അവതാരം...?

ബാബു ആലപ്പുഴ.
``````````````````````````````````````````````````````````````````````````````````````````````

     എന്റെ പള്ളീലിട്ട പേര് മാത്യു കെ. തോമസ്‌.  മാത്തുക്കുട്ടി എന്നും മാത്തച്ചനെന്നും  വീട്ടുകാരും കൂട്ടുകാരും വിളിച്ചു.  നാട്ടുകാര്‍ വിളിച്ചിരുന്നത്‌ റൌഡി മാത്തണെന്ന്!  കാരണം അന്തക്കാലത്ത്  ഞാന്‍ ശരിക്കും ഒരു റൌഡി ആയിരുന്നു.  കാടാറുമാസം നാടാറുമാസം എന്ന കണക്കിനല്ല്യോ ഞാന്‍ ജയിലിലും പുറത്തും കഴിഞ്ഞിരുന്നേ..?  അത് സുഖമുള്ളൊരു ജീവിതമാരുന്നു? ചോരക്കണ്ണ്‍കളും കപ്പടാമീശയും കുടവയറുമുള്ള അപ്പച്ചനെ ദൂരെവച്ച് കാണുമ്പോഴേ നാട്ടുകാര്‍ പേടിച്ചു വിറയ്ക്കുമാരുന്നു.  നാടുനീളെ ഭാര്യമാരുണ്ടാരുന്നു അപ്പച്ചന്.  ധാരാളം കുട്ടികളും.  അപ്പച്ചന്റെ വീറും വാശിയും കേഡിത്തരവും കണ്ടാണ്‌ ഞാന്‍ വളര്‍ന്നത്‌.  അന്നേ മനസ്സില്‍ തീരുമാനമെടുത്തതാ അപ്പച്ചനെ കടത്തിവെട്ടുന്ന ഒരു കേഡി ആയിത്തീരണമെന്ന്.  അങ്ങനെ  പതിനാറാം വയസ്സില്‍ ഞാന്‍ റൌഡി മാത്തനായി.

      ഇരുപതാം വയസ്സില്‍ കല്യാണം കഴിച്ചു.  ഭാര്യയുള്‍പ്പടെ നാല് പേര്‍ക്ക് ചെലവിനു കൊടുക്കാന്‍ ഞാന്‍ പെട്ട പാട് ചില്ലറയൊന്നുമല്ല.  അങ്ങനെ തൊഴില്‍മേഖല വിപുലീകരിച്ച് റൌഡികളുടെ നേതാവായി.

     മക്കള് മലപോലെ വളര്‍ന്നു.  മൂത്ത മകന്‍ തോമസ്‌ സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ ഉടന്‍ ഗള്‍ഫില്‍ പോയി അഞ്ചാറു കാശുണ്ടാക്കി. അവിടെ ജോലിയുള്ള ഒരു നേഴ്സിനെ കല്യാണം കഴിച്ചു. കുട്ടികളുമായി സുഖമായി വാഴുന്നു.

     രണ്ടാമന്‍ ആന്‍ഡ്രൂസ്.  അവന്‍ ആള് ബുദ്ധിമാനാ.  അവനില്ലാത്ത ബിസിനസ്സുകളില്ല.  കള്ളക്കടത്ത്, കള്ളനോട്ട്, മയക്കുമരുന്ന്, ബോംബു മരുന്ന്, വജ്രവ്യാപാരം, പെണ്‍വാണിഭം അങ്ങനെ പലതും. പിന്നെ ക്വട്ടേഷന്‍, അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയം, പോലീസേമാന്മാരുമായുള്ള കൂട്ടുകെട്ട് – ഇത് മൂന്നുമില്ലെങ്കില്‍ ഒരു ബിസിനസ്സും പച്ച പിടിക്കത്തില്ലെന്നാ ആന്‍ഡ്രൂസ്സ് പറയുന്നേ.  ഒന്നാലോചിച്ചാല്‍ അപ്പറഞ്ഞത്‌ സത്യം തന്നാ...?

    അവന്‍ കല്യാണം കഴിച്ചിരിക്കുന്നത് കോട്ടയത്തെ ഒരു പണച്ചാക്കിന്റെ ഒരേയൊരു പുന്നാരമോളെയാ.  ഒരു കുട്ടിയുമുണ്ട്.  പണ്ടത്തെക്കാലത്ത് ഭാര്യക്ക് വര്‍ഷത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉടുക്കാനെന്തേലും വാങ്ങിക്കൊടുത്താല്‍ മതിയാരുന്നു.  പക്ഷെ, ഇന്നങ്ങനാണോ?  ആഴ്ച്ചയിലൊരിക്കല്‍ പത്തിരുപതിനായിരത്തിന്റെ പട്ടുസാരിയല്ല്യോ വാങ്ങിക്കൊടുക്കേണ്ടത്?  അല്ലെങ്കില്‍ അവളുമാര് കെട്ടിയോന്റെ കൊങ്ങായ്ക്ക് കുത്തിപ്പിടിക്കും.  അതാ കാലം!? ഒരു കുഞ്ഞാണെങ്കിലും അതിനെ വളര്‍ത്തിയെടുക്കാന്‍ എന്താ ചെലവ്?  ഒന്നും പറയണ്ട.  കലികാലം!?

