19 Jul 2015

സാക്ഷി..?


ബാബു ആലപ്പുഴ

     രാവിലെയുള്ള പതിവ് നടത്ത കഴിഞ്ഞെത്തിയ എന്നെ എതിരേറ്റത്‌ വീടിനു മുന്നില്‍ കാത്തു നിന്ന ഒരു മധ്യവയസ്കയും രണ്ടു പെണ്‍കുട്ടികളുമാണ്.  ഭാര്യ മുഖം വീര്‍പ്പിച്ചു വാതില്‍പ്പടിയില്‍ “കത്തി” നില്‍ക്കുന്നു!

“...ആരാ..?..എനിക്ക് മനസ്സിലായില്ലല്ലോ..?”

“..എന്റെ പേര് വസുമതി..ഇതെന്റെ മക്കള്‍..വാസുദേവന്‍സാറിന്റെ ഭാര്യയും മക്കളുമാ..”

“ഇപ്പൊ ഓര്‍മ്മ വരുന്നു..വാസുദേവന്‍സാറിനെ എനിക്ക് മറക്കാന്‍ പറ്റുമോ? ഞാന്‍ വയനാട്ടില്‍ ആദ്യമായി ജോലിക്ക് വന്നപ്പോള്‍ സാറല്ലേ എനിക്ക് എല്ലാം പഠിപ്പിച്ചു തന്നതും എല്ലാ സഹായങ്ങളും ചെയ്തു തന്നതും..?.. ക്ഷെമിക്കണം.. വസുമതിചേച്ചി കുറച്ചു തടിച്ചു..നരക്കുകേം ചെയ്തു. അതാ മനസ്സിലാകാതെ പോയത്..അല്ലാ..സാറെവിടെ? സാറെന്താ വരാഞ്ഞത്? സാറിനെ കണ്ടിട്ട് എത്ര കാലമായി..?”

     എന്റെ ചോദ്യം കേട്ടതും വസുമതി ചേച്ചിയുടെ മുഖത്ത് ഒരു വലിയ കാര്‍മേഖം ഉരുണ്ടുകൂടിക്കഴിഞ്ഞിരുന്നു. പിന്നെ ആര്ത്തലച്ച ഒരു കണ്ണീര്മഴ!  കൂടെ രണ്ടു പെണ്‍കുട്ടികളും ശരിക്കങ്ങു പെയ്തു കൂട്ടി.

“..വാസുദേവന്‍സാറ് പോയി സാറേ..കഴിഞ്ഞ മാസം സാറ് മരിച്ചു..അറ്റാക്കാരുന്നു..”

“കരയാതെ..എല്ലാം വിധിയാണെന്ന് സമാധാനിക്ക് ചേച്ചീ..”

     ഞാനാ സ്ത്രീയുടെ കണ്ണീര്‍ തുടയ്ക്കാന്‍ കൈ പൊക്കി. പെട്ടെന്നാണ് വാതില്‍ക്കല്‍ “പ്ടെ..പ്ടെ..” എന്ന ശബ്ദം കേട്ടത്..! തല ഉയര്‍ത്തിയപ്പോള്‍ ഭാര്യ വാതില്‍പ്പാളി വലിച്ചടയ്ക്കുകയും തുറക്കുകയും ചെയ്യുന്നു!  കൂടെ രൂക്ഷമായ നോട്ടവും!  ഞാന്‍ ദെഹിച്ചു പോയി.

“അല്ലാ. എന്താ ചേച്ചീ ഇപ്പൊ ഇങ്ങോട്ട് വന്നേ?”

     കരച്ചിലിനും പിഴിച്ചിലിനും ഒരിടവേള കൊടുത്ത് ചേച്ചി പറഞ്ഞൊപ്പിച്ചു: “സാറിന്റെ ശവശരീരം ചിതയില്‍ വയ്ക്കുംമുംപേ എവിടെനിന്നോ ഒരു സ്ത്രീയും മകനും പ്രത്യക്ഷപ്പെട്ടു.  സാറിന്റെ മറ്റൊരു ഭാര്യയും മകനുമാണ് എന്നാ പറഞ്ഞേ.  കൂടെ അവര്‍ക്ക് വക്കാലത്ത് പറയാന്‍ കുറെ നാട്ടുകാരും ബന്ധുക്കളും.  സാറിന്റെ ആദ്യഭാര്യയാണ്‌പോലും! അതിലുള്ള മകനും!!

