22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

വായനക്കാരെ ആനന്ദാനുഭൂതിയിലേക്ക് ഉയർത്തുന്ന കൃതി

പ്രസന്ന ജ്യോതി
എം.കെ.ഹരികുമാറിൻ്റെ  'ശ്രീനാരായണായ 'എന്ന  നോവലി൯െറ 'വായനായജ്ഞം' ; സോഷൃൽ മീഡിയയിൽ   തുളസീധര൯ ഭോപ്പാൽ ദിവസവും പോസ്റ്റു  ചെയ്തുവരുന്ന ഓഡിയോ ക്ലിപ്പ് കേട്ടപ്പോൾ വളരെ സന്തോഷം തോന്നി.  ഈ നോവൽ പ്രസിദ്ധീകരിച്ചപ്പോൾ  അതിനെക്കുറിച്ചു വളരെ നല്ല അഭിപ്രായമാണ്  കേട്ടത്. ഗുരുവിനെക്കുറിച്ചു പലരും എഴുതിയിട്ടുണ്ടെങ്കിലും  അതിൽ നിന്നും വ്യത്യസ്തമാണ്  ഈ  നോവൽ എന്നറിഞ്ഞു.  അതുകൊണ്ടാണ്  വായിക്കണമെന്നു ആഗ്രഹം തോന്നിയത്. എന്നാൽ  അതു വായിക്കാ൯ കഴിഞ്ഞിരുന്നില്ല. തുളസിധര൯ ഭോപ്പാൽ  ഈ വായനായജ്ഞത്തിലൂടെ   നോവലി൯െറ മഹത്ത്വം എന്താണെന്നു ജനങ്ങളിലേക്കു  എത്തിച്ചിരിക്കുകയാണ്.   അദ്ദേഹത്തിൻ്റെ  വായന വളരെ ഹൃദ്യമായി അനുഭവപ്പെട്ടു. നോവലിലെ ആശയത്തെ ഉൾക്കൊണ്ടു ആസ്വാദകരിലേക്കു പക൪ന്നു കൊടുക്കാ൯ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു.

വായനയുടെ എൺപത്  അദ്ധൃായങ്ങൾ പിന്നിട്ടിരിക്കുന്നു! ഇത്രയും കേട്ടപ്പോഴാണ്  ഈ നോവലിനെക്കുറിച്ചു എന്തെങ്കിലും  എഴുതണമെന്നു തോന്നിയത്.കാരണം മറ്റു നോവലുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണിത്.ഇതു ശ്രീനാരായണഗുരുവി൯െറ ജീവ ചരിത്രമല്ല ;മറിച്ച് ഗുരുവി൯െറ ദ൪ശനങ്ങളെ അടിസ്ഥാനമാക്കി ആ ജീവിതത്തിലെ സംഭവങ്ങളും സംവാദങ്ങളും നോവലിസ്റ്റ്  ത൯െറ ഭാവനയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.അതുകൊണ്ടു തന്നെ  ഈ നോവൽ  മറ്റു സർഗാത്മക കൃതികളിൽ നിന്നും രചനാപരമായി  തികച്ചും വേറിട്ടു നിൽക്കുകയാണ്.


സ്വന്തം കാഴ്ചകൾ 

ഭാരതത്തിലെ ഋഷിമാർ നൽകിയ  ഉപനിഷത് തത്വങ്ങളെ ജനജീവിതത്തിലേക്ക് കൊണ്ടുവന്നു ജീവിതം മൂല്യവത്താക്കുന്നതിനു പുരാണങ്ങളും ഇതിഹാസങ്ങളും ഉണ്ടായി.  
അതിൽ ആദികാവ്യമായ രാമായണം വാല്മീകി മഹ൪ഷി രചിക്കന്നതിനു പ്രേരകമായി പറയപ്പെടുന്ന ഒരു സംഭവമുണ്ട്.
വാല്മീകി  നാരദമഹ൪ഷിയോടു ചോദിച്ചു ഈ ലോകത്തു സ൪വ്വഗുണസമ്പന്നനായ  ഏതെങ്കിലും പുരുഷ൯ ജീവിച്ചിരുന്നോ എന്ന് .  അതിനു മറുപടിയായി നാരദർ രാമ൯െറ കഥ  ചുരുക്കി പറഞ്ഞു. ആ കഥയാണു മഹത്തായ ഇതിഹാസമായി വാല്മീകി രചിച്ചത്.
അതിൽ   അദ്വൈതദ൪ശനവും ധ൪മ്മാധ൪മ്മങ്ങളും മറ്റെല്ലാ ജീവിത മൂലൃങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു.
അതുപോലെ 'ശ്രീനാരായണായ ' എന്ന നോവലിൽ   ഹരികുമാ൪ ശ്രീനാരായണഗുരു എന്ന ലോകഗുരുവി൯െറ ജീവിതത്തെയും ദ൪ശനത്തെയും ത൯േറതായ  കാഴ്ചപ്പാടിലൂടെ, എന്നാൽ ഗുരുവിൻ്റെ ദ൪ശനത്തെ ഉൾക്കൊണ്ടു തന്നെ  അവതരിപ്പിച്ചതായി കാണാൻ  കഴിയുന്നുണ്ട്. 

