37 തെങ്ങിൽ നിന്ന്‌ ഗോപിക്ക്‌ ലഭിച്ചതു - 1,20,000
ആബെ ജേക്കബ്‌

അഞ്ചു തലമുറകൾ മുമ്പ്‌ തമിഴ്‌നാട്ടിലെ മധുരയിൽ നിന്ന്‌ പാലക്കാട്‌ ജില്ലയിലെ ചിറ്റൂർ  പുതുശേരി  വിളയോടി ഗ്രാമത്തിലേയ്ക്ക്‌ കാർഷിക വൃത്തിയുമായി വന്ന പുത്തൻവീട്ടിൽ സ്വാമിനാഥൻ മന്നാടിയാരുടെ മകൻ ഗോപിനാഥൻ പഠിച്ചതു എൻജിനിയറിങ്‌ ആണ്‌. പക്ഷെ തലമുറകളായി തുടർന്നു വന്ന കൃഷിയിൽ തന്നെയാണ്‌ ഗോപിയുടെയും മനസ്‌ മുഴുവൻ.  പെരുമാട്ടി നാളികേര ഉത്പാദക ഫെഡറേഷന്റെ കീഴിലുള്ള വിളയോടി സംഘാംഗമായ ഗോപി മികച്ച നാളികേര കർഷകനാണ്‌. കുടുംബ വകയായി 30 ഏക്കർ തെങ്ങിൻ തോപ്പാണ്‌ ഉള്ളത്‌. നാൽപത്തിനാലുകാരനായ ഗോപി ഭാര്യക്കും മക്കൾക്കുമൊപ്പം പാലക്കാട്‌ നൂറണിയിലുള്ള തൊണ്ടികുളം ഗ്രാമത്തിൽ ആണ്‌ സ്ഥിര താമസമെങ്കിലും ആഴ്ച്ചയിൽ രണ്ടു വട്ടം പുതുശേരിക്ക്‌ പോകും. അഛനും അമ്മയും അവിടെയാണ്‌. മാത്രമല്ല, കൃഷിയിടത്തിലെ കാര്യങ്ങൾ വേണ്ടവിധം നടക്കുന്നുണ്ടോ എന്ന്‌ അറിയുകയും വേണം. തോട്ടത്തിലെ ജോലികൾക്ക്‌ മേൽ നോട്ടം വഹിക്കാൻ അഞ്ച്‌ സ്ഥിരം സൂപ്പർവൈസർമാർ ഉണ്ട്‌. എന്നാലും ആഴ്ച്ചയിൽ രണ്ടുവട്ടം ഗോപി തോട്ടത്തിൽ എത്തും.
കൃഷി മാത്രമല്ല ഗോപിയുടെ ഇഷ്ടങ്ങൾ. ഗോപി തന്റെ തെങ്ങിൻ തോട്ടത്തിൽ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി ഫാം ടൂറിസം കൂടി നടപ്പാക്കിവരികയാണ്‌.  ഫാം ഹൗസിന്റെ നിർമ്മാണം പൂർത്തിയായി. അടുത്ത ഘട്ടമായി കോട്ടേജുകൾ നിർമ്മിക്കും. അതിനു മുമ്പ്‌ തെങ്ങിനിടയിൽ വിവിധ ഇടവിളകളും മറ്റും കൃഷിചെയ്ത്‌ വിള വൈവിധ്യവത്ക്കരണം നടത്തി. കൊക്കോ, വാഴ, പച്ചക്കറികൾ, കുരുമുളക്‌, മത്സ്യകൃഷി, സങ്കര ഇനം മാവുകൾ തുടങ്ങിയവയെല്ലാം ആദായം നൽകി തുടങ്ങി. നാലു വർഷമായി ഗോപി തെങ്ങിൻ പുരയിടത്തിൽ  ഇത്തരത്തിലുള്ള പരിചരണ മുറകൾ അനുവർത്തിച്ചു തുടങ്ങിയിട്ട്‌.   തോട്ടത്തിനുള്ളിൽ തന്നെയാണ്‌ തറവാട്‌വീടും.
