സണ്ണി തായങ്കരി
കുന്നായിക്കര മാതൃകാപോലീസ് സ്റ്റേഷനിൽ ഒരു പരാതിക്കാരന്റെ കാലൊച്ചയ്ക്കായി കാതോർ ത്തിരിക്കുകയാണ് എസ്.ഐ. രാമൻ കർത്താ. ഈ സ്റ്റേഷനിൽ ചാർജെടുത്ത ദിവസം മുതൽ പ്രതീക്ഷയോടെ തുടരുന്ന ഒരു വിഫലപ്രക്രിയ. അതിനപ്പുറം ആ ആഗ്രഹത്തിന് ആയുസ്സില്ലെന്ന് അയാളെപ്പോലെത്തന്നെ ഒരു കുറ്റവാളിയുടെയെങ്കിലും മുഖമൊന്നു കാണാൻ ആഗ്രഹിക്കുന്ന നാല് പി.സി. മാർ ക്കും അറിയാം. പ്രഭാതത്തിൽ നാമ്പിടുന്ന പ്രതീക്ഷ പ്രദോഷമാകുന്നതോടെ കല്ലിന്മേൽ വീണ വിത്തുപോലെ കരിഞ്ഞുണങ്ങിപ്പോകുന്നു.
അന്നും പ്രഭാതം തുടങ്ങിയത് സാധാരണ നിലയിൽതന്നെ. രാത്രിയിൽ കുന്നായിപ്പുഴയിൽ ഉടക്കുവലയിട്ടും വലയെത്താത്തിടത്ത് വെള്ളത്തിലിറങ്ങി അണ്ടതപ്പിയും പ്രഭാതത്തിൽ കൂടനിറയെ പിടയ്ക്കു ന്ന നാണാത്തരം മത്സ്യവുമായി എത്തുന്ന ജ്യേഷ്ഠൻ ചെമ്പനോയിയും അനുജൻ കൊച്ചോയിയും രാവി ലെ സ്റ്റേഷനിലെത്തി മുഖം കാണിച്ച് രാമൻ കർത്തായ്ക്ക് 'പടി' കൊടുക്കുന്ന ഒരു പതിവ് ഏർപ്പാടുണ്ട്. അന്ന് സമർപ്പിച്ചതു രണ്ടുരണ്ടരയടി നീളമുള്ള പെടയ്ക്കുന്ന വെള്ളിനിറമുള്ള വിളഞ്ഞ ആറ്റുവാള. തലങ്ങും വിലങ്ങും മുള്ളാണെങ്കിലും വാളയെന്നു കേട്ടാൽ രാമൻ കർത്തായുടെ വായിൽ കപ്പലോടും. നല്ല കുടംപുളിയിട്ടുവച്ച വാളക്കറിയുണ്ടെങ്കിൽ മൂന്നുപ്ലേറ്റ് ചോറുവരെ കർത്താ അകത്താക്കും.വാളയെ ഒരുവിധത്തിൽ മെരുക്കി കോർമ്പലിൽ കോർത്ത് പി.സി. രണ്ടായിരത്തി മൂന്നാമന്റെ കൈയിലേക്ക്. രണ്ടായിരത്തി മൂന്നാമൻ ബെല്ലും ബ്രേക്കുമില്ലാത്ത തന്റെ എൺപത്തിയഞ്ച് മോഡൽ ഹെർക്കുലീസ് സൈക്കിളിൽ രാമൻ കർത്തായുടെ വീട്ടിലേക്ക്.
കർത്തായേക്കാൾ പതിനഞ്ച് വയസ്സ് ഇളപ്പമുള്ള വിശാലനിതംബിനിയും ശിശുക്കൾ കടിച്ചു ചപ്പി ആകാരഭംഗി നഷ്ടപ്പെടാത്ത ഭാരിച്ച ക്ഷീരകുഭദ്വയങ്ങൾ പേറുന്ന, രാമൻ കർത്താ ഭാര്യ രത്നകുമാരി യുടെ കൈയിൽ ഭാരമുള്ള കോർമ്പിൽ കൊടുത്ത് തിരികെയെത്തിയിട്ടും കാര്യങ്ങൾ തഥൈവ. ഒരു കുറ്റവാളിയും അന്നും ആ സ്റ്റേഷനോട് കരുണ കാണിച്ചില്ല.
