ജോൺ മുഴുത്തേറ്റ്
ഇന്നത്തെ ജോലികൾ ഇന്ന്
പ്രശസ്ത മാനേജ്‌മന്റ് വിദഗ്ദ്ധനും കൺസൾട്ടന്റുമായിരുന്ന ഇവി ലീ (ഋ്്യ ഘലല) ഒരിക്കൽ ടൈം മാനേജ്‌മന്റ് സെമിനാറിനായി പട്ടണത്തിൽ എത്തി. ആ പട്ടണത്തിലെ പ്രമുഖ വ്യവസായ സ്ഥാപനത്തിന്റെ തലവനായ തന്റെ സുഹൃത്തിനെ ഫോണിൽ വിളിച്ച് തമ്മിൽ കാണാനുള്ള ആഗ്രഹമറിയിച്ചു. വളരെ തിരക്കുള്ള അദ്ദേഹം വൈകുന്നേരം സെമിനാർ നടക്കുന്ന ഹോട്ടലിൽ വന്ന് ലീയെ കണ്ടുകൊള്ളാമെന്ന് അറിയിച്ചു.
സെമിനാറിനു ശേഷം ഹോട്ടൽ മുറിയിൽ ലീ സ്നേഹിതനെ കാത്തിരുന്നു. അയാൾ കുറച്ചു വൈകിയാണ് എത്തിയത്. ക്ഷമാപണത്തോടെ തന്റെ മുറിയിൽ കടന്നുവന്ന സ്നേഹിതനെ ലീ അഭിവാദ്യം ചെയ്തു. പറഞ്ഞ സമയത്ത് എത്താൻ കഴിയാത്തതിന്റെ കാരണം അയാൾ വ്യക്തമാക്കി. തനിക്ക് ഒന്നിനും സമയം കിട്ടുന്നില്ല. ഇന്നത്തെ പ്രധാനജോലികൾ പോലും നാളേയ്ക്ക് മാറ്റിവയ്ക്കേണ്ടി വരുന്നു. പക്ഷേ നാളെയും ചെയ്യുവാൻ കഴിയുന്നില്ല. അങ്ങനെ ജോലികൾ കുന്നുകൂടുന്നു. അത് ഗുരുതരമായ പ്രതിസന്ധികളും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. തന്റെ ജീവിതം തീർത്തും സംഘർഷഭരിതവും ദുരിതപൂർണ്ണവുമായിത്തീർന്നിരിക്
സ്നേഹിതന്റെ പ്രശ്നങ്ങൾ കേട്ട് ലീ ചിരിച്ചതേയുള്ളു.
"താങ്കൾ ടൈംമാനേജ്‌മന്റ് വിദഗ്ദ്ധനല്ലേ? എനിക്ക് എന്തെങ്കിലും പോംവഴി പറഞ്ഞുതരൂ", അയാൾ അപേക്ഷിച്ചു. പരിഹാരം പറഞ്ഞു കൊടുക്കാമെന്ന് ലീ ഏറ്റു.
അവരുടെ സംഭാഷണം മറ്റു വിഷയങ്ങളിലേക്ക് തിരിഞ്ഞു. ഒടുവിൽ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സ്നേഹിതൻ തന്റെ പ്രശ്നങ്ങൾ ലീയെ ഓർമ്മപ്പെടുത്തി. അപ്പോൾ ലീ ഒരു കടലാസ് കഷണം എടുത്തു. അതിൽ തന്റെ നിർദ്ദേശങ്ങൾ ചുരുക്കി എഴുതി:
* എല്ലാദിവസവും വൈകുന്നേരം നാളെ ചെയ്യേണ്ട ആറു പ്രധാനജോലികൾ മുൻഗണനാക്രമത്തിൽ എഴുതിവയ്ക്കുക
* പിറ്റേദിവസം രാവിലെ ഇവ ഓരോന്നും മുൻഗണനയനുസരിച്ച് ചെയ്തു തുടങ്ങുക. പരമാവധി ജോലികൾ തീർക്കുക.
