24 Jun 2015

വിലയിരുത്തി വിജയം നേടുക; അനുഭവങ്ങളിൽ നിന്ന്‌ ഊർജ്ജം ഉൾക്കൊണ്ട്‌ മുന്നേറുക


ടി.കെ.ജോസ് ഐ എ എസ്
ചെയർമാൻ, നാളികേര വികസന ബോർഡ്


നാളികേര വികസന ബോർഡിന്റെ 2014-15 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതിനും, ആ അറിവുകളുടെയും അനുഭവങ്ങളുടെയും  വെളിച്ചത്തിൽ  ഈ വർഷം കൂടുതൽ ഊർജ്ജസ്വലമായി മുമ്പോട്ടു പോകുന്നതിനും വേണ്ടിയാണ്‌ ഈ ലക്കം ഇൻഡ്യൻ നാളികേര ജേണൽ ശ്രമിക്കുന്നത്‌. ഒരു സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ മുൻവർഷങ്ങളുടെ അനുഭവങ്ങളിൽ നിന്ന്‌ പലതും പഠിക്കുന്നതിനും മനസ്സിലാക്കുന്നതിനും ശ്രമിക്കേണ്ടതുണ്ട്‌. ഗ്രീക്ക്‌ പുരാണങ്ങളിൽ പറയുന്ന ജാനസ്‌ ദേവനെപ്പോലെ  ഓരോ സ്ഥാപനത്തിനും മുന്നിലേക്കും പിന്നിലേക്കും മുഖങ്ങളുണ്ടായിരിക്കണം എന്നാണ്‌ പറയുക. ഭൂതകാല പ്രവർത്തനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നത്‌ ഭാവി പ്രവർത്തനങ്ങൾക്ക്‌ ഏറെ സഹായിക്കും. മാനേജ്‌മന്റ്‌ സങ്കൽപം അനുസരിച്ച്‌, നടപ്പാക്കിയ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ശക്തമായ വിലയിരുത്തലും അവലോകനവും ഭാവി വിജയത്തിന്‌ ആവശ്യമാണ്‌. 34 വർഷങ്ങൾ  പൂർത്തിയാക്കി, 35-​‍ാം വയസ്സിലേക്ക്‌ കടന്നിരിക്കുന്ന നാളികേര വികസന ബോർഡിനെ സംബന്ധിച്ചിടത്തോളം ഇത്തരം വിലയിരുത്തലുകൾ തീർച്ചയായും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കുന്നു.
  തെങ്ങുകൃഷി വ്യാപനം, എൽ.ഒ.ഡി.പി. അഥവാ ഇന്റഗ്രേറ്റഡ്‌ ഫാമിങ്ങ്‌, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ, വിത്തുകളുടെയും തൈകളുടെയും ഉത്പാദനം,  വിത്തുത്പാദന പ്രദർശന തോട്ടങ്ങളുടെ പരിപാലനം, പുതിയ തോട്ടങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയാണ്‌.നാളികേര വികസന ബോർഡിന്റെ പ്രധാന പദ്ധതികൾ. പദ്ധതി വിഹിതത്തിൽ നിന്ന്‌ പണം മാറ്റിവെച്ചിട്ടില്ലെങ്കിൽ കൂടി,  കർഷക കൂട്ടായ്മകളുടെ പ്രവർത്തനവും അവയുടെ പ്രവർത്തന വിജയത്തിനാവശ്യമായ പരിശീലനവും നീര ടെക്നീഷ്യ?