15 Nov 2011

വീട്ടിലിരിക്കാന്‍ എനിക്ക് പേടിയാണ്





 

 ഷീജാറസാക്ക് ,കൊണ്ടോട്ടി.

പതിവിനു വിപരീതമായി ഞാനന്നു ക്ലാസിലെ കുട്ടികളെയും കൊണ്ട് കമ്പ്യൂട്ടര്‍ ലാബിലേയ്ക്കു പോകാന്‍ തീരുമാനിച്ചു. മലയാളം ക്ലാസെന്തിനാ കമ്പ്യൂട്ടര്‍ ലാബിലാക്കുന്നത്, ചില കുട്ടികള്‍ സംശയത്തോടെ എന്നെ നോക്കി.

ഞാനുറക്കെ പ്രഖ്യാപിച്ചു 'ഇന്നു നമ്മുടെ ക്ലാസ് ലാബിലാണ്", പിന്നെ ആരും ഒന്നും പറഞ്ഞില്ല.ഞങ്ങള്‍ ലാബിലെത്തി. ഒ.എന്‍.വി കുറുപ്പിന്റെ "കോതമ്പുമണികള്‍" എന്ന കവിത പുസ്തകത്തിലുണ്ട്,കവിയുടെ തന്നെ ശബ്ദത്തില്‍ അത് അവരെ കേള്‍പ്പിക്കണം, അതാണ്, എന്റെ ലക്ഷ്യം.
പേരറിയാത്ത പെണ്‍കിടാവിനെക്കുറിച്ച് ഘന ഗംഭീരമായ ശബ്ദത്തില്‍ ഒ.എന്‍ വി പാടുന്നു, ശബ്ദം സൌണ്ട് ബോക്സിലൂടെ ഒഴുകിവന്നു.ഓരോ കുട്ടിയും വള്രെ ശ്രദ്ധാപൂര്‍വം കവിത കേള്‍ക്കുക്കയാണ്,ക്ലാസില്‍ എപ്പൊഴും കുസൃതി കാട്ടി ഓടി നടക്കാറുള്ള അനൂപ് പോലും നിശ്ശബ്ദനാണ്. കവിയും കവിതയും സൃഷ്ടിച്ച ആസ്വാദനത്തിന്റെ മായിക പ്രപഞ്ചത്തിലാണവരെല്ലാം.ഞാനെല്ലാവരേയും ശ്രദ്ധിച്ചു.ഒരോരുത്തരും കവിതയില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ടെന്നെനിക്ക് അവരുടെ മുഖഭാവത്തില്‍ നിന്ന് മനസ്സിലായി.
ചെറുപ്പത്തിലേ തന്നെ താഴെയുള്ള കിടാങ്ങള്‍ക്ക് താങ്ങും താരാട്ടുപാട്ടുമാകാന്‍ വിധിക്കപ്പെട്ട ഒരു കൌമാരക്കാരിയുടെ നിസഹായത എട്ടാം ക്ലാസിലെ കുട്ടികളില്‍ ഒരു നൊമ്പരമായി ആഴ്ന്നിറങ്ങി അവരുടെ ഉള്ളുലച്ചു.
വിളവെടുത്ത ഗോതമ്പു പാടത്തെ കുറ്റികള്‍ കത്തിക്കരിയുന്നതോടൊപ്പം ഒരിക്കലും തളിര്‍ക്കാത്ത കൊച്ചു കൊച്ചു സ്വപനങ്ങളും കത്തിയമര്‍ന്ന ആ ഉത്തരേന്ത്യന്‍ പെണ്‍കുട്ടിയുടെ മനസിലൂടെ അവരും സഞ്ചരിച്ചു. ഗോതമ്പ് വിളഞ്ഞ പാടവും കടന്ന് അവരെല്ലാം കവിതയിലേക്കും കവിത അവരിലേക്കും ഇറങ്ങി വന്ന വല്ലാത്തൊരനുഭവം.
"മാരനെയല്ല മണാളനെയല്ല
മാനം കാക്കുമൊരാങ്ങളയെ"