മൂപ്പത്‌ ഏക്കർ തെങ്ങിൻ പുരയിടം ഗോപിയുടെയും അനുജൻ സതീഷിന്റെയും കൂടിയാണ്‌. സതീഷ്‌ വിദേശത്താണ്‌. ഇപ്പോൾ എല്ലാം കൂടി 600 തെങ്ങുകൾ ഉണ്ട്‌. മിക്കവാറും എല്ലാം 15 വർഷം പ്രായമായവ. സാധാരണ ഗതിയിൽ ചിറ്റൂർ മേഖലയിൽ തെങ്ങ്‌ കൊതുമ്പു പൊട്ടിയാലുടൻ കള്ള്‌ ചെത്താൻ കൊടുക്കുകയാണ്‌ കൃഷിക്കാരുടെ ശീലം. നാളികേരത്തിൽ നിന്നുള്ള വരുമാനം തുഛമായിരുന്ന സമയത്ത്‌ ഈ ശീലം വ്യാപകമായിരുന്നു. പക്ഷെ ഗോപിയുടെ തോട്ടത്തിൽ ഒറ്റ തെങ്ങു പോലും കള്ളു ചെത്താൻ ഇതുവരെ കൊടുത്തിട്ടില്ല.   തെങ്ങു ചെത്തി കള്ളു വിറ്റുള്ള ആദായം വീട്ടിൽ വേണ്ട എന്നതാണ്‌ അഛന്റെ തീരുമാനം. അത്രയ്ക്ക്‌ കണിശക്കാരനാണ്‌ സ്വാമിനാഥൻ. അതെ വഴിയാണ്‌ ഗോപിയും സ്വീകരിച്ചതു.
നാളികേര വികസന ബോർഡിന്റെ കീഴിൽ വിളയോടി കേന്ദ്രമായി ഉത്പാദക സംഘം രൂപീകൃതമായപ്പോൾ ഗോപിയുംഅതിൽ അംഗമായി. പിന്നീട്‌ പെരുമാട്ടി ഫെഡറേഷന്‌ നീര ഉത്പാദനത്തിന്‌ ലൈസൻസ്‌ ലഭിച്ചപ്പോൾ കമ്പനി അധികൃതർ ഗോപിയെ സമീപിച്ച്‌ നീര ചെത്തുന്നതിന്‌ തെങ്ങുകൾ വിട്ടു നൽകാൻ അഭ്യർത്ഥിച്ചു. പക്ഷെ  അഛൻ സമ്മതിച്ചില്ല.  ചെത്താൻ തെങ്ങ്‌ നൽകണ്ട എന്നതായിരുന്നു  അദ്ദേഹത്തിന്റെ  കർക്കശ നിലപാട്‌. കള്ള്‌ ഉത്പാദനത്തിനല്ല തെങ്ങു നൽകുന്നത്‌ നീര ഉത്പാദിപ്പിക്കാനാണ്‌  എന്ന്‌  അഛനെ പറഞ്ഞ്‌ ബോധ്യപ്പെടുത്താൻ നീരയെക്കുറിച്ച്‌ വിശദമായ ഒരു സ്റ്റഡിക്ലാസ്‌ തന്നെ വേണ്ടി വന്നു എന്ന്‌ ഗോപി.