​‍ാരുടെയും തെങ്ങിന്റെ ചങ്ങാതിക്കൂട്ടത്തിന്റെയും പരിശീലനവുമെല്ലാം ലഭ്യമായ ഫണ്ടുകൾക്കുള്ളിൽ നിന്നുകൊണ്ട്‌ ഇതോടൊപ്പം ബോർഡ്‌ നടത്തുന്നുണ്ട്‌. മുന്നോട്ടുള്ള പ്രയാണത്തിൽ നാളികേര മേഖലയിൽ ഘടനാപരമായ മാറ്റങ്ങൾ  കൊണ്ടുവരുന്നതിനാണ്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുന്നത്‌ എന്ന്‌ മുൻലക്കങ്ങളിൽ  സൂചിപ്പിച്ചിരുന്നല്ലോ. അതായത്‌, ഭാവിയിലെങ്കിലും നാം നടുന്ന തെങ്ങിൻ തൈകളിൽ ചുരുങ്ങിയത്‌ 50% എങ്കിലും  പ്യുവർ ഡ്വാർഫ്‌ ഇനങ്ങളായിരിക്കണം എന്നതാണ്‌ പ്രധാന കാര്യം. ആകാശം മുട്ടെ ഉയർന്നതും വിളവ്‌ ലഭിക്കാൻ ആറേഴുവർഷം കാത്തിരിക്കേണ്ടതും കൊപ്രയ്ക്കും എണ്ണയ്ക്കും മാത്രം യോജിച്ച നാളികേരം നൽകുന്നതുമായ  തെങ്ങുകളുടെ ബാഹുല്യമാണ്‌ നമ്മുടെ നാളികേര മേഖലയിലെ പ്രശ്നങ്ങളിലൊന്ന്‌. പ്രായാധിക്യം മൂലവും കാറ്റുവീഴ്ച മൂർച്ഛിച്ചതു വഴിയും, ഉത്പാദനക്ഷമതയെക്കുറിച്ചു വ്യക്തത്തയില്ലാത്ത തൈകൾ നട്ടതിനാലുമൊക്കെ, ആദായം തീരെ കുറഞ്ഞ  തെങ്ങുകൾ  മുറിച്ചുമാറ്റി പകരം ഉത്പാദന ശേഷികൂടിയതും  വേഗത്തിൽ കായ്ഫലം നൽകുന്നതും ഉയരം കുറഞ്ഞതുമായ തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കേണ്ടത്‌ നാളികേര കൃഷിയുടെ പുരോഗതിക്ക്‌ അത്യന്താപേക്ഷിതമാണ്‌. അതുകൊണ്ടുതന്നെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളും, ചെറിയ നഴ്സറികളും, സംസ്ഥാന ഗവണ്‍മന്റുകളുമായി സഹകരിച്ചുള്ള റീജിയണൽ കോക്കനട്ട്‌ നഴ്സറികളും  ന്യൂക്ലിയസ്‌ സീഡ്‌ ഗാർഡൻ പോലുള്ള പദ്ധതികളും  വളരെ പ്രാധാന്യമർഹിക്കുന്നു.

നാളികേര വികസന ബോർഡിന്റെ വിത്തുത്പാദന പ്രദർശന തോട്ടങ്ങളിലും സംസ്ഥാന ഗവണ്‍മന്റുകളുടെ ജില്ലാ കൃഷിത്തോട്ടങ്ങളിലും സി.പി.സി.ആർ.ഐയുടെയും കാർഷിക സർവ്വകലാശാലയുടെയുമെല്ലാം നഴ്സറികളിൽ  ഉത്പാദിപ്പിക്കാവുന്ന കുറിയ, സങ്കരയിനം  തെങ്ങിൻതൈകളുടെ എണ്ണത്തിന്‌ പരിമിതികളുണ്ട്‌. ഇതുകൊണ്ടുതന്നെയാണ്‌ നാളികേര വികസന ബോർഡ്‌ കേരളത്തിലെ എല്ലാ ഉത്പാദക ഫെഡറേഷനുകളോടും വിത്തുതേങ്ങകൾ പാകി  തൈകൾ ഉത്പാദിപ്പിച്ച്‌   സി.പി.