15 Nov 2011

വരുവാനില്ലെനിക്കായൊരു കത്ത്, എങ്കിലും


 അനില്‍കുമാര്‍ സി. പി.

 


പാര്‍ക്കില്‍ ചിലവഴിക്കുന്ന വൈകുന്നേരങ്ങളില്‍ പലപ്പോഴും കണ്ണുടക്കാറുള്ളതാണ് തൊട്ടടുട്ടുള്ള ഗ്രോസറിയുടെ മുന്നില്‍ സ്‌ഥാപിച്ചിരിക്കുന്ന ലെറ്റര്‍ ബോക്സില്‍. ആ ബോക്സില്‍ നിന്നും കത്തുകള്‍ തിരയുന്ന സാധാരണ ജോലിക്കാരായ ആള്‍ക്കാരുടെ ദൃശ്യവും പതിവാണ്. പിന്നീട് ഒരു സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്, സ്വന്തമായി ഒരു ലെറ്റര്‍ബോക്സിനു പണം മുടക്കാന്‍ ഇല്ലാത്തവരും, ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ പോസ്റ്റ്ബോക്സ് നമ്പരുകള്‍ ഉപയോഗിക്കാന്‍ കഴിയാത്തവരുമൊക്കെയാണത്രേ ചെറുകിട ഗ്രോസറികളും, റെസ്റ്റോറണ്ടുകളും മറ്റും നല്‍കുന്ന ഈ സൌകര്യം ഉപയോഗിക്കുന്നത്.
കമ്പ്യൂട്ടറുകളും, ടെലഫോണ്‍ സൌകര്യങ്ങളും എല്ലാത്തരക്കാര്‍ക്കും പ്രാപ്യമായതോടെ ഇപ്പോള്‍ കത്തെഴുതുന്നവരുടെ എണ്ണം തുലോം കുറവാണല്ലൊ.
യാന്ത്രികതയുടേയും, പ്രായോഗികതയുടേതുമായ പുതിയ കാലത്തിന്റെ മുഖമുദ്രയായിക്കഴിഞ്ഞിരിക്കുന്നു ഇ-മെയില്‍ കത്തുകള്‍‍. തിരക്കിന്റേയും, വേഗത്തിന്റേയുമായ ഈ കാലത്ത് ഊഷ്മളമായ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതില്‍ കത്തുകള്‍ നിര്‍ണായകമായ സ്ഥാനം വഹിച്ചിരുന്ന ഒരു കഴിഞ്ഞ കാലത്തിന്റെ ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മകളിലാണ് ഞാന്‍.
ഹൈസ്കൂള്‍ ക്ലാസ്സിന്റെ അവസാന നാളുകളില്‍ കൂട്ടൂകാരിയുടെ വിടര്‍ന്ന മിഴികളില്‍ പ്രേമത്തിന്റെ ആദ്യകിരണങ്ങള്‍ കണ്ടതും, പിന്നെ പുസ്തകത്താളുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ച ‘കത്തുകള്‍‍’ അഛന്റെ കയ്യില്‍ എത്തിയതും, ആ പ്രണയം ഒരു ചൂരല്‍ പ്രയോഗത്തില്‍ പിടഞ്ഞ് ഒടുങ്ങിയതും ചുണ്ടിന്റെ കോണില്‍ ഇപ്പൊഴും പുഞ്ചിരി വിടര്‍ത്തുന്ന ഒരോര്‍മ.