     ശവദാഹം കഴിഞ്ഞ് അവര്‍ രണ്ടും വീട്ടീ കേറി താമസം തുടങ്ങി.  പാവം ഞങ്ങളെന്തോ ചെയ്യും?  ഒരു വിധം ഒരു മാസം പിടിച്ചു നിന്നു,  അവസാനം ഇങ്ങോട്ട് വണ്ടി കയറി..”

“..ഇങ്ങോട്ട് വന്നതെന്തിനാ?”

“പിന്നെ ഞങ്ങളെങ്ങോട്ട്‌ പോകും..?  സാറല്ലേ ഇതിനുത്തരവാദി?”

“ഞാനോ..?! ഞാനെന്തു ചെയ്തു..?”

“ഒന്നും ചെയ്തില്ലേ..? രജിസ്റ്റരാപ്പീസീ വച്ചു ഞങ്ങടെ കല്യാണത്തിന് സാക്ഷിനിന്നതാരാ?  സാറല്ലേ..?”

“അത് ഞാനാ..”

“അപ്പൊ സാറ് തന്നെ ഇതിനുത്തരം പറയണം. സമാധാനമുണ്ടാക്കണം.”

“എന്തുതരം?..എന്ത് സമാധാനം?”

“സാറന്നു സാക്ഷി നിന്നത് കൊണ്ടല്ലേ ഞാനദദേഹത്തിന്റെ ഭാര്യയായത്‌?  ഈ പെണ്‍കുട്ടികളുണ്ടായത്?  മാത്രമല്ല അദ്ദേഹത്തിന് നിയമപ്രകാരം ഒരു ഭാര്യയും മകനും ഉണ്ടെന്ന സത്യം മറച്ചു വച്ചു എന്നെ ചതിക്കുകയായിരുന്നില്ലേ?  അതുകൊണ്ട് സാക്ഷി നിന്ന സാര് എന്നേം പിള്ളാരേം സംരക്ഷിക്കാന്‍ കടപ്പെട്ടവനാ.. ഞങ്ങളിവിടെ താമസിക്കും..”

     ഒരു മിന്നല്‍ പോലെ വസുമതിചേച്ചിയും മക്കളും കെട്ടും കിടക്കകളുമായി വീട്ടിലേക്കു കയറിപ്പോയി.  വാതില്‍ തടഞ്ഞുനിന്ന ഭാര്യ തെറിച്ചു ദൂരേയ്ക്കും..!

“എന്താ മനുഷ്യാ വടി പോലെ നിക്കുന്നെ..? അവരെ പിടിച്ചു പുറത്താക്ക്.”

ഭാര്യ എന്റെ നേരെ ചാടിക്കടിച്ചു. ഞാന്‍ കൈമലര്‍ത്തി.

“ഞാനെന്തോ ചെയ്യാനാടീ? സാക്ഷി നിന്നുപോയില്ലേ..?”

“എന്ത് സാക്ഷീ..?  ഏത്‌ സാക്ഷീ..?”

     ഭാര്യയും ഞാനും വാതില്‍പ്പടിയില്‍ കുത്തി മലച്ചിരുന്നു.

     വീട്ടിലെ ആകെയുള്ള രണ്ടു ബെഡ്റൂമുകളും അമ്മേം മക്കളും കയ്യടക്കി. അന്ന് മുതല്‍ ഭാര്യയും ഞാനും മോളും അടുക്കളയിലായി കിടപ്പ്!

