സന്തോഷ് പാലാ
രണ്ടരയിഞ്ച്വാവട്ടമുള്ള
ഗ്ലാസ്സിലേയ്ക്ക്
ആറടി
ഉയരത്തില്‍ നിന്നും
ചായ വീഴ്ത്തുമ്പോഴും
നാറാണേട്ടന്‍റെ കണ്ണുകള്‍
വണ്ടിയില്‍ കേറുന്നവരേയും
ഇറങ്ങുന്നവരെയും
ആ വലിയ വളവുവരെയും
കൊണ്ടുവിടാറുണ്ട്.
ചൂടു വെള്ളം വീണു
പൊള്ളിയതില്‍ പിന്നെ
ഞാനവിടെക്കേറാറില്ല
മാനേജരുടെ കടയില്‍
രാമായണം പരമ്പരയിലെ
അട്ടഹാസം,
കുടവയറിന്‍റെ കൂടെ
സഞ്ചരിയ്ക്കുന്ന ഫോണ്‍,
വെള്ളം കുടിപ്പിയ്ക്കുന്ന
ബോണ്ട എന്നിവയുണ്ട്
എന്‍റിഷ്ടസാധനം
പലപ്പോഴും
അവിടെ കിട്ടാറില്ല
തങ്കച്ചന്‍റെ കടയില്‍
സോഡയും
ബുള്‍സൈയുമടിയ്ക്കുന്നവര്‍ക്കേ
സാധനം വിളമ്പാറുള്ളൂ
എന്നതിനാല്‍
നഷ്ടക്കച്ചവടമാണ്
വല്യച്ഛന്‍റെ കടയില്‍
വേറെന്തെങ്കിലും
വാങ്ങാനാണെങ്കില്‍
കേറാമായിരുന്നു
കുഞ്ഞാഞ്ഞയുടെ കടയില്‍
പോകാന്‍ പേടിയാണ്,
പഞ്ചായത്ത് കഥകള്‍
പഴംപുരാണങ്ങള്‍
പറ്റ് രസീതുകള്‍
ചിട്ടിപ്പൈസ,
പീറച്ചിരി - എല്ലാം
മൊത്തമായും
ചില്ലറയായും കിട്ടും
ഇല്ല ,
എന്തായാലും അങ്ങോട്ടില്ല
പീന്നീടുള്ള കട മുതലാളിമാര്‍
പ്രസവമടുത്ത
പെണ്ണുങ്ങളെപ്പോലെ
വല്ലപ്പോഴും വരും,പോകും
ആപത്ഘട്ടങ്ങളില്‍
തിരിഞ്ഞു നോക്കാന്‍
ആരുമില്ലെന്നറിഞ്ഞത്
വളരെ വൈകിയാണ്
പുകഞ്ഞ കൊള്ളി
പുറത്ത്,
അത്ര തന്നെ.
പുകവലി വിരുദ്ധ സമിതി
അന്ന് നാട്ടിയ കൊടിമരം
ഇഴയുന്ന
പല സുഹൃത്തുക്കള്‍ക്കും
ഇന്ന്
ഒരു സഹായമാണ്.