എം തോമസ് മാത്യു
ഒന്നുള്ളതിനെ ഉലക്കകൊണ്ട് അടിക്കണം എന്നാണ് പണ്ടേയുള്ള പറച്ചിൽ. ഒറ്റ മകനോ മകളോ ആണെങ്കിൽ വാത്സല്യം കൂടും, അവർ വഴി തെറ്റാനുള്ള സാധ്യതയും കൂടും. അതുകൊണ്ട് കഠിനമായി ശിക്ഷിച്ചും ശാസിച്ചും വളർത്താൻ രക്ഷാകർത്താക്കൾ ശ്രദ്ധിക്കണം, അല്ലെങ്കിൽ ഒടുക്കം ദുഃഖിക്കേണ്ടി വരും എന്ന താക്കീതാണ് ഈ ചൊല്ലിന്റെ പിറകിലുള്ളത്. ചൊല്ലും ചോറും കൊടുക്കണം എന്ന് മറ്റൊരു ചൊല്ല് ഏതാണ്ട് ഇതേ അർത്ഥത്തിൽ തന്നെയുണ്ട്. പള്ളിക്കൂടത്തിൽ വച്ച് അധ്യാപകന്റെ തല്ലു കിട്ടി എന്ന് വീട്ടിൽ വന്നു പരാതിപ്പെട്ടാൽ അപ്പോൾ കിട്ടും വീട്ടിൽ നിന്നും അടി. അധ്യാപകനെ രക്ഷാകർത്താക്കളിൽ നിന്നു വേറിട്ടല്ലല്ലോ അന്നു കണ്ടിരുന്നത്. അതുമാത്രമല്ല, സ്നേഹം കൂടുന്തോറും അത് കൂടുതൽ കൂടുതൽ മറച്ചുവച്ച് ശിക്ഷയുടെ പാരുഷ്യം വർദ്ധിപ്പിച്ച് നേർവഴി തെറ്റാതെ സൂക്ഷിക്കണം എന്നായിരുന്നു പണ്ടുമുതലുള്ള വിശ്വാസം. സ്നേഹം കാണിച്ചോ, കുട്ടി വഷളായി എന്നായിരുന്നു വിചാരം! സുകുമാര കവിയുടെ കഥകൊണ്ടും കാര്യം മനസ്സിലായി എന്നു തോന്നുന്നില്ല.
ആ കഥ എല്ലാവർക്കും അറിവുള്ളതല്ലേ. ഗുരുകുല വിദ്യാഭ്യാസത്തിന്റെ കാലമാണ്. സുകുമാരൻ നല്ല വിദ്യാർത്ഥിയാണ്, ഗുരുഭക്തി നിറഞ്ഞവൻ, പാഠങ്ങൾ എളുപ്പം പഠിച്ച് ഹൃദിസ്ഥമാക്കുന്നവൻ, എന്നാൽ ഗുരുവിന്റെ പെരുമാറ്റത്തിൽ സംതൃപ്തിയുടെ ലാഞ്ചന പോലുമില്ല. ദിനംതോറും ശാസനകൾ, കുറ്റപ്പെടുത്തലുകൾ, ഭർത്സനങ്ങൾ, ശിക്ഷകൾ! സുകുമാരൻ മടുത്തു. ഇനി സഹിക്കാൻ വയ്യ. അയാൾ ഒരു വലിയ കല്ല് താങ്ങിപ്പിടിച്ച് ഗുരുഭവനത്തിന്റെ മച്ചിനു മുകളിൽ കയറി രാത്രി ഒളിച്ചിരുന്നു. ഗുരു ഉറങ്ങുമ്പോൾ കല്ല് തലയുടെ മേൽ വീഴ്ത്തി അദ്ദേഹത്തെ വധിക്കുകയാണ് ലക്ഷ്യം. തക്കം പാർത്തിരിക്കുമ്പോൾ ഗുരുവും ഗുരുപത്നിയും തമ്മിലുള്ള സംസാരം: നിങ്ങൾ എന്തിനാണ് ആ പാവം സുകുമാരനെ ഇങ്ങനെ പീഡിപ്പിക്കുന്നത്. അവൻ എത്ര നല്ല കുട്ടിയാണ്, എത്ര മിടുക്കൻ. നിങ്ങൾക്ക് എന്താണ് അവനോട് ഇത്ര വിരോധം - ഗുരുപത്നി ചോദിച്ചു. വിരോധമോ? സുകുമാരനേക്കാൾ നല്ലവനും മിടുക്കനുമായി വേറെ ആരുണ്ട് ഈ ശിഷ്യഗണത്തിൽ. അവനിൽ ഒരു പാളിച്ചയും