സത്യചന്ദ്രൻ പൊയിൽക്കാവ്
ഒടുവിൽ സുരേന്ദ്രൻ വൈദ്യർ ആ മുരിങ്ങാമരം കണ്ടുപിടിച്ചു. പ്രഭാകരൻ അടിയോടിയുടെ വീടിനു പിന്നിലായിരുന്നു ആ വലിയ മരം. ധാരാളം ഇലകളും ചില്ലകളുമുള്ള ആ മരത്തിനരികെ ഒരു ആത്തച്ചക്കയുടെ മരവും പടർന്ന് പന്തലിച്ചിരുന്നു. ഏതുനേരവും അന്തരീക്ഷത്തിലേക്ക് പുക ഉയർത്തി നിൽക്കുന്ന അടുക്കളയായിരുന്നു അതിനു മുന്നിൽ. ഇനി എങ്ങനെ കാര്യം സാധിക്കും എന്നതായിരുന്നു സുരേന്ദ്രന്റെ സംശയം. മുരിങ്ങാമരത്തിൽ ഒരു ദ്വാരമുണ്ടാക്കണം. അതിൽ പഴുത്ത അടക്ക തൊലിയുരിച്ച് കയേറ്റീവ്ക്കണം. അത് ഗോതമ്പ്മാവ് കൊണ്ട് അടയ്ക്കണം. എന്നിട്ട് തൊണ്ണൂറ് ദിവസങ്ങൾ കാത്തിരിക്കണം...
ഒരു വൈദ്യന്റെ അഗ്നിപരീക്ഷണങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്ന നാളുകളാണിതെന്ന് സുരേന്ദ്രന് തോന്നി. ജീവിതത്തിന് ഇതാ ഒരർത്ഥവും ആവേശവും കൈവന്നിരിക്കുന്നു. സുരേന്ദ്രൻ വൈദ്യർക്ക് വലിയ സന്തോഷം തോന്നി.
'എടീ വിലാസിനി എന്നിട്ട് വേണം നിന്റെ...'വൈദ്യർ തന്റെ നാവിൻതുമ്പിൽ വന്ന തെറി ആരെങ്കിലും കേട്ടുവോ എന്ന പേടിയിൽ പാതിയിൽ വിഴുങ്ങി.
സന്ധ്യക്ക് തന്നെ കട പൂട്ടി. ശ്രീകൃഷ്ണൻ പറഞ്ഞ ദശമൂലാരിഷ്ടം മമ്മദ്ക്കാന്റെ പീട്യേല് ഏൽപ്പിച്ച് സുരേന്ദ്രൻ വൈദ്യർ വീട്ടിലേക്ക് തിരിച്ചു. ഒന്ന് കുളിക്കണം.
'ഇന്നെന്താ എന്തെങ്കിലും അരിഷ്ടം അറിയാണ്ട് കുടിച്ചുപോയോ സുരേന്ദ്രാ? മമ്മദ്ക്ക ദ്വയാർത്ഥം വെച്ച് ചോദിച്ചപ്പോൾ സുരേന്ദ്രൻ ചെറിയ ചിരിയോടെ കണ്ണുചിമ്മി ചൂണ്ടാണി വിരൽ ഉയർത്തി.
മമ്മദ്ക്ക പൊട്ടിച്ചിരിയോടെ പറഞ്ഞു 'ന്നാ വേഗം പോട് വേഗം പോട്' കഭീ കഭീ മേരെ ദിൽഹെ... മമ്മദ്ക്കയുടെ മൂളിപ്പാട്ട് സുരേന്ദ്രൻ വൈദ്യർ പിന്നിൽ കേട്ടു.
