24 Jun 2015

തിരുക്കൊച്ചിയുടെ സ്വപ്നങ്ങളെ സ്ഫുടം ചെയ്ത തട്ടേക്കാട്‌ ശിൽപശാല


ആബെ ജേക്കബ്‌
ഡപ്യൂട്ടി എഡിറ്റർ, നാളികേര വികസന ബോർഡ്‌, കൊച്ചി - 11
കൃഷിയെ കുറിച്ച്‌ ചിന്തിക്കാൻ കാടിന്റെ നടുവിൽ ഒരു ചിന്തൻ ബൈഠക്‌!  എറണാകുളം ജില്ലയിലെ നാളികേര ഉത്പാദക കമ്പനിയായ തിരുക്കൊച്ചി കോക്കനട്‌ പ്രോഡ്യൂസർ കമ്പനി ലിമിറ്റഡാണ്‌ നാളികേര മേഖലയുടെ ഭാവിയെ സംബന്ധിക്കുന്ന സ്വപ്നങ്ങൾ നെയ്യുന്നതിനും, അതിൽനിന്ന്‌ പ്രവർത്തന രൂപരേഖ പങ്കുവയ്ക്കുന്നതിനും കൂട്ടായ ഉയർന്ന  ചിന്തകൾക്കും തീരുമാനങ്ങൾക്കുമായി തട്ടേക്കാട്‌ പക്ഷി സങ്കേതത്തിൽ വിഷൻ ഷെയറിംങ്ങ്‌ ക്യാമ്പ്‌ എന്ന പേരിൽ  മെയ്‌ 15, 16 തിയതികളിൽ  ദ്വിദിന ശിൽപശാല സംഘടിപ്പിച്ചതു.
കോതമംഗലം നാളികേര ഉത്പാദക ഫെഡറേഷൻ ആതിഥ്യമരുളിയ സമ്മർ ക്യാമ്പ്‌ പങ്കെടുത്തവർക്കെല്ലാം നവ്യ അനുഭവമായി.  ജില്ലാ അതിർത്തിയിൽ, തട്ടേക്കാട്‌ സലിം അലി പക്ഷി സങ്കേതത്തിലെ ശാന്തമായ അന്തരീക്ഷത്തിലാണ്‌ എറണാകുളം ജില്ലയിലെ  എല്ലാ സിപിഎസ്‌, സിപിഎഫ്‌ ഭാരവാഹികൾക്കുമായി ദ്വിദിന ക്യാമ്പ്‌ നടന്നത്‌. ജില്ലയിലെ നാളികേര സംഘങ്ങളിൽ നിന്നും  ഫെഡറേഷനുകളിൽ നിന്നുമായി 152  പ്രസിഡന്റുമാർ ക്യാമ്പിൽ  പങ്കെടുത്തു.  കേരളത്തിൽ ആദ്യമായാണ്‌ ഒരു നാളികേര ഉത്പാദക കമ്പനി, അതിന്റെ അംഗങ്ങളായ തൃത്താല കൂട്ടായ്മാ ഭാരവാഹികൾക്കു വേണ്ടി ഇത്തരത്തിൽ വിഷൻ ഷെയറിംങ്ങ്‌  ക്യാമ്പ്‌ നടത്തുന്നത്‌.
നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌,  മാനവ വിഭവ ശേഷി പരിശീലകൻ ഡോ. കെകെ ജയൻ, കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ഡോ.ടാനി തോമസ്‌, മനശാസ്ത്രജ്നും ന്യൂറോ ലിംഗ്വിസ്റ്റിക്‌ പ്രോഗ്രാം വിദഗ്ധനുമായ റഹിം ആപ്പാഞ്ചിറ, നാളികേര ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെഎസ്‌ സെബാസ്റ്റ്യൻ, ജില്ലാ ചാർജ്‌ ഓഫീസർ ശ്രീമതി ലീനാമോൾ, പ്രോജക്ട്‌ മാനേജർ ശ്രീ. രൂപക്‌ മാടശേരി തുടങ്ങിയവരാണ്‌ ക്യാമ്പിൽ ചർച്ച നയിച്ചതും, ക്ലാസുകൾക്ക്‌ നേതൃത്വം നൽകിയതും. അടുത്ത രണ്ടു വർഷക്കാലം ജില്ലയിലെ നാളികേര കൃഷിക്കും അനുബന്ധ പ്രവർത്തന മേഖലകൾക്കും ആവശ്യമായ കർമപദ്ധതി തയാറാക്കുക എന്ന ലക്ഷ്യത്തോടെ നടന്ന ശിൽപശാല, കൂട്ടായ്മകളുടെ സജീവ പങ്കാളിത്തം കൊണ്ട്‌ ഏറെ ശ്രദ്ധേയമായി. തിരുക്കൊച്ചി കമ്പനി ചെയർമാൻ ജോസഫ്‌ ബാബു,  ചീഫ്‌ എക്സിക്കുട്ടിവ്‌ ഓഫീസർ ശ്രീ. ബിജു ജോൺ, കോതമംഗലം ഫെഡറേഷൻ പ്രസിഡന്റ്‌ ശ്രീ. പിപി മത്തായി എന്നിവരുടെ നേതൃപാടവവും സംഘാടക ശേഷിയുമാണ്‌ ക്യാമ്പ്‌ വൻ വിജയമാക്കിയത്‌. 
മെയ്‌ 15 വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ ക്യാമ്പ്‌ അംഗങ്ങളുടെ രജിസ്ട്രേഷൻ ആരംഭിച്ചു. കോതമംഗലത്തുനിന്നുള്ള വനപാതയിലുടനീളം ഒളിഞ്ഞും തെളിഞ്ഞും മഴ പെയ്യുന്നുണ്ടായിരുന്നെങ്കിലും തട്ടേക്കാട്‌ മഴ മാറിനിന്ന സുന്ദരമായ സായാഹ്നമായിരുന്നു. രജിസ്ട്രേഷനു ശേഷം വിവിധ സംഘങ്ങളിൽ നിന്നും ഫെഡറേഷനുകളിൽ നിന്നും വന്ന ക്യാമ്പ്‌ അംഗങ്ങൾ പരസ്പരം പരിചയപ്പെട്ടു. തുടർന്ന്‌ നാളികേര വികസന ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെ.എസ്‌ സെബാസ്റ്റ്യൻ ശിൽപശാലയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ വിശദീകരിച്ചു.  ആറുമണിക്ക്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ ടികെ ജോസ്‌ എത്തിയതോടെ ഉദ്ഘാടന സമ്മേളനം ആരംഭിച്ചു. തിരുക്കൊച്ചി കമ്പനി ചെയർമാൻ ശ്രീ. ജോസഫ്‌ ബാബു അധ്യക്ഷണായിരുന്നു. കോതമംഗലം ഫെഡറേഷൻ പ്രസിഡന്റ്‌ ശ്രീ. പിപി മത്തായി സ്വാഗതം ആശംസിച്ചു.
?എവിടെ നിന്നു വന്നു എന്നതല്ല, എങ്ങോട്ടു പോകുന്നു എന്നതാണ്‌ പ്രധാനം??? -  പ്രശസ്തമായ ഈ ഉദ്ധരണി തിരുക്കൊച്ചി കമ്പനിയുടെ പ്രവർത്തന പശ്ചാത്തലവുമായി ചേർത്ത്‌  വ്യാഖ്യാനിച്ചുകൊണ്ടാണ്‌ നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ.ടികെ ജോസ്‌ തന്റെ ഉദ്ഘാടന പ്രസംഗം ആരംഭിച്ചതു.  കേരളത്തിന്റെ സമ്പട്ഘടനയ്ക്ക്‌ ഇപ്പോൾ ഉള്ളതിൽ കൂടുതൽ പണം നാളികേര മേഖലയിൽ നിന്നു മാത്രം സംഭരിക്കാൻ സാധിക്കുമെന്നിരിക്കെ, കർഷകരിൽ ബഹുഭൂരിപക്ഷവും മാറിനിൽക്കുന്നു. ഈ അവസ്ഥയ്ക്കു മാറ്റമുണ്ടാകണം. അതിനു ദിശാബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ ശിൽപശാലയാണ്‌ ഇത്‌. പ്രസംഗങ്ങളും ക്ലാസുകളും കേട്ട്‌ പാതി ഉറങ്ങിയും പാതി ഉണർന്നും നിങ്ങൾ പങ്കെടുത്തിട്ടുള്ള ശിൽപശാലകളുടെ പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമാണ്‌ ഇതിന്റെ ഘടന.