അതാണ് കുന്നായിക്കരയുടെ പ്രത്യേകത. വർഷങ്ങളായി ഒരു കുറ്റവാളിക്കും ജന്മം നൽകാൻ ഭാഗ്യം സിദ്ധിക്കാതെപോയ ഗ്രാമം. കുറ്റവാളികളില്ലാത്ത സ്ഥലത്തെപ്പറ്റി ഏറെ ദു:ഖിക്കുക നിയമപാലകർതന്നെയാണല്ലോ. രാമൻ കർത്തായും കർത്തായ്ക്കുമുമ്പ് സ്റ്റേഷൻ ഭരിച്ച മാത്തൻ എസ്.ഐ.യും അതാത് കാലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹേഡ് ഉൾപ്പെടെയുള്ള പി.സി. മാരും ഇക്കാര്യത്തിൽ പല സർവേകളും കൂലങ്കഷമായ ചർച്ചകളും നടത്തി പ്രശ്നപരിഹാരത്തിന് ശ്രമിച്ചിട്ടുണ്ട്. പക്ഷേ, ഈ നശിച്ച കുന്നായിക്കരക്കാർ കുറ്റകൃത്യങ്ങളോട് ഇങ്ങനെ മുഖം തിരിച്ചുനിന്നാൽ പാവം പോലീസുകാർ എന്തുചെയ്യും? നാടായ നാട്ടിലെല്ലാം കുറ്റകൃത്യങ്ങൾ പെരുകുന്നുവേന്നാണ് ജനത്തിനും അധികാരികൾക്കും പരാതി. പക്ഷേ, ഇവിടെ മാത്രം...
കുറ്റകൃത്യങ്ങൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനുകളിൽ പോലീസുകാർക്ക് ചാകരയാണെന്നാണ് വയ്പ്. ഏത് ദേശത്തെ ജനമായാലും പോലീസ് സ്റ്റേഷനായാലും ജനത്തിന്റെ അനുഭവം അതാണല്ലോ. മോഷ്ടിക്കാനുള്ള അവസരം ഒരുക്കി കൊടുക്കുന്നതിനും പിടിക്കപ്പെടാതെ സംരക്ഷിക്കുന്നതിനും പ്രതിഫലമായി മോഷ്ടാവിൽനിന്ന് മോശമല്ലാത്ത ഒരു വിഹിതം തടയുമെന്നും പരാതിയുമായി ചെല്ലുന്ന വാദിയിൽനിന്നും പ്രതിയിൽനിന്നും കാക്കിപ്പോക്കറ്റുകളിലേക്ക് ഗാന്ധിത്തലകൾ ഒഴുകുമെന്നുമൊക്കെ ഇക്കാലത്ത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? അതിന്റെ ഐശ്വര്യം അത്തരം സ്റ്റേഷനുകളിൽ ഉണ്ട്. പോലീസുകാർക്ക് ജോലിയിൽ ചുറുചുറുക്കുണ്ട്. സ്റ്റേഷനുകളിലും പോലീസുകാരുടെ വീടുകളിലും എന്നും ഓണംതന്നെ. കുന്നായിക്കര സ്റ്റേഷനിലെ പോലീസുകാർക്ക് എണ്ണിച്ചുട്ട അപ്പംപോലെ കിട്ടുന്ന ശമ്പളമെന്ന നക്കാപ്പിച്ചകൊണ്ട് ഓണം പോയിട്ട് ചതയംപോലും ആഘോഷിക്കാൻ പറ്റില്ലായെന്ന് ഏത് പോലീസുകാരനുമറിയാം.
മാത്രമല്ല, കുന്നായിക്കര മാതൃകാ പോലീസ് സ്റ്റേഷനായതുകൊണ്ട് അഴിമതിയെ ഇവിടെ പടിയടച്ച് പിണ്ഡംവച്ചിരിക്കുകയുമാ. തന്നെയല്ല, രാമൻ കർത്തായ്ക്ക് അഴിമതിയെന്ന് കേട്ടാൽ ചോര ഞരമ്പുകളിൽ തിളയ്ക്കും. ഇനി ആർക്കെങ്കിലും അതൊന്ന് പരീക്ഷിച്ച് നിജസ്ഥിതി ബോധ്യപ്പെടണമെങ്കിൽതന്നെ പരാതിയുമായി ആരെങ്കിലും അവിടേയ്ക്ക് ചെല്ലണ്ടേ?