നീണ്ട വരാന്തകളിലെ തൂണുകള്‍ക്ക്‌ പിന്നിലും, ലൈബ്രറിയുടെ ഒഴിഞ്ഞ കോണിലും, കാമ്പസ്സിലെ മരച്ചോട്ടിലും കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്ന കാമ്പസ്സ് പ്രണയത്തിന്റെ നാളുകള്‍‍. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കാര്യങ്ങള്‍‍, ഒരുപാട് ഒരുപാട് സ്വപ്നങ്ങള്‍ പങ്ക് വച്ച സ്‌നേഹാക്ഷരങ്ങളുടെ നൂറ് നൂറ് കത്തുകള്‍‍! കാമ്പസ്സ് പ്രണയങ്ങള്‍ക്ക് ഊഷ്മളമായ ഭാവമുണ്ടായിരുന്ന, സ്വപ്നങ്ങളുടെ നിറക്കൂട്ടുകളുണ്ടായിരുന്ന, കവിതകളുടെ ഈണമുണ്ടായിരുന്ന ഇന്നലെകളുടെ പ്രണയകാലമാണെന്റെ മനസ്സില്‍‍; പ്രായോഗിക പ്രണയങ്ങളുടെ പുതിയ നാളുകളല്ല!!
പിന്നെ പ്രവാസത്തിന്റെ നാളുകള്‍ക്ക് തുടക്കമായപ്പോള്‍ കാത്തിരിക്കാന്‍ കത്തുകള്‍ മാത്രം ബാക്കി! ചെറിയ ചെറിയ അക്ഷരങ്ങളില്‍ സാന്ത്വനമായി അഛന്റെ, സ്‌നേഹസ്പര്‍ശമായി അമ്മയുടെ, കൊച്ചുവര്‍ത്തമാനങ്ങളുമായി കൂട്ടുകാരെന്റെ ഒക്കെ കത്തുകള്‍‍. ഗൃഹാതുരത്വം ചുര മാന്തിയ പകലറുതികളില്‍‍, മടുപ്പിക്കുന്ന ഓഫീസ് ജീവിതത്തിന്റെ വിരസതകളില്‍‍, ഒറ്റപ്പെടലിന്റെ അസ്വാസ്ഥ്യങ്ങളില്‍ ആ കത്തുകള്‍ കുളിര്‍തെന്നലായി മന‍സ്സിനെ തഴുകി.

ജീവനില്‍ കൂട് കൂട്ടാന്‍ ഒരു പങ്കാളിയുണ്ടായ പിന്നീടുള്ള നാളുകളില്‍ കത്തുകള്‍ക്ക് പുതിയ രൂപവും ഭാവവും ഉണ്ടായി, കാത്തിരിപ്പുകള്‍ക്ക് ഒരുപാട് അര്‍ത്ഥതലങ്ങളും. മോഹവും, മോഹഭംഗങ്ങളും, സ്വപ്നവും, പ്രതീക്ഷയും ഒക്കെ കനലായെരിച്ചെഴുതിയ കത്തുകള്‍‍! ജ്വലിച്ചും, തപിച്ചും, കുളിരായി പൊതിഞ്ഞും, ഇക്കിളിപ്പൂക്കളായ് വിരിഞ്ഞും എത്രയൊ കത്തുകള്‍‍!
വടിവില്ലാത്ത കയ്യക്ഷരങ്ങളില്‍ ‘അഛാ’ എന്നെഴുതിയ പൊന്നുമോന്റെ ആദ്യത്തെ കത്ത്.
അതെ, ഓരോ കത്തും ഓരൊ അനുഭവമായിരുന്നു. സ്‌നേഹത്തിന്റെ തലോടലും, കണ്ണുനീരിന്റെ നനവും, പ്രണയത്തിന്റെ മധുരവും പരിഭവവും, ഹൃദയതാളങ്ങളും ഒക്കെ തൊട്ടറിയാന്‍ കഴിഞ്ഞിരുന്ന ജീവനുള്ള കത്തുകള്‍‍. ഒരു നിധി പോലെ കാത്ത് വെക്കാന്‍, പിന്നെ സ്വകാര്യ നിമിഷങ്ങളില്‍ വീണ്ടും വീണ്ടും വായിക്കാന്‍, ഹൃദയബന്ധങ്ങളുടെ നേരറിയാന്‍ കഴിഞ്ഞിരുന്ന കത്തുകള്‍‍!
ഇന്ന്, കാലത്തിനൊപ്പം നാമൊക്കെ മാറിയപ്പോള്‍‍, ഇ-മെയിലുകളുടെ യാന്ത്രികത ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞപ്പോള്‍ നമുക്ക് നഷ്ടമായത് കത്തുകളിലൂടെ നമ്മള്‍ അനുഭവിച്ചിരുന്ന വ്യക്തി ബന്ധങ്ങളുടെ ഊഷ്മള സ്പര്‍ശമല്ലെ? ഹൃദയ ബന്ധങ്ങളെ തൊട്ടറിഞ്ഞിരുന്ന ഒരു നല്ല കാലത്തിന്റെ തുടിപ്പുകളല്ലെ?


എം കെ ഹരികുമാർ ഓണപ്പതിപ്പ്‌ 2020

ഗസ്റ്റ് എഡിറ്റോറിയൽ ഇരവി       എം.കെ.ഹരികുമാറിൻ്റെ കവിതകൾ കാവ്യഭാരതം വിഷണ്ണരാവുന്നത് അവരവരുടെ വഴിയിൽ കൊറോണയുടെ മാന്ത്രിക യാഥാർത്ഥ്യം. എന്റെ ...