24 Jun 2015

ആത്മോപദേശം


കാവിൽരാജ്‌

 നേതാക്കൾ
   ------
നാഥൂ, നിനക്കായി കാത്തിരിക്കുന്നിതാ
നാടിന്റെ നേതൃ സിംഹാസനവും
നാളെ വെളുപ്പിനു നീ തന്നെ നായകൻ
നാടിന്റെ നാവായി മാറുവോനും.
 നഥുറാം
  -----
മാപ്പു നൽകീടുക, ധീരനാം മുത്തച്ഛാ
ബാപ്പുജീ നിൻ കാൽക്കലെൻ പ്രണാമം!
മാപ്പുചോദിക്കുവാൻ അർഹനല്ലെങ്കിലും
മാപ്പിറക്കാതെ ഞാനെന്തു ചെയ്യും?
തെറ്റായിരുന്നല്ലോ ചെയ്തതും മൃത്യുവിൻ
ചുറ്റലിൽ ചാടുകയായിരുന്നു
പറ്റില്ലെനിക്കെന്നുറക്കെ പറയുവാൻ
പറ്റുമോ? ഉറ്റവരല്ലേ ചുറ്റും?

നേടിയതില്ല ഞാൻ, വീടിനും നാടിനും
നേടിയതോ ദുഷ്ട നാമധേയം
നേടിയോരെല്ലാം, സുഖിക്കുന്നു ഭാരത
നാടിന്റെ മക്കളായ്‌ വാണിടുന്നു.


ചങ്കിൽ കുരുക്കുവീഴുമ്പൊഴും വർദ്ധിച്ച
ഹുങ്കായിരുന്നെന്റെ  ജന്മശാപം
ഗംഗയിലെൻ ചിതാഭസ്മവും തൂവുകിൽ
പങ്കിലമാകില്ലേ ഗംഗപോലും?

പൊന്നിൻകുടത്തിലാ വെണ്ണീറു സൂക്ഷിച്ചാൽ
വിണ്ണിലും ഞാൻ ശുദ്ധനായീടുമോ?
ഉന്നതന്മാരൊക്കെ കൈവിട്ട മാത്രയിൽ
എന്നിലേയാത്മാവൊടുങ്ങീടുമോ?
  നേതാക്കൾ
  ----
ശാപങ്ങളേൽക്കാത്ത പൂരുഷനാണു നീ
പാപങ്ങൾ ചെയ്യാത്ത പുണ്യവാനും
പാപമേയല്ലല്ലോ, പാതകമല്ലല്ലോ
ഭാരത ഭാവിക്കു വേണ്ടിയല്ലോ.

അല്ലെങ്കിലാരുണ്ട്‌? ദൗത്യം നടത്തുവാൻ
വില്ലാളിമാരായീ ഭാരതത്തിൽ?
അല്ലലേൽക്കാതെ നിൻ ജീവിതം കാക്കുവാൻ
എല്ലാരുമുണ്ടെന്നതോർത്തുകൊൾക.

നാടിനെ രണ്ടാക്കി മാറ്റിയ വീര്യത്തെ
പാടെ തകർക്കുവനായീടണം
കൂടും കുടക്കയുമില്ലാതെ ജോനകർ
നാടുവിട്ടോടുക തന്നെ വേണം.      

നഥുറാം
 -----         

നശ്വരജന്മം ക്രമം തെറ്റി വന്നതോ
അശ്വത്ഥാമാവിൻ പുനർജ്ജന്മമോ?
ദുശ്ശാസനൻതന്റെ വേഷപ്പകർച്ചയോ
ദുശ്ചിന്തയാൽ വന്ന ദുര്യോഗമോ?

പുഷ്പ ഹാരങ്ങളാൽ പൂജിക്കുകിൽ ഭസ്മം
നഷ്ടസ്വപ്നങ്ങൾ തിരിച്ചേകുമോ?
നെറ്റിയിൽ ചാർത്തി പിൻഗാമികൾ തുള്ളിയാൽ
കുറ്റങ്ങളേതും തെറിച്ചീടുമോ?

പ്രേതമായ്‌ തീർന്നൊരെന്നാത്മാവിനെ നിങ്ങൾ
പ്രീതിപ്പെടുത്തിയിട്ടെന്തുനേട്
ടം?
ഖ്യാതിവർദ്ധിക്കുവാൻ ജാതിപ്രതിമകൾ
വീഥികൾതന്നിൽപ്രതിഷ്ഠിക്കണോ?

രാജ്യം പുരോഗതിനേടുവാൻ നമ്മൾക്കു
പൂജ്യരെപ്പോലും വധിക്കേണമോ?
സജ്ജരായ,​‍്‌ നേതാക്കളക്രമാസക്തരായ്‌
സജ്ജീകരിക്കണോ യോദ്ധാക്കളെ?

ധീരയുവാക്കളെ, നിങ്ങളൊരിക്കലും
ആരെയും കൊല്ലുവാൻ നിൽക്കരുതേ
കാരണമെന്തന്നറിയാതെ, ഭാവിയിൽ
പോരിന്നിറങ്ങിത്തിരിയ്ക്കരുതേ.


ഭൂമിയിൽ ജീവിച്ചിരിക്കുവാൻ ഞാനെത്ര
കാമിച്ചിരുന്നുവേന്നോർക്കുമല്ലോ.
കോരിക്കുടിക്കേണ്ട യൗവ്വനം, നമ്മുടെ
ചോരത്തിളപ്പിനാൽ ഹോമിക്കല്ലേ?

പാവമാം വൃദ്ധന്റെ മാറിലേക്കന്നു ഞാൻ
പാപത്തിൻ കല്ലുകൾ വീശിയില്ലേ?
പാപിയായ്‌, ഞാനിതാ കാണാത്ത കാറ്റത്തു
പാറുന്ന വെണ്ണീറായ്‌ മാറിയില്ലേ?


ആയിരം പേർവന്നു ശ്ലാഘിച്ചുവേന്നാലും
നാടിന്റെ ശാപം ഞാനേറ്റുവല്ലോ?
പാപങ്ങൾ ചെയ്തതിൻ കുറ്റബോധത്തിൽ ഞാൻ
നീറുകയാണിന്നും നാട്ടുകാരെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...