കഴിഞ്ഞ രണ്ടു മൂന്നു വർഷമായി നാം കമ്പനി രൂപീകരണത്തിന്റെ തിരക്കിലായിരുന്നു. ഇതിനോടകം 19 കമ്പനികൾ കേരളത്തിൽ മാത്രമായി രൂപമെടുത്തു കഴിഞ്ഞു.  ഈ വർഷം അവസാനിക്കുമ്പോൾ നമ്മുടെ കമ്പനികളുടെ എണ്ണം 30 ആയേക്കാം. അതിനാൽ ഇനി ശ്രദ്ധിക്കേണ്ടത്‌, രൂപീകൃതമായ  കമ്പനികളുടെ വളർച്ചയിലാണ്‌. പഠനത്തിലൂടെയും പ്രവർത്തനത്തിലൂടെയും വിജയത്തിലേയ്ക്ക്‌ നാം മുന്നേറണം. അടുത്ത വർഷങ്ങളിലേയ്ക്കുള്ള പ്രവർത്തനങ്ങളെ നാം സ്വപ്നം കാണണം. ആ സ്വപ്നങ്ങൾ നാം ഇവിടെ മനസ്‌ തുറന്ന്‌ ചർച്ച ചെയ്യണം.
ഈ ദിശാബോധനം നിങ്ങളാണ്‌ തുടങ്ങി വയ്ക്കുന്നത്‌. മറ്റു കമ്പനികൾക്ക്‌ ഇത്‌ ഗുണപ്രദമാണെന്നു തോന്നുന്നെങ്കിൽ അവരും നിങ്ങളെ പൈന്തുടരും. ഇത്തരം ശിൽപശാലകൾ സംഘടിപ്പിക്കും. ചർച്ചകൾ നടത്തും. കാരണം ഇത്‌ വിജയ യാത്രയുടെ ഒരു ആലോചനാ യോഗമാണ്‌. വാൾട്ട്‌ സിഡ്നിയുടെ വാക്കുകൾ ഞാൻ ഇവിടെ കടമെടുക്കുന്നു - ??നിങ്ങൾക്ക്‌ സ്വപ്നം കാണാൻ സാധിക്കുമെങ്കിൽ അതു യാഥാർത്ഥ്യമാക്കാനും കഴിയും.? നമ്മുടെ കൂട്ടായ ഭാവിയെ കുറിച്ച്‌ വലിയ സ്വപ്നങ്ങൾ കാണാനും അവ യാഥാർത്ഥ്യമാക്കാനുള്ള പദ്ധതികളെ കുറിച്ച്‌ ആലോചിക്കുന്നതിനും സമ്മേളിച്ചിരിക്കുന്ന കൂട്ടായ്മയാണിത്‌.
