26 Nov 2015

പുന്നക്കര ഡോട്ട് കോം /കഥ


ഡോ അപർണാ നായർ
നീണ്ട ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടില്‍ സ്ഥിരവാസത്തിന് എത്തിയതായിരുന്നു ഉഷയും ബാലകൃഷ്ണനും. പ്രവാസജീവിതത്തിന് വിടനല്കി ജന്മനാട്ടില്‍ എത്തിയതിന്റെ സന്തോഷം രണ്ടുപേരിലും ആവോളമുണ്ട്.
നാട്ടുനടപ്പനുസരിച്ച് ആദ്യം ബാലന്റെ നാടും പിന്നീട് പതിയെ ഉഷയുടെ നാടും കൊതിതീരെ കാണുക എന്നുള്ള ആഗ്രഹം ഇത്തവണ നടപ്പാക്കാന്‍ അവര്‍ തീരുമാനിച്ചിരുന്നു.
മകളെ വിവാഹം കഴിച്ചയച്ചതോടെ തങ്ങളുടെ ബാദ്ധ്യതകളെല്ലാം തീര്‍ത്ത് അവളെയും ഒരു പ്രവാസിയാക്കി. ഇതുവരെയുള്ള വരവുകളെല്ലാം വെറും ഒരു പ്രഹസനം ആയിരുന്നു. ഒരു മാരത്തോണ്‍ ഓട്ടം. എല്ലായിടത്തും വോട്ടുചോദിയ്ക്കാന്‍ പോന്നമട്ടില്‍ കയറിയിറങ്ങി. കൂട്ടത്തില്‍ ചിലരെയൊക്കെകാണും. മിക്ക വീടുകളിലേയും കുട്ടിസംഘങ്ങളെ കാണാറേയില്ല. അവരെല്ലാം റ്റ്യൂഷന്‍, എന്ട്രന്‍സ് കോച്ചിംഗ്, ക്രിക്കറ്റ്‌, സംഗീത- നൃത്തപഠനങ്ങള്‍ എന്നിവയിലൊക്കെയായി തിരക്കിലാവും.
'എവിടേയ്ക്കാ .... ഇവിടെയെങ്ങും കണ്ടിട്ടില്ലല്ലോ.....' തന്റെ ഗ്രാമപരിക്രമണത്തിന്റെ പ്രഥമദിവസംതന്നെ നെഞ്ചുതുളക്കുന്ന ചോദ്യംകേട്ട് ഉഷ ഒന്ന് ഞെട്ടി. 'ഞാന്‍ ഇവിടെയൊക്കെത്തന്നെ ഉള്ള ആളാണ്'. മനഃസമാധാനത്തിനുവേണ്ടി അവര്‍ ജാനകിച്ചേച്ചിയോട് പറഞ്ഞു.
ഓലമെടയാന്‍ തന്നെ ആദ്യമായി പഠിപ്പിച്ച ജാനകിച്ചേച്ചിയെ ഞാനെങ്ങനെ മറക്കാനാണ്. 'ചേച്ചീ, മനസിലായില്ലേ. ഞാന്‍ മനക്കരയിലെ ഉഷയാണ്.' ജാനകിച്ചേച്ചി വിശ്വസിക്കാന്‍ പ്രയാസപ്പെടുംപോലെ വാപൊളിച്ചു നോക്കിനിന്നു.
പ്രവാസജീവിതത്തിന്റെ സമ്മാനമായ സ്ഥൂലശരീരം കണ്ടിട്ടാവാം എന്ന് ഉഷ ആത്മഗതംകൊണ്ടു. 'എന്റെ കുഞ്ഞേ നിന്നെയൊന്നുകാണാന്‍ ഞാന്‍ എത്രതവണ മനക്കരയില്‍ പോയിരുന്നു. ശാരദച്ചേച്ചിയുടെ മരണത്തിനും കുഞ്ഞ് വന്നില്ലല്ലോ. ശാരദച്ചേച്ചി എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. പാവം......പോയില്ലേ.....'. പാസ്പോര്‍ട്ട്‌ പുതുക്കാന്‍ കൊടുത്തിരുന്നതിനാല്‍ ആ സമയത്ത് എത്താന്‍ കഴിഞ്ഞില്ല എന്ന ഉഷയുടെ മറുപടി അവര്‍ക്ക് ദഹിച്ചില്ല. ജാനകിച്ചേച്ചി വാതോരാതെ വിശേഷങ്ങള്‍ പറഞ്ഞ് യാത്രയായി.