കവിത തീര്‍ന്നു.ശബ്ദം നിലച്ചു.ക്ലാസ് നിശ്ശബ്ദം. ആരും ഒന്നും പറയുന്നില്ല.അനൂപും അടങ്ങിയിരിക്കുന്നു
ഞാന്‍ കണ്ടു, ചില പെണ്‍കുട്ടികളെങ്കിലും മറ്റാരും കാണാതെ കണ്ണീരു തുടയ്ക്കാനുള്ള വ്യഗ്രതയിലാണ്, ജീവിതത്തില്‍ പൊന്‍ തിളക്കമുള്ള ഒരു പ്രതീക്ഷയ്ക്കു പോലും വകയില്ലാത്ത ആ പെണ്‍ കുട്ടി എല്ലാവരേയും സങ്കടപ്പെടുത്തിയിരിക്കുന്നു.
പെട്ടെന്നു ക്ലാസിന്റെ പിന്നില്‍ നിന്നു നേര്‍ത്തൊരു തേങ്ങല്‍, ഉറവിടമന്വേഷിച്ച് ചെന്നപ്പോഴേക്കു അതൊരു പൊട്ടിക്കരച്ചിലായി മാറിയിരുന്നു.
ഡസ്കില്‍ തുറന്നു വച്ച പുസ്തകത്തില്‍ മുഖമമര്‍ത്തി ശ്രുതി തേങ്ങിക്കരയുന്നു.
എനിക്കോ മറ്റു കുട്ടികള്‍ക്കോ ഒന്നും മനസ്സിലായില്ല.അടുത്ത് ചെന്ന് കാര്യമന്വേഷിച്ചു. അവളൊന്നും പറഞ്ഞില്ല. നിറകണ്ണുകളോടെ എന്റെ മുഖത്തേയ്ക്ക് നോക്കുക മത്രം ചെയ്തു.
നെറ്റിയില്‍ കൈ ചേര്‍ത്ത് പനിയുണ്ടോ എന്നു നോക്കി.ശ്രുതി പറഞ്ഞു, "എനിക്കസുഖൊന്നുല്യാ ടീച്ചര്‍, വെറുതെ ഞാനെന്തൊക്കെയോ ഓര്‍ത്തതാ". കണ്ണു തുടച്ച് ശ്രുതി ചിരിക്കാന്‍ ശ്രമിച്ചു. അവളെ ആശ്വസിപ്പിക്കാനെന്നോണം ഞാനവളുടെ പുറത്തു തട്ടി.അവള്‍ക്കതു ആശ്വാസമായി അനുഭവപ്പെട്ടോ എന്നറിയില്ല. ഞാന്‍ സ്റ്റാഫ് റൂമിലെ ബഹളത്തിലും ശ്രുതി കളിക്കൂട്ടത്തിലെ ആരവങ്ങളിലും അലിഞ്ഞു.


കവിതയിയുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള ചര്‍ച്ചകളും എഴുത്തും തിരുത്തലുകളുമൊക്കെയായിരുന്നു പിന്നീടുള്ള പല ക്ലാസുകളിലും.പലരും വളരെ ഗൌരവത്തോടെയാണ്, ഈ കവിതയെ സമീപിച്ചത്.ഞാനന്നു വരെ വായിച്ചെടുക്കാത്ത വീക്ഷണങ്ങളൊക്കെ കുട്ടികള്‍ അവതരിപ്പിച്ചു.ചിലരുടെ വാചകങ്ങളും പ്രയോഗങ്ങളും എന്നെ അദ്ഭുതപ്പെടുത്തി.സമൂഹത്തിലെ പല കാലിക പ്രശ്നങ്ങളോടും അവര്‍ കവിതയെ ചേര്‍ത്തു വായിച്ചു.
എന്നാല്‍ ശ്രുതി അക്കൂട്ടത്തിലൊന്നുമുണ്ടായിരുന്നില്ല.അവള്‍ ക്ലാസിലെ മിടുക്കരില്‍ ഒരാളായിരുന്നില്ല.എങ്കിലും കവിത കേള്‍ക്കുമ്പോള്‍ അവളിലെന്തൊക്കെയോ ഭാവമാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു.


ക്ലാസില്‍വീണ്ടും കഥയും കവിതയും നാടകവുമെല്ലാം കടന്നു വന്നു.കടമ്മനിട്ടയും ചുള്ളിക്കാടും വൈലോപ്പിള്ളിയും ചങ്ങമ്പുഴയുമൊക്കെ സമയാസമയങ്ങളില്‍ കവിതയുടെ കാല്‍പനികമായ താളപ്പെരുക്കങ്ങള്‍ തീര്‍ത്ത് കടന്നു പോയി. ബഷീറും എം ടിയും ഉറൂബും കാരൂരും ടി. പത്മനാഭനുമൊക്കെ കഥകളുടെ വശ്യവും വന്യവുമായ ഭൂമികയിലേയ്ക്ക് ഞങ്ങളെ പലവുരു കൈപിടിച്ചു നടത്തി. "ബാല്യകാല സഖി" വായിച്ച് ആണ്‍കുട്ടികളൊക്കെ മജീദുമാരും പെണ്‍കുട്ടികളൊക്കെ സുഹറമാരുമായി മാറി."മാമ്പഴ"ത്തിലെ അമ്മ, "ഇരുട്ടിന്റെ ആത്മാവി"ലെ ഭ്രാന്തന്‍ വേലായുധന്‍.........ഇങ്ങനെ ചില കഥാപാത്രങ്ങള്‍ പലരേയും തെല്ലൊന്നു വേദനിപ്പിച്ചു.
കഥയും കവിതയും നാടകവുമെല്ലാം തീര്‍ത്ത മഴച്ചാലുകളില്‍ അവര്‍ കളിയോടങ്ങളൊഴുക്കി.