എസ്സിലെ അംഗങ്ങളായ കർഷകർക്ക്‌ നൽകണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നത്‌. കുറെയേറെ ഫെഡറേഷനുകൾ ഇക്കാര്യത്തിൽ മുമ്പോട്ടുപോയിട്ടുണ്ടെങ്കിലും, മറ്റ്‌ പലരും ഇതിന്റെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കിയതായി കാണുന്നില്ല.  നാളികേര വികസന ബോർഡിൽ അഫിലിയേറ്റു ചെയ്തിട്ടുള്ള 365  ഫെഡറേഷനുകളോടും ഒരിക്കൽകൂടി  അഭ്യർത്ഥിക്കുകയാണ്‌, ചുരുങ്ങിയത്‌ 10000 കുറിയ ഇനം വിത്തുതേങ്ങകളെങ്കിലും പാകി മുളപ്പിച്ച്‌ തൈകൾ ഉത്പാദിപ്പിക്കണം. നിരന്തരം നിർബന്ധിച്ചിട്ടും ഇതിലെ കാര്യഗൗരവം ഇനിയും പലർക്കും മനസ്സിലായിട്ടില്ല എന്നതു ഖേദകരമാണ്‌. തീർച്ചയായും  അവസാന വട്ട ശ്രമമെന്ന നിലയിൽ ഇക്കാര്യത്തിൽ നിങ്ങളെല്ലാവരും നിർബന്ധബുദ്ധിയോടെയുള്ള സമീപനം സ്വീകരിക്കണമെന്ന്‌ അഭ്യർത്ഥിക്കുന്നു.  നല്ല നടീൽ വസ്തുക്കൾ നാളികേരത്തിന്റെ ഭാവിക്കും  അതേപോലെ  കർഷകർക്ക്‌ മാന്യവും ആദായകരവും സ്ഥിരതയുമുള്ള വില (fair reasonable and stable price) ലഭിക്കുന്നതിനും അത്യന്താപേക്ഷിതമാണ്‌. ഇക്കാര്യത്തിൽ മറ്റുള്ളവരെ മാത്രം പഴിച്ചുകൊണ്ട്‌ മുമ്പോട്ട്‌ പോകാനാവില്ല. നമ്മുടെ കഠിനാധ്വാനവും നിരന്തരമായ ശ്രദ്ധയും കൂടി ഇതിൽ ആവശ്യമുണ്ട്‌.
മുൻപ്‌ സൂചിപ്പിച്ച ഘടനാപരമായ മാറ്റങ്ങൾ നാളികേര ഉത്പാദന മേഖലയിൽ  കൊണ്ടുവരുന്നതിന്‌ കർഷക കൂട്ടായ്മകൾക്ക്‌ കഴിയും. അവർക്ക്‌ മാത്രമേ കഴിയൂ. വിവിധ പദ്ധതികൾക്കായി  മാറ്റിവച്ചിരുന്ന പണം പൂർണ്ണമായും നാളികേര വികസന ബോർഡ്‌ കഴിഞ്ഞ വർഷം ചിലവഴിച്ചിട്ടുണ്ട്‌. ചില പദ്ധതികളിലെങ്കിലും, ഉദാഹരണത്തിന്‌ എൽ.ഒ.ഡി.പി, തെങ്ങുകൃഷി പുനരുജ്ജീവന പദ്ധതി, ടെക്നോളജി മിഷൻ ഓൺ കോക്കനട്ട്‌, ടെക്നോളജി ഡെമോൺസ്ട്രേഷൻ തുടങ്ങിയ കാര്യങ്ങളിൽ കുറെക്കൂടി വിഹിതം ലഭിച്ചിരുന്നുവേങ്കിൽ കൂടുതൽ ഉപയോഗപ്പെടുത്താൻ കഴിയുമായിരുന്നു. കേന്ദ്ര ബഡ്ജറ്റിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ കൂടുതൽ പദ്ധതി വിഹിതം ഈ വർഷം മാറ്റിവെയ്ക്കപ്പെട്ടിട്ടുണ്ട്‌. ഇത്തവണ 151 കോടിയാണ്‌  ബോർഡിന്റെ വിഹിതം.  കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ പരിശോധിക്കുമ്പോൾ കേരകർഷക കൂട്ടായ്മകളുടെ വ്യാപനം തന്നെയാണ്‌ ഏറ്റവും പ്രധാന നേട്ടമായി ചൂണ്ടിക്കാണിക്കാൻ  കഴിയുന്നത്‌. ഇന്ത്യയൊട്ടാകെയുള്ള  8843 നാളികേര ഉൽപാദക സംഘങ്ങളിൽ  7688 സംഘങ്ങൾ നാളികേര വികസന ബോർഡിൽ രജിസ്റ്റർ ചെയ്യപ്പെട്ടു കഴിഞ്ഞു.  അതിൽ 6495 - ഉം കേരളത്തിലാണ്‌. 561 നാളികേര ഫെഡറേഷനുള്ളതിൽ 365- ഉം കേരളത്തിലാണ്‌. ഇതിനോടകം ബോർഡിൽ അഫിലിയേറ്റ്‌ ചെയ്തിട്ടുള്ള 28 പ്രോഡ്യൂസർ കമ്പനികളിൽ 19 എണ്ണം കേരളത്തിലാണ്‌.  ഉൽപാദക കൂട്ടായ്മകളുടെ എണ്ണത്തിൽ,  ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ മുൻപിലാണെങ്കിലും  പ്രവർത്തന മികവിൽ നാം ഇനിയും  ബഹുദൂരം മുന്നോട്ടു പോകേണ്ടിയിരിക്കുന്ന എന്നതാണ്‌ സത്യം. ഏറ്റവും ലളിതമായ ഉദാഹരണം, നമ്മുടെ നീര പദ്ധതികൾ തന്നെ. 19 കമ്പനികളിൽ എല്ലാവർക്കും തന്നെ നീര ഉൽപാദന ലൈസൻസുകൾ കുറെയെങ്കിലും ലഭിച്ചിട്ടുണ്ട്‌. ഇതിൽ ആറു കമ്പനികൾ നീര ഉൽപാദിപ്പിച്ച്‌ സംസ്ക്കരിച്ച്‌ വിപണനം നടത്തുന്നു. മറ്റു കമ്പനികളുടെ സംസ്ക്കരണ പ്ലാന്റിന്റെ പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ്‌. നിങ്ങൾക്ക്‌ നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളുമുണ്ട്‌ എന്നറിയാം. എങ്കിൽ കൂടി  ശീഘ്രം മുന്നേറാൻ  നാം ബാധ്യസ്ഥരാണ്‌. കൂടുതൽ അറിവും ആശയങ്ങളും സ്വാംശീകരിച്ചുകൊണ്ട്‌ മുന്നേറേണ്ടതു നമ്മുടെ ഉത്തരവാദിത്വമാണ്‌. മറ്റാരെങ്കിലും നമുക്കു വേണ്ടി കാര്യങ്ങൾ ചെയ്തുതരും എന്നു പ്രതീക്ഷിച്ച്‌ പരാതിക്കാരായി, കേൾവിക്കാരായി, ഔദാര്യം പറ്റുന്നവരായി നിൽക്കുന്ന നിഷ്ക്രിയശൈലി അടിയന്തിരമായി  ഉപേക്ഷിക്കേണ്ടതുണ്ട്‌. ചിട്ടയായ പ്രവർത്തിക്കുന്ന ടീമായി മാറണം.
ഓരോ നാളികേര ഉൽപാദക കമ്പനിയും  അടുത്ത ഒന്ന്‌, മൂന്ന,​‍്‌ അഞ്ച്‌  വർഷങ്ങളിലേയ്ക്കുള്ള  വ്യക്തമായ പ്രവർത്തന ലക്ഷ്യങ്ങൾ  (ഹ്രസ്വ -മദ്ധ്യ- ദീർഘ കാല ലക്ഷ്യങ്ങൾ)ഫെഡറേഷനുകളുടെയും സി.പി.എസുകളുടെയും ഭാരവാഹികളുമായി ചർച്ച ചെയ്ത്‌ പൊതുവായി സ്വീകരിക്കാൻ കഴിയുന്ന ,തങ്ങൾക്കു നേടാൻ സാധിക്കുന്ന മഹത്‌ ലക്ഷ്യങ്ങൾ  മുമ്പിൽ കണ്ടുകൊണ്ടുള്ള ഒരു പ്രവർത്തന രൂപരേഖ ഉടൻ  തയ്യാറാക്കണം. ഈ രൂപരേഖ  മറ്റാരുടെയെങ്കിലും നിർബന്ധം മൂലം തയാറാക്കുന്നതാവരുത്ത്‌. മറിച്ച്‌  ഫെഡറേഷനുകളും സി.