അവള്‍ ഒരു നിമിഷം അമ്മയെ ഓര്‍ത്തു. 'ഉഷേ... ദേ തെക്കേലെ രാമുവിന്റെ ഭാര്യക്കു കാന്‍സര്‍ ആണ്. ബാബുവിന്റെ ഭാര്യ ആത്മഹത്യചെയ്തു, പാവം രണ്ടുകുഞ്ഞുങ്ങള്‍... ആ കുടിയന്‍ അവരെ നോക്കുന്നുമില്ല. തുണ്ടത്തിലെ ജാനകിയെ നിനക്കോര്‍മ്മയില്ലേ, അവളുടെ കഷ്ടപ്പാടുകള്‍ക്ക് ഇന്നും ഒരു കുറവ് വന്നിട്ടില്ല.... പിന്നെ നിന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അയച്ചുതാ .... അതിന്റെ പുണ്യം നിന്റെ മോള്‍ക്ക്‌ കിട്ടും.' അമ്മ ചോദിക്കുമ്പോഴെല്ലാം അവള്‍ പണം അയയ്ക്കുമായിരുന്നു. അത് വേണ്ടവര്‍ക്കെല്ലം അമ്മ കൃത്യമായി എത്തിക്കുകയും ചെയ്യും.
'അമ്മയിങ്ങനെ എപ്പോഴും പണം ചോദിച്ചാല്‍ എങ്ങനെയാണ്? രണ്ടറ്റം മുട്ടിക്കാന്‍ ഞങ്ങള്‍ പെടാപ്പാടുപെടുന്നു. സ്വാതിയുടെ കാര്യങ്ങള്‍ക്കും എന്തെങ്കിലും കരുതിവയ്ക്കേണ്ടേ. പിന്നെ ബാലേട്ടന്റെ കുടുംബബാദ്ധ്യതകള്‍ ഒരിക്കലും തീരില്ല. ഇവിടെ പണം കായ്ക്കുന്ന മരം ഇല്ലല്ലോ ഇതിനൊക്കെ'. അമ്മയെ നിരുത്സാഹപ്പെടുത്താന്‍ എന്തെല്ലാം പറഞ്ഞുനോക്കി. എല്ലാത്തിനും മറുപടിയായി അടുത്തമാസത്തേക്കെങ്കിലും ശരിയാക്കാന്‍ ശ്രമിക്കണേ മോളേ എന്നുള്ള നിസ്സംഗത നിറഞ്ഞ ഒരു അപേക്ഷയും.
ആര്‍ക്കൊക്കെ എത്ര കൊടുത്താലും അമ്മക്ക് തൃപ്തിയാവില്ല. എല്ലാവരോടും അങ്ങോട്ട്‌ ചെന്ന് സഹായം വാഗ്ദാനംചെയ്യും. എത്രതവണ ബാലേട്ടനുമായി അമ്മയുടെ പരോപകാരപ്രശ്നത്തില്‍ താന്‍ കലഹിച്ചിരിക്കുന്നു. ഇനിയെങ്കിലും അറിഞ്ഞു പെരുമാറട്ടെയെന്നുകരുതി സാലറിസ്ലിപ് വരെ അമ്മയെ കാണിച്ചിട്ടുണ്ട്. പക്ഷെ അമ്മയ്ക്ക് ഒരു മാറ്റവും സംഭവിച്ചില്ല.
