19 Jul 2015

നചികേതസ്സിന്റെ സത്യം

 സുന്ദരം ധനുവച്ചപുരം
വിധിതനിക്കായി നീക്കിവച്ചുള്ളോരു
വിഫലസ്വപ്നങ്ങളുമായ്‌,
അടിച്ചമർത്തുവാനാതുയരുന്നൊ-
രഭിലാഷങ്ങളുമായ്‌,
വനത്തിനുള്ളിലെ വഴിതെറ്റിപ്പോയ
മനസ്സിൽ വിങ്ങലുമായ്‌,
തിരിച്ചുതന്നുടെ പ്രിയമാം നാട്ടിലേ-
ക്കവനിതാവരുന്നു!!
ജനിച്ചവീടിരുന്നീടിന ദേശത്തി-
ന്നടയാളം കണ്ടിടാം,
ഉടമയാകിയോരച്ഛന്റെ പേരാർന്ന
ഫലകവും കണ്ടിടാം!
വികൃതമാകിയ പേരതുപൈതൃക-
പ്പെരുമയെന്നപോലെ,
ലിപിവികൃതമാണെങ്കിലുമെങ്കിലും
കമനീയംതാനല്ലോ!
കുറവുക,ളെന്തുതാനെങ്കിലും, അതു
അവനെന്നും സ്വീകാര്യം.
തനതായേ വീടുതനിക്കില്ലെന്നുള്ള
തികഞ്ഞബോധമോടെ,
സ്വയമേജീവിതം തള്ളിനീക്കുന്നതിൽ
തടസ്സമേതുമില്ല...
ശരിയതെങ്കിലും മിഴികളിൽ പൂക്കും
നിറഞ്ഞ സ്വപ്നങ്ങളോടെ
മരിക്കുകെന്നതു പരമനിന്ദ്യവും
അതിദയനീയവും!!
അതിനാലേതന്നെ നഷ്ടമായിപ്പോയ
പ്രിയജനങ്ങളെത്താൻ
നിറഞ്ഞകണ്ണോടെ നിതാന്തമായിട്ടേ
സ്വയമന്വേഷിപ്പതും
അതിദയനീയം! അവരുതിർക്കുന്ന
ചെറുചിരിയിൽപ്പോലും,
അതിന്റേതായുള്ള വിലകുറിക്കുന്ന
ലിഖിതങ്ങൾ കണ്ടിടാം..
തികച്ചും കൃത്രിമമായവതന്നെയാ
ചിരികളികളാകെ..
അവനിലേ സ്വയം മരിക്കുന്ന ചിത്ര
ശലഭങ്ങൾക്കെന്തുകാര്യം?
അതല്ല കാര്യമിന്നിവിടെസ്വന്തമായ്‌
അവനെന്താവോ കണ്ടു?
അവനറിഞ്ഞതും സങ്കൽപമാർന്നതും
അതുമിന്നെന്തുതാനോ?
ഉയരുകയാണിന്നൊരുചോദ്യം, അതേ
അവനെന്തെന്തു കണ്ടു..?
അനുഭവിച്ചതും സത്യമെന്നോതുവാൻ
ഇവിടെ സാക്ഷിയാരാരോ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...