21 Aug 2015

സെമി


 മനാഫ് മന്‍


നാല്പ്പതിലും ഒരു ഇരുപ്പത്തഞ്ച് കാരനെ വെല്ലുന്ന ശരീര സൗന്ദര്യം ഉള്ളതില്‍ ഡേവിഡിന് അഭിമാനം തോന്നി. പണ്ടേ ഉള്ള ശീലമാണ്. കണ്ണാടിയുടെ മുന്നില് പൂര്‍ണ്ണ നഗനനായി നിന്നും സ്വന്തം ശരീര സൗന്ദര്യം ആസ്വദിക്കുക.
നെഞ്ചിലെ നനുത്ത രോമ ങ്ങളിലൂടെ അയാള്‍ വിരലുകള്‍ പായിച്ചു..അല്പം സൗന്ദര്യമുള്ള ശരീരമാണ് തനിക്കെന്ന സ്ഥിരം ചിന്തയില്‍ അയാള് പുഞ്ചിരി തൂകി.
” ഊട്ടിയിലെ കൊച്ചു വെളുപ്പാന്‍ കാലത്ത് ഉടു തുണിയില്ലാതെ നില്ക്കുന്ന അങ്ങാണല്ലോ ഈയിടെയായി എനിക്കുള്ള സ്ഥിരം കണി ! ”
മുറിയിലേയ്ക്ക് പൊടുന്നനെ കടന്നു വന്ന ലിസ പറഞ്ഞു.
ആ വെളുത്ത ഫ്രോക്കില്‍ അവളൊരു മാലാഖയെ പോലെ
തോന്നിച്ചു. ചൈനക്കാരുടെത് പോലെ കുഞ്ഞു മുഖമാണ് ലിസയ്ക്ക്.
ഡേവിഡ് ബോക്‌സര്‍ ഷോട്‌സ് ഇടാന്‍ തുടങ്ങി.
” ഡേവിഡ്, നിനക്ക് ലുങ്കി യാണ് ചേരുക.”
” ഇതാണ് ലിസ സൗകര്യം, ഇതാകുമ്പോള്‍ സെകന്റ്
പേപ്പര്‍ വേണ്ട.”
” അതെന്തോന്നു സെകന്റ് പേപ്പര്‍ ?”
” അടിവസ്ത്രം .. അണ്ടര്‍ വേര്‍ ”
ലിസ അത് കേട്ട് കുറെ നേരം ചിരിച്ചു.
” ഇതാണ് ഞാന്‍ സെമിയില്‍ നിന്നും ഓടി വരുന്നത്.
ഇയാളെ കേള്ക്കാന്‍ എനിക്കെന്തിഷ്ടമാണെണോ !
ആണ്‍ പെണ്‍ ഭേദമില്ലാത്ത സംസാരം. നാണമില്ലാത്തവന്‍….
അല്ല എന്താണ് ഈ കണ്ണാടി നോക്കി ഉടുതുണിയില്ലാതെ
ചിന്തിക്കുന്നത് ?”
” ഞാന്‍ ആലോചിക്കുവാര്ന്നു സ്ത്രീ ശരീരമാണോ,
പുരുഷ ശരീരമാണോ ഏറ്റവും സുന്ദരം എന്ന് ”
” എന്നാല്‍ പറയ്.. ആരുടെതാ സുന്ദരം?”
” സ്ത്രീ തന്നെ… നല്ലൊരു ആകാരമുള്ള പെണ്ണ് വശം ചെരിഞ്ഞു
കിടക്കുമ്പോള്‍ ശരിക്കും ഒരു വീണ കിടക്കുന്നത് പോലെ തോന്നും..
മസാജൊക്കെ ചെയ്തു കൊടുക്കുമ്പോള്‍ സ്ത്രീ
ശരീരത്തിനുള്ള മൃദുലത എന്നെ അല്ഭുതപ്പെടുത്താറുണ്ട്. ”
” ഓ, കൊള്ളാല്ലോ…തന്നെ പോലുള്ളവമ്മാരെ
അല്ഭുതപ്പെടുത്തുന്ന സ്ത്രീ ജന്മം പുളകം കൊള്ളട്ടെ. ”
അപ്പോഴാണ് അകലെ നിന്നും ആന്റണി നടന്നു വരുന്നത്
ലിസകണ്ടത് .