ഒരുച്ച നേരത്താണ്, അനൂപ് ഓടിവന്നു പറഞ്ഞത്,ടീച്ചര്‍....ശ്രുതി സുഖമില്ലാതെ ക്ലാസില്‍ കിടക്കുന്നു. ഞാന്‍ വേഗം ചെന്നു നോക്കി. നല്ല പനിയുണ്ട്, കണ്ണൊക്കെ ചുവന്നിരിക്കുന്നു, അവളാകെ വാടിത്തളര്‍ന്നിരിക്കുന്നു.ഞാനവള്‍ക്കൊരു ഗുളിക കൊടുത്തു. അല്‍പം കഴിഞ്ഞപ്പോള്‍ പനി വിട്ടു. ഞാനവളെ വീട്ടില്‍ കൊണ്ടാക്കാമെന്നു പറഞ്ഞു.
എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് അവളുടെ മറുപടി ഉടന്‍ വന്നു, ടീച്ചര്‍ ഞാനിപ്പൊ പോകുന്നില്ല, സ്കൂള്‍ വിട്ടിട്ടു പൊക്കോളാം..........
അവള്‍ക്കു നല്ല ക്ഷീണമുണ്ടായിരുന്നു. ഞാനേറെ നിര്‍ബന്ധിച്ചെങ്കിലും അവള്‍ കൂട്ടാക്കിയില്ല.
സ്കൂള്‍ ലൈബ്രറിയിലെ ബഞ്ചില്‍ അവള്‍ തളര്‍ന്നു കിടന്നു.എന്തു കൊണ്ടോ അവളെ അവിടെ ഒറ്റയ്ക്കു വിട്ടിട്ടു പോകാന്‍ എനിക്കു മനസു വന്നില്ല. ഞാനും അവളുടെ അടുത്തിരുന്നു.ഞാനവളോടും അവളെന്നോടും പലതും പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്നു വളരെ പതിഞ്ഞ സ്വരത്തില്‍ എന്നോടു ചോദിച്ചു. ടീച്ചറന്ന് എന്നോടു ചോദിച്ചില്ലേ,,,,,,,,,കവിത കേട്ടിട്ട് എന്തിനാ കരഞ്ഞതെന്ന്, അതെന്നെക്കുറിച്ചുള്ള കവിതയാണ്, എന്റെ കവിത,
പിന്നെ അവള്‍ പെയ്തു തീരുകയായിരുന്നു.ഒരു അര്‍ദ്ധ വിരാമം പോലുമിടാതെ എല്ലാം പറഞ്ഞു. വീടിനെക്കുറിച്ച്, വീട്ടുകാരെക്കുറിച്ച്, അയല്‍ വീടുകളെക്കുറിച്ച്.............അങ്ങനെ എല്ലാം
കുറച്ചകലെയുള്ള ഒരു കോളനിയിലാണ്, ശ്രുതിയുടെ വീട്.വീടെന്നു പറയാന്‍ പറ്റില്ല,പ്ലാസ്റ്റിക് ഷീറ്റു കൊണ്ട് മറച്ചൊരു കൂര.അങ്ങനെ ഒരുപാടു കൂരകള്‍ ആ കോളനിയിലുണ്ടത്രേ, നേരം വെളുക്കുന്നതിനു മുന്‍പേ എണീക്കണം എന്നാലേ പ്രഭാത കൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പറ്റൂ. അത്രയും വീട്ടുകാര്‍ക്കാവശ്യമായ കുളിമുറികളോ കക്കൂസുകളോ ആ കോളനിയില്‍ ഇല്ല. കുളിയും വസ്ത്രം മാറലും സൂര്യനുദിക്കുന്നതിനു മുമ്പു തന്നെ ചെയ്യണം. അല്ലെങ്കില്‍ തുള വീണ പ്ലാസ്റ്റിക് ഷീറ്റുകള്‍ക്കിടയിലൂടെ പെണ്‍കുട്ടികളുടെ സ്വകാര്യതയിലേക്ക് പല നോട്ടങ്ങളും നീണ്ടു വരും. മിക്ക വീടുകളിലേയും രക്ഷിതാകളൊക്കെ നേരം വെളുത്താല്‍ ജോലിക്കു .പോകും. പിന്നെ അവിടെ പകല്‍ വെളിച്ചത്തില്‍ പോലും ചെറുപ്പക്കാരുടെ മദ്യപാനവും ബഹളവുമാണ്,
അവിടെ പല പെണ്‍കുട്ടികളും അവിവാഹിതരായ അമ്മമാരാണ്,
"ടീച്ചര്‍, അമ്മയും അഛനുമില്ലാത്ത നേരത്ത് വീട്ടില്‍ ഒറ്റക്കിരിക്കാന്‍ പേടിയാണ്', ................
അവള്‍ തേങ്ങിക്കരഞ്ഞു. ഞാനും വല്ലാതായി, സ്വന്തം മാനം കാക്കാന്‍ പാടുപെടുന്ന അവളുടെ നിസഹായത ഇടമുറിയാത്ത കണ്ണീര്‍ പ്രവാഹമായി എന്നിലും നിറഞ്ഞു. ഒരു സാഹിത്യ കൃതിയുടെ പ്രമേയം കഥാപാത്രങ്ങള്‍, സന്ദര്‍ഭങ്ങള്‍ ഇവയെല്ലാം നമ്മുടെ അനുഭവങ്ങളുമായി ചേര്‍ത്തു വച്ച് വായിക്കുമ്പോഴാണ്, ആ രചന നമുക്ക് ആസ്വദിക്കാന്‍ സാധിക്കുന്നത് എന്നും കഥാപാത്രത്തിന്റേയും വായനകാരന്റേയും മനോവ്യാപാരങ്ങള്‍ ഒന്നായിത്തീരുമ്പോള്‍ ആസ്വാദനത്തിന്, ഉദാത്തമായ ഒരുയര്‍ന്ന തലമുണ്ടാകുമെന്നും ഞാനെപ്പോഴും അവരോട് പറയാറുണ്ടായിരുന്നു.
"കൂര തന്‍ വാതിലില്‍
കാറ്റൊന്നു തട്ടിയാല്‍
കൂടി മറ്റെന്തൊക്ക

