19 Jul 2015

നമുക്ക് 'സ്വന്തം' വീട് തന്നെ വേണോ ?




                      സലോമി   ജോണ്‍ വത്സൻ
‘’HOUSES ARE BUILT TO LIVE IN  , MORE THAN TO LOOK AT IT ; THEREFORE
LET USE BE PREFERED BEFORE  UNIFORMITY , EXCEPT WHERE BOTH MAY HE
HAD.’’    FRANCIS BACON.

ഏകദേശം മുപ്പതു വർഷം മുൻപ് വരെ  ഒരു മനുഷ്യായുസ്സു കഴിച്ചു
കൂട്ടിയിരുന്നത്   ഒരേ വാസസ്ഥലത്താണ്,കൂട്ടുകുടുംബത്തിൽ. നമ്മുടെ
സാഹിത്യത്തെ സമ്പന്നമാക്കിയതിൽ , ഈ വ്യവസ്ഥിതിയിൽ ജന്മമെടുത്ത അസംതൃപ്തി
 വലിയ പങ്ക് വഹിച്ചു.     എന്നാൽ കൂട്ടുകുടുംബം വ്യക്തി എന്ന നിലയിലുള്ള
മനുഷ്യന്റെ വികാസത്തിന് തടസ്സമാണെന്നു കണ്ടെത്തിയപ്പോഴാണ് അണു കുടുംബങ്ങൾ
കൊണ്ട് ദേശങ്ങൾ സമ്പുഷ്ടമായത്.
ഇന്നു മനുഷ്യൻ പല ദേശങ്ങളിലേക്കും മാറി പാർക്കുന്നു. കാരണങ്ങൾ നിരവധി.
ആദിമ മനുഷ്യനും ആധുനിക മനുഷ്യനും ജീവിതായോധനതിനു വേണ്ടിത്തന്നെയാണ്
പലയിടങ്ങളിലേക്കും മാറി പാർതിരുന്നത്.
 ‘’MY   PRECEPT  TO ALL WHO BUILD , IS THAT THE OWNER SHOULD BE AN
ORNAMENT TO THE HOUSE, AND NOT THE HOUSE TO THE OWNER.’’    CICERO.