* ദിനാന്ത്യത്തിൽ തലേദിവസത്തെ ലിസ്റ്റ് കീറിക്കളയുക. പിറ്റേ ദിവസത്തേക്ക് വീണ്ടും മുൻഗണനാ ലിസ്റ്റ് തയ്യാറാക്കുക.
മുൻലിസ്റ്റിൽ തീരാതെ കിടക്കുന്ന പ്രധാന ജോലികൾ ഉണ്ടെങ്കിൽ അവയും പുതിയ ലിസ്റ്റിൽപെടുത്താം. ഇങ്ങനെ മുൻകൂട്ടിയുണ്ടാക്കുന്ന മുൻഗണനാ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ദിവസവും ജോലികൾ പൂർത്തിയാക്കുക.
ലീയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കുമെന്നു സ്നേഹിതൻ ഉറപ്പു നൽകി. ഈ ഉപദേശത്തിന് ഫീസ് എത്രയെന്ന് ചോദിച്ചപ്പോൾ ലീ തമാശയായി പറഞ്ഞു, "ഇത് ഫലിക്കുന്നെങ്കിൽ ഇഷ്ടമുള്ള ഫീസ് ചെക്കായി അയച്ചു തന്നാൽ മതി".
അവർ പിരിഞ്ഞു. മാസങ്ങൾ കഴിഞ്ഞു. ലീ തന്റെ ഉപദേശത്തിന്റെ കാര്യമൊക്കെ മറന്നു. ഒരു ദിവസം അപ്രതീക്ഷിതമായി സ്നേഹിതന്റെ കത്തുവന്നു. അത് ആകാംക്ഷയോടെ തുറന്നു നോക്കി.
'താങ്കളുടെ ഉപദേശം വളരെഫലപ്രദം. ഇതിന്റെ ഫീസായി ഞാൻ സസന്തോഷം 25000 ഡോളറിന്റെ ചെക്ക് അയയ്ക്കുന്നു. ദയവായി സ്വീകരിക്കുക.
ലീ പിന്നീട് സെമിനാറുകളിൽ '25000 ഡോളർ വിലയുള്ള ഉപദേശം' എന്നു പറഞ്ഞാണ് ഈ നിർദ്ദേശങ്ങൾ നൽകിയത്.
ഇന്ന് ചെയ്യേണ്ട പ്രധാന ജോലികൾ നാളേയ്ക്ക് മാറ്റി വയ്ക്കുന്നത് പിന്നീട് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ലീ പറഞ്ഞതുപോലെ മുൻഗണനാക്രമത്തിൽ ജോലികൾ ചെയ്തു തുടങ്ങിയാൽ പ്രധാനപ്പെട്ട ജോലികൾ നാളേയ്ക്ക് മാറ്റി വയ്ക്കുവാൻ ഇടയാവുകയില്ല. ഏതെങ്കിലും ജോലികൾ മാറ്റിവയ്ക്കേണ്ടി വന്നാൽ അതു താരതമ്യേന അപ്രധാനമായവയായിരിക്കും.
ലോകത്ത് ഏറ്റവും വലിയ സമയനഷ്ടം സംഭവിക്കുന്നത് ജോലിനീട്ടിവയ്ക്കൽ പ്രക്രിയകൊണ്ടാണ്. 'മുൻഗണന' എന്ന വിറ്റാമിന്റെ കുറവുകൊണ്ടുണ്ടാകുന്ന ഒരു വൈകാരിക രോഗമാണ് ജോലിനീട്ടിവയ്ക്കൽ അഥവാ പ്രോക്രാസ്റ്റിനേഷൻ', എന്നാണ് പ്രശസ്ത ബ്രിട്ടീഷ് മാനേജ്‌മന്റ് വിദഗ്ദ്ധനായ ജോൺ അഡയർ അഭിപ്രായപ്പെട്ടത്.