യോര്‍ത്തിട്ടോ"
അന്ന് ലാബിലിരുന്ന് കവിത കേട്ടപ്പോള്‍ ശ്രുതി കരഞ്ഞതിന്റെ പൊരുള്‍ അപ്പോഴാണ്, എനിക്കു മനസിലായത്. വ്യാഖ്യാനങ്ങളും വിശദീകരണങ്ങളുമില്ലാതെ കവിതയും വായനക്കാരിയും ഒന്നായിത്തീര്‍ന്ന വല്ലാത്തൊരു നിമിഷം.മാനം കാക്കാന്‍ പ്രയാസപ്പെടുന്ന കോതമ്പക്കതിരിന്റെ നിറമുള്ള ഉത്തരേന്ത്യക്കാരിയും എന്റെ ശ്രുതിയും ഒന്നായിയി മാറിയ അവസ്ഥ,
കവിതയ്ക്കു പുറത്തു വച്ച് കഥാപാത്രത്തെ നേരില്‍ കാണേണ്ടി വരിക..........വല്ലാത്തൊരനുഭവം തന്നെയായിരുന്നു അത്. പേരറിയാത്ത അനേകം പെണ്‍കുട്ടികളെ ഒരൊറ്റ നിമിഷം കൊണ്ട് ഞാനെന്റെ ശ്രുതിയില്‍ കണ്ടു."
മുന്നിലിരിക്കുന്ന ഓരൊ കുട്ടിയും നിഗൂഢത നിറഞ്ഞ ഓരൊ പാഠ പുസ്തകങ്ങളാനെന്നെനിക്കു മനസിലായി.
തീവ്രവും തീക്ഷ്ണവുമായ ചില ചില അനുഭവങ്ങള്‍ കൊണ്ട് വ്യാഖ്യാനങ്ങള്‍ ആവശ്യമില്ലാത്ത ഒരുപാട് അദ്ധ്യായങ്ങള്‍ അവരുടെ അപക്വമായ ഹൃദയങ്ങളില്‍ ആലേഖനം ചെയ്തിരിക്കുന്നു.
അരെയും പേടിക്കാതെ നമ്മുടെ പെണ്‍കുട്ടിഅകള്‍ക്ക് ആരെയും പേടിക്കാതെ എന്നാണ്, വീട്ടിലിരിക്കാനാവുക

എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...