ദൈവത്തിന്റെ വാക്ക്‌


എം.തോമസ്‌ മാത്യു

"പ്രതിജ്ഞകൾ വളരെ ആപത്കരമാണ്‌, അതു നമ്മെ നുണയന്മാരാക്കിയെന്നു വരും" എന്ന്‌ എഴുതിയത്‌ ഗ്രീക്കു നാടകകൃത്തായ സൊഫോക്ലിസാണ്‌. പിന്നീട്‌ ലംഘിച്ചാലോ എന്ന്‌ ആലോചിച്ചു പോകുന്ന പ്രതിജ്ഞകൾ ചെയ്യുന്നവർക്കാണ്‌ ഈ അബദ്ധം പറ്റുന്നത്‌. പറഞ്ഞ വാക്ക്‌ എന്തു വന്നാലും പാലിക്കാം എന്ന്‌ വിചാരിക്കുന്നവരുണ്ട്‌; നുണയൻ എന്ന്‌ ദുഷ്പേരുകേൾക്കേണ്ടി വന്നാലും നഷ്ടം സഹിക്കേണ്ടി വരരുത്‌ എന്ന്‌ വിചാരിക്കുന്നവരും ഉണ്ട്‌. ഇതിൽ ആദ്യത്തെ കൂട്ടർ രണ്ടാമത്തെ വിഭാഗത്തെക്കാൾ ശ്രേഷ്ഠരാണ്‌ എന്ന കാര്യത്തിൽ സംശയമില്ല. വിഹിതാവിഹിതങ്ങൾ നന്നായി ആലോചിച്ച്‌ വിലയിരുത്തി മാത്രം വാക്ക്‌ പറയുന്നവർ വേറൊരു വിഭാഗമുണ്ട്‌. അവരാണ്‌ അങ്ങേയറ്റം ശ്രേഷ്ഠർ.
    വാക്കിനെക്കുറിച്ച്‌ ഇത്രയൊക്കെ ആലോചിക്കാനുണ്ടോ, വരുന്ന വാക്കിന്‌ ഓരോന്നു പറയുക, അതിന്റെ ന്യായാന്യായതകളെക്കുറിച്ച്‌ അത്രയ്ക്കൊന്നും കിണഞ്ഞ്‌ ആലോചിക്കേണ്ടതില്ല എന്നു കരുതുന്നവരാണ്‌ ബഹുഭൂരിപക്ഷവും. വാക്കിന്റെ പിന്നിൽ ഒരു സദാചാരമുണ്ട്‌ എന്ന്‌ അവർ വിചാരിക്കുന്നേയില്ല. അധരത്തിൽ നിന്ന്‌ അടർന്നു വീണ ഒരു ശബ്ദമല്ലേ. അത്‌ അപ്പോഴേ അന്തരീക്ഷത്തിൽ ലയിച്ചു മറഞ്ഞില്ലേ എന്ന ഉദാസീനതയാണ്‌ അവർക്ക്‌ ഉള്ളത്‌. എന്നാൽ, നമ്മുടെ പ്രാണവായു ഉപയോഗിച്ചാണ്‌ വാക്ക്‌ ഉച്ചരിക്കുന്നതെന്നും അതുകൊണ്ട്‌ വാക്കിന്‌ പ്രാണനോളം വിലയും പ്രാധാന്യവും ഉണ്ടെന്നും അവർ വിചാരിക്കുന്നില്ല. തരംപോലെ മാറ്റിപ്പറയാവുന്ന ഒന്നായി അവർ വാക്കിനെ കാണുന്നു. എന്നാൽ തരംപോലെ വാക്കു മാറുന്നവനേക്കാൾ തരികിടയായി ആരുമില്ല എന്നതാണ്‌ സത്യം.
