ഇല്ലത്തുനിന്നു പോകാതെ അമ്മാത്തെത്താൻ


സി.രാധാകൃഷ്ണൻ
    നമുക്കെല്ലാം എന്നുമുള്ള പ്രശ്നം ഇല്ലത്തു നിന്നു പോകാൻ വയ്യ അമ്മാത്ത്‌ എത്തുകയും വേണം എന്നതു തന്നെ. വീടു വിടാൻ മടി, പക്ഷെ ഗൾഫിൽ പോയി ജോലി ചെയ്യാതെ പറ്റില്ല! സ്വൽപം ഷുഗറുണ്ടെന്നാലും പായസം കണ്ടാൽ കഴിക്കാതെ വയ്യ. കോടതിയിലെ കേസ്‌ ജയിക്കണം, ഒരു കള്ളം പറയാൻ പക്ഷേ, വലിയ പ്രയാസം, നല്ല വിശപ്പുണ്ട്‌, എങ്കിലും ജാതിയിൽ താണവന്റെ ഭക്ഷണം കഴിക്കാൻ മനസ്സ്‌ അനുവദിക്കുന്നില്ല. ഒരു പുതിയ ഉടുപ്പു വേണം. എന്നാൽ ബാങ്കിൽ കിടക്കുന്ന സ്ഥിരനിക്ഷേപം അതിനായി പിൻവലിക്കാൻ ഒക്കില്ല. ചെറുതായി ഒരു ശസ്ത്രക്രിയ ഡോക്ടർ നിർദ്ദേശിക്കുന്നെങ്കിലും അതോർക്കുമ്പോൾ വലിയ പ്രയാസം ഇങ്ങനെ പോകുന്നു ഊരാക്കുടുക്കുകൾ. എന്നുമുണ്ടാവും എന്തെങ്കിലും ഒരെണ്ണം. ചിലപ്പോൾ ഒരേ സമയം നിരവധി.
    രാവിലെ വീടിനു വെളിയിൽ ഇറങ്ങുമ്പോൾ ഓടി വരുന്നു ഒരു പരിചയക്കാരൻ, 'പണമുണ്ടോ ഒരു അയ്യായിരം കടമായിതരാൻ? അത്യാവശ്യമാണ്‌'
'എന്തു പറ്റി?'
'മകൾക്ക്‌ കോളേജിൽ ചേരാൻ തലവരി കൊടുക്കേണ്ട അവസാന ദിവസമായി, തുക തികയില്ല. ഒരാഴ്ചക്കകം തിരികെ തരാം.'
    കൊടുത്താൽ തിരികെ കിട്ടില്ലെന്നു നല്ല നിശ്ചയം. അതാണ്‌ അനുഭവം. പക്ഷേ ഒരു കുട്ടിയെ പഠിപ്പിക്കുന്ന കാര്യമല്ലേ? കൊടുക്കുകയും കൊടുക്കാതിരിക്കുകയും ഒരുമിച്ചു വേണം എന്നു വരുമ്പോൾ എന്തു ചെയ്യാൻ!
    കൊടുത്താലും കൊടുത്തില്ലെങ്കിലും വിഷമവുമാണ്‌. കൊടുത്താൽ നഷ്ടബോധം ഫലം, കൊടുത്തില്ലെങ്കിൽ കുറ്റബോധം ഉറപ്പും!
    കൊടുക്കാൻ കൈയിൽ ഇല്ലെങ്കിൽ വലിയ കുഴപ്പമല്ല. ഉണ്ടെങ്കിൽ എന്തു ചെയ്യും? എങ്ങനെ തീരുമാനിക്കും?
    ഇത്തരം ചുറ്റുപാടുകളിൽ ഉപയോഗിക്കുന്ന ഒരു ഫോർമുല പഴമക്കാർ പറഞ്ഞിട്ടുണ്ട്‌. ആക്കത്തൂക്കം നോക്കുക എന്നതാണ്‌. രണ്ട്‌ അനിഷ്ടഫലങ്ങളിൽ ഏത്‌ എത്ര കാലത്തേക്കാണ്‌ കൂടുതൽ അസഹ്യമായിരിക്കുക എന്നു കണ്ടെത്തി അത്‌ ഒഴിവാക്കുക. തമ്മിൽ ഭേദമായതിനെ സഹിക്കാൻ തയ്യാറുമാവുക.