പി.എസുകളും ചേർന്ന്‌ ഉത്പാദക കമ്പനിയുടെ നേതൃത്വത്തിൽ ചെയ്യേണ്ടതാണ്‌. ഇക്കാര്യത്തിൽ എറണാകുളം ജില്ലയിലെ തിരുക്കൊച്ചി നാളികേര ഉത്പാദക കമ്പനി കാഴ്ചവച്ച മാതൃക ശ്ലാഘനീയമാണ്‌. 2015 മെയ്‌ 15, 16 തീയതികളിൽ ഭൂതത്താൻകെട്ടിനടുത്ത്‌  തട്ടേക്കാട്‌ പക്ഷി സങ്കേതത്തിലെ പരിശീലന കേന്ദ്രത്തിൽ കമ്പനിയുടെ  12 ഫെഡറേഷനുകളുടെയും  184 സി.പി.എസുകളുടെയും മുഴുവൻ  പ്രസിഡന്റുമാരേയും ഒരുമിച്ചു ചേർത്ത്‌ രണ്ടു പകളും ഒരു രാത്രിയും കമ്പനിയുടെ ഭാവിയെക്കുറിച്ച്‌ അവർ കൂട്ടായി സ്വപ്നങ്ങൾ കണ്ടു. ആ സ്വപ്നങ്ങളെ ആവശ്യമുള്ള പദ്ധതികളായും ആശയങ്ങളായും, ആശയങ്ങളെ പ്രവർത്തന രൂപരേഖകളായും, ഓരോ രൂപരേഖയോടും ഒപ്പം ഏറ്റെടുക്കേണ്ട ഓരോ ദൗത്യങ്ങൾ, അവ ആര്‌ ഏറ്റെടുക്കും, ഏതു സമയത്ത്‌ നിർവഹണം നടത്തും, എന്ന്‌ പൂർത്തിയാക്കും, എന്തെല്ലാം ലക്ഷ്യങ്ങളാണ്‌ തങ്ങളുടെ ഹ്രസ്വ മദ്ധ്യ ദീർഘകാല നേട്ടങ്ങളായി കൊണ്ടുവരേണ്ടത്‌ എന്നും ഗഹനമായി ചർച്ച ചെയ്ത്‌ അപഗ്രഥിച്ച്‌ തിരുക്കൊച്ചി അവരുടെ വിഷൻ സ്റ്റേറ്റ്‌മന്റ്‌ തയ്യാറാക്കി കഴിഞ്ഞു. നാളികേര വികസന ബോർഡിന്റെ ഉദ്യോഗസ്ഥരെ കൂടാതെ പുറത്തു നിന്ന്‌ മാനേജ്‌മന്റ്‌ വിദഗ്ധരും,  മോട്ടിവേഷണൽ വിദഗ്ധരും പ്രശസ്തരും പ്രഗത്ഭരുമായ മറ്റ്‌ നിരവധി ആളുകളെയും കൂടി പങ്കെടുപ്പിച്ചുകൊണ്ടാണ്‌  തിരുക്കൊച്ചി കമ്പനി ?വിഷൻ ബിൽഡിംഗ്‌ വർക്ക്ഷോപ്പ്‌ 2015?  സംഘടിപ്പിച്ചതു. മുൻ വർഷങ്ങളിൽ നാളികേര ബോർഡ്‌  കമ്പനി ഡയറക്ടർമാർക്ക്‌ റേശിഡൻഷ്യൽ ട്രെയിനിംഗ്‌ നടത്തിയപ്പോൾ പലരും മനസ്സില്ലാമനസ്സോടെയാണ്‌ വന്നത്‌. പക്ഷേ, ഇവിടെ കണ്ട വലിയ പ്രത്യേകത, തങ്ങളുടെ മുമ്പോട്ടുള്ള പ്രയാണം സുഗമമാക്കുന്നതിനും പ്രവർത്തനത്തിൽ മികവു നേടുന്നതിനും ലോകോത്തരമായ നാളികേര ഉൽപാദക കമ്പനി ആകുന്നതിനും വേണ്ടി  ഡയറക്ടർ ബോർഡ്‌ അംഗങ്ങൾ തന്നെ മുമ്പോട്ട്‌ വന്നു എന്നതാണ്‌. മറ്റ്‌ ഉൽപാദക കമ്പനികളും അവരുടെ ഡയറക്ടർ ബോർഡും ഈ മാതൃക മനസ്സിലാക്കി, പ്രവർത്തിക്കും എന്ന്‌ പ്രത്യാശിക്കുന്നു.

