28 Sept 2015

ഓഹരിക്കച്ചവടത്തിൽ നിന്നുള്ള ലാഭം കൂട്ടാം, നഷ്ടം കുറയ്ക്കാം



  സുനിൽ എം എസ്

നാലായിരത്തിലേറെ വാക്കുകളുള്ള രചന. സമയമുള്ളപ്പോൾ മാത്രം വായിയ്ക്കുക.

പുകവലി ആരോഗ്യത്തിനു ഹാനികരംഎന്ന മുന്നറിയിപ്പിനോടു സാദൃശ്യമുള്ള, ‘സൂക്ഷിച്ചില്ലെങ്കിൽ ഓഹരിക്കച്ചവടം സമ്പത്തിനു ഹാനികരമാകാംഎന്നൊരു മുന്നറിയിപ്പോടെ വേണം ഓഹരിക്കമ്പോളത്തെ സമീപിയ്ക്കാൻ. എങ്കിലും പുകവലിയും ഓഹരിക്കച്ചവടവും തമ്മിൽ കാതലായൊരു വ്യത്യാസമുണ്ട്: പുകവലികൊണ്ടു ദോഷം മാത്രമേയുണ്ടാകൂ; ഓഹരിക്കച്ചവടം കൊണ്ടു ദോഷത്തേക്കാളേറെ ഗുണമുണ്ടാകാം.

ഓഹരിക്കച്ചവടം കൊണ്ടു ഗുണമുണ്ടാകുന്നില്ലെങ്കിൽ മണിക്കൂറിൽ മൂവായിരം കോടി രൂപയ്ക്കുള്ള കച്ചവടം ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിൽ നടക്കുമായിരുന്നില്ല. കഴിഞ്ഞ നവമ്പറിൽ ഇന്ത്യയിലെ ഓഹരിക്കമ്പോളത്തിന്റെ മൂലധനമൂല്യം നൂറു ലക്ഷം കോടി (ഒരു കോടിക്കോടി) രൂപ സ്പർശിച്ചു. ഇന്ത്യയിലെ അപ്പോഴത്തെ ആകെ ബാങ്കുനിക്ഷേപമാകട്ടെ എഴുപത്തൊമ്പതു ലക്ഷം കോടി (ജൂൺ 2014) മാത്രമായിരുന്നു. ബാങ്കുകളിൽ നിക്ഷേപിച്ചതിനേക്കാളേറെ പണം ജനം ഓഹരികളിൽ നിക്ഷേപിച്ചിരിയ്ക്കുന്നു. ഒരു കാര്യം ഉറപ്പ്: ബാങ്കുനിക്ഷേപത്തിനു കിട്ടുന്ന പലിശയേക്കാളേറെ ലാഭം ഓഹരിനിക്ഷേപത്തിൽ നിന്നു കിട്ടുന്നുണ്ടാകണം.

ഡിവിഡന്റിനെപ്പറ്റിയല്ല വിവക്ഷ. കാരണമുണ്ട്. ഒന്നാംകിട ഓഹരികളിലൊന്നായ റിലയൻസ് ഇൻഡസ്ട്രീസിന്റെ കാര്യം ഉദാഹരണമായെടുക്കാം. റിലയൻസ് ഈയിടെ 100 ശതമാനം ഡിവിഡന്റു നൽകി. നൂറു ശതമാനമോ! കേൾക്കുമ്പോൾ അതിശയം തോന്നാം. ചെറിയൊരു കുഴപ്പമുണ്ടിവിടെ: ഓഹരിയുടെ മുഖവിലയിന്മേലായിരിയ്ക്കും ഡിവിഡന്റു പ്രഖ്യാപിയ്ക്കുന്നത്. മുഖവിലയെന്നാൽ ഫേസ് വാല്യു. റിലയൻസിന്റെ ഫേസ് വാല്യു പത്തു രൂപ. പത്തുരൂപയുടെ നൂറു ശതമാനമെന്നാൽ പത്തു രൂപ തന്നെ. പത്തു രൂപയുടെ ഡിവിഡന്റു കിട്ടണമെങ്കിൽ റിലയൻസിന്റെ ഓഹരി കൈവശമുണ്ടാകണം. കൈവശമില്ലെങ്കിൽ ഓഹരിക്കമ്പോളത്തിൽ നിന്നു വാങ്ങണം. ഇതെഴുതുന്ന സമയം റിലയൻസിന്റെ ഒരോഹരി കമ്പോളത്തിൽ നിന്നു വാങ്ങണമെങ്കിൽ 870.50 രൂപ കൊടുക്കണം. 870.50 രൂപ മുടക്കി ഒരോഹരി വാങ്ങിയാൽ കിട്ടാൻ പോകുന്നതു 10 രൂപയുടെ ഡിവിഡന്റ്. ഇത് 870.50 രൂപയുടെ 1.15 ശതമാനം മാത്രമേ ആകുന്നുള്ളു. റിലയൻസിന്റെ ഓഹരി വാങ്ങുന്നതിനു പകരം, 870.50 രൂപ ഏതെങ്കിലുമൊരു ബാങ്കിൽ ഒരു വർഷത്തേയ്ക്കുള്ള ഫിക്സഡ് ഡെപ്പസിറ്റായി നിക്ഷേപിച്ചാൽ ഒരു വർഷം തികയുമ്പോൾ 67.45 രൂപ പലിശ കിട്ടും: 8 ശതമാനം നിരക്കിൽ. ഇത് ഒരു ബാങ്കിന്റെ നിരക്ക്. ഇതിലുമുയർന്ന നിരക്ക് മറ്റു പല ബാങ്കുകളിലുമുണ്ടെന്നു വരാം. ഓഹരിക്കമ്പോളത്തിൽ നിന്നു മാർക്കറ്റു വിലയ്ക്ക് ഓഹരികൾ വാങ്ങുന്നതു താരതമ്യേന തുച്ഛമായ ഡിവിഡന്റിനു വേണ്ടിയല്ല. ഓഹരിവില ഉയരുമെന്നും, ആ ഉയർച്ച വലിയൊരു ലാഭത്തിലേയ്ക്കു നയിയ്ക്കുമെന്നുമുള്ള പ്രതീക്ഷയാണു ഓഹരിക്കമ്പോളത്തിൽ നിന്നുള്ള ഭൂരിഭാഗം വാങ്ങലുകളുടേയും പിന്നിലുള്ള പ്രേരകം.

ഓഹരിക്കമ്പോളത്തിൽ നഷ്ടമുണ്ടാകുന്നതു സാധാരണയാണ്. അതൊഴിവാക്കുക അസാദ്ധ്യം. ചെറുകിട നിക്ഷേപകർക്കു മാത്രമല്ല, വൻ‌കിട നിക്ഷേപകർക്കും നഷ്ടമുണ്ടാകാറുണ്ട്. ഓഹരിക്കമ്പോളത്തിലുണ്ടായ നഷ്ടം മൂലം തകർന്നു പോയ ലീമാൻ ബ്രദേഴ്സ് അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ ഇൻ‌വെസ്റ്റ്മെന്റ് ബാങ്കായിരുന്നു. മൂന്നാം സ്ഥാനത്തുണ്ടായിരുന്ന മെറിൽ ലിഞ്ചിനെ ബാങ്ക് ഓഫ് അമേരിക്ക വിലയ്ക്കു വാങ്ങാൻ തയ്യാറായതുകൊണ്ടു മാത്രം മെറിൽ ലിഞ്ചു രക്ഷപ്പെട്ടു. ഇത്ര വലിയ സ്ഥാപനങ്ങൾ പോലും ഓഹരിക്കമ്പോളത്തിലെ നഷ്ടം മൂലം തകരാമെന്നിരിയ്ക്കെ, ചെറുകിട നിക്ഷേപകരുടെ കാര്യം പറയാനുണ്ടോ!

ദാ, ഇതൊന്നു ശ്രദ്ധിച്ചു കേട്ടോളൂ: ഓഹരിക്കമ്പോളത്തിൽ നഷ്ടമുണ്ടാകുന്നത് ഒഴിവാക്കാനാവില്ലെങ്കിലും, നഷ്ടത്തിനൊരു പരിധി നിശ്ചയിയ്ക്കാനാകും. മൂലധനത്തിന്റെ ഒരു നിശ്ചിത ശതമാനത്തിലേറെ നഷ്ടമുണ്ടാകാത്ത തരത്തിൽ ഇടപാടു നടത്താനാകും. ഇതു താരതമ്യേന എളുപ്പവുമാണ്.

നഷ്ടത്തിനൊരു നിശ്ചിതപരിധി നിശ്ചയിയ്ക്കുകയാണ് ആദ്യ പടി. ഓഹരി വാങ്ങാൻ വേണ്ടി നാം നീക്കിവയ്ക്കുന്ന തുക നമ്മുടെ മൂലധനമാണ്. ആ മൂലധനത്തിന്റെ എത്ര ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണ് എന്ന ചോദ്യത്തിനുത്തരം ആദ്യം തന്നെ തീരുമാനിയ്ക്കണമെന്നർത്ഥം. ഇരുനൂറു രൂപ വിലയുള്ള ഒരോഹരി വാങ്ങാൻ വേണ്ടി ഇരുനൂറു രൂപ നാം നീക്കിവച്ചിരിയ്ക്കുന്നെന്നു കരുതുക. ഈ മൂലധനത്തിന്റെ എത്ര ശതമാനം വരെ നഷ്ടപ്പെടാൻ നാം തയ്യാറാണ്? ഒരൊറ്റയിടപാടിൽത്തന്നെ അമ്പതു ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണെന്നിരിയ്ക്കട്ടെ. ഓരോ ഓഹരിയിടപാടിലും ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. ഒന്നിലേറെ ഇടപാടുകളിൽ തുടർച്ചയായി ലാഭവുമുണ്ടാകാം, നഷ്ടവുമുണ്ടാകാം. രണ്ടിടപാടുകളിൽ തുടർച്ചയായി അമ്പതു ശതമാനം വീതം നഷ്ടമുണ്ടായാൽ, ആ ഓഹരിയ്ക്കു വേണ്ടി നാം നീക്കിവച്ചിരുന്ന മൂലധനം മുഴുവൻ അതോടെ ഇല്ലാതാ‍കും. ഓരോ ഇടപാടിലും ഇത്ര വലിയ നഷ്ടം സഹിച്ചുകൊണ്ടു ഓഹരിക്കമ്പോളത്തിൽ മുന്നോട്ടു പോകാനാവില്ല. തുടർച്ചയായി ഏതാനും ഇടപാടുകളിൽ നഷ്ടമുണ്ടായാൽപ്പോലും മുന്നോട്ടു പോകാൻ വേണ്ട മൂലധനം നമ്മുടെ പക്കലവശേഷിയ്ക്കണം. ഓരോ ഇടപാടിലും അഞ്ചു ശതമാനം നഷ്ടം വരെ സഹിയ്ക്കാൻ നാം തയ്യാറാണെന്നു തത്കാലത്തേയ്ക്കു കരുതുക. ഈ നിരക്കിൽ, ഇരുപതിടപാടുകൾ തുടർച്ചയായി നഷ്ടത്തിലവസാനിച്ചെങ്കിൽ മാത്രമേ, നമ്മുടെ മൂലധനം തീരുകയുള്ളു. ഒരുദാഹരണമെന്ന നിലയ്ക്ക് അഞ്ചു ശതമാനത്തെ ഉയർത്തിക്കാട്ടിയെന്നേയുള്ളു. അഞ്ചിനു പകരം ഒരു ശതമാനം മുതൽ പത്തു ശതമാനം വരെയുള്ള ഏതു ശതമാനവുമാകാം. പത്തിനു മുകളിലേയ്ക്കു പോകാതിരിയ്ക്കുന്നതാവും നന്ന്.

ഓരോ ഇടപാടിലുമുണ്ടായേയ്ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്നു തത്കാലം തീരുമാനിയ്ക്കാം. അതെങ്ങനെ പ്രവൃത്തിയിൽ വരുത്താമെന്നു നോക്കാം. മുന്നൂറും നാനൂറുമൊക്കെയായി വില ഉയരുമെന്ന പ്രതീക്ഷയോടെ നാം 200 രൂപയ്ക്കു വാങ്ങിയ ഓഹരി, ഉയരുന്നതിനു പകരം ഏതാനും ദിവസം കൊണ്ട് 100ലേയ്ക്കു തകരുന്നെന്നു കരുതുക. 200 രൂപയ്ക്കു വാങ്ങിയ ഓഹരി 100ലേയ്ക്കിറങ്ങിയാൽ നമ്മുടെ മൂലധനവിലയിൽ 50 ശതമാനം ഇടിവുണ്ടാകുന്നു. 200 രൂപയ്ക്കു വാങ്ങിയ ഓഹരി ഒടുവിൽ 100 രൂപയ്ക്കു വിൽക്കുന്നെങ്കിൽ 50 ശതമാനം നഷ്ടം നാം സഹിയ്ക്കേണ്ടി വരുന്നു. എന്നാൽ, ഓരോ ഇടപാടിലുമുണ്ടായേയ്ക്കാവുന്ന നഷ്ടം അഞ്ചു ശതമാനത്തിൽ കൂടാനനുവദിയ്ക്കില്ലെന്ന തീരുമാനം നിമിഷങ്ങൾക്കു മുമ്പു നാമെടുത്തിരുന്നു. ഇതനുസരിച്ച്, ഓഹരിവില 200ൽ നിന്ന് 190ലേയ്ക്കു താഴ്ന്നുകഴിഞ്ഞയുടനെ, നാമതു വിറ്റൊഴിയണം. 200ന്റെ അഞ്ചു ശതമാനമാണു പത്തു രൂപയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. 200 രൂപയ്ക്കു വാങ്ങി 190 രൂപയ്ക്കു വിറ്റപ്പോൾ നമ്മുടെ നഷ്ടം അഞ്ചു ശതമാനം. തുടർന്ന് ആ ഓഹരി 100ലേയ്ക്കു തകരുന്നെങ്കിലും, നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കാൻ നമുക്കായി.