ക്രിസ്റ്റഫർ പാർക്കർ ഒരിക്കൽ സരസമായി പറഞ്ഞു, "ജോലിനീട്ടിവയ്ക്കൽ ഒരു ക്രെഡിറ്റ് കാർഡ് പോലെയാണ്. ബില്ലു കിട്ടുന്നതുവരെ അതുരസകരമാണ്".
അലസതയുടെയും അലംഭാവത്തിന്റെയും ഫലമായി ഇന്നത്തെ ജോലി നാളേയ്ക്കു മാറ്റി വയ്ക്കുന്ന ശീലം ഒരു വ്യക്തിയുടെ പരാജയത്തിനും തകർച്ചയ്ക്കും കാരണമായിത്തീരുന്നു. അതിനെ അതിജീവിക്കുവാൻ നാം ശീലിക്കേണ്ടിയിരിക്കുന്നു. ഈ ദുശ്ശീലത്തിൽ നിന്നും രക്ഷനേടുന്നതിനുള്ള ചില പ്രായോഗികവഴികൾ വിശദമാക്കാം:
1. ശാരീരികവും മാനസികവുമായ ഊർജ്ജസ്വലത കൈവരിക്കുക
ശാരീരികവും മാനസികവുമായ ക്ഷീണവും ഉൻമേഷരാഹിത്യവും നിങ്ങളെ ജോലി ചെയ്യുന്നതിൽ നിന്ന് പൈന്തിരിപ്പിച്ചേക്കാം. ശാരീരികവും മാനസികവുമായ ആരോഗ്യവും ഉൻമേഷവും കൈവരിയ്ക്കാൻ സഹായകരമായ ഒരു ജീവിതശൈലി സ്വീകരിക്കുക. പഴങ്ങളും, പച്ചക്കറികളും ധാരാളമടങ്ങിയ മിതമായ ആഹാരരീതികൾ, പതിവായ വ്യായാമം, മതിയായ സുഖനിദ്ര തുടങ്ങിയവ വളരെ പ്രധാനമാണ്. നിർജ്ജലീകരണം ക്ഷീണത്തിന് കാരണമാകാറുണ്ട്. അതുകൊണ്ട് ജലപാനം ശീലമാക്കുക. മദ്യപാനം, അമിതമായ ടി. വി. കാണൽ തുടങ്ങിയവ ഒഴിവാക്കുക.
2. വ്യക്തമായ ലക്ഷ്യബോധം വളർത്തുക
പ്രചോദനാത്മകമായ ഒരു ലക്ഷ്യം മുന്നിൽ കാണുകയും അത് കൈവരിക്കാനുള്ള അഭിവാഞ്ഛ പുലർത്തുകയും ചെയ്യുമ്പോൾ ജോലികൾ ചെയ്ത് തീർക്കുവാൻ ഉത്സാഹവും ഉന്മേഷവും തോന്നുക സ്വാഭാവികമാണ്. രാത്രിയിൽ ഉറങ്ങാൻ പോകുമ്പോഴും രാവിലെ ഉണരുമ്പോഴും ഈ ലക്ഷ്യപ്രാപ്തി വ്യക്തമായി ഭാവനയിൽ കാണുക. അത് നിങ്ങൾക്ക് ഉത്തേജനമേകുന്നു.
3. മുൻഗണനാ ക്രമത്തിൽ ജോലി തെരഞ്ഞെടുത്ത് ചെയ്യുക
ജോലിബാഹുല്യം അനുഭവപ്പെടുന്നവർ, ജോലികളുടെ മുൻഗണനാക്രമത്തിലുള്ള ലിസ്റ്റ് തയ്യാറാക്കുകയും അതനുസരിച്ച് പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുക. അപ്പോൾ പ്രധാന ജോലികൾ ഉപേക്ഷിച്ച് അപ്രധാന ജോലികളിൽ മുഴുകി സമയം കളയുവാൻ ഇടവരികയില്ല.