'പരോപകാരം ശാരദ' എന്ന് താന്‍ കളിയാക്കുമ്പോഴും നിറഞ്ഞ ചിരിയാണാ മുഖത്ത്. അപൂര്‍വ്വമായ വ്യക്തിപ്രഭാവം കാരണം മനക്കരയിലെ ശാരദ ഇന്നും എല്ലാവരിലും നിറഞ്ഞുനില്ക്കുകയാണ്.
കുന്നിറങ്ങുമ്പോള്‍ വടശ്ശേരിയിലെ പൊടിയന്റെ മക്കളെ അവള്‍ ഓര്‍ത്തു. നേരില്‍ കണ്ടിട്ടില്ലെങ്കിലും പത്തുവര്‍ഷം അവരെ പഠിപ്പിച്ചു. രണ്ടുപേരും പഠനത്തില്‍ അതിസമര്‍ത്ഥരായിരുന്നു. പൊടിയന്റെ മക്കളുടെ കദനകഥ അമ്മ പറഞ്ഞും, പേപ്പറില്‍ വായിച്ചും അവള്‍ അറിഞ്ഞിരുന്നു.
തന്റെ നാട്ടുകാരനെ ഇങ്ങനെ ഒരു വിഷമഘട്ടത്തില്‍ കൈവെടിയരുതെന്നു മനസ്സ് പറയുന്നു. തീരാബാദ്ധ്യതയായി ഒന്നു രണ്ടു ലോണുകള്‍ ഉള്ളതിനാല്‍ ബാലേട്ടന് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.
ഏതായാലും ഒടുവില്‍ ആ കുഞ്ഞുങ്ങളുടെ ചിലവുകള്‍ അവള്‍ ഏറ്റെടുത്തു. ഒരേ ഒരു നിബന്ധനയില്‍..... തങ്ങള്‍ ആണ് അത് ചെയ്യുന്നതെന്ന് ആരും അറിയാന്‍പാടില്ല. പഞ്ചായത്ത്‌മെമ്പര്‍ സോമന്‍ചേട്ടനും അമ്മയ്ക്കും അല്ലാതെ മറ്റാര്‍ക്കും അതറിയില്ല. ഏതോ കിഡ്നിതട്ടിപ്പിന്റെ സംഘമാവും അല്ലെങ്കില്‍ മതംമാറ്റുന്ന ഏതെങ്കിലും ആള്‍ക്കാരാവും എന്നിങ്ങനെ കുട്ടികളെ സ്പോണ്സര്‍ ചെയ്തവരെപ്പറ്റി ഒരുപാടു അപവാദങ്ങള്‍ നാട്ടില്‍ ഉണ്ടായെങ്കിലും സോമന്‍ചേട്ടന്‍ അതെല്ലാം വേണ്ടവിധം കൈകാര്യംചെയ്തു.
ക്രിക്കറ്റ്‌പന്ത് മുന്നിലേക്ക്‌ ഉരുണ്ടുവന്നപ്പോഴാണ് ഉണങ്ങിയ പാടത്തു ആഹ്ലാദത്തോടെ കളിച്ചുകൊണ്ടിരുന്ന പുതിയ തലമുറയിലെ സച്ചിന്മാരെ അവള്‍ കണ്ടത്.
'ഇവരൊക്കെ ഏതു വീട്ടിലെയാണാവൊ... എന്നെ അവര്‍ അറിയാന്‍ വഴിയില്ല.' കളിയുടെ ബഹളങ്ങള്‍ താണ്ടി പോകുമ്പോഴും അവളുടെ മനസ്സ് മന്ത്രിച്ചു.
കളിക്കാതെ ഇരിക്കുന്ന ഒരു കൂട്ടര്‍ മൊബൈല്‍ഫോണില്‍ എന്തൊക്കെയോ ചെയ്യുന്നു. മറ്റു ചിലര്‍ ലാപ് ടോപ്പില്‍ സിനിമയും കണ്ടുരസിക്കുന്നു.