200 രൂപയ്ക്കു വാങ്ങുന്ന ഓഹരി 100രൂപയിലേയ്ക്ക് എപ്പോഴും താഴ്ന്നുകൊള്ളണമെന്നില്ല. താഴ്ന്നാലും ശരി, താഴ്ന്നില്ലെങ്കിലും ശരി, നഷ്ടസാദ്ധ്യതയ്ക്കൊരു പരിധി നിശ്ചയിച്ചേ തീരൂ. ആ പരിധി താത്കാലികമായെങ്കിലും നിശ്ചയിച്ചു കഴിഞ്ഞ നിലയ്ക്ക്, ഇനി, ലാഭമെങ്ങനെ നേടാമെന്നു നോക്കാം. 200 രൂപയ്ക്കു നാം ആ ഓഹരി വാങ്ങിയ ഉടനെ, തകർച്ച തുടങ്ങും മുമ്പ് അത് 202ലേയ്ക്കു കയറിയിരുന്നെന്നു കരുതുക. അതിനു ശേഷമാണു 100ലേയ്ക്കുള്ള അതിന്റെ തകർച്ച തുടങ്ങിയതെന്നു കരുതുക. ഓഹരിക്കമ്പോളഭാഷയിൽ 202ൽ ഒരു ‘ടോപ്പ്’ അല്ലെങ്കിൽ ‘ഹൈ’ ഉണ്ടാക്കി എന്നാണിതിനു പറയുക. വില 200ൽ നിന്ന് 202ലേയ്ക്കു കയറിയതുകൊണ്ട് 202ന്റെ അഞ്ചു ശതമാനമാണ് ഇനി കണക്കാക്കേണ്ടത്. 202ന്റെ അഞ്ചു ശതമാനം = 10.10 രൂപ. 202 മൈനസ് 10.10 = 191.90 രൂപ. നാമിനി വിൽക്കേണ്ടത് 191.90 രൂപയ്ക്കാണ്‌. വിലയിറങ്ങുന്നതിനിടയിൽ 191.90ലേയ്ക്കെത്തിയ ഉടനെ നാമതു വിറ്റൊഴിയണം. നമ്മുടെ നഷ്ടം = 200-191.90 = 8.10 രൂപ. 100ലേയ്ക്കു തകരുന്നതിനു മുമ്പ് ഓഹരിവില 202ലേയ്ക്കുയർന്നിരുന്നതുകൊണ്ട്, നമ്മുടെ നഷ്ടം 4.05 ശതമാനമായിക്കുറഞ്ഞു. അതായത്, 8.10 X 100 / 200 = 4.05%.

വാങ്ങിയ വിലയിൽ നിന്ന് അഞ്ചു ശതമാനം ഇറങ്ങിയപ്പോഴല്ല, അതിനു ശേഷം രൂപംകൊണ്ട ടോപ്പിൽ നിന്ന് അല്ലെങ്കിൽ ഹൈയിൽ നിന്ന് അഞ്ചു ശതമാനം ഇറങ്ങിയപ്പോഴാണു നാം വിറ്റത്. ഓഹരിവില രണ്ടു രൂപ കയറിയപ്പോൾ, നാം അതുകൂടി കണക്കിലെടുത്ത്, നമ്മുടെ നഷ്ടം കുറച്ചു. 190നു വിൽക്കുമായിരുന്നതു നാം 191.90നു വിറ്റു. പത്തു രൂപ നഷ്ടമുണ്ടാകുമായിരുന്നിടത്തു നഷ്ടം 8.10 രൂപ മാത്രമായി. പ്രധാനപ്പെട്ടൊരു കാര്യം ഇതിൽ നിന്നു വ്യക്തമാകുന്നു: ഓഹരിവില ഉയരുന്നതിനനുസരിച്ച്, നാം വിൽക്കേണ്ട വിലയും ഉയരണം. 200നു മുകളിലേയ്ക്കുയരാതിരുന്നപ്പോൾ, 190നു വിൽക്കാൻ നാം തയ്യാറായിരുന്നു. വില 202ലേയ്ക്കുയർന്നപ്പോൾ, നാം 191.90നു വിൽക്കാൻ തയ്യാറായി. നമ്മുടെ നഷ്ടസാദ്ധ്യത അങ്ങനെ കുറഞ്ഞു.

ഭാവന അല്പം വർണ്ണശബളമാക്കാം. 200 രൂപയ്ക്കു നാം ഓഹരി വാങ്ങിയ ഉടനെ, അത് 300ലേയ്ക്കുയരുന്നെന്നും അതിനു ശേഷമാണത് 100ലേയ്ക്കു തകരുന്നതെന്നും കരുതുക. ഇവിടെ 300ലാണ് ടോപ്പ് അല്ലെങ്കിൽ ഹൈ ഉണ്ടായിരിയ്ക്കുന്നത്. 300ന്റെ അഞ്ചു ശതമാനം 15 രൂപ. നാം വിൽക്കേണ്ട വില ഇങ്ങനെ കണക്കാക്കാം: 300-15 = 285. വില 300ൽ നിന്ന് 285ലേയ്ക്കിറങ്ങുമ്പോൾ നാമതു വിറ്റൊഴിയണം. വാങ്ങിയ വില 200 രൂപ, വിറ്റ വില 285 രൂപ. ലാഭം 285-200 = 85 രൂപ. വാങ്ങുമ്പോഴും വിൽക്കുമ്പോഴും ഡീലറുടെ ബ്രോക്കറേജ് കൊടുക്കേണ്ടി വരും. ഇത് ആകെ ഒരു ശതമാനത്തിലൊതുങ്ങുമെന്നതിനാൽ, കണക്കുകൂട്ടലിന്റെ സൌകര്യത്തിനു വേണ്ടി തത്കാലം നമുക്കതു വിടുക.

നഷ്ടം അഞ്ചു ശതമാനത്തിലൊതുക്കണമെന്ന തീരുമാനത്തോടെയാണ് നാം ഓഹരി വാങ്ങാനിറങ്ങിയതും 200 രൂപയ്ക്ക് ഓഹരി വാങ്ങിയതും. മൂന്നു വ്യത്യസ്ത സന്ദർഭങ്ങൾ നാം സങ്കല്പിച്ചു. അത്തരം സന്ദർഭങ്ങളിൽ ചെയ്യേണ്ടതെന്തെന്നു നാം കണ്ടു. വാങ്ങലിനു ശേഷം വില ഒട്ടുമുയരുന്നില്ല, നേരേ മറിച്ച് ഇടിയുകയാണു ചെയ്യുന്നതെങ്കിൽ, വാങ്ങിയവിലയുടെ അഞ്ചു ശതമാനം ഇടിഞ്ഞു കഴിയുമ്പോളുടൻ വിൽക്കുക. വാങ്ങലിനു ശേഷം വില ഉയരുന്നുണ്ടെങ്കിൽ, ആ ഉയർച്ചയിലെത്തിയ ഏറ്റവുമുയർന്ന തലത്തിൽ നിന്ന് അഥവാ ടോപ്പിൽ നിന്ന് അഥവാ ഹൈയിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോഴാണു വിൽക്കേണ്ടത്. ഇവിടെ രണ്ടു കാര്യങ്ങൾ വ്യക്തമാകും.

(1)  വാങ്ങലിനു ശേഷം ഓഹരിവില എത്രയൊക്കെത്തകർന്നാലും, അതിന്മേലുള്ള നമ്മുടെ നഷ്ടം അഞ്ചു ശതമാനത്തിലൊതുങ്ങും. അതായത്, നമ്മുടെ പരമാവധി നഷ്ടം വാങ്ങിയ വിലയുടെ അഞ്ചു ശതമാനം. അഞ്ചു ശതമാനമെന്നതു നമ്മുടെ തീരുമാനമാണ്.

(2)  നമ്മുടെ പരമാവധി ലാഭമെത്ര? വിലയുടെ ഉയർച്ചയ്ക്കനുസൃതമായിരിയ്ക്കും, നമ്മുടെ ലാഭം. വിലയിലെ ഉയർച്ചയാണു ലാഭത്തിന്റെ പരിധി നിശ്ചയിയ്ക്കുന്നത്. വാങ്ങിയ ഉടനെ ഓഹരിവില നൂറോ ഇരുന്നൂറോ ശതമാനം തുടർച്ചയായി ഉയരുന്നെങ്കിൽ നമ്മുടെ ലാഭസാദ്ധ്യതയും അതോടൊപ്പം ഉയരും.

ചുരുക്കിപ്പറഞ്ഞാൽ, നാം നഷ്ടത്തിനു പരിധി വയ്ക്കുന്നു, ലാഭത്തിനു പരിധി വയ്ക്കുന്നില്ല. ഇതേപ്പറ്റി ഇംഗ്ലീഷിലിങ്ങനെ പറയാം: ലിമിറ്റഡ് ലോസ്സസ്, അൺലിമിറ്റഡ് പ്രോഫിറ്റ്സ്”.

അഞ്ചു ശതമാനമെന്ന് ഒരുദാഹരണം മാത്രമെന്നു പറഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്. അത് എത്ര ശതമാനം വേണമെങ്കിലുമാകാം. ഒരു ശതമാനം മുതൽ പത്തു ശതമാനം വരെ. ഒരിടപാടിലെ മൂലധനനഷ്ടം പത്തു ശതമാനത്തിലേറെയാകുന്നതു നന്നല്ല. എന്നാൽ, ഒരു ശതമാനം മാത്രമായാൽ അതിനൊരു കുഴപ്പമുണ്ടാകാം. ഒരു ശതമാനം വിലയിടിയൽ ഇടയ്ക്കിടെ നടന്നേയ്ക്കാം. ഓരോ ഒരു ശതമാനം ഇടിയലിനും ഒരു ശതമാനം വീതം മൂലധനനഷ്ടമുണ്ടാകും. ഒരിടപാടിലെ നഷ്ടസാദ്ധ്യത കേവലം ഒരു ശതമാനം മാത്രമായിരിയ്ക്കുമെങ്കിലും, തുടരെത്തുടരെ നഷ്ടങ്ങളുണ്ടാകുമ്പോൾ, ആകെ നഷ്ടം താരതമ്യേന കൂടുതലാകാനിടയുണ്ട്. നഷ്ടസാദ്ധ്യതയ്ക്കു എത്ര ശതമാനമാണു പരിധിയായി നിശ്ചയിയ്ക്കേണ്ടതെന്നു തീരുമാനിയ്ക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഓഹരിക്കച്ചവടത്തിനായി നാം തെരഞ്ഞെടുത്തിരിയ്ക്കുന്ന പത്തോഹരികളുടെ കഴിഞ്ഞ പത്തു വർഷത്തെ വിലചലനം പരിശോധിച്ച്, വ്യത്യസ്ത നഷ്ടപരിധിശതമാനങ്ങളുപയോഗിച്ചിരുന്നെങ്കിൽ അവയിൽ നിന്നു കിട്ടുമായിരുന്ന ലാഭങ്ങൾ തമ്മിൽ താരതമ്യം ചെയ്യലാണ്. ഏതു ശതമാനമാണോ ഏറ്റവുമധികം ലാഭം ഏറ്റവുമധികം ഓഹരികളിൽ നിന്നു തരുമായിരുന്നത്, അതിനെ ഭാവിയിലേയ്ക്കായി തെരഞ്ഞെടുക്കുക. പത്തു വർഷത്തെ വിലചലനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. ഒരു മുന്നറിയിപ്പ്: ഭൂതകാലവിലചലനവും അതിൽ നിന്നുണ്ടാകുമായിരുന്ന ലാഭനഷ്ടങ്ങളും അതേപടി ഭാവിയിലുമുണ്ടാകുമെന്നതിന് യാതൊരുറപ്പുമില്ല. എന്നിരുന്നാലും ഭാവിയിലേയ്ക്കുള്ള നയരൂപീകരണം ഭൂതകാലചലനത്തെ അടിസ്ഥാനപ്പെടുത്തിയായിരിയ്ക്കണം.

ഇതുവരെപ്പറഞ്ഞതെല്ലാം വില്പനയെപ്പറ്റിയായിരുന്നു. വാങ്ങിക്കഴിഞ്ഞ ഓഹരി എപ്പോൾ വിൽക്കണമെന്ന ചോദ്യത്തിനുത്തരം മുകളിലുണ്ട്. വാങ്ങിയ വിലയിൽ നിന്നോ, വാങ്ങിയ ശേഷം വില സ്പർശിച്ച ഏറ്റവുമുയർന്ന തലത്തിൽ (ടോപ്പ് അല്ലെങ്കിൽ ഹൈ) നിന്നോ ഒരു നിശ്ചിത ശതമാനം (ഉദാഹരണത്തിന് അഞ്ചു ശതമാനം) ഇറങ്ങുമ്പോൾ വിൽക്കുക: ഇതാണു മുകളിലടങ്ങിയിരിയ്ക്കുന്ന നിർദ്ദേശം. വാങ്ങിക്കഴിഞ്ഞ ഓഹരി വിൽക്കേണ്ടതെപ്പോഴാണെന്നു വ്യക്തമായെങ്കിലും, ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു നാം പറഞ്ഞില്ല. വാങ്ങലിനെപ്പറ്റിപ്പറയാമിനി.

