22 Aug 2020

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020


നീഷെയുമായി ദൈവം 

കൂടിക്കാഴ്ച നടത്തി / കഥ
എം.കെ.ഹരികുമാർ

 
ഒരു സ്വപ്നത്തിലാണ് നിഷെയെ ദൈവം ചില ചോദ്യങ്ങൾ ചോദിച്ച് പരീക്ഷിച്ചത്.

അതിനു കാരണമുണ്ടായിരുന്നു. ദൈവം മരിച്ചു എന്ന് നിഷെ ഒരു പുസ്തകത്തിലെഴുതി വച്ചു. ദൈവത്തെ അപകീർത്തിപ്പെടുത്താൻ എഴുതിയതല്ല .മനുഷ്യരെ അപമാനിക്കാൻ ചെയ്തതാണ്. മനഷ്യർ തങ്ങളുടെ സിദ്ധികൾ ഉപയോഗിക്കാതെ ദൈവത്തെ തേടുന്നത് അവസാനിപ്പിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലായിരുന്നു. മനഷ്യർക്ക് അവരുടെ ഭൂതകാലവും പാരമ്പര്യങ്ങളും വിലങ്ങുതടിയാണെന്നുള്ള ആശയത്തെ സ്പഷ്ടമാക്കാൻ വേണ്ടിയാണ് അദ്ദേഹം ദൈവത്തെ കൊന്നത്. ദൈവമുണ്ടെങ്കിൽ ആളുകൾ പേടിക്കും. ഒരതിമാനുഷനാവാൻ പരിശ്രമിക്കില്ല.

എന്നാൽ നിഷെ ഇതു പറഞ്ഞിട്ടും ആരും അതിമാനുഷനാവാൻ ശ്രമിച്ചില്ല .മനുഷ്യൻ ഒരു മൃഗമായി തന്നെ തുടർന്നു.പരിഷ്കൃതരും ബുദ്ധിജീവികളുമായ സകലരുടെയും ഉള്ളിൽ ഇരുട്ട് കനം വച്ചു കൊണ്ടിരുന്നു.
മിക്കവരും രാത്രിയിൽ വേട്ടയ്ക്കിറങ്ങും. വേട്ടയ്ക്ക് പോകുമ്പോൾ ഇഷ്ടമൃഗത്തെ തന്നെ വേണമെന്നില്ല.അവർ കണ്മുന്നിൽ കാണുന്നതിനെയെല്ലാം കൊല്ലും. എല്ലാത്തിനെയും തിന്നാനായി കൊണ്ടുവരും. നിഷെയെ പരീക്ഷിക്കുമ്പോൾ ഇതൊക്കെ ചോദിക്കാമെന്ന് ദൈവം കണക്കുകൂട്ടി.

ദൈവം വിളിച്ചു:
നിഷേ, നീ സന്തോഷവാനല്ലേ ? നിൻ്റെ ആഹ്വാനമെല്ലാം ജനം കേട്ടു .അവരെല്ലാം അതിമാനുഷരായി.

നിഷെ പറഞ്ഞു :അവിടുന്ന് അങ്ങനെ പറയരുത് .അങ്ങ് പറഞ്ഞിട്ടും കേൾക്കാത്തതു കൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത്. ഒന്ന് പ്രകോപിപ്പിക്കുകയായിരുന്നു ലക്ഷ്യം .ഭൂരിപക്ഷം വായനക്കാരും ചെവിക്കൊണ്ടില്ല .ബുദ്ധിജീവികളാവട്ടെ അത് വ്യക്തഗതമായ സ്വാതന്ത്ര്യമായി വിലയിരുത്തി.

''നീഷെ പറഞ്ഞത് ശരിയാണ് .ഞാൻ പലപ്പോഴായി പല വഴികളിലൂടെ പലരെയും നന്നാക്കാൻ നോക്കി. ചില പ്രതീകങ്ങൾ നല്കി .ചില സമസ്യകൾ നല്കി. ഒന്നും സംഭവിച്ചില്ല. എത്രത്തോളം സാധ്യത ഉണ്ടെങ്കിലും ആരും അതാരായുന്നില്ല" - ദൈവം പറഞ്ഞു.

"ദൈവമേ ,മനുഷ്യർ ഇങ്ങനെ ജനിച്ചു മരിക്കുന്നു. എന്തെങ്കിലും അർത്ഥമുണ്ടോ ? ഒരർത്ഥവും കണ്ടെത്താൻ കഴിയാതെ ,വിഷണ്ണനായി ,വിവിധ രോഗങ്ങൾക്ക്  അടിമപ്പെട്ട് കഴിയുകയാണ് ഞാൻ " .നിഷെ പറഞ്ഞു.



നിഷെ സ്വപ്നത്തിൽ നിന്ന് ഉണർന്നപ്പോൾ താൻ ഒരാശുപത്രിയിൽ രോഗം ബാധിച്ച് കിടക്കുകയാണെന്നറിഞ്ഞു. ചുറ്റും കുറെപ്പേർ കൂടി നില്ക്കുന്നു.
സഹോദരിയെ ആംഗ്യം കാണിച്ച്‌ അടുത്ത് വിളിച്ച് നിഷെ രഹസ്യമായി പറഞ്ഞു:


'ദൈവം സ്വപ്നത്തിൽ വന്നു. കുറെ കളിയാക്കി ' .

എന്നാൽ സഹോദരി അത് രഹസ്യമാക്കാതെ സ്വയം പറഞ്ഞു :
ദൈവം സ്വപ്നത്തിൽ എന്ത് പറഞ്ഞു ?പറയൂ.

കൂടി നിന്നവർ കോമാളികളെപ്പോലെ ചിരിച്ചു. അവർ പരസ്പരം നോക്കി. അതിൻ്റെ അർത്ഥം നിഷെ ഇതിനെ വായിച്ചു: ദൈവം മരിച്ചു എന്ന് പറഞ്ഞയാൾ ദൈവത്തെ സ്വപ്നം കണ്ടുവോ ?

നിഷെക്ക് വല്ലാത്ത നിരാശ തോന്നി. ഏത് വഴിക്ക് ചിന്തിച്ചാലും വിഷാദത്തിലല്ലാതെ വേറെ എങ്ങും എത്തിച്ചേരാനാവില്ലെന്ന് അദ്ദേഹം എന്നേ മനസിലാക്കിയതാണ്.

ഒന്നും മിണ്ടാതെ കണ്ണടച്ചു കിടന്നു.അദേഹം മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാത്ത വിധം മനസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
അപ്പോൾ മനസ്സിൽ ഒരു മയിൽപ്പീലി തെളിഞ്ഞു വന്നു.അത് വായുവിൽ ഒഴുകുകയാണ്. ലോകത്തിലെ ഒരു സുന്ദര ദ്യശ്യം.
ആകാശനീലിമയ്ക്ക് താഴെ ബഹുവർണങ്ങളുള്ള ആ പീലി ഏതോ ദുരൂഹത അവശേഷിപ്പിച്ചു.

BACK TO HOME
 

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...