വാടക വീടിന്റെ ഏറ്റവും വലിയ പ്രശ്നം പതിനൊന്നു മാസത്തെ താമസ കരാറാണ്.
വീട്ടുടമയ്ക്ക്  വാടകക്കാരനെ  തൃപ്തി ആയില്ലെങ്കിൽ  വീടൊഴിയുകയേ
നിവൃത്തിയുള്ളൂ. അതൊരു ദുരിതമാണ്. ഓരോ പതിനൊന്നു മാസവും കെട്ടും
ഭാണ്ഡവുമായി പുതിയ കൂട് തിരക്കി പായുക. ദീർഘകാലം ഒരേ  വാടക വീട്ടിൽ
താമസിക്കാൻ കഴിയുന്നവർ വിരളം. അത് വീട്ടുടമയെയും താമസക്കാരനെയും
ആശ്രയിച്ചിരിക്കും. . മനുഷ്യൻ തന്റെ ജീവിത
പ്രവാഹത്തിൽ തടയണ തീർക്കുന്ന ഇടം ,വീട്...ചിലർക്ക് അത് പൂർവികരുടെ
ദാനമായി കിട്ടുന്നു. അവർ നിത്യതയിലേക്ക് മറഞ്ഞപ്പോൾ  പിൻഗാമികൾക്ക്
നൽകിയതു .ഇവർ വീട് എന്ന ജീവസാന്നിധ്യം പരമ്പരാഗതമായി അനുഭവിക്കുമ്പോൾ,
ഭൂമിയിൽ 'സ്വന്തം' ഇടമില്ലാത്തവർ അഭയം തേടുന്നത് തെരുവോരങ്ങളുടെ ഇത്തിരി
പോന്ന ഇടങ്ങളിലാണ്. അന്തിയുറങ്ങാൻ, പട്ടിണിയുടെ വറുതിയിൽ ഉറക്കം
നഷ്ടപ്പെട്ടു ചുരുണ്ട് കൂടാൻ അവർക്കു കിടക്കയും മേലാപ്പും ഒരുക്കുന്നത്
കടത്തിണ്ണകളും അവയുടെ   സണ്‍ഷേഡുകളും .
അടഞ്ഞ ഷട്ടറുകൾക്ക്   മുന്നിൽ അവർ രാവുറക്കത്തിനായ് വീടൊരുക്കുന്നു.
പഴകിയ പത്ര താളുകളും കീറ തുണികളും ഹാഡ് ബോഡും കൊണ്ട് കിടക്ക തീർക്കുന്നു.
എന്തിനു സ്വീവെജ്/ഡ്രെയിനേജ് പൈപ്പുകൾ പോലും വീടില്ലാത്ത്തവർ വീടാക്കി
മാറ്റുന്നു.
''സ്വന്തമായി ഒരു വീട് വേണം ''എന്ന് പറയുന്നത് സർവ സാധാരണം .  എന്നാൽ
''എന്തിനു സ്വന്തം വീട്'' എന്ന് ചോദിക്കുന്ന , ചിന്തിക്കുന്ന ഒരു വിഭാഗം
കൊച്ചിയിലെ മട്ടാഞ്ചേരിയിലുണ്ട് .   ഗുജറാത്തികൾ-നൂറു കണക്കിന്  വർഷം
മുൻപ് ഇവിടെ ചേക്കേറിയ ജനത. മാസാമാസം കൃത്യമായി വാടക കൊടുക്കാൻ
കഴിയുമെങ്കിൽ വാടക വീട് എത്ര സുന്ദരം. അറ്റകുറ്റപ്പണികൾ  വീട്ടുടമ നോക്കും...
ഇവരിൽ ഭൂരിഭാഗവും സമ്പന്നരാണ്. പക്ഷെ വീട് പണിതു കാശ് 'ഡെഡ് മണി '
യാക്കാൻ ഇവർ  തയ്യാറല്ല. മലയാളിയുടെ മുണ്ട് വരിഞ്ഞു മുറുക്കി കടം
കൊണ്ട് മാലോകരെ കാണിച്ചു പൊങ്ങച്ചം കാട്ടാൻ വീട് വെച്ച്
കടക്കെണിയിലാകുന്ന മണ്ടൻ സംസ്കാരം ഗുജറാത്തികൾക്കില്ല.
അവരിൽ ബഹുഭൂരിപക്ഷവും പതിറ്റാണ്ടുകളായി ഒരേ വാടക വീട്ടിൽ കഴിയുന്നു
എന്നതാണ് അദ്ഭുതം.
ഈ വീടുകളുടെ ഉടമകളും ഗുജറാത്തികളാണെന്നതാണ് രസകരം. ഇവർ അത്രയ്ക്ക്
ഇഴയടുപ്പമുള്ള സമൂഹമാണ് .
വാടക വീടിനുള്ള പരിമിതികൾ പലതാണ്. എങ്കിലും അതിനു എടുത്തു പറയത്തക്ക ചില
ഗുണങ്ങളുമുണ്ട്. സ്വന്തം വീട് നമ്മെ പലപ്പോഴും അതിൽ ജീവിതകാലം മുഴുവൻ
തളച്ചിടുമ്പോൾ വാടക വീടിനു ആ പ്രശ്നം  ഇല്ല. നമുക്ക് എപ്പോൾ വേണമെ ങ്കിലും
വേണ്ടെന്നു വെയ്ക്കാം. ഇഷ്ടപ്പെട്ടിടത്തേക്ക്  മാറാം.
വാടക വീടുകൾ അറ്റകുറ്റം തീർക്കേണ്ട   ആവശ്യം ഇല്ല.
 മറ്റൊന്നിലും  ആശങ്ക  വേണ്ട. പുതിയ പുതിയ ദേശങ്ങളിൽ താമസിക്കാം.  അവിടം
മടുത്താൽ മറ്റൊരിടത്തേയ്ക്ക്. സ്വന്തം വീടായാൽ അടിക്കടി മാറുവാനോ
പൊളിച്ചു പണിയാനോ പറ്റുമോ ?

