പ്രണയദിനം

ഷീബ ഇ കെ

ബസ് യാത്രകള്‍ എല്ലായ്‌പ്പോഴും ഭംഗിയുള്ള ചില വാക്കുകളെ,കവിതയുടെ നുറുങ്ങുകളെ,ചില കഥകളെ കൊണ്ടുവന്നു തരുമായിരുന്നു.കൂറേ വര്‍ഷങ്ങള്‍ക്കു മുമ്പ് മേലാറ്റൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന കാലം.എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നൂറു രൂപയുടെ പോസ്റ്റ്‌പെയ്ഡ് കണക്ഷന്‍ എന്ന ബി എസ് എന്‍ എല്‍ വാഗ്ദാനത്തില്‍ വീണ് ചിലരൊക്കെ മൊബൈലുമായി പത്രാസ്സില്‍ നടക്കാന്‍ തുടങ്ങിയ കാലം.വീട്ടില്‍ നിന്ന് ഓഫീസിലേക്ക് ആകെ പതിനാറു കിലോമീറ്ററേ ദൂരമുള്ളൂ.പക്ഷേ ബസ് എല്ലായിടത്തും നിര്‍ത്തി ആളെക്കയറ്റി പതിയെയാണ് പോവുക.കോളജ് കാലത്ത് അതിവേഗം പായുന്ന ലിമിറ്റഡ് സ്റ്റോപ് ബസുകള്‍ മാത്രം ശീലിച്ചതു കൊണ്ടു തന്നെ മന്ദഗതിയിലുള്ള ആ യാത്ര വിരസമാവാതിരിക്കാന്‍ കുന്നിന്‍ചെരുവിലെ ഒറ്റപ്പെട്ട വീട്ടുമുറ്റത്തു പൂത്തുനില്‍ക്കുന്ന വെളുത്തചെമ്പകമൊട്ടിന്റെ സുഗന്ധവും വെള്ളിയാറിലെ പാലത്തിനു കീഴെ അലസമായി പുഴയില്‍ പടര്‍ന്നു കിടക്കുന്ന ചുവന്നപാവാടയും ഒക്കെ നോക്കിക്കണ്ട് വാക്കുകളുടെ സമാന്തരലോകം സൃഷ്ടിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമൊന്നുമില്ലായിരുന്നു.അങ്ങനെ ഒരവധിക്കാലത്ത് മിക്കവാറും കാലിയായ ബസ്സിലിരുന്ന് സ്വപ്‌നാടനം നടത്തവേ പിറകില്‍ നിന്ന് സൗമ്യമായി ആരോ ഫോണില്‍ സംസാരിക്കുന്നു.എല്ലായിടത്തും റേഞ്ച് ഇല്ലാത്ത കാലമാണ്.മറ്റുള്ളവരുടെ സംസാരം ശ്രദ്ധിക്കുന്നത് നല്ല ശീലമല്ലെങ്കിലും തൊട്ടുപിന്നില്‍ ചെവിയിലെന്ന പോലെയുള്ള ആ സംസാരം ഒഴിവാക്കാനാവുമായിരുന്നില്ല.
സംഭാഷണം കുറേയങ്ങ് എത്തിയിട്ടാണ് ഞാന്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത് എന്നതു കൊണ്ടു തന്നെ കഥാനായകന്റെ പേര് കേള്‍ക്കാനായില്ല.ആരുടെയോ ലാന്റ് ഫോണിലേക്കാണ് വിളിയെന്നും എടുത്തത് ഒരു പെണ്‍കുട്ടിയാണെന്നും അവള്‍ അവനേറെ പ്രിയപ്പെട്ടതാണെന്നും പെട്ടെന്നു തിരിച്ചറിയാനായി.
ഉപ്പയില്ലേ എന്നാണ് ചോദ്യമെങ്കിലും ഫോണ്‍ അവള്‍ തന്നെ എടുക്കുമെന്നേറെ പ്രതീക്ഷിച്ചാണവന്‍ വിളിച്ചതെന്നും സ്വരം കൊണ്ട് വ്യക്തമായി അറിയാനായി.
