അനുഭവങ്ങളുടെ പൊരുൾ


എം. തോമസ് മാത്യൂ
    എന്തൊരു തിരക്കാണ്‌ തീർത്ഥാടന കേന്ദ്രങ്ങളിലും രോഗശാന്തിമേളകളിലും ദൈവച്ചമയങ്ങളുടെ സന്നിധാനങ്ങളിലും! ആദ്ധ്യാത്മികത ഒരുതരം ലഹരിയായി, ഉന്മാദനൃത്ത കേളിയായി, ഉറഞ്ഞു തുള്ളലായി, പ്രകാശനം നേടുന്ന നവമത പ്രസ്ഥാനങ്ങളിലുമുണ്ട്‌ ഈ തള്ളിക്കയറ്റം. അവിടെ പ്രായേണ, ചെറുപ്പക്കാരാണ്‌ ഒത്തുകൂടുന്നതെന്നുമാത്രം. നല്ല ആരോഗ്യവും ചുറുചുറുക്കും ഉള്ളവർക്കേ അവിടത്തെ ആരാധനകളിൽ പങ്കുചേരാൻ കഴിയൂ എന്നതാവാം കാരണം. എന്നാൽ, തീർത്ഥാടന കേന്ദ്രങ്ങളിലേയും പുണ്യപുരുഷന്മാർ അനുഗ്രഹമുദ്രയിൽ സാന്നിദ്ധ്യം അരുളുന്നിടത്തും സ്ഥിതി അങ്ങനെയല്ല. അവിടെ പ്രായസ്ഥരും മദ്ധ്യവയസ്കരും ആൺപെൺ ഭേദമില്ലാതെ ഒഴുകിയെത്തുന്നു. തീർച്ചയായും അവിടെ നിന്ന്‌ മടങ്ങുന്നവർ താത്കാലികമായിട്ടെങ്കിലും ആശ്വാസം നേടുന്നുണ്ടാകണം; എന്തൊക്കെയോ ഭാരങ്ങൾ ഇറക്കിവച്ച്‌, ഞരമ്പുകളുടെ പിരിമുറുക്കം അയഞ്ഞ്‌ മടങ്ങാൻ കഴുയുന്നുണ്ടാകണം. കബളിപ്പിക്കപ്പെടുന്നു എന്ന വിചാരം അവർക്ക്‌ ഉണ്ടാകുന്നില്ലെന്ന്‌ തീർച്ചയാണ്‌. മനസ്സിന്റെ വേവലാതികൾ ഒഴിഞ്ഞു കിട്ടി. ഇനിയുള്ള രാവുകൾ നിദ്രാവിഹീനമാകേണ്ടതില്ല എന്ന സമാധാനം അവരുടെ പ്രതിഫലമാണ്‌. മിക്കവരെ സംബന്ധിച്ചും മതംകൊണ്ട്‌ നേടേണ്ടത്‌ ഇത്രമാത്രമാണ്‌. തിരക്കുപിടിച്ച ജീവിതം എന്തൊരുതരം അരക്ഷിതത്വമാണ്‌ കൊണ്ടു വന്നിരിക്കുന്നത്‌; ആകെ അശാന്തമായിരിക്കുന്നു, ജീവിതം. അനുനിമിഷം മനസ്സിന്റെ ഭാരം വർദ്ധിക്കുകയാണ്‌. ജീവിതം എന്ന ഓട്ടപ്പന്തയത്തിൽ തങ്ങൾ ലക്ഷ്യസ്ഥാനത്ത്‌ എത്തുമെന്ന്‌ യാതൊരു ഉറപ്പുമില്ല. അടുത്ത നിമിഷം തങ്ങളെ തള്ളി വീഴ്ത്തി ചവുട്ടി മെതിച്ചു മുന്നേറാൻ പാഞ്ഞുവരുന്നവരുടെ ആയംപിടുത്തം ഭീഷണിയായി ഒപ്പമുണ്ട്‌. ഉത്കണ്ഠകളും പരാജയ ഭീതിയും മരണഭയവും മേളിക്കുന്ന ഈ ജീവിതത്തിൽ എവിടെയെങ്കിലും വേണ്ടേ, സാന്ത്വനത്തിന്റെ ഒരു പച്ചത്തുരുത്ത്‌?