” ദേ.. ആ കത്തി വരുന്നു. ഞാന്‍ പോകുവാ. അങ്ങേരുടെ കത്തി
സഹിക്കാന്‍ വയ്യാതെയാ സെമിയില്‍ നിന്നും ഞാന്‍ രാവിലെ
തന്നെ ഇങ്ങോട്ട് ഓടിപ്പോരുന്നത്..ഇപ്പൊ അവിടെ
പുതിയ കുറെയെണ്ണം വന്നിട്ടുണ്ട്, അവമ്മാരുടെ
പൊങ്ങച്ചവും കേള്‍ക്കണം ”
അത് കേട്ട് ഡേവിഡ് ചിരിച്ചു.
പിന്നെ ഒരു ടീ ഷേട്ടും ഇട്ടു പുറത്തെ കോലായില്‍ ചെന്നു.
അവിടെ നിലത്തു ഇരിപ്പാണ് ആന്റണി.
കഷണ്ടിയില്‍ ചെറുതായി തലോടുന്നുണ്ട് അയാള്.
” എന്താണ് ചേട്ടാ, ഒരാഴ്ച്ച യായല്ലോ കണ്ടിട്ട്?
” സെമിയില്‍ കുറച്ചു പുതിയ ആള്‍ക്കാര്‍ വന്നിരുന്നു .
കോടീശ്വരന്മാരാ .. അവരുടെ കഥകള്‍ കേട്ടിരുന്നപ്പോ
സമയമങ്ങ് പോയി. വലിയ മന്ത്രിമാരുമായിട്ടൊക്കെ
ബന്ധമുള്ളവരാ.ഒരാഴ്ചയായിട്ടു എന്നോട് നല്ല കമ്പനിയാണ്. ”
ഡേവിഡ് ഒന്നും മിണ്ടിയില്ല. ആന്റണി തുടര്‍ന്നു

‘സാറെന്താ ഇപ്പോള്‍ അങ്ങോട്ട് വരാത്തത്?
അവിടെ എല്ലാവരും ചോദിച്ചു. ഞാന്‍ പറഞ്ഞു
സാറിവിടെ ഇല്ലാന്ന്. ”
” അത്‌നന്നായി, തന്റെ കൂടെ ഇനി ഞാനും അവരെ കത്തി
വെച്ച് കൊല്ലെണ്ടല്ലോ. ”
അത് കേട്ടതും ആന്റണി ചിരിച്ചു.
” ലിസ പറഞ്ഞു കാണുമല്ലേ ? അവളാണ് എനിക്ക്
കത്തിയെന്ന പേരിട്ടത്. എന്നാല്‍ അവളോ?
ഏതു നേരവും സാറിനെ കുറിച്ചാണ് സംസാരം.
സാറിനെ ആദ്യം കണ്ടത് തന്നെ ഒരായിരം വട്ടം
എന്നോട് പറഞ്ഞിട്ടുണ്ട്. ആ അവളാണ് എന്നെ
കത്തിയെന്നു വിളിക്കുന്നത് !”
അത് കേട്ട് ഡേവിഡ് ചിരിച്ചു
”പിന്നെ സാറേ, എന്റെ മോള്‍ ഡയാന കുറച്ചു
വിഷമത്തിലാണ്. ഇന്നലെ അവള് കുറെ കരഞ്ഞു.
അവള്‍ക്കു പഠിക്കാന്‍ കുറച്ചു കാശ് വേണം,
എന്റെ അവസ്ഥ സാറിന് അറിയാമല്ലോ ?
സാറിനു അവള്‍ക്കു ഇത്തിരി കാശ് കൊടുക്കാമോ?”