ഒരാഴ്ച മുമ്പത്തെ ഒരു വാർത്ത കുന്നായിക്കര സ്റ്റേഷനേയും അതിലെ അഞ്ച് പോലീസ് ജന്മങ്ങളേയും വിഷമസന്ധിയിലെത്തിച്ചിരിക്കുന്
രാമൻ കർത്തായെയും പി.സി.മാരെയും മുൾമുനയിൽ നിർത്തുന്ന പത്രമാധ്യമങ്ങൾ വഴി കുന്നായിക്കരയിലേക്ക് വന്ന പ്രശ്നം ഇതാണ്. വർഷങ്ങളായി ഒരു പെറ്റിക്കേസുപോലും രജിസ്റ്റർ ചെയ്തിട്ടില്ലാ ത്ത കുന്നായിക്കരയിൽ പോലീസ് സ്റ്റേഷൻ നിലനിർത്തുന്നതിൽ അർഥമില്ലെന്ന് പുതിയതായി ചാർ ജെടുത്ത ആഭ്യന്തരമന്ത്രി പ്രഖ്യാപിച്ചു. ഇതിൽപ്പരം ഒരു കൊലച്ചതി പോലീസുകാരോട് ചെയ്യാനു ണ്ടോ?
പരിഹാരം ഒന്നേയുള്ളു. ഏതാനും പെറ്റിക്കേസുകൾ ഉടനടി രജിസ്റ്റർ ചെയ്യണം. അല്ലെങ്കിൽ പ്രമാദമായ ഒരു കേസ് സ്റ്റേഷനിലേക്ക് വലതുകാൽവച്ച് കയറിവരണം.സ്ത്രീ പീഡനമോ കൊലപാതകമോ ആയാൽ ഏറെ നന്ന്. സോളാർ കേസുപോലെ പല മാനങ്ങളുള്ള ഒരെണ്ണം ഒത്തുവന്നാൽ കാര്യം കുശാലായേനെ.
തുടക്കമെന്ന നിലയിൽ ഒരു പെറ്റിക്കേസേങ്കിലും എടുക്കാൻ വകുപ്പുള്ള ഒരാളെ കണ്ടുപിടിക്കാൻ രാമൻ കർത്തായും പി.സി.മാരുംകൂടി ആലോചന തുടങ്ങി. പക്ഷേ, ആലോചിച്ചപ്പോൾ അപ്പോഴുമുണ്ട് പ്രശ്നം. ഉന്തുവണ്ടിയിൽ കപ്പലണ്ടി വിറ്റുനടക്കുന്ന പാക്കരൻ മുതൽ പലചരക്ക് മൊത്ത വ്യാപാരി മത്തായി പോത്തൻ, വസ്ത്രവ്യാപാരി തങ്കയ്യ ശേഷയ്യ, സ്വർണവ്യാപാരി ജഗൻ ഭട്ടര്‌വരെയുള്ള ഓരോ രുത്തരെയെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ടും യാതൊരു വകുപ്പും അവർക്കെതിരെ ചുമത്താനുള്ള കാരണ#ം കണ്ടുപിടിക്കാനായില്ല.
കച്ചവടസാധ്യതയുടെ സ്കോപ്പ് അനുസരിച്ച് സ്റ്റേഷൻ വഴിയിൽനിന്ന് ചിലപ്പോഴൊക്കെ മാറി സഞ്ചരിക്കുമെങ്കിലും മിക്കവാറും കപ്പലണ്ടി പാക്കരൻ ആളാംവീതം പൊതി സ്റ്റേഷനിൽ എത്തിച്ചിട്ടേ കച്ചവടം തുടങ്ങു. അതാണ് അതിന്റെയൊരു ഐശ്വര്യമെന്ന് പാക്കരൻ പറയും. അമ്പലത്തിൽ ഒരു വഴിപാട് കഴിച്ച ഫലം ചെയ്യുമത്രേ.