എനിക്ക് മൊബൈല്‍ കണക്ഷന്‍ കിട്ടി.ഉപ്പായുടെ സര്‍ക്കാര്‍ ജോലിയുടെ ലേബലില്‍ കിട്ടിയ കണക്ഷനാണ്.ഇന്ന് ഇതു കേള്‍ക്കുമ്പോള്‍ എല്ലാവരും ചിരിക്കും.ഇപ്പോള്‍ ഐ ഡി കാര്‍ഡുമായി ചെന്നാല്‍ അഞ്ചുമിനിറ്റിനകം കണക്ഷന്‍ ആക്ടിവേറ്റ് ചെയ്യുന്ന കാലമാണ്.അന്ന് അതല്ല സ്ഥിതി.ഒരു കണക്ഷന്‍ കിട്ടാന്‍ എന്തു പാടായിരുന്നു.
ആദ്യമായിട്ട് ഞാനീ നമ്പരിലേക്കാ വിളിക്കുന്നത്.അവന്റെ സ്വരത്തില്‍ എന്തൊരൂര്‍ജ്ജം..
പിന്നേ നാളെ ഞാ്്ന്‍ തിരുവന്തപുരത്തേക്കു പോകും.ജോലി കിട്ടി.അത് ഉപ്പയോട് പറയാന്‍ വേണ്ടിയാണ് വിളിച്ചത്.
മകളോട് എന്നു ഞാന്‍ തിരുത്തിപ്പറഞ്ഞു.
ശോഭനമായ ഒരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ തുടിക്കുന്ന ആ സ്വരം നഷ്ടപ്പെട്ട കൗമാരത്തിന്റെ വേദനയെന്നിലുണര്‍ത്തി.അന്നൊക്കെ ഞാന്‍ ഇരുട്ടിലൂടെ മാത്രം തുഴയുന്നവളായിരുന്നല്ലോ.സന്തോഷിക്കുന്ന മനുഷ്യരുണ്ട് ചുറ്റിലും എന്ന അറിവ് ആ സ്വരം എന്നെയോര്‍മ്മിപ്പിച്ചു.
നിനക്കു ക്ലാസില്ലേ ഇപ്പോള്‍?
അവകാശത്തോടെ അടുത്ത ചോദ്യം.ക്രിസ്മസ് വെക്കേഷന്റെ തുടക്കമായിരുന്നു അത്.
പെണ്‍കുട്ടി നാഷനല്‍ സര്‍വ്വീസ് സ്‌കീമില്‍ അംഗമാണ്.നാളെ ക്യാമ്പ് തുടങ്ങുമെന്നവള്‍ പറഞ്ഞിരിക്കുന്നു.
ഉം..നീയിങ്ങനെ നടന്നോ എന്‍ എസ് എസ് ,പഠിത്തം എന്നൊക്കെപ്പറഞ്ഞ്..വേറേയെന്തെല്ലാം ചിന്തിക്കാനുണ്ട് പെണ്ണേ നമുക്ക് എന്ന പരിഭവം അവന്റെ വാക്കുകളില്‍..
എന്താ പ്രശ്‌നമെന്നവള്‍ പലതവണ ചോദിച്ചുവെന്നു തോന്നുന്നു.അവന്‍ പരിഭവിച്ചു കൊണ്ടേയിരുന്നു.അവളുടെ സൊഹൃദം നഷ്ടപ്പെടുമോ എന്ന ഭയമുണ്ടായിരുന്നിരിക്കും അവന് എന്നും തോന്നി.
അപ്പോ നാളെ ഞാന്‍ തിരുവന്തപുരത്തേക്കു പോകും.ജോലിക്കു ചേരും.വല്ലപ്പോഴും ഈ നമ്പരിലൊക്കെ വിളിക്ക്..ഓര്‍മ്മയുണ്ടെങ്കില്‍ 944......വിരഹത്തിന്റെ ചുടുനിശ്വാസം അവനറിയാതെ പുറത്തേക്കു വരുന്നതെനിക്കു തിരിച്ചറിയാനായി.