    ശരിയാണ്‌; ദുഃഖിതരും ഭാരം ചുമക്കുന്നവരുമേ എന്റെ അടുക്കൽ വരുവിൻ, ഞാൻ നിങ്ങളെ ആശ്വസിപ്പിക്കാം എന്ന്‌ ക്രിസ്തുനാഥനും പറഞ്ഞിട്ടുണ്ട്‌. എന്നാൽ, ആ സന്നിധി നിങ്ങൾക്ക്‌ തുള്ളി ഉറഞ്ഞ്‌ ഞരമ്പുകൾക്ക്‌ അയവു വരുത്താനുള്ളതായിരുന്നില്ല. അരിസ്റ്റോട്ടിലിന്റെ രാഷ്ട്രമീമാംസയിൽ മതോന്മാദത്തെ  (​‍ൃലഹശഴശീ​‍ി​‍െ ലിവ്ശെമ​‍ൊ)ക്കുറിച്ചു പറഞ്ഞിട്ടുണ്ട്‌. അനുഷ്ഠാനമായി നടത്തുന്ന നൃത്തഗീത പ്രകടനങ്ങൾ അതിന്റെ പ്രശമനം (ഗമഹവമൃശെ​‍െ) നിർവഹിക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്‌. അത്തരത്തിലുള്ള സമ്മർദ്ദ ലഘൂകരണമല്ല യേശുക്രിസ്തു പറഞ്ഞത്‌. ഏതേതു മായക്കാഴ്ചകളുടെ പിന്നാലെ പാഞ്ഞിട്ടാണ്‌ നിങ്ങൾ കുഴങ്ങിയത്‌, എന്തെല്ലാം പാഴ്‌വസ്തുക്കൾ വാരി നിറച്ചാണ്‌ നിങ്ങൾക്ക്‌ ഇടമില്ലാതായത്‌, ഏതെല്ലാം തുച്ഛതകളെച്ചൊല്ലിയാണ്‌ നിങ്ങൾ കലഹക്കാരനായത്‌. അതെല്ലാം എറിഞ്ഞുകളഞ്ഞിട്ട്‌ യഥാർത്ഥ സന്തോഷവും യഥാർത്ഥ സ്വാതന്ത്ര്യവും എന്താണെന്ന്‌ കാണുക എന്നാണ്‌ അവിടുന്നു പറഞ്ഞത്‌. നോക്കൂ, നിങ്ങളുടെ മക്കൾക്കു വേണ്ടി ക്ലേശങ്ങൾ അനുഭവിക്കുമ്പോൾ, ദുരിതം ഇത്‌ ഇല്ലാതിരുന്നെങ്കിൽ എന്നു തോന്നിയിട്ടുണ്ടോ, അതോ ആ ക്ലേശങ്ങൾ അനുഭവിക്കുന്നതാണ്‌ സുഖം, നിർവൃതി എന്നു തോന്നുമോ? ഈ നിർവൃതി മക്കളുടെ കാര്യത്തിൽ നിർത്താതെ മറ്റുള്ളവരിലേക്കു വ്യാപിപ്പിക്കൂ. നിങ്ങളുടെ സ്നേഹത്തിന്റെ വൃത്തം വലുതാകട്ടെ, അപ്പോൾ ആന്തര സമ്മർദ്ദങ്ങൾ ഒഴിഞ്ഞ്‌ സ്വാച്ഛന്ദ്യം അനുഭവപ്പെടും. വല്ലാത്ത വിരോധാഭാസം തന്നെ: ഏതളവിൽ നാം നമ്മുടെ സുഖത്തിൽ ശ്രദ്ധാലുക്കളാകുന്നുവോ അത്രത്തോളം നമ്മുടെ ദുഃഖവും പിരിമുറുക്കവും വർദ്ധിക്കും; ഏതളവിൽ നാം സ്വയം മറന്ന്‌ അന്യനെക്കുറിച്ച്‌ വിചാരപ്പെടുന്നുവോ അത്രത്തോളം നമ്മുടെ മനോഭാരങ്ങൾ ഒഴിഞ്ഞ്‌ സ്വസ്ഥത ലഭിക്കും! അർത്ഥവത്തായ ആദ്ധ്യാത്മികതയുടെ പ്രഥമതലം ഇതാണ്‌. എന്നാൽ, അത്‌ പ്രഥമതലം മാത്രമാണ്‌. അഹംബോധത്തിൽ നിന്ന്‌, 'ഞാൻ, എന്റേത്‌' എന്ന വിചാരത്തിൽ നിന്നുള്ള മുക്തി അവിടെ ആരംഭിക്കുന്നു. അവിടെനിന്ന്‌ നീളുന്ന പാത അവസാനിക്കുന്നില്ല. അവസാനിക്കുന്നില്ലെന്നു മാത്രമല്ല, ഏറെയേറെ പരുപരുത്തത്തായി. കാരമുള്ളുകൾ നിരത്തിയിട്ടതായി ഭവിക്കുകയും ചെയ്യും. ഒരിക്കലും തീരാത്ത സംശയങ്ങൾ, ഒരിക്കലും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ, നിരന്തരം