    ഒരാവേശത്തിന്‌ വാക്കു കൊടുക്കുകയും പിന്നെ അതിൽ നിന്ന്‌ ഒഴിഞ്ഞുമാറാൻ സർവ്വ കളികളും കളിക്കുകയും ചെയ്ത രാജാവിന്റെ ദുരന്തം കൂടി പ്രതിപാദിക്കുന്നതാണ്‌ രാമായണം കാവ്യം. ദശരഥൻ എന്ന യോഗ്യനായ രാജാവ്‌ കേകയ രാജകുമാരിയെ കണ്ട്‌ കമ്പം കയറി വിവാഹം കഴിക്കണം എന്ന്‌ ആവശ്യപ്പെട്ടു. കേകയത്തിലെ രാജാവ്‌ അശ്വപതി വിസമ്മതമൊന്നും പറഞ്ഞില്ല. പക്ഷേ, ഒരു വ്യവസ്ഥ വച്ചു. ഈ വ്യവസ്ഥക്ക്‌  കന്യാശുൽകം എന്നു പേർ. ഈ രാജകുമാരിയിൽ പിറക്കുന്ന കുമാരനായിരിക്കണം രാജ്യാവകാശം എന്നാണ്‌ കന്യാശുൽക്കത്തിന്റെ നിയമം. ഭാര്യമാർ വേറെ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും അവരിൽ മക്കളില്ലാതിരുന്നതുകൊണ്ട്‌ ദശരഥന്‌ രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം ശുൽക്കവ്യവസ്ഥ അംഗീകരിച്ചു. ആലോചിച്ചാൽ സമ്മതിക്കുകയായിരുന്നോ, ആലോചനാശേഷിയെ മന്ദീഭവിപ്പിക്കുമാറ്‌ അദ്ദേഹം വികാര വിവശനായിരുന്നുവോ എന്ന്‌ നമുക്കറിഞ്ഞു കൂടാ. പക്ഷേ, കാലാന്തരത്തിൽ അദ്ദേഹത്തിന്‌ മൂന്നു ഭാര്യമാരിലും പുത്രന്മാർ ജനിച്ചു. പട്ടമഹിഷിയായ കൗസല്യാദേവിയിലാണ്‌ ആദ്യപുത്രന്റെ ജനനം. അതോടെ ശുൽക്ക വാഗ്ദാനം മറച്ചുവച്ച്‌ കളി തുടങ്ങി. ആ കളിയുടെ കഥ കൂടിയാണ്‌ രാമായണ കാവ്യം പാടിത്തരുന്നത്‌. ഒരു മോഹത്തിന്റെ സാഫല്യത്തിനു വേണ്ടി കൊടുത്തുപോയ വാക്കിൽ നിന്നു രക്ഷപ്പെടാൻ വേണ്ടി നടത്തിയ അന്യതത്തിന്റെ ഘോഷയാത്ര വിതച്ച ദുരന്തത്തിന്റെ കഥ ഇവിടെ വിവരിക്കേണ്ടതില്ല. വാക്കിന്റെ നേരെ കാണിക്കുന്ന അത്യാചാരം എവിടെക്കൊണ്ടു ചെന്ന്‌ എത്തിക്കും എന്ന്‌ ഓർത്തുകൊണ്ടിരിക്കാൻ രാഷ്ട്രതന്ത്രത്തിന്റെയും നൈതികതയുടെയും സമസ്യകൾ ഇഴ വേർപെടുത്താനാകാത്ത വിധം കൂട്ടിപ്പിരിച്ചു നെയ്തെടുത്ത ആദ്യ മഹാകാവ്യം നമ്മെ സഹായിക്കേണ്ടതാണ്‌. നാളെ നുണയന്മാരാകേണ്ടി വരുന്ന വാക്ക്‌ ഉച്ചരിച്ചു പോകാതിരിക്കാനുള്ള കരുതൽ ഉണ്ടായിരിക്കുന്നതു നല്ലത്‌.
    ഓരോ ആവേശത്തിന്‌ ഓരോന്നു പറയുകയും അടുത്ത നിമിഷം അത്‌ തിരുത്താനും മാറ്റി പറയാനും മടി കാണിക്കാതിരിക്കുകയും ചെയ്യുന്ന കലാവിദ്യയെ രാഷ്ട്രീയം എന്നു വിളിക്കേണ്ട അവസ്ഥയിലാണ്‌ നാം ഇപ്പോൾ എത്തിയിരിക്കുന്നത്‌. ഉച്ചരിച്ച ശബ്ദം മാത്രമല്ല ഉച്ചരിക്കുമ്പോഴുള്ള ചുണ്ടിന്റെ ചലനം വരെ ലോകം മുഴുവൻ കേൾപ്പിക്കുകയും കാണിക്കുകയും ചെയ്യുന്ന നവീന സംവേദന സംവിധാനങ്ങളുടെ മുമ്പിൽ നിന്നുകൊണ്ട്‌ തട്ടിവിടുന്ന വാക്കുകളാണ്‌ ലജ്ജയില്ലാതെ നിഷേധിക്കുന്ന വിരുതന്മാരുടെ കേളീവിലാസമായി പൊതുജീവിതം അധഃപതിച്ചിരിക്കുന്നത്‌. ഇക്കാര്യത്തിൽ പ്രത്യശാസ്ത്രഭേദമോ സംഘടനാ ഭേദമോ ഇല്ല എന്നും വന്നിരിക്കുന്നു!
