ശ്രീജിത്ത് മൂത്തേടത്ത്
പൊക്കനെപ്പിടിച്ച്,
വാലിൽ കുടുക്കിട്ട്,
കല്ലെടുപ്പിച്ചും
പറപ്പിച്ചും
രസിച്ച കുട്ടി
കോലാത്തെമ്പത്തിരുന്നു
കരഞ്ഞു.
പൊക്കൻ
പറന്നുപോയത്രെ!!
കാതിൽ
കടുക്കനിട്ട
കുഞ്ഞിപ്പറമ്പത്തെ
പൊക്കേട്ടൻ
കുട്ടിയെ ആശ്വസിപ്പിച്ചു -
''ഞ്ഞ്യെന്തിനാ മോനേ
കരേന്നെ?
പറക്ക്ന്ന പൊക്കൻ
പോയാലെന്താ മോന്
ഈ നടക്ക്ന്ന
പൊക്കേട്ടനില്ലേ?''
കുട്ടിയും
പൊക്കേട്ടനും
കുഞ്ഞിപ്പറമ്പത്തെ
മിറ്റത്ത്
തുള്ളിക്കളിച്ചു.