ഒരോഹരി വാങ്ങിയ ശേഷം അതിന്റെ വിലചലനം സശ്രദ്ധം നിരീക്ഷിയ്ക്കേണ്ടതുണ്ടെന്നു മുകളിൽ നിന്നു വ്യക്തമാണ്. നഷ്ടം നാം തീരുമാനിച്ച പരിധിയ്ക്കുള്ളിൽ ഒതുക്കിനിർത്തിക്കൊണ്ട് ഓഹരി വിറ്റൊഴിയാൻ അത് അത്യന്താപേക്ഷിതമാണ്. ഇത്തരത്തിലുള്ള നിരീക്ഷണം വാങ്ങലിനു മുമ്പും ആവശ്യമാണ്. ഓഹരിവില സദാ ഉയരുകയും താഴുകയും ചെയ്തു കൊണ്ടിരിയ്ക്കുന്നു. ഉയർന്ന ശേഷം താഴുമ്പോൾ ടോപ്പ് അല്ലെങ്കിൽ ഹൈ രൂപപ്പെടുന്നെന്നു മുകളിൽപ്പറഞ്ഞിട്ടുണ്ട്. വില താഴ്ന്ന ശേഷം ഉയരുമ്പോൾ ബോട്ടം അല്ലെങ്കിൽ ലോ രൂപപ്പെടുന്നു. വില ഈയിടെ സ്പർശിച്ച ഏറ്റവും താഴ്ന്ന തലത്തിനാണു ബോട്ടം അഥവാ ലോ എന്നു പറയുന്നത്. അവസാനം രൂപപ്പെട്ട ടോപ്പിൽ നിന്ന് അഥവാ ഹൈയിൽ നിന്ന് അതിന്റെയൊരു നിശ്ചിതശതമാനം ഇടിഞ്ഞുകഴിയുമ്പോഴാണു വിൽക്കേണ്ടതെന്നു മുകളിലുണ്ട്. ഇങ്ങനെ വില്പനയെ ടോപ്പുമായി ബന്ധപ്പെടുത്തിയിരിയ്ക്കുന്നതു പോലെ, നമുക്കു വാങ്ങലിനെ ബോട്ടവുമായി ബന്ധപ്പെടുത്താം. ഒരു ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നു കഴിയുമ്പോളാണു വാങ്ങേണ്ടത്. എത്ര ശതമാനം ഉയർന്നു കഴിയുമ്പോൾ എന്ന ചോദ്യമുയരുന്നു. ടോപ്പിൽ നിന്ന് എത്ര ശതമാനം താഴുമ്പോൾ വിൽക്കാൻ നാം തീരുമാനിച്ചിരിയ്ക്കുന്നുവോ, അതേ ശതമാനം തന്നെ വാങ്ങലിന്റെ കാര്യത്തിലും സ്വീകരിയ്ക്കാം. ടോപ്പിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോളാണു നാം വില്പന നടത്തുന്നതെങ്കിൽ, ബോട്ടത്തിൽ നിന്ന് അഞ്ചു ശതമാനം തന്നെ ഉയരുമ്പോൾ നാം വാങ്ങുകയും വേണം. വില്പനയ്ക്കു സ്വീകരിച്ചിരിയ്ക്കുന്ന മാനദണ്ഡം പത്തു ശതമാനമാണെങ്കിൽ, വാങ്ങലിനും നാം പത്തു ശതമാനം തന്നെ സ്വീകരിയ്ക്കണം. വാങ്ങിക്കഴിഞ്ഞ ഓഹരിയുടെ നഷ്ടപരിധിയും ഇതേ ശതമാനം തന്നെയായിരിയ്ക്കണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഓഹരി വാങ്ങേണ്ടതെപ്പോഴാണെന്നു വ്യക്തമായിക്കാണുമെന്നു കരുതുന്നു. ഒന്നു കൂടിപ്പറയാം. താഴേയ്ക്കിറങ്ങിക്കൊണ്ടിരിയ്ക്കുന്ന വില ഒരു തലത്തിലെത്തിയ ശേഷം ഉയരാൻ തുടങ്ങുന്നു. ആ തലത്തിന് ബോട്ടം അല്ലെങ്കിൽ ലോ എന്നു പറയുന്നു. ബോട്ടത്തിൽ നിന്ന് നാം മുൻ‌കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം ഉയർച്ച വിലയിൽ വന്നുകഴിഞ്ഞയുടനെ ഓഹരി വാങ്ങുക. വാങ്ങിയ വിലയിൽ നിന്നോ, വാങ്ങിയ ശേഷം രൂപപ്പെട്ടിരിയ്ക്കുന്ന ടോപ്പിൽ നിന്നോ നാം മുൻ‌കൂട്ടി തീരുമാനിച്ച ഒരു നിശ്ചിതശതമാനം താഴ്ന്നു കഴിഞ്ഞയുടനെ ഓഹരി വിൽക്കുക. ഇത്തരത്തിലുള്ള വാങ്ങലും വിൽക്കലും ആവർത്തിയ്ക്കുക.

ഏറ്റവുമധികം കച്ചവടം നടക്കുന്നത് നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലാണ്. 1696 ഓഹരികൾ അവിടെ ലിസ്റ്റു ചെയ്തിട്ടുണ്ട്. മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചിൽ അയ്യായിരത്തിലേറെ ഓഹരികൾ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയിലേത് ഓഹരിയാണു നാം വാങ്ങുക?

ഈ ലേഖനത്തിന്റെ ഇനിയുള്ള ഭാഗത്ത്, ഇടയ്ക്കിടെ സ്ക്രിപ്പ്, ഷെയർ എന്നീ പദങ്ങളും ഉപയോഗിയ്ക്കാനുദ്ദേശിയ്ക്കുന്നു. ഇവയെന്തെന്നു ചുരുക്കിപ്പറയാം. ടാറ്റാ സ്റ്റീൽ എന്ന സ്ക്രിപ്പിന്റെ (കമ്പനിയുടെ) 5909535 ഷെയറുകൾ (ഓഹരികൾ) ഈയടുത്തൊരു ദിവസം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കച്ചവടം ചെയ്യപ്പെട്ടു; സ്റ്റേറ്റ് ബാങ്ക് എന്ന സ്ക്രിപ്പിന്റെ (കമ്പനിയുടെ) 13650937 ഷെയറുകൾ (ഓഹരികൾ) ഈയടുത്തൊരു ദിവസം കച്ചവടം ചെയ്യപ്പെട്ടു. ഈ വാചകങ്ങളിൽ നിന്ന് സ്ക്രിപ്പെന്ത്, ഷെയറെന്ത് എന്നു മനസ്സിലായിക്കാണുമല്ലോ.

അങ്ങേയറ്റം പത്തു സ്ക്രിപ്പുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ. അതായത്, പത്തു കമ്പനികളുടെ ഓഹരികൾ മാത്രമേ കൈകാര്യം ചെയ്യാവൂയെന്നർത്ഥം. അവയേവ? നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റേതായി ഏതാനും സൂചികകളുണ്ട്: അതായത് ഇൻഡക്സുകൾ. നിഫ്റ്റിയാണ് അവയിലേറ്റവും പ്രധാനം. അമ്പതു സ്ക്രിപ്പുകളാണ് നിഫ്റ്റിയിൽ ഉൾപ്പെട്ടിരിയ്ക്കുന്നത്. നിഫ്റ്റിയിലുൾപ്പെട്ട, കഴിഞ്ഞ മാസം ഏറ്റവുമധികം കച്ചവടം (ടേൺ ഓവർ) ചെയ്യപ്പെട്ട പത്തു സ്ക്രിപ്പുകളെടുക്കുക. ഇവ വ്യത്യസ്തമേഖലകളിൽ നിന്നുള്ളവയുമായിരിയ്ക്കണം. ഉദാഹരണത്തിന്, ബാങ്കിങ്ങ്, വാഹനനിർമ്മാണം, വിവരസാങ്കേതികസേവനം, പാർപ്പിടനിർമ്മാണം, ഉരുക്കുല്പാദനം, സിമന്റുല്പാദനം, പെട്രോളിയമുല്പാദനം, പശ്ചാത്തലവികസനം, ഊർജ്ജം അങ്ങനെയങ്ങനെ. ഇവയെല്ലാം ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ, അവയന്തിമമല്ല. നിക്ഷേപം മുഴുവനും ഒരൊറ്റ മേഖലയിൽത്തന്നെയാകരുതെന്നു ചുരുക്കം.

ഓഹരിക്കച്ചവടത്തിനായി തെരഞ്ഞെടുക്കുന്ന ഓഹരികൾ “ബൈ ടുഡെ, സെൽ ടുമോറൊ” (ബി റ്റി എസ് റ്റി) എന്ന വിഭാഗത്തിൽപ്പെടുന്നതായിരിയ്ക്കണം. ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ള കച്ചവടരീതിയനുസരിച്ച്, ഇന്നു വാങ്ങുന്ന ഓഹരികൾ ചിലപ്പോൾ നാളെത്തന്നെ വിൽക്കേണ്ടതായി വന്നേയ്ക്കാം. ബീ റ്റി എസ് റ്റി വിഭാഗത്തിൽപ്പെടുന്ന ഓഹരികളിൽ ഇതു സാദ്ധ്യമാണ്.

ദുഷ്കരമായൊരു കാര്യമാണ് ഇനിച്ചെയ്യാനുള്ളത്. കച്ചവടത്തിനായി നാം തെരഞ്ഞെടുത്ത സ്ക്രിപ്പുകളുടെ കഴിഞ്ഞ പത്തുവർഷത്തെ വിലചലനം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ വെബ്സൈറ്റിൽ നിന്നു കോപ്പിപേസ്റ്റു ചെയ്തെടുക്കുക. നഷ്ടപരിധിയായി നിശ്ചയിയ്ക്കാൻ നാമുദ്ദേശിയ്ക്കുന്ന വിവിധ ശതമാനങ്ങളുപയോഗിച്ച് ഈ ഓഹരികളിൽ നാം കഴിഞ്ഞ പത്തു വർഷം കച്ചവടം ചെയ്തിരുന്നെങ്കിൽ നമുക്കെത്ര ലാഭമോ നഷ്ടമോ ഉണ്ടാകുമായിരുന്നെന്നു നിർണ്ണയിയ്ക്കുക. കമ്പ്യൂട്ടറുപയോഗിയ്ക്കാതെ, ഈ കണക്കുകൾ ചെയ്യുക അസാദ്ധ്യം. ഈ നിർണ്ണയത്തിന്റെ കണക്കുകളെല്ലാം ഭദ്രമായി സൂക്ഷിയ്ക്കുക. പത്തു സ്ക്രിപ്പുകളിൽ നിന്ന് പത്തുവർഷം കൊണ്ടുണ്ടാകുമായിരുന്ന ഈ ലാഭം ബാങ്കുപലിശയേക്കാൾക്കൂടുതലാണെങ്കിൽ മാത്രം ഓഹരിക്കച്ചവടത്തിനിറങ്ങുക. ബാങ്കുപലിശയേക്കാൾക്കുറഞ്ഞ ലാഭമാണുണ്ടാകുമായിരുന്നതെങ്കിൽ ഓഹരിക്കച്ചവടത്തിനിറങ്ങരുത്, പകരം, ഓഹരികളിൽ നിക്ഷേപിയ്ക്കാനായി നീക്കിവച്ച തുക ബാങ്കിൽ നിക്ഷേപിയ്ക്കുക.

നാമിതുവരെ ചെയ്തു കഴിഞ്ഞ കാര്യങ്ങളെന്തെല്ലാമെന്നു നോക്കാം. (1) നഷ്ടപരിധിയായി ഒരു നിശ്ചിതശതമാനം തീരുമാനിച്ചു. (2)  വില ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നയുടനെ ഓഹരി വാങ്ങാൻ നിശ്ചയിച്ചു. (3) വാങ്ങിക്കഴിയുമ്പോൾ, വാങ്ങിയവിലയിൽ നിന്നോ, അതിനുശേഷം രൂപപ്പെട്ട ടോപ്പിൽ നിന്നോ ഒരു നിശ്ചിതശതമാനം താഴ്ന്നയുടനെ ഓഹരി വിറ്റൊഴിയാനും തീരുമാനിച്ചു. (4) നിഫ്റ്റിയിലുൾപ്പെട്ട, കഴിഞ്ഞ ഒരു മാസത്തിനിടയിൽ ഏറ്റവുമധികം കച്ചവടം (ടേണോവർ) നടന്ന, വിവിധമേഖലകളിൽ നിന്നുള്ള പത്തു സ്ക്രിപ്പുകൾ തെരഞ്ഞെടുക്കാൻ തീരുമാനിച്ചു. (5) അവയിൽ, മുൻപറഞ്ഞ രീതിയിൽ കച്ചവടം നടത്തിയിരുന്നെങ്കിൽ കഴിഞ്ഞ പത്തുവർഷം കൊണ്ട് ബാങ്കുപലിശയേക്കാൾ കൂടുതൽ ലാഭം കിട്ടുമായിരുന്നോ എന്നു പരിശോധിയ്ക്കാനും തീരുമാനിച്ചു.

ഇനി വീണ്ടും വാങ്ങലിനെപ്പറ്റിപ്പറയാം. 100 രൂപ വിലയുള്ള ഒരോഹരി അഞ്ചുശതമാനം ഉയർന്ന്, 105ലെത്തുമ്പോൾ വാങ്ങാൻ നാം തീരുമാനിച്ചിരിയ്ക്കുന്നെന്നു കരുതുക. വില 105ലെത്തിയ ശേഷം വാങ്ങാനുള്ള ഓർഡർ കൊടുക്കാമെന്നു കരുതരുത്. 105നു വാങ്ങാനുള്ള ഓർഡർ ഇപ്പോൾത്തന്നെ കൊടുക്കേണ്ടിയിരിയ്ക്കുന്നു. ക്യാഷ്, ഇൻ‌ട്രാഡേ എന്നിങ്ങനെ രണ്ടു തരം ഓർഡറുകളുണ്ട്. മൂലധനത്തിൽക്കവിയാത്ത വാങ്ങലുകളും കൈവശമുള്ള ഓഹരികളുടെ മാത്രം വിൽക്കലുകളുമാണ് ക്യാഷ് വിഭാഗത്തിൽ അനുവദനീയമായിട്ടുള്ളത്. മൂലധനത്തിന്റെ പല മടങ്ങു വാങ്ങലും (ഓഹരി കൈവശമില്ലാതെ തന്നെ) വിൽക്കലും നടത്താവുന്ന വിഭാഗമാണ് ഇൻ‌ട്രാഡേ. ഇൻ‌ട്രാഡേ ഇടപാടുകൾക്ക് ഊഹക്കച്ചവടം അഥവാ സ്പെക്യുലേഷൻ എന്നും പറയാറുണ്ട്. കൈയിലില്ലാത്ത പണം കൊണ്ടുള്ള വാങ്ങലും കൈവശമില്ലാത്ത ഓഹരികൾ വിൽക്കലുമായതുകൊണ്ട് ഇതിനെ ഓവർ ട്രേഡിംഗ് അഥവാ അമിതവ്യാപാരം എന്നും പറയുന്നു. ഈ ലേഖനത്തിലെ നിർദ്ദേശങ്ങളെല്ലാം ക്യാഷ് വിഭാഗത്തിലുള്ള ഇടപാടുകൾക്കു മാത്രമുദ്ദേശിച്ചുള്ളതാണ്, ഇൻ‌ട്രാഡേയെ സംബന്ധിച്ചുള്ളതല്ല. ഇൻ‌ട്രാഡേ വിഭാഗത്തിലെ ഇടപാടുകൾ ഈ ലേഖനം ശുപാർശ ചെയ്യുന്നില്ല.

ഓഹരി വാങ്ങാനും വിൽക്കാനുമുള്ള ഓർഡറുകളെപ്പറ്റി പൊതുവായൊരു കാര്യം കൂടിപ്പറഞ്ഞോട്ടെ. ഓഹരിക്കമ്പോളത്തിൽ നമ്മുടെ ഓർഡറുകൾ അനുസരിയ്ക്കപ്പെടുന്നതു പോലെ, ജീവിതത്തിന്റെ മറ്റൊരു മേഖലയിലും, സ്വന്തം വീട്ടിൽപ്പോലും, നമ്മുടെ ഓർഡറുകൾ അനുസരിയ്ക്കപ്പെടുന്നില്ല. ഓർഡർ ഓഹരിക്കമ്പോളത്തിൽ നാം കൊടുക്കുന്ന നിമിഷങ്ങൾക്കകം അനുസരിയ്ക്കപ്പെട്ടിരിയ്ക്കും. അതുകൊണ്ട്, ആലോചിച്ച ശേഷം, അതീവ ശ്രദ്ധയോടെ വേണം ഓർഡറുകൾ നൽകാൻ. ഓർഡറുകൾ വ്യക്തവുമായിരിയ്ക്കണം. കമ്പ്യൂട്ടറുപയോഗിച്ചു സ്വയം ട്രേഡിംഗ് നടത്തുകയാണെങ്കിലും, ഓഹരിക്കമ്പോളത്തിൽ അശ്രദ്ധ തീരെപ്പാടില്ല.