     പിറ്റേ ദിവസം മനസ്സ് അസ്വസ്തമായതിനാല്‍ നടക്കാന്പോലും പോകാതെ വാതില്‍പ്പടിയില്‍ കുത്തിയിരുന്ന എന്റെ മുന്നില്‍ വസുമതി ചേച്ചി പ്രത്യക്ഷപെട്ടു.

“സാറേ..മൂത്തവള്‍ ഡിഗ്രി ഫൈനലിയറാ..ഇളയവള്‍ പ്ലസ്ടൂവിലും.  അവരെ രണ്ടിനേം ഇവിടുത്തെ കോളെജിലും സ്കൂളിലുംചേര്‍ക്കണം..”

“ങ്ങാ...” ഞാന്‍ മൂളി.

“പിന്നേ..അവര്‍ക്ക് നല്ല വസ്ത്രങ്ങളൊന്നുമില്ല. രണ്ടു മൂന്ന് ജോഡി ചുരിദാറുകള്‍ വാങ്ങണം.  എനിക്ക് രണ്ടു സാരിയും.”

“..ങ്ങാ..” ഞാന്‍ പിന്നേം മൂളി.

     അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം!  ഭാര്യയുടെ പ്രതിഷേധം?

“അച്ഛാ..” കരഞ്ഞുവീര്‍ത്ത മുഖവുമായി പത്തുവയസ്സുകാരി സ്വന്തം മോള്‍ അടുത്ത് വന്നു!

“എന്താ മോളേ?..എന്ത് പറ്റി..?”

“അച്ഛാ..ആ ചേച്ചി എന്നെ തല്ലി..”

“സാരമില്ല മോളേ..ചേച്ചിയല്ലേ? ക്ഷമിച്ചുകള”

“അങ്ങനെ ക്ഷമിക്കാനൊന്നും പറ്റില്ല..വല്ലയിടത്തുനിന്നുംവലിഞ്ഞുകേറിവന്ന അവക്കെന്നാ കാര്യം എന്റെ മോളെ തല്ലാന്‍..?..ചോദിച്ചിട്ടുതന്നെ കാര്യം.”

“എന്റെ ഭാര്യേ...  നീയോന്നടങ്ങ്...  സാക്ഷി നിന്ന് പോയില്ലേ..?”

“ഓ..നിങ്ങളും ഒടുക്കത്തെ ഒരു സാക്ഷിയും!?...ശരി.  ഇപ്പൊ ഞാനടങ്ങാം.

ഇനി ഇതാവര്ത്തിച്ചാലുണ്ടല്ലോ?  എന്റെ തനി അവളറിയും.  പറഞ്ഞേക്കാം..?”  ഭാര്യ കലിതുള്ളി കടന്നു പോയി.

     പിറ്റേന്ന്—

“സാറേ..പിള്ളാര്‍ക്ക് രണ്ടിനും കഴുത്തിലും കാതിലും കയ്യിലും ഒരു തരി സ്വര്‍ണം പോലുമില്ല.  രണ്ടുപേര്‍ക്കും ഒരു ജോഡി കമ്മലെങ്കിലും വാങ്ങണം.”

“സ്വര്‍ണമോ?..എന്റെ കയ്യില്‍ കാശില്ല.”

“അത് പറഞ്ഞാല്‍ പറ്റില്ല...സാക്ഷി.”

“ശരി..വാങ്ങാം..”  അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം!

     മറ്റൊരു ദിവസം—

“സാറേ..പിള്ളാര്‍ക്ക് ഓരോ മൊബൈല് വേണമെന്ന്.”

“ശരി...നോക്കട്ടെ..”

    അടുക്കളയില്‍ മറ്റൊരു പാത്രം വീണു!

“മൂത്തവള് ബീ.എസ്‌സി. പാസ്സായി.  അവളെ എം.എസ്സിക്ക് ചേര്‍ക്കണം.  ഇളയവളെ ഡിഗ്രിക്കും...”

    അപ്പോഴും പാത്രം വീണു!!