അങ്ങനെയാണ്‌ കഴിഞ്ഞ ഏപ്രിൽ മാസം മുതൽ 40 തെങ്ങുകൾ നീര ഉത്പാദനത്തിന്‌ വിട്ടു നൽകിയത്‌. ഇതിൽ മൂന്നെണ്ണം ഉപേക്ഷിച്ചു. ബാക്കി 37 തെങ്ങിൽ നിന്ന്‌ നല്ല അളവിൽ നീര ലഭിക്കുന്നുണ്ട്‌. ശരാശരി പ്രതിദിന നീര ഉത്പാദനം 60 ലീറ്ററാണ്‌.  ഗോപിയുടെ തോട്ടത്തിലെ ഒരു തെങ്ങിൽ നിന്ന്‌ ശരാശരി ഉത്പാദനം വർഷം 80 നാളികേരമാണ്‌. രണ്ടു മാസം കൂടുമ്പോൾ 16000 രൂപയായിരുന്നു 600 തെങ്ങിൻ നിന്നുള്ള മൊത്ത വരുമാനം. ഇപ്പോൾ നീര ടാപ്പിങ്ങിലൂടെ ഒരു തെങ്ങിൽ നിന്ന്‌ മാത്രം  മാസം 3500  രൂപ ലഭിക്കുന്നു. കഴിഞ്ഞ മാസം ഗോപിയുടെ 37 തെങ്ങുകളിൽ നിന്ന്‌ 4500 ലിറ്റർ നീരയാണ്‌ ഉത്പാദിപ്പിച്ചതു. പാലക്കാട്‌ ഉത്പാദക കമ്പനിയുടെ കീഴിൽ കഴിഞ്ഞ മാസം ഏറ്റവും നീര ഉത്പാദിപ്പിച്ചതു ഈ കർഷകന്റെ തെങ്ങുകളിൽ നിന്നാണ്‌. പെരുമാട്ടി ഫെഡറേഷന്റെ മാനേജർ അനീഷിനാണ്‌ നീര ഉത്പാദനത്തിന്റെ മേൽ നോട്ടം. മൊത്തം എട്ട്‌ ടെക്നീഷ്യന്മാരാണ്‌ ഈ തോട്ടത്തിൽ നീര ടാപ്പിങ്ങിൽ ഏർപ്പെട്ടിരിക്കുന്നത്‌.
കഴിഞ്ഞ അഞ്ച്‌ വർഷമായി ഗോപി തന്റെ തോട്ടം നന്നായി പരിപാലിക്കുന്നു. തോട്ടം മൊത്തം കമ്പിവേലിയിട്ട്‌ സംരക്ഷിക്കുന്നു. ജലസേചനത്തിന്‌ ഡ്രിപ്പ്‌ ഇറിഗേഷനാണ്‌. ജൈവവളമാണ്‌ തെങ്ങുകൾക്കു നൽകുന്നത്‌. പ്രധാനമായും കാലിവളം ശരാശരി 50 കിലോഗ്രാം വീതം. മുഖ്യ ഇടവിള കൊക്കോയും കുരുമുളകുമാണ്‌.  ജില്ലയിലെ തന്നെ ഏറ്റവും മികച്ച കൊക്കോ തോട്ടമാണ്‌ ഗോപിനാഥിന്റേത്‌.
പാലക്കാട്‌ കമ്പനിയുടെ കീഴിൽ ജോലി ചെയ്യുന്ന സുരേഷാണ്‌ ഗോപിയുടെ തോട്ടത്തിലെ ഒരു നീര ടെക്നീഷ്യൻ. നീര ഉത്പാദിപ്പിച്ചതിന്‌ ഈ കഴിഞ്ഞ മാസം പാലക്കാട്‌ കമ്പനിയിൽ നിന്ന്‌ ഏറ്റവും  കൂടുതൽ വേതനം കൈപ്പറ്റിയത്‌  ഇദ്ദേഹമാണ്‌. 30000 രൂപ.
സുരേഷ്‌ മുമ്പ്‌ കള്ളുചെത്ത്‌ തൊഴിലാളിയായിരുന്നു. 12 വർഷത്തോളം ആ തൊഴിലിൽ തുടർന്നു. പെരുമാട്ടി പഞ്ചായത്ത്‌ പ്രസിഡന്റിന്റെ പ്രേരണ മൂലമാണ്‌ നീര ടെക്നീഷ്യനായത്‌. മുതലമടയിൽ ആയിരുന്നു ആദ്യ പഠനം.  പെരുമാട്ടിയിൽ മുൻ എംഎൽഎ കൃഷ്ണൻകുട്ടിയുടെ തോട്ടത്തിലായിരുന്നു പരിശീലനം. ഇപ്പോൾ ഗോപിയുടെ തോട്ടത്തിലാണ്‌ ജോലി. 12 തെങ്ങുകളാണ്‌ സുരേഷ്‌ ടാപ്പു ചെയ്യുന്നത്‌. ദിവസം 40- 60 ലിറ്റർ നീരയാണ്‌ ഉത്പാദനം.