രാത്രി വീട്ടിൽ നിന്ന് അളിയൻ പ്രകാശൻ കൊടുത്ത ഗൾഫിന്റെ ടോർച്ചുമായി സുരേന്ദ്രൻ വൈദ്യർ പുറത്തിറങ്ങി. എങ്ങോട്ടാണെന്ന വിനോദിനിയുടെ ചോദ്യത്തിന് 'ഒരു കാര്യംണ്ട്' എന്നുമാത്രം പറഞ്ഞു. അരയിൽ ചൂടുവെള്ളത്തിൽ കുഴച്ച ചെറിയ പ്ലാസ്റ്റിക് കവറിലാക്കിയ ഗോതമ്പ് മാവും തൊലി കളഞ്ഞ പഴുത്ത ഒരു അടക്കയുമുണ്ടായിരുന്നു. പത്ത് മണി കഴിയുന്നതുവരെ യൂസഫിന്റെ ഫാസ്റ്റ്ഫുഡിന്റെ അടുത്ത് നിന്നു. സന്ധ്യ കഴിയുന്നതോടെയാണ് യൂസഫിന്റെ ബിസിനസ്സ് പുരോഗമിക്കുക. ലോറിക്കാരും ടൂവീലറിൽ ലക്ഷ്യമില്ലാതെ യാത്ര ചെയ്യുന്ന സമ്പന്ന കുമാരന്മാർ മേൽപ്പാലത്തിനരികിലെ ബാറിൽ നിന്നും വാസ്ഗോഡഗാമയുടെ കടൽതീരത്തെ ബീർ പന്തലിൽ നിന്നും ഇരച്ചെത്തും. യൂസഫ് എം പി ത്രിയിലെ പാട്ടുകൾക്കൊപ്പം ബുൾസൈയും ആംപ്ലെയ്റ്റും ചിക്കൻഫ്രൈയുമെല്ലാം ശരിയാക്കിയെടുക്കും. അകത്തെ നീളൻ മേശിയിൽ ചെറുനാരങ്ങയും ഉള്ളിയും അരിഞ്ഞതിന്റെ മണം പെരുക്കും. കുറച്ച് മാസങ്ങൾ തകൃതിയായ കച്ചവടം ചെയ്ത് അത് ചിലവഴിക്കാൻ കുറച്ച് കാലം യൂസഫ് ലോകസഞ്ചാരം നടത്തും. അപ്പോൾ യൂസഫ് ഒരു സഞ്ചാരിയായിരിക്കും. കോഴികളുടെയും മീനുകളുടേയും ശാപം തീർക്കാൻ എന്നാണ് യൂസഫിന്റെ വിശദീകരണം. ഇങ്ങനെ ഹിമാലയം വരെ പോയിട്ടുണ്ട് എന്നാണ് യൂസഫ് പറയുന്നത്.
'എന്താങ്ങനെ വീട്ടില് പോകാതെ ചുറ്റിക്കളിക്കണത് വൈദ്യരേ'-യൂസഫ് ചെറുചിരിയോടെ സുരേന്ദ്രനോട് ചോദിച്ചു.
'ഒന്നൂല്യ എടയ്ക്ക് അതും വേണ്ട ഒരു സ്വാതന്ത്ര്യം' സുരേന്ദ്രന്റെ മറുചോദ്യം യുസഫിന് ഇഷ്ടമായി.
'എന്തെങ്കിലും കഴിക്കുന്നോ' യൂസഫ് സ്വകാര്യമെന്ന പോലെ ചോദിച്ചു.
'വേണ്ട യൂസഫേ പിന്നീടാവാം' സുരേന്ദ്രൻ വൈദ്യർ പറഞ്ഞു.
എം.പി.ത്രിയിലെ ആയിരം പാദസ്വരങ്ങൾ കിലുങ്ങി എന്ന ഗാനത്തോട് യൂസഫ് ചേർന്ന് പാടാൻ തുടങ്ങിയപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക് സമാധാനമായി.
