എം.പി.അയ്യപ്പൻ
വാഹനങ്ങളുടെ ഇരമ്പം കേട്ട് അയാൾ കണ്ണ് തുറന്നു. ബസ് സ്റ്റാന്റിൽ ഒരൊഴിഞ്ഞ സ്ഥലത്ത് കിടന്ന് ഉറങ്ങുകയായിരുന്നു അയാൾ. അവിടെ വന്നിട്ട് പിച്ച വെച്ച് നടന്ന ദിവസങ്ങൾ പലതും ജനിച്ചു മരിച്ചു. ഇന്ന് ഒരു പ്രഭാതം കൂടി.
മനസ്സിനെ മുറിവേൽപിച്ച് പിന്നിട്ട അഭിശപ്ത ദിനങ്ങൾ അയാളിൽ തെളിഞ്ഞു.
"സർവ്വതും മുടിക്കാനുണ്ടായ പുത്രൻ പഠിച്ചെന്നും പറഞ്ഞ് അന്തസ്സ് നോക്കി ഇരിക്കുന്നു. നിനക്കൊക്കെ തീറ്റതന്ന് മടുത്തു. ആരോഗ്യം ക്ഷയിച്ചു. ഇനി എനിക്കാവില്ല."
"സർക്കാരുദ്യോഗം നോക്കി ഇരിക്കുന്നു. ഇവന് പുറത്തിറങ്ങി കൂലിപ്പണി എടുത്താലെന്താ? പഠിപ്പില്ലാണ്ട് പോവോ? എനിക്കറിയ്യാഞ്ഞിട്ട് ചോദിക്ക്യാ?"
പാഞ്ഞ് വരുന്ന അമ്പിനേക്കാൾ തുളച്ചു കയറാൻ ശക്തമായ പിതാവിന്റെ വാക്കുകൾ.
ഇടക്കിടെ തികട്ടിവരുന്ന ആ വാചകം അയാളുടെ ചിന്തയിൽ ആളിപ്പടരുമ്പോൾ ആ മുഖത്ത് കാളിമ പടരുന്നത് കാണാമായിരുന്നു.
പിന്നെയുള്ള ചിന്ത അന്യനാടായിരുന്നു. ചെറിയൊരു ഡിഗ്രി കൈവശമുണ്ടല്ലോ. ഒരു തൊഴിൽ ലഭിക്കാതിരിക്കില്ല. അയാൾ മനസ്സിൽക്കരുതി.
വെയിലിന്റെ കരങ്ങൾക്ക് ശക്തി വർദ്ധിച്ചപ്പോൾ, അവിടെ നിന്നും അയാൾ മാറി നിന്നു- ഒരു നിരീക്ഷകനെപ്പോലെ.
മരിച്ചുവീഴുന്ന സമയത്തിന്റെ ഓരോ നിമിഷത്തിലും സ്റ്റാന്റിൽ തിരക്ക് ഏറിക്കൊണ്ടിരുന്നു.
ബസ്സിൽ നിന്നും ഇറങ്ങുന്നവർ. ലക്ഷ്യത്തിലെത്താൻ കാത്തു നിൽക്കുന്നവർ. അങ്ങനെ നിരവധി ആളുകൾ. ഒരിക്കലെങ്കിലും കണ്ടിട്ടില്ലാത്ത വ്യത്യസ്ഥ മുഖങ്ങൾ.
വിശപ്പ് അയാളെ കീഴ്പ്പെടുത്താൻ തുടങ്ങിയപ്പോൾ, ചായക്കടയിൽ ചില്ലലമാരകൾ നിറയെക്കാണുന്ന ആഹാര സാധനങ്ങൾ നോക്കി ആർത്തിയോടെ അയാൾ നിന്നു. പാന്റിന്റെ പോക്കറ്റിൽ പരതിയപ്പോൾ, കയ്യിലുണ്ടായിരുന്ന അവസാനത്തെ നാണയത്തുട്ടുകളും തീർന്നതയാൾ തിരിച്ചറിഞ്ഞു.
ഒരു ജോലിക്ക് വേണ്ടി ടെസ്റ്റുകൾ ഇന്റർവ്യൂ.., എല്ലാം അതിന്റെ കടമ നിർവ്വഹിച്ചു. യോഗ്യത ഇല്ലാഞ്ഞിട്ടാണോ? എങ്ങനെ ഇല്ലാതാകും? റാങ്ക് ലിസ്റ്റിൽ പേര് വരുന്നുണ്ട്. യോഗ്യതയുടെ മാനദണ്ഡം അതല്ലെങ്കിൽ വേറെന്താണ്?
അയാളുടെ പിതാവിന് ഒരേ ആഗ്രഹം മാത്രം. തന്നെപ്പോലെ കഷ്ടപ്പെടാതെ മകനൊരു സർക്കാർ ഉദ്യോഗസ്ഥനായി കാണണം.
എന്നാൽ-അയാളിന്നൊരു കായ്ഫലമില്ലാത്ത വൃക്ഷം.
ദിനരാത്രങ്ങൾ കൊഴിഞ്ഞുകൊണ്ടിരുന്നു.
അദ്ധ്വാനത്തിന്റെ ശക്തിചോർന്ന് പോകുന്ന പിതാവിന്റെ ശകാരങ്ങൾക്ക് കരുത്ത് കൂടാൻ തുടങ്ങി.
ഒടുവിൽ-
സഹനശക്തിയുടെ ചങ്ങലക്കണ്ണി അകന്നപ്പോൾ വീടുവിട്ടിറങ്ങാൻതന്നെ തീരുമാനിച്ചു.
വെയിലിന്റെ കരങ്ങൾക്ക് വീണ്ടും കരുത്ത് വർദ്ധിച്ചു.
റോഡിന്റെ ഓരത്തിരുന്ന് യാത്രക്കാരെ നോക്കി, കൈവിരലുകൾ മുരടിച്ച പാദങ്ങൾ കൂമ്പി ഒരു മനുഷ്യൻ യാചിക്കുന്നു. യാത്രക്കാർ അയാളെ ഈർഷ്യയോടെ നോക്കി കടന്നുപോയി.
ഒരു നാണയത്തുട്ടുപോലും ആരും അയാൾക്ക് ഇട്ടുകൊടുത്തില്ല.
സ്വാർത്ഥതയുടെ പര്യായമാകുന്ന മനുഷ്യൻ...!
അയാൾക്ക് അപ്പോൾ അപ്രകാരം ചിന്തിക്കാതിരിക്കാൻ കഴിഞ്ഞില്ല.
യുവാക്കളുടെ വലിയൊരു നീണ്ടു നിര...
അവർ ഒരു ജാഥയായി വരികയാണ്. അയാൾ അവരെ നോക്കി നിന്നു.
ഒടുവിൽ-
വിശപ്പ്-
ദാഹം-
ക്ഷീണം-
ഒന്നുമല്ലാതായ നിമിഷങ്ങൾ... ഒരു പുത്തൻ പുലരിക്ക് വേണ്ടി പ്രതിജ്ഞാബദ്ധരായവർ - അവരിൽ ഒരാളായി അയാൾ മാറി.