22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

മാധവിക്കുട്ടിയുടെ കഥാപാത്രം

സോനാഗാച്ചിയിൽ / കഥ
എം.കെ.ഹരികുമാർ

മാധവിക്കുട്ടിയുടെ കഥാപാത്രം സോനാഗാച്ചിയിൽ / കഥ
എം.കെ.ഹരികുമാർ

രാത്രി കനത്തിട്ടുണ്ട്.ഒരു അമൂർത്ത ചിത്രം പോലെ അത് ചിന്തയെ ചങ്ങലക്കിടുന്നു.

തൊട്ടടുത്ത് ഭാര്യ നല്ല ഉറക്കത്തിലുമാണ്. എന്നാൽ നഗരത്തിൻ്റെ ആരവം അജ്ഞാത വാഹനങ്ങളുടെ ശബ്ദച്ചീവിടുകളായി ഇരമ്പിയാർക്കുന്നുണ്ടായിരുന്നു.

പന്ത്രണ്ട് മണി കഴിഞ്ഞിട്ടുണ്ടാകും. സമയം നോക്കുന്നത് അർത്ഥശൂന്യതയാണ്. സമയം നമ്മൾ നോക്കിയില്ലെങ്കിലും അവിടെയുണ്ടാകും.

ഞാൻ അലസവും ബധിരവുമായ വിധം  ശരീരകാമനകളെ മേയാൻ വിട്ട് എഴുന്നേറ്റ് ,ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി നടന്നു.

സോനാഗാച്ചിയിലേക്ക്.

ഇരുട്ടൻ്റെ കറ്റകൾ വഴിയിൽ കൊയ്ത് കൂട്ടി വച്ചിട്ടുണ്ടായിരുന്നു.
പെട്ടെന്ന് ഒരു കുട്ടിയായതുപോലെ തോന്നിച്ചു.അതുകൊണ്ടുതന്നെ നഗര വെളിച്ചത്തിൻ്റെ ചെതുമ്പലുകളിൽ ചവിട്ടി ഞാൻ നടന്നു.
മുന്നിൽ ആ ലക്ഷ്യം കുറേക്കൂടി തെളിഞ്ഞു വന്നു.

സോനാഗാച്ചി .

വേശ്യകളുടെ ഇടം .

ചുവന്നതും വെളുത്തതും കറുത്തതും തടിച്ചതും നീളമുള്ളതും നീളം കുറഞ്ഞതുമായ വൈവിധ്യങ്ങളുടെ ഉടൽ പ്രലോഭനങ്ങൾ .

പെണ്ണിനു പെണ്ണ് തന്നെ വേണം.



പെണ്ണ് രൂപമാണ്.

നല്ല പെണ്ണുങ്ങൾ .
കാമങ്ങളുടെ ഒറ്റയടിപ്പാതകൾ .

സോനാഗാച്ചിയിലെ ഇടവഴി താണ്ടി ഞാൻ ഒരു കെട്ടിടത്തിനു പുറത്ത് നിന്നു.
ആ കെട്ടിടം അതിൻ്റെ മുഖഭാവം കൊണ്ട് പതിതരുടെ മ്ളാനതയും അമർഷവും പ്രകടമാക്കാതിരുന്നില്ല .വെളിച്ചമാകട്ടെ ഒരു ഭയന്ന നിയമലംഘകനെപ്പോലെ ചൂളുകയും പരുങ്ങുകയും ചെയ്തു.

ചിലരെല്ലാം പുറത്തിറങ്ങി പോകുന്നുണ്ടായിരുന്നു. ആരും ആരെയും ശ്രദ്ധിക്കുന്നില്ല. ദൂരെ നിരത്തിലൂടെ പായുന്ന റിക്ഷകൾ അപ്പോൾ വേഗത കുറച്ചതു പോലെ തോന്നി.

എന്നാൽ ഒരാൾ കെട്ടിടത്തിൽ നിന്ന് ഇറങ്ങി വരുന്നതിനിടയിൽ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.എനിക്ക് ഒരു പരിചയവുമില്ല. അയാൾ എൻ്റെ അടുത്തേക്ക് വരികയാണ്.

'എന്നെ അറിയുമോ ?'

ഞാൻ ചോദിച്ചു.

എന്നെപ്പോലെ മധ്യവയസ്സിലേക്ക് മെല്ലെ നീങ്ങുന്ന അയാളും മുഖത്ത് നിരർത്ഥകമായ ഒരു ചെറുപുഞ്ചിരി ഒളിപ്പിക്കാൻ ശ്രിമിച്ചിരുന്നു.എൻ്റെ ചോദ്യത്തിനു അറിയാം എന്നാണ് ഉത്തരം എന്ന് അയാളുടെ ശരീരഭാഷ വ്യക്തമാക്കി തന്നു.

അയാൾ ചോദിച്ചു:
'എന്നെ അറിയുമോ ?'

ഞാൻ സൂക്ഷിച്ചു നോക്കി.

അറിയും. മനസിൽ പറഞ്ഞു.

'നിങ്ങൾ മാധവിക്കുട്ടിയുടെ സോനാഗാച്ചിയിലെ ആ കഥാപാത്രമല്ലേ?സുന്ദരിയായ ഭാര്യയെ മതിവരാതെ അർധരാത്രിയിൽ വീട്ടിൽ നിന്നിറങ്ങി സോനാഗാച്ചിയിലെ പെണ്ണുങ്ങളെ തേടി വരുന്ന അയാൾ ?'.
ഞാൻ പറഞ്ഞു.

ഇപ്പോൾ അയാൾ കൂടുതൽ അടുപ്പമുള്ളവനെ പോലെ കാണപ്പെട്ടു.

'അതെ. സാർ എന്നെ കൃത്യമായി കണ്ടുപിടിച്ചല്ലോ.'

ഞങ്ങൾക്കിടയിൽ വളരെ സുതാര്യവും സംവേദനക്ഷമവുമായ ഒരു മൗനം പ്രത്യക്ഷപ്പെട്ടു.

'സാർ എവിടെ നിന്നു വരുന്നു?' 
അയാൾ ഉത്തരം പ്രതീക്ഷിക്കാത്ത മട്ടിൽ ചോദിച്ചു.

'ഞാനൊരു വായനക്കാരനാണ്. നല്ല കഥകൾ വായിച്ചാൽ അതിലെ ചില കഥാപാത്രങ്ങളെ അനുകരിക്കാൻ ശ്രമിക്കാറുണ്ട്.കഥാപാത്രങ്ങളെ ഞാൻ സ്നേഹിക്കുന്നു. അവരോടു സഹതാപവുമുണ്ട്.' ഞാൻ പറഞ്ഞു.

'സാറിൻ്റെ കുടുംബം ?, വീട് ?'

ഞാൻ അതിനു ഉത്തരം പറയുുന്നതിനു  മുന്നേ അയാൾ പോകാൻ തിടുക്കപ്പെട്ടു.

നടക്കുന്നതിനിടയിൽ ,അയാൾ ഇങ്ങനെ പറയുന്നുണ്ടായിരുന്നു:
'എനിക്ക് കഥയിലേക്ക് മടങ്ങാൻ നേരമായി ' .

അയാൾ പോകുന്നത് കുറേ നേരം നോക്കിയ ശേഷം ഞാൻ ആ പേരുകേട്ട വേശ്യാത്തെരുവിലെ ഒരു കെട്ടിടത്തിനുള്ളിലേക്ക് വേഗത്തിൽ നടന്നു.

നമ്മുടെയൊക്കെ ജീവിതം ഒരു കഥയല്ലാതെ മറ്റെന്താണ് ?


 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...