     രാത്രി അടുക്കളയില്‍ നിലത്തു പായ വിരിച്ചു കിടക്കുകയാണ് ഞാന്‍.  അടുത്ത് ഭാര്യയുണ്ട്.  മോളും.  രണ്ടും നല്ല ഉറക്കം.  പല പല സാമ്പത്തിക പ്രശനങ്ങള്‍ തലയ്ക്കു പിടിച്ചത് കാരണം എനിക്കുറക്കം വന്നില്ല.  പെട്ടെന്ന് മൊബൈല്‍ കരഞ്ഞു!? 

“സാറേ..ഇത് ഞാനാ..ശുഭ.. എന്താണെന്നറിയില്ല എനിക്കുറക്കം വരുന്നില്ല സാറേ.. എന്റെ മനസ്സ് മുഴുവന്‍ സാറിന്റെ മുഖമാ..എനിക്ക് പഠിക്കാന്‍ പോലും പറ്റുന്നില്ല.  എനിക്കെന്തോ “ഒരിത്” സാറിനോട് തോന്നുന്നു..”

“നിന്റെ പ്രായമതാ കുട്ടീ ..മറ്റൊന്നും ചിന്തിക്കാതെ നീ പഠിക്കാന്‍ നോക്ക്..”

“അല്ല സാറെ..എനിക്ക് സാറിനോട് ശരിക്കും ഒരു....ലൈന്‍..”

“ഇലക്ട്രിസിറ്റി ഓഫീസില്‍ ജോലിയുള്ള എന്നോടാണോ നിന്റെ ലൈന്‍..?  നീ വേറെ ആളെ നോക്ക് കൊച്ചേ..”

“സാറങ്ങനെ പറയരുത്..സാറില്ലാത്ത ഒരു ജീവിതം എനിക്ക് സങ്കല്‍പ്പിക്കാന്‍പോലും പറ്റില്ല.  സാറിനെ ഞാന്‍ അത്രക്കിഷ്ട്പ്പെട്ടുപോയി...സാറെന്നെ കൈവിടരുത്.”

     ഞാന്‍ മൊബൈല്‍ ഓഫാക്കി.

“ആരാ?”  അടുത്തുകിടന്ന ഭാര്യ പൊട്ടിത്തെറിച്ചു.

“ആരാന്നറിയില്ല..ആരോ തെറ്റി വിളിച്ചതാ..”
“കള്ളം പറയതെന്റെ മനുഷ്യ.  ഞാന്‍ കേട്ടതല്ലേ നിങ്ങടെ സംഭാഷണം.
അല്ലേലും അവളെ എനിക്ക് നേരത്തെ സംശയമുണ്ടാരുന്നു.  അവടെ വല്ലാത്തൊരു നോട്ടവും കൊഞ്ചിക്കുഴയലും..നേരമൊന്നു വെളുത്തോട്ടെ..  കാണിച്ചുകൊടുക്കാം ഞാന്‍...”

“നീ പ്രശനമുണ്ടാക്കരുത്.  നമുക്കവളെ ഉപദേശിച്ചു നേരെയാക്കാം.  സാക്ഷി നിന്നുപോയില്ലേ...?”

“ഓ..നിങ്ങടെ ഒടുക്കത്തെ ഒരു സാക്ഷി..!?”

     ഈ പ്രശനങ്ങളില്‍ നിന്നും രെക്ഷപെടാന്‍ എന്താണൊരു മാര്‍ഗം..?

ആലോചിച്ചാലോചിച്ച് ഞാനൊരുറച്ച തീരുമാനത്തിലെത്തി.

     ആഴ്ച ഒന്ന് കഴിഞ്ഞു. വീടും പറമ്പും വസുമതിചേച്ചിക്കും മക്കള്‍ക്കും എഴുതി വച്ചു.  ദൂരെ ഒരു പട്ടിക്കാട്ടിലേക്ക് സ്ഥലംമാറ്റം വാങ്ങി.

    ഒരു വെളുപ്പാന്‍ കാലം.  ഞങ്ങള്‍ സ്ഥലം വിട്ടു.

    കാലം  “സാക്ഷി”....

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...