” കൊടുക്കാം. ആന്റണി”
അത് കേട്ടപ്പോള്‍ ആന്റണിക്ക് നല്ല ആശ്വാസമായി.
കുറച്ചു നേരം കൂടി സംസാരിച്ചിട്ടു അയാള്‍ പോയി.
ആന്റണി പോകുന്നതും നോക്കി നിന്ന ഡേവിഡ്
അയാളെ ആദ്യമായി കണ്ട രംഗം ഓര്‍ത്തു.
ഫാദര്‍ ഫെഡ റിക്കിനെ കാണാന്‍ ചര്‍ച്ചില്‍ പോയപ്പോള്‍
അദ്ദേഹം ഒരു ശവ സംസ്‌കാരം നടത്തുകയായിരുന്നു.
കുഴിയിലേയ്ക്ക് അദ്ദേഹം മണ്ണിടുന്നതും നോക്കി നില്ക്കുന്ന
ആളുകളില്‍ ഏതോ ചിന്തയില്‍ നില്ക്കുകയായിരുന്നു ആന്റണി.
ആ താത്വിക ഭാവം വല്ലാതെ തന്നെ ആകര്‍ഷിച്ചു. തന്റെ കുറെ
നേരമുള്ള നോട്ടം ആന്റണിയെ അമ്പരപ്പിച്ചു.
അവിടുന്ന് തുടങ്ങിയ സൗഹൃദം
ചിന്തയില്‍ നിന്നും ഉണര്‍ന്നു ഡേവിഡ് അകത്തേയ്ക്ക് കയറി
ലിസ അകത്തുണ്ടായിരുന്നില്ല. അവളുടെ വരവും പോക്കുമെല്ലാം
പെട്ടെന്നാണ് ഒരു വട്ടു പെണ്‍കുട്ടി .
എങ്കിലും അപൂര്‍വ്വം ചില പെണ്‍ കുട്ടികളില്‍ മാത്രം
കാണുന്ന നിഷ്‌കളങ്കത ലിസയില്‍ നല്ലവണ്ണം ഉണ്ട്.
ഇന്നത്തെ അതി ബുദ്ധി പെണ്‍ കുട്ടികളില്‍ നിന്നും
ഏറെ വ്യത്യസ്ത.
പലപ്പോഴും ഡേവിഡ് നു തോന്നിയിട്ടുണ്ട്
താന്‍ ഒരു പെണ്ണായി മാറിയാല്‍ ലിസ ആകുമെന്ന്.
ഒരേ വ്യക്തികള്‍ രണ്ടു ലിംഗത്തില്‍ എന്നത് പോലെ !
ഡേവിഡ് നു ഒരു ചായ കുടിക്കണം എന്ന് തോന്നി
അയാള്‍ ഉടനെ ട്രാക്ക് സ്യൂട്ട് എടുത്തിട്ടു.
ഒരു മഫ്‌ലര്‍ എടുത്തു കഴുത്തില്‍ ചുറ്റി.
മണിയെട്ടന്റെ ചായക്കടയിലേയ്ക്കു
ബൈക്ക് ഓടിക്കവേ ഡേവിഡ്‌ന്റെ മനസ്സില്‍ ലിസയെ
ആദ്യമായി കണ്ട രംഗം തെളിഞ്ഞു.
ഊട്ടിയില്‍ വീട് വാങ്ങിയ ദിവസം.
അന്ന് വൈകീട്ട് കോളേജ് വിട്ടു വരുന്ന
പെണ്‍ കുട്ടികളുടെ ഇടയിലേയ്ക്കു ഒരു ബസ് നിയന്ത്രണം
വിട്ടു ഇടിച്ചു കയറുന്നത് ദൂരെ നിന്നാണ് കണ്ടത് .
അടുത്തെത്തുമ്പോള്‍ പല പെണ്‍കുട്ടികളെയും
ആശുപത്രിയിലേയ്ക്ക് കൊണ്ട് പോകുന്നു .
ആരൊക്കെയോ മരിച്ചിട്ടുണ്ട് …
അപകടം കണ്ടു പലരും അലമുറയിടുന്നു .
