സുരേഷ് കുമാർ പുഞ്ചയില്‍
നാനൂറു കിലോമീറ്ററില്‍ കൂടുതല്‍ ദൂരം ആ ഭീകരമായ മരുഭൂയിലൂടെ വണ്ടിയോടിച്ചാലാണ് ഞങ്ങളുടെ വര്‍ക്ക് സൈറ്റില്‍ നിന്നും തൊട്ടടുത്ത കുഞ്ഞു പട്ടണത്തില്‍ എത്താന്‍ കഴിയുക . അതിനൊരു പട്ടണം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഭക്ഷണം ഒഴിച്ചുള്ള എന്ത് അത്യാവശ്യ സൌകര്യങ്ങള്‍ ലഭിക്കണമെങ്കിലും അവിടെത്തന്നെ വരണം ഞങ്ങള്‍ക്ക് എല്ലായ്‌പോഴും .
എപ്പോഴും മണല്‍ക്കാറ്റു വീശുന്ന ആ മരുഭൂമി യിലൂടെയുള്ള വഴിയും ഏറെ ദുര്‍ഘടം പിടിച്ചതുതന്നെ . മൊബൈല്‍ സിഗ്‌നല്‍ പോലും ഇല്ലാത്ത ആ മരുഭൂമിയില്‍ ഏതെങ്കിലും ഒരു ജീവിയെ പോലും ഞങ്ങള്‍ അതുവരേയ്ക്കും ഒരിക്കലും കണ്ടിട്ടുമില്ലായിരുന്നു. സാധാരണ റോഡ് ആണെങ്കില്‍ മൂന്നോ നാലോ മണിക്കൂറുകൊണ്ട് എത്താവുന്ന ആ ദൂരം പക്ഷെ ഇവിടെ കടക്കണമെങ്കില്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു എപ്പോഴും . അതുകൊണ്ട് ഒക്കെ തന്നെ അതിലൂടെയുള്ള യാത്ര കഴിവതും ഞങ്ങള്‍ ഒഴിവാക്കാറാണുള്ളത് .
അന്ന് പക്ഷെ ജോലിസ്ഥലത്ത് നിന്നും അപകടം പറ്റി ഗുരുതരാവസ്ഥയില്‍ ആയ ഒരു സഹപ്രവര്‍ത്തകനെ ആശുപത്രിയില്‍ എത്തിക്കാനാണ് ഞങ്ങള്‍ യാത്ര തുടങ്ങിയത് . കാലത്ത് തന്നെ ആയതിനാല്‍ യാത്ര തുടങ്ങാന്‍ ഞങ്ങള്‍ക്ക് സൗകര്യവുമായി . രോഗിയുമായി പോകുന്നതിനാല്‍ പതുക്കെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചിരുന്നതും . പ്രാഥമിക ശുശ്രൂഷ മാത്രം നല്‍കിയ അയാളെ കൂടുതല്‍ കുഴപ്പത്തിലാക്കാതെയും എന്നാല്‍ പരമാവധി വേഗത്തിലും കൂടി വളരെ കരുതലോടെയാണ് ഞങ്ങള്‍ സഞ്ചരിച്ചിരുന്നത് .
പതിവുപോലെ അപകടത്തില്‍ പെട്ട് നിന്നുപോയ ചില വാഹനങ്ങളല്ലാതെ വഴിയില്‍ ചുരുക്കം ചില വണ്ടികള്‍ മാത്രമേ ഞങ്ങള്‍ കണ്ടിരുന്നുള്ളൂ . സിഗ്‌നല്‍ കിട്ടില്ലെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ പുറപ്പെടും മുന്‍പുതന്നെ രോഗിയുമായി എത്തിയാല്‍ വേണ്ട സൗകര്യമൊരുക്കുന്നതിനു വേണ്ടിയുള്ള കാര്യങ്ങളും ആ കൊച്ചുപട്ടണത്തില്‍ ഞങ്ങള്‍ നേരത്തെ തന്നെ ഏര്‍പ്പാടാക്കിയിരുന്നു . .
വഴിയില്‍ അന്ന് പതിവിലും ശക്തമായ മണല്‍ കാറ്റായിരുന്നതിനാല്‍ ഞങ്ങളുടെ യാത്രയും ഏറെ ശ്രമകരമായി . പോരാത്തതിന് പുറത്തെ ചൂടാണെങ്കില്‍ പൊള്ളിക്കുന്നതും . അപകടത്തില്‍ പെട്ട ഒരു വാഹനത്തെ സഹായിക്കാന്‍ വേണ്ടി ഇടയില്‍ കുറച്ചു സമയം നിര്‍ത്തുകയും കൂടി ചെയ്തതിനാല്‍ പിന്നെയും വൈകുകയും ചെയ്തു . പോരാത്തതിന് ഇടയില്‍ രോഗിയുടെ അവസ്ഥ അല്പം മോശമായത് ഞങ്ങളെ വിഷമിപ്പിക്കുകയും ചെയ്തു . എന്നിട്ടും പരമാവധി വേഗത്തില്‍ ഞങ്ങള്‍ യാത്ര തുടര്‍ന്നു .