100 രൂപ വിലയുള്ള ഓഹരി 105ലേയ്ക്കുയരുമ്പോൾ വാങ്ങൽ നടക്കാനുള്ള “ബൈ” ഓർഡറിനെപ്പറ്റിയാണിനിപ്പറയുന്നത്. മൂന്നു തരം ബൈ ഓർഡറുകളുണ്ട്. അവയെപ്പറ്റി ചുരുക്കിപ്പറയാം:

(1) മാർക്കറ്റ് ബൈ ഓർഡർ. എന്തു വിലയ്ക്കു വാങ്ങാനുദ്ദേശിയ്ക്കുന്നെന്നു മാർക്കറ്റ്ബൈ ഓർഡറിൽ കാണിയ്ക്കേണ്ടതില്ല. മാർക്കറ്റിൽ നിലവിലുള്ള വിലയെത്ര തന്നെയായാലും ആ വിലയ്ക്കു വാങ്ങാൻ തയ്യാർ എന്നാണു മാർക്കറ്റ് ബൈ ഓർഡറിലൂടെ നാം നൽകുന്ന നിർദ്ദേശം. മാർക്കറ്റ് ബൈ ഓർഡറിട്ടാൽ, ഏതു വിലയ്ക്കാണു വാങ്ങൽ നടക്കുകയെന്ന അനിശ്ചിതത്വമുള്ളതു കൊണ്ട്, അത്തരം ഓർഡർ ഉപയോഗിയ്ക്കാതിരിയ്ക്കുക.

(2) ലിമിറ്റ് ബൈ ഓർഡർ. ഇത്തരം ബൈ ഓർഡറുകളിൽ നാമൊരു വില കാണിയ്ക്കുന്നു. ഈ വിലയ്ക്കാണു ലിമിറ്റെന്നു പറയുന്നത്. ആ വിലയ്ക്കോ അതിൽക്കുറഞ്ഞ വിലയ്ക്കോ ആണു വാങ്ങൽ നടക്കുക. വില നൂറിൽ നിൽക്കെ, നൂറ്റഞ്ചു രൂപയ്ക്കുള്ള ലിമിറ്റ് ബൈ ഓർഡറിട്ടാൽ, ആ ഓർഡറിടുന്ന സമയം നിലവിലുള്ള വിലയ്ക്കു വാങ്ങൽ നടക്കുന്നു: നൂറു രൂപയാണു നിലവിലുള്ള വിലയെങ്കിൽ നൂറു രൂപയ്ക്കു വാങ്ങൽ നടക്കും. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടസമ്പ്രദായത്തിൽ ലിമിറ്റ് ബൈ ഓർഡറിനു പ്രസക്തിയില്ല.

(3)  സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയിലുപയോഗിയ്ക്കേണ്ട ഓർഡറുകളെല്ലാം സ്റ്റോപ്പ് ലോസ്സ് വിഭാഗത്തിൽപ്പെടുന്നവയാണ്. സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിൽ രണ്ടു നിരക്കുകൾ കാണിയ്ക്കേണ്ടി വരും. അവയിലൊന്നിനു ട്രിഗർ പ്രൈസ് എന്നും മറ്റേതിനു ലിമിറ്റ് പ്രൈസ് എന്നും പറയുന്നു. ഒരുദാഹരണത്തിലൂടെ ഇതു വിശദീകരിയ്ക്കാം. നിലവിലുള്ള വില നൂറു രൂപയെന്നു കരുതുക. വില നൂറ്റഞ്ചിലേയ്ക്കുയർന്നാൽ വാങ്ങണം എന്നാണു നമ്മുടെ തീരുമാനം. 105 രൂപയ്ക്കാണു സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിലെ ട്രിഗർ പ്രൈസിടേണ്ടത്. ലിമിറ്റ് പ്രൈസ് ട്രിഗർ പ്രൈസിലും താഴെയാകാൻ പാടില്ല; ട്രിഗർ പ്രൈസിനു തുല്യമാകാം, അതിനു മുകളിലുമാകാം. ലിമിറ്റ് പ്രൈസ് 106 എന്നു തീരുമാനിയ്ക്കുക. 106 എന്ന് ഉദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. നൂറ്റേഴോ, നൂറ്റെട്ടോ അവയ്ക്കു മുകളിലുള്ള നിരക്കുകളോ ആകാം. അന്നത്തെ “സീലിങ്ങി”നു മുകളിലാകരുതെന്നേയുള്ളു. സീലിങ്ങ് എന്തെന്നു ഈ ലേഖനത്തിൽത്തന്നെ മറ്റൊരിടത്തു വിവരിയ്ക്കുന്നുണ്ട്.

വില്പനയുടെ കാര്യത്തിലും ക്യാഷ് സ്റ്റോപ്പ് ലോസ്സ് ഓർഡറുകളാണിടേണ്ടത്: സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറുകൾ. ഓഹരിവില 200ൽ നിൽക്കെ, വില 190ലേയ്ക്കിറങ്ങുകയാണെങ്കിൽ ഉടൻ വിൽപ്പന നടക്കുന്ന തരത്തിലിടേണ്ട ഓർഡർ ക്യാഷ് സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറാണ്. വില 200ലായിരിയ്ക്കുമ്പോൾത്തന്നെ സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക. വില 190ലേയ്ക്കിറങ്ങിയ ശേഷം സെൽ ഓർഡറിടാമെന്നു കരുതി ഓർഡറിടാതിരിയ്ക്കരുത്. സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലും ലിമിറ്റ് പ്രൈസും ട്രിഗർ പ്രൈസുമുണ്ട്. സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലെ ലിമിറ്റ് പ്രൈസ് ട്രിഗർ പ്രൈസിനു തുല്യമോ അതിനേക്കാൾ താഴെയോ ആയിരിയ്ക്കണം, മുകളിലായിരിയ്ക്കാൻ പാടില്ല. ട്രിഗർ പ്രൈസ് 190 രൂപ, ലിമിറ്റ് പ്രൈസ് 188 രൂപ എന്നിങ്ങനെ കൊടുക്കുക.

സ്റ്റോപ്പ് ലോസ്സ് ഓർഡറുകളിലെ ലിമിറ്റ് പ്രൈസും ട്രിഗർ പ്രൈസും തുല്യമായാൽ ഓർഡർ നടന്നില്ലെന്നു വരാം. അവ തമ്മിലുള്ള വിടവു കൂടുന്തോറും ഓർഡർ നടക്കാനുള്ള സാദ്ധ്യതയും കൂടും. ട്രിഗർ പ്രൈസുമുതൽ ലിമിറ്റ് പ്രൈസു വരെയുള്ള നിരക്കുകളിലേതിൽ വേണമെങ്കിലും കച്ചവടം നടന്നെന്നു വരാം. ഉദാഹരണത്തിന്, ട്രിഗർ പ്രൈസ് നൂറ്റഞ്ചും, ലിമിറ്റ് പ്രൈസ് നൂറ്റിപ്പത്തും കൊടുത്തുകൊണ്ടുള്ളൊരു സ്റ്റോപ്പ് ലോസ് ബൈ ഓർഡർ നടക്കുമ്പോൾ നൂറ്റിപ്പത്തിനു വരെ വാങ്ങൽ നടന്നെന്നു വരാം. നൂറ്റഞ്ചിനു വാങ്ങേണ്ടിടത്ത് നൂറ്റിപ്പത്തിനു വാങ്ങൽ നടക്കുമ്പോൾ അതു പിന്നീടുണ്ടായേയ്ക്കാവുന്ന ലാഭത്തിൽ കുറവു വരുത്തും. ഇവിടെ ഒരു കാര്യം ശ്രദ്ധിയ്ക്കേണ്ടതുണ്ട്: വാങ്ങൽ യഥാർത്ഥത്തിൽ നടന്നത് ഏതു വിലയ്ക്കാണോ, ആ വിലയുടെ നഷ്ടപരിധിശതമാനമാണു കണക്കാക്കേണ്ടത്. 110നാണു വാങ്ങൽ നടക്കുന്നതെങ്കിൽ, അഞ്ചു ശതമാനമാണു നഷ്ടപരിധിശതമാനമായി നാം തീരുമാനിച്ചിരിയ്ക്കുന്നതെങ്കിൽ, വില 104.50 ആയിരിയ്ക്കണം നാം നിശ്ചയിയ്ക്കുന്ന ഏറ്റവും താഴ്ന്ന വില്പനവില. അതായത്, 110 X 5% = 5.50; 110-5.50=104.50. വില്പനയുടെ കാര്യത്തിലും സമാനമായ പ്രശ്നമുണ്ടാകാം: 190രൂപ ട്രിഗർ പ്രൈസും 180 രൂപ ലിമിറ്റ് പ്രൈസുമായി കൊടുത്തിരിയ്ക്കുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ ചിലപ്പോൾ നടക്കുന്നത് 180 രൂപയ്ക്കാ‍കാം. 190നു വിൽക്കേണ്ടിടത്ത് വില്പന നടക്കുന്നതു 180നാണെങ്കിൽ അതു നമ്മുടെ ലാഭം കുറയ്ക്കുകയും ചിലപ്പോഴെങ്കിലും നഷ്ടം കൂട്ടുകയും ചെയ്യും. അതുകൊണ്ട്, സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറുകളിലും സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറുകളിലും ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും തമ്മിലുള്ള അകലം അധികമായിപ്പോകാതെ നോക്കണം. അകലം തീരെക്കുറഞ്ഞു പോയാൽ ഓർഡർ നടക്കാതെ വന്നെന്നും വരാം. ശ്രദ്ധിയ്ക്കേണ്ടൊരു വിഷയമാണിത്.

പ്രധാനപ്പെട്ട രണ്ടു നിർദ്ദേശങ്ങളിതാ: (1) വില താഴുന്നതിനനുസരിച്ച് സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിലെ ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും താഴ്ത്തിക്കൊണ്ടിരിയ്ക്കണം. (2) വില ഉയരുന്നതിനനുസരിച്ച്, സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിലെ ട്രിഗർ പ്രൈസും ലിമിറ്റ് പ്രൈസും ഉയർത്തിക്കൊണ്ടിരിയ്ക്കണം.

ഈ നിർദ്ദേശങ്ങളിലടങ്ങിയിരിയ്ക്കുന്ന രണ്ടു പൊതുതത്വങ്ങളിവയാണ്: (1)  ഏതെങ്കിലും ഓഹരി കൈവശമുള്ളപ്പോഴൊക്കെ, നഷ്ടസാദ്ധ്യത പരിമിതപ്പെടുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നിലവിലുണ്ടാകണം. വിലത്തകർച്ചയുണ്ടാകുന്നെങ്കിൽ, സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നടക്കണം, അതിലൂടെ നഷ്ടം നിയന്ത്രിയ്ക്കപ്പെടണം. ഓഹരി കൈവശമുണ്ട്, പക്ഷേ അതിനെ സംരക്ഷിയ്ക്കുന്നൊരു സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡർ നിലവിലില്ല: ഇത്തരമൊരവസ്ഥ ഒരിയ്ക്കലുമുണ്ടാകരുത്. (2)  ഏതെങ്കിലുമൊരോഹരി വാങ്ങാൻ തീരുമാനിച്ചു കഴിഞ്ഞാൽ, അതിനായുള്ള സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ സദാ നിലവിലുണ്ടാകണം. വില പെട്ടെന്നു കുതിച്ചുയർന്നു പോയാൽ വാങ്ങൽ നടക്കണം. ഓഹരി വാങ്ങാൻ തീരുമാനിച്ചിരിയ്ക്കുന്നു, പക്ഷേ, അതിനുള്ള സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡർ നിലവിലില്ല: ഇത്തരമൊരവസ്ഥയുണ്ടാകാൻ പാടില്ല.

ആകെ പത്തു സ്ക്രിപ്പുകൾ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. തുടക്കത്തിൽ ഏതാനും സ്ക്രിപ്പുകളിൽത്തുടങ്ങി, ഒരു വർഷത്തെ ഫലം പ്രോത്സാഹജനകമാണെങ്കിൽ, സ്ക്രിപ്പുകളുടെ എണ്ണം കൂട്ടുന്നതും നന്ന്. കേവലം ഒരു സ്ക്രിപ്പു മാത്രം കൈകാര്യം ചെയ്യുന്നതും ഒഴിവാക്കണം. ചുരുങ്ങിയത് മൂന്നു സ്ക്രിപ്പുകളെങ്കിലും കൈകാര്യം ചെയ്യണം. പ്രധാനപ്പെട്ട ചില നിർദ്ദേശങ്ങൾ: (1) എത്ര സ്ക്രിപ്പുകളാണോ കൈകാര്യം ചെയ്യാനുദ്ദേശിയ്ക്കുന്നത്, ആകെ മൂലധനത്തെ അത്രയും സ്ക്രിപ്പുകൾക്കായി, തുല്യമായി വീതിയ്ക്കണം. (2) ഒരു സ്ക്രിപ്പു വാങ്ങുമ്പോൾ, അതിനായി നീക്കിവച്ചിരിയ്ക്കുന്ന മൂലധനം കൊണ്ട് അതിന്റെ എത്ര ഷെയറുകൾ പരമാവധി വാങ്ങാമോ, അത്രയും ഷെയറുകൾ വാങ്ങുക. കുറവു വന്നു കൂടാ. (3) ഒരു സ്ക്രിപ്പു വിൽക്കുന്ന സമയത്ത്, കൈവശം അതിന്റെ എത്ര ഷെയറുകളുണ്ടോ അവ മുഴുവനും വിൽക്കുക. ഒരു ഷെയർ പോലും ബാക്കിവയ്ക്കരുതെന്നർത്ഥം. ഒരു സ്ക്രിപ്പിൽ നിന്നു കിട്ടിയ ലാഭമുൾപ്പെടെയുള്ള, വർദ്ധിച്ച മൂലധനമുപയോഗിച്ചു വേണം, അതിന്റെ തുടർന്നുള്ള വാങ്ങൽ നടത്താൻ. ഒരു സ്ക്രിപ്പിൽ നിന്നു നഷ്ടമുണ്ടാകുമ്പോൾ, നഷ്ടം കിഴിച്ച ശേഷമുള്ള മൂലധനമുപയോഗിച്ചു മാത്രമേ അടുത്ത വാങ്ങൽ നടത്താവൂ. ലാഭം മൂലം മൂലധനം വർദ്ധിയ്ക്കുമ്പോൾ ഷെയറുകളുടെ എണ്ണം കൂടുകയും, നഷ്ടം മൂലം മൂലധനം കുറയുമ്പോൾ ഷെയറുകളുടെ എണ്ണം കുറയുകയും ചെയ്യും. വളർച്ച ത്വരിതപ്പെടുത്തുന്ന ഘടകമാണിത്. ഇതിൽ യാതൊരു പിഴവും വരുത്താൻ പാടില്ല.