വികസന പാതയിലെ  യാത്രക്കാരാണ്‌ നാം. വേണ്ടത്ര അറിവും അനുഭവങ്ങളും നമുക്കുണ്ട്‌. 184 ഉത്പാദക സംഘങ്ങളും 12 ഫെഡറേഷനുകളും ആണ്‌ ഈ തിരുക്കൊച്ചി കൂട്ടായ്മയുടെ വിജയം. ഈ ബോധ്യത്തോടെ ഊർജ്ജസ്വലരായി പ്രവർത്തിക്കണം. ചിന്തകളെ ഉയർത്തിയാലേ പ്രവൃത്തികൾ വിജയത്തിലെത്തുകയുള്ളു. മുന്നോട്ടുള്ള യാത്രയിൽ ടീം വർക്കാണ്‌ പ്രധാനം. നാലു വർഷങ്ങൾ കഴിയുമ്പോൾ നമ്മുടെ ഗ്രാമങ്ങളിൽ നിലത്തു നിന്ന്‌ നീര ടാപ്പു ചെയ്യുന്ന തെങ്ങിൻ തോപ്പുകൾ ഞാൻ സ്വപ്നം കാണുന്നു. അടുത്തുള്ള എൻജിനിയറിംങ്ങ്‌ കോളജിലെ വിദ്യാർത്ഥികൾ പാർട്ട്‌ ടൈം  വ്യവസ്ഥയിൽ നീര ടെക്നീഷ്യ?​‍ാരായി എല്ലാ ദിവസവും രാവിലേയും വൈകുന്നേരവും ഈ തോട്ടങ്ങളിൽ ജോലി ചെയ്ത്‌ പ്രതിമാസം കുറഞ്ഞത്‌ 30000 രൂപ വരുമാനം നേടുന്നത്‌ ഞാൻ സ്വപ്നം കാണുന്നു.  ഈ സ്വപ്നം യാഥാർത്ഥ്യമാക്കാനുള്ള പ്രവർത്തന പദ്ധതി നിങ്ങൾ തയാറാക്കണം. പുതിയ ആശയങ്ങൾ ആവിഷ്കരിക്കണം. ഈ ആശയങ്ങളെ പ്രവൃത്തി പഥത്തിലേയ്ക്ക്‌ കൊണ്ടുവരണം.
മുട്ടകൾ അട വയ്ക്കുന്നതു പോലെയാണ്‌ ഈ സ്വപ്നങ്ങൾ.  ഒത്തിരി ആശയങ്ങൾ ഒരുമിച്ച്‌ അടവച്ചാൽ എല്ലാം വിരിഞ്ഞു എന്നു വരില്ല. പക്ഷെ നാം 19 സ്വപ്നങ്ങളെ വിരിയിച്ചു കഴിഞ്ഞു. അവയ്ക്ക്‌ അറിവും ജീവിത വിജയവും പകർന്നു കൊടുക്കുക എന്നതാണ്‌  അടുത്ത ഘട്ടം. സാഹചര്യങ്ങളുടെ സമ്മർദ്ദവും കഠിനാദ്ധ്വാനവും ഉത്തരവാദിത്വവും നിങ്ങളിൽ പ്രവർത്തിക്കണം. അതിന്‌ ഓഹരി സമാഹരണം, നഴ്സറികളുടെ പ്രവർത്തനം, പ്രോജക്ടുകൾ, വായ്പ്‌, നീര ഉത്പാദനം ഇവയ്ക്കെല്ലാം  ഉപസമിതികൾ ഉണ്ടാവണം.  സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഒരുമിച്ച്‌ പ്രവർത്തിച്ച്‌ ലോകത്തിലെ ഏറ്റവും മികച്ച നാളികേര ഉത്പാദക കമ്പനിയാകുവാൻ തിരുക്കൊച്ചിക്ക്‌ കഴിയട്ടെയെന്ന വിജയാശംസകളോടെയാണ്‌ ചെയർമാൻ തന്റെ പ്രസംഗം അവസാനിപ്പിച്ചതു.
കേരളത്തിലെ കാർഷിക മേഖല ഇന്ന്‌ വൻ പ്രതിസന്ധി നേരിടുകയാണ്‌ എന്ന്‌ ശിൽപശാലയ്ക്ക്‌ ആശംസകൾ നേർന്ന നിർമ്മൽഗ്രാം ഡയറക്ടർ ഫാ.തോമസ്‌ കളമ്പാട്ട്‌ അഭിപ്രായപ്പെട്ടു. ഇവിടെ കർഷകർ ഉണർന്നാൽ നാട്‌ ഉണരും. ഇന്ത്യയിൽ 70 ശതമാനം ആളുകളും കർഷകരാണ്‌. യൂറോപ്യൻ രാജ്യങ്ങളിലും മറ്റും 4- 7 ശതമാനം മാത്രമാണ്‌ കൃഷിക്കാർ. അവരാകട്ടെ പോളിഹൗസുകളിലും മറ്റും ഹൈടെക്‌ കൃഷി നടത്തി വലിയ നേട്ടങ്ങൾ ഉണ്ടാക്കുന്നു. ഇത്‌ നമുക്കും സാധിക്കും. ഫാ. തോമസ്‌ പറഞ്ഞു. 