     എന്നാലും ഞാനാലോചിക്കാറുണ്ട്.  അവനോടു നേരിട്ട് ചോദിച്ചിട്ടുമുണ്ട്.  “എന്റെ മോനേ ആന്‍ഡ്രൂസേ..ഇത്രയൊക്കെ വാരിക്കൂട്ടാണോ?” എന്ന്.  അപ്പോഴവന്‍ പറയും “അപ്പച്ചാ..പഴേ കാലമല്ല ഇത്.  അവസരം വരുമ്പോ ഉണ്ടാക്കാവുന്നതൊക്കെ ഉണ്ടാക്കണം.  വെട്ടിപ്പിടിക്കവുന്നതൊക്കെ വെട്ടിപ്പിടിക്കണം.  അല്ലെങ്കീ  നിരാശപ്പെടെണ്ടിവരും.  ഒരുപാടുകാലം വാരിക്കൂട്ടാന്‍ പറ്റുമോ അപ്പച്ചാ നമുക്ക്..?”  ഒരു കണക്കിനു അവന്‍ പറയുന്നതും ശരിയാ അല്ല്യോ..?

     ആന്‍ഡ്രൂസ് വാരിക്കൂട്ടുന്ന പണമെല്ലാം രഹസ്യമായി പൂഴ്ത്തിവച്ചിരിക്കുന്നതു തെക്കേപറമ്പിലെ ആ പഴയ ഓലപ്പെരേലാ. ഞങ്ങള് പണ്ട് താമസിച്ചിരുന്ന പെരയാ അത്.  ആന്‍ഡ്രൂസിനു കാശുണ്ടായപ്പോ പണികഴിപ്പിച്ച ഈ മണിമാളികേലാ പിന്നീട് ഞങ്ങള് താമസം തുടങ്ങിയേ.  ആ ഓലപ്പെരയ്ക്കുള്ളില്‍ തറയ്ക്ക് താഴെ അവന്‍ രഹസ്യമായി ഒരു നിലവറ പണിതീര്‍ത്തിട്ടുണ്ട്.  ആ നെലവറേലാ കള്ളക്കടത്ത് സാധനങ്ങളും കള്ളപ്പണവും മയക്കുമരുന്നും ബോംബു മരുന്നുമെല്ലാം പൂഴ്ത്തിവച്ചിരിക്കുന്നേ.  ഇത് പരമരഹസ്യമാ?

     വല്ലാത്ത ക്ഷീണം.  പ്രായം കുറെ ആയില്ലേ?  ഒരു പെഗ്ഗടിക്കാം?  നെരേം വെളുത്തിട്ടിതേവരെ അടിച്ചത് നാല് പെഗ്ഗ് മാത്രം.  ഓരോ മണിക്കൂറിടവിട്ടു ഒരു പെഗ്ഗടിക്കുന്നതാ ശീലം. അവസാനം അടിച്ച പെഗ്ഗിന്റെ കിക്ക് മുഴുവന്‍ ചോര്‍ന്നുപോയി. അലമാര തുറന്നു ബോട്ടില്‍ പുറത്തെടുത്തു.  ഒരു പെഗ്ഗ് വായിലേയ്ക്ക് കമഴ്ത്തി.  എന്തൊക്കെയാണെങ്കിലും ആന്‍ഡ്രൂസ് നല്ലവനാ.  അവ്നല്ല്യോ ദിവസേന ഓരോ കുപ്പി വിദേശിയെ വാങ്ങിത്തരുന്നേ..?  അതുകൊണ്ടെനിക്കു സുഖമായി ദിവസം മുഴുവന്‍ കിറുങ്ങിയിരിക്കാന്‍ സാധിക്കുന്നു...?

     ഇളയവന്‍ ജോണി.  അവനൊരു മന്ദബുദ്ധിയാ.  സദാസമയവും മരുന്നടിയാ ജോലി.  മയക്കുമരുന്നേ.  അവന്‍ വീട്ടിലുള്ളതും ഇല്ലാത്തതും ഒരുപോലാ.

     കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്യുന്ന ശബ്ദം?  പുറത്തേയ്ക്ക് തല നീട്ടിയ എന്നോട് ആന്‍ഡ്രൂസ് പറഞ്ഞു: “അപ്പച്ചാ..ഞാന്‍ പുറത്തേയ്ക്കൊന്നു പോയിട്ട് വരാം....” എന്നിട്ട് എന്റെ നേരെ നോക്കി കൈ വീശി.

     ഏതാണ്ട് പത്തു മിനിട്ട് കഴിഞ്ഞു കാണും ഗേറ്റ് തുറന്നു ആരൊക്കെയോ ഓടി വരുന്നു!?

“....എന്താടാ കാര്യം..?”

“മാത്തുക്കുട്ടിചേട്ടാ...റോഡില്‍ ബോംബ്‌ സ്പോടനം..  ആന്‍ഡ്രൂസ് സാറിന്റെ കാറില്‍ നിന്നാ സ്പോടനം..കാറ് ചിതറിപ്പോയി..”

“എന്റെ മോനേ...”  അടുത്തുകണ്ട തൂണില്‍ കയറിപ്പിടിച്ചതുകൊണ്ട് താഴെ വീണില്ല.

     പെട്ടെന്ന് വല്ലാത്തൊരു ഭീകര ശബ്ദം!!??

     തെക്കേപറമ്പില്‍നിന്നാണല്ലോ ആ ശബ്ദം മുഴങ്ങി കേട്ടേ..?!

     പുറത്തിറങ്ങി തെക്കേപറമ്പിലേയ്ക്ക് ഞാന്‍ ഭീതിയോടെ നോക്കി.

     കുടുംബവീട് നിന്ന സ്ഥലത്ത് ഒരു ആകാശതീഗോളം നൃത്തം വയ്ക്കുന്നു!!

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