ഉയർന്നുകൊണ്ടിരിക്കും. അൽപത്തിൽ വിശ്വസ്ഥനായ ദാസനു കിട്ടുന്ന പ്രതിഫലവും അനുമോദനവും അധികത്തിന്റെ ചുമതലക്കാരനാവുക, നിന്റെ ചുമലുകൾ ഈ ഭാരം വഹിക്കാൻ ബലമുള്ളത്‌, ഇനിയും ഞാൻ ആ ചുമലുകളിൽ ചുമടുകൾ വച്ചു തരാം എന്ന ദൈവത്തിന്റെ വാഗ്ദാനമാണ്‌. നീ വിശ്വസ്ഥനാണെന്ന്‌ തെളിയിച്ചിരിക്കുന്നു. ഇനി പോയി പുതച്ചു കിടന്ന്‌ ഉറങ്ങിക്കൊള്ളൂ എന്ന്‌ ദൈവം പറയുന്നില്ല; അങ്ങനെ പറയുന്നവൻ ദൈവമല്ല, പിശാചോ പിശാചിന്റെ പിണിയാളോ ആണ്‌. നിങ്ങൾക്ക്‌ അളവില്ലാത്ത സന്തോഷലഹരി പകർന്നുതരാം എന്നും വാഗ്ദാനവുമായി വരുന്നവരെ സൂക്ഷിച്ചു കൊള്ളുക - അവർ നിങ്ങൾക്ക്‌ തരുന്നത്‌ നരകത്തിലേക്കുള്ള പാസ്സാണ്‌. ഒരു ലഹരിയും-ആദ്ധ്യാത്മിക ലഹരിക്കും -ദീർഘായുസ്സില്ല. അത്‌ പതഞ്ഞുയർന്ന്‌ പെട്ടെന്നു താഴുന്നു.
    ഉത്കണ്ഠകൾ നിറഞ്ഞ, അനിശ്ചിതത്വങ്ങൾ പടർന്ന, ജീവിതത്തിൽ താത്കാലികമായ ആശ്വാസവും സാന്ത്വനവും നൽകാൻ ഇവയ്ക്കൊക്കെ കഴിയുമായിരിക്കും. അത്‌ താത്കാലികം മാത്രമാണ്‌. യഥാർത്ഥത്തിൽ അത്‌ ആദ്ധ്യാത്മികാനുഭവമല്ല; ഒരു മായക്കാഴ്ചയുടെ ക്ഷണിക വിഭ്രാന്തി മാത്രം!
    യഥാർത്ഥമായ ആദ്ധ്യാത്മികാനുഭവം നേടിയവന്റെ സ്ഥിതി എന്തെന്ന്‌ എറിക്ഫ്രോം ഇങ്ങനെ വിവരിക്കുന്നു.
    "ജീവിതത്തിനുമേൽ പതിച്ചിരിക്കുന്ന അപരാമായ അസ്തിത്വ ദ്വൈതീഭാവങ്ങൾ അവൻ അറിയുന്നു. സ്വതന്ത്രൻ എന്നാൽ നിർണ്ണയിക്കപ്പെട്ടവൻ, വേർപെട്ടവൻ എന്നാൽ ചേർന്നു നിൽക്കുന്നവൻ, ജ്ഞാനത്താൽ നിറഞ്ഞവൻ എന്നാൽ അജ്ഞൻ. ഈ വേർപെട്ടവൻ എന്ന അവസ്ഥയുടെ ദുഃഖം അവൻ അനുഭവിക്കുന്നു. ഈ വൈരുദ്ധ്യങ്ങൾക്ക്‌ പരമാവധി പരിഹാരം കാണാനാണ്‌ അവന്റെ ഉദ്യമം. ഒപ്പം ഒന്നിനും പരിഹാരമില്ലെന്ന്‌ അറിയാനും അവൻ ബാധ്യസ്ഥനാണ്‌. അതേസമയം, ഈ പരിശ്രമങ്ങളേക്കാൾ ശ്രേഷ്ഠമായ ജീവിതലക്ഷ്യങ്ങളില്ലെന്നും അവൻ അറിയുന്നു."
    എന്തൊരു വിചിത്രമായ അന്വേഷണവും-ജീവിതലക്ഷ്യവും. അപാരതയിലെവിടെയോ സമാന്തര രേഖകൾ സന്ധിക്കും. അപരിഹാര്യമായ ഈ വൈരുദ്ധ്യങ്ങൾ പരിഹരിക്കപ്പെട്ട്‌ സമന്വയം സാധ്യമാകുന്നു. അപാരതയിലെ ഏതോ ബിന്ദുവിൽ കണ്ണുകൾ നിഷ്ഠമാക്കി നടത്തുന്ന യാത്രയാണ്‌ ആദ്ധ്യാത്മികത. ഇടത്താവളങ്ങളിലെ ചിറ്റു സുഖങ്ങളിൽ പ്രലോഭിതരായാൽ യാത്ര മുടങ്ങി!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