പച്ചക്കറി, പാല്, പലചരക്ക് തുടങ്ങി ഒട്ടുമുക്കാൽ ഐറ്റങ്ങളും സൗജന്യമായി സമയാസമയങ്ങളിൽ രാമൻ കർത്തായുടെ വീട്ടിലെത്തും. സൗജന്യമല്ലെങ്കിലും ഈ വകകളെല്ലാം പി.സി.മാർക്ക് പാതി വില യ്ക്ക് കിട്ടുന്നുണ്ട്. മനുഷ്യന് കഴിക്കാൻ പറ്റാത്തവിധം വിഷം കലർന്നതാണെങ്കിലും സാധനങ്ങൾ ക്കൊക്കെ തീ വിലയുള്ള ഇന്നത്തെ കാലത്ത് അത് ചെറിയ കാര്യമല്ലല്ലോ. അതുകൊണ്ട് പാൽ, പച്ചക്കറി, മത്സ്യം, പലചരക്ക്, തുടങ്ങിയ ഐറ്റങ്ങൾ വിറ്റ് ഉപജീവനം കഴിക്കുന്ന പാവം വ്യാപാരികളെപ്പറ്റി പോലീസിന് യാതൊരു അഭിപ്രായ വ്യത്യാസവുമില്ല.
ഇനിയുള്ള പ്രധാന ഇനം ഇറച്ചിയാണ്. കോഴി, ആട്, മാട്, പന്നി ഇത്യാദികളുടെ കുന്നായിക്കരയിലെ പരമ്പരാഗത ഹോൾസെയിൽ റീട്ടെയിൽ വ്യാപാരി ഇറച്ചി മമ്മദാണ്. വർഷങ്ങളായി അറവുമാടുകളെ തമിഴ്‌നാട്ടിൽനിന്നുകൊണ്ടുവന്ന്
പൊതുവെ കുന്നായിക്കരയിൽ സാധനങ്ങൾക്കെല്ലാം ഇരട്ടി വിലയാണെന്ന് ചിലർ രഹസ്യമായി പിറുപിറുക്കാറുണ്ടെങ്കിലും പരാതിയുമായി ആരും ഇന്നുവരെ സ്റ്റേഷനിൽ എത്തിയിട്ടില്ല. മാത്രമല്ല, വിലക്കയറ്റം ഒരു പോലീസ് സ്റ്റേഷന്റെ പരിധിയിൽപ്പെടുന്ന കാര്യമല്ലല്ലോ. അതിനോക്കെ വലിയ വകുപ്പുകളല്ലേ നാട്ടിൽ കിടക്കുന്നത്.
മോഷണം, ട്രാഫിക് നിയമലംഘനം, ലഹരി പദാർഥങ്ങളുടെ വിൽപന, പരസ്യമദ്യപാനം, സ്ത്രീ പീഡനം, കുടുംബ പ്രശ്നങ്ങൾ എന്നിവയൊന്നും കുന്നായിക്കരയിൽനിന്ന് റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇങ്ങനെ വിശുദ്ധർ താമസിക്കുന്ന ഒരിടം ഈ ഭൂമി മലയാളത്തിലുണ്ടോ? ഈ രീതിയിൽപ്പോയാൽ
ആഗോള കത്തോലിക്കാ സഭ സമീപ ഭാവിയിൽ കുന്നായിക്കരയെ വിശുദ്ധ ഗ്രാമമായി പ്രഖ്യാപിക്കാ നുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഇടവക വികാരി ഫാദർ സൈമൺ ആൻഡ്രൂസ് കഴിഞ്ഞ ദിവസം രാമൻ കർത്തായോട് സൂചിപ്പിക്കുകയുണ്ടായി.
കുറ്റമുക്തമായ പോലീസ് സ്റ്റേഷനായതുകൊണ്ട് കുറ്റവാളികളെ ഇറക്കിക്കൊണ്ടുപോകാൻ ശുഭ്രവസ്ത്രധാരികൾ എത്താറില്ല. അതുകൊണ്ട് പ്രത്യുപകാരമെന്ന നിലയിൽ അവർക്ക് സർക്കാരിനോട് സ്റ്റേഷൻ നിലനിർത്താൻ ശുപാർശ ചെയ്യേണ്ട കാര്യവുമില്ല.