ഒരു വലിയ കയറ്റവും അതിനോട് ചെര്‍ന്നുതന്നെയുള്ള വളവും കൂടിയ ഒരിടത്തെതിയപ്പോള്‍ മുന്നില്‍ ഒരു വാഹനം റോഡില്‍ തന്നെ നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് ഞങ്ങള്‍ വേഗത നന്നേ കുറച്ചു . അതിനടുത്തെത്തവേ അതില്‍ ഒരു കുടുംബമാണെന്നു കണ്ട് ഞങ്ങള്‍ ശരിക്കും അമ്പരന്നു . ആ സമയത്ത്, ആ വഴിയില്‍ അങ്ങിനെയൊരു കുടുംബത്തെ കാണാന്‍ ഒരു വഴിയുമില്ല തന്നെ . മധ്യവയസ്സു കഴിഞ്ഞ ഒരു അച്ഛനും അമ്മയും പിന്നെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെത്താത്ത വലിയ രണ്ടു കുട്ടികളും .
അവര്‍ ഞങ്ങളെ കണ്ടപ്പോള്‍ അല്പം പരിബ്രമിച്ചുപോയി എന്ന് പറയുന്നതാകും ശരി . അവര്‍ക്കെന്തെങ്കിലും സഹായം ആവശ്യമുണ്ടോ എന്നറിയാന്‍ വണ്ടിനിര്‍ത്തി ഞങ്ങള്‍ അവര്‍ക്കടുത്തേയ്ക്ക് ചെന്നത് അവരില്‍ അസഹ്യതയാണ് ഉണ്ടാക്കിയതെന്ന് ഞങ്ങള്‍ക്ക് തോന്നി . എന്നാലും കാര്യമന്ന്വേഷിച്ചപ്പോള്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ഞങ്ങളെ പറഞ്ഞയക്കാന്‍ അവര്‍ തിടുക്കപ്പെടുന്നത് ഞങ്ങളില്‍ സംശയം ജനിപ്പിച്ചു .
ഞങ്ങളുടെ കൂട്ടത്തിലെ സ്വദേശി യുവാവ് അവരുടെ ഭാഷയില്‍ അച്ഛനെ മാറ്റിനിര്‍ത്തി , അമ്മയോട് കാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി . ആദ്യമൊന്നും വിട്ടുതരാന്‍ തയ്യാറായില്ലെങ്കിലും അതിനിടയില്‍ വണ്ടിയില്‍ ഉണ്ടായിരുന്ന കുട്ടികളില്‍ ഒന്ന് ഉറക്കെ അമ്മയെ വിളിച്ച് കരഞ്ഞത് അവരെ ശരിക്കും ഉലയ്ച്ചു കളഞ്ഞു . പിന്നെ ഓടിപോയി ആ കുട്ടിയെ മാറോടണച്ചുകൊണ്ട് ആ അമ്മ ഉറക്കെ കരയാന്‍ തുടങ്ങിയപ്പോള്‍ ആ അച്ഛന്റെ ധൈര്യവും ചോര്‍ന്നുപോയിരുന്നു .
മറ്റൊരു വഴിയും മുന്നിലില്ലാതെ , പരസഹായമില്ലാതെ ജീവിക്കാന്‍ കഴിയാത്ത , പോറ്റാന്‍ ഭാരിച്ച ചിലവുവേണ്ട ആ രണ്ടുകുട്ടികളെയും മരുഭൂമിയുടെ ആഴങ്ങളില്‍ കൊണ്ടുപോയി ആരുമറിയാതെ കൊന്ന് , പിന്നെ സ്വയം ആത്മഹത്യ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ആ അച്ഛനെയും അമ്മയെയും തിരിച്ച് ജീവിതത്തിലേയ്ക്ക് കൂട്ടി ഞങ്ങള്‍ വണ്ടികയറുമ്പോള്‍ അടുത്തകാലത്തെ ഒരപകടത്തില്‍ തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ട എന്റെ സുഹൃത്ത് അവരെ ചേര്‍ത്ത് പിടിക്കുന്നത് ഞാനും നോക്കി നിന്നു …!!!