'തന്റെ നാടിനു എന്തൊരുമാറ്റം! എല്ലാവരും കാറിലും ബൈക്കിലും മാത്രം സഞ്ചരിക്കുന്നു. പ്രമേഹംകൊണ്ട് പൊറുതിമുട്ടിയ ചില കാല്‍നടക്കാര്‍മാത്രം ആവേശത്തോടെ നടക്കുന്നു. മാനസികവിഭ്രാന്തിയുള്ളവരെപ്പോലെ തന്നെത്താന്‍ പറഞ്ഞും, ചിരിച്ചും പോകുന്ന മൊബൈല്‍ ഫോണ്മാോഫിയ.
ഒരുപക്ഷെ തന്നെയും ഒരു പ്രമേഹരോഗിയായി സച്ചിന്മാര്‍ കരുതിയിട്ടുണ്ടാവും. അവള്‍ അമിതാവേശത്തോടെ തന്റെ നാടിന്റെ പുതിയവഴികള്‍ കയറി ഇറങ്ങി.
തലങ്ങും വിലങ്ങും ചീറിപ്പായുന്ന വണ്ടികള്‍ ജീവന് തന്നെ ഭീഷണിയാണെന്ന് അവള്‍ക്ക് തോന്നി. അവള്‍ ആകാവുന്നത്ര ഓരംചേര്‍ന്ന് നടന്നു. താന്‍ സ്കൂളിലും കോളേജിലും പോകുമ്പോഴൊക്കെ നടന്നു തഴമ്പിച്ച വഴികള്‍!
ഇന്നിവിടെ കാല്‍നടക്കാരിയായി താന്‍ മാത്രം....
സന്ധ്യയ്ക്കു മുന്പ് വീട്ടിലെത്തണം. അവള്‍ കാല്‍ വലിച്ചുനടന്നു. പെട്ടെന്ന് മുന്നില്‍ നിര്‍ത്തിയ വണ്ടികണ്ട് അവള്‍ ആദ്യമൊന്നു പരിഭ്രമിച്ചു.
'ഉഷയല്ലേ.... ഇനി തിരിച്ചുപോകുന്നില്ലെന്നു കേട്ടു.നേരാണോ? ബാലന്റെ ജോലി പോയോ?' നാട്ടിലെ അസൂയക്കാരിയെന്നറിയപ്പെട്ടിരുന്ന തെക്കേടത്തെ രാധേച്ചിയാണ്. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന മരുമകളേയും കൊച്ചുമകനെയും രാധേച്ചി പരിചയപ്പെടുത്തി. മക്കളുടെ ഉന്നതബിരുദങ്ങളേയും ഉദ്യോഗങ്ങളേയുംപറ്റി അവര്‍ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു.
കൂട്ടത്തില്‍ അവര്‍ പുതിയതായി പണികഴിപ്പിച്ച മണിമാളിക കാണാന്‍ അവളെ ക്ഷണിക്കുകയും ചെയ്തു. ഫോണില്‍ കുത്തിക്കൊണ്ടിരുന്ന രാധേച്ചിയുടെ മരുമകളേയും തന്നോട് ഫേസ്ബുക്ക് അക്കൗണ്ട് ചോദിച്ച കൊച്ചുമകനേയും ഉഷ അത്ഭുതത്തോടെ നോക്കി.രാധേച്ചി പോയിക്കഴിഞ്ഞപ്പോള്‍ ഒരു മഴപെയ്തൊഴിഞ്ഞ പ്രതീതിയായിരുന്നു.
സ്കൂളിന്റെ മുറ്റവും കടന്നു അവള്‍ പാടത്തിന്റെ അരികിലേക്ക് നടന്നു. ദിവാകരന്‍മാഷിനെയും രമയേയും ശോഭയെയും ഒക്കെ അവള്‍ അപ്പോള്‍ ഓര്‍ത്തു.