പോലീസ് സ്റ്റേഷന് ഷട്ടർ വീഴുമെന്ന ആകുലതയിൽ ചങ്ക് തകർന്ന് രാമൻ കർത്തായും കൂട്ടരും
ഇതികർത്തവ്യതാമൂഢരായി ഇരിക്കുമ്പോഴാണ് പൊടുന്നനെ ഒരാൾ സ്റ്റേഷന്റെ മുമ്പിൽ കാണപ്പെട്ടത്. രാമൻ കർത്തായും പി.സി.മാരും ധൃതിയിൽ എവിടെയൊക്കെയോ പൊടിപിടിച്ചു കിടന്ന തൊപ്പികൾ തപ്പിയെടുത്ത് പൊടിതട്ടി തലയിൽവച്ച് അറ്റൻഷനായി. ആൾ അകത്തേക്ക് വന്നപ്പോഴാണ് പോലീസുകാർ ശരിക്കും അമ്പരന്നത്.
സ്ഥലം എം.എൽ.എ.യും സാംസ്കാരിക-സാമൂഹ്യ മേഖലകളിൽ ഏറെക്കാലമായി വേന്നിക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന മാന്യദേഹവുമായ സുഗുണാന്ദൻ സാർ... അദ്ദേഹം ആദ്യമായി പരിവാരസന്നാഹങ്ങളില്ലാതെ...
പ്രയോജനമില്ലെങ്കിലും എസ്.ഐ. രാമൻ കർത്താ നീണ്ടുനിവർന്നുനിന്ന് ഒരു സല്യൂട്ട് കൊടുത്തു. പോലീസുകാർ അറ്റൻഷനായി അനക്കമില്ലാതെനിന്നു.
"ഇരിക്കണം സാർ..." രാമൻ കർത്താ വിനയാന്വിതനായി.
"ഞാൻ ഒരു എം.എൽ.എ.യോ സാംസ്കാരിക നായകനോ ആയല്ല ഇപ്പോൾ ഇവിടേയ്ക്ക് വന്നത്."
രാമൻ കർത്താ അമ്പരന്നു. പോലീസുകാർ തോക്കേന്തിയും അല്ലാതെയും പാതി അറ്റൻഷനിൽ നിന്നു. ഉള്ളതും ഇല്ലാത്തതുമായ അധികാരങ്ങളോടെ സർവാധികാരികളെപ്പോലെയാണ് സാധാരണയായി ഞാഞ്ഞൂലിന് സമാനമായ ഒരു വാർഡ് മെമ്പർപോലും ഇക്കാലത്ത് പോലീസ് സ്റ്റേഷനുകളിൽ വരാറുള്ളത് എന്ന് രാമൻ കർത്താ ഓർത്തു. പക്ഷേ, ഈ വലിയ മനുഷ്യൻ എത്ര വിനയാന്വിതൻ...
"ഇരിക്കണം സാർ. സാർ ഞങ്ങളുടെയൊക്കെ കാണപ്പെട്ട ദൈവമാണ്. അങ്ങ് ചെയ്ത സഹായങ്ങൾ ഇവിടെത്തെ ഓരോ മൺതരിയും പറയും." സൗകര്യത്തിന് കൈയിൽ കിട്ടിയ വി.ഐ.പി.യെ ആകാശത്തോളം ഉയർത്തിയാൽ ഒരു ഫോൺ കോളുകൊണ്ട് ഒരുപക്ഷേ ഒറ്റ എം.എൽ.എ. യുടെ ഭൂരിപക്ഷത്തിൽ നിൽക്കുന്ന സർക്കാർ സ്റ്റേഷൻ അടച്ചുപൂട്ടൽ തീരുമാനം മരവിപ്പിച്ചാലോ...
"ഇരിക്കണം സാർ..." രാമൻ കർത്താ മുട്ടോളം താണു.
"ഞാനൊരു കുറ്റവാളിയാണ്..."
ഇത് നല്ല കഥ. കുറ്റവാളി കുറ്റവാളിയല്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അത് അംഗീകരിച്ചുകൊടുക്കാം. എന്നാൽ ഒരു രാഷ്ട്രീയക്കാരൻ കുറ്റവാളിയല്ലെന്ന് പറഞ്ഞാൽ ആരെങ്കിലും ഇക്കാലത്ത് വിശ്വസിക്കുമോ? രാമൻ കർത്താ ഉള്ളിൽ ചിരിച്ചു. വകതിരിവില്ലായ്മയ്ക്കും വേണം ഒരതിര്.
