിൽ ഏറ്റിയ ജോൺ അബ്രഹാം എന്ന മിശിഹാ കാട്ടിക്കൊടുത്ത പാതയിലൂടെ അരനാഴിക ദൂരം മാത്രം; ഇനി അവശേഷിക്കുന്ന അനന്ത യാത്ര...

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...