തുടർന്ന്‌ സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ട്രാവൻകൂർ സോണൽ ഡപ്യൂട്ടി ജനറൽ മാനേജർ ശ്രീ. വാസു, സോണൽ ജനറൽ മാനേജർ ശ്രീ. പ്രസന്നൻ എന്നിവർ കർഷകരുമായി കോംബോ കാർഡ്‌ സംബന്ധിച്ച വിവരങ്ങൾ പങ്കുവച്ചു. നാളികേര കർഷകരെ സഹായിക്കാൻ ബാങ്ക്‌  അതിന്റെ കാർഷിക ശാഖകളെ അഗ്രി പോയിന്റുകളാക്കി മാറ്റി സ്ഥാപിച്ചു വരികയാണെന്നും അവയിൽ  പ്രവർത്തിക്കാനുള്ള പരിശീലനം ബാങ്ക്‌ ഉദ്യോഗസ്ഥർക്ക്‌ നൽകി കഴിഞ്ഞെന്നും സോണൽ ജനറൽ മാനേജർ വിശദീകരിച്ചു. കർഷകർക്കുള്ള സേവനങ്ങളിൽ കാലതാമസം അനുവദിക്കുകയില്ല. തിരുക്കൊച്ചി കമ്പനിയിലെ കർഷക കൂട്ടായ്മകളുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള യോഗങ്ങൾ സംഘടിപ്പിച്ച്‌  ആവശ്യമായ ചർച്ചകൾ വരും ദിനങ്ങളിൽ നടത്താമെന്നും അദ്ദേഹം ഉറപ്പു നൽകി.
?ചെറിയ സ്വപ്നങ്ങൾ കാണുന്നത്‌ കുറ്റകരമാണ്‌? എന്ന ഡോ. എ.പി.ജെ അബ്ദുൾ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടാണ്‌ ഡോ. ജയൻ  മുഖ്യ പ്രഭാഷണം ആരംഭിച്ചതു. ശിൽപശാലയിൽ പങ്കെടുത്ത ഓരോ അംഗത്തെ കൊണ്ടും തിരുക്കൊച്ചി കമ്പനിയെ കുറിച്ച്‌ അവർക്കുള്ള സ്വപ്നങ്ങൾ പേപ്പർ സ്ലിപ്പുകളിൽ എഴുതി വാങ്ങി, അവ വിഷയക്രമത്തിൽ തരം തിരിച്ച്‌ അതിലെ ആശയങ്ങൾ ക്രോഡീകരിച്ച്‌ അതിൽ നിന്ന്‌ കമ്പനിയുടെ ആക്ഷൻ പ്ലാൻ തയാറാക്കുന്നതിനായി ഫയൽ ചെയ്തു.  പിന്നീട്‌  മുഴുവൻ അംഗങ്ങളെയും ആറു ഗ്രൂപ്പുകളാക്കി വിശദമായ ഗ്രൂപ്പ്‌ ചർച്ചകളും നടന്നു.
കമ്പനിയുടെ സുഗമമായ പുരോഗതിക്ക്‌ നിർണായകം എന്നു വിശേഷിപ്പിക്കപ്പെടാവുന്ന നഴ്സറി ഗവേഷണ പ്രവർത്തനങ്ങൾ, നാളികേര ഉത്പ്പന്നങ്ങൾ, ഫിനാൻസ്‌, മാർക്കറ്റിംങ്ങ്‌, കസ്റ്റമർ റിലേഷൻസ്‌, നീര എന്നീ വിഷയങ്ങളാണ്‌  ഗ്രൂപ്പുകൾ ചർച്ച ചെയ്തത്‌.  ഗ്രൂപ്പു ചർച്ചകളുടെ അടിസ്ഥാനത്തിൽ മുന്നോട്ടു വയ്ക്കപ്പെട്ട നിർദ്ദേശങ്ങൾ ചാർട്ട്‌ പേപ്പറുകളിൽ എഴുതി തയാറാക്കി  അതത്‌ ഗ്രൂപ്പ്‌ ലീഡർമാർ വേദിയിൽ അവതരിപ്പിക്കുകയും സദസിന്റെ സംശയങ്ങൾക്ക്‌ മറുപടി നൽകുകയും ചെയ്തു.   ഈ നിർദ്ദേശങ്ങളുടെ വെളിച്ചത്തിലാണ്‌ കമ്പനിയുടെ അടുത്ത രണ്ടു വർഷത്തെ കർമ്മ പദ്ധതിക്കുള്ള രൂപരേഖയുണ്ടാക്കിയത്‌.