ചിലര് മരവിച്ചു നില്ക്കുന്നു .
ആകെ പേടിച്ചു മരവിച്ചത് പോലെ നില്ക്കുകയായിരുന്നു
ലിസ.
അവളുടെ അടുത്തേയ്ക്ക് ചെല്ലാന്‍ മനസ്സ്
പ്രേരിപ്പിച്ചു. അടുത്ത് ചെന്ന് ചോദിച്ചു.
” യു ഓക്കേ? ”
അവള്‍ മരവിപ്പോടെ തലയാട്ടി.
ആ സ്‌നേഹം ഇന്ന് ഇണ പിരിയാത്ത സുഹൃത്തുക്കള്‍
ആക്കിയിരിക്കുന്നു . പതിനഞ്ചു വയസ്സിനു ഇളയവള്‍
ആണെങ്കിലും അവള്‍ക്കു ആ ബഹുമാനം ഒന്നും ഇല്ല .
പെട്ടെന്നാണ് സംശയംബാബുവിനെയും ഡേവിഡ് ഓര്‍ത്തത് .
ആത്മഹത്യ മുനമ്പിനു അടുത്തുള്ള മണിയെട്ടന്റെ
ചായക്കടയില്‍ എന്നും സംശയവുമായി
നില്ക്കുന്ന ബാബു .
വട്ടന്‍ എന്ന പേരുള്ളതിനാല്‍ ആരും പണ്ട് മുതലേ
ബാബുവോട് മിണ്ടാറില്ലത്രെ . അവനോടു മിണ്ടുന്ന
തന്നെ അവനു വലിയ കാര്യമാണ്.
ചായക്കട എത്തി, ബൈക്ക് നിര്‍ത്തി ഡേവിഡ്
അങ്ങോട്ടേയ്ക്ക് നടന്നു ചെന്നു
സമയം ഏഴര ആകുന്നതേ ഉള്ളൂ.. നല്ല തണുപ്പായതിനാല്‍
ചായക്കടയില്‍ ആകെ രണ്ടുപേര് മാത്രമേ ഉള്ളൂ.
പതിവ് പോലെ സംശയം ബാബു അവിടെ തന്നെ ഉണ്ട്.
ഒരാള്‍ വായിക്കുന്ന പത്രം ഏന്തി നോക്കുകയാണ് ബാബു.
ചായ വാങ്ങിച്ചു ബെഞ്ചില്‍ ഇരിക്കവേ ബാബു ചോദിച്ചു
”സാറിനു പത്രം വേണ്ടേ? ഞാന്‍ ചോദിച്ചിട്ട് അയാള് തരുന്നില്ല”
” വേണ്ട ബാബു, എന്ത് വായിക്കാനാണ് ? പെട്രോളിന് വിലകൂടി ,
ഗ്യാസിനു വിലകൂടി അതല്ലേ വാര്ത്ത ? ”
അത് കേട്ടപ്പോള്‍ പത്രം വായിച്ചു കൊണ്ടിരുന്ന ആള്‍
നീരസത്തോടെ ഡേവിഡിനെ ഒന്ന് നോക്കി..
പിന്നെ അയാള്‍ വായന തുടര്‍ന്നു.
” അല്ല സാറേ, ഒരത്ഭുത വാര്‍ത്തയുണ്ട്”
ബാബു പറഞ്ഞു
ഡേവിഡ് ചോദ്യ രൂപത്തില്‍ അവനെ നോക്കി. .
”ആഫ്രിക്കയിലെ ഒരു സ്ത്രീക്ക് മരിച്ച ആളുകളെ കാണാന്‍
കഴിയുന്നു പോലും ! എന്ത് ഭാഗ്യമാ അല്ലെ സാറെ ?”
” എന്ത് ഭാഗ്യം, ബാബു…? മരിച്ചവര്‍ ആത്മാക്കള്‍ അല്ലെ?