ഇറങ്ങാനുള്ള സ്റ്റോപ്പ് അടുത്തു.പിറകില്‍ നിന്ന് സംസാരം നിലച്ചിരിക്കുന്നു.ജനലഴികളില്‍ ചുമലമര്‍ത്തി മധുരമായൊരു നൊമ്പരമുള്ളിലടക്കി ഒരുപാടു പ്രതീക്ഷകളിലേക്കു യാത്രചെയ്യുന്ന ആ യുവാവിന്റെ പ്രണയഭരിതമായമുഖമൊന്നു കാണണമെന്നുണ്ടായിരുന്നു.തിരിഞ്ഞു നോക്കുന്നത് ശരിയാവില്ലെന്നറിയാവുന്നതു കൊണ്ട് ഇറങ്ങാനായി എഴുന്നേറ്റപ്പോള്‍ സൂത്രത്തിലൊന്നു നോക്കി ആ സീറ്റ് ശൂന്യമായിരുന്നു.അയാളും എന്നെപ്പോളെ എഴുന്നേറ്റു കാണണം.ഇപ്പോഴും ഓരോ പ്രണയദിനവും കോലാഹലത്തോടെ വന്നുപോകുമ്പോള്‍ മാന്യമായ ഭാഷയില്‍ നിറഞ്ഞുകവിയുന്ന പ്രണയമുള്ളിലടക്കി ശാന്തനായി കാത്തിരിക്കുന്ന ആ യുവാവിന്റെ ശബ്ദം ഓര്‍മ്മവരാറുണ്ട്.പ്രതീക്ഷിച്ച പോലെയൊരു ജോലി ശരിയായിട്ടുണ്ട്.ഇനിയൊരു നാള്‍ ഞാന്‍ വരുമെന്നുള്ള മുഖവുര പോലെയായിരുന്നു ആ സംസാരം.അവള്‍ക്കതു തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുമോ.ഒരു സ്‌മൈലിയില്‍ പ്രണയം തുറന്നു പറയുന്ന കാലത്തിന്റെ തുടക്കം മാത്രമായിരുന്നു അത്.മൊബൈല്‍ എല്ലാവരുടെ കയ്യിലുമില്ലാത്ത ,സംസാരത്തിനും  സന്ദേശങ്ങള്‍ക്കും ഓരോ സെക്കന്റിനും  വിലയേറിയ കാലം.പഠനത്തിന്റെ അവസാനഘട്ടത്തില്‍ നില്‍ക്കുന്ന ഗ്രാമപ്രദേശത്തെ ഒരു മുസ്ലിം പെണ്‍കുട്ടിക്ക്  ഒരുപാടു കാലമൊന്നും സ്വന്തമായി അനുവദിച്ചു കിട്ടാറില്ല.പതിയെ മനസ്സറിയാനും പറയാനുമൊക്കെ കാത്തിരിക്കുന്നവര്‍ പെണ്‍കുട്ടിയുടെ വിവാഹവാര്‍ത്തയറിഞ്ഞ് മനസ്സു തകരുന്ന കാഴ്ചകളൊരുപാടു കണ്ടിട്ടുണ്ട് .അതുകൊണ്ടൊക്കെത്തന്നെ  അവരെക്കുറിച്ച് വല്ലപ്പോഴുമൊക്കെ ഓര്‍ക്കാറുണ്ട്.ഇത്ര വളരെ വര്‍ഷങ്ങള്‍ കടന്നുപോയിട്ടും.പറയാത്ത മൊഴികള്‍ തന്‍ ആഴത്തില്‍ മുങ്ങിപ്പോയ് പറയുവാനാശിച്ചതെല്ലാം എന്ന പാട്ടു കേള്‍ക്കുമ്പോള്‍ മുഖവും രൂപവുമില്ലാത്ത ആ യുവാവിന്റെയും പെണ്‍കുട്ടിയുടെയും ഓര്‍മ്മ പുതുക്കിക്കൊണ്ട് കണ്‍മുമ്പില്‍ കാലം കടന്നുപോകും.