ഏകമായ സത്യവസ്തുവാണു ആത്മാവായും പ്രപഞ്ചമായും ഇരിക്കുന്നതെന്ന് ഗുരു തൻ്റെ കൃതികളിലൂടെയും ജീവിതത്തിലൂടെയും  തെളിയിച്ചു തന്നിട്ടുണ്ട്‌. ആത്മസാക്ഷാത്ക്കാരം നേടിയ ഗുരു സമൂഹത്തിലേക്കിറങ്ങി വന്ന്  നന്മക്കായി പ്രവർത്തിച്ചു.

പ്രപഞ്ചത്തിനു വേറിട്ടൊരു ഉണ്മയില്ലാത്തതിനാൽ പ്രകൃതിയിൽ കാണുന്ന സകല ചരാചരങ്ങളും ഒരേ പൊരുളി൯െറ   വൈവിധൃമാർന്ന രൂപങ്ങളായി, പ്രകടമായി ,പ്രപഞ്ചയജ്ഞത്തിൻ്റെ  ഭാഗമായി പ്രവ൪ത്തിക്കുന്നു.ഈ തത്വത്തിൽ നിന്നുകൊണ്ടു
ഹരികുമാർ എന്ന എഴുത്തുകാരൻ  പ്രകൃതിയിൽ കാണുന്ന ഓരോ വസ്തുവിനെയും സൂക്ഷ്മ നിരീക്ഷണത്തിനു വിധേയമാക്കി അവയുമായി സംവാദത്തിലേർപ്പെടുന്നു. 

താത്ത്വികമായ സമീപനങ്ങൾ 

മരുത്വാമലയിലേക്കു സത്യസാക്ഷാത്ക്കാരത്തെ ലക്ഷ്യമാക്കി എത്തുന്ന യുവാവായ ഗുരുവിനെ അവതരിപ്പിച്ചു കൊണ്ടാണു  നോവൽ ആരംഭിക്കുന്നത്. ഗുരുവും മരുത്വാമലയും തമ്മിലുള്ള സംവാദത്തിലൂടെ മലയുടെ നിസ്സംഗമായ  നിഷ്കാമക൪മ്മമെന്ന തത്വത്തെ  നമുക്കു അവിടെ ദർശിക്കാ൯ കഴിയും. ഒരു ഭാഗത്തു 
ശ്രീനാരായണഗുരുവും ശിഷ്യന്മാരും തമ്മിലുള്ള  സംവാദം  ചരിത്രത്തിൽ നിന്നും മാറിയാണ് കഥാകൃത്തു പൂർത്തിയാക്കുന്നത്.  എന്നാൽ പലയിടത്തും ചരിത്രസംഭവങ്ങളെയും ഗുരുവി൯െറ ഏകമത സിദ്ധാന്തത്തെയും ഗുരുകൃതികളെയും എടുത്തു പറയുന്നുണ്ട്.

മനുഷൃജീവിതത്തിലെ  വൈവിധ്യത്തെയും  വികാരവിചാരങ്ങളെയും ചിന്തകളെയുമെല്ലാം താത്വികമായി ത൯െറ ഭാവനയുടെ അടിസ്ഥാനത്തിൽ പലയിടത്തും അദ്ദേഹം അവതരിപ്പിക്കുന്നു.
മരങ്ങളോടും ചെടികളോടും വെളളത്തിനോടും സംവദിക്കുന്നു. ഒരു ശിഷ്യ൯ ഗുരുവി൯െറ ഉപദേശപ്രകാരം മന്ദാരച്ചെടി നട്ടു വള൪ത്തുന്നു. അതിനെ നിത്യവും ശുശ്രൂഷിച്ചു ചെടിയുമായി സംവാദത്തിലേ൪പ്പെടുന്നു. ആ യുവാവിനു  ചെടിയുമായുണ്ടാകുന്ന ബന്ധത്തെ വിവരിച്ചുകൊണ്ട് ചെടിയിലും തന്നിലും ഇരിക്കുന്ന സത്ത ഒന്നു തന്നെയെന്നു വെളിപ്പെടുത്തുകയാണ്.

ജലവുമായുള്ള സംവാദമുണ്ട്.ജലം മുന്നോട്ടു  ഒഴുകികൊണ്ട്  അതിൻ്റെ ധ൪മ്മം നിർവ്വഹിക്കുന്നു. എന്നാൽ ക൪മ്മസംസ്ക്കാരം അതിൽ പറ്റിപ്പിടിക്കുന്നില്ല.നാം നടക്കുമ്പോൾ പാദങ്ങളുടെ ചലനങ്ങളെകൊണ്ടു ഭൂതകാലത്തെയും ഭാവി കാലത്തെയും സ്പർശിക്കുന്നു .
ഇങ്ങനെ അനേകം ഉദാഹരണങ്ങൾ നമുക്കു നോവലിൽ കാണാൻ കഴിയും. ഈ പ്രത്യേക രചനാവൈഭവം ആസ്വാദകരെ, അതുവരെ ശ്രദ്ധിക്കപ്പെടാതെ വിട്ടു കളഞ്ഞ ചിന്തകളിലേക്കു കൊണ്ടു പോയി ,ആനന്ദാനുഭൂതിയിലേക്കു നയിക്കാൻ നോവലിസ്റ്റിനെ  പ്രാപ്തനാക്കുന്നു.

ഒരു ആദ്ധ്യാത്മിക ദർശനത്തി൯െറ അടിത്തറയിൽ പണിതുയർത്തിയിട്ടുള്ള ഈ നോവൽ  കാലാതീതമായി നിലനിൽക്കും എന്നതിനു സംശയമല്ല

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...