1 Mar 2016

ക്യൂ...പിന്നെയും ക്യൂ...?


  --ബാബു ആലപ്പുഴ. (ഫോണ്‍:7736460750)

    അന്ന്  ഓഫീസ്സില്‍ പിടിപ്പത് ജോലി ഉണ്ടായിരുന്നു.  ഏതാണ്ട് ആറു മണിക്ക് ശേഷമാണ് ഓഫീസ്സില്‍ നിന്നിറങ്ങിയത്.  ബിവറേജിനു മുന്നില്‍ ബൈക്ക് നിര്‍ത്തി ക്യൂവില്‍ കയറി.  ഒരു പയിന്‍റ് വാങ്ങി പുറത്തിറങ്ങി. വീണ്ടും യാത്ര.  പോകുന്ന വഴിയില്‍ വിജനമായ ഒരിടം കണ്ടെത്തി ബൈക്ക് നിര്‍ത്തി.  പയിന്‍റ് പൊട്ടിച്ചു സീറ്റിനടിയില്‍ കരുതിയിരുന്ന കാലികുപ്പിയിലേക്ക് പകുതി ഒഴിച്ച് മാറ്റി വച്ചു.  സോഡക്കുപ്പി പൊട്ടിച്ചു മിക്സ് ചെയ്തു.  പതിയെ സിപ്പ് ചെയ്തുകൊണ്ടിരുന്നു.  നല്ല തണുത്ത കാറ്റ്.  ലഹരി ശരീരം മുഴുവന്‍ പടര്‍ന്നു കയറി.  ഫിനിഷ് ചെയ്തു കുപ്പി ദൂരേയ്ക്ക് വലിച്ചെറിഞ്ഞു.
    ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു.
“...ദുഖങ്ങള്‍ക്കിന്നു ഞാന്‍...അവധി കൊടുത്തൂ...
സ്വര്‍ഗത്തില്‍ ഞാനൊരു...മുറി..യെടുത്തു...”
    ആ പഴയ യേശുദാസ് ഗാനം മനസ്സ് മൂളിക്കൊണ്ടിരുന്നു.
    ഒരു വളവു തിരിയുമ്പോള്‍..
    ഒരു ചരക്ക് ലോറി പാഞ്ഞു വരുന്നു...!?
    പിന്നെ ഒന്നും ഓര്‍മ്മയില്ല.
    ഓര്‍മ്മ മടങ്ങി വന്നപ്പോള്‍--
    അയാള്‍ ക്യൂവിലാണ്..!?
    ബിവറേജ് ക്യൂവാണോ?  അല്ല.  ഇത് മറ്റേതോ ക്യൂവാണ്..?
    ക്യൂവിലൂടെ അയാള്‍ നടന്നു.  ഒരു കൌണ്ടറിനു മുന്നിലെത്തി.  ശരീരത്തിലൂടെ ഒരു സ്ക്രീനിംഗ് മെഷീന്‍ ഇഴഞ്ഞു നടന്നു.  പെട്ടെന്നാണയാളുടെ ശരീരം മുഴുവന്‍ പച്ചനിറമായി മാറിയത്!!?
    അടുത്ത ക്യൂവിലേക്കു പോകുംമുമ്പ് അയാള്‍ തിരിഞ്ഞു നോക്കി.  ചിലരുടെ ശരീരം ചുവപ്പ് നിറം! ചിലര്‍ക്ക് പച്ച നിറം!  കൂടുതല്‍പേരും  ചുവപ്പ് നിറക്കാര്‍!!?
    അയാള്‍ പച്ച നിറമടിച്ച കൌണ്ടറിനു മുന്നിലെത്തി.  അവിടെനിന്നും ഒരു കാര്‍ഡ്  കിട്ടി.  എ.പി.എല്‍. കാര്‍ഡ്!  ഭൂമിയില്‍ റേഷന്‍ കാര്‍ഡ് എ.പി.എല്‍. ആണ്.  അതുകൊണ്ടാണോ ഈ കാര്‍ഡ്‌ തന്നത്? അറിയില്ല. ചുവപ്പു നിറക്കാര്‍ക്കു ബി.പി.എല്‍. കാര്‍ഡാണ് നല്‍കുന്നത്. എ.പി.എല്‍., ബി.പി.എല്‍. ഇവയുടെ മുഴുവന്‍ പേരറിയാന്‍ അയാള്‍ ബോര്‍ഡ് പരത്തി. എ.പി.എല്‍. എന്നാല്‍ എബൌ പരലോകം (Above Para Lokam)..ബി.പി.എല്‍. എന്നാല്‍ ബിലോ പരലോകം (Below Para Lokam)...  ഓ. സംശയം തീര്‍ന്നു.