വെല്ലുവിളികളുണ്ടാകും, തീർച്ച. അവയിലൊന്നു പറയാം: ഓഹരിവില 105ലേയ്ക്കുയരുമ്പോൾ വാങ്ങേണ്ടതാണെന്നു കരുതുക. രാവിലേതന്നെ കച്ചവടം ആരംഭിയ്ക്കുന്നത് 110ലാകാം. വില വളരെയധികം കയറിപ്പോയിരിയ്ക്കുന്നതുകൊണ്ട് ഇനിയതു വാങ്ങേണ്ടെന്നു തീരുമാനിയ്ക്കുകയല്ല വേണ്ടത്. 112നു വാങ്ങാനുള്ളൊരു സ്റ്റോപ്പ് ലോസ്സ് ബൈ ഓർഡറിടുക. വിലയുയർന്ന്, വാങ്ങൽ 112നു നടക്കുന്നെങ്കിൽ നടക്കട്ടെ. വില താഴുന്നെങ്കിൽ അതിനനുസരിച്ചു ട്രിഗർ-ലിമിറ്റ് പ്രൈസുകൾ താഴ്ത്തിക്കൊണ്ടിരിയ്ക്കുക. വാങ്ങൽ നടന്നയുടനെ, നിശ്ചിതശതമാനത്തിനു (നഷ്ടപരിധിശതമാനം) താഴെയുള്ള സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക.

വില്പന സമയത്തും സമാനമായ പ്രശ്നമുണ്ടായെന്നു വരാം. വില 190ലേയ്ക്കിറങ്ങിയ ഉടനെ ഓഹരി വിൽക്കണമെന്നു തീരുമാനിച്ചിട്ടുണ്ടാകും നാം. പക്ഷേ, രാവിലേ കച്ചവടം തുടങ്ങുന്നതു തന്നെ 180ലായിരിയ്ക്കാം. 180നു വിൽക്കരുത്. പകരം 178ന് സ്റ്റോപ്പ് ലോസ്സ് സെൽ ഓർഡറിടുക. വില താഴ്ന്ന് 178ൽ വില്പന നടക്കുന്നെങ്കിൽ നടക്കട്ടെ. ആ നഷ്ടം സഹിയ്ക്കാതെ നിവൃത്തിയില്ല. വില ഉയരുന്നെങ്കിൽ, ഓർഡറിലെ നിരക്കുകളും ഉയർത്തിക്കൊടുക്കുക. ഇത്തരം പ്രതികൂലസ്ഥിതികളെ നാം പ്രതീക്ഷിയ്ക്കുക തന്നെ വേണം.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് സർക്യൂട്ട് ബ്രേക്കറുകളുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനുമുണ്ടവ. നിഫ്റ്റിയോ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ പ്രധാന സൂചികയായ സെൻസെക്സോ പത്തു ശതമാനം ഇടിഞ്ഞുകൊണ്ടാണു കമ്പോളം രാവിലേ തന്നെ തുറക്കുന്നതെന്നു കരുതുക. ഉടൻ കച്ചവടം നിൽക്കും. കുറേ സമയം കഴിഞ്ഞേ കച്ചവടം പുനരാരംഭിയ്ക്കൂ. പതിനഞ്ചു ശതമാനമാണിടിവെങ്കിൽ അന്നത്തെ കച്ചവടം അതോടെ അവസാനിച്ചെന്നും വരാം. ഇടിവ് ഇരുപതു ശതമാനമാണെങ്കിലും സ്ഥിതിയതു തന്നെ. ഇതു തന്നെ പത്ത്/പതിനഞ്ച്/ഇരുപതു ശതമാനം ഉയരുമ്പോഴും സംഭവിയ്ക്കാം. ഇത്തരം സന്ദർഭങ്ങളിൽ മുൻ തീരുമാനമനുസരിച്ചുള്ള വാങ്ങൽ-വിൽക്കലുകൾ സാദ്ധ്യമല്ലാതെ വരും. നഷ്ടമുണ്ടായെന്നു വരാം.

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയുടെ ഗുണമെന്തെന്നു നോക്കാം. നഷ്ടപരിധി അഞ്ചു ശതമാനമായി നാം നിശ്ചയിച്ചിരിയ്ക്കുന്നെന്നു കരുതുക. അവസാനം രൂപപ്പെട്ട ബോട്ടത്തിൽ നിന്നു വില അഞ്ചു ശതമാനം ഉയരുമ്പോഴേയ്ക്കു നാം ഓഹരി വാങ്ങിയിരിയ്ക്കും. അവസാനം രൂപപ്പെട്ട ടോപ്പിൽ നിന്ന് അഞ്ചു ശതമാനം താഴുമ്പോഴേയ്ക്കു നാം ഓഹരി വിറ്റിരിയ്ക്കും. ഓഹരിവിലയിൽ വൻ തോതിലുള്ള ഉയർച്ചയുണ്ടായിക്കൊണ്ടിരിയ്ക്കുമ്പോൾ നമ്മുടെ പക്കൽ ആ ഓഹരി നിശ്ചയമായുമുണ്ടായിരിയ്ക്കും. നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില കുതിച്ചുകയറിക്കൊണ്ടിരിയ്ക്കുമ്പോൾ അതു നമ്മുടെ പക്കലില്ലാത്ത അവസ്ഥയുണ്ടാവില്ല. മറുവശത്ത്, നാം തെരഞ്ഞെടുത്ത ഓഹരിയുടെ വില തകർന്നു കൊണ്ടിരിയ്ക്കുമ്പോൾ അതു നമ്മുടെ കൈവശമുണ്ടായിരിയ്ക്കുകയുമില്ല. മറ്റൊരു തരത്തിൽപ്പറഞ്ഞാൽ റാലി” (ഉയർച്ച)യുടെ ഗുണം നമുക്കു കിട്ടുകയും ക്രാഷ്” (തകർച്ച) നമുക്കധികം ദോഷം ചെയ്യാതിരിയ്ക്കുകയും ചെയ്യും. ഗുണം മെച്ചം, നഷ്ടം തുച്ഛം.

റിലയൻസ് ക്യാപ്പിറ്റൽ എന്നൊരു സ്ക്രിപ്പുണ്ട്. 2005 ജനുവരി 24ന് അതിന്റെ വില 130.05 രൂപയിലേയ്ക്കു താഴ്ന്നിരുന്നു. മൂന്നു വർഷത്തിനു ശേഷം, 2008 ജനുവരി ഒമ്പതാം തീയതി, അത് 2897.80 രൂപയിലെത്തി. 130.05ൽ നിന്ന് 2897.80ലേയ്ക്കുള്ള ഉയർച്ച 2128 ശതമാനം! തുടർന്നതു തകർന്നു. നാലു വർഷം കഴിഞ്ഞപ്പോൾ, 2012 ജനുവരി 2ന്, അതിന്റെ വില വെറും 226.05 രൂപയായിരുന്നു: 2897.80ൽ നിന്നുള്ള ഇടിവ് 92.35 ശതമാനം! ഇത്തരം വൻ തോതിലുള്ള ഉയർച്ചകളും താഴ്ചകളും ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതിയ്ക്കു ഗുണകരമാണ്. നഷ്ടപരിധിയായി അഞ്ചു ശതമാനം തെരഞ്ഞെടുത്തുകൊണ്ട് ഈ കച്ചവടരീതി പ്രയോഗിച്ചിരുന്നെങ്കിൽ കഴിഞ്ഞ പത്തുവർഷംകൊണ്ടു റിലയൻസ് ക്യാപ്പിറ്റലിൽ നിന്നുണ്ടാക്കാമായിരുന്ന ലാഭവും വളർച്ചയും ഈയിടെ ഞാൻ കണക്കുകൂട്ടിയെടുത്തു. ദിവസേനയുണ്ടായ യഥാർത്ഥവിലചലനം അറിയാനാകാത്തതുകൊണ്ട്, ക്ലോസിംഗ് നിരക്കുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു, ആ കണക്കുകൂട്ടൽ. ആ കണക്കുകൂട്ടലിൽ നിന്നു തെളിഞ്ഞ ലാഭശതമാനം അവിശ്വസനീയമാം വിധം ഉയർന്നതായിരുന്നു. ഈ ലേഖനത്തിന്റെ പിന്നിലെ പ്രേരകവും അതു തന്നെ. കണക്കുകൂട്ടലിൽ തെറ്റുപറ്റിയിട്ടുണ്ടാകാമെന്നതുകൊണ്ട് അതിൽ നിന്നു വെളിപ്പെട്ട ലാഭശതമാനം ഇവിടെ വെളിപ്പെടുത്തുന്നില്ല. താത്പര്യമുള്ളവർ സ്വയം കണക്കുകൂട്ടലുകൾ നടത്തിനോക്കുന്നതായിരിയ്ക്കും ഏറ്റവും നല്ലത്.

2005-2008 കാലത്തു മിക്ക രാജ്യങ്ങളിലേയും ഓഹരിക്കമ്പോളങ്ങൾ അസാധാരണമായ വളർച്ച നേടിയിരുന്നു. തുടർന്നുള്ള മൂന്നു നാലു വർഷത്തിനിടയിൽ അവയെല്ലാം അസാധാരണമായ തകർച്ചയും നേരിട്ടു. റിലയൻസ് ക്യാപ്പിറ്റലിനും ആ വളർച്ചയും തകർച്ചയുമുണ്ടായി. മറ്റനേകം സ്ക്രിപ്പുകൾക്കുമുണ്ടായി, ഈ വളർച്ചയും തകർച്ചയും. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയ്ക്ക് ഓഹരിവിലകളിലെ ഇത്തരം അസാധാരണമായ വളർച്ചയും തകർച്ചയും അനുകൂലമാണെന്നു കാണുന്നു. 130.05ൽ നിന്ന് 2897.80ലേയ്ക്കുണ്ടായ വിലക്കയറ്റത്തിന്റെ ഗുണം വലുതായനുഭവിപ്പിയ്ക്കുകയും, 2897.80ൽ നിന്ന് 226.05ലേയ്ക്കുണ്ടായ തകർച്ചയുടെ ദൂഷ്യം വലുതായനുഭവിപ്പിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്നൊരു കച്ചവടരീതി ഭാവിയിലും അനുകരണീയമായിരിയ്ക്കുമെന്നാണെന്റെ വിശ്വാസം. എന്നാൽ, ഭൂതകാലചലനം ഭാവിയിലും ആവർത്തിയ്ക്കപ്പെടുമെന്നു യാതൊരുറപ്പുമില്ല.

വെല്ലുവിളികളെപ്പറ്റി പറഞ്ഞു തീർന്നില്ല. ഓഹരിക്കമ്പോളത്തിനു ദിശാബോധം നഷ്ടപ്പെട്ട അവസ്ഥ ഇടയ്ക്കിടെയുണ്ടാകാറുണ്ട്. അപ്പോഴൊക്കെ ഓഹരിവിലകൾ കുതിച്ചുയരുകയോ തകർന്നടിയുകയോ ചെയ്യാതെ, വശങ്ങളിലേയ്ക്ക് (സൈഡ് വേയ്സ്”) സഞ്ചരിച്ചെന്നു വരാം. ഉദാഹരണം: അഞ്ചു ശതമാനം ഉയർന്നാലുടൻ അഞ്ചു ശതമാനം താഴുന്നു. ഇത്തരമൊരവസ്ഥ മുകളിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയ്ക്ക് അനുകൂലമല്ല; അത്തരമവസ്ഥയിൽ നഷ്ടമുണ്ടാകാനിടയുണ്ട്. അതുകൊണ്ട് നഷ്ടസാദ്ധ്യതയ്ക്കു പരിധി നിശ്ചയിയ്ക്കേണ്ടത് അത്യാവശ്യം തന്നെ.

ആഴ്ചകൾ കൊണ്ടോ മാസങ്ങൾ കൊണ്ടോ ആകർഷകമായ ലാഭവും വളർച്ചയും മുകളിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതികൊണ്ടുണ്ടാകുമെന്നാശിയ്ക്കാതിരിയ്ക്കുകയാകും നല്ലത്. പത്തുവർഷത്തിൽക്കുറയാത്ത കാലയളവെങ്കിലും വേണം, ഈ രീതിയുടെ ഗുണദോഷങ്ങളറിയാൻ. കഴിഞ്ഞ പത്തുവർഷത്തെ വിലചലനം പരിശോധിച്ച്, ഈ രീതിയുടെ ഗുണദോഷങ്ങൾ താത്വികമായെങ്കിലും അറിഞ്ഞ ശേഷമേ തീരുമാനമെടുക്കാവൂ എന്നു മുകളിൽ നൽകിക്കഴിഞ്ഞിരിയ്ക്കുന്ന നിർദ്ദേശം അതിപ്രധാനമായതുകൊണ്ട് അതിവിടെ ആവർത്തിയ്ക്കുന്നു. കഴിഞ്ഞ പത്തുവർഷത്തെ ദിവസേനയുള്ള ക്ലോസിംഗ്‌വിലകളെ അടിസ്ഥാനപ്പെടുത്തി നിർണ്ണയിച്ച, താത്വികമായുള്ള ലാഭനഷ്ടങ്ങളിൽ നിന്നു വിഭിന്നമായിരിയ്ക്കാം ആ കാലയളവിൽ തത്വങ്ങൾ പ്രയോഗത്തിൽ വരുത്തി, യഥാർത്ഥ കച്ചവടം നടത്തിയിരുന്നെങ്കിലുണ്ടാകുമായിരുന്ന  ലാഭനഷ്ടങ്ങൾ; ആ കാലഘട്ടത്തിലെ യഥാർത്ഥഫലം താത്വികഫലത്തേക്കാൾ കുറവാകുമായിരുന്നോ കൂടുതലാകുമായിരുന്നോ എന്നു കണ്ടെത്താനൊരു മാർഗ്ഗവുമില്ല.