ഉണ്ടാകാതിരിക്കാനല്ലേ ഞാൻ ഇങ്ങനെ പെരുമാറുന്നത്- ഗുരുവിന്റെ മറുപടി. സുകുമാരൻ ഇതു കേട്ടു. തന്നോടുള്ള വാത്സല്യം കൊണ്ടാണ് ഗുരു തന്നെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത്. മഹാപാപിയായ ഞാൻ ഇതറിഞ്ഞില്ല. പ്രായശ്ചിത്തം ചെയ്തു പാപം പോക്കണം. പിറ്റേന്ന് ഗുരുവിനോടു തന്നെ അവൻ ചോദിച്ചു: ഗുരുവിനെ വധിക്കാൻ വിചാരിച്ച ശിഷ്യനുള്ള ശിക്ഷയെന്ത്? ഒരു ഉമിക്കൂമ്പാരത്തിനു മദ്ധ്യത്തിലിരുന്ന് അതിന് തീ കൊളുത്തി നീറിനീറി മരിക്കുന്നതിൽ കുറഞ്ഞ ശിക്ഷ അതിനില്ല-ഗുരുവിന്റെ മറുപടി. സുകുമാരൻ അങ്ങനെ ചെയ്തു!!
ഈ ഗുരു എല്ലാ പഠിച്ചിരുന്നു; കുട്ടികളുടെ മനഃശാസ്ത്രമൊഴിച്ച് എല്ലാം. ബാലമനസ്സിനെ അറിയുന്നവൻ അവർക്ക് വാത്സല്യം ചുരത്തിക്കൊടുക്കുന്നു. ശത്രുഭാവത്തിൽ ഇടപെടുന്നത് അവരെ സ്രേയോമാർഗ്ഗത്തിൽ നിന്ന് അകറ്റുകയേയുള്ളു ഏതു പാഠവും സ്നേഹത്തിൽ ചാലിച്ച് കൊടുത്താൽ ഹൃദ്യമാകുമെന്നു മാത്രമല്ല, ഹൃദിസ്ഥമാവുകയും ചെയ്യും. സ്നേഹവാത്സല്യങ്ങൾ കുട്ടികളുടെ അവകാശം; അവ നിരന്തരമായി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ വളർത്തപ്പെടുന്നവർ ആപത്ക്കാരികളായി വളരും.
ഇതിനു നേർവിപരീതമായ ഒരു സമീപനമാണ് ഇപ്പോൾ പ്രചാരത്തിൽ വന്നിരിക്കുന്നത്. കുട്ടികളെ ശാസിക്കുകയോ ശിക്ഷിക്കുകയോ പാടില്ല; അങ്ങനെ ചെയ്യുന്നത്, ക്രിമിനൽ കുറ്റമാണ് എന്ന നില വന്നുഭവിച്ചിരിക്കുന്നു. മാതാപിതാക്കൾ കുട്ടികളെ അടിക്കുകയോ മറ്റോ ചെയ്താൽ പോലീസ് ഇടപെടുന്ന വ്യവസ്ഥകളാണത്രെ അമേരിക്കയിലുള്ളത്. തന്നെ അച്ഛൻ അടിച്ചു എന്ന് ഒരു കുട്ടി പോലീസ് സ്റ്റേഷനിലേക്ക് ഫോൺ ചെയ്തു പറഞ്ഞാൽ മതി, നിയമപാലകരുടെ ഒരുപട പാഞ്ഞു വരികയാണ്. പാവം രക്ഷകർത്താവ് ജയിലിൽ! അകാരണമായിരുന്നോ സകാരണമായിരുന്നോ അടി എന്ന പ്രശ്നമില്ല. രണ്ടായാലും അടി കുറ്റം തന്നെ. കുട്ടികളുടെ നേരാംവണ്ണമുള്ള വളർച്ചക്ക് ശാസനയും വേണ്ടതാണെന്ന വിചാരം അപ്രത്യക്ഷമായിരിക്കുന്നു. അടിക്കുന്നതോ അടിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതോ അക്ഷന്തവ്യമായ അപരാധമാണ്. ഈ അപരാധത്തെ ശിക്ഷിക്കാതിരിക്കാൻ സ്റ്റേറ്റിന് എങ്ങനെ കഴിയും!