    എന്താ തനിക്കു ഈ എ.പി.എല്‍ കാര്‍ഡ്‌ കിട്ടിയത് എന്ന് അല്‍ഭു- തപ്പെടുകയായിരുന്നു അയാള്‍.  ഭൂമിയില്‍ വച്ച് കൊച്ചുകൊച്ചു കുരുത്തക്കേടുകളും അരുതായ്മകളും ചെയ്തിട്ടുണ്ട്.  എന്നിട്ടും?  ഒരു പക്ഷെ നിസ്സാരമായ ആ തെറ്റുകള്‍ പൊറുത്തുകാണും?
    അയാള്‍ മുന്നോട്ടു നടന്നു.  ആ ക്യൂ രണ്ടായി മാറി.  ഇടത്തേയ്ക്കുള്ള ക്യൂ എ.പി.എല്‍. കാര്‍ക്കും വലത്തേയ്ക്കുള്ളത് ബി.പി.എല്‍ കാര്‍ക്കും.  അയാള്‍ ഇടത്തേയ്ക്ക് നടന്നു.  വളരെ കുറച്ചു പേരേയുള്ളൂ ക്യൂവില്‍!  മൂന്നോ നാലോ പേര്‍ മാത്രം!!
    ക്യൂ അവസാനിച്ചത്‌ ഒരു വലിയ സ്വര്‍ണ്ണകവാടത്തിനു മുന്നില്‍!  വാതില്‍ തുറക്കപ്പെട്ടു.  അയാള്‍ അകത്തു കയറി.  വാതില്‍ അടഞ്ഞു.
    പച്ച നിറമുള്ള കുറെ രൂപങ്ങള്‍ അയാള്‍ക്ക്‌ ചുറ്റും കൂടി.  അവര്‍ അയാളെ സ്വീകരിച്ചു.
“ആരൊക്കെയാ? എനിക്ക് മനസ്സിലായില്ലല്ലോ?”
“ഞാന്‍ നിന്റെ അമ്മെയാ മോനേ..”
    അമ്മ അയാളെ കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“അഛനെവിടെ അമ്മേ..?” അയാള്‍ ചോദിച്ചു.
“അഛന്‍ ബി.പി.എല്‍. കാരനാ..ഇപ്പൊ വേറൊരു ലോകത്താ..”
“ഞാന്‍ നിന്റെ മൂത്ത ചേട്ടന്‍ ദിനമണി..”
“ചേട്ടാ..അവസാനം നമ്മള്‍ കണ്ടുമുട്ടിയല്ലോ..?”
“ഇതാരാ..?” അടുത്തുനിന്ന മറ്റൊരു രൂപത്തെ നോക്കി അയാള്‍ ചോദിച്ചു.
“എടാ..ഇത് ഞാനാ..എബി എബ്രഹാം.  നിന്റെ ഉറ്റ കൂട്ടുകാരന്‍..”
“എടാ എബ്രഹാമേ..”  രണ്ടുപേരും കെട്ടിപ്പിടിച്ചു സന്തോഷിച്ചു.
“ഇനി സമയം കളയേണ്ട.. നമുക്ക് പോകാം..”
“എങ്ങോട്ട്..?”
“കൊട്ടാരത്തിലേക്ക്.  അവിടെയാ നമ്മുടെ താമസം.”
    ദൂരെ സ്വര്‍ണനിറത്തില്‍ തിളങ്ങുന്ന ഒരു  കൊട്ടാരം!!   മുത്തശ്ശികഥകളിലെ രാജകൊട്ടാരം പോലെ?