"സാർ, എന്താണിപ്പോ അങ്ങനെ തോന്നാൻ... അങ്ങ് ദീർഘകാലം എം.എൽ.എ. ആയിരുന്ന് ഈ നാട്ടുകാർക്ക് എന്തൊക്കെയാ ചെയ്തുകൊടുത്തത്... വിധവാ പെൻഷൻ, വാർധിക്യകാല പെൻഷൻ, സ്ത്രീകൾക്ക് തൊഴിൽ, യുവതികൾക്ക് വിദ്യാഭ്യാസ സഹായം, വിവാഹ സഹായം. ഈ നാടിന്റെ, പ്രത്യേകിച്ച് യുവതികളുടെ ഹീറോയാണ് അങ്ങ്..."
"സുന്ദരികളായ സ്ത്രീകൾക്കോ സുന്ദരികളായ സ്ത്രീകളുള്ള വീട്ടുകാർക്കോ പ്രത്യുപകാരം കിട്ടുമെങ്കിൽ മാത്രമേ ഞാൻ സഹായം ചെയ്യു എന്നൊരു പരാതിയുണ്ട്."
"അതൊക്കെ കുശുമ്പുള്ള വെവരം കെട്ടവർ പറയുന്നതല്ലേ സാർ. അങ്ങ് ഇരിക്കണം സാർ... പി.സി., സാറിന് ഒരു ചായ..."
കക്ഷിക്ക് പഞ്ചസാര ജാസ്തിയാ... ചായയിൽ വേണ്ട, ഗ്ലാസിന്റെ വക്കത്തുമതിയെന്ന് പി.സി.മാരിൽ ആരോ സ്വരം താഴ്ത്തി പറഞ്ഞത് രാമൻ കർത്തായുടെ ചെവിയിലൂടെ കടന്നുപോയി.
പരാതിക്കാർക്ക് ഇരിക്കാനുള്ള കസേരകളിലൊന്നിൽ എം.എൽ.എ. ഇരുന്നു.
"പറയൂ സാർ, അങ്ങേയ്ക്ക് എന്താണ് പറ്റീത്..."
"ഞാൻ മന്ത്രിയായും എം.എൽ.എ.യായും ഇടപെട്ട കേസുകളിലെല്ലാം കോടികൾ മറിഞ്ഞിട്ടുണ്ട്. പണം തട്ടാനായി നടക്കാത്ത പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പക്ഷേ, ബന്ധപ്പെട്ടവർക്കെല്ലാം
അതിന്റെ വിഹിതം കൃത്യമായി കൊടുത്തിട്ടുമുണ്ട്. ആർക്കും അക്കാര്യത്തിൽ പരാതിയില്ല."
"ആർക്കും പരാതിയില്ലെങ്കിൽ സാറിനാണോ പരാതി? ജനത്തിന്റെ കാശ് കൈകാര്യം ചെയ്യാനല്ലേ അങ്ങയെപ്പോലെ കഴിവുള്ളവരെ ജനം വോട്ടുകുത്തി തെരഞ്ഞെടുത്തത്? നിങ്ങൾ പാലം പണിയും, മെറ്റലും ടാറും ചേർക്കാതെ റോഡ് പണിയും, റോഡ് തരാതരംപോലെ വെട്ടിപ്പൊളിക്കും, റോഡിലെ കുഴി നികത്തും... പണിയുന്നതൊക്കെ തകരുമ്പോൾ വീണ്ടും പണിയും... വേണമെങ്കിൽ ഇല്ലാത്ത പദ്ധതിയുടെ പേരിൽ കോടികൾ തട്ടും. ജനം വോട്ടുതന്ന് ജയിപ്പിച്ചാൽ പിന്നെ ജനപ്രതിനിധി ചെയ്യുന്നത് ചോദ്യം ചെയ്യാൻ ആർക്കുണ്ടു സാർ ഇവിടെ അധികാരം?"
"പക്ഷേ, ഇവിടെ പ്രശ്നം അതല്ല. ലക്ഷങ്ങൾ വാങ്ങി വിദേശ ജോലിക്കായി വിവിധ രാജ്യങ്ങളിലേ ക്ക് അയച്ച യുവതികൾക്കെല്ലാം അതത് രാജ്യങ്ങളുടെ മെഡിക്കൽ പരിശോധനയിൽ എച്ച്.ഐ.വി. രോഗാണുബാധ സ്ഥിരീകരിച്ചിരിക്കുന്നു..."