വിജനമായ പഴയ നിരത്തിലൂടെ സുരേന്ദ്രൻ നടന്നു. പഴയ നിരത്തിൽ ആളുകൾ ഉണ്ടാവില്ല എന്ന തോന്നൽ സുരേന്ദ്രന് ധൈര്യമായി. പൊളിച്ചു പോയ ഉർവ്വശി ടാക്കീസിന്റെ പിന്നിലെ വിശാലമായ വയലിലാണ് ആ പഴയ നിരത്ത് അവസാനിക്കുന്നത് എന്ന ഓർമ്മ സുരേന്ദ്രനിൽ ഗതകാല സ്മരണകൾ ഉണർത്തി. ഉർവ്വശി ടാക്കിസിൽ നിന്നുകണ്ട സിനിമകൾ ഓർമ്മ വന്നു.
ഇതൊരു വിഡ്ഢിത്തമല്ലേ എന്ന ചോദ്യം ഇടയ്ക്ക് തന്റെ മനസ്സിൽ നിന്ന് ഉണ്ടായപ്പോൾ സുരേന്ദ്രൻ വൈദ്യർ ഞെട്ടി. എന്നാൽ ഏതു ധീരമായ കാര്യത്തിനുമിടയിൽ പിന്നോട്ട് വലിക്കുന്ന അദൃശ്യശക്തികൾ ഉണ്ടാവുമെന്ന് പഴമക്കാർ പറഞ്ഞ കാര്യം സുരേന്ദ്രൻ വൈദ്യർക്ക് ധൈര്യവും ആവേശവുമായി. അയാൾ ധൈര്യത്തോടെ മുന്നോട്ട് നടന്നു.
അടിയോടിയുടെ വീടിന്റെ അകത്തുനിന്നും ചെറിയ വെളിച്ചം കാണാം. സുരേന്ദ്രൻ ഇടവഴിയിലേക്ക് വേരുകൾ നീട്ടിയ വലിയ നാട്ടുമാവിനു താഴെ നിന്നു. എതിരെ ആരും വരുന്നില്ലെന്ന് സുരേന്ദ്രൻ വൈദ്യർക്ക് അറിയാമായിരുന്നു. കാരണം അടിയോടിയുടെ വീടിന്റെ വലതുവശത്ത് വിശാലമായ വഴിയാണ്. ഈ വഴി അടിയോടിയുടെ വീട്ടിലേക്ക് പോലും വരാൻ ഉപയോഗിക്കുന്നതല്ല. ഓടപ്പൂക്കളുടെ വലിയ കാടുകൾ പടർന്ന് ഒരു സ്വകാര്യലോകം പോലെ മുന്നിൽ നിന്നുള്ള കാഴ്ച മറച്ചുകളയുകയും ചെയ്യുന്നു. മതിലിനു മുകളിൽ ഒരു ഇളക്കം കേട്ടപ്പോൾ സുരേന്ദ്രൻ വൈദ്യർക്ക് ചെറിയ ഭയമായി. ഇഴജന്തുക്കളെ സുരേന്ദ്രൻ വൈദ്യർക്ക് പേടിയായിരുന്നു.