''മരിക്കുന്നത് വരെ കയറി കിടക്കാൻ , ഉണ്ണാൻ, ഉറങ്ങാൻ, ഇതിനൊക്കെ ഒരു  അഭയ
 സ്ഥാനം വേണം. അതാണ് വീട് . പക്ഷെ അത് സ്വന്തം ആയിരിക്കണമെന്ന് യാതൊരു
പിടിവാശിയുമില്ല.'' ഫോർട്ടുകൊച്ചിയിലെ അതിപുരാതനവും  സമ്പന്നവുമായ
പാദുവ കുടുംബത്തിലെ ശ്രീ ജോണ്‍  ജോബ് പറയുന്നു.
കൊട്ടാരം പോലെ നീണ്ടു കിടക്കുന്ന തറവാട്ടിൽ നിന്നും വളരെ ഒതുക്കത്തിലുള്ള
 വാടക വീട്ടിലേക്കു താമസം മാറ്റിയതിനു കാരണങ്ങൾ നിരവധി. ''ഇപ്പോൾ വാടക
വീട്ടിൽ ജീവിതം സുന്ദരം. ഇഷ്ടപ്പെട്ട ദേശത്ത് നല്ല ചുറ്റുപാടിൽ ഏകദേശം
നാല് വർഷമായി ഒരേ വാടക വീട്ടിൽ കഴിയുന്നു. പലയിടത്തുമായി വാങ്ങിയിട്ട
ഭൂമി കിടപ്പുണ്ട് .അവിടെ വീട് പണിയണമെന്ന മോഹമൊന്നും ഇതുവരെയില്ല.''

ജോലി നഗരത്തിലാണെങ്കിൽ ആ പരിസരങ്ങളിലായി വീട് കണ്ടുപിടിക്കേണ്ടി വരും.
പലരും ഇത്തരം സാഹചര്യങ്ങളിൽ സ്വന്തം വീട് വാടകയ്ക്ക് കൊടുത്തു കൊണ്ട്
നഗരത്തിൽ ചേക്കേറുന്നു. ഇവിടെ വാടക ഏറും.  പക്ഷെ ജീവിത സൌകര്യങ്ങൾ
മെച്ചപ്പെട്ടതാണ്.
ജീവിത  ശൈലിയിലെ  മാറ്റങ്ങളിൽ ഉണ്ടായ പുതുമകൾ ഇല്ലാതെ ജീവിക്കുവാൻ ഇന്നു
അറുപതു കഴിഞ്ഞവർക്ക് പോലും സാധിക്കുന്നില്ല . കാലം മനുഷ്യനെ അടി മുടി
മാറ്റത്തിന് വിധേയമാക്കിയിരിക്കുന്നു. .