    കൊട്ടാരത്തിന് മുന്നിലെത്തി. സ്വര്‍ഗീയ സംഗീതവും സുഗന്ധവും ഒഴുകി വന്നു.  അവര്‍ അകത്തേയ്ക്ക് കയറി.
    ഉള്ളിലെ കാഴ്ചകള്‍ കണ്ടു അയാള്‍ അന്തംവിട്ട്‌ നിന്നു!
”ഇത് സ്വര്‍ഗ്ഗമോ?”
“അതെ. സ്വര്‍ഗ്ഗം തന്നെ.  ഇനിയുള്ള നമ്മുടെ ജീവിതം ഈ സ്വര്‍ഗ്ഗത്തിലായിരിക്കും.  ഇനി ഒരിക്കലും നമ്മള്‍ എങ്ങോട്ടും മടങ്ങി പോവില്ല.  അതാ ഇവിടുത്തെ നിയമം.”
“അപ്പൊ ബി.പി.എല്‍. കാര്‍ക്കോ?”
“അത് നരകമാ.  അവിടെ ഉള്ളവര്‍ക്ക് എപ്പോഴും ഭയങ്കര വിശപ്പും ദാഹവുമാ.  24 മണിക്കൂറും കഷ്ട്പ്പെടനം.  എന്നാലും ചാട്ടവാര് കൊണ്ട് അടി കിട്ടും.  കിങ്കരന്മാര്‍ അടിച്ചു പരത്തും.  പോറോട്ടക്ക് മാവ് കുഴയ്ക്കും പോലെ. തിളച്ച എണ്ണ കുടിപ്പിക്കും.  പാമ്പുകളെ കൊണ്ട് കടിപ്പിക്കും.  അങ്ങനെ പലപല കഠിന ശിക്ഷകളും ഉണ്ടെന്നാ കേക്കുന്നെ..”
“ഇവിടെയോ?”
“ഇവിടെ നമുക്ക് പരമാനന്ദ സുഖമല്ലേ?  വിശപ്പും ദാഹവുമില്ല.  ഒരു പണിയും ചെയ്യണ്ടാ.  ചുമ്മാ കാഴ്ചകള്‍ കണ്ടു സന്തോഷിച്ചു നടന്നാല്‍ മതി.”
“നമുക്ക് ഇവിടുന്നു എപ്പോഴെങ്കിലും മടങ്ങി പോകണോ ഭൂമിയിലേക്ക്‌?”
“വേണ്ട.  ജീവിതകാലം മുഴുവന്‍ ഇവിടെ കഴിഞ്ഞാല്‍ മതി.  എന്നാല്‍ ബി.പി.എല്‍. കാര്‍ക്ക് അങ്ങനെയല്ല. അവര്‍ക്ക്  ഭൂമിയിലെക്കു തിരിച്ചു പോകേണ്ടതുണ്ട്. ഓരോ ബി.പി.എല്‍. കാര്‍ക്കും ഓരോരോ ശിക്ഷാകാലാവധി ഉണ്ട്.  ശിക്ഷാകാലം കഴിയുമ്പോള്‍ ആ ചുവന്ന രൂപത്തെ ഒരു കംപ്യൂട്ടറൈസ് മെഷീനിലേക്കിടും.  മെഷീന്‍ ആ രൂപത്തെ ഒരു “കുഞ്ഞാക്കി” മാറ്റും. ആ കുഞ്ഞ് അടുത്ത നിമിഷം ഭൂമിയില്‍ എവിടെങ്കിലും ഏതെങ്കിലും ഒരമ്മയുടെ ഉദരത്തില്‍ പ്രവേശിക്കും.  പിന്നെ പ്രസവം....അതിനു ശേഷം ആ കുഞ്ഞിന്റെ ജീവിതം... അവസാനം.... മരണം.....പിന്നെ പരലോകത്തേയ്ക്കുള്ള മടക്കയാത്ര...ഈ യാത്ര അനന്തമായി അങ്ങനെ തുടര്‍ന്നുകൊണ്ടേയിരിക്കും.....പച്ച എ.പി.എല്‍. കാര്‍ഡ് കിട്ടുന്നത് വരെ....”

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...