അപ്പോള്‍ അവര്‍ക്ക് ശരീര മുള്ള ഒരാളെ കിട്ടിയാല്‍
ഏതു നേരവും അയാള്‌ക്കൊപ്പം ഇരിക്കാന്‍ ആത്മാക്കള്‍ക്ക്
തോന്നും. അതോടെ അയാളുടെ പ്രൈവസി നഷ്ടമാകും.
ആട്ടെ, ബാബുവിന് ചായ വേണ്ടേ?”
” വേണം, പക്ഷെ ഞാന്‍ എത്ര ചോദിച്ചിട്ടും എന്നത്തെയും
പോലെ മണിച്ചേട്ടന്‍ കേട്ട ഭാവം കാണിച്ചില്ല. അവസാനം
ഞാന്‍ പുള്ളി കാണാതെ എടുത്തു കുടിച്ചു.”
” അത് നന്നായി.”
പത്രം വായിച്ചു കൊണ്ടിരുന്ന ആള്‍ ഡേവിഡ് നെ ഒന്ന്
തറപ്പിച്ചു നോക്കി പത്രം അവിടെ വെച്ച്
എഴുന്നേറ്റു പോയി . ഡേവിഡ് ആ വാര്‍ത്ത ഒന്ന് നോക്കി.
പിന്നെ ചായ വലിച്ചു കുടിച്ചു .പൈസ കൊടുത്ത് ഇറങ്ങി.
ബാബു പുറകെ ബൈക്കിനു സമീപം വരെ ചെന്നു.
” അല്ല സാറേ, ഈ സെമിത്തേരിയില്‍ ചെന്നാല്‍ മരിച്ചവരെ കാണാന്‍ കഴിയുമോ?”
” ഞാന്‍ എത്ര തവണ ബാബുവോട് പറഞ്ഞിട്ടുണ്ട്,
സെമിത്തേരി എന്ന് പറയരുതെന്ന് … എനിക്കാ വാക്ക് ഇഷ്ടമല്ല.
അത് കൊണ്ട് സെമി എന്ന് പറഞ്ഞാല്‍ മതി.
അതാകുമ്പോള്‍ ഒരു അസ്വസ്ഥത തോന്നില്ല. ”
” ശ്ശൊ ഞാന്‍ മറന്നു. ഇനി ശ്രദ്ധിക്കാം”
ബൈക്കിനടുത്തു ലിസ നില്പ്പുണ്ടായിരുന്നു.
അത് കണ്ടു ബാബു ചോദിച്ചു
”ചേച്ചിക്ക് ചായ വേണ്ടേ? ”
” വേണ്ട ബാബു”
ലിസ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഡേവിഡ് ബൈക്ക് മെല്ലെ മുന്നോട്ടെടുത്തു.
ലിസ അയാളോട് ചോദിച്ചു
” എന്താ സംശയംബാബുവിന് ഇന്നും സംശയമുണ്ടോ ?
വട്ടു പിടിച്ചാണ് മരിച്ചതെങ്കിലും അവനു സംശയം തീരുന്നില്ല.
അല്ലെ ?”
” അവനു ആത്മാക്കളെ കാണാന്‍ സെമിയില്‍ വരണമെന്ന് ”
” ഭ്രാന്തു മൂത്ത് സ്യൂയിസൈഡ് പോയിന്റില്‍ ചാടി
മരിച്ച അവനു വരാന്‍ പറ്റില്ല സെമിയില്‍…
അവന്‍ ഇവിടെ ഇങ്ങനെ കറങ്ങി നടക്കും.
മരിച്ച കാര്യം പോലും അവനു മനസിലായിട്ടില്ല”
” ഉം… ആ പിന്നെ, ആഫ്രിക്കയില്‍ ഒരു സ്ത്രീക്ക് മരിച്ച
ആളുകളെ കാണാന്‍ കഴിയുമെന്നു വാര്‍ത്തയുണ്ട്. ”
” ആണോ ഡേവിഡ് ? ”
” അതെ…. അത് സത്യമായിരിക്കും അല്ലെ ? ”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...