വിലചലനത്തിനനുസൃതമായി ഓർഡറുകളിൽ മാറ്റം വരുത്തിക്കൊണ്ടിരിയ്ക്കേണ്ടതുള്ളതിനാൽ, കച്ചവടസമയം മുഴുവൻ കമ്പോളം നിരീക്ഷിച്ചുകൊണ്ടിരുന്നേ മതിയാവൂ. വേഗക്കൂടുതലുള്ള കമ്പ്യൂട്ടറും (ലാപ്ടോപ്പ് അല്ലെങ്കിൽ സ്മാർട്ട് ഫോൺ) ഇന്റർനെറ്റും ഉപയോഗിച്ചുള്ള ഓൺലൈൻ കച്ചവടമാണ് ഇതിനനുയോജ്യം. വിലചലനങ്ങൾക്കനുസരിച്ച്, വാങ്ങൽ-വിൽക്കൽ നടത്താനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകളിൽ അപ്പപ്പോൾ മാറ്റം വരുത്താനുള്ളതുകൊണ്ട്, മൈക്രോസോഫ്റ്റിന്റെ എക്സൽ, ഓപ്പൻ ഓഫീസിലെ കാൽക്ക് എന്നിവയിലേതെങ്കിലും ഉപയോഗിയ്ക്കുകയും വേണം. തിങ്കൾ മുതൽ വെള്ളി വരെ, രാവിലെ ഒമ്പതേകാൽ മുതൽ ഉച്ചയ്ക്കു ശേഷം മൂന്നര വരെ, ആറേകാൽ മണിക്കൂറാണു ഓഹരിക്കച്ചവടം നടക്കുന്നത്. ഇതിനിടയിൽ വൈദ്യുതിവിതരണവും ഇന്റർനെറ്റും  തടസ്സപ്പെട്ടാൽ കച്ചവടം മുടങ്ങാതിരിയ്ക്കാനുള്ള സംവിധാനവും ഒരുക്കണം. മറ്റു വഴികളില്ലെങ്കിൽ ഡീലറുടെ ഓഫീസിൽച്ചെന്നിരിയ്ക്കുക തന്നെ. ഡീലറുടെ ഫ്രാഞ്ചൈസികളെ ഒഴിവാക്കണം. ഇടപാടുകാരെ ആകർഷിയ്ക്കാൻ വേണ്ടി ഫ്രാഞ്ചൈസികൾ പല ഇളവുകളും തരാൻ തയ്യാറായെന്നു വരാം. അവയാൽ ആകർഷിതരാകാതിരിയ്ക്കുകയാണു നന്ന്. ഡീലറുടെ വീഴ്ച മൂലം അപ്രതീക്ഷിതമായ സാമ്പത്തികനഷ്ടമുണ്ടാകുന്നതൊഴിവാക്കാൻ വേണ്ടി, പ്രശസ്തരായ ഏതെങ്കിലുമൊരു ഡീലറുമായി നേരിട്ടിടപെടുകയാണു വേണ്ടത്.

ഇപ്പോൾ ഓഹരിക്കച്ചവടത്തിൽ നിന്നു ആകർഷകമായ ലാഭം നേടിക്കൊക്കൊണ്ടിരിയ്ക്കുന്നവർ തങ്ങൾ പിന്തുടർന്നുകൊണ്ടിരിയ്ക്കുന്ന കച്ചവടരീതിതന്നെ തുടരുന്നതാകും നല്ലത്.

നിഫ്റ്റിയിൽ ഏറ്റവുമധികം ടേണോവറുള്ള ഓഹരികൾ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു മുകളിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. ഏറ്റവുമധികം മൂലധനമൂല്യം – മാർക്കറ്റ് ക്യാപ്പിറ്റലൈസേഷൻ - ഉള്ള ഓഹരികളാണവ. അവയുടെ ഓഹരികൾ ഏറ്റവുമധികം നിക്ഷേപകരുടെ പക്കലുള്ളതുകൊണ്ട്, ഏതെങ്കിലുമൊരു നിക്ഷേപകനോ ഒരു കൂട്ടം നിക്ഷേപകർക്കോ അവയുടെ വില കൃത്രിമമായി ഉയർത്തുകയും താഴ്ത്തുകയും ചെയ്യാനുള്ള സാദ്ധ്യത താരതമ്യേന കുറവാണ്.

‘സീലിംഗ് പ്രൈസ്’, ‘ഫ്ലോർ പ്രൈസ്’ എന്നിവയെപ്പറ്റിയും പറയാം. ഒരോഹരി വാങ്ങാനോ വിൽക്കാനോ വേണ്ടി നാമിന്നിടുന്ന ഓർഡറുകളെല്ലാം ഇന്നലത്തെ ക്ലോസിംഗ് വിലയുടെ 90 ശതമാനത്തിനും 110 ശതമാനത്തിനുമപ്പുറത്തുള്ളതാകാൻ പാടില്ല. ഭൂരിഭാഗം സ്ക്രിപ്പുകൾക്കും പത്തുശതമാനമെന്ന ഈ വ്യവസ്ഥ ബാധകമാണ്. ഉദാഹരണം പറയാം. ഇന്നലെ 100 രൂപയ്ക്കു ക്ലോസ് ചെയ്ത ഒരോഹരിയ്ക്ക് 110 രൂപയേക്കാളുയർന്നതും 90 രൂപയേക്കാൾ താഴ്ന്നതുമായ ഓർഡറുകൾ ഇടാനാവില്ല. ഇവയിൽ ഉയർന്ന നിരക്കിനു സീലിംഗ് പ്രൈസ് എന്നും, താഴ്ന്ന നിരക്കിനു ഫ്ലോർ പ്രൈസ് എന്നുമാണു പറയുക. ‘അപ്പർ ലിമിറ്റ്’, ‘ലോവർ ലിമിറ്റ്’ എന്നും ഇവയറിയപ്പെടാറുണ്ട്. സീലിംഗ് പ്രൈസിനു മുകളിലുള്ള ഓർഡറുകളും ഫ്ലോർ പ്രൈസിനു താഴെയുള്ള ഓർഡറുകളും ഇടാനാവില്ല. എന്നാൽ, നിലവിലുള്ള വില സീലിംഗ് പ്രൈസിലോ ഫ്ലോർ പ്രൈസിലോ എത്തിക്കഴിയുമ്പോൾ സ്റ്റോക്ക് എക്സ്ചേഞ്ച് അതിൽ പത്തു ശതമാനം ഇളവനുവദിയ്ക്കാറുണ്ട്. നിഫ്റ്റിയിലുൾപ്പെട്ട മിക്ക സ്ക്രിപ്പുകൾക്കും പല തവണ ഇത്തരം ഇളവനുവദിച്ചെന്നു വരാം. നിഫ്റ്റിയിലുൾപ്പെടാത്ത ചില സ്ക്രിപ്പുകളുടെ സീലിംഗും ഫ്ലോറും, എക്സ്ചേഞ്ചിന്റെ അന്നാന്നത്തെ തീരുമാനമനുസരിച്ച്, 2%, 5%, 10%, 20% എന്നിവയിലേതെങ്കിലുമായി നിശ്ചയിച്ചിട്ടുണ്ടാകാം. നിഫ്റ്റിയിലുൾപ്പെടാത്ത സ്ക്രിപ്പുകൾ കൈകാര്യം ചെയ്യാതിരിയ്ക്കുന്നതിനുള്ള കാരണങ്ങളിലൊന്ന് ഇതു തന്നെയാണ്.

ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനു 140 വർഷത്തെ ചരിത്രമുണ്ടെങ്കിലും, 23 വർഷം മുമ്പു മാത്രം തുടങ്ങിയ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിനോടാണ് എനിയ്ക്കാഭിമുഖ്യം. ചില പ്രശസ്ത ഡീലർമാർ രണ്ട് എക്സ്ചേഞ്ചുകളിലും, നമ്മുടെ ഇഷ്ടാനുസരണം, ഇടപാടുകൾ നടത്താനുള്ള സൌകര്യം ചെയ്തു തരാറുണ്ടെങ്കിലും ഇടപാടുകൾ മുഴുവനും ഏതെങ്കിലുമൊരു എക്സ്ചേഞ്ചിൽ മാത്രം ചെയ്യുന്നതായിരിയ്ക്കും നല്ലത്. കഴിഞ്ഞ ദിവസം രണ്ട് എക്സ്ചേഞ്ചുകളിലും നടന്ന ചില സ്ക്രിപ്പുകളുടെ കച്ചവടങ്ങൾ നമുക്കു പരിശോധിയ്ക്കാം:

ടാറ്റാ മോട്ടോഴ്സ്.......... NSE 300.01 കോടി രൂപ – BSE 61.49 കോടി രൂപ
ഐസിഐസിബാങ്ക്.....NSE 360.71 കോടി രൂപ – BSE 45.09 കോടി രൂപ
സ്റ്റേറ്റ് ബാങ്ക്................NSE 315.05 കോടി രൂപ – BSE 33.55 കോടി രൂപ
ടാറ്റാസ്റ്റീൽ.....................NSE 139.76 കോടി രൂപ – BSE 27.62 കോടി രൂപ
റിലയൻസ്....................NSE 209.83 കോടി രൂപ – BSE 31.40 കോടി രൂപ
ഇൻഫി..........................NSE 541.22 കോടി രൂപ – BSE 14.47 കോടി രൂപ

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടരീതിയുടെ ഒരവിഭാജ്യഘടകമാണു സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ. ഒരു സ്ക്രിപ്പിന്റെ കൂടുതൽ ഷെയറുകൾ കച്ചവടം ചെയ്യപ്പെടുന്നിടത്തു സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ കൂടുതൽ കൃത്യതയോടെ അനുസരിയ്ക്കപ്പെടുന്നു. ഒരു സ്ക്രിപ്പിൽ ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടക്കുന്ന കച്ചവടത്തിന്റെ പല മടങ്ങു കച്ചവടം അതേ സ്ക്രിപ്പിൽ എൻ എസ് ഈയിൽ നടക്കുന്നുണ്ടെന്നു മുകളിൽ കൊടുത്തിരിയ്ക്കുന്ന സംഖ്യകൾ തെളിയിയ്ക്കുന്നു.

നഷ്ടപരിധി പത്തു ശതമാനമായി നാം നിശ്ചയിയ്ക്കുന്നെന്നു കരുതുക. വാങ്ങുന്നതിനു മുമ്പു വില സ്പർശിച്ച ഏറ്റവും താഴ്ന്ന തലത്തിൽ നിന്ന്, അതായതു ബോട്ടത്തിൽ നിന്ന്, ഇരുപതു ശതമാനമെങ്കിലും വില ഉയർന്നെങ്കിൽ മാത്രമേ, ആ ഇടപാടിൽ നഷ്ടമുണ്ടാകാതിരിയ്ക്കുകയുള്ളു. ബോട്ടത്തിൽ നിന്ന് 25 ശതമാനം ഉയർന്നാൽ, ലാഭം അഞ്ചു ശതമാനം. അഞ്ചു ശതമാനമാണു നഷ്ടപരിധിയായി നിശ്ചയിയ്ക്കുന്നതെങ്കിൽ, ബോട്ടത്തിൽ നിന്നു വില പത്തു ശതമാനമുയർന്നാൽ നഷ്ടമൊഴിവാകും; പതിനഞ്ചു ശതമാനമുയർന്നാൽ അഞ്ചു ശതമാനം ലാഭം ഉറപ്പ്. ഇരുപതു ശതമാനമുയർന്നാൽ പത്തു ശതമാനം ലാഭമുറപ്പ്. ഡീലറുടെ കമ്മീഷൻ കൂടി കണക്കിലെടുക്കേണ്ടി വരും. ഒരു ശതമാനമാണു നഷ്ടപരിധിയായി നിശ്ചയിയ്ക്കുന്നതെങ്കിൽ, രണ്ടു ശതമാനമെങ്കിലും വിലയുയർന്നാൽ നഷ്ടമൊഴിവാകും. ഇങ്ങനെ പോകുന്നു, ലാഭസാദ്ധ്യതകൾ.

ഓഹരിനിക്ഷേപം എന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും, വാസ്തവത്തിൽ നടക്കുന്നത് ഓഹരിക്കച്ചവടമാണ്. കമ്പനിയുടമയൊഴികെ, മറ്റെല്ലാ ഓഹരിയുടമകളും ഓഹരിക്കച്ചവടമാണു നടത്തുന്നത്. എൽ ഐ സിയെപ്പോലുള്ള ദേശീയസ്ഥാപനങ്ങളും, ഗോൾഡ്മാൻ സാക്സിനെപ്പോലെയും മോർഗൻ സ്റ്റാൻലിയേയും പോലുള്ള വിദേശസ്ഥാപനങ്ങളും, എന്നേയും നിങ്ങളേയും പോലുള്ള സാധാരണക്കാരുമെല്ലാം ഇടയ്ക്കിടെ ഓഹരികൾ വാങ്ങുന്നു, ഇടയ്ക്കിടെ വിൽക്കുന്നു, ലാഭമെടുക്കുന്നു. ഇടയ്ക്കിടെയുള്ള ഈ വാങ്ങലും വിൽക്കലുമെല്ലാം ഓഹരിനിക്ഷേപത്തെ ഓഹരിക്കച്ചവടമാക്കി മാറ്റുന്നു. വാങ്ങലിന്റേയും വിൽക്കലിന്റേയുമിടയിലുള്ള കാലയളവിന്റെ ദൈർഘ്യത്തിനു വ്യത്യാസമുണ്ടാകാം. ആദായനികുതിയെപ്പറ്റി വേവലാതിപ്പെടുന്നവർ ആദായനികുതിയൊഴിവാക്കാൻ വേണ്ടി ഒരു വർഷം വരെ ഓഹരി കൈവശം വച്ചുകൊണ്ടിരിയ്ക്കാറുണ്ടെന്നു മാത്രം. ഓഹരിക്കമ്പോളത്തിൽ നിന്നു ലാഭമെടുക്കാനുദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ, ഓഹരികൾ അനിശ്ചിതകാലത്തോളം കൈവശം വച്ചുകൊണ്ടിരിയ്ക്കുന്നത് ഉദ്ദേശ്യസാദ്ധ്യത്തിനനുകൂലമാവില്ല. ഓഹരിവില കയറാൻ തുടങ്ങുമ്പോൾ വാങ്ങുകയും താഴാൻ തുടങ്ങുമ്പോൾ വിറ്റൊഴിയുകയും ചെയ്യുക അനിവാര്യം. വില കയറാൻ തുടങ്ങി, ഓഹരി വാങ്ങാറായി എന്ന് അനായാസം നിർണ്ണയിയ്ക്കാൻ വേണ്ടിയാണ് ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനത്തിന്റെ ഉയർച്ചയെ – ഉദാഹരണത്തിന് അഞ്ചു ശതമാനം – നാം മാനദണ്ഡമായി സ്വീകരിയ്ക്കുന്നത്. അതുപോലെ, ഓഹരിവില ഇടിയാൻ തുടങ്ങി, അതു വിൽക്കാറായി എന്നു അനായാസം തീർച്ചപ്പെടുത്താൻ വേണ്ടിയാണ്, ടോപ്പിൽ നിന്ന് ഒരു നിശ്ചിത ശതമാനത്തിന്റെ ഇറക്കത്തെ നാം മാനദണ്ഡമായി നിശ്ചയിയ്ക്കുന്നത്. ഇത്തരം നിശ്ചിതമാനദണ്ഡങ്ങൾ ഓഹരിയിടപാടുകളിലെ അനിശ്ചിതത്വം പാടേ നീക്കുന്നു.