നീര ഉൽപാദനത്തിൽ  എത്രമാത്രം നമുക്ക്‌ മുന്നേറാൻ കഴിഞ്ഞു എന്ന്‌ ഓരോ നാളികേര ഉൽപാദക കമ്പനിയും, ലൈസൻസ്‌ ലഭിച്ചിട്ടുള്ള ഓരോ ഫെഡറേഷനും തിരിഞ്ഞു നോക്കുന്നത്‌ ഉചിതമാണ്‌. കൊപ്രാ ഡ്രയർ, വെളിച്ചെണ്ണ യൂണിറ്റുകൾ,  നഴ്സറികൾ എന്നിവ സ്ഥാപിക്കുന്നതിനും പ്രത്യേകം നിഷ്കർഷിച്ചിരുന്നു. ഓരോ കമ്പനിയും ഇതിനായി പ്രത്യേകം സബ്‌ കമ്മിറ്റികളെ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇക്കാര്യത്തിൽ  എവിടെ നിൽക്കുന്നു എന്ന്‌ കൂലങ്കഷമായി ആത്മപരിശോധന നടത്തണം.  മുൻ വർഷങ്ങളിൽ ഇതിന്റെ വേഗത കുറഞ്ഞു പോയെങ്കിൽ അത്‌ എന്തുകൊണ്ടാണെന്നും, അവ എങ്ങനെ പരിഹരിക്കാൻ കഴിയുമെന്നും അടിയന്തിരമായി ചർച്ച ചെയ്യണം.  ആശയവിനിമയത്തിലൂടെ മറ്റു കമ്പനികളുടെ  അനുഭവങ്ങൾ കൂടി സ്വാംശീകരിച്ച്‌ എങ്ങനെ നന്നായി പ്രവർത്തിക്കണമെന്ന്‌  നിങ്ങൾ തന്നെ തീരുമാനിക്കുക. ഒരു കാര്യം വ്യക്തമാണ്‌. നല്ല സംസ്ക്കരണ പ്ലാന്റുകൾ സ്ഥാപിച്ച്‌ നീര ഉൽപാദിപ്പിച്ച ഒരു കമ്പനിക്കും വിൽപ്പന പ്രശ്നമായിട്ടില്ല. വിപണനം ആണ്‌ അപരിഹാര്യ ഘടകം എന്നു ചിന്തിക്കുന്ന കാലഘട്ടത്തിലാണ്‌ ഗുണമേ?യുള്ള  ഉത്പന്നം നന്നായി പായ്ക്ക്‌ ചെയ്ത്‌ മാർക്കറ്റിൽ എത്തിച്ചാൽ വിൽപ്പനയ്ക്ക്‌ യാതൊരു ബുദ്ധിമുട്ടുമില്ല എന്ന്‌ നിങ്ങൾ തെളിയിച്ചതു. മായവും മാലിന്യവുമില്ലാത്ത ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാക്കുന്ന രണ്ട്‌ ഉൽപാദക കമ്പനികൾക്കും ഡിമാന്റ്‌ അനുസരിച്ച്‌ ഉൽപാദിപ്പിക്കാൻ കഴിയുന്നില്ല എന്ന പരാതി മാത്രമേയുള്ളൂ.  ഇതേപോലെത്തന്നെയാണ്‌ മറ്റ്‌ നാളികേര ഉൽപ്പന്നങ്ങളുടേയും സ്ഥിതി. അടുത്ത നാളുകളിൽ പത്രമാധ്യമങ്ങളിൽ വന്ന വാർത്ത നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. വിദേശ രാജ്യങ്ങളിൽ പ്രത്യേകിച്ച്‌ യൂറോപ്പിലും അമേരിക്കയിലും വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ വൻ പ്രിയമാണ്‌. അതിൽ  ഓർഗാനിക്‌ വെർജിൻ കോക്കനട്ട്‌ ഓയിലിന്‌ പ്രീമിയം വിലയുമാണ്‌.