നീര ടെക്നീഷ്യന്റെ ജോലിയിൽ താൻ വളരെ സംതൃപ്തനാണ്‌ എന്ന്‌ ഗോപി പറഞ്ഞു. വിളയോടിയിൽ തന്നെയാണ്‌ സുരേഷിന്റെയും വീട്‌. വീട്ടിൽ നിന്ന്‌ അര കിലോമീറ്ററേയുള്ളു ജോലി സ്ഥലത്തേയ്ക്ക്‌. രാവിലെ ഏഴു മണിക്കു തന്നെ ഗോപി തോട്ടത്തിലെത്തി നീര ശേഖരണവും ടാപ്പിങ്ങും തുടങ്ങും. സഹായിക്കാൻ ഒരാളുണ്ട്‌. പത്തു മണിയോടെ രാവിലത്തെ ജോലികൾ അവസാനിക്കും. വൈകിട്ട്‌ നാലിന്‌ ടാപ്പിംങ്ങ്‌ തുടങ്ങിയാൽ ആറിന്‌ അവസാനിക്കും. കള്ളു ചെത്ത്‌ ആയിരുന്നപ്പോൾ മൂന്നു നേരവും തെങ്ങിൽ കയറണമായിരുന്നു. ഇപ്പോൾ അതില്ല. ജോലി എളുപ്പമാണ്‌.
വീട്ടിൽ സുരേഷിന്‌ അഛനും അമ്മയും സഹോദരങ്ങളുമുണ്ട്‌. വിവാഹിതനാണ്‌. ഭാര്യ വീട്ടമ്മ. ഒരു മകൻ. ഒരേക്കർ സ്ഥലമുണ്ട്‌. അഛൻ അവിടെ കൃഷിപ്പണികൾ നടത്തുന്നു. ലഭിക്കുന്ന ശമ്പളത്തിൽ നിന്ന്‌ പണം സ്വരുക്കൂട്ടി ഒരു വീട്‌ വയ്ക്കണം. അതാണ്‌ സുരേഷിന്റെ സ്വപ്നം.
പെരുമാട്ടിയിലെ തെങ്ങുകൾ പൊതുവെ ആരോഗ്യമുള്ളവയാണ്‌ എന്നാണ്‌ സുരേഷിന്റെ അഭിപ്രായം. എന്നാലും ഡിഃടി ഇനങ്ങളിൽ നിന്നാണ്‌ പെട്ടെന്ന്‌ നീര ലഭിക്കുന്നത്‌. ഒരു തെങ്ങിൽ നിന്നു  ദിവസം 5- 6 ലിറ്റർ വരെ ലഭിക്കും. നല്ല മധുരമുള്ള നീരയാണ്‌ ഈ മേഖലയിലെ തെങ്ങുകളുടെ പ്രത്യേകത എന്നും സുരേഷ്‌ അഭിപ്രായപ്പെട്ടു. പരിശീലന കാലത്ത്‌ ലഭിച്ച അറിവുകളും നിർദ്ദേശങ്ങളും ആണ്‌ ജോലിയിൽ ഏറ്റവും സഹായകം. ഇതിൽ തന്നെ വൃത്തിയുടെ പാഠങ്ങളാണ്‌ പരമ പ്രധാനമെന്ന്‌ സുരേഷ്‌ കരുതുന്നു.

തയാറാക്കിയത്‌ : ആബെ ജേക്കബ്‌

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