ഒരു ബോട്ടത്തിൽ നിന്ന് ഒരു നിശ്ചിതശതമാനം ഉയർന്നപ്പോൾ നാമൊരോഹരി വാങ്ങിയെന്നും, തുടർന്നു രൂപപ്പെട്ട ടോപ്പിൽ നിന്നു വില ഒരു നിശ്ചിതശതമാനം ഇറങ്ങിയപ്പോൾ നാം വിൽപ്പന നടത്തിയെന്നുമിരിയ്ക്കട്ടെ. അതോടെ പഴയ ബോട്ടവും ടോപ്പും അപ്രസക്തമായിക്കഴിഞ്ഞു. അടുത്ത വാങ്ങൽ പുതുതായി രൂപപ്പെടുന്ന ബോട്ടത്തെ ബന്ധപ്പെടുത്തിയായിരിയ്ക്കണം. ഒരു ബോട്ടം ഒന്നിലേറെ വാങ്ങലുകൾക്ക് ഉപയോഗിയ്ക്കാൻ പാടില്ലെന്നർത്ഥം.

ബോട്ടത്തിന് സപ്പോർട്ട് എന്നൊരു പേരു കൂടിയുണ്ട്. ഇടിഞ്ഞു കൊണ്ടിരുന്ന വില ഒരു തലത്തിലെത്തിയപ്പോൾ അതിന്റെ ഇടിവു നിലയ്ക്കുന്നു, വില ഉയരാൻ തുടങ്ങുന്നു. ഇടിവു നിലച്ച തലത്തിൽ വിലയ്ക്കു സപ്പോർട്ടു ലഭിച്ചു എന്നാണൊരാശയം. ആ തലത്തിൽ അതിനു ലഭിച്ച സപ്പോർട്ടു മൂലം വില ഉയരാൻ തുടങ്ങി. മറുവശത്ത്, ടോപ്പിന് റെസിസ്റ്റൻസ് എന്നൊരു പേരും പറയാറുണ്ട്. ഉയർന്നുകൊണ്ടിരുന്ന വില ആ തലത്തിലെത്തിയപ്പോൾ അതിന്റെ ഉയർച്ച നിന്നു; അതിറങ്ങാൻ തുടങ്ങി. ആ തലത്തിൽ വച്ച് ഉയർച്ചയ്ക്കു തടസ്സം – റെസിസ്റ്റൻസ് – നേരിട്ടു; അതുകൊണ്ടത് ഇറങ്ങാൻ തുടങ്ങി.

സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ചുരുക്കം പേർ മാത്രമേ ഉപയോഗിച്ചു കാണാറുള്ളു. ‘നോർമ്മൽ’ ഓർഡറുകളാണു ഭൂരിഭാഗവും. നിലവിലുള്ള വില 100 രൂപയായിരിയ്ക്കെ, 95 രൂപയ്ക്കു വാങ്ങാനുള്ള ഓർഡറിടുന്നു. അതുപോലെ, നിലവിലുള്ള വില 200 രൂപയായിരിയ്ക്കാം, അപ്പോൾ 210 രൂപയ്ക്കു വിൽക്കാനുള്ള ഓർഡറിടുന്നു. വില നൂറു രൂപയിൽ നിന്ന് 95ലേയ്ക്കിറങ്ങുമ്പോൾ വിലചലനത്തിന്റെ ദിശ താഴേയ്ക്കാണ്. നൂറു രൂപയിൽ നിന്നു 95ലേയ്ക്കിറങ്ങിക്കഴിയുമ്പോൾ വാങ്ങലിനുള്ള ഓർഡർ നടക്കുന്നു. ഓരോഹരി വാങ്ങിയാലുടൻ അതിന്റെ വില കയറാൻ തുടങ്ങണമെന്നാണു മിക്കവരുടേയും ആശ. വാങ്ങിക്കഴിഞ്ഞിരിയ്ക്കുന്ന ഓഹരിയുടെ വില താഴുന്നത് ഇഷ്ടപ്പെടുന്ന ഒരാൾ പോലുമുണ്ടാവില്ല. വാങ്ങിയ ഓഹരിയുടെ വില കയറണമെന്നാണാശയെങ്കിൽ, ഇറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഓഹരിയല്ല, കയറിക്കൊണ്ടിരിയ്ക്കുന്ന ഓഹരിയാണു വാങ്ങേണ്ടത്. ഇറങ്ങിക്കൊണ്ടിരിയ്ക്കുന്ന ഓഹരി അതിന്റെ ഇറക്കം തുടരുമെന്നു വിചാരിച്ചു വാങ്ങാതെ വിടുന്നതാണു കൂടുതൽ സുരക്ഷിതം. കയറാനുള്ള ഊർജ്ജം വില പ്രദർശിപ്പിയ്ക്കട്ടെ, എന്നിട്ടു മതി വാങ്ങാൻ.

വില 200 രൂപയിൽ നിൽക്കെ, 210നു വിൽക്കാനുള്ള ഓർഡറിടുന്നതും വിലചലനത്തിനെതിരായിരിയ്ക്കും. 200ൽ നിന്നു വിലയുയർന്ന് 210ലെത്തുമ്പോൾ വില്പന നടക്കുന്നു. ഇവിടെ വിലചലനത്തിന്റെ ദിശ മുകളിലേയ്ക്കാണ്. നാം കൈയൊഴിഞ്ഞ ഓഹരിയുടെ വില നാം കൈയൊഴിഞ്ഞയുടനെ ഉയർന്നുയർന്നു പോകുന്നത് നമ്മിലതൃപ്തിയുണ്ടാക്കും. നാം 210നു വിറ്റ ഓഹരി ഉയർച്ച തുടരുകയും 300ലേയ്ക്കെത്തുകയും ചെയ്യുന്നെന്നിരിയ്ക്കട്ടെ. 210നു വിൽക്കാതിരുന്നെങ്കിൽ നമുക്കാ ഓഹരി കൂടുതൽ ഉയർന്ന വിലയ്ക്കു വിൽക്കാമായിരുന്നു. ഉയർച്ചയിൽ നിന്നു പരമാവധി ഗുണം നാം നേടുന്നില്ലെങ്കിൽ ഓഹരിക്കച്ചവടത്തിൽ നിന്നു വലുതായ ഗുണം നമുക്കുണ്ടാവില്ല. വില ഉയർന്നുകൊണ്ടിരിയ്ക്കെ, ഓഹരി വിൽക്കരുതെന്നാണു തത്വം. ഉയർച്ച നിലയ്ക്കട്ടെ, ഇടിയാൻ തുടങ്ങട്ടെ: അപ്പോൾ നമുക്കു വിറ്റൊഴിയാം. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതി വില ഉയരാൻ തുടങ്ങുമ്പോൾ വാങ്ങുകയും താഴാൻ തുടങ്ങുമ്പോൾ വിൽക്കുകയും ചെയ്യുകയെന്ന രണ്ട് അതിപ്രധാനതത്വങ്ങൾ പിന്തുടരുന്ന ഒന്നാണെന്ന് ഇതിനകം വ്യക്തമായിക്കാണുമല്ലോ.

ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന രീതിയനുസരിച്ച് ഐടിസി എന്ന സ്ക്രിപ്പിന്റെ വില 300ൽ നിന്ന് അഞ്ചു ശതമാനമുയർന്ന് 315ലെത്തിയപ്പോൾ നാമതിന്റെ നൂറോഹരി വാങ്ങിയെന്നു കരുതുക. നാമിപ്പോൾ ഐടിസിയിൽ ലോംഗ് ആണെന്നു പറയും. നമ്മുടെ പക്കൽ ഐടിസിയിൽ ഒരു ലോംഗ് പൊസിഷനുണ്ട് എന്നും പറയാം. ഇനി വില അഞ്ചു ശതമാനമിടിഞ്ഞ് 300ലേയ്ക്കിറങ്ങിയാൽ നാം 100 ഓഹരിയും വിറ്റൊഴിയും. അങ്ങനെ സംഭവിച്ചാൽ നമുക്കുണ്ടായേയ്ക്കാവുന്ന നഷ്ടം 1500 രൂപ. ഐടിസി വാങ്ങാൻ നാം മുടക്കിയ മൂലധനം 31500 രൂപയായിരുന്നു. അതിന്റെ അഞ്ചു ശതമാനമാണു 1500 രൂപ; കൃത്യമായിപ്പറഞ്ഞാൽ 1575 രൂപ. കണക്കുകൂട്ടലിന്റെ എളുപ്പത്തിനു വേണ്ടി 1500 ആയി കണക്കാക്കാം. നമ്മുടെ നഷ്ടം മൂലധനത്തിന്റെ അഞ്ചു ശതമാനത്തിലൊതുക്കാനായെങ്കിലും, ഈ നഷ്ടമല്പമധികമാണെന്നു തോന്നിയേയ്ക്കാം. ഇത്രത്തോളം നഷ്ടം വരാനിടയില്ലാത്തൊരു ഭേദഗതി നമ്മുടെ കച്ചവടരീതിയിൽ വരുത്തിയാൽ ഇടപാടുകളിലെ ശരാശരി നഷ്ടം കുറയ്ക്കാം. ആ രീതി വിവരിയ്ക്കാം.

ബോട്ടത്തിൽ നിന്ന് അഞ്ചു ശതമാനം ഉയരുമ്പോൾ ഒരുമിച്ചൊറ്റയൊരു വാങ്ങൽ നടത്തുന്നതിനു പകരം, ബോട്ടത്തിൽ നിന്ന് രണ്ടര ശതമാനം ഉയരുമ്പോൾ പകുതി മൂലധനം കൊണ്ട് ഒന്നാമത്തെ വാങ്ങൽ നടത്തുക. വീണ്ടും രണ്ടര ശതമാനം ഉയരുകയാണെങ്കിൽ ശേഷിച്ച പകുതികൊണ്ടു രണ്ടാമത്തെ വാങ്ങൽ നടത്തുക. ഒറ്റ വാങ്ങലിനു പകരം രണ്ടര ശതമാനം വീതം ഇടവിട്ട്, രണ്ടു വാങ്ങലുകൾ നടത്തുന്നു എന്നു മാത്രം. ഇവിടെ രണ്ടരശതമാനമാണു വാങ്ങാനുള്ള മാനദണ്ഡം. അതുകൊണ്ട് നഷ്ടപരിധിയും രണ്ടര ശതമാനം തന്നെയായി നിശ്ചയിയ്ക്കണം. മുകളിൽപ്പറഞ്ഞ ഉദാഹരണത്തിൽ ഇതു പ്രാവർത്തികമാക്കി നോക്കാം. ഐടിസി 300ൽ നിന്ന് രണ്ടര ശതമാനം ഉയർന്ന് 307.50ലെത്തുമ്പോൾ 50 ഓഹരി വാങ്ങുന്നു. വീണ്ടും രണ്ടരശതമാനമുയർന്ന് 315ലെത്തുമ്പോൾ വീണ്ടും 50 ഓഹരി വാങ്ങുന്നു. നഷ്ടപരിധി രണ്ടരശതമാനമായതുകൊണ്ട്, 315നു വാങ്ങിയ 50 ഓഹരികൾ 307.50ലേയ്ക്കിറങ്ങുകയാണെങ്കിൽ വിൽക്കണം. ഇങ്ങനെ വിൽക്കേണ്ടിവന്നാലുണ്ടായേയ്ക്കാവുന്ന നഷ്ടമെത്രയെന്നു നോക്കാം: 7.50 X 50 = 375 രൂപ. ഇറക്കം തുടരുന്നെന്നും വില 300ലേയ്ക്കിറങ്ങുന്നെന്നും കരുതുക. 307.50നു വാങ്ങിയിരുന്ന 50 ഓഹരികൾ നഷ്ടപരിധി രണ്ടരശതമാനമായതുകൊണ്ട് 300നു വിൽക്കണം; അപ്പോഴുണ്ടായേയ്ക്കാവുന്ന നഷ്ടം കണക്കാക്കാം: 7.50 X 50 = 375 രൂപ. രണ്ടു വാങ്ങലുകളും നഷ്ടത്തിൽ കലാശിച്ചാൽ ആകെ നഷ്ടം= 375 + 375 = 750 രൂപ. നഷ്ടപരിധി അഞ്ചു ശതമാനമായി നിശ്ചയിച്ചുകൊണ്ടു നടത്തിയ ഒറ്റ വാങ്ങലിൽ നിന്നുള്ള നഷ്ടം 1500 രൂപയാണെങ്കിൽ, നഷ്ടപരിധി രണ്ടരശതമാനമായി നിശ്ചയിച്ചുകൊണ്ട് ഇരട്ട വാങ്ങലുകൾ നടത്തിയപ്പോൾ നഷ്ടം 750 രൂപയായിക്കുറഞ്ഞു.