4. കുറെ ജോലികൾ മറ്റുള്ളവരെ ഭരമേൽപ്പിക്കുക
എല്ലാ ജോലികളും താൻ തന്നെ ചെയ്താലെ ശരിയാവു എന്ന ചിന്ത വെടിഞ്ഞ് മറ്റുള്ളവരെ വിശ്വാസത്തിലെടുക്കുകയും അവരെ കുറെ ജോലികൾ ചെയ്യാൻ ഏൽപ്പിക്കുകയും ചെയ്യുക. ഒരു മാനേജർ തന്റെ ചില ജോലികൾ തന്റെ കീഴിൽ ജോലി ചെയ്യുന്ന കഴിവുള്ള ജീവനക്കാരെ കണ്ടെത്തി ഏൽപ്പിച്ചു കൊടുക്കുമ്പോൾ അതവർക്ക് ഒരു പ്രചോദനവും അംഗീകാരവുമായിത്തീരുന്നു. മാനേജർക്ക് തന്റെ സുപ്രധാന ജോലികൾ നാളേയ്ക്കു നീട്ടി വയ്ക്കാതെ നിർവഹിക്കുവാൻ കഴിയുകയും ചെയ്യും.
5. ശരിയായ ആസൂത്രണത്തോടെ പ്രവർത്തിക്കുക
ഒരു ജോലി പൂർണ്ണമായി ചെയ്തു തീർക്കുവാൻ എത്ര സമയം വേണമെന്ന് മുൻകൂർ കണക്കാക്കുകയും അതിനുള്ള സമയം നീക്കിവയ്ക്കുകയും ചെയ്യണം. അവസാനം ചെയ്യാമെന്ന് കരുതി നീക്കിവയ്ക്കുന്ന ജോലികൾ സമയക്കുറവു മൂലം ചെയ്തു തീർക്കുവാൻ കഴിയാതെ വരികയാണ് പതിവ്. മുൻകൂട്ടിയുള്ള ആസൂത്രണത്തോടെ പ്രവർത്തിച്ചാൽ നിശ്ചിതസമയപരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും.
6. ജോലിവൈഭവം വർദ്ധിപ്പിക്കുക
ഒരു ജോലി നന്നായി ചെയ്യുന്നതിനുള്ള വൈഭവവും ആത്മവിശ്വാസവും ഇല്ലെങ്കിൽ അതു ചെയ്യാതെ നീട്ടി വയ്ക്കുന്നതിന് പ്രേരണയാകുന്നു. ജോലി വൈഭവം വർദ്ധിപ്പിക്കുമ്പോൾ ആത്മവിശ്വാസം വളരുകയും ജോലി ചെയ്യാനുള്ള താൽപര്യം ഉണരുകയും ചെയ്യും. ഇതിനുള്ള പ്രത്യേക പരിശീലന പരിപാടികളിൽ പങ്കെടുക്കുകയോ പരിചയസമ്പന്നരായ സഹപ്രവർത്തകരുടെ സഹായം തേടുകയോ ചെയ്യാം.
7. പരാജയബോധം അകറ്റി വിജയപ്രതീക്ഷ വളർത്തുക
ജോലിയിൽ പരാജയപ്പെടുമോ എന്ന ആശങ്കയും ഭയവും അതേറ്റെടുക്കുന്നതിൽ നിന്നും നിങ്ങളെ പൈന്തിരിപ്പിക്കുന്നു. പരാജയബോധം വെടിഞ്ഞ് വിജയപ്രതീക്ഷ വളർത്തുക എന്നതാണ് ഇതിനൊരു പോംവഴി. വിജയം സ്വപ്നം കാണുക.
പ്രോക്രാസ്റ്റിനേഷന്റെ അപകടങ്ങൾ മനസിലാക്കിയിരുന്ന ലോർഡ് ചെസ്റ്റർ ഫീൽഡ് തന്റെ മകനയക്കുന്ന കത്തുകളിൽ എപ്പോഴും നൽകുന്ന ഉപദേശം ഇതായിരുന്നു, 'ഇന്നു ചെയ്യാവുന്ന ജോലികൾ നാളേക്ക് മാറ്റി വയ്ക്കാതിരിക്കുക.'