നാളികേര വികസന ബോർഡ്‌ ചെയർമാൻ ശ്രീ ടി.കെ ജോസ്‌ ഗ്രൂപ്പ്‌ ചർച്ചകൾ ക്രോഡീകരിച്ചു.  ഓഹരി മൂലധന സമാഹരണത്തിന്റെ ആവശ്യകതയാണ്‌ അദ്ദേഹം ഊന്നിപ്പറഞ്ഞത്‌.  തിരുക്കൊച്ചി കമ്പനിയിലെ 12 ഫെഡറേഷനുകളും ഇതുവരെ സമാഹരിച്ച ഓഹരിയുടെ കണക്കുകൾ വേദിയിൽ അവതരിപ്പിച്ചു. അതോടെ ഓഹരി സമാഹരണത്തിൽ തങ്ങളുടെ സ്ഥാനം എവിടെയെന്ന്‌ ഫെഡറേഷൻ അംഗങ്ങൾക്കു തന്നെ ബോധ്യപ്പെട്ടു. ഓഹരി സമാഹരണത്തിന്‌ പ്രതിബന്ധമായി നിൽക്കുന്ന സാഹചര്യങ്ങളും ചർച്ച ചെയ്യപ്പെട്ടു. ഓഹരി മൂലധന സമാഹരണം പൂർത്തിയായാൽ മാത്രമെ കമ്പനിക്ക്‌ സംസ്ഥാന സർക്കാരിൽ നിന്നുള്ള ഇക്വിറ്റി ഗ്രാന്റ്‌ ലഭിക്കുകയുള്ളു എന്ന്‌ ചെയർമാൻ വ്യക്തമാക്കി. അതിനാൽ  ഓഹരി സമാഹരണത്തെ അതീവ പ്രാധാന്യത്തോടെ കാണണമെന്ന്‌ അദ്ദേഹം ഓർമിപ്പിച്ചു. ഓരോ വിളവെടുപ്പിനും ഓരോ തെങ്ങിൽ നിന്നും ഒരു തേങ്ങവീതം മാറ്റി വച്ച്‌ അതിന്റെ വിലയായ തുക കർഷകർ ഓഹരിയായി ഫെഡറേഷനുകളെ ഏൽപ്പിക്കുക എന്ന നിർദ്ദേശം പരക്കെ സ്വാഗതം ചെയ്യപ്പെട്ടു.  2015 ജൂൺ 30 നു മുമ്പായി രണ്ടര കോടി രൂപയെങ്കിലും ഓഹരിയായി സമാഹരിക്കാനാണ്‌ യോഗം തീരുമാനിച്ചതു.
ശിൽപശാലയുടെ രണ്ടാം ദിവസമായ മെയ്‌ 16 ശനിയാഴ്ച്ച രാവിലെ കുടുംബശ്രീമിഷൻ ജില്ലാ കോർഡിനേറ്റർ ഡോ.ടാനി തോമസ്‌ മുഖ്യ പ്രഭാഷണം നടത്തി. കുടുംബശ്രീക്കും തിരുക്കൊച്ചി കമ്പനിക്കും ഏതെല്ലാം മേഖലകളിൽ സഹകരിച്ച്‌ പ്രവർത്തിക്കാൻ സാധിക്കും എന്നതായിരുന്നു വിഷയം. വിവിധ പരിശീലന പരിപാടികൾ, മൂല്യവർധിത ഉത്പ്പന്നങ്ങളുടെ നിർമ്മാണം, തെങ്ങിൻ തോപ്പുകളിലെ ഇടവിളകൃഷി എന്നിവയിൽ കുടുംബശ്രീ അംഗങ്ങളുടെ പങ്കാളിത്തം ഡോ.ടാനി വാഗ്ദാനം ചെയ്തു.