നഗരവൽക്കരണം മനുഷ്യന്റെ പാർപ്പിടാവശ്യങ്ങൾക്ക് ഒരുപാട് പ്രാധാന്യം
നല്കുന്ന ഈ കാല ഘട്ടത്തിൽ ഫ്ലാറ്റുകൾ പെരുകി;. തൊഴിലവസരങ്ങൾ നഗരത്തിൽ
കൂടിയതോടെ. സ്വന്തം താല്പര്യങ്ങൾക്കപ്പുറം ജീവിതം വഴി മാറി. അനന്തമായ
ജീവിതാവശ്യങ്ങൾ ശ്വാസം മുട്ടിച്ചു കൊണ്ട് ജീവിതത്തെ ഞെരുക്കുന്നു.
എങ്കിലും ആരും പിന്തിരിയുന്നില്ല. അതാണ് ഹൈടെക് യുഗത്തിന്റെ പ്രത്യേകത.
നഗരത്തിന്റെ മോഹച്ചുഴിയിലേക്ക് ഓരോരുത്തരും ആഴ്ന്നിറങ്ങുന്നു.
നഗരം ആർക്കും അഭയം നല്കും, സ്വന്തം ഭാഗധേയം  തേടിയലയാം... പക്ഷെ തല
ചായ്ക്കാൻ ഒരിടം , ഒരു വീട് ഇവിടെയും പ്രശ്നമാകുകയാണ്. നഗര
മേന്മയില്ലാത്ത പ്രാന്ത ദേശങ്ങളിലെ പട്ടിക്കാട്ടിൽ കിടന്നിട്ടെന്തു നേടാൻ
ചെറുപ്പക്കാരും 50 കഴിഞ്ഞവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു.
പരിണാമം മനുഷ്യ മനസ്സിൽ, ജീവിത ചര്യയിൽ വരുത്തുന്ന ആശയപ്പെരുമ
ഓരോരുത്തരെയും വിഴുങ്ങുന്നു.  വീടുള്ളവനും ഇല്ലാത്തവനും വ്യാമോഹിതനാണ്.
നവീന സമൂഹം നമ്മെ കൈ പിടിച്ചു നയിക്കുന്നത് ഗഹനമായ സിദ്ധാന്തങ്ങളിലേക്കല്ല .
  ,   മറിച്ച് ഉപരിപ്ലവങ്ങളായ ജീവിതാസക്തികളിലേക്കാണ്.
ജീവിതകാലം മുഴുവൻ സര്ക്കാരാപ്പീസിലെ മനം മടുപ്പിക്കുന്ന മാറാല കെട്ടിയ,
ചോർന്നൊലിക്കുന്ന മുറിയിൽ ഗുമസ്ത പണി ചെയ്തു ഗ്രാറ്റുവിറ്റിയും
പ്രോവിടെൻ ഫണ്ടും ഒക്കെ സ്വരുക്കൂട്ടി പെൻഷൻ പറ്റിയ തുക കൊണ്ട് അറുപതാം
വയസ്സിൽ വീട് എന്ന സ്വപ്നം സാത്ഷാത്കരിക്കുന്ന കേരളീയന്റെ ജീവിതം എത്രയോ
മാറി……ചെറുതെങ്കിലും, രണ്ടു മുറിയെങ്കിലും    കയറി കിടക്കാൻ .. സ്വന്തമായി
  വേണമെന്ന്   പറഞ്ഞത്  നമ്മുടെ പഴയ തലമുറ....ആ കാഴ്ചപ്പാട് എന്നേ
മാറി .
ഇന്നു വാടക വീട്ടിൽ  അടിച്ചു പൊളിച്ചു ജീവിതം ആസ്വദിക്കുന്നതാണ് ശരിയായ
ജീവിതം എന്നു അവരുടെ മക്കൾ.
ഇഷ്ടമില്ലാത്തിടത്തുള്ള സ്വന്തം വീട്ടിൽ ജീവിതകാലം മുഴുവൻ
സെന്റിമെന്റ്സിന്റെ പേരിൽ  കഴിയുവാൻ പുതിയ തലമുറ തയ്യാറല്ല. സ്വന്തം വീട്
എന്ന ആശയം പഴഞ്ചനാണെന്നു പറയുന്ന യുവ ടെക്കികളും ഉണ്ട്.
ജീവിതം എവിടെയാണ് സ്മൂത്ത് ആയി കൊണ്ട് പോകാൻ കഴിയുന്നത് അവിടമാണ്
താമസത്തിന് തെരെഞ്ഞെടുക്കേണ്ടത്.   അവർ ഒത്തുതീർപ്പിനു  തയ്യാറല്ല.

യുവാക്കൾക്കും അല്ലാത്തവർക്കും ഒക്കെ വരുമാനം കൂടി. നഗരത്തിൽ അതിനൊപ്പം
ചെലവും കൂടുന്നുണ്ട്.
വാടകയുടെ കാര്യം പറയാനുമില്ല. എങ്കിലും കുഴപ്പമില്ല. നാട്ടിലെ വീട്ടിൽ
കിടന്നു മാതാപിതാക്കളുടെ ക്ഷേമം നോക്കി ജീവിതം മുരടിപ്പിക്കെണ്ടല്ലോ.
വാടക വീട്ടിൽ , ഫ്ലാറ്റിൽ ജീവിതം തകർപ്പനായി ആസ്വദിക്കാം.
        അത്യാവശ്യങ്ങൾ മാത്രം ആവശ്യമായിരുന്ന മനുഷ്യന് ആർഭാടങ്ങൾ
ആവശ്യത്തിന്റെ തലത്തിലെത്തിയതോടെ ജീവിത വീക്ഷണം കീഴ്മേൽ മറിഞ്ഞു. അവ
ഒഴിച്ച് കൂടാനാവാത്തതായി. വയസ്സായ പഴയ തലമുറയുടെ കൂടെ കഴിഞ്ഞാൽ മക്കളുടെ
ഭാവി ശരിയാവില്ല. നല്ല സ്കൂൾ നഗരത്തിലെ ഉള്ളൂ.