    രാഷ്ട്രീയത്തിന്റെ ഈ സാമാന്യ പ്രവണത മതത്തിലേക്കും സംസ്കാരിക സംഘടനകളിലേക്കും പകർന്നു തുടങ്ങിയോ എന്നും നാം ആശങ്കപ്പെടേണ്ടിയിരിക്കുന്നു. ദൈവത്തെ സാക്ഷി നിർത്തിക്കൊണ്ടാണ്‌ മനുഷ്യൻ ആദ്യമായി വാക്ക്‌ ഉച്ചരിച്ചതെന്ന്‌ ബൈബിൾ പറയുന്നുണ്ട്‌. അതിന്റെ അർത്ഥവും പ്രസക്തിയും വളരെ വലുതാണ്‌. അതിന്റെ ദൈവശാസ്ത്രപരമായ അർത്ഥങ്ങളിലേക്കും സാധ്യതകളിലേക്കും കടക്കാൻ ഇവിടെ നിർവ്വാഹമില്ല. ഈ കുറിപ്പെഴുതുന്നയാൾ അതിനു യോഗ്യനുമല്ല. പക്ഷേ, ഏതുവാക്ക്‌ ഉച്ചരിക്കുമ്പോഴും ദൈവം സാക്ഷിയാണ്‌ എന്ന കാര്യം ഓർത്തിരിക്കാനുള്ള ബാധ്യത അതുണ്ടാക്കുന്നു. വാക്കിന്റെ സദാചാരം ലംഘിക്കപ്പെടുമ്പോൾ ജീവിതത്തിലെ ദിവ്യഭാവങ്ങളോടെല്ലാം വിടപറഞ്ഞ്‌ സാത്താന്റെ സംഘത്തിൽ ചേർന്നിരിക്കുന്നു എന്നാണ്‌ അർത്ഥമാക്കേണ്ടത്‌. പാഴ്‌വാക്കുകൾ ദൈവനിഷേധമാണ്‌.
    'വാഗ്ദാനത്തിൽ വിശ്വസ്തൻ' എന്നത്‌ ദൈവത്തെക്കുറിച്ച്‌ ആവർത്തിച്ചു പറയാനുള്ള ഒരു വിശേഷണമാണ്‌. അർത്ഥഗർഭമാണ്‌ ആ വിശേഷണം. വാക്കിനോടുള്ള വിശ്വസ്തത്ത ദൈവികമായ ഗുണമാണ്‌ എന്ന്‌ അതിന്‌ തുടർന്ന്‌ അർത്ഥം കിട്ടുന്നു. ബൈബിൾ ഉടനീളം ദൈവത്തിന്റെ ഇളക്കമില്ലാത്ത വിശ്വസ്തത്തയുടെ സാക്ഷ്യം വഹിക്കുന്നു. ദൈവത്തോട്‌ എത്ര അവിശ്വസ്തത്ത കാണിച്ചാലും ദൈവത്തിന്റെ വിശ്വസ്തത്ത കുലുക്കമില്ലാതെ നിൽക്കുന്നു. വചനത്തെ ദൈവത്തിന്റെ പര്യായപദമാക്കാവുന്നിടം വരെ പോകുന്നതാണ്‌ ആ വിശ്വസ്തത്ത...വചനം ദൈവമായിരുന്നന്ന, എന്ന വാക്യത്തിന്റെ ധ്വനി സമൃദ്ധി എത്ര വ്യാഖ്യാന സാദ്ധ്യതകളിലേക്കാണ്‌ വഴി തെളിച്ചതു! ലോകത്തിലെ ഏറ്റവും വലിയ ഫലിതം പ്രകടനപത്രികകൾ ആയ കാലത്ത്‌ ജീവിക്കുമ്പോൾ ഈ വിശ്വസ്തത്തയുടെ കാര്യം നാം ഊന്നിപ്പറയേണ്ടിയിരിക്കുന്നു. ദൈവത്തിന്റെ വാക്ക്‌ ദൈവം തന്നെയാണ്‌. നമ്മുടെ വാക്ക്‌ നമ്മുടെ സ്വത്വത്തിന്റെ പൂർണ്ണതയാണോ? സ്വന്തം വാക്കിനോടുള്ള ബന്ധത്തിൽ നിന്ന്‌ നമ്മുടെ വിശ്വാസത്തിലെ വിശ്വസ്തത്തയെ അളക്കാവുന്നതാണ്‌. ഒരു വാക്കു തെറ്റിക്കുമ്പോൾ ഉദാസീനമായി മാപ്പ്‌ പറഞ്ഞ്‌ അവസാനിപ്പിക്കാം എന്നു കരുതുന്നത്‌ ഭോഷണമാണ്‌. അത്‌ അവനവന്റെ മേൽ പതിച്ച ശാപമായിത്തീരുന്നു.

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

കാർട്ടൂൺ കവിതകൾ