നീര ടെക്നീഷ്യ?​‍ാരായി പരിശീലനം നേടാൻ കുടുംബശ്രീയിലെ വനിതകൾ തയാറാണെന്നും   2500 കുടുംബശ്രീ പ്രവർത്തകർക്ക്‌ നീര ടെക്നീഷ്യ?​‍ായി  മഹാത്മഗാന്ധി തൊഴിലുറപ്പു പദ്ധതിയിലൂടെ  പ്രതിവർഷം നേടുന്ന വേതനം , നീരയിലൂടെ പ്രതിമാസം ലഭിക്കുന്നതിനുള്ള അവസരം തിരുക്കൊച്ചി കമ്പനിയി വഴി കൈവരിക്കുന്നതിനുള്ള സാധ്യതയെപ്പറ്റി ചർച്ച ചെയ്യാമെന്നും, ഇതു സംബന്ധിച്ച്‌  ഓരോ ഫെഡറേഷനുമായും വീണ്ടും തുടർ ചർച്ചകൾ നടത്താമെന്നും അവർ വ്യക്തമാക്കി. വിവിധ പ്രോജക്ടുകൾക്കായി കുടുംബശ്രീക്ക്‌ ഫണ്ടുകൾ ഉണ്ടെന്നും തിരുക്കൊച്ചി കമ്പനിയുമായി ചേർന്ന്‌ അവ ഉപകാരപ്രദമായ മേഖലകളിൽ വിനിയോഗിക്കാൻ ഒരുക്കമാണെന്നും അവർ തുടർന്നു.
രാവിലെ ഒൻപതര മുതൽ ഒരു മണി വരെ  പ്രശസ്ത ചോംസ്കിയൻ മനശാസ്ത്ര വിദഗ്ധൻ റഹിം ആപ്പാഞ്ചിറയുടെ  ന്യൂറോ ലിംഗ്വിസ്റ്റിക്‌ ക്ലാസും നടന്നു. ഉച്ചഭക്ഷണത്തിനു ശേഷം കമ്പനി ചെയർമാൻ ശ്രീ ജോസഫ്‌ ബാബുവിന്റെ അധ്യക്ഷതയിൽ നടന്ന സമാപന യോഗത്തിൽ നാളികേര വികസന ബോർഡ്‌ അസിസ്റ്റന്റ്‌ ഡയറക്ടർ ശ്രീ. കെഎസ്‌ സെബാസ്റ്റ്യൻ ശിൽപശാലയെ വിലയിരുത്തി. തിരുക്കൊച്ചി കമ്പനി ചീഫ്‌ എക്സിക്കുട്ടിവ്‌ ഓഫീസർ ബിജു ജോൺ നടത്തിയ കമ്പനിയുടെ ഇത പര്യന്തമുള്ള പ്രവർത്തനങ്ങളുടെ അവതരണത്തോടെ  ക്യാമ്പ്‌ സമാപിച്ചു.
കമ്പനിയുടെ ഹോർട്ടിക്കൾച്ചർ അസിസ്റ്റന്റുമാരായ വിദ്യ, സൗമ്യ, സൂര്യ, ജിസ ഓഫീസ്‌ ജീവനക്കാരായ അജു, അനീഷ്‌ എന്നിവരുടെ സേവനവും ക്യാമ്പിന്റെ നടത്തിപ്പിനു ലഭിച്ചു. ശിൽപശാലയിൽ പങ്കെടുത്ത എല്ലാവർക്കും തിരുക്കൊച്ചി കമ്പനി ഉത്പ്പന്നങ്ങളായ നീര, ഹൽവ, ചോക്കലേറ്റ്‌ തുടങ്ങിയവയും വിതരണം ചെയ്യുകയുണ്ടായി.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...