ശോഭയുടെ വീട്കഴിഞ്ഞ് ആനപ്പാറയും കടന്നുവേണം മനക്കരയിലെത്താന്‍. സായാഹ്നസവാരിക്കിറങ്ങിയ സുരേഷിനെയും ഭാര്യയെയും ദൂരെനിന്നേ അവള്‍ക്കു മനസ്സിലായി.
സുരേഷിനോട് കുശലപ്രശ്നങ്ങള്‍ നടത്തുമ്പോഴും കാലം അയാളില്‍ ഒരുമാറ്റവും ഉണ്ടാക്കിയിട്ടില്ലെന്ന് അവള്‍ക്ക് തോന്നി.
തനിക്കു ആദ്യമായി പ്രേമലേഖനം നല്കിയ ആളാണ് സുരേഷ്. നാട്ടിലെ മാന്യനായി എല്ലാവരും കരുതുന്ന ഒരാള്‍.
അച്ഛന്റെ രീതികള്‍ നന്നായി അറിയാവുന്ന അവള്‍ ആ പ്രേമത്തെ മുളയിലേ നുള്ളിക്കളഞ്ഞു. വര്‍ഷങ്ങള്‍ക്ക്ശേഷം പിന്നെ ഇന്നാണ് ആ കാമുകനെ കാണുന്നത്! ജീവിതസായാഹ്നങ്ങളില്‍ കണ്ടുമുട്ടുന്ന ഓരോരോ വ്യക്തികളും ഒരുകാലത്ത് തന്റെ ചിന്തകളേയും വിചാരങ്ങളേയും സ്വാധീനിച്ചിരുന്നതായി അവള്‍ക്ക് തോന്നി.
ക്രിക്കറ്റ്ക്ലബ് തുടങ്ങുവാനായി സംഭാവന ചോദിച്ചു സച്ചിന്മാര്‍ അവളെ വളഞ്ഞു. അവരുടെ പ്രതീക്ഷ വാനോളമാണ്,
പ്രയത്നിക്കാനുള്ള മനസ്സൊട്ടും ഇല്ലാത്ത ഒരു തലമുറയാണിതെന്ന് അവള്‍ക്ക് തോന്നി. പെട്ടെന്നുള്ള ബാലേട്ടന്റെ വിളി അവരുടെ സംവാദത്തെ തല്കാലത്തേക്ക് തടസ്സപ്പെടുത്തി.
മകള്‍ സമ്മാനമായി നല്കിയ മുന്തിയ ഫോണില്‍ അവര്‍ ബാലനോട് സംസാരിക്കുന്നത് നോക്കി അവര്‍ അക്ഷമരായി നിന്നു. 'ആന്റി.... ഇത് ടച്ചാണോ? ഡബിള്‍ സിമ്മാണോ? ഫിംഗര്‍പ്രിന്റ് സെന്‍സറാണോ?...'
അവള്‍ക്കു മറുപടി പറയാന്‍ അവള്‍ സാവകാശം കൊടുത്തില്ല. പിന്നെ അവളുടെ ഫേസ്ബുക്ക് ഐ.ഡി, മെയില്‍ ഐ. ഡി എന്നിവ വാങ്ങാന്‍ അവര്‍ തിരക്കുകൂട്ടി. പുതിയ ഫോണുകളെപ്പറ്റിയുള്ള വിശദമായ വിവരങ്ങളും, നാടിനു വേണ്ടി അവന്‍ തുടങ്ങിയ വെബ്സൈറ്റും അവന്‍ അവള്‍ക്ക് പറഞ്ഞുകൊടുത്തു. വെബ്സൈറ്റും ഡോട്ട് കോമും, ഫേസ്ബുക്കും, ട്വിറ്ററും ഒക്കെ പരിചയമുള്ള ഒരു പുതിയ ആളിനെ പരിചയപ്പെട്ട സന്തോഷം ആ യുവമുഖങ്ങളില്‍ പ്രകടമായിരുന്നു. അവര്‍ ഒരു ഘോഷയാത്രയെ അനുസ്മരിക്കുംവിധം അവളെ യാത്രയാക്കി.