    സ്വത്വത്തെ-ഐഡന്റിറ്റിയെ സംബന്ധിക്കുന്നതാണ്‌ ഇവിടെയെല്ലാം പ്രശ്നം എന്നു കാണാൻ ഏറെ അന്വേഷണം വേണ്ട. ഏറ്റവും ചെറിയതു മുതൽ ഏറ്റവും വലിയ വ്യാപ്തിമുള്ളതുവരെയുള്ള ഐഡന്റിറ്റികൾ നമുക്കുണ്ട്‌. ഇവ നമ്മുടെ ജാതി, മതം, ലിംഗം, പ്രായം, ഭാഷ, ദേശം, വംശം, സ്ഥാനം എന്നിങ്ങനെയുള്ളതിനെ സംബന്ധിച്ചവയാണ്‌. ഇവയെല്ലാം ഒന്നിനു ചുറ്റും മറ്റൊന്നായി നിലകൊള്ളുന്നു. ഒന്നിനെയും ഉപേക്ഷിക്കാൻ നമുക്കു മനസ്സില്ല. ഉപേക്ഷണീയമാണ്‌ എന്നു തീർച്ചയായാലും നാം വിടില്ല? അതെല്ലാമില്ലെങ്കിൽ പിന്നെ ഞാനെന്തിന്‌ ജീവിച്ചിരിക്കണം എന്നു അർജ്ജുന വിഷാദയോഗം നമ്മെ വലയ്ക്കുന്നു!
    നമ്മുടെ യഥാർത്ഥസന്തോഷം നാം ഈ ഭൂമിയിലെ ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ നിൽക്കുമ്പോഴാണ്‌. പക്ഷെ ഇതു സാധിക്കാൻ നിരവധി ചെറിയ ഐഡന്റിറ്റികളെ അതിജീവിക്കണം. ഓരോ അതിജീവനത്തിലും ഏറെ വേദന താൽക്കാലികമായി അനുഭവിക്കണം.
    ഗതി കെട്ടാൽ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടില്ലേ? മാറ്റാനാവാത്ത ഒരു ഐഡന്റിറ്റി മാറ്റേണ്ടി വരുന്ന അവസ്ഥയെക്കുറിച്ചാണ്‌ ഈ പ്രസ്താവം. അഥവാ, മാറ്റാനാവാത്ത ഒരു ഐഡന്റിറ്റിയും ഇല്ല എന്ന്‌ ഇത്‌ സൂചിപ്പിക്കുന്നു.
    സാധാരാണയായി, ഒരു ഊരാക്കുടുക്കിനിരയായാൽ നമ്മിൽ മിക്കവരും ചെയ്യുക കൂടുതൽ വ്യാപ്തിയുള്ള ഐഡന്റിറ്റിയെ കൈയൊഴികയാണ്‌. ഏറ്റവും സങ്കുചിതമായതാണ്‌ നമ്മുടെ അടിസ്ഥാനപരമായ ഐഡന്റിറ്റി എന്ന തെറ്റായ ധാരണയാണ്‌ കാരണം. ആത്മസംസ്കരണമാണ്‌ ഇതിനാൽ താറുമാറാകുന്നതെന്ന്‌ നാം അറിയുക പതിവുമില്ല. തൽക്കാലത്തേയ്ക്ക്‌ നിൽക്കക്കള്ളി ഇതായതിനാലാണ്‌ ഇതു ചെയ്യുന്നതെന്നാൽ നാം നമ്മോടുതന്നെ പറയുന്ന ന്യായം.
    എന്നാലോ, ഈ പോംവഴി തെരഞ്ഞെടുക്കുമ്പോൾ നാം സത്യത്തിൽ മനഃശാന്തിയിലേക്കുള്ള ജീവപരിണാമത്തിൽ പല പടികൾ കീഴോട്ടിറങ്ങുകയാണ്‌. പരിപൂർണമായ ശാന്തിയും ആനന്ദവും ഏറ്റവും  വിസ്തൃതമായ ഐഡന്റിറ്റിയുമായി താദാത്മ്യം പ്രാപിക്കുന്നതിലാണ്‌. ആ വഴിയിലേക്കാണ്‌ നമ്മുടെ സ്വാഭാവികമായ പരിണതിയും. ആകർഷണശക്തികൂടുതൽ പക്ഷെ സങ്കുചിത വ്യാപ്തമുള്ള ഐഡന്റിറ്റികൾക്കാണ്‌.