നേരിയ നിലാവുണ്ടായിരുന്നു. അത് വല്ല കീരിയോ ഉടുമ്പോ ആയിരിക്കുമെന്ന് വൈദ്യർ സമാധാനിച്ചു. അൽപ്പംകൂടി കഴിഞ്ഞപ്പോൾ അടിയോടിയുടെ വീട്ടിലെ അവശേഷിച്ച വെളിച്ചവും കൂടി പുറത്തെ നരച്ച ഇരുട്ടിൽ നിന്ന് പിൻവലിഞ്ഞു. സുരേന്ദ്രൻ വൈദ്യർ നാട്ടുമാവിന്റെ വേരിലൂടെ പറമ്പിലേക്ക് ഇഴഞ്ഞു കയറി. അടിയോടി പുറത്ത് നിന്നു കണ്ടതുപോലെ മടിയനായ ഒരു യു.പി സ്കൂൾ മാഷ് മാത്രമല്ല. ചേനയും കാച്ചിലും പടവലവുമൊക്കെ കായ്ച്ച് നിൽക്കുന്ന തൊടിയിലെ തണുത്ത മണ്ണിലൂടെ നടക്കുമ്പോൾ സുരേന്ദ്രൻ വൈദ്യർ ചിന്തിച്ചു. ഇടയ്ക്ക് കാൽ ഏതോ ചെറിയ കല്ലിൽ തട്ടിയപ്പോൾ 'വിലാസിനി നിന്നെ ഞാൻ...' എന്ന് സുരേന്ദ്രൻ വൈദ്യർ ഭാര്യയെ പ്രാകി. അടുത്ത നിമിഷത്തിൽ തന്റെ സാഹസിക പ്രവർത്തിയിൽ സാധുവായ തന്റെ ഭാര്യ എന്തു പിഴച്ചു എന്ന് അയാൾ തിരുത്തുകയും ചെയ്തു. നൂറ് നൂറ് പരീക്ഷണങ്ങൾക്കൊടുവിൽ ബൾബ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ രാത്രി ഭാര്യയെ വിളിച്ചുണർത്തിയപ്പോൾ കിടപ്പുമുറിയിലേക്ക് കടന്നുവരുന്ന ശക്തമായ പ്രകാശത്തെ പാവം ഭാര്യ ഉറങ്ങാൻ സമ്മതിക്കാത്ത നാശമായി കണക്കാക്കിയിരുന്നെന്ന് എഡിസൻ തന്റെ ഓർമ്മക്കുറിപ്പിൽ പറഞ്ഞ കാര്യം വൈദ്യർ ഓർത്തു. സ്ത്രീകൾ പലപ്പോഴും അങ്ങനെയാണ്.
പെട്ടെന്ന് ഒരു ദയനീയമായ ഞരക്കം സുരേന്ദ്രൻ വൈദ്യരുടെ ചിന്തയെ തട്ടിത്തെറിപ്പിച്ചു. നെഞ്ചിടിപ്പോടെ സുരേന്ദ്രൻ നിന്നു. അരയിൽ നിന്ന് ടോർച്ച് വലിച്ചെടുത്ത് അത് തെളിയിക്കണോ എന്ന ഗാഢചിന്തയിൽ നിൽക്കുമ്പോൾ വീണ്ടും ആ ദയനീയ ശബ്ദം. വെള്ളം വെള്ളം എന്നാണ് അതെന്നയാൾ തിരിച്ചറിഞ്ഞു. ഇത്തവണ അയാൾ ടോർച്ച് തെളിയിച്ചു. വലിയ ചേമ്പിൻത്തടത്തിനരികെ ഒരു ചെറുപ്പക്കാരന്റെ ചെരിഞ്ഞുകിടക്കുന്ന രൂപം അയാളുടെ ബോധത്തിലേക്ക് കയറിവന്നു. അയ്യോ! എന്ന് അയാൾ അലറിവിളിച്ചുപോയി.
അടിയോടിയുടെ വീട്ടിൽ ലൈറ്റ് തെളിയുന്നതും നീണ്ട ടോർച്ച് ലൈറ്റുകൾ തനിക്കുനേരെ വെളിച്ചത്തിന്റെ വേട്ടനായ്ക്കളായി ചാടിവീഴുന്നതും സുരേന്ദ്രൻ വൈദ്യർ അറിഞ്ഞു.
'നീയോ നീ എന്താണിവിടെ? എന്ന അടിയോടിയുടെ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം നൽകാൻ ശ്രമിക്കുന്നതിനു മുമ്പെ ആദ്യത്തെ കല്ല് സുരേന്ദ്രൻ വൈദ്യരുടെ ബോധത്തിന്റെ നിരപ്പലകകൾ തകർത്തുകൊണ്ട് മുഖത്ത് പതിച്ചു.