കാലം ഒരുപക്ഷേ അവരെ കൂട്ടിയിണക്കിയിരിക്കാം.അല്ലെങ്കില്‍ അവര്‍ എവിടെയോ ചിതറിത്തെറിച്ചു പോയിരിക്കാം.എങ്ങനെയൊക്കെയാണെങ്കിലും അത് അവരുടെ മറുപാതികള്‍ തന്നെയായിരുന്നു എന്നു വിശ്വസിക്കാനാണ് ഇപ്പോഴും തോന്നുന്നത്.അവളില്ലെങ്കിലവനും അവനില്ലെങ്കിലവളും അപൂര്‍ണ്ണരായിപ്പോവുന്ന ജീവിതത്തിന്റെ ആ തിരഞ്ഞെടുപ്പ്..എല്ലാം എന്റെ ഊഹം മാത്രമായിക്കാം.പക്ഷേ ചില പ്രണയത്തെക്കുറിച്ചുള്ള ചില ഊഹങ്ങള്‍ തീര്‍ത്തും കണിശമായിരുന്നു ചിലപ്പോഴൊക്കെ.എം കോം ക്ലാസിലെ അവസാനദിനങ്ങളില്‍ വെറുതെയന്തിനോ ക്ലാസില്‍ വന്ന സൈബുന്നിസ ഞങ്ങള്‍ക്കിടയിലിരിക്കെ എനിക്കൊരു കഥയെഴുതിത്തരുമോ എന്നെന്നോടു ചോദിച്ച മെഹബുബിനോട് ഗൗരവത്തില്‍ നിനക്കെന്തു കഥയാ വേണ്ടത് എന്ന എന്റെ ചോദ്യം.തമാശക്കഥയോ ഡിറ്റക്ടീവോ അതോ പ്രണയകഥയോ എന്നതിലെ പ്രണയമെന്നു കേട്ടപ്പോള്‍ അവളുടെ മുഖത്തു ഒരു സെക്കന്റു നേരം മിന്നിമറഞ്ഞ പ്രകാശം ,താരയുടെ വീട്ടിലാദ്യമായിപ്പോയ ദിവസം ടി വിയില്‍ പെഹലാ നശാ എന്ന് ആമീര്‍ഖാന്‍ ചിരിച്ചുല്ലസിക്കവേ അവളുടെ പതിനെട്ടാം വയസ്സിലെ മുഖത്ത് ഒരു നിമിഷം തെളിഞ്ഞ ലജ്ജ ..അതെല്ലാം പ്രണയത്തെക്കുറിച്ചുള്ള  ചിലയുറപ്പുകളെ മുന്നില്‍ വെൡവാക്കിത്തന്നിരുന്നു.പിന്നീട് ജീവിതത്തോളം നീണ്ടു നിന്ന ചില പ്രണയയാത്രകളുടെ തുടക്കത്തിലേക്കുള്ള ഇടിമിന്നല്‍ വഴിത്താരകള്‍ കാലം അന്നെന്റെ മുമ്പില്‍ തെളിയിച്ച പോലെ..അതുപോലെത്തന്നെ മുഖവും രൂപവുമില്ലാത്ത ആ പെണ്‍കുട്ടിയും യുവാവും ഒരു രാജകുമാരന്റെയും കുമാരിയുടെയും കഥ പോലെ പിന്നെയവര്‍ ഒരിടത്ത് സുഖമായി അങ്ങനെ കഴിയുന്നുണ്ടാവട്ടെ എന്ന് വെറുതെ ആശിക്കുന്നു. 

Popular posts from this blog

തെങ്ങിൻ തൈ നടാൻ കാലമായി; 50 വർഷത്തെ മുന്നിൽ കണ്ട്‌...

ജൈവവളം മാത്രം പോരേ?

സ്ത്രീസ്വത്വാന്വേഷണം മലയാളസാഹിത്യത്തിൽ