രണ്ടരശതമാനത്തിന്റെ രണ്ടു വാങ്ങലുകളാണു മുകളിലെ ഉദാഹരണത്തിൽ വിവരിച്ചിട്ടുള്ളത്. രണ്ടര ശതമാനം ഇടവിട്ടുള്ള, 307.50, 315, 322.50, 330 എന്നീ വിലകളിലുള്ള നാലു വാങ്ങലുകളാണെന്നിരിയ്ക്കട്ടെ. അപ്പോൾ ഓരോ വാങ്ങലിലുമുള്ള എണ്ണം 25 ആയി കുറയുന്നു. ഒരു വാങ്ങലിൽ നിന്നുണ്ടാകാവുന്ന പരമാവധി നഷ്ടം 7.50 X 25 = 187.50 രൂപ. നാലു വാങ്ങലുകളും നഷ്ടത്തിലവസാനിച്ചാൽ ആകെ നഷ്ടം 750 രൂപ. ഈ രീതിയ്ക്കു ഗുണവും ദോഷവുമുണ്ട്. രണ്ടര ശതമാനം വിലചലനമുണ്ടാകുമ്പോഴേയ്ക്ക് ഒരു വാങ്ങലോ ഒരു വില്പനയോ നടക്കുമെന്നതാണ് ഒരു ദോഷം. നഷ്ടപരിധി അഞ്ചു ശതമാനമായിരുന്നപ്പോൾ ഒരിടപാടിലെ നഷ്ടസാദ്ധ്യത 1500 രൂപയായിരുന്നു. രണ്ടര ശതമാനമിടവിട്ടുള്ള രണ്ടു വാങ്ങലുകളിൽ ഒരിടപാടിലെ നഷ്ടസാദ്ധ്യത 375 രൂപയായി കുറഞ്ഞു. നഷ്ടപരിധി രണ്ടരശതമാനത്തിൽ നിലനിർത്തിക്കൊണ്ട്, വാങ്ങലുകളുടെ എണ്ണം നാലാക്കിയുയർത്തിയപ്പോൾ ഒരിടപാടിലെ നഷ്ടം 187.50 രൂപയായിക്കുറഞ്ഞു. പൊസിഷനുകളുടെ എണ്ണം വർദ്ധിയ്ക്കുമ്പോൾ ഓരോ ഇടപാടിലേയും പരമാവധി നഷ്ടസാദ്ധ്യത കുറയുന്നതാണ് ഈ കച്ചവടരീതിയുടെ പ്രധാനഗുണം. താരതമ്യേന താഴ്ന്ന നഷ്ടസാദ്ധ്യതയുള്ള, ഒന്നിലേറെ പൊസിഷനുകൾ സൃഷ്ടിയ്ക്കുന്ന ഈ കച്ചവടരീതി ഒറ്റപ്പൊസിഷൻ മാത്രം സൃഷ്ടിയ്ക്കുന്ന കച്ചവടരീതിയേക്കാൾ ചിലപ്പോഴൊക്കെ കൂടുതൽ ലാഭദായകമായെന്നും വരാം.

ഒന്നിലേറെ പൊസിഷനുകൾ സൃഷ്ടിയ്ക്കപ്പെടുന്ന ഇത്തരം കച്ചവടരീതിയിൽ വാങ്ങലും വിൽക്കലും നടത്തേണ്ട വിവിധ തലങ്ങൾ കാണിയ്ക്കുന്ന ഗ്രാഫ് എക്സലോ കാൽക്കോ ഉപയോഗിച്ചുണ്ടാക്കണം. കമ്പ്യൂട്ടർ ലഭ്യമല്ലാത്തപ്പോൾ വരയിട്ട കടലാസ്സിലുണ്ടാക്കിയ ഗ്രാഫും ധാരാളം. ആ ഗ്രാഫനുസരിച്ചുവേണം വാങ്ങലും വിൽക്കലും നടത്തേണ്ടത്. ഗ്രാഫിലൂടെ വില പടിപടിയായി താഴ്ന്നുകൊണ്ടിരിയ്ക്കുമ്പോൾ വാങ്ങലിനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകളും അതിനനുസരിച്ചു താഴ്ത്തിക്കൊണ്ടിരിയ്ക്കണം. വാങ്ങാനുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ഇത്തരത്തിൽ പടിപടിയായി താഴ്ത്തിക്കൊണ്ടിരിയ്ക്കുമ്പോൾ, വില കുറയുന്നതിനനുസരിച്ചു കൂടുതൽ എണ്ണം വാങ്ങാനാകുമ്പോഴൊക്കെ കൂടുതൽ എണ്ണം വാങ്ങുകയും വേണം. ഒടുവിൽ വാങ്ങലുകൾ നടക്കുമ്പോൾ, മുമ്പു വാങ്ങാനായിരുന്നതിലുമേറെ എണ്ണം വാങ്ങാൻ ഇതു സഹായിയ്ക്കും. നിശ്ചയിച്ച ലോംഗ് പൊസിഷനുകൾ മുഴുവനും സൃഷ്ടിയ്ക്കപ്പെട്ടു കഴിഞ്ഞതിനു ശേഷം വില ഗ്രാഫിലൂടെ പടിപടിയായുയരുമ്പോൾ, അതിനനുസരിച്ച്, വില്പനയ്ക്കുള്ള സ്റ്റോപ്പ് ലോസ്സ് ഓർഡറുകൾ ഉയർത്തിക്കൊടുക്കുകയും വേണം. ഇത് ലാഭവർദ്ധനയുറപ്പാക്കും. രണ്ടര ശതമാനമെന്ന് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളു. അതു രണ്ടു ശതമാനമാകാം, മൂന്നു ശതമാനമാകാം, അഞ്ചാകാം. നഷ്ടപരിധിയുടെ വലിപ്പമനുസരിച്ച് ഇടപാടുകളുടെ എണ്ണത്തിലും ലാഭസാദ്ധ്യതയിലും വ്യത്യാസമുണ്ടാകും. ഇവിടെയൊരു കാര്യം ശ്രദ്ധിയ്ക്കാനുള്ളത്, ഒരേ തത്വം തന്നെ വിശാലാടിസ്ഥാനത്തിൽ പിന്തുടരുന്ന, ഇത്തരത്തിലുള്ള, ഒന്നിലേറെ കച്ചവടരീതികളുണ്ടെങ്കിലും, ഒരു രീതിയിൽ നിന്നു മറ്റൊന്നിലേയ്ക്കുള്ള, ഇടയ്ക്കിടെയുള്ള ചാഞ്ചാട്ടം ഒഴിവാക്കുക തന്നെ വേണം.

ഒരോഹരി 100ൽ നിന്ന് 105ലേയ്ക്കു കയറിയെന്നിരിയ്ക്കട്ടെ. രണ്ടു നിലപാടുകളാണ് ഓഹരിക്കമ്പോളത്തിലെ ഇടപാടുകാർ സ്വീകരിച്ചുകാണാറ്:

(1) കയറ്റം തുടരും.

(2) കയറ്റം നിലയ്ക്കും, ഇറക്കം തുടങ്ങും.

ചില സമയങ്ങളിൽ ഒന്നാമത്തെ കൂട്ടരുടെ നിലപാടായിരിയ്ക്കും ശരിയായിത്തീരുന്നത്. മറ്റു ചിലപ്പോൾ രണ്ടാമത്തെ കൂട്ടരുടേയും. മറ്റൊരോഹരി 200ൽ നിന്ന് 190ലേയ്ക്കിറങ്ങിയെന്നു കരുതുക. ഇവിടേയും രണ്ടു സമീപനങ്ങളുണ്ടാകും:

(1) ഇറക്കം തുടരും.

(2) ഇറക്കം നിലയ്ക്കും, കയറ്റം തുടങ്ങും.

ഇവിടേയും ചിലപ്പോളൊക്കെ ഒന്നാമതു പറഞ്ഞ സമീപനം ശരിയായിത്തീരും, മറ്റു ചിലപ്പോൾ രണ്ടാമത്തെ സമീപനവും. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, അതുവരെയുണ്ടായ ചലനം കൂടുതൽ ശക്തിപ്രാപിയ്ക്കുമെന്ന, പ്രസാദാത്മകമായ സമീപനമാണ് ഒന്നാമത്തേത്. അതുവരെയുണ്ടായ ചലനത്തിന്റെ ശക്തി ക്ഷയിയ്ക്കുമെന്നും, തിരികെപ്പോക്കു തുടങ്ങുമെന്നുമുള്ള, നിഷേധാത്മകമായ സമീപനമാണു രണ്ടാമത്തേത്. വൻ തോതിലുള്ള കയറ്റവും ഇറക്കവുമുണ്ടാകുമ്പോൾ അവയിൽ നിന്നുള്ള പരമാവധി ഗുണമനുഭവിയ്ക്കാൻ അനുയോജ്യം ഒന്നാമതു പറഞ്ഞ സമീപനമാണ്. അതു തന്നെയാണ് ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന കച്ചവടസമ്പ്രദായത്തിന്റെ അടിസ്ഥാനവും.

ഉപദേശങ്ങളെപ്പറ്റി: ഏറ്റവുമധികം ഉപദേശങ്ങൾ സൌജന്യമായി ലഭിയ്ക്കുന്നയിടമാണു ഓഹരിക്കമ്പോളം. (ഈ ലേഖനവും അക്കൂട്ടത്തിൽപ്പെട്ടതു തന്നെ!) ഓഹരിക്കമ്പോളവുമായി ബന്ധപ്പെട്ട ചാനലുകളിലും പത്രങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം ഓഹരികൾ വാങ്ങാനും വിൽക്കാനുമുള്ള ഉപദേശങ്ങൾ ധാരാളം. പൊളിഞ്ഞുപോയ കുറേ കമ്പനികളുടെ ഒരു ലിസ്റ്റു വർഷങ്ങൾക്കു മുമ്പ് ഇക്കണോമിക്ക് ടൈംസിൽ വന്നിരുന്നു. അമേരിക്കയിലെ ഡോട്ട്കോം കമ്പനികൾ എന്നറിയപ്പെട്ടിരുന്ന, ഓഹരിവിലയിൽ 98 ശതമാനം വരെ ഇടിവു സംഭവിച്ച കമ്പനികളായിരുന്നു ലിസ്റ്റിൽ. അവയുടെ തകർച്ച തുടങ്ങുന്നതിനു മുമ്പ്, അവയുടെ ഓഹരികൾ വാങ്ങാൻ പൊതുജനത്തെ ഉപദേശിച്ചിരുന്ന പ്രശസ്ത ഇൻ‌വെസ്റ്റ്മെന്റ് ബാങ്കുകളുടെ പേരുകളും ഉപദേശങ്ങളുടെ ഗതി വെളിപ്പെടുത്താൻ വേണ്ടി ആ ലിസ്റ്റിൽ കൊടുത്തിരുന്നു. ലോകത്തിലെ ഒന്നാംകിട ഇൻ‌വെസ്റ്റ്മെന്റ് ബാങ്കുകളായിരുന്ന മോർഗൻ സ്റ്റാൻലി, മെറിൽ ലിഞ്ച്, ഗോൾഡ്മാൻ സാക്ക്സ് എന്നിവരെല്ലാം വാങ്ങാനുപദേശിച്ചിരുന്ന ഓഹരികളാണ്, അധികം താമസിയാതെ 98 ശതമാനം വരെ തകർന്നത്. അവയിലൊട്ടേറെ കമ്പനികളില്ലാതായി. ഇതൊക്കെയാണെങ്കിലും ഈ “ഉപദേശികൾ” ഒട്ടും കൂസാതെ തങ്ങളുടെ ഉപദേശം തുടർന്നു. 2008ൽ മെറിൽ ലിഞ്ചിനും ലീമെൻ ബ്രദേഴ്സിനും സംഭവിച്ചതെന്തെന്നു ഈ ലേഖനത്തിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അമേരിക്കൻ സർക്കാരും ജപ്പാനിലെ മിത്‌സുബിഷിയും കനിഞ്ഞതു കൊണ്ടു മോർഗൻ സ്റ്റാൻലിയും, അമേരിക്കൻ സർക്കാരും വാറൻ ബഫറ്റും കനിഞ്ഞതുകൊണ്ടു ഗോൾഡ്മാൻ സാക്ക്സും രക്ഷപ്പെട്ടു. വൻ‌കിട ഉപദേശികളുടെ സ്ഥിതിപോലും ഇങ്ങനെയായിരിയ്ക്കെ, അവരുടെ ഉപദേശമനുസരിയ്ക്കുന്നവരുടെ ഗതിയെന്താകും!

ഓഹരിക്കമ്പോളത്തിൽ വാർത്തകളും കിംവദന്തികളും വന്നുകൊണ്ടേയിരിയ്ക്കും. അവയൊന്നും ശ്രദ്ധിയ്ക്കരുത്. ഏറ്റവുമധികം പണം മുടക്കിയിരിയ്ക്കുന്നവർക്കു വാർത്തകൾ വളരെ നേരത്തേ തന്നെ കിട്ടിയിരിയ്ക്കും. വാർത്തകൾ കിട്ടിയ ഉടനെ ചെയ്യാനുള്ളതൊക്കെ അവർ ചെയ്തുകഴിഞ്ഞ ശേഷമുള്ള വിലകളാണു കമ്പ്യൂട്ടർ ടെർമിനലിൽ നാം കാണുന്നത്. കമ്പ്യൂട്ടർ ടെർമിനലിൽ കാണുന്ന വിലകളെ മാത്രമേ നാം കണക്കിലെടുക്കേണ്ടതുള്ളു. വിലചലനത്തെ വേണ്ടുംവണ്ണം കണക്കിലെടുക്കുന്ന കച്ചവടസമ്പ്രദായമാണ് ഈ ലേഖനത്തിൽ വിവരിച്ചിട്ടുള്ളത്. അതുകൊണ്ട് വാർത്തകളും കിംവദന്തികളും കേട്ടു പരിഭ്രാന്തരാകേണ്ടതില്ല. വിലകൾ സദാ ശ്രദ്ധിയ്ക്കുക.

ഒരു മുന്നറിയിപ്പ്: ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിയ്ക്കുന്നത് ഓഹരിക്കച്ചവടത്തിൽ നഷ്ടമുണ്ടാകാതെ, ലാഭം മാത്രമുണ്ടാക്കുന്നൊരു വിദ്യയാണെന്ന യാതൊരവകാശവാദവും ഈ ലേഖകനുന്നയിയ്ക്കുന്നില്ല. ഈ ലേഖനത്തിൽ വിവരിച്ചിരിയ്ക്കുന്ന ഓഹരിക്കച്ചവടരീതിയനുസരിച്ചാൽ ഭാവിയിൽ ഗുണമുണ്ടാകുമെന്ന യാതൊരുറപ്പും ഈ ലേഖകൻ നൽകുന്നില്ല. ഓഹരി വാങ്ങിയാൽ, എന്തുകൊണ്ടു വാങ്ങിയെന്നും, വിറ്റാൽ, എന്തുകൊണ്ടു വിറ്റെന്നും സ്ഥിരതയുള്ളൊരു നയത്തിന്റെ പിൻബലത്തോടെ വിശദീകരിയ്ക്കാൻ സഹായിയ്ക്കുന്നൊരു കച്ചവടരീതി മാത്രമാണിത്. ഈ രീതി പിന്തുടർന്നാലുണ്ടാകാൻ പോകുന്നതു ഗുണമാകാം, ദോഷവുമാകാം. രണ്ടായാലും, അവ രണ്ടിനുമുള്ള പൂർണ്ണ ഉത്തരവാദിത്വം അവരവർക്കു തന്നെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...