തോന്നിയപോലെ വളരുക, ജീവിക്കുക എന്നത് സ്വാതന്ത്ര്യമല്ല. മൂല്യബോധമുള്ളവരായി, തെറ്റും ശരിയും വേർതിരിക്കാൻ പോന്ന വിവേകമുള്ളവരായി, വളരുക എന്നതാണ് പ്രധാനം. അതുകൊണ്ട്, സ്നേഹമുള്ള രക്ഷാകർത്താക്കൾക്കും ഗുരുക്കന്മാർക്കും സ്നേഹോചിതമായി ശിക്ഷിക്കാനും ദിശാബോധം ഉണ്ടാക്കാനും അവകാശവും അധികാരവും ഉണ്ടാകണം. സർവ്വതന്ത്രസ്വതന്ത്രരായി, രക്ഷാകർത്താക്കളുടെ ശാസനകൾക്കു പോലും വിധേയപ്പെടാതെ സ്വതന്ത്രരായി, വളരുന്ന തലമുറ എവിടെയാണ് എത്തുക എന്ന് ലോകം കാണിച്ചു കൊണ്ടിരിക്കുകയാണ്. ആർക്ക് ആരോടും കടപ്പാടില്ലാത്ത, ആർക്കും എന്തും സംഭവിക്കട്ടെ, ഞാനെന്തിനു വേവലാതിപ്പെടണം എന്ന് ചിന്തിക്കുന്ന ഒരു ലോകം മനുഷ്യന്റെ ലോകമല്ല. ഉടുത്തുകെട്ടുകൊണ്ടും പുതുജീവിത സൗകര്യങ്ങളുടെ ധാരാളിത്തം കൊണ്ടും മനുഷ്യനാവുകയില്ല. മനുഷ്യന്റെ അടയാളം മനുഷ്യത്വമാണ്; ആത്മത്യാഗത്തിനു പോലും സന്നദ്ധമായ സ്നേഹവും കാരുണ്യവുമാണ്. പക്ഷേ, എവിടെയുണ്ട് സ്നേഹം, എവിടെയുണ്ട് കാരുണ്യം! നിരാർദ്രമായ കാലം വന്യമായ ഒരു ലോകത്തെ സൃഷ്ടിച്ചിരിക്കുന്നു!!
ശിക്ഷിക്കാനുള്ള അവകാശം പട്ടിക്കൂട്ടിലടയ്ക്കാനും കണ്ണുകുത്തിപ്പൊട്ടിക്കാനുമുള്ള സ്വാതന്ത്ര്യമാണെന്നു തെറ്റിദ്ധരിക്കുകയും വേണ്ടാ. ശിക്ഷിക്കാനുള്ള അവകാശം സ്നേഹം നൽകുന്ന അവകാശമാണ്; ആ അവകാശം മാത്രമാണ്. നമ്മുടെ കുഞ്ഞുങ്ങൾ വാത്സല്യത്തിന്റെ പഞ്ചാമൃതം അനുഭവിക്കട്ടെ; ഒപ്പം വഴിതെറ്റിപ്പോകാതിരിക്കാനുള്ള ചെറുചൂരൽക്കഷായവും കുടിക്കട്ടെ. ഏതു തെറ്റിനേയും അവഗണിക്കാമെന്നു കരുതുന്നത് എവിടെ പോയി തുലഞ്ഞാലും എനിക്കെന്ത് എന്ന സ്വാർത്ഥതയുടെ ഹീന വിചാരമാണ്. സ്നേഹരഹിതമായ അറിവ് രാക്ഷസനാകാനുള്ള പരിശീലനമാണ് നൽകുന്നത്. നമ്മുടെ കുട്ടികൾ മനുഷ്യരായിത്തന്നെ വളരട്ടെ.