    ഓരോതവണതെറ്റായ തീരുമാനം എടുക്കുമ്പോഴും ആ ചെയ്തി നമ്മുടെ ജീവനിൽ ഒരു ശീലം മുദ്രിതമാക്കാൻ ഇട വരുത്തുന്നു. ഇതിനെയാണ്‌ വാസന എന്നു പറയുന്നത്‌. ഈ മുദ്രകളെയാണ്‌ നേരായ ആനന്ദമന്വേഷിക്കുന്നവർ അതിജീവിക്കേണ്ടത്‌. അതിനാലാണ്‌ വരുംവരായ്കകൾ നോക്കാതെ വേണം കർമം ചെയ്യാൻ എന്ന ഉപദേശം. അടുത്ത കാൽവെപ്പ്‌ കുഴിയിലേക്കാണോ അല്ലയോ എന്നു നോക്കേണ്ടതില്ല എന്നല്ല വിവക്ഷ. തീർച്ചയായും നോക്കണം. അതോടൊപ്പം പക്ഷേ നോക്കാനുള്ളത്‌ ഞാൻ പോകുന്നത്‌ എവിടേയ്ക്കാണ്‌ എന്നു കൂടി ആണ്‌.
    തൽക്കാലത്തേക്കുള്ള സന്തോഷം കരുതി ഞാൻ എന്നേയ്ക്കുമുള്ള ആനന്ദത്തെ അവഗണിക്കാനാണോ പുറപ്പാട്‌ എന്നതാണ്‌ ചോദ്യം. ഈ ചോദ്യത്തിന്‌ ശരിയായ ഉത്തരം കിട്ടാൻ രണ്ടു കാര്യങ്ങൾ ഒക്കണം. ഒന്ന്‌, എന്റെ അകത്തെ എല്ലാ ഐഡന്റിറ്റികളെ കുറിച്ചും ഞാൻ അറിഞ്ഞിരിക്കണം. ഇവയുടെ താരതമ്യം വ്യാപ്തിയും നിശ്ചയമുണ്ടാകണം. ഏത്‌ യോഗിയുടെയും ഒരു ഐഡന്റിറ്റിയും നശിക്കുന്നില്ല എന്ന സത്യം നാം മറന്നുകൂടാ. പൂർവാശ്രമത്തിലെ ജാതിയും മതവും കെട്ടുപാടുകളും സങ്കുചിത താത്പര്യങ്ങളും അദ്ദേഹത്തിൽ അതേപടി നിലനിൽക്കുന്നു. അവയെ അല്ല ആശ്രയിക്കേണ്ടത്‌ എന്ന ഉറച്ച അറിവും പരിചയവും അദ്ദേഹത്തിനുണ്ടെന്ന വ്യത്യാസമേഉള്ളൂ. നഷ്ടപ്പെടാൻ ഇഷ്ടമില്ലാത്ത ദുഷ്ടവികാരങ്ങൾ ഉടൽ വീഴുവോളും അകത്തിരിപ്പുണ്ട്‌. ഉണ്ടെന്ന അറിവും അവയെ കൈകാര്യം ചെയ്യാനുള്ള കഴിവുമാണ്‌ യോഗിയെ യോഗിയാക്കുന്നത്‌.
    ഇതു യോഗികളുടെ കാര്യമല്ലേ നമുക്കുണ്ടോ സാധിക്കുന്നു എന്നുതോന്നേണ്ടതില്ല. നാമെല്ലാം യോഗികളാണ്‌. ഏത്‌ ഐഡന്റിറ്റിയുടെ തണലിലാണ്‌ നാം നിലയുറപ്പിച്ചിരിക്കുന്നത്‌ എന്നതിനനുസരിച്ച്‌ നമുക്ക്‌ പുരോഗതിയുമുണ്ട്‌. ഒരിക്കൽ ഒരൽപ്പം പുരോഗതി ഉണ്ടായാൽ അത്‌ ഒരിക്കലും നഷ്ടപ്പെടുകയും ഇല്ല. സങ്കുചിതമായ ഒരു ഐഡന്റിറ്റിയുടെ പത്തി അകത്തു പൊങ്ങുമ്പോൾ വിളയാട്ടേ വേണ്ടമ്മാമാ, ആളറിയാം എന്നു പറയാൻ കരുത്തുണ്ടാവുകയേ വേണ്ടൂ.