പക്ഷെ വർഷങ്ങൾക്ക് മുൻപ് കൊച്ചി ഭൂകമ്പ സാധ്യത കാട്ടിയപ്പോൾ, പലരും
'ഫ്ലാറ്റായി' .ഫ്ലാറ്റ് വിട്ടോടി . നാട്ടിലെ വീട്ടിലേക്കു. അപ്പോൾ
അവിടത്തെ അസൌകര്യങ്ങൾ അവർ മറന്നു.
ജീവനേക്കാൾ വലുതായി മറ്റെന്തുണ്ട്. അപ്പോൾ വയസ്സായ അച്ഛനമ്മമാർ കാത്തു
സൂക്ഷിച്ച അവരുടെ പഴംവീടിനു കുറ്റവും കുറവും ഇല്ലാതായി..ഭൂമി
കുലുക്കത്തിൽ ഫ്ലാറ്റ് ഇടിഞ്ഞു വീണാൽ തകരാവുന്ന ജീവിതം അവർക്കു
വിലപ്പെട്ടതായിരുന്നു. ജീവിതാസക്തി അവരെ പഴയ പിതൃ ഗൃഹത്തിന്റെ പടി
കയറ്റി. വീണ്ടും.
ജീവിതം അത്യാഗ്രഹങ്ങളുടെ പെരുക്ക പട്ടികയായി. വീട് ആർഭാടങ്ങളുടെ ആസ്ഥാന
കേന്ദ്രമായി. മിത വിനിയോഗം മറന്ന മനുഷ്യൻ, ലോകത്തെ വീടിനുള്ളിൽ
കുടിയിരുത്താൻ നോക്കി. പൊള്ളയായ ജീവിതം വീടിനുള്ളിൽ നിറഞ്ഞു.
സ്വന്തം അധ്വാനം കൊണ്ട് മനുഷ്യൻ സമ്പാദിക്കുന്നവയിൽ ആദ്യം മുതൽക്കോ ,
ദീർഘകാല ഉപയോഗം കൊണ്ടോ മനുഷ്യ ജീവിതത്തിനു പ്രധാനമായി തീർന്നവയെയാണ്
'ജീവിതാവശ്യങ്ങൾ' എന്ന വാക്ക് കൊണ്ട് താൻ അർത്ഥമാക്കുന്നതെന്നു 1854 ഇൽ
പ്രസിദ്ധീകരിച്ച ''വാൽഡൻ'' എന്ന കൃതിയിൽ [ കാനന ജീവിതം] പ്രശസ്ത
അമേരിക്കൻ എഴുത്തുകാരനും കവിയും ചിന്തകനുമായ   ഹെൻറി ഡേവിഡ് തോറോ
പറയുന്നു.

മനുഷ്യനെ കൊന്നു തിന്നുന്നതിന് പകരം മൃഗത്തെ കൊന്നു തിന്നുന്നതിലേക്കുള്ള
പരിണാമമാണ് മനുഷ്യൻ ,  സംസ്കാരമെന്ന് പറയുന്നതെന്നും ആദ്യ അധ്യായം
'മിത വിനിയോഗത്തിൽ'  പ്രഖ്യാപിക്കുന്നു.
 ''ഒരു തീവണ്ടി മുറി നിങ്ങള്ക്ക് ലഭിക്കുമ്പോൾ നിങ്ങൾ ഒരു വൻകര തന്നെ
ആഗ്രഹിക്കുന്നു. തീവണ്ടി മുറിയിലിരിക്കുന്നയാൾ ഒരു പട്ടണം
ആവശ്യപ്പെടുന്നു എന്നു 1873 ഇൽ ജീവിച്ചിരുന്ന ജോണ് ബറോസ് പറയുന്നു.