 ഇന്ത്യയുടെ  ആകെ മൊത്തം കയറ്റുമതി കഴിഞ്ഞ വർഷം കുറവാണ്‌ രേഖപ്പെടുത്തിയത്‌ . എന്നാൽ നാളികേര ഉൽപന്നങ്ങളുടെ കയറ്റുമതി 14 ശതമാനത്തോളം തലേ വർഷത്തെ അപേക്ഷിച്ച്‌ വളർന്നിട്ടുമുണ്ട്‌.  മുൻവർഷത്തെ അപേക്ഷിച്ച്‌ 404 % കയറ്റുമതി വളർച്ച രേഖപ്പെടുത്തിയ ഇന്ത്യയിലെ ഏക ഉൽപന്നമാണ്‌ വെർജിൻ കോക്കനട്ട്‌ ഓയിൽ. മൂന്നു വർഷങ്ങളായി ഇന്ത്യയൊട്ടാകെ കൂടുതൽ വെർജിൻ കോക്കനട്ട്‌ ഓയിൽ യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്‌ നാളികേര വികസന ബോർഡ്‌ ശ്രമിക്കുകയായിരുന്നു, കേരളത്തിലെ ഉത്പാദക കമ്പനികളോട്‌ ഈ രംഗത്തേയ്ക്ക്‌ കടന്നു വരുന്നതിന്‌ നിരന്തരം അഭ്യർത്ഥിക്കുകയായിരുന്നു. കേരളം ഒഴികെയുള്ള മറ്റ്‌ സംസ്ഥാനങ്ങൾ വെർജിൻ കോക്കനട്‌ ഓയിലിന്റെ  ഉത്പാദനത്തിലും വിപണനത്തിലും കയറ്റുമതിയിലും വൻ നേട്ടങ്ങളാണ്‌ കൈവരിച്ചിട്ടുള്ളത്‌. ഇത്‌ നമ്മുടെ നാളികേര ഉത്പാദക കമ്പനികളുടെ കണ്ണ്‌ തുറപ്പിക്കുമെന്ന്‌ ഞാൻ പ്രതീക്ഷിക്കുന്നു. പല തവണ ആവർത്തിച്ച്‌, പാടിപഴകിയ പല്ലവിയാണ്‌ -  ഇന്ത്യയിൽ വെളിച്ചെണ്ണ പാചകത്തിന്‌  ഉപയോഗിക്കുന്നത്‌ പതിനെട്ടോ ഇരുപതോ ജില്ലകളിൽ  മാത്രമാണ്‌. എന്നാൽ ഗുജറാത്തിലെ കച്ച്‌ മുതൽ അരുണാചൽ പ്രദേശിലെ നംസായി വരെ,  ശ്രീനഗർ മുതൽ  കന്യാകുമാരി വരെ അറുന്നൂറോളം ജില്ലകളിലും  ഭക്ഷ്യാവശ്യത്തിന്‌ തേങ്ങാപ്പാൽ ഉപയോഗിക്കുന്നു.  അമേരിക്കയിലെ സോ ഡെലീഷ്യസ്‌ ഡയറി ഫ്രീ എന്ന കമ്പനി  തേങ്ങാപ്പാലിൽ നിന്നും 52 ഇനം വൈവിധ്യമാർന്ന ഉൽപന്നങ്ങളാണ്‌ നിർമ്മിക്കുന്നത്‌. ഇത്തരം ലോകോത്തര ഉൽപന്നങ്ങൾ  നിർമ്മിക്കുന്നതിനും അന്താരാഷ്ട്രവിപണിയിൽ വിൽക്കുന്നതിനും നമ്മുടെ ഉത്പാദക കമ്പനികൾക്ക്‌ കഴിയുമ്പോഴാണ്‌ നമ്മുടെ പ്രവർത്തനം വിജയിക്കുന്നത്‌.  മുൻകാലാനുഭവങ്ങളും ചുറ്റുവട്ടത്തുകാണുന്ന ആശയങ്ങളും ഉൾക്കൊണ്ട്‌,  നേതൃശേഷിയും  സാങ്കേതിക മികവും നിർവഹണ കാര്യക്ഷമതയും  പ്രോഫഷണൽ സമീപനവും മെച്ചപ്പെടുത്തിയാണ്‌ വിജയം നേടേണ്ടത്‌.  വ്യക്തമായ സ്വപ്നങ്ങളും വിട്ടുവീഴ്ച്ചയില്ലാത്ത തീരുമാനങ്ങളും  ഉറച്ച കാൽവെയ്പുകളുമായി നമ്മുടെ നാളികേര ഉത്പാദക കമ്പനികൾ 2015-16 സാമ്പത്തിക വർഷത്തിലെ പ്രവർത്തനങ്ങളും ഭാവിനടപടികളും  ചിട്ടപ്പെടുത്തണമെന്ന്‌ അഭ്യർത്ഥിക്കുന്നു.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...