    നമ്മുടെ ഐഡന്റിറ്റിയുടെ വ്യാപ്തി വളരുന്തോറും നമ്മുടെ ഭയത്തിന്റെ അളവു കുറയും. കാരണം. ആ വ്യാപ്തത്തിനകത്തുള്ളതൊന്നും പിന്നെ നമ്മെ ഭയപ്പെടുത്തുകയില്ല അതിൽ ഒന്നിൽ നിന്നും നാം അന്യമല്ലല്ലോ. സ്വന്തം അവയവത്തെ എന്തിനു പേടിക്കണം? വ്യാപ്തം പരമാവധിയാകുന്നേരം ഭയം പൂർണമായും നീങ്ങും, രണ്ടായാലേ ഇണ്ടലുള്ളുവല്ലോ അവയാണ്‌ ഭയം ദ്വയാത്‌ ഭയം ഭവതി എന്നു ശ്രീശങ്കരൻ സംശയമില്ലാതെ വിധിക്കുന്നത്‌ അടിസ്ഥാനമില്ലാതെയല്ല.
    ധൈര്യമാണ്‌ സന്തോഷത്തിന്റെ അടിത്തറ. പേടിക്കുന്നവന്‌ മറ്റെന്തുണ്ടായാലും മനം മറന്ന ആനന്ദം സാധിക്കില്ല. സന്തോഷം ഉണ്ടാകാനാണല്ലോ മനുഷ്യരായ മനുഷ്യരൊക്കെ ഇക്കണ്ടപാടൊക്കെ പെടുന്നത്‌. ധൈര്യം എന്നത്‌ ഭയത്തിന്റെ അഭാവമല്ലാതെ മറ്റൊന്നുമല്ലതാനും. മറക്കാതിരിക്കേണ്ട കാര്യം ഒരു സ്വത്വത്തിന്റെയും നിഷേധമല്ല അഭികാമ്യം എന്നതാണ്‌ ഏറ്റവും സങ്കുചിതമായി എനിക്കുള്ള സവിശേഷത ഏറ്റവും വിസ്തൃതമായ ഐഡന്റിറ്റിയിൽ എന്നെ എത്തിക്കാനും നിലനിർത്താനും പലപ്പോഴും സഹായിക്കും. ഒരുത്തന്‌ പാട്ടുപാടാനോ നൃത്തം ചെയ്യാനോ എഴുതാനോ അഭിനയിക്കാനോ ഒക്കെ ഉള്ള കഴിവ്‌ ഉദാഹരണം. അതുതന്നെ മറ്റ്‌ സങ്കുചിതത്വങ്ങളെ അതിജീവിക്കാൻ അവനെ സഹായിക്കുന്നു. അതായത്‌, നമ്മളിൽ കളയാൻ ഒന്നുമില്ല. ഉള്ളതെല്ലാം മോചനത്തിനുള്ള മരുന്നാണ്‌. ഏത്‌ എപ്പോൾ ശീലിക്കണമെന്ന വകതിരിവാണ്‌ ആർജിക്കാനുള്ളത്‌. എന്തിനെ എവ്വിധം അടുക്കി ഒതുക്കി നിർത്താമെന്ന മൃഗശിക്ഷണവിദ്യയും പഠിക്കാനുണ്ട്‌. ഇതു സാധിച്ചാൽ ഒരു ഇല്ലത്തുനിന്നും പോകാതെ ഏത്‌ അമ്മാത്തും നമുക്കെത്താം. അല്ലെങ്കിൽ ഇല്ലത്തു നിന്നു പോന്നു അമ്മാത്തൊട്ട്‌ എത്തിയുമില്ല എന്ന വിഷമാവസ്ഥയിൽ നടുവിൽ നട്ടം തിരിഞ്ഞ്‌ ഹലാക്കിലാവുകയേ ഗതിയുള്ളൂ.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