വീട് വിറ്റ പണം ബിസിനസ്സിൽ ഇറക്കുന്നവര്മുണ്ട്.  വീട് വിറ്റു പണം
ബാങ്കിലിട്ടു പലിശ കൊണ്ട് വാടക വീട്ടിൽ താമസിക്കുന്നവരും കുറവല്ല. പല
നാടുകളിൽ താമസിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ.
വാടക വീടുകൾ വെച്ച് പണം കൊയ്യുന്ന റിയൽ എസ്റ്റേറ്റ് ബിസിനസുകാരും
മുതലാളിമാരും കേരളത്തിൽ കൂടുന്നു.
വാടക കുതിച്ചുയരുകയാണ് , നഗരത്തിലും ഗ്രാമത്തിലും. അതിനനുസരിച്ച് പലരും
പണം ഏതു തരത്തിലും വാടക കൊടുക്കാനായി നേടുന്നുമുണ്ട്. ആരുടെ കഴുത്തിൽ
കത്തി വെച്ചാലും എങ്ങനെയും സ്വന്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ മലയാളി
മിടുക്ക് കാട്ടിക്കൊണ്ടെയിരിക്കുന്നു……
മനുഷ്യനും വീടും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നാം എങ്ങനെ അളക്കും.
എന്താണതിന്റെ മാനദണ്ഡം.
പ്രപഞ്ചം ഒരിക്കലും സ്ഥായിയായി നില നിന്നിരുന്നതും നില്ക്കുന്നതുമായ ഒരു
പ്രതിഭാസമല്ല,. ഉല്പത്തി , വികാസം, അന്ത്യം എന്നിങ്ങനെ പരിണാമം സംഭവിച്ചു
കൊണ്ടേയിരിക്കുന്നു.
നമ്മുടെ പൂർവികർ മരങ്ങളിലാണ് ജീവിച്ചിരുന്നതെന്ന് പറയുന്നു. അവിടെ
നിന്നും സമതലങ്ങളിലേക്ക് എത്തിയതോടെയാണ് മനുഷ്യന് പാർപ്പിടങ്ങൾ
ഉണ്ടായതെന്ന് അനുമാനിക്കുന്നു. കാട്ടു വള്ളികളും, ഇലകളും  മരച്ചില്ലകളും
മൃഗത്തോലും കൊണ്ട് മനുഷ്യൻ ആദ്യമായി വീട് പണിതു. കിടക്കാൻ പുൽ
മെത്തയുണ്ടാക്കി.

ജീവശാസ്ത്രപരമായി പരിണാമം ഉണ്ടായത് 5 ലക്ഷം കൊല്ലങ്ങൾക്ക് മുൻപാണെന്നു
പറയപ്പെടുന്നു, ഇന്നത്തെ മനുഷ്യന്റെ പിന്മുറകൾക്കു ഉണ്ടായ പരിണാമം
നമുക്ക് ചരിത്രമായി മാറുന്നു.  അന്നും മനുഷ്യൻ പക്ഷികളെ പോലെ ഒരു കൂട്
നിർമ്മിചിരുന്നു.ഇന്നു നാം കാണുന്ന വീടിന്റെ ചരിത്രം അവിടെ
തുടങ്ങുന്നു.
ഹോമറുടെ ഒഡിസിയിൽ  ട്രോജൻ   യുദ്ധം കഴിഞ്ഞു ഒഡിസിയസ് എന്ന യോദ്ധാവ്
പതിറ്റാണ്ടുകൾക്ക് ശേഷം തന്റെ വീട്ടിലേക്കു  മടങ്ങുന്നു. അയാൾ
വീട്ടിലേക്കുള്ള വരവിനു  അനുഭവിക്കുന്ന യാതനകൾ  അപാരമാണ്.
ജൂതരുടെ ഒരു ആശയമുണ്ട്. ‘’TESHUVA’’ , അതായത് മടക്ക യാത്ര ... നാം
മടങ്ങുന്നത് എവിടെയായിരുന്നാലും നമ്മുടെ വീട്ടിലെക്കാണ്. നാം ഭൂമിയിലെ വാടകക്കാരാണ്  .  വെറും വാടകക്കാർ……..
ലക്ഷങ്ങളും കോടികളും മുടക്കി നാം പണിതുയർത്തുന്ന ''സ്വന്തം'' വീട് പോലും
ഒരു ഇടത്താവളം മാത്രം,  ഒരു നൂറ്റാണ്ട് പോലും അതിൽ തികച്ചു ജീവിക്കാൻ
നമുക്കാവുന്നില്ലല്ലോ. അവിടം ഉപേക്ഷിച്ചുള്ള മടക്ക യാത്രയിൽ നാം പണിത
വീടിന്റെ പിൻഗാമിയാരെന്നു ഉറപ്പാക്കാൻ പോലും നമ്മിൽ പലര്ക്കും
കഴിയുന്നില്ലല്ലോ.............

''മനുഷ്യ നിർമിതമായ മറ്റെല്ലാ സ്ഥാപനങ്ങളുടെയും സെമിനാരിയാണ് വീട്.''
E.H CHAPIN.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...