"അതിന് സാറെന്ത് പിഴച്ചു? അവളുമാര്..."
"അതല്ലടോ. കുന്നായിക്കരയിൽ യൂനസ്കോ നടത്തിയ ഒരു സാമ്പിൾ സർവേയിൽ ഇവിടെയുള്ള പതിനെട്ടിനും മുപ്പതിനും ഇടയിലുള്ള എഴുപത് ശതമാനം യുവതികളിലും എച്ച്.ഐ.വി. രോഗാണുബാധയുള്ളതായി സ്ഥിരീകരിച്ചിരിക്കുന്നു."
"അതിന് സാറെന്തിനാ ബേജാറാവുന്നേ? അവക്കടെ ഭർത്താക്കന്മാർക്ക് മറ്റേത് കാണും. അനുഭവിക്കട്ടെ."
"അതല്ലെടോ പ്രശ്നം. പാർട്ടിയിലെ എന്റെ എതിർ ഗ്രൂപ്പുകാരാണ് പ്രശ്നം വഷളാക്കിയത്. എന്നോട് അസൂയയുള്ളവർ എനിക്ക് എയ്ഡ്സാണെന്നും എന്റെ രക്തം പരിശോധിപ്പിക്കണമെന്നും മുറവിളികൂട്ടി. അൽപംപോലും സംശയമില്ലായിരുന്നതിനാൽ എല്ലാവരുടെയും വായ് മുടിക്കെട്ടാൻ ഞാൻ സമ്മതിച്ചു. പക്ഷേ, റിസൽട്ട് പോസിറ്റീവായിരുന്നു. ലബോർട്ടറിയിൽനിന്ന് വിവരം ചോർത്തിയ ശത്രുക്കൾ എനിക്ക് എയ്ഡ്സാണെന്ന് കുന്നായിക്കരയിൽ പ്രചരിപ്പിച്ചു. തകർന്നെടോ... എന്റെ ഇമേജെല്ലാം തകർന്നു... എനിക്കെതിരെ കുന്നായിക്കരയിലെ ജനം മുഴുവൻ തിരിഞ്ഞിരിക്കുന്നു. എന്നെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അവർ ജാഥയായി ഇങ്ങോട്ട് വരുന്നുണ്ട്."
"അപ്പോൾ സാർ പറഞ്ഞുവരുന്നത്... അങ്ങ്... നാട്ടുകാർ പയ്യം പയ്യം പറയുമ്പോലെ..."
"അതേടോ. അങ്ങനെയാണ് കാര്യങ്ങൾ..."
"അങ്ങേയ്ക്കെതിരായി ആരാണ് പരാതിയുമായി വരുന്നത്? എല്ലാത്തിനേയും ഞാൻ അകത്തിടും. ഇവിടൊരു കേസ് നോക്കി ഇരിക്കുകയാ ഞാൻ."
"പക്ഷേ, ജാഥക്കാരുടെ മുന്നണിയിലുള്ളത്..."
വെളിപ്പെടുത്തൽ കേട്ട് രാമൻ കർത്താ ഞെട്ടി. ആ ഞെട്ടലിൽനിന്ന് മുക്തനാകാൻ അയാൾക്ക് ഏറെ സമയംവേണ്ടിവന്നു.
അപ്പോഴേയ്ക്കും കുന്നായിക്കരയിലെ ജനം സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയിരുന്നു. എം.എൽ.എ. യ്ക്കെതിരെ മുദ്രാവാക്യം മുഴങ്ങി.
അവരുടെ മുമ്പിൽനിന്ന സ്ത്രീയെ കണ്ട് പോലീസുകാർ അന്തംവിട്ടു. രാമൻ കർത്തായുടെ മുഖം വിളറി വെളുത്തു.
കുന്നായിക്കര പോലീസ് സ്റ്റേഷന്റെ ചരിത്രത്തിൽ അന്നാദ്യമായി ഒരു എഫ്.ഐ.ആർ. കുറിക്കപ്പെട്ടു. പല മാനങ്ങളുള്ള ഒരു എഫ്.ഐ.ആർ.