പാടത്തിന്റെ അങ്ങേക്കരയിലായിരുന്നു ദേവീക്ഷേത്രം. ക്ഷേത്രത്തിന്റെ ആല്‍മരച്ചുവട്ടില്‍ നിന്നാല്‍ അങ്ങകലെ ആനപ്പാറയും മനക്കരവീടും കാണാം. തൊഴുതിറങ്ങുമ്പോള്‍ സോമന്‍ചേട്ടന്‍ അവളെ കാത്ത് നില്ക്കുകയായിരുന്നു. നാട്ടിലെ എല്ലാ കാര്യത്തിനും സോമന്‍ചേട്ടന്‍ ഇപ്പോഴും മുന്നിലുണ്ട്. ഒരു തനി ഗ്രാമസേവകന്‍.
'ഉഷ എത്തിയിട്ടുണ്ടെന്നു ഞാന്‍ അറിഞ്ഞു, ഒന്ന് കാണണം എന്ന് കരുതിയിരിക്കുകയായിരുന്നു.' അവളെ കണ്ടപാടെ സോമന്‍ പറഞ്ഞു.' മഹേഷിനെയും ശരത്തിനെയും ഓര്‍മ്മയുണ്ടോ? വടശ്ശേരിയിലെ പൊടിയന്റെ മക്കള്‍, അവര്‍ക്ക് എന്നോട് വലിയ കാര്യമാണ്. രണ്ടുപേര്‍ക്കും നല്ല ജോലിയൊക്കെയായി'.
ഉഷ ആകാംക്ഷയോടെ കേട്ടുനിന്നു. 'പക്ഷേ, എന്റെ മനസ്സില്‍ ഒരു വിങ്ങല്‍ ആണ്.' നീ ചെയ്തതിന്റെ ഗുണഭോക്താവ് ഇപ്പോള്‍ ഞാന്‍ ആണ്. അത് എനിക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതിനാല്‍ ഞാന്‍ അവരെ സത്യം അറിയിക്കാന്‍ തീരുമാനിച്ചു. നീ എതിരൊന്നും പറയരുത്.'
സോമന്‍ തന്റെ മനസ്സിന്റെ ഭാരം കുറഞ്ഞതായി തോന്നി.
എന്ത് പറയണമെന്നറിയാതെ ഉഷ ആദ്യം പതറിയെങ്കിലും ഒരു ഉറച്ച തീരുമാനം അവള്‍ എടുത്തിരുന്നു.
'സോമന്‍ചേട്ടന്‍ ഒന്നും വിചാരിക്കരുത്. അത് ചേട്ടന്‍ നല്കിയ സഹായമായിത്തന്നെ ഇരിക്കട്ടെ. ഞാന്‍ അത് നല്കി എന്നതൊഴിച്ചാല്‍ മറ്റെല്ലാം ചെയ്തത് ചേട്ടനാണ്. അനാഥത്വത്തില്‍നിന്നും അമ്മക്ക് അച്ഛന്‍ കൊടുത്ത ജീവിതമാണല്ലോ ഉഷ എന്ന എന്റെ ആധാരം. കൊടുത്തും വാങ്ങിയും ജീവിക്കുമ്പോള്‍ മാത്രമേ ജീവിതത്തിനു ഒരു സുഖമുള്ളൂ'.
അവളുടെ നിശ്ചയദാര്‍ഢ്യം സ്ഫുരിക്കുന്ന വാക്കുകള്‍ സോമന്റെ വാദഗതികളെ നിഷ്പ്രഭമാക്കി. പാടം കടന്നു നടന്നകന്നുപോയ ഉഷയെ നോക്കി സോമന്‍ ഏറെനേരം നിന്നു. ആമ്പല്‍ക്കുളവും ആനപ്പാറയും താണ്ടി ഉഷ നടന്നുകൊണ്ടേയിരുന്നു… പുന്നക്കരഗ്രാമത്തെ ഇരുട്ട